sections
MORE

ഓണം സ്പെഷ്യൽ ട്രെയിൻ- തിക്കും തിരക്കും ചില അപ്രതീക്ഷിത സംഭവങ്ങളും

train
പ്രതീകാത്മക ചിത്രം
SHARE

ഓണം സ്പെഷ്യൽ ട്രെയിൻ (കഥ)

"ഊശെന്റപ്പാ... ഇപ്പെണ്ണെന്ത്ന്നായീ കാട്ട്ന്ന്..."  

ട്രെയിൻ മുഴുവനായും നിൽക്കുന്നതിനു മുമ്പേ തന്നെ പ്ലാറ്റ്ഫോമിലേക്കു ചാടിയിറങ്ങിയതാണ്. തെന്നി വീഴാതെ ഒരുവിധം ബാലൻസ് ചെയ്ത് തിരിഞ്ഞു നോക്കുമ്പോഴുണ്ട്, വാതിൽക്കൽ ഒരു ഫ്രീക്കൻ കളറടിച്ച തലയിൽ രണ്ടു കയ്യും വെച്ച് നിൽക്കുന്നു.

അവളുടെ പ്രാണവേദനയുണ്ടോ അവനറിയുന്നു.

നാളെ തിരുവോണമാണ്. തൽക്കാൽ ടിക്കറ്റും കിട്ടാതായതോടെ നാട്ടിൽ പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. ഓഫീസിലിരുന്ന് ഉച്ചക്ക് അമ്മയെ വിളിച്ചപ്പോഴാണ് കുട്ടൻ വരുന്നുണ്ടെന്നറിഞ്ഞത്. പിന്നെ ഇരിപ്പുറച്ചില്ല. വൈകിട്ട് ഓഫീസിൽ നിന്ന് നേരെ ഇറങ്ങി. ചെന്നൈ സെൻട്രലിൽ, പ്രൈവറ്റ് ബസ്സുകളുടെ ബുക്കിങ് ഓഫീസുകൾ തോറും കയറിയിറങ്ങി മടുത്ത് നിൽക്കുമ്പോഴാണ് സ്‌പെഷൽ ട്രെയിനിനെ പറ്റി ആരോ പറഞ്ഞു കേട്ടത്. 

നേരെ സ്റ്റേഷനിലേക്കോടി. ക്യൂ നിന്നെടുത്ത ജനറൽ ടിക്കറ്റുമായി പ്ലാറ്റ്ഫോമിലെത്തിയപ്പോൾ ഓടാൻ തയാറായി എഞ്ചിൻ ഇരച്ചു നിൽക്കുന്നുണ്ട്. സ്ലീപ്പർ ടിക്കറ്റിലേക്കുള്ള സ്ഥാനക്കയറ്റത്തിന് വിദൂര സാധ്യത പോലുമില്ലെന്ന് ഉറപ്പായിരുന്നിട്ടും അൽപം പുറകിലായി നിൽക്കുന്ന ടിടിഇക്കടുത്തേക്ക് ഓടിച്ചെന്നു. അയാളുടെ പുച്ഛച്ചിരി കണ്ടതോടെ തിരിഞ്ഞോടി എഞ്ചിന് തൊട്ടു പുറകിലെ കമ്പാർട്മെന്റിൽ ചെന്നു കയറി വാതിൽക്കൽ തന്നെ നിന്നു. വണ്ടി അനങ്ങി തുടങ്ങിയപ്പോൾ എവിടുന്നെല്ലാമോ വന്നു ഓടിക്കയറിയവർ അവളെ അകത്തെ തിരക്കിലേക്ക് തള്ളിക്കയറ്റി. സീറ്റിനു മുകളിലും സൈഡിലുമുള്ള റാക്കുകളൊക്കെ ആളുകൾ ബെർത്താക്കി മാറ്റിയതിനാൽ ബാഗ് വെക്കാൻ പോലും സ്ഥലമില്ല. വടക്കെവിടെയോ നിന്നു വരുന്ന വണ്ടിയിൽ ഏതൊക്കെയോ പഴയ കോച്ചുകൾ ചേർത്തു കെട്ടി സ്പെഷ്യൽ ട്രെയിനാക്കിയതാണ്. കേന്ദ്രത്തിന്റെ വക പ്രവാസി മലയാളികൾക്കൊരു ഓണസമ്മാനം. സൂചി കുത്താനിടയില്ലാത്ത ആ തിരക്കിനിടയിലും ആളുകൾ തറയിൽ കൂനിക്കൂടിയിരിപ്പുണ്ട്. പലപല ദേശക്കാർ, ഭാഷക്കാർ, പ്രായക്കാർ, തരക്കാർ, ആണും പെണ്ണും ഭിന്നലിംഗക്കാരും... ഇന്ത്യാ മഹാരാജ്യത്തിന്റെ പരിച്ഛേദം പോലൊരു കമ്പാർട്ട്മെന്റ്. വെള്ളം കണ്ട കാലം മറന്ന ചെമ്പൻ തലകൾക്കും അഴുക്കിന്റെ നിറമുള്ള വസ്ത്രങ്ങൾക്കുമിടയിൽ അവൾക്ക്  ശ്വാസംമുട്ടി. ഇറങ്ങി പുറപ്പെടാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് സീറ്റിൽ ചാരി നിൽക്കുന്ന അവളുടെ വിഷമാവസ്ഥ കണ്ടിട്ടാവണം ഒരു പയ്യൻ സീറ്റ് ഒഴിഞ്ഞു കൊടുത്ത്, മുന്നിലെ സീറ്റിനടിയിലേക്ക് നൂണ്ടു കയറിപ്പോയി.  

ഇരുന്നപ്പോഴേ ഒന്നു ടോയ്‌ലെറ്റിൽ പോയി വരണമെന്ന് തോന്നിയതാണ്. എന്നാൽ സീറ്റിലേക്ക് നട്ടിരിക്കുന്ന അനേകം കണ്ണുകൾ അവളെ ഭയപ്പെടുത്തി. കുറെ ബുദ്ധിമുട്ടിയാണ് ഉറക്കം പിടിച്ചത്. എന്നിട്ടും മുകളിൽ കിടക്കുന്നവർ തിരിയുകയും മറിയുകയും ചെയ്യുമ്പോഴുണ്ടാകുന്ന മരപ്പലകകളുടെ ഞരക്കങ്ങൾ ഉറക്കത്തെ ഇടയ്ക്കിടെ മുറിച്ചു. പഴകിയ പലകകൾ പൊട്ടി യാത്രക്കാരുടെ തലയിൽ വീണ സംഭവങ്ങളെ പറ്റി അവളും കേട്ടിട്ടുണ്ട്. അങ്ങനെ മുറിഞ്ഞും കൂടിയുമുള്ള ആ ഉറക്കത്തിൽ നിന്നും മുഴുവനായുണർന്നു പോയത് അടിവസ്ത്രത്തിൽ നനവ് പടരുന്നതറിഞ്ഞാണ്. ബാഗിനകത്ത് കൈ കടത്തി തപ്പുന്നതിനിടയിൽ കഴിഞ്ഞ മാസത്തെ ഡേറ്റ്  ഓർത്തെടുക്കാൻ വെറുതെ ശ്രമിച്ചു നോക്കി. നാശം.... ഡേറ്റും പാഡും അവൾക്ക് പിടികൊടുത്തില്ല. പിരീഡ്സായി വഴിയിൽ പെട്ടു പോകുന്ന സെയിൽസ് ഗേളിനെ കുറിച്ചുള്ള ഷോർട്ട് ഫിലിം കണ്ടതിനു ശേഷം ഒരു പാഡ് സ്ഥിരമായി ബാഗിലുണ്ടാകുന്നതാണ്. കഴിഞ്ഞ ദിവസം ഓഫീസിലെ ഒരു പെൺകുട്ടിയുടെ ബുദ്ധിമുട്ട് കണ്ട് എടുത്ത് കൊടുത്തതാണ്. മറ്റൊരെണ്ണം എടുത്തു വെക്കാനും മറന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ കുറച്ചു നേരം മുഖം പൊത്തിയിരുന്നു. പിന്നെ പെട്ടെന്ന് നിവർന്നിരുന്ന് കണ്ണുകൾ തുടച്ച് കഴുത്തിൽ ചുറ്റിയ സ്റ്റോൾ അഴിച്ചെടുത്ത് നീളത്തിൽ മടക്കി. ബാഗെടുത്ത് സീറ്റിൽ വെച്ച് അവൾ ടോയ്‌ലറ്റിലേക്ക് നടന്നു.

പാലക്കാട് വിട്ടതോടെ വണ്ടിയിലെ തിരക്കൽപം കുറഞ്ഞിട്ടുണ്ട്. സീറ്റുകൾക്കിടയിലെ വഴിയിലും വാതിൽക്കലും കിടന്നുറങ്ങുന്നവരെ ചവിട്ടാതെ ഒരുവിധം ടോയ്‌ലെറ്റിനകത്ത് കയറിപ്പറ്റിയ അവൾ ശരിക്കും കരഞ്ഞു പോയി. പൈപ്പിൽ തുള്ളി വെള്ളമില്ല. വെള്ളമില്ലാത്തതൊന്നും കാര്യമാക്കാതെ ആരൊക്കെയോ കാര്യം സാധിച്ചു പോയതിനാൽ അസഹനീയമായ നാറ്റവുമുണ്ട്. ബാക്കിയുള്ള അൽപ്പം കുടിവെള്ളവുമെടുത്ത് വന്ന് മടക്കിയെടുത്ത സ്റ്റോൾ കൊണ്ട് എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്തു.

സീറ്റിൽ ചെന്നിരുന്ന അവൾ എപ്പോഴോ മയങ്ങിപ്പോയി. ഉണർന്നപ്പോൾ നേരം വെളുത്ത് തുടങ്ങിയിരുന്നു. ചുറ്റുമിരിക്കുന്നവരിൽ പലരും മാറിയിട്ടുണ്ട്. വൃത്തിയായി വസ്ത്രം ധരിച്ച അവരിൽ ചിലർ തന്നെ നോക്കി മുഖം ചുളിക്കുന്നതു പോലെ. കാലുകൾക്കിടയിൽ നനവ് പടരുന്നത് അവളറിഞ്ഞു. നനഞ്ഞു കുതിർന്ന തുണിയിൽ നിന്നും ചീത്ത മണം വരുന്നുവെന്ന് തോന്നിയതോടെ അവൾ പതുക്കെയെണീറ്റു. പിൻഭാഗം മറയുന്ന രീതിയിൽ ബാഗ്‌ പരമാവധി താഴ്ത്തിയിട്ടാണ് അവൾ വാതിൽക്കലേക്ക് നടന്നത്.

പുറത്തെ ഇരുട്ട് മുഴുവനായും മാറിയിട്ടില്ല. പ്രവർത്തിച്ചു തുടങ്ങിയ അടുക്കളകളിൽ നിന്നുള്ള വെട്ടം അങ്ങിങ്ങായി കാണാം. അവൾക്ക് പെട്ടെന്ന് അമ്മയെ ഓർമ വന്നു. തുറന്നിട്ട വാതിലിന്റെ രണ്ട് വശങ്ങളിലായുള്ള കമ്പികളിൽ പിടിച്ച് അവളൽപം മുന്നോട്ടാഞ്ഞു. മുഖത്തേക്ക് വീശിയ തണുത്ത കാറ്റ് കൺകോണിൽ ഉരുണ്ടു കൂടിയ തുള്ളിയെ തട്ടിത്തെറിപ്പിച്ചു.

ആദ്യ ദിവസത്തിന്റെ വേദനയും അത്രയും നേരം മൂത്രമൊഴിക്കാതെ പിടിച്ചു വെച്ചതിന്റെ കടച്ചിലും ചേർന്ന് അടിവയറ്റിലെ വേദന സഹിക്കാവുന്നതിലുമപ്പുറമായതോടെ എങ്ങനെയെങ്കിലുമൊന്ന് ടോയ്‌ലെറ്റിലെത്തിയാൽ മതിയെന്ന അവസ്ഥയിലായിരുന്നു അവൾ. അതാണ് പ്ലാറ്റഫോമിൽ സ്ത്രീകളുടെ വെയിറ്റിങ്ങ് റൂമിന്റെ ബോർഡ് കണ്ടപ്പോൾ മറ്റൊന്നുമാലോചിക്കാതെ ചാടി ഇറങ്ങിപ്പോയത്. ട്രെയിനിന്റെ വേഗത അത്രയും കുറവായതിനാൽ മാത്രമാണ് വീഴാതെ രക്ഷപ്പെട്ടത്. 

ഓടിച്ചെല്ലുമ്പോഴുണ്ട് വാതിൽക്കൽ തന്നെ  ഒരുത്തൻ കയ്യും കാലുമൊക്കെ നീട്ടി വിശാലമായി കമിഴ്ന്നു കിടക്കുന്നു.

"ഈ പാമ്പിനെയൊന്നും പിടിച്ച്  മാളത്തിലാക്കാൻ ഇവിടാരൂല്ലേ...."

കാശ് വാങ്ങാനിരിക്കുന്ന ചേച്ചിയുടെ വകയാണ് കമന്റ്. അയാളെ കവച്ചു വെച്ച് അകത്തു കടന്നപ്പോഴുണ്ട് എല്ലാ ടോയ്‌ലെറ്റിന്റെയും വാതിലുകളിൽ ഒന്നും രണ്ടും പേരു വീതം ഊഴം കാത്തു നിൽക്കുന്നു.

അവളുടെ വിഷമാവസ്ഥ മനസിലാക്കിയ ഒരു ചേച്ചി ഒഴിഞ്ഞു കൊടുക്കുക മാത്രമല്ല കയ്യിലുണ്ടായിരുന്ന ഒരു പാഡെടുത്ത് കൊടുക്കുകയും ചെയ്തു. "താങ്ക്സ്" എന്നു പറഞ്ഞ് മുഴുമിപ്പിക്കാനാകാതെ കരഞ്ഞു കൊണ്ട് അവളകത്ത് കയറി. 

പുറത്തേക്കിറങ്ങുമ്പോൾ പാമ്പിനെ കാണാനില്ല. വല്ലവരും പിടിച്ചു മാളത്തിലാക്കി കാണണം.

ബാഗിൽ നിന്നും ഫോണെടുത്തു നോക്കി. ഇല്ല അച്ഛന്റെ വിളിയൊന്നുമില്ല. അങ്ങോട്ട് വിളിച്ചിട്ട് കണക്ടാവുന്നില്ല. "ഇറങ്ങി" എന്നൊരു മെസേജുണ്ട്. അതുവെച്ച് നോക്കിയാൽ എത്തണ്ട നേരം കഴിഞ്ഞു. വഴിക്കു വല്ല റിട്ടയേർഡ് സഖാക്കളെയും കണ്ടു കാണും. "ഈ മനുഷ്യനെ കൊണ്ട് തോറ്റെന്ന്" അമ്മയെ കൊണ്ട് നാഴികക്ക് നാൽപ്പത് വട്ടം പറയിക്കുന്ന അച്ഛന്റെ സ്വഭാവം അവൾക്ക് നന്നായറിയാം. തൽക്കാലം ആശ്വാസമുണ്ടെങ്കിലും വേദന ഇനിയും കൂടുന്നതിനു മുമ്പേ വീട്ടിലെത്തണം. അവൾ പുറത്തിറങ്ങി ഓട്ടോ പിടിച്ചു.

സ്റ്റേഷന്റെ ഗേറ്റ് കടക്കുമ്പോഴാണ് അമ്മയുടെ കാൾ വന്നത്.

"ആ... അമ്മെ..."

"ഞാനാടി... എവിടെത്തി നീ..?" ചെറിയച്ഛനാണ്‌.

"ഓട്ടോയിലാ ചെറിയച്ചാ... ദാ ജസ്റ്റ് സ്റ്റാർട്ട് ചെയ്തേള്ളു."

"ആ... നീ ഒരു കാര്യം ചെയ്യ്, നേരെ മിംസിലേക്കു പോന്നോ..."

"എന്താ ചെറിയച്ചാ... എന്താ പറ്റിയേ... അമ്മയെവിടെ?" 

 "അമ്മ ഇവിടുണ്ടെടി.. നീ വാ.. വന്നിട്ട് പറയാം.."

"പറയൂ ചെറിയച്ചാ... പ്ലീസ്..." അവളുടെ ശബ്ദമിടറി. 

"പേടിക്കേണ്ടെടി... ഒന്നൂല്ല...അച്ഛൻ നിന്നെ കൂട്ടാൻ വന്നിരുന്നല്ലോ. മൂപ്പരാ പ്ലാറ്റ്ഫോമിലൊന്നു കൊഴഞ്ഞു വീണു. 

ആരോ വെള്ളടിച്ച് പാമ്പായി കെടക്കാന്നാ ആളോള് വിചാരിച്ചേ. അതോണ്ട് നേരം കൊറച്ചങ്ങനെ കിടന്നു. ന്നാലും ഇപ്പൊ പേടിക്ക്യാനൊന്നൂല. മൈനർ അറ്റാക്കാന്നൊരു സംശയം പറഞ്ഞു ഡോക്ടറ്...അപ്പൊ ടെസ്റ്റൊക്കെ ചെയ്യാന്ന് കരുതി. അത്രേള്ളൂ... നീ നേരെ ഇങ്ങു പോര്. നമ്മക്ക് ഒരുമിച്ചങ്ങ് പൂവാം"

തികട്ടിക്കയറി വരുന്ന തേങ്ങലിനിടയിലൂടെ "മിംസിലേക്കാ പോണ്ടേ" എന്ന്  ഓട്ടോക്കാരനോട് പറഞ്ഞാെപ്പിച്ച്  മടിയിൽ വെച്ച ബാഗിലേക്ക് അവൾ കമിഴ്ന്നു.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA