ADVERTISEMENT

മണർകാട് പള്ളിയിൽ എട്ടുനോമ്പിന്‌ തിരുനട തുറന്നാൽ സ്ലീബാപെരുന്നാൾ ദിനത്തിൽ നട അടയ്ക്കുന്നതുവരെയുള്ള ആചാരങ്ങളും ചടങ്ങുകളും...

ഇന്ന് സെപ്റ്റംബർ 14 ശനി. ഇന്ന് സ്ലീബാ പെരുന്നാൾ കൂടിയാണ്. ഇന്നാണ് മണർകാട് പള്ളിയിലെ എട്ടു നോമ്പിനോടനുബന്ധിച്ച് തുറന്ന തിരുനട അടയ്ക്കുക. ഇനി നട തുറക്കുക 2020 സെപ്റ്റംബർ 7 തിങ്കളാഴ്ച ! സ്ലീബാ പെരുന്നാൾ റോമൻ സാമ്രാജ്യാധിപൻ കുസന്തീനോസ് ചക്രവർത്തിയുടെ അമ്മ ഹെലീന രാജ്ഞി എഡി 326 ൽ തനിക്കുണ്ടായ സ്വപ്നത്തിന്റെ വെളിച്ചത്തിൽ ജെറുസലമിൽ കർത്താവിന്റെ കബറും കുരിശും കണ്ടെത്തിയതിന്റെ ഓർമയാണ്. പണ്ട് കന്നിക്കൊയ്ത്ത് കഴിഞ്ഞുള്ള ഈ പെരുന്നാൾ പുത്തരിപ്പെരുന്നാളാണ്. മരണശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന നിന്ദ്യമായ ഒരു ആയുധത്തെ ക്രിസ്തു തന്റെ ക്രൂശുമരണത്താൽ രക്ഷയുടെയും വീണ്ടെടുപ്പിന്റെയും ആയുധമായി മാറ്റുന്നു. ഇന്ന്‌ കുരിശ്‌ വിശ്വാസികൾക്ക് സ്വർഗ്ഗവും ഭൂമിയും തമ്മിൽ ഒന്നിപ്പിച്ച സ്നേഹത്തിന്റെ അടയാളമാണ്.

എട്ടാമിടം വലിയ കത്തോലിക്കാ പള്ളികളിൽ പെരുന്നാളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഒരു വാക്കാണ്. എട്ടാമത്തേത് എന്ന് സാമാന്യാർഥം. പള്ളികളിൽ പെരുന്നാൾ കഴിഞ്ഞ എട്ടാം പക്കം കൊടിയിറക്കും. എട്ടാമിടം ആചാരങ്ങളെയും ആഘോഷങ്ങളെയും എട്ടു ദിവസം നീട്ടുന്നു എന്നാണ് അതിരമ്പുഴ ഫെറോന പള്ളിയുടെ വെബ്‌സൈറ്റിൽ കാണുന്നത്. അതിരമ്പുഴ പള്ളിയിൽ അന്നാണ് വിശുദ്ധ സെബാസ്‌തീനോസ് പുണ്യാളന്റെ തിരുരൂപം തിരികെ അൾത്താരയിൽ വെക്കുക. മണർകാട്ടും നട തുറന്ന് എട്ടാം പക്കമാണ് തിരുനട അടയ്ക്കുക.

സെപ്റ്റംബർ 14 സ്ലീബാ പെരുന്നാൾ വരെ നട തുറന്നിരിക്കുന്ന മണർകാട്ടെ പതിവിന് ഏറിയാൽ രണ്ടോ മൂന്നോ പതിറ്റാണ്ടിന്റെ പഴക്കം മാത്രം. പെരുന്നാൾ പിറ്റേന്നു തന്നെ നട അടയ്ക്കുന്ന പണ്ടത്തെ പതിവ് പഴമക്കാരുടെ പറച്ചിലിൽ ഇന്നുമുണ്ട്.

എട്ടുനോമ്പിന്റെ തുടക്കം മണർകാട് പള്ളിയിൽ നിന്നാണെന്നാണ് പഴമക്കാരുടെ ഉറച്ച വിശ്വാസം. കാനോനികമല്ലാത്ത എട്ടുനോമ്പ് എടുക്കേണ്ടതില്ല എന്നു പ്രചരിപ്പിച്ചിരുന്ന പല പള്ളികളിലും നോമ്പിന്റെ ഭക്തജനപ്രിയതയും മറ്റും കൊണ്ട് എട്ടുനോമ്പ് ആചരണം ക്രമേണ തുടങ്ങിയാതായി കാണാം. അതോടെ നോമ്പെടുക്കുന്നവർ യാത്രയും തിരക്കും ഒഴിവാക്കാൻ അടുത്തുള്ള പള്ളികളിൽ കുർബാന കൂടുന്ന പതിവും തുടങ്ങി. എന്നാൽ നടതുറക്കലും പുണ്യദർശനവും ലോകത്ത് മണർകാട് പള്ളിയിൽ മാത്രം. അതുകൊണ്ടുതന്നെ എട്ടുനോമ്പിന്റെ തിരക്കൊഴിഞ്ഞ പെരുന്നാൾ പിറ്റേന്നുതൊട്ടു മണർകാട് പള്ളിയിൽ മാത്രം ലഭിക്കുന്ന ദർശനപുണ്യത്തിനു ഭക്തർ ഈ പള്ളിയിൽത്തന്നെ നേർച്ചകാഴ്ചകളോടെ എത്തി. ഭക്തജനത്തിരക്കു വർധിച്ചതോടെ നടയടയ്ക്കുക പെരുന്നാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ചയായി. പിന്നീടത് സ്ലീബാ പെരുന്നാൾ വരെയും നീണ്ടു. ഇതാണ് നടയടക്കൽ ചടങ്ങുകളുടെ നാളിതുവരെയുള്ള ചരിത്രം.

പെരുന്നാൾ പിറ്റേന്നുമുതൽ രാവിലെ 7 ന് താഴത്തെ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സാധാരണയിലേറെ തിരക്കുണ്ടാവും. എട്ടുനോമ്പിലെപ്പോലെ കരോട്ടെ പള്ളിയിൽ ഈ ദിവസങ്ങളിൽ ദിവ്യബലി ഉണ്ടാവില്ല. വെള്ളി, ശനി ദിവസങ്ങളിൽ കുർബാന രാവിലെ 7 30 നാണ്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി സഭയിലെ മെത്രാപ്പോലീത്തമാരാണ് വിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിക്കുക. തിരുനട തുറന്നിരിക്കുന്ന ഈ എട്ടു ദിവസങ്ങളിൽ പുണ്യദർശനത്തിനും പ്രാർഥനകൾക്കും മാത്രമാണ് മുൻഗണന. അതുകൊണ്ടുതന്നെ എട്ടുനോമ്പു ദിനങ്ങളിലെ ധ്യാനവും ഉപവാസവും പ്രസംഗങ്ങളും മറ്റു ചടങ്ങുകളും  ഈ ദിവസങ്ങളിൽ ഇല്ല. രാവിലെ വിശുദ്ധ കുർബാന കഴിഞ്ഞാൽ പിന്നീട് വൈകുന്നേരം സന്ധ്യാപ്രാർഥന മാത്രം.

പള്ളിയിലെ പ്രധാന ത്രോണോസ്സിനു മുകളിൽ തെളിഞ്ഞു നില്ക്കുന്ന ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും വർണ്ണചിത്രം കാണാൻ  ദിവസവും എത്തുന്ന ഭക്തരുടെ, ഹൈക്കലയിൽ നിന്നാരംഭിക്കുന്ന നിര പലപ്പോഴും പള്ളിമുറ്റവും കടന്നു പ്രധാന കവാടംവരെ നീളാറുണ്ട്. ദർശന ഭാഗ്യം തേടുന്നവർക്കിടയിൽ ജാതിയില്ല, മതമില്ല, ആൺ പെൺ വേർതിരിവുകളില്ല. അവർക്ക് ഒന്നു കാണണം; തന്നോടു യാചിക്കുന്നവരുടെ യാചനകളെ നിരസിക്കാത്ത, വചനമാം ദൈവത്തെ പ്രസവിച്ച, വലതു കയ്യിൽ പൂത്തണ്ട് പിടിച്ച മാതാവിനെ. ചുവന്ന ഒറ്റയുടുപ്പിനുമേൽ സ്വർണ്ണ വരമ്പുള്ള നീലപ്പുതപ്പു ചുറ്റിയ ഭാഗ്യവതിയായ മാതാവിനെ ഒന്നു കാണാൻ, മാതാവിന്റെ ഇടതു കയ്യിൽ മാറോടു ചേർന്നിരിക്കുന്ന ഇളം ചുവപ്പ് ഒറ്റയുടുപ്പിട്ട ഉണ്ണിയേശുവിനെ ഒരുനോക്കു കാണാൻ, ആ ദർശനസൗഭാഗ്യത്തെ അകക്കണ്ണിലേക്ക് ആവാഹിക്കാൻ, ആ പുണ്യം ഒരാണ്ട് മുഴുവൻ അണയാത്ത ആത്മീയ ഊർജ്ജമാക്കി ഉള്ളിൽ നിറയ്ക്കാൻ.

പടിഞ്ഞാറേ മുറ്റത്ത് കൽക്കുരിശിലെ ചുറ്റുവിളക്കിൽ എണ്ണപകർന്നു ദീപം തെളിക്കാൻ ഈ ദിവസങ്ങളിൽ നല്ല  തിരക്കാണ്‌. ഹൈക്കലയോടു ചേർന്ന് ഇടത്തും വലത്തുമുള്ള ഭണ്ഡാരങ്ങളിൽ കൈനിറയെ നാണയത്തുട്ടുകൾ നിക്ഷേപിക്കുന്ന പിടിപ്പണം നേർച്ചയുടെ കിലുകിലാരവങ്ങൾ പള്ളിക്കുള്ളിൽ മുടങ്ങാതെ മുഴങ്ങും. പള്ളിക്കു വലംവെക്കുന്ന വർണ്ണക്കുടകളാണ് പള്ളിപ്പറമ്പിലെ മറ്റൊരു ഹൃദ്യമായ കാഴ്ച.

രാവിലെ കുർബാനയ്ക്കു മാത്രമല്ല വൈകുന്നേരങ്ങളിലെ സന്ധ്യാപ്രാർഥനയ്ക്കും നല്ല തിരക്കാണ്. വീടുകളിൽ തിരുവോണാഘോഷം കൂടി കഴിഞ്ഞതോടെ പള്ളിയിലെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് ഏറെയായി. പകൽ പള്ളിയിലെത്തുന്ന വാഹനങ്ങളുടെ നീണ്ടനിര പലപ്പോഴും കവല വരെ നീളാറുണ്ട്. വെള്ളിയാഴ്ച കുർബാനയ്ക്ക്‌ നല്ല തിരക്കായിരുന്നെങ്കിൽ ഇതിലേറെയാവും ശനിയാഴ്ച രാവിലെ വി. കുർബാനക്കും വൈകുന്നേരം നടയടയ്ക്കുമ്പോഴുമുള്ള ഭക്തജനത്തിരക്ക്.

പെരുന്നാൾ പിറ്റേന്ന് മുതൽ മൂന്നുദിവസം വിശുദ്ധ കുർബാനക്കുശേഷം പള്ളിപ്പറമ്പിൽ മുഴങ്ങിക്കേട്ടത് പള്ളിക്കു വടക്ക് മണിമാളികയുടെ താഴത്തെ കാസറ്റ് കടയിൽ നിന്നുള്ള ഭക്തിഗാനങ്ങൾ ആയിരുന്നെങ്കിൽ വ്യാഴാഴ്ച മുതൽ പള്ളിയിലെ ഉച്ചഭാഷിണിയിലൂടെയുള്ള ഭക്തിഗാനങ്ങളും മാതാവിനോടുള്ള പ്രാർത്ഥനകളും ആണ്.

പരീക്ഷകൾ കഴിഞ്ഞ് ഓണാവധി ആയതോടെ പള്ളിയിലെത്തുന്ന സ്കൂൾ  കുട്ടികളുടെയും അമ്മമാരുടെയും തിരക്കേറി. സ്റ്റാളുകളിൽ ആളിളക്കവും കച്ചവടക്കാരുടെ മനസ്സിൽ തിരയിളക്കവുമായി. എട്ടുനോമ്പിന്റെ സൗജന്യ നേർച്ചക്കഞ്ഞി വിതരണം പെരുന്നാൾ ഉച്ചയ്ക്ക്‌ അവസാനിച്ചതോടെ ഹോട്ടലുകളിലും പള്ളി കാന്റീനിലുമൊക്കെ ആളിനൊപ്പം കാശുമെത്താൻ തുടങ്ങി.

പുണ്യദർശനത്തിനും വർണ്ണവിളക്കുകൾ കാട്ടി കുട്ടികളെ സന്തോഷിപ്പിക്കാനും എത്തുന്നവരുടേതായിരുന്നു പെരുന്നാൾ പിറ്റേന്നു മുതൽ പതിനാലാം തീയതി ശനിയാഴ്ച വരെയുള്ള മണർകാട്ട് പള്ളിയുടെ സായാഹ്നങ്ങൾ. വൈകുന്നേരമായാൽ സന്ധ്യാപ്രാർഥനയ്ക്കൊപ്പം തെളിയുന്ന വൈദ്യുതദീപാലങ്കാരങ്ങൾ കാണാൻ എത്തിയവരെക്കൊണ്ട് പള്ളിയുടെ കിഴക്കുള്ള വിശാലമായ മുറ്റവും മഴമരത്തണലുമെല്ലാം നിറയും. താഴത്തെ പള്ളിയുടെ പടിഞ്ഞാറു നിന്നുള്ള രാത്രികാഴ്ചയും കരോട്ടെ പള്ളിയും ഇത്തവണ വർണവിളക്കുകളുടെ പ്രകാശവിന്യാസത്തിലാണ്.

പെരുന്നാൾ റാസ പള്ളിപ്പറമ്പിലെത്തിയ ശേഷമുള്ള വിവിധ വാദ്യഘോഷ സംഘങ്ങളുടെ മത്സരിച്ചുള്ള കലാശക്കൊട്ടു നടന്ന പള്ളിപ്പറമ്പിലെ മഴമരത്തണലിൽനിന്ന് കൂട്ടം തെറ്റിയവരെയും കൂട്ടംവിട്ടു കറങ്ങാൻ പോയവരെയും കാത്തിരിക്കുന്നവരുടെ അടക്കം പറച്ചിലുകൾ ഇടയ്ക്കിടെ കേൾക്കാം. രാത്രി പച്ചവെളിച്ചത്തിൽ മഴമരവും ചേലുള്ള കാഴ്ചയാണ്. മാതാവിനൊപ്പം ഈ മഴമരകാഴ്ച മനസ്സിൽ തെളിക്കുന്നത് സ്വർഗ്ഗത്തിലേക്കുമാത്രം നോക്കിയിരുന്ന ക്രിസ്തുമതത്തെ പ്രകൃതിയിലേക്കുകൂടി നോക്കാൻ പഠിപ്പിച്ച ഫ്രാൻസിസ് അസ്സീസ്സി തെളിച്ച പച്ചവെളിച്ചമാണ്‌. മാതൃചരണങ്ങൾ അടിമക്കിടാങ്ങളുടെ അഭയ കേന്ദ്രമാകുമ്പോൾ മഴമരത്തണൽ തളർന്നെത്തുന്നവർക്കു ആശ്വാസമേകുന്നു. 

എട്ടുനോമ്പു ദിനങ്ങളിൽ കുർബാനപ്പണവും മറ്റും സ്വീകരിക്കാൻ പള്ളിപ്പറമ്പിലുണ്ടായിരുന്ന പ്രത്യേക കൗണ്ടറുകളെല്ലാം പെരുന്നാൾ കഴിഞ്ഞതോടെ അടഞ്ഞു. ഇപ്പോൾ പള്ളിയുടെ വടക്കെ മുറ്റത്ത് മണിമാളികക്കു തൊട്ടുള്ള സ്ഥിരം കൗണ്ടറിൽ മാത്രമാണ് കുർബാന പണം സ്വീകരിക്കുന്നതും മെഴുകുതിരി വിൽക്കുന്നതും. അതുകൊണ്ടുതന്നെ പകൽ  ഇവിടെ നല്ല തിരക്കാണ്.

സെപ്റ്റംബർ 14  ശനിയാഴ്ച സ്ലീബാ പെരുന്നാൾ വൈകുന്നേരം തിരുനട അടയും. സന്ധ്യാപ്രാർഥനയുടെ ഒടുവിൽ ഭക്തജനങ്ങൾ ഈണത്തിൽ പാടുന്ന  "നിന്നാൾ സ്തുതിയൊടു രാജമകൾ ..." എന്ന പ്രാർഥനയ്ക്കൊടുവിൽ പ്രധാന മദ്ബഹയിലെ തിരശ്ശീല മെല്ലെ തെക്കുനിന്നു വലത്തോട്ടു നീങ്ങുമ്പോൾ പുണ്യദർശനത്തിന്റെ അപൂർവമായ എട്ടു സുകൃതദിനങ്ങൾ നൽകിയ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം വീണ്ടും കാണാമറയത്തായിരിക്കും. ഇനി ഈ തിരുനട തുറക്കപ്പെടുക അടുത്ത എട്ടുനോമ്പിന്റെ ഏഴാംനാൾ. ഒരു നാട് ഒന്നടങ്കം ഒരാണ്ട് ഒരുമയോടെ കാത്തിരിക്കുന്നു. അടുത്ത ദർശനപുണ്യ സൗഭാഗ്യത്തിനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com