ADVERTISEMENT

"ഫ" യും  "ഭ " യും (കഥ)

"നമ്മുടെ റിലേഷൻ ഷിപ്പിന്റെ  ഫാവി എന്താന്നെന്ന്‌ ഒന്നും അറിയത്തില്ല..."

"ഫ അല്ല ഭ... ഭാവി..."

"അത് തന്നെ അല്ലെ ഞാനും പറഞ്ഞേ..."

24 FK മലയാളം സിനിമ കണ്ടുകൊണ്ടിരുന്ന ടോണി : "ശരിയാണെല്ലോ, ഇത് എന്നാ ഇടപാടാ" ഭ "വരില്ല "ഫ" യെ വരാത്തൊള്ളൂ.

ഇതൊക്കെ  ശ്രമിച്ചാൽ ശരിയാക്കാവുന്നതേ ഉള്ളു. ആദ്യം തന്നെ അമ്മച്ചിയെ  ബോധവൽക്കരിക്കാം."

"അമ്മച്ചി... താങ്കളുടെ ഭർത്താവ് എവിടെ ? "

അമ്മച്ചി: നിന്‍റെ അപ്പന്റെ കാര്യമാണോ ചോദിച്ചേ, അങ്ങേരു പുറത്തുപോയി

ടോണി: നശിപ്പിച്ചു! ഭർത്താവ് എവിടെ പോയി?

അമ്മച്ചി: എന്നാൽ എന്‍റെ ഫർത്താവ് പുറത്തു പോയി

ആദ്യത്തെ ഇരയെ കിട്ടിയ സന്തോഷത്തിൽ ടോണി ചിരിച്ചു.

ടോണി: അതെ അമ്മച്ചി ഫർത്താവല്ല ഭർത്താവു 'ഫ' അല്ല 'ഭ'

അമ്മച്ചി: ഒന്ന് പോടാ ചെറുക്കാ ഇതാ ആ സിനിമയിലെ ഡയലോഗ് അല്ലെ...

കറിക്കരിഞ്ഞു കൊണ്ടിരുന്ന അമ്മച്ചി കത്തി കൈയിൽ എടുത്തു മറുപടി പറഞ്ഞോണ്ടിരുന്നപ്പോൾ ടോണി സിനിമയുടെ അവസാന ഭാഗം അറിയാതെ ഓർത്തുപോയി...

ടോണി... ടോണി... ഇറങ്ങി വാടാ, വീടിന്റെ പുറത്തു നിന്നും വിളികേട്ടു.

വർക്കി എന്നു വിളിക്കുന്ന വർഗീസ് ആയിരുന്നു അത്. ടോണിയുടെ വളരെ അടുത്ത കൂട്ടുകാരിൽ ഒരാൾ.

ടോണി: എന്തിനാടെ അവിടെ കിടന്നു കൂവുന്നേ കേറി വാടാ ...

വർക്കി: എന്തുവാടാ ഉവ്വേ ഇങ്ങനെ ചിന്താമഗ്‌നായി ഇരിക്കുന്നേ. എന്താണ് ഇന്ദുചൂഢന്റെ ഇന്നത്തെ ഫാവി പരിപാടി?

ടോണി: ഇത് തന്നെ പ്രശ്നം. ഫാവി അല്ല ഭാവി ഭ ഭ...

വർക്കി: നീ മറ്റേ സിനിമ കണ്ടല്ലേ, എന്തോന്നായിരുന്നു അതിന്റെ പേര്... ങ്ങാ 22 FK. അതിനിപ്പോൾ എന്താന്നെ... കാര്യം മനസ്സിലായാൽ പോരെ.

ടോണി: അതല്ലെടാ ഈ ഒറ്റ അക്ഷരം കാരണം മലയാളം നേരാവണ്ണം പറയാത്തവന്റെ മുൻപിൽ പോലും പെട്ടില്ലേ... ഡാ വർക്കി... എന്നാലും എന്താവും "ഭ "പറയാതെ "ഫ" വരുന്നത്?

വർക്കി: അതിനു പിന്നിൽ ഒരു കഥ ഉണ്ടെടാ ഉവ്വേ പണ്ട് അപ്പാപ്പൻ പറയുന്നത് കേട്ടതാ.

കോട്ടയം എന്നത് രൂപം കൊള്ളുന്നതിനു മുൻപ് ഇതൊരു നാട്ടുരാജ്യം ആയിരുന്നു. കോട്ടയിൽ ഉള്ളത് എന്ന അർഥത്തിലാണ് കോട്ടയം എന്ന പേര് തന്നെ ഉണ്ടായത്. കോട്ടയത്തിന്റെ കിഴക്കൻ മേഖല മുഴുവൻ കാട്‌ ആയിരുന്നു. പോരാത്തതിന് നല്ല തണുപ്പും...

കാടിന്റെ നടുവിൽ നാട്ടു പ്രമാണിക്ക് ഇച്ചിരി കൂടുതൽ കൃഷി സ്ഥലം ഉണ്ടായിരുന്നു. അന്നേരം എന്ന സംഭവിച്ചെന്ന് വെച്ചാൽ... സ്ഥലം കൃഷി ചെയ്യാൻ കുഞ്ഞവറാ എന്ന കൃഷിക്കാരനെ ഏൽപ്പിച്ചു. വർഷാവർഷം കുലകളും മറ്റും പാട്ടമായി നാട്ടു പ്രമാണിയുടെ വീട്ടിൽ എത്തിക്കണം...

അങ്ങനെ ഇരിക്കെ ഒരുതവണ കാഴ്ച കൊടുക്കാൻ പോയപ്പോൾ നാട്ടുപ്രമാണിയുടെ തറവാട്ടിൽ ഇരിക്കുന്ന ആന കൊമ്പിൽ   കുഞ്ഞവറായുടെ കണ്ണ് ഉടക്കി. അതുപോലെ ഒരെണ്ണം വേണമെന്ന് അവറായ്ക്ക് തോന്നി. കാട്ടിൽ കേറി ആനയെ കൊന്നു കൊമ്പെടുക്കാൻ തീരുമാനിച്ചു....

കുഞ്ഞവറാ മറ്റൊരു കാര്യത്തിലും നാട്ടിൽ പ്രസിദ്ധൻ ആയിരുന്നു. ഫലങ്ങൾ ഇട്ടു വാറ്റിയെടുക്കുന്ന സോമരസം ഉണ്ടാക്കാൻ. നാട്ടുകാർ പലരും വാറ്റ്  എന്നു വിളിച്ചിരുന്നേലും കുഞ്ഞവറാ  അതിനെ സോമരസം എന്ന് വിളിച്ചു. തണുപ്പത്തു പലരും സോമരസം ഉണ്ടാക്കാൻ കുഞ്ഞവറായുടെ ഉപദേശം സ്വീകരിച്ചിരുന്നു. നമ്മുടെ ഇപ്പോഴത്തെ ഭാക്ഷയിൽ വാറ്റ് ചാരായം എന്നു പറയും.

കുഞ്ഞവറായുടെ ഭാര്യയുടെ പേരാണ് ദീനാമ്മ. പുള്ളിക്കാരത്തി നല്ല പാചക വാസന ഉള്ള വ്യക്തി ആയിരുന്നു.

അങ്ങനെ ഒരു ദിവസം തന്റെ ആഗ്രഹം സാധിക്കാനായി കുഞ്ഞവറ ആനയെ പിടിക്കാൻ കാട്ടിൽ പോയി. കൂട്ടത്തിൽ ഒരു സഹായിയും ഉണ്ടായിരുന്നു. നല്ല തണുപ്പും കോടയും ഉണ്ടായിരുന്ന ദിവസം നടന്നു നടന്ന് ഒരു മലയുടെ അടിവാരത്തിൽ എത്തി.

അൽപനേരം വിശ്രമിക്കാം എന്നു കരുതി അവർ ഒരു പാറക്കൂട്ടത്തിൽ ഇരുന്നു. അപ്പോൾ അവിടെ ഒരു ദിവ്യൻ ഇരുന്നു തപസ്സു ചെയ്യുന്നു. കുഞ്ഞവറായെ കുറിച്ചുള്ള വിവരങ്ങൾ തന്റെ ദൃഷിടിയിൽ തെളിഞ്ഞതിനാൽ ദിവ്യൻ കണ്ണുതുറന്ന്‌ കുഞ്ഞവറായോട് ചോദിച്ചു 

ദിവ്യൻ: അവറാ അൽപ്പം ഫല ഭൂലാതികൾ ഇട്ടു തയാറാക്കിയ സോമരസം വേണം അതികഠിനമായ തണുപ്പ്.

അവറാ: സോമരസമോ... ഓ വാറ്റ്, വാറ്റ്... തന്റെ കൈയിൽ ഉള്ളത് തികയത്തില്ല എന്ന് ദിവ്യനോട് കുഞ്ഞവറാ പറഞ്ഞു. എങ്കിലും കാട്ടിൽ ലഭിക്കുന്ന ഫലങ്ങൾ ഇട്ടു സോമരസം ഉണ്ടാക്കാമെന്ന് സമ്മതിച്ചു. അങ്ങനെ അവർ അതിനുള്ള ശ്രമം തുടങ്ങി.

ഈ സമയം അവറ തന്റെ സഹായിയെ വീട്ടിലേക്കു പറഞ്ഞു വിട്ടു, വീട്ടിൽ  ഉണക്കി സൂക്ഷിച്ച കശുവണ്ടിയും മുന്തിരിയും ഒരു ഭരണിയിൽ എടുക്കുവാൻ. സോമരസം പഴം കൂട്ടി കഴിച്ചാൽ നല്ലതാണെന്നു ദിവ്യൻ തന്റെ അനുഭവത്തിൽ നിന്നും പറഞ്ഞിരുന്നു.

കുഞ്ഞവറായുടെ ഭാര്യ ദീനാമ്മ സഹായിയുടെ കൈയിൽ രണ്ടു ഭരണികൾ കൊടുത്തുവിട്ടു .ഒന്നിൽ ഉണക്ക ഫലങ്ങളും മറ്റേതിൽ ഉണക്കി ചുട്ടു കുരുമുളകും കാന്താരി മുളകും ചേർത്ത് ചതച്ചെടുത്ത പോത്തിറച്ചിയും. കുഞ്ഞവറായുടെ പതിവ് ഭക്ഷണം ആയിരുന്നു...

സഹായി തിരിച്ചു കാട്ടിൽ എത്തിയപ്പോഴേക്കും കുഞ്ഞവറാ ഫലങ്ങൾ എല്ലാം വാറ്റി തയാറാക്കി വെച്ചിരുന്നു.

മൂവരും കൂടി ഒത്തു ചേരാൻ തുടങ്ങിയപ്പോൾ ആയിരുന്നു കാട്ടാനയുടെ ശബ്‌ദം മലമുകളിൽ കേട്ടത്. തന്റെ ആഗ്രഹം സഫലമാക്കാനായി കുഞ്ഞവറായും സഹായിയും കൂടെ മലമുകളിൽ പോകാൻ ഒരുങ്ങി. ദിവ്യനോടു തിരികെ എത്തിയിട്ട് ഒരുമിച്ചിരുന്നു കഴിക്കാം എന്നും പറഞ്ഞു...

മണിക്കൂറുകൾ ഏറെ കഴിഞ്ഞിട്ടും അവർ മടങ്ങിയെത്തിയില്ല. നല്ല തണുപ്പും ഉള്ളിലെ ആഗ്രഹവും കുപ്പിയിൽ ഉള്ള സോമരസം രുചിച്ചു നോക്കാൻ ദിവ്യനെ പ്രേരിപ്പിച്ചു. കുറച്ചു കഴിച്ചു തുടങ്ങിയപ്പോൾ കുഞ്ഞവറാക്കു വേണ്ടി കൊടുത്തു വിട്ട ഭരണി തുറന്നു നോക്കാൻ ആഗ്രഹം തോന്നി. ദിവ്യൻ ഭരണി തുറന്നു...

കുരുമുളക് ഇട്ടു വഴറ്റി എടുത്ത പോത്തിറച്ചിയുടെ മണവും ദീനാമ്മയുടെ പാചക വിരുതും ദിവ്യനെ സ്വാധീനിച്ചു. വൈകാതെ ഭരണി കാലിയായി.

പിറ്റേന്നു നേരം വെളുത്തു കുഞ്ഞവറായും സഹായിയും അടിവാരത്തിൽ എത്തി അവർക്ക് അന്ന് ആനയെ പിടിക്കുവാൻ കഴിഞ്ഞിരുന്നില്ല. നിരാശയിൽ നിന്ന കുഞ്ഞവറ കണ്ടത് കാലിയായ ഇറച്ചി ഭരണിയാണ്.അരിശം കൊണ്ട കുഞ്ഞവറാ ദിവ്യനോടു ചൂടായി.

"എന്ന ഇടപാടാ ഉവ്വേ  ഇത് "

ഇറച്ചി ഭരണിയും ഫലങ്ങളുടെ ഭരണിയും തമ്മിൽ മാറി പോയെന്നു ദിവ്യൻ പറഞ്ഞു, പക്ഷേ കുഞ്ഞവറാ "ഭ" യും "ഫ" യും കൂട്ടി പല പ്രയോഗവും നടത്തി.

ആനക്കൊമ്പു കിട്ടാത്തതിലും കൂടുതൽ പോത്തിറച്ചി തീർന്നു പോയത് കുഞ്ഞവറക്കു സഹിക്കാൻ കഴിഞ്ഞില്ല. ദിവ്യനാകട്ടെ  അപമാനമേറ്റതു മറക്കാൻ ആയില്ല.

ദിവ്യനു  മാനസികമായി വളരെ വിഷമം ഉണ്ടായി പ്രത്യേകിച്ചും കുഞ്ഞവറായുടെ "ഫ" "ഭ " പ്രയോഗത്തിലുള്ള ചീത്ത വിളി. ദിവ്യൻ ശപിച്ചുകൊണ്ട് പറഞ്ഞു. ഇനി മുതൽ ഈ ദേശത്തുള്ളവർക്ക്‌  "ഫ" യും "ഭ" യും വേണ്ടുന്ന രീതിയിൽ ഉപയോഗിക്കാൻ പറ്റാതെ പോവട്ടെ... കൂട്ടത്തിൽ ശാപ മോക്ഷം എങ്ങനെ നേടാം എന്നു കൂടി പറഞ്ഞു.

എന്ന്  മദ്യവും പോത്തിറച്ചിയും കഴിക്കുന്നത് ദേശക്കാർ നിറുത്തുന്നുവോ അന്നു മുതൽ വക്കുകൾ കൃത്യമാവും."

ടോണി: എന്ന വിടലാണ്  വർക്കിയെ ഇത്?

വർക്കി: അല്ല പിന്നെ, ഡാ കോട്ടയംകാർ  പോത്തിറച്ചി കൂട്ടുന്നത് നിറുത്തും എന്ന് തോന്നുന്നുണ്ടോ?... അതുപോലെ "ഭ" യും "ഫ"യുമൊക്കെ നമ്മുടെ ട്രേഡ് മാർക്കല്ലേ...

ടോണി: എന്നാലും ഇതൊക്കെ വല്യ കാര്യമൊന്നുമല്ല... ശരിയാക്കാവുന്നതേ ഉള്ളു... നീ നോക്കിക്കോ " 

അപ്പോഴേക്കും അമ്മച്ചി ചായയും കൊണ്ട് എത്തി  "മക്കളെ ചായ കുടിക്ക് " 

ചായ കുടിച്ചു തുടങ്ങിയ ടോണി – "അമ്മച്ചി... ചായയിൽ മധുരം കുറവാ ആ പഞ്ചസാര ഫര്ണി ഇങ്ങ് എടുക്കുമോ?

ഇതുകേട്ട വർക്കിയും അമ്മച്ചിയും ചിരിച്ചു മറിഞ്ഞു.

"ഡാ ഫര്ണി അല്ല ഭരണി... ഫ അല്ല ഭ ...."

ടോണി "ഒന്ന് പോടാ ഉവ്വേ, കോട്ടയത്തുകാർ ഇങ്ങനെ ആണെന്നേ... പിന്നല്ല ..."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com