ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജോലിചെയ്ത് ജീവിക്കാൻ വന്നു, പക്ഷേ സമൂഹം വളിഞ്ഞിട്ട് ആക്രമിച്ചു

mob-lynching
പ്രതീകാത്മക ചിത്രം
SHARE

വിൽക്കാനുണ്ട്, നോവും വേവും (കഥ)

സുരേഷ് കക്കാടിന്റെ ‘ആക്രി’ എന്ന കവിതാസമാഹാരം വായിക്കാനെടുത്തപ്പോഴാണ്, വളരെക്കാലത്തിനു ശേഷം മുരുകന്റെ മുഖം വീണ്ടും എന്റെ ഓർമയിലേക്ക് കടന്നു കയറിയത്. 

ശല്യം..! മനസ്സിൽ അസ്വസ്ഥതയുടെ കാർമേഘക്കെട്ടുകൾ ഉരുണ്ടു കൂടാൻ തുടങ്ങി. എന്തിനാണ് ദൈന്യം നിറഞ്ഞ മുഖവുമായി ആ മനുഷ്യനിങ്ങനെ എന്റെ ഏകാന്തതകളിൽ പിന്തുടരുന്നത്? 

“ചവിട്ടിച്ചളുക്കി ചാക്കിലാക്കുമ്പോൾ ചരുവം ഓർത്തു 

ഒത്തിരി കഞ്ഞിയും കപ്പയും നിറഞ്ഞ ഒരു കാലം...” *

വരികളിലൂടെ കണ്ണെത്തുമ്പോഴും മനസ്സെത്തുന്നില്ലെന്ന് ഞാനറിഞ്ഞു. പിടിതരാത്ത കാട്ടുകുതിരയെപ്പോലെ പിന്നോട്ടു പാഞ്ഞ മനസ്സ് കുറ്റബോധത്തിന്റെ കുളമ്പടികളിൽപ്പെട്ട് ഞെരിഞ്ഞമർന്നു! 

മുരുകൻ... തുണിക്കെട്ടുകളുമായി, ആഴ്ചയിലൊരിക്കൽ വീടുതോറും കയറിയിറങ്ങി കച്ചവടം ചെയ്യുന്ന ഒരു തമിഴൻ. മുതിര്‍ന്നവരുടെ ഭാഷയിൽ ശനിയാഴ്ചപ്പാണ്ടി എന്നായിരുന്നു അയാൾക്ക് വിളിപ്പേര്! 

സ്കൂളു തുറക്കുമ്പോഴും, ഓണത്തിനും അയാൾ കൊണ്ടുവരുന്നതിൽ നിന്നും ഒരു നിക്കറോ ഷർട്ടോ എനിക്കും എടുത്തു തരുമായിരുന്നു. ഏതെങ്കിലും ഒരു വീട്ടിൽ അയാൾ എത്തിയാൽ അടുത്തുള്ള വീടുകളിൽ നിന്നുള്ള പെണ്ണുങ്ങളും പിള്ളേരുമെല്ലാം അയാൾക്കു ചുറ്റും കൂടുമായിരുന്നു. അയാളുടെ കെട്ടിലുള്ള തുണികളിൽ ഭൂരിഭാഗവും വിടർത്തി നോക്കിയും ദേഹത്ത് വച്ച് ചേർച്ച നോക്കിയും പെണ്ണുങ്ങൾ സമയം കളഞ്ഞു. പലരും ഒന്നും വാങ്ങാതെ, എടുത്തതെല്ലാം തിരിച്ചു വയ്ക്കുമ്പോഴും ഒരു മുഷിച്ചിലും കൂടാതെ, ഒരു പുഞ്ചിരിയോടെ  അയാൾ പറയുമായിരുന്നു ... 

“ചേച്ചീ ... ഇത് നല്ലാ ചേരും. കൊളന്തകൾക്ക് എതാവത് എടുത്തു കൊടുങ്കോ ..” 

തമിഴും മലയാളവും ഇടകലർത്തി അയാൾ വർത്തമാനം പറയുമ്പോൾ ഞങ്ങൾ കുട്ടികൾ അയാളുടെ മുഖത്തേക്കു തന്നെ നോക്കിയിരിക്കും. പിന്നെ അയാൾ കാണാതെ പരസ്പരം നോക്കിച്ചിരിക്കും. അപ്പോഴേക്കും അമ്മയുടെ വക ഒരു നുള്ള് ചന്തിക്കു കിട്ടിയിട്ടുണ്ടാവും! 

പെണ്ണുങ്ങൾ തുണികൾ തിരയുമ്പോൾ അയാൾ തന്റെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. അയാളുടെ നാട് പൊള്ളാച്ചിയാണ്. നാട്ടിൽ ഭാര്യയും കുട്ടികളുമുണ്ട്. മാസത്തിലൊരിക്കൽ നാട്ടിൽ പോയി വരും. അടുത്തതവണ നാട്ടിൽ പോയി വരുമ്പോൾ അവരേയും കൊണ്ടുവരണം, കുട്ടികളെ ഇവിടെ സ്കൂളിൽ ചേർക്കണം. അതു പറയുമ്പോൾ അയാളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം നിറഞ്ഞു നിന്നിരുന്നു. 

തുടർന്നുള്ള കുറേ ആഴ്ചകളിൽ അയാളെ കണ്ടില്ല. പിന്നീടെപ്പോഴോ അയാൾ വീണ്ടും വന്നുവെന്ന് അമ്മ പറഞ്ഞറിഞ്ഞു. ആകെ ക്ഷീണിച്ച്, ചിരി പോലും കെട്ടുപോയ ഒരു മനുഷ്യക്കോലമായി അയാൾ വന്ന വിവരം അമ്മ അച്ഛനോടു പറയുന്നതു കേട്ടു. അയാളുടെ കുട്ടികളിൽ ഒരാൾ ജ്വരം ബാധിച്ച് മരിച്ചു പോയത്രേ..! അതു പറയുമ്പോൾ അമ്മയും കരഞ്ഞോ എന്നൊരു സംശയം. സ്വതവേ അധികം സംസാരിക്കാത്ത അച്ഛൻ ഒന്നും മിണ്ടിയില്ല. 

അയാൾക്ക് കുറേ വീടുകളിൽ നിന്ന് കാശു പിരിഞ്ഞു കിട്ടാനുണ്ടായിരുന്നു. മൊത്തക്കച്ചവടക്കാരോട് കുറേ കാശ് കടം പറഞ്ഞിരുന്നത് തീർക്കാനുള്ളതു കൊണ്ട് തുണിയെടുക്കാൻ പറ്റിയില്ല. കിട്ടാനുള്ള കാശു പിരിച്ചെടുത്ത് കടം വീട്ടണം. അരിക്കലത്തിലും കറിപ്പൊടിപ്പാത്രങ്ങളിലുമെല്ലാം പരതി പെറുക്കിക്കൂട്ടിയ കുറച്ചു നോട്ടുകളും നാണയത്തുട്ടുകളും അയാളുടെ കൈയിലേക്ക് കൊടുത്ത് അമ്മ സങ്കോചത്തോടെ പറഞ്ഞു: “ഇന്നിപ്പോ ഇത്രേയുള്ളല്ലോ ...” 

“സാരോല്ല ചേച്ചീ... അടുത്താഴ്ച വരാം ...” 

ഒട്ടും തിളക്കമില്ലാത്ത ഒരു പുഞ്ചിരി മുഖത്ത് ഒട്ടിച്ചുവച്ച്, സൈക്കിളുമുന്തി അന്നയാൾ നടന്നു നീങ്ങുന്നത് ഞാൻ ഇടയ്ക്കിടയ്ക്ക് സ്വപ്നം കാണുമായിരുന്നു. 

പിന്നീട് ഞാനയാളെ കാണുന്നത്, കോളജിൽ പഠിക്കുന്ന സമയത്താണ്. ആക്രിസാധനങ്ങൾ നിറച്ച ഒരു ചാക്ക്, തുരുമ്പിച്ച സൈക്കിളിനു പിന്നിൽ കെട്ടിവച്ച് ആയാസപ്പെട്ടു നടന്നു നീങ്ങുകയായിരുന്നു അപ്പോഴയാൾ! തുണിക്കച്ചവടം നിർത്തി ആക്രിക്കച്ചവടം തുടങ്ങിയിരുന്നു, മുരുകൻ. ഉപേക്ഷിക്കപ്പെട്ട സാധനങ്ങളും ചുമന്ന് അയാളെ പലവട്ടം വഴിയിൽ വച്ചു കണ്ടപ്പോഴും, പരിചയത്തിന്റെ ഒരു പുഞ്ചിരിയെങ്കിലും അയാൾക്ക് കൊടുക്കണമെന്ന് എനിക്കൊരിക്കലും തോന്നിയില്ല. 

എന്റെ പഠനമൊക്കെ കഴിഞ്ഞ് വീട്ടിൽ വെറുതെയിരുന്ന നാളുകളിലൊന്നിൽ പടിക്കൽ അയാളുടെ വിളി കേട്ടു : “ചേച്ചീ  ... പഴയ കുപ്പി, പേപ്പർ... കൊടുക്കാനുണ്ടോ ..?

ചിരപരിചിതനായ ഒരാളോടെന്ന പോലെ അമ്മ അയാളോട് വർത്തമാനം പറയുന്നത് കേട്ടു. പഴയ കുറേ പ്ലാസ്റ്റിക് കുപ്പികളും പേപ്പറുകളും എന്റെ ബുക്കും പുസ്തകവുമെല്ലാം ഒരു സ്പ്രിംഗ് ത്രാസ്സിൽ തൂക്കി നോക്കിയിട്ട് അയാൾ അമ്മയുടെ കൈയിലേക്ക് പഴയ കുറച്ചു നോട്ടുകൾ കൊടുക്കുന്നതു കണ്ടു. അയാൾ പോയിക്കഴിഞ്ഞപ്പോൾ എത്ര രൂപ കിട്ടി എന്ന് ഞാൻ അമ്മയോട് അന്വേഷിച്ചു. 

“മുപ്പത് ....” 

“ഇത്രേം സാധനങ്ങളൊക്കെ കൊണ്ടു പോയിട്ട് മുപ്പതു രൂപയോ ..? അയാളതു കൊണ്ടു പോയി നൂറു രൂപയ്ക്ക് മുകളിൽ വിൽക്കും ...” 

“എങ്കിൽപ്പിന്നെ നിനക്കു കൊണ്ടു പോയി വിറ്റു കൂടായിരുന്നോ...?” 

വെറുതെയിരുന്നു തിന്നുന്ന നേരത്ത് അതുപോലെയെന്തെങ്കിലും പണിയെടുക്കാൻ നോക്ക് എന്നുള്ള ഉപദേശം കൂടി പുറകേ വന്നു. 

ഒരു പരിചയവുമില്ലാത്ത ഇതുപോലുള്ള ആളുകളെയൊന്നും വീട്ടിൽ കയറ്റരുതെന്നും, ഇവരൊക്കെ പകൽ വീട് നോക്കിവച്ച് രാത്രിയിൽ മോഷ്ടിക്കാനിറങ്ങുന്നവരാണെന്നുമൊക്കെയുള്ള എന്റെ പ്രഭാഷണം കേട്ട് അമ്മ കണ്ണു മിഴിച്ചു. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തെപ്പറ്റിയുള്ള വിവരണം കൂടിയായപ്പോൾ അമ്മ ഒന്നു ഭയന്നുവെന്നു തോന്നി. 

ഞാനെന്തിനാണ് അങ്ങനെയൊക്കെ പറഞ്ഞതെന്ന് സത്യത്തിൽ എനിക്കിപ്പോഴും അറിയില്ല. എനിക്കെന്തോ, അടുപ്പമില്ലാത്ത ആളുകളുമായി ഇടപെടുന്നത് എപ്പോഴും അസ്വസ്ഥതയുണ്ടാക്കിയിരുന്നു. എന്റെ ചെറുപ്പം തൊട്ടേ മുരുകനെ ഞാൻ കാണാൻ തുടങ്ങിയതാണെങ്കിലും, തമിഴും മലയാളവും കൂടിക്കലർന്ന അയാളുടെ സംസാരത്തിലുള്ള ഒരു ആകർഷണമല്ലാതെ എനിക്ക് യാതൊരു അടുപ്പവും തോന്നിയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അമ്മയും അയൽവീട്ടിലെ പെണ്ണുങ്ങളുമെല്ലാം ആഴ്ചയിലൊരിക്കൽ മാത്രം കാണുന്ന അയാളോട് പെരുമാറുന്ന വിധം എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. 

മലയാളികളല്ലാത്തവരോടെല്ലാം അകാരണമായ ഒരു പുച്ഛവും ഭയവും എന്നിൽ നിറച്ചതെന്താണ് എന്നത് എനിക്കിനിയും മനസ്സിലാകാത്ത ഒരു കാര്യമാണ്. പക്ഷേ ആ ഭയവും വിദ്വേഷവും എനിക്കു മാത്രമല്ലെന്നും, ഉള്ളിന്റെയുള്ളിൽ അവയൊക്കെ ഒളിപ്പിച്ചു വച്ച ഒരു സമൂഹമാണ് ചുറ്റുമുള്ളതെന്നും എനിക്ക് മനസ്സിലായത് ആ സംഭവത്തിനു ശേഷമായിരുന്നു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരി മിനിക്കുട്ടിയെ കാണാതായ വാർത്ത ഉച്ചവെയിൽ ചാഞ്ഞ നേരത്താണ് ആരോ പറഞ്ഞറിഞ്ഞത്. അന്വേഷിക്കാനിറങ്ങിയ നാട്ടുകാരോടൊപ്പം ഞാനുമുണ്ടായിരുന്നു. പലരും പലപല കഥകൾ മെനഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന നിറംപിടിപ്പിച്ച വാർത്തകളൊക്കെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു സമയമായിരുന്നു അത്. മിനിക്കുട്ടിയുടെ വീട്ടിലും സമീപവീടുകളിലുമൊക്കെ അന്ന് മുരുകൻ ആക്രി പെറുക്കാൻ ചെന്നിരുന്നുവത്രേ..! ആരോ ഒരാൾ സംശയത്തിന്റെ തീപ്പൊരിയിട്ടു കൊടുത്തു.

“കൊച്ചു കുഞ്ഞുങ്ങളെ വരെ പീഡിപ്പിച്ചു കൊല്ലുന്ന കാലമാ...” കവലയിൽ തലയുയർത്തി നിന്ന കാഞ്ഞിരമരത്തിന്റെ ചില്ലകളിൽ വിരുന്നു വന്ന കാറ്റ് അതേറ്റു പിടിച്ചു. നാട്ടുകാർ കൂട്ടം കൂടി മുരുകൻ താമസിക്കുന്ന പഴയൊരു വീട്ടിലെത്തുമ്പോൾ അകത്തു നിന്നും ഒരു കൊച്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. അത്യുത്സാഹികളായ ആരൊക്കെയോ അകത്തേക്ക് ചാടിക്കയറി. അയാൾക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ കഴിയുന്നതിനു മുമ്പ് അടി വീണു കഴിഞ്ഞിരുന്നു. 

ആരോ ഒരാൾ ഒരു പെണ്ണിനെ മുടിക്കുത്തിൽ പിടിച്ച് പുറത്തേക്കു വലിക്കുന്നതു കണ്ടു. അവളുടെ ഒക്കത്തിരുന്ന് ഒരു കൊച്ചു പെൺകുട്ടി കരയുന്നുണ്ടായിരുന്നു. 

“ഈ കൊച്ചിനേം ഇവര് തട്ടിക്കൊണ്ടു വന്നതായിരിക്കും ...” ആരോ പറയുന്നതു കേട്ടു. 

ആ സമയം, ഈ രംഗങ്ങളത്രയും മൊബൈൽഫോണിൽ പകർത്താനുള്ള തത്രപ്പാടിലായിരുന്നു ഞാനും മറ്റു ചിലരും. മുറ്റത്തേക്കു വലിച്ചിഴക്കപ്പെട്ട അയാളുടെ തലയിലും നെഞ്ചിലുമെല്ലാം അയാളുടെ കൊച്ചുമക്കളുടെ പ്രായമുള്ളവർ പോലും ആഞ്ഞു ചവിട്ടുന്നത് മൊബൈൽ സ്ക്രീനിൽ ഞാൻ കണ്ടു. ഒരൽപ്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും, കരഞ്ഞു കൈകൂപ്പുന്ന ആ മനുഷ്യന്റെ ദൈന്യത നിറഞ്ഞ മുഖത്തിന്റെ ക്ലോസപ്പ് ഷോട്ട് എന്റെ മൊബൈലിന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ ഞാനൊരു മികച്ച ക്യാമറാമാൻ ആണെന്ന് എനിക്കു തന്നെ തോന്നിപ്പോയി. 

വിവരമറിഞ്ഞ് പൊലീസെത്തുന്നതിനു മുമ്പേ തന്നെ പലരും അവിടെ നിന്നും തടിതപ്പി; ഞാനും! കഥകളെയും കഥാകൃത്തുക്കളേയും വിസ്മൃതരാക്കിക്കൊണ്ട്, കാണാതായ പെൺകുട്ടിയെ അന്നു രാത്രിയോടെ വീടിനു പിന്നിലെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആ സംഭവത്തിനു ശേഷം മുരുകനെ ഞാൻ കണ്ടിട്ടില്ല. അയാളെവിടെപ്പോയെന്നോ, ജീവിച്ചിരിപ്പുണ്ടോയെന്നോ അറിയില്ല. 

പക്ഷേ, ആ ക്ലോസപ്പ് ഷോട്ടിലെ ദൈന്യത നിറഞ്ഞ, കരഞ്ഞു കൈകൂപ്പുന്ന ആ മനുഷ്യന്റെ മുഖം ഇപ്പോഴും ഇടയ്ക്കൊക്കെ ഞാൻ സ്വപ്നം കാണാറുണ്ട്. അയാളുടെ പഴയ ആ തിളക്കമുള്ള പുഞ്ചിരി എന്റെ ഏകാന്തതകളിൽ എന്നെ നോവിക്കാറുണ്ട്. എന്നാൽ, ഹൃദയത്തിന്റെ ആ നോവും വേവുമെല്ലാം സ്വാർഥതയുടെ മൂടുപടമിട്ടു മറച്ച്, ഞാൻ എന്റേതു മാത്രമായ ലോകത്തിരുന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു; മനസ്സിന്റെ കോണുകളിലെവിടെയോ ഇനിയും ബാക്കികിടക്കുന്ന നനുത്ത ചില ഓർമകളുടെ ആക്രി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു ...! 

“ചവിട്ടിച്ചളുക്കി ചാക്കിലാക്കുമ്പോൾ ചരുവം ഓർത്തു. 

ഒത്തിരി കഞ്ഞിയും കപ്പയും നിറഞ്ഞ ഒരു കാലം ... 

അപ്പോൾ കോലായിലെ ചാരുപടിമേലിരുന്ന്

അയാൾ നരച്ച താടി തടവി ...” *

(*സുരേഷ് കക്കാടിന്റെ കവിതയിൽ നിന്ന്)

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA