ADVERTISEMENT

പറയാതെ പോയ പ്രണയം (കഥ)

മേ ഐ കം ഇൻ...? 

ഗീതാ പി നായർ ! ശബ്ദം കേട്ടപ്പോഴേ സുരേഷ് കേശവന് അവളെ മനസ്സിലായിരുന്നു. പരസ്പരം പിരിഞ്ഞിട്ടിപ്പോൾ ഏതാണ്ട് ഇരുപത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  

അവൾക്കൊരുപാട് മാറ്റം വന്നിരിക്കുന്നു. തടിച്ചപ്പോൾ ഒന്നുകൂടി സുന്ദരിയായപോലെ.! അല്ല എങ്ങനെ മറക്കും? ഒരിക്കൽ തന്റെ എല്ലാമായിരുന്നവൾ, എന്നിട്ട്..?

ശബ്ദം കൊണ്ട് അവൾ തന്നെ തിരിച്ചറിയേണ്ട എന്നുകരുതി കൈകൊണ്ട് ആംഗ്യഭാവത്തിൽ മറ്റുള്ളവരോട് അത് തുടരാൻ പറഞ്ഞുകൊണ്ട് അവൻ  ഇന്റർവ്യൂ ബോർഡിൽ നിന്നും മെല്ലെ എഴുന്നേറ്റു പുറത്തേക്കു നടന്നു. കാണാൻ നല്ല ഭംഗിയുള്ള അനവധി ഉദ്യോഗാർഥികൾ തന്റെ ഊഴവും കാത്തിരിക്കുന്നിടത്തുകൂടെ അവൻ പുറത്തേക്കുവന്നു. കടന്നുപോകവേ ചിലരെല്ലാം എഴുന്നേൽക്കുന്നത് കണ്ടില്ല എന്നുനടിച്ചുകൊണ്ട് അവൻ പുറത്തുവന്ന് തന്റെ കാറിൽ കയറി അത് സ്റ്റാർട്ട് ചെയ്ത് ഏസി ഓണാക്കി സീറ്റുചാരി മലർന്നുകിടന്നു! 

ഒരുപക്ഷേ അവൾ തന്നെ തിരിച്ചറിഞ്ഞിട്ടില്ല, എങ്കിൽ അങ്ങനെ തന്നെ ആവട്ടെ എന്നതായിരുന്നു അവന്റെ മനസ്സിൽ അപ്പോൾ വിരിഞ്ഞ ചിന്ത! മാത്രമല്ല തന്റെ കൂടെ ബോർഡിൽ ഇരിക്കുന്ന ജൂനിയേസ് അറിയാനും ഇടവരരുത്...

വർഷങ്ങളുടെ പഴക്കമുണ്ടായിരുന്ന ഒരു സൗഹൃദം തകർന്നു തരിപ്പണമായതിന്റെ സങ്കടം ആദ്യകാലങ്ങളിൽ സഹിക്കാൻ തന്നെ പ്രയാസമായിരുന്നു എല്ലാത്തിനും താനാണ് കാരണം! കാലം കാത്തുവച്ചിരുന്നതെല്ലാം തന്നിലേക്ക് എത്താൻ എന്നും വൈകിയിരുന്നു എന്നവൻ സങ്കടത്തോടെ ഓർത്തു... 

ഓഫീസിൽ നിന്നിറങ്ങി എത്രവൈകിയാലും തനിക്കായി, തന്റെ ബൈക്കിന്റെ പിന്നിലിരിക്കാനായി മണിക്കൂറുകൾ കാത്തിരിക്കുന്നവൾ. നാട്ടിൽ പോയി തിരിച്ചുവരുമ്പോൾ താൻ ചെല്ലാതെ എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാത്തവൾ... പലപ്പോഴും സിനിമാ ടിക്കറ്റെടുത്തു താൻ പോകാൻ മറന്നാലും പരിഭവം പറയാത്തവൾ താൻ ശരിക്കും ഒരു മടിയനായിരുന്നോ?

തനിക്കു വിദേശത്തു ജോലികിട്ടിയതിനു ശേഷം ഇഷ്ടപ്പെട്ട പെണ്ണിനെ മറ്റൊരാൾക്കുമുന്നിൽ ഏൽപിച്ചുകൊടുത്തു പോകാൻ എങ്ങനെ തോന്നി അന്ന് എന്നത് ഇന്നും മനസ്സിലാവാത്ത വിഷയം തന്നെ! ചിലപ്പോൾ ഉഴപ്പനായിരുന്ന തന്റെ പ്രായത്തിന്റെ അപക്വതയാവാം എന്നാലും!

രമേശ് നായർ അങ്ങനെ ചെയ്യും എന്ന് ഒരിക്കലും വിചാരിക്കാൻ പോലും സാധ്യമായിരുന്നില്ല ജ്യേഷ്ഠനെ പോലെ കരുതി ബഹുമാനിച്ചുകൊണ്ട് വളരെ സൗകര്യമുള്ള അയാളുടെ ഫ്ലാറ്റിൽ ഒരു പേയിങ് ഗസ്റ്റിനെ പോലെ അവളെ  തൽക്കാലം ഏൽപിച്ചുപോകുമ്പോൾ അയാൾ ഭാര്യയും രണ്ടു കുട്ടികളും ഉള്ള ഒരു കുടുംബനാഥൻ ആണെന്നുള്ള വിശ്വാസമായിരുന്നു തനിക്കുണ്ടായിരുന്നത് എന്നവൻ ദുഃഖത്തോടെ ഓർത്തു.!

മെല്ലെ മെല്ലെ അയാൾക്ക്‌ അവളോടുള്ള വാത്സല്യം ഭ്രാന്തമായ ഒരു ആവേശത്തിലേക്ക് മാറിയത് അയാളുടെ ഭാര്യക്കുപോലും ആദ്യകാലങ്ങളിൽ മനസ്സിലായില്ല. അവളുടെ വശ്യതയുടെ ഉറവിടം തേടി അയാൾ അവളിലേക്ക്‌ അടുക്കാൻ തുടങ്ങിയ അന്നുതൊട്ട് അവരുടെ കുടുംബത്തിന്റെ അടിത്തറ ഇളകി തുടങ്ങി! ഗീത അയാളുടെ ഭാര്യക്ക് ഒരു ശത്രുവായി മാറാൻ അധികനാൾ വേണ്ടിവന്നില്ല.!

എല്ലാം അറിഞ്ഞു താൻ തിരിച്ചു വന്നപ്പോഴേക്കും അവൾ അവിടെ നിന്നും രക്ഷപെടാൻ മറ്റൊരുവന്റെ സ്വന്തമായി കഴിഞ്ഞിരുന്നു.! ഇന്നിതാ വീണ്ടും തന്റെ മുന്നിൽ.! എന്തു ചെയ്യണം പരിചയം പുതുക്കണോ അതോ..?     

അവൻ മെല്ലെ കാറിനു പുറത്തിറങ്ങി ഒന്നിനുപുറകെ ഒന്നായി സിഗരറ്റുകൾ വലിച്ചുതള്ളികൊണ്ടിരുന്നു.

''സുരേഷ് ഇതുവരെ ഇത് നിർത്തിയില്ലേ? അല്ല പണ്ട് എനിക്ക് പലവട്ടം വാക്കുതന്നതാ..!''  

പരിചിതമായ ആ പഴയ ശബ്ദം കേട്ട് അവൻ പെട്ടെന്ന് തിരഞ്ഞു നോക്കി. ഗീത! അവൾ നിന്ന് ചിരിക്കുകയാണ് 

''അല്ല എന്തിനാ അവിടെ നിന്നും ഓടി പുറത്തേക്കുവന്നത് ഞാൻ ഇന്റർവ്യൂന് വന്നതൊന്നും അല്ല.!'' സുരേഷിന് അത്ഭുതം തോന്നി അവൾക്ക് ഒരു മാറ്റവും ഇല്ല എന്നതവൻ ചമ്മലോടെ ഓർത്തു കൊണ്ട് ചിരിക്കാൻ ഒരു ശ്രമം നടത്തി. 

''ആ നിർത്തും  പിന്നെയും തുടങ്ങും.!" അവൻ കയ്യിലുള്ള സിഗരറ്റു താഴെയിട്ടു ചവുട്ടിയരച്ചുകൊണ്ടു ചോദിച്ചു. 

''ആട്ടെ ഗീത എന്താ ഇവിടെ?''

''ഞാൻ പറഞ്ഞില്ലേ കാണാൻ വന്നതാ... എഫ്​ബിയിൽ എന്റെ ഒരു സുഹൃത്ത് സ്റ്റാറ്റസ് ഇട്ടിരുന്നു സുരേഷ് കമ്പനിയിലേക്ക് ഉദ്യോഗാർഥികളെ എടുക്കാൻ വരുന്നുണ്ട് എന്ന്. ഫോട്ടോയും അഡ്രസ്സും ഉണ്ടായിരുന്നു നമ്മുടെ മ്യുച്ചൽ ഫ്രണ്ടാ..!'' 

''ഗീതയുടെ കല്ല്യാണം കഴിഞ്ഞതായി അറിഞ്ഞ അന്നു തന്നെ ഞാൻ ഇവിടെ നിന്നും തിരിച്ചുപോയി!''

അവൾ ആദ്യം ഒന്ന് മൂകയായി പിന്നീട് തലവെട്ടിച്ചുകൊണ്ടു പറഞ്ഞു

''ആ കാലത്തെ ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല സുരേഷ്..! അത് വിടൂ. ബീ പ്രാക്ടിക്കൽ. ഇതുകഴിഞ്ഞാൽ എന്താ പരിപാടി..?''

''ഇന്നു വൈകിട്ടുള്ള ഫ്ലൈറ്റിന് ഡൽഹിയിൽ പോണം. മറ്റന്നാൾ അവിടെയും ഇന്റർവ്യൂ ഉണ്ട്. അതായത് വരുന്ന അഞ്ചുദിവസം ഫുൾ ബിസിയാണ്''

''അല്ല ഗീത ഇപ്പോൾ എന്തു ചെയ്യുന്നു.?''

''ഇടയ്ക്കു സിഎ എഴുതിയെടുത്തു ഇപ്പോഴും പഴയ അതേ സ്ഥാപനത്തിൽ തന്നെ ഫിനാൻസ് മാനേജർ ആണ് എന്നുമാത്രം'' 

''ഭർത്താവ് ?''

''ഒരു ഷിപ്പിംഗ് കമ്പനിയിൽ സീനിയർ എൻജിനീയർ ആണ് ഇടയ്ക്കു വന്നും പോയും ഇരിക്കുന്നു.'' 

''കുട്ടികൾ.?'' 

''ഒരാൾ കുറച്ചു വൈകിയാണ് കുഞ്ഞുണ്ടായത്. ഇവിടെ മുംബൈൽ തന്നെ ഉണ്ട്, പഠിക്കുന്നു. അല്ല എനിക്കിത്തിരി സ്വസ്ഥമായി  സുരേഷിനോട് സംസാരിക്കണം ഒരു ദിവസം മുഴുവൻ അടുത്തുവേണം കഴിയുമോ?''

''എല്ലാം നേരത്തേ തീരുമാനിച്ച ഷെഡ്യുൾ അനുസരിച്ചുള്ള  പ്രോഗ്രാമുകൾ ആണ് മാറ്റാൻ കഴിയില്ല''  

''വേണ്ട മാറ്റണ്ട.. ശേഷം ഒരു ദിവസം തന്നാൽ മതി, പക്ഷേ വേണം മറക്കരുത്, മുങ്ങരുത്... പണ്ടും അത് പതിവായതു കൊണ്ട് പറഞ്ഞതാ.!'' 

അവൾ ഒരു കൂസലും ഇല്ലാതെ ചിരിച്ചുകൊണ്ട് യാത്രപറഞ്ഞു പിരിഞ്ഞതിന് ശേഷം ആണ് അവൻ ഇന്റർവ്യൂ ബോഡിലേക്കു തിരിച്ചു കയറിയത്. അവന്റെ മനസ്സിൽ പോയകാലങ്ങളിലെ കൈവിട്ടുപോയ ചില സാക്ഷാത്കാരങ്ങൾ സ്വരുക്കൂടുകയായിരുന്നു.! മനസ്സുകൊണ്ടു ഒന്നായ സമയത്തു നടക്കാതിരുന്ന പല ആഗ്രഹങ്ങളും വർണ്ണം ചാലിച്ചുകൊണ്ടവനുമുന്നിൽ ആഹ്ലാദ നൃത്തം ചവുട്ടി!

ഷെഡ്യുൾ പ്രകാരമുള്ള ജോലി പൂർത്തിയാക്കി ജൂനിയർമാരെ പറഞ്ഞുവിട്ടുകൊണ്ട് ആറാമത്തെ ദിവസം രാവിലെ പത്തുമണിയോടെ മുംബൈ ഡൊമസ്റ്റിക് എയർപോർട്ടിൽ നിന്നും അവൻ പുറത്തുവരുമ്പോൾ ഗീത അവിടെ കാത്തിരിപ്പുണ്ടായിരുന്നു ബാഗെടുത്തുകൊണ്ട് വണ്ടിയിൽ വയ്ക്കുന്നതിനിടക്ക് അവൾ പറഞ്ഞു.   

''ആദ്യം ഒരു കോഫി കുടിക്കണം എന്നിട്ടു തീരുമാനിക്കാം. എന്ത് എങ്ങനെ എന്നെല്ലാം, എന്തുപറയുന്നു?''

അവളെ ഒന്നു നോക്കികൊണ്ട്‌ സുരേഷ് പെട്ടെന്ന് ചോദിച്ചു.

''ഗീതാ, ഞാൻ ഒരു ഹോട്ടലിൽ ഒരു റൂം ബുക്ക് ചെയ്യട്ടെയോ നമുക്ക് അവിടെയിരുന്നു സ്വസ്ഥമായി പലതും സംസാരിക്കാലോ!''  വളരെ പെട്ടന്നുതന്നെ അവളിൽ  നിന്നും ഉത്തരമുണ്ടായി. 

''ഹേയ്, അതിന്റെ ആവശ്യമൊന്നും ഇല്ല. നമ്മുക്ക് എന്റെ വീട്ടിൽ പോകാം അവിടുത്തെ പോലെ സൗകര്യവും സുരക്ഷിതത്വവും  മറ്റെവിടെയും ഉണ്ടാവാൻ തരമില്ല. ആദ്യം ഓരോ കോഫി കുടിക്കാം.'' 

''മുന്നിൽ ഇരിക്കുന്ന അവളുടെ ചേഷ്ടകളും അവളുടെ സുതാര്യ സുന്ദരമായ മേനിയഴകിലൂടെയുള്ള തന്റെ ത്വരിതയാത്രകളും ഭാവനയിൽ കണ്ടുകൊണ്ടവൻ ധൃതിയോടെ കോഫി കുടിച്ചു തീർത്തു.! 

''സുരേഷിന് പണ്ട് ഇത്രയൊന്നും ധൃതിയുണ്ടായിരുന്നില്ല ശരിക്കും ഒരു ഉഴപ്പനായിരുന്നു.! പണ്ട് ബൈക്കിനു പിന്നിൽ ഇരിക്കുമ്പോൾ ആ വയറിലൂടെ ഒന്ന് പിടിച്ചിരിക്കുന്നതുപോലും ഇഷ്ടമായിരുന്നില്ല വല്ലതും ഓർമയുണ്ടോ ?''

''ഉണ്ട് ഒന്നും മറന്നിട്ടില്ല. നിനക്കൊരു ആശ്വാസമാകട്ടെ എന്നുകരുതി ആ മനുഷ്യനെ ഏല്പിക്കാൻ തോന്നിയ നിമിഷത്തെ ഞാനിന്നും ശപിക്കുന്നു''

''അതുകൊണ്ടു നമ്മൾ പിരിഞ്ഞു.''

''പക്ഷേ അന്നും സുരേഷ് എന്നോട് പ്രണയം തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. അതുകേൾക്കാൻ  ഞാൻ കുറെ കൊതിച്ചു. പ്രേമത്തെക്കാൾ ഉപരി സുരേഷിന് എന്നോട് ഒരു കരുതൽ ആയിരുന്നു എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട് '' 

''ശരിയാണ് ഗീതാ... ഞാൻ അത് തുറന്നു പറഞ്ഞിരുന്നില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ലല്ലോ''

അവർ കോഫീ ഹൗസിൽ നിന്നും ഇറങ്ങി നേരെ കാറിൽ കയറി. ഗീത തന്നെയാണ് വണ്ടിയോടിച്ചത് പണ്ടത്തെ ബൈക്കുയാത്രയുടെ ത്രില്ലിൽ സുരേഷ് അവളെയും നോക്കി ആസ്വദിച്ചുകൊണ്ടങ്ങനെ ഇരുന്നു..! ഇടയ്ക്കെപ്പോഴോ അത് ശ്രദ്ധിച്ച അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു 

''എന്താ ഇങ്ങനെ നോക്കുന്നത് പണ്ടത്തേതിലും വച്ച് വല്ല കുറവും ഉണ്ടോ ?''

''ഇല്ല, എല്ലാം കൂടുതലേ ഉള്ളൂ. നീ ആകെ മാറിപ്പോയിരിക്കുന്നു. സ്വാഭാവം പോലും. പണ്ട് നടന്ന കാര്യങ്ങൾ വച്ച് നോക്കുമ്പോൾ നീ ഇന്ന് അതി ഭയങ്കരിയായിരിക്കുന്നു പഴയ  കാമുകനെ സ്വന്തം വീട്ടിലേക്കു ക്ഷണിക്കുകയെന്നത് ഒരു വല്ലാത്ത ധൈര്യം തന്നെ.! ബീ പ്രാക്ടിക്കൽ ..!''

അവൾ ഒന്ന് വിശദമായി ചിരിച്ചു...

''എനിക്ക് നാളെ തിരിച്ചുപോകേണ്ടതാണ്. അല്ല ഗീത പറഞ്ഞാൽ ഞാനതു നീട്ടാം വേണമെങ്കിൽ അഡ്വാൻസായി പറഞ്ഞോളൂ'' 

''നമ്മൾക്കാദ്യം വീട്ടിൽ ചെല്ലാം എന്നിട്ടു തീരുമാനിക്കാം അങ്ങിനെ പോരെ സുരേഷ് ? സുരേഷിന് വല്ലാതെ ധൃതിയായെന്നു തോന്നുന്നു.''

''ഹേയ് പോയ കാലങ്ങളിൽ ആഗ്രഹിച്ചിട്ടും നടത്താതിരുന്ന മനസ്സിൽ താലോലിച്ചു സ്വരുകൂട്ടിയ ചില സ്വപ്നങ്ങൾ... അതിനു കടവും പലിശയും ചേർത്ത് തിരിച്ചുതരണം അത്രയേ ഉള്ളൂ..!'' 

അവൾ അതിനും മനോഹരമായ ഒരു ചിരിയിലൂടെ മറുപടി കൊടുത്തു!   

വണ്ടി അപ്പാർട്ടുമെന്റിനു മുന്നിൽ എത്തിയതും വാച്ച്മാൻ ഓടിവന്ന് സല്യൂട്ട് അടിച്ച് ഗേറ്റ് തുറന്നു.!

''ഗസ്റ്റ് ഹേ കിസീക്കോ ഭീ ഗർ പർ നഹി ബേജ്‌നാ'' എന്ന് വിൻഡോ ഗ്ലാസ് താഴ്ത്തികൊണ്ടു ഗീത വാച്ച്മാനോട് പറഞ്ഞത് സുരേഷ് ഉൾപുളകത്തോടെയാണ് കേട്ടത്. ''അപ്പോൾ ഇവൾ എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു.. ഭയങ്കരീ ..!  

ലിഫ്റ്റിന് മുന്നിൽ എത്തിയപ്പോൾ നമ്മൾക്കിതു നടന്നുകയറാം. രണ്ടാമത്തെ നിലയിൽ ആണ് ഫ്ലാറ്റ് എന്നവൾ ഒന്നുകൂടി ചിരിച്ചുകൊണ്ട് പറഞ്ഞു. തോളോട് തോൾ ചേർന്ന് പടികൾ ചവിട്ടിക്കയറവേ, അവളുടെ വിയർപ്പുഗന്ധം അറിയാതെ നുകരവേ അവനിൽ അത് വല്ലാത്തൊരു ഉണർവുണ്ടാക്കിക്കഴിഞ്ഞിരുന്നു.!  

ഗീത ബാഗിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്നു. മനോഹരമായി ഇന്റീരിയൽ ചെയ്തിരിക്കുന്ന ഹാൾ.! അവൾ എസി ഓൺ ചെയ്ത് അവനെ നോക്കി മനോഹരമായി ഒന്നുകൂടി ചിരിച്ചുകൊണ്ട് പറഞ്ഞു.

''സുരേഷ് വേണമെങ്കിൽ ഒന്ന് ഫ്രഷ് ആയിക്കോളൂ ആ ബെഡ്‌റൂമിലെ ബാത്‌റൂമിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്  യാത്രകഴിഞ്ഞു വന്നതല്ലേ ഞാനുമൊന്നു ഫ്രഷ് ആവട്ടെ..!'' സുരേഷ് ഒരു ഉൾപുളകത്തോടെ എഴുന്നേറ്റു ബെഡ്റൂമിലേക്ക് നടന്നു. ഏതാനും  നിമിഷങ്ങൾ കഴിഞ്ഞാൽ അവൾ താൽക്കാലികമായിട്ടാണ് എങ്കിലും സ്വന്തമാകും അന്നത്തെ ആ കുറവുകൾ മുഴുവൻ ഇന്ന് പരിഹരിച്ചുകൊടുക്കണം. 

സുരേഷ് നന്നായൊന്നു കുളിച്ചു വൃത്തിയായി അരയിൽ ടവൽ ചുറ്റിക്കൊണ്ടു ബാത്ത് റൂമിനു പുറത്തിറങ്ങവേ ഹാളിൽ ആരൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഏറെ ശ്രദ്ധിച്ചപ്പോൾ അത് ഗീതയുടെ ശബ്ദം തന്നെ എന്നു മനസ്സിലായി.   

''ഫ്ലൈറ്റ് ഒന്നും വൈകിയില്ല ചേട്ടാ... ഇടയ്ക്കു കോഫി ഹൗസിൽ ഒന്ന് കയറി''

അതേവേഷത്തിൽ ഹാളിലേക്ക് പോകുന്നത് അബദ്ധമാണ് എന്ന് മനസ്സിലാക്കിയ അവൻ തിരിച്ചുകയറി ഡ്രസ്സിട്ടു പുറത്തിറങ്ങവേ ആരോഗ്യവാനായ ഒരാൾ ചിരിച്ചുകൊണ്ട് അങ്ങോട്ട് കടന്നുവന്നു.!

''ഞാൻ അർജുൻ. ഗീതയുടെ ഭർത്താവ്... നമ്മൾ തമ്മിൽ പണ്ട് കണ്ടിട്ടുണ്ട് പലവട്ടം..! ഗീതക്ക് ഇങ്ങനെ വകയിലൊരു സഹോദരൻ ഉണ്ടെന്നു പണ്ടേ അറിയാമായിരുന്നു. പക്ഷേ, കല്ല്യാണം കഴിഞ്ഞ് ഇതുവരെ കാണാൻ കഴിഞ്ഞില്ല ''

അവന് എന്തു ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല... ഒരു നിമിഷം യാന്ത്രികമായി അയാൾക്ക്‌ കൈ കൊടുത്തുകൊണ്ട് ചിരിച്ചു എന്ന് വരുത്തി അവൻ ഹാളിലേക്ക് വന്നു.! 

''ഹായ് അങ്കിൾ... മമ്മി ഇടയ്ക്കൊക്കെ പറയും അങ്കിളിന്റം കാര്യം... മമ്മി എയർപോർട്ടിൽ പോയപ്പോൾ അങ്കിൾ വരുന്നുണ്ട് എന്നു പറഞ്ഞു പപ്പ എന്നെ സ്കൂളിൽ വിളിക്കാൻ വന്നതാ...''

സുരേഷ് ഒരു നിമിഷം അവനെ ചേർത്ത് നിർത്തികൊണ്ട് ആശ്ലേഷിച്ചു എന്നിട്ട് ഒരു വലിയ യുദ്ധത്തിൽ ജയിച്ച ഭാവത്തോടെ നിന്നിരുന്ന ഗീതയുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

''ഗീത, എനിക്ക് വേഗം പോണം വൈകിട്ട് നാലു മണിക്കാണ് ഫ്ലൈറ്റ്''

അർജുൻ ഇടയ്ക്കുകയറി പറഞ്ഞു 

''പണ്ടത്തെ ബോംബെ ഒന്നും അല്ല ഇന്നത്തെ മുംബൈ രണ്ടു ദിവസം ഇവിടെ തങ്ങിയിട്ട് പോയാൽ പോരെ അളിയാ... നാലുദിവസം കഴിഞ്ഞാൽ എനിക്കും പോണം. ലീവുതീരാറായി''

''നടക്കില്ല അർജുൻ ജോലി ഒരുപാട് ബാക്കിയുണ്ട്. പോയേ തീരൂ. അതും ഇത്രദൂരം വന്ന് നിങ്ങളെ ഒക്കെ കാണാതെ പോവുക എന്നുവച്ചാൽ..?''

ഗീത ചിരിച്ചുകൊണ്ട് പറഞ്ഞു 

''ശരിയാ ചേട്ടാ... സുരേഷ് പണ്ടും അങ്ങനെ ആണ് ജോലിയോട്  മുടിഞ്ഞ പ്രണയമാ ജോലിത്തിരക്കിൽ എല്ലാം മറന്നു പോകും പൊയ്ക്കോട്ടെ നിർബന്ധിക്കണ്ട ഇനി വരുമ്പോൾ ആവാമല്ലോ.!'' 

സുരേഷ് ആകപ്പാടെ തന്റെ കാലിൽ നിറയെ മുള്ളുതറച്ച അവസ്ഥയിൽ ആയിരുന്നു. അവിടെനിന്നും ഓടിപ്പോകാൻ അവന്റെ മനസ്സ് വെമ്പൽകൊണ്ടു.! ദാഹിക്കുന്നപോലെ... നിർവികാരമായി ഗീതയെ ഒന്ന് നോക്കിയതും അവൾ അതു മനസ്സിലായപോലെ അകത്തേക്കുപോയി ഒരു കുപ്പി വെള്ളം കൊണ്ടുവന്നു പുഞ്ചിരിയോടെ അവന്റെ നേർക്കു നീട്ടി.! 

''നമ്മുക്ക് ഉച്ചക്ക് പുറത്തുപോയി ഫുഡ് കഴിക്കാം. ഇന്റർനാഷണൽ ഫ്ലൈറ്റ് അല്ലെ ഒന്നരമണിക്കൂർ മുന്നേ എങ്കിലും സുരേഷിന് എയർപോർട്ടിൽ എത്തണം.'' ഇടയ്ക്കു കിട്ടിയ അവസരത്തിൽ അർജുൻ കേൾക്കാതെ ഗീത അവനോടു പറഞ്ഞു. 

''ഹോട്ടലിൽ റൂം ബുക്ക് ചെയ്യാൻ പോയ സുരേഷ് തിരിച്ചുപോകാൻ ഉള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല എന്ന് എനിക്കേ അറിയൂ. അതങ്ങനെ തന്നെ ഇരിക്കട്ടെ അർജുൻ അറിയണ്ട.!''

എന്തൊക്കെയോ കഴിച്ചു എന്നുവരുത്തി സുരേഷ് അവരുടെ കൂടെ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി. ഐസ് ക്രീമിനായി വാശിപിടിച്ചമോനെയും കൂട്ടി വീണ്ടും ഹോട്ടലിലേക്ക് തന്നെ പോകുന്ന അർജുനനെ നോക്കികൊണ്ട്‌ ഗീത സുരേഷിനോട് ചോദിച്ചു.

''സുരേഷിന് വല്ലതും മനസ്സിലായോ..?" അവളുടെ മുഖത്തേക്ക് ക്രുദ്ധമായി നോക്കി കൊണ്ട് അവൻ പറഞ്ഞു.! 

''നീ എന്നെ ശരിക്കും തകർത്തുകളഞ്ഞു..! ഇങ്ങോട്ടു വരുമ്പോൾ വാനോളം പ്രതീക്ഷകൾ ആയിരുന്നു എനിക്ക്.''

''എന്തുപ്രതീക്ഷ...?  ഇത് സുരേഷിനോടുള്ള  എന്റെ  പ്രതികാരം ആയിരുന്നു. നിനക്ക് അന്ന് പ്രണയം തുറന്ന് പറയാൻ കഴിയാതിരുന്നതിനുള്ള  പ്രതികാരം..! എനിക്കൊരുപരിചയവും ഇല്ലാത്ത ഒരാളുടെ അടുക്കൽ നീ സേഫ് ആകും എന്നു പറഞ്ഞd അധികാരം സ്ഥാപിച്ചു കൊടുത്തത്തിന്റെ പ്രതികാരം, എന്നോട് നീ മറ്റുള്ളവർക്കു മുന്നിൽ സഹോദരനെ പോലെ പെരുമാറിയതിനുള്ള പ്രതികാരം! സ്നേഹവും ലാളനയും സുരക്ഷിതത്വവും ആഗ്രഹിക്കുന്നവളാണ് സ്ത്രീ അതുപോലുള്ള ഒരുവളായ ഞാൻ ഇത്രയെങ്കിലും സുരേഷിനോട് ചെയ്തില്ല എങ്കിൽ എനിക്ക് ഒരിക്കലും സമാധാനം കിട്ടില്ലായിരുന്നു... കാത്തിരിക്കുകയായിരുന്നു ഞാൻ ഇതുവരെ. അർജുന് ഇതെല്ലാം അറിയാം..! 

സുരേഷിന് സ്വയം ഉരുകുന്നതുപോലെ തോന്നി.! ഒരു നിമിഷം അവൻ നാലുഭാഗവും ശ്രദ്ധിച്ചു. ദൂരെ ഒരു ടാക്സിയുടെ  നിഴൽ വരുന്നതുകണ്ടവൻ റോഡിലേക്കിറങ്ങി അതിനു കൈകാണിച്ചു.! 

കാറിൽ കയറി വണ്ടി മുന്നോട്ടു പോകവേ അവളുടെ കൈ ആകാശത്തേക്കുയർന്നു..! അവൻ അത് കാണാത്തവിധം മുന്നിലേക്ക് നോക്കി ഡ്രൈവറോട് പറഞ്ഞു 

''ഇന്റർനാഷണൽ എയർപോർട്ട്''  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com