ADVERTISEMENT

മാവേലി റോഡിൽ വീണീടും കാലം... (കഥ)

സമത്വസുന്ദര ഉത്തമ ഭരണം കാഴ്ചവെച്ച മാവേലിയുടെ കഥ വായിച്ച്, എപ്പോഴാണ് ഉറങ്ങിയതെന്ന് അറിയില്ല...

നോക്കുമ്പോൾ ഞാൻ ഭാരതത്തിലെ ഏറ്റവും വിലകുറഞ്ഞ ടാറ്റാ നാനോ കാറിലാണ്, പുറകിലെ സീറ്റിൽ എന്റെ കൂടെ മഹാബലിയും ഉണ്ട്. പതിവുപോലെ നമ്മുടെ തൃക്കാക്കര ഓണം പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ഏലൂരിനടുത്തുള്ള പാതാളത്തു നിന്ന് അദ്ദേഹത്തെ കാറിൽ കൊണ്ടു വരുകയാണ്. പാതാളത്ത് അണ്ടർ ഗ്രൗണ്ടിൽ താമസമായിട്ടുള്ള ഇദ്ദേഹം വർഷത്തിലൊരിക്കലേ പുറത്ത് വരൂ. 

കാറ് റോഡിലൂടെ ഒഴുകുകയായിരുന്നു, കായലിലൂടെ ഹൗസ് ബോട്ട് പോകും പോലെ. അത്ര സുന്ദരമായ ഒരു ചെറു കുഴി പോലുമില്ലാത്ത റോഡ്. 

മാവേലി അതിശയത്തോടെ ചോദിച്ചു. "പീതാംബരൻ എന്താ ഇത്? ഒറ്റ വർഷം കൊണ്ട് കേരളം ഇത്ര മാറിയോ? മഴ പെയ്തിട്ടും പൊളിയാത്ത റോഡ്! കാനകളെല്ലാം കോരി വൃത്തിയാക്കിയിരിക്കുന്നു. അതിലൂടെ മഴവെള്ളം സുഖമായി ഒഴുകുന്നു. വശങ്ങളിലെല്ലാം ചെടികളും പൂക്കളും. അച്ചടക്കത്തോടെ വാഹനങ്ങൾ ഓടിക്കുന്ന മനുഷ്യർ...

ഇതിപ്പോൾ മാവേലി വാണീടും കാലം എന്ന സുന്ദര സമത്വ കാലത്തേക്കാളും ഉഗ്രൻ!"

ഞാൻ മാവേലിയോട് പറഞ്ഞു.

"മാവേലിയുടെ റേറ്റിങ് താഴെ പോവും ന്നാ തോന്നുന്നത്. ഇനി ആരും മാവേലിയെ ഓർക്കുമെന്ന് തോന്നുന്നില്ല. ഇനിയുള്ള കാലം അങ്ങേക്ക് അണ്ടർ ഗ്രൗണ്ടിൽ തന്നെ സുഖായി കഴിഞ്ഞു കൂടാം. പിന്നെ എനിക്കുള്ള വിഷമം ഓണസദ്യയും അവധിയും മറ്റും നഷ്ടപ്പെടുമല്ലോ എന്ന് മാത്രമാണ് "

അപ്പോൾ കുറച്ച് പേർ കാർ കൈകാട്ടി നിർത്തി

"സാർ, സാർ ഒന്നു നിർത്തണേ" നോക്കിയപ്പോൾ മരാമത്ത് മന്ത്രി, ആർടിഒ, വെഹിക്കൾ ഇൻസ്പക്ടർമാർ, പൊലീസുകാർ, കോൺട്രാക്ടർമാർ, എൻജിനീയർമാർ മുതലായവരുടെ ഒരു കൂട്ടമാണ് മന്ത്രി ചോദിച്ചു

"സാർ, എന്തെങ്കിലും പരാതിയുണ്ടോ? റോഡും യാത്രയും എല്ലാം നല്ലതല്ലേ?

നിങ്ങൾ കഷ്ടപ്പെട്ട് പണിയെടുത്ത് റോഡ് നികുതിയും ജിസ്ടിയും മറ്റും തന്നിട്ട് പൊട്ടിപ്പൊളിഞ്ഞ റോഡ് തരുന്നത് ഒടേതമ്പുരാൻ പൊറുക്കേലാ...

അതു കൊണ്ടാണ് ഈ ഓണക്കാലം തൊട്ട് ഏറ്റവും നല്ല റോഡുകൾ തരാൻ ഞങ്ങൾ രാപ്പകൽ അധ്വാനിച്ചത്. ഇത്രയും കാലം ഞങ്ങളും ജഡ്ജിമാരും പത്രമുതലാളിമാരും അതിപ്രശസ്തരും എല്ലാം പൊട്ടിപൊളിഞ്ഞ ഈ റോഡിലൂടെയാണല്ലോ ഈശ്വരാ യാത്ര ചെയ്തത് എന്ന് ഓർക്കുമ്പോൾ നാണമാവുന്നു. എത്ര പേരുടെയാണ് നടുവൊടിഞ്ഞത്, എത്ര പേരാണ് കുഴികളിൽ വീണ് മരിച്ചത്, എത്ര വാഹനങ്ങൾക്കാണ് കേടുപാടുകൾ വന്നത്? ഞങ്ങളോട് ക്ഷമിക്കണം "

ഇതെല്ലാം കേട്ട് എനിക്ക് എന്തോ പന്തികേട് തോന്നി

എങ്കിലും ഞാൻ പറഞ്ഞു

"അയ്യോ ഏമാൻമാർ ഇങ്ങിനെ വേദനിക്കരുത്, നിങ്ങളെയൊക്കെ ഞങ്ങൾ അച്ഛന്റെ അല്ലെങ്കിൽ ദൈവത്തിന്റെ സ്ഥാനത്താണ് കാണുന്നത്. കാർന്നോൻമാർക്ക് എന്തും ആകാലോ. ഞങ്ങൾ അടിയാൻമാർക്ക് ഇതൊക്കെ ശീലമായി പോയി റോഡിലെ കുഴികളിൽ ചാടി ചാടി നടുവൊടിഞ്ഞ് പെട്രോൾ കത്തിച്ച് സമയം വൈകി ഓരോ സ്ഥലത്തെത്തുമ്പോൾ അറിയാതെ പ്രാകി പോകും അത്രയേ ഞങ്ങൾക്ക് ചെയ്യാൻ അറിയൂ.

നിങ്ങളെ പോലെ ഇരുപത് തലമുറയ്ക്ക് ഉണ്ടാക്കി സകലതും നിയന്ത്രണത്തിലാക്കിയാലേ മനുഷ്യ ജന്മത്തിന് അർഥമുള്ളൂ. എന്നൊന്നും ഞങ്ങൾ വിചാരിക്കാറില്ല. എന്തായാലും ഇങ്ങനെ അഴിമതിയില്ലാത്ത, അഹങ്കാരമില്ലാത്ത ഉത്തമ ഭരണം കാഴ്ചവെച്ചത് ശരിയായില്ല. ഞങ്ങളുടെ മാവേലിയുടെ റേറ്റിങ് താഴെ പോവും.

പിന്നെ ഓണവുമില്ല, സദ്യയുമില്ല, അവധിയുമില്ല. ഞങ്ങൾക്ക് ഈ ചെറിയ ചെറിയ സന്തോഷം മതി. അതിന് ഞങ്ങൾ എന്തും സഹിക്കും. പൊട്ടിപൊളിഞ്ഞ റോഡുകളും. പഞ്ചവടി പാലങ്ങളും ഞങ്ങൾക്ക് പുല്ലാണ്"

പെട്ടെന്ന് വലിയ ശബ്ദത്തോടെ ഞങ്ങളുടെ കാർ ഒരു ഭീകര കുഴിയിൽ വീണു. കണ്ട് നിന്ന സ്കൂൾ കുട്ടികൾ കോറസ് പാടി

"മാവേലി റോഡിൽ വീണീടും കാലം

എല്ലുപൊടിയുന്നതൊന്നുപോലെ .. "

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com