ADVERTISEMENT

സെൽഫി (കഥ)

ക്ലാസ് വിട്ടു മഴ ഒന്ന് തോർന്നതിനു ശേഷം ആണ് വിദ്യടീച്ചർ സ്‌കൂളിൽ നിന്നും ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് നടന്നത്. സ്റ്റാൻഡിലേക്ക് കയറണമെങ്കിൽ ഉടുതുണി പൊക്കി പിടിച്ചേ മതിയാവൂ. അതിനു മുന്നിൽ ഒരു കുളം തന്നെ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തന്റെ കുട്ടികൾ അല്ലാതെ അവിടെ ആരും ഇല്ല എന്നുറപ്പുവരുത്തി ടീച്ചർ സാരി മുട്ടിനു മുകളിലോട്ട് ചുരുട്ടി പിടിച്ചുകൊണ്ടു തളം കെട്ടി നിൽക്കുന്ന ആ വെള്ളത്തിലെ തന്റെ പ്രതിബിംബത്തിൽ ചവിട്ടി ഓളങ്ങൾ ഉണ്ടാക്കി സ്റ്റാൻഡിലേക്ക് കയറുമ്പോൾ ആണ് അപ്പുറത്തേക്കടയിൽ നിന്നൊരു പയ്യൻ തനിക്കു പുറം തിരഞ്ഞു നിന്ന് സെൽഫി എടുക്കുന്നത് ടീച്ചർ കണ്ടത്..!  

അവന്റെ ലക്ഷ്യം സെൽഫി ആയിരുന്നില്ല എന്നും, അത് സാകൂതം സൂം ചെയ്തുകൊണ്ട് നനയാതിരിക്കാൻ പൊക്കിപിടിച്ച സാരിക്കിടയിലൂടെ കണ്ട തന്റെ കാലുകൾ ആയിരുന്നു എന്നും ടീച്ചർക്ക് മനസ്സിലായതും അവർ ചാടിയിറങ്ങി അങ്ങോട്ട് നടന്നു പക്ഷേ അപ്പോഴേക്കും അവൻ സ്ഥലം വിട്ടിരുന്നു.

എന്തായാലും താൻ  പഠിപ്പിക്കുന്ന പിള്ളേർ അല്ല. അവർ ആരും ഇത്ര കുരുത്തക്കേട്‌ കാണിക്കില്ല എന്ന് ടീച്ചർ സ്വയം സമാധാനിച്ചു.  

ഈ കൗമാരങ്ങൾക്കിതെന്തു പറ്റി? സാങ്കേതിക സൗകര്യങ്ങൾ ഉയർച്ചയിലേക്കു വരുന്നതുപോലെ മനുഷ്യന്റെ ചിന്തകളും ഉയരുന്നില്ല. അല്ലെങ്കിൽ അവരെ അതിനു പ്രാപ്തമാക്കുന്നില്ല എന്ന് ടീച്ചർ സങ്കടത്തോടെ ഓർത്തു.

പണ്ട് കുളത്തിൽ കുളിക്കാൻ പോകുമ്പോൾ ചില ഒളിഞ്ഞു നോട്ടക്കാരെ കണ്ടിട്ടുണ്ട്. ഒളിഞ്ഞു നിന്ന് സ്ത്രീ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് നിർവൃതി പൂകിയിരുന്ന ഒരുത്തനെ കുളക്കരയിലെ പമ്പുറൂമിൽ നിന്നും കയ്യോടെ പിടിച്ചതിനു ശേഷം ആണ് തുറസ്സായ സ്ഥലത്തെ കുളിയെല്ലാം താൻ നിർത്തിയത് എന്ന് ഓർത്തപ്പോൾ ടീച്ചർക്ക് അറിയാതെ ചിരിവന്നുപോയി. ഇന്നും നേരിട്ടുകാണുമ്പോൾ അയാൾക്ക്‌ ചമ്മലാണ്. 

പക്ഷേ അന്നിത്ര അപകടം ഉണ്ടായിരുന്നില്ലല്ലോ എന്ന് സമാധാനിക്കുകയും ചെയ്തു!

എന്നാൽ ഇന്ന് കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു സാധനം കൊണ്ട് ഒരു സ്ത്രീയുടെ  മാനത്തിനു വിലപറയാൻ മാത്രം അധഃപതിച്ച ഒരു സമൂഹം..! അതിനെ എങ്ങനെ നേരിടണം എന്നറിയാതെ അവരുടെ ചതിക്കുഴികളിൽ വീണ്ടും വീണ്ടും പോയി പെടുന്ന പെൺകൗമാരങ്ങൾ... കഷ്ടം തന്നെ..! 

നാളെ എന്താവും? താൻ സാരി പൊക്കി പിടിച്ചപ്പോൾ അത്രമാത്രം നഗ്നത പുറത്തുകാണുന്നുണ്ടായിരുന്നോ? ആവാം. മുട്ടിനു മീതെ വെള്ളം ഉണ്ടല്ലോ കണ്ടുകാണും! അവൻ എന്തിനാവും ഇത് ചെയ്തത് അവന്റെ അമ്മയോ പെങ്ങളോ ആയിരുന്നെങ്കിൽ ഇത് ചെയ്യുമായിരുന്നോ?

പിറ്റേദിവസം സ്കൂളിൽ  ചെന്നപ്പോൾ ആണ് കാര്യങ്ങൾ പന്തിയല്ല എന്ന് ടീച്ചർക്ക് ബോധ്യമായത്. അധ്യാപകർ അടക്കം പലരുടെയും മുഖത്തു പരിഹാസം ചിലരിൽ ചില നിർവൃതി പൂണ്ട ചിരി. ക്ലാസ്‌റൂമിൽ ചെന്നപ്പോൾ പെൺകുട്ടികൾ അടക്കം അറിയാതെ ചിരിച്ചപോലെ അന്നുവരെയില്ലാത്ത ഒരു ഔപചാരികത..!

''എന്താടോ എല്ലാവർക്കും ഒരു പരിഹാസം ''

ആരിൽ നിന്നും ഉത്തരം ഒന്നും ഇല്ലാതായപ്പോൾ ടീച്ചർ ക്ലാസെടുത്തു തുടങ്ങി. ഓരോ ഡിവിഷനിലും കയറിയിറങ്ങവേ തലേദിവസം വരെ ഇല്ലാത്ത എന്തോ ഒരു രഹസ്യം എല്ലാവരും സൂക്ഷിക്കുന്നുണ്ട് എന്ന് ടീച്ചർക്ക് മനസ്സിലായി! അന്നത്തെ അവസാനത്തെ ക്ലാസ് മുഴുവനാക്കാതെ ടീച്ചർ പുറത്തിറങ്ങി നേരെ ഓഫിസ് റൂമിലേക്ക് വന്നു. അവിടെ ഇരിക്കുന്ന കണക്കു സാറ് ടീച്ചറെ കണ്ടതും ഒരു തമാശയെന്നോണം പറഞ്ഞു.

''അല്ല ടീച്ചറെ, ടീച്ചറുടെ ഒരു ഫോട്ടോ വാട്സാപ്പിൽ ഓടി നടക്കുന്നുണ്ടല്ലോ, ഒന്നും അറിഞ്ഞില്ലേ, തലതെറിച്ച പിള്ളേർക്ക് അമ്മേം പെങ്ങളേം തിരിച്ചറിയതായി'' ടീച്ചർ ആദ്യം ഒന്നു പരുങ്ങി എങ്കിലും താമശരീതിയിൽ മാഷിനോട് ചോദിച്ചു–

''മാഷുകണ്ടോ... അത്രക്കും വൾഗറാണോ?'' ഉടൻ തന്നെ മാഷിൽ നിന്നും ഉത്തരമുണ്ടായി.

''ഹേയ്, അല്ല ട്ടോ അസ്സലായിട്ടുണ്ട്. എടുത്തവൻ ആരായാലും കലാബോധം ഉള്ളവനാ.!'' ടീച്ചർ അയാളെ ഒന്നു സൂക്ഷിച്ചു നോക്കികൊണ്ട്‌ പറഞ്ഞു.

''ഉം, മാഷ് കേമനാ..! നല്ലോണം ബോധിച്ചുന്നു തോന്നുന്നു കയ്യിൽ ഇരിപ്പുണ്ടോ ഒന്ന് കാണാനാ..!'' 

മാഷൊന്നു പരുങ്ങി... ''അതിപ്പോ എങ്ങനാ ഞാൻ കാണിച്ചുതരുക മോശല്ലേ?''

''ഒരു മോശവും ഇല്ല. മാഷ് ഒന്നു കാണിച്ചേ... എന്റെ ശരീരം ഞാൻ കാണുന്നതിന് മാഷിന് എന്തു മോശം വരാനാ..?''

മുട്ടൊപ്പം വെള്ളത്തിൽ സാരി നനയാതെ പിടിച്ചപ്പോൾ മുകളിൽ നിന്നും നോക്കിയാൽ സ്വയം കാണാൻ കഴിയാത്ത തന്റെ ശരീരത്തെ ആ ഫോണിലെ ക്യാമറ നന്നായി ഒപ്പിയെടുത്തിരിക്കുന്നു! ടീച്ചർ അതൊന്നു നിസ്സാരവൽക്കരിക്കാൻ ഉള്ള ശ്രമം നടത്തി.

''ഹോ ഇതിപ്പോ എന്താമാഷേ, ബസ്റ്റാന്റിൽ ഇങ്ങനെ വെള്ളം കെട്ടികിടക്കാൻ പാകത്തിൽ കുഴികളാ. ആ സ്റ്റാൻഡിലേക്ക് കയറിയില്ല എങ്കിൽ മഴവന്നാൽ അപ്പാടെ നനയും. അതുകൊണ്ടാ അങ്ങനെ ഒരു സാഹസം കാട്ടിയത് ഇതിനു കരണമായവരുടെ തന്തയ്ക്ക് വിളിക്കാനാ എനിക്കിപ്പോ തോന്നുന്നേ''

''ഈ ഫോട്ടോ ഒന്നും അത്രവലിയ പ്രശ്നമല്ല ടീച്ചറെ വേറെയും അഞ്ചാറെണ്ണം ഉണ്ട് അതിൽ. ഈ ഫോട്ടോയിലെ വെള്ളത്തിലേക്കൊന്നു സൂക്ഷിച്ചു നോക്ക്. ഇനിയും കുറെ ഉണ്ട്. എടുത്തവൻ ഭയങ്കരനാ അവന്റെ മുഖം മറച്ചുകൊണ്ടാ എല്ലാ ഫോട്ടോയും പോസ്റ്റ് ചെയ്തിരിക്കുന്നെ ഒറിജിനൽ അവൻ കളഞ്ഞുകാണില്ല.''

കണക്കുമാഷ് ചിരിച്ചുകൊണ്ട് കാണിച്ചുകൊടുത്ത ആ ഫോട്ടോ കൂടി നോക്കിയതും ടീച്ചർ ഞെട്ടിപ്പോയി. ഇറങ്ങാൻ മടിച്ചു നിന്ന് സാരിമാടി കയറ്റുന്ന ആ നേരം കൊണ്ട് താഴെ കിടന്ന വെള്ളത്തിൽ തന്റെ അടിവസ്ത്രത്തിന്റെ നിറം വ്യക്തമായി കാണുന്ന രീതിയിൽ ഉള്ള കൃത്യത..!

''ഹോ, ന്റെ മാഷെ ഇതെടുത്തവനെയും കണ്ട് ആസ്വദിക്കുന്ന ആളുകളെയും ഗിന്നസ് അവാർഡിന് റെക്കമെന്റ് ചെയ്യണം. മാഷ് ഫോട്ടോകൾ മുഴുവനും എനിക്കൊന്ന് അയച്ചുതന്നേ, ഒരു കാര്യണ്ട്..! 

''ഉവ്വ്, ദേ ഇപ്പൊ അയക്കാം''

ടീച്ചർ അതിനെ നിസ്സാരവൽക്കരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞിരുന്നു എങ്കിലും മനസ്സിൽ തീയായിരുന്നു. അവർ അവിടം വിട്ടു നേരെ ഹെഡ്മിസ്സിന്റെ അടുക്കൽ ചെന്ന് കാര്യങ്ങളുടെ നിജസ്ഥിതിയെ പറ്റി പറഞ്ഞപ്പോൾ

''ഇത് ഇപ്പോൾ ഒരു അസംബ്ലി വിളിച്ചുകൂട്ടി പ്രചാരം കൊടുക്കാൻ ഒന്നും പറ്റില്ലല്ലോ ടീച്ചറേ. സഹിക്കുക. അല്ലെങ്കിൽ പ്രതികരിക്കാൻ ഉള്ള തന്റേടം കാണിക്കുക. തലതിരിഞ്ഞ കൗമാരങ്ങൾ ഇതും ഇതിലപ്പുറവും കാണിക്കും. നിസ്സാരവൽക്കരിക്കുക എന്നേ എനിക്ക് പറയാനുള്ളൂ.!'' എന്നായിരുന്നു അവരുടെ മറുപടി.

വിദ്യ ടീച്ചർക്ക് താൻ നിൽക്കുന്നിടം കുഴിഞ്ഞു പോകുന്നതു പോലെ അനുഭവപ്പെട്ടു. ഇന്റർനെറ്റിന്റെ ഓളങ്ങളിൽ തന്റെ അർദ്ധ നഗ്നത ഓടി നടക്കുന്നു. അതിൽ ഇനിയും കൂടിചേരലുകൾ ഉണ്ടാവാം. മോർഫിംഗ് എന്ന അപാര സാധ്യതകളിലൂടെ ഏതെങ്കിലും കരവിരുതുകൾ അതങ്ങു പരിപൂർണ്ണ നഗ്നയാക്കി ചിത്രീകരിച്ചു എന്നും വരാം..! 

സദാചാരക്കാരായി  വിലപേശാൻ നടക്കുന്ന അധഃകൃതസമൂഹമായി മാറിയ ഒരു കൂട്ടർ ചിലപ്പോൾ കല്ലെറിഞ്ഞു എന്നും വരാം. അതിന്റെ ആനന്ത സാധ്യതകളെ കുറിച്ചാലോചിച്ചു ഭ്രാന്താവും എന്ന ഒരു തോന്നൽ ഉണ്ടായതോടെ ഹെഡ്‌മിസ്സിനോട് അനുവാദം ചോദിച്ചുകൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി ഒരു ഓട്ടോറിക്ഷക്കു കൈകാണിച്ചു.

ടീച്ചറെ കണ്ടതും അവൻ ചിരിച്ചുകൊണ്ട് വണ്ടി ഓരം ചേർത്തുനിർത്തി.

ഇവൻ കണ്ടുകാണുമോ അവന്റെ ചിരിയിൽ നിന്നും അതല്ലേ മനസ്സിലാവുന്നത്..?

മെയിൻ റോഡും കഴിഞ്ഞു വണ്ടി ഇടവഴിയിലേക്ക് കയറിയപ്പോൾ അവൻ വണ്ടിയുടെ വേഗം കുറച്ചുകൊണ്ട് ഒരു കാൽ സീറ്റിലേക്ക് മടക്കി വച്ചു. ശേഷം പുറകോട്ട് ഒന്ന് ചെരിഞ്ഞിരുന്ന് ടീച്ചറെ നോക്കി മനോഹരമായി ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. 

''ടീച്ചറെ കാണാൻ നല്ല ഭംഗിയുണ്ട് ട്ടാ, ആ ചിരികാണാൻ നല്ല രസം..! അല്ല എന്തുപറ്റി ടീച്ചറെ ഇന്നു വേഗം പോകുന്നെ ഇന്നലത്തെ ക്ഷീണം മാറ്റാനാണോ'' 

ടീച്ചർക്ക് കലശലായ ദേഷ്യം വന്നു. അവർ സ്വൽപം ശബ്ദം കൂട്ടി കൊണ്ടു പറഞ്ഞു.

''എന്ത് ക്ഷീണം..? താൻ മുന്നിലേക്ക് നോക്കി വണ്ടി ഓടിക്കടോ. അല്ലെങ്കിൽ നിർത്ത്... എനിക്ക് നടക്കാൻ അറിയാം. തന്റെ ഒരു കുശലാന്വേഷണം.!''

''ടീച്ചറ് എന്നോടെന്തിനാ ചൂടാവുന്നെ? ചായക്കട കുഞ്ഞപ്പന്റെ ആ തലതെറിച്ച പയ്യൻ ഇല്ലേ ആ പ്ലസ് ടൂ ന് പഠിക്കണ ചെക്കൻ... അവന്റെ മൊബൈലിൽ ടീച്ചറുടെ കുറെ ഫോട്ടോസ് ഉണ്ട്. അതിപ്പോൾ എല്ലാരുടേം മൊബൈലിൽ ഓടിക്കൊണ്ടിരിക്കുന്നു. ന്നാലും ന്റെടീച്ചറെ ഇത്തിരി വില ഉള്ളതൊക്കെ വാങ്ങി ഇട്ടൂടെ.?''

അവൻ അത് പറഞ്ഞു തീർന്നതും ടീച്ചറുടെ കൈ അവന്റെ മുഖത്ത് അറിയാതെ ആഞ്ഞുപതിഞ്ഞു..! 

അടികൊണ്ട അവൻ ഒരു നിമിഷം തരിച്ചിരുന്നുപോയി പിന്നീട് ഒന്നും മിണ്ടാതെ മുന്നോട്ടു നോക്കി വണ്ടി മുന്നോട്ട് എടുത്തു. 

ടീച്ചർക്ക് സ്വല്പം ഉള്ളിൽ പേടി തോന്നിയിരുന്നു എങ്കിലും ഒന്നു ബോൾഡാവാതിരുന്നാൽ ശരിയാവില്ല പ്രതികരിക്കുക തന്നെ, മുഴുവനായി പരിഹരിക്കാൻ കഴിഞ്ഞില്ല എങ്കിലും കുറച്ചുപേർക്ക് അനുഭവം വരുമ്പോൾ അത് പലർക്കും പാഠമാകും  എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് അവനോടു കൽപ്പിച്ചു. 

''നീ കുഞ്ഞപ്പന്റെ വീട്ടിലോട്ടു വണ്ടി വിട്..!''

അവൻ ആദ്യം ഒന്ന് അന്തിച്ചു നിന്നു എങ്കിലും പിന്നീട് വണ്ടി തിരിച്ചു.! പൈസകൊടുക്കാൻ നേരം ടീച്ചർ അവനോടു പറഞ്ഞു.

''തൽക്കാലം തനിക്ക് ഒന്നു കിട്ടിയകാര്യം നാലാളോട് പറയൂ ബാക്കി ഞാൻ ശരിയാക്കിക്കോളാം''

അവൻ ഒന്നും മിണ്ടാതെ പൈസയും വാങ്ങി സ്ഥലം വിട്ടപ്പോൾ ആണ് ടീച്ചർക്ക് ശ്വാസം നേരെ വീണത്.!

ടീച്ചറുടെ മുഖം കണ്ടതും ചായക്കടക്കാരൻ കുഞ്ഞപ്പന് കാര്യം പിടികിട്ടിയിരുന്നു. അയാൾ വിഷാദഭാവത്തിൽ ടീച്ചറോട് പറഞ്ഞു. 

''ഞാൻ അറിഞ്ഞു ടീച്ചറേ, ആ കുരുത്തം കെട്ടവൻ ഒപ്പിച്ച പണി ആകെ നാണക്കേടായി ഇല്ല്യേ? രാവിലെ എന്റെ കയ്യീന്ന് രണ്ടു വാങ്ങീട്ടു പോയതാ ഉച്ചക്ക് ക്ലാസ്സുവിട്ടു വരേണ്ട നേരം കഴിഞ്ഞു. 

''ഇയാളുടെ ഭാര്യയെ ഒന്ന് വിളിക്കു ഒരു കാര്യം പറയാനാ..!'' അയാളുടെ ഭാര്യ ടീച്ചറേ കണ്ടതും ഓടി വന്നു. ആ കയ്യിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു. 

''അപമാനഭാരം കൊണ്ട് എനിക്കവനെ കൊല്ലാൻ തോന്നുന്നു ടീച്ചറേ, ചിലപ്പോൾ അത് ഞാൻ ചെയ്തു എന്നു വരും''

''അയ്യോ അവിവേകം ഒന്നും കാണിക്കരുത്. അവൻ പക്വതയില്ലാത്ത കുട്ടിയല്ലേ, നമുക്ക് ഒരു ചെറിയ ശിക്ഷകൊടുത്തുകൊണ്ട് ആ വൈകൃതം അവന്റെ മനസ്സിൽ നിന്നും എടുത്തുകളയാം. ഞാൻ പറയുന്നതുപോലെ എന്റെ കൂടെ ഒന്ന് സഹകരിച്ചു നിന്നാൽ മതി. പിന്നെ നാട്ടുകാരുടെ കാര്യമല്ലേ, അത് ഞാൻ ശരിയാക്കിക്കൊള്ളാം. എന്നെ അറിയാത്തവർ അതു കണ്ട് ആസ്വദിച്ച് നിർവൃതി അടയട്ടെ. അതെനിക്ക് പുല്ലാണ്... ആകെ നനഞ്ഞു ന്നാ പിന്നെ കുളിച്ചു കയറാം''

"ഞാൻ എന്തു വേണമെങ്കിലും ചെയ്യാം '' ശരി നിങ്ങൾ അവനെയും കൂട്ടി വീട്ടിലോട്ടു വന്നോളൂ ബാക്കി അവിടെ നിന്നും ശരിയാക്കാം''.

അവരുടെ സംസാരം അവ്യക്തമായി കേട്ട കുഞ്ഞപ്പൻ കടയിൽ നിന്നുകൊണ്ട് വിളിച്ചു പറഞ്ഞു. 

''ടീച്ചറ് പൊക്കോളൂ അവൻ വന്നാൽ ആ മൊബൈലും കൊണ്ട് അവനെയും കൂട്ടി ഞാൻ അങ്ങോട്ട് വരാം''

''വരുമ്പോൾ നിങ്ങളുടെ ഭാര്യയെ കൂടി കൂട്ടിക്കോളൂ മറക്കണ്ട അല്ലെങ്കിൽ ഞാനിതു പൊലീസ് കേസ്സാക്കും പഠിക്കേണ്ട പ്രായത്തിൽ മകൻ ചെയ്തത് ലോകം മുഴുവൻ അറിയാനും ജയിലിൽ കിടക്കാനും  ഇടവരും''

''തീർച്ചയായും വരും! ദയവു ചെയ്തു കേസ്സാക്കരുത്. അല്ല ടീച്ചർ ഇനി എങ്ങനെയാ പോണേ ഞാൻ വീട്ടിൽ കൊണ്ടാക്കണോ?''

''എനിക്ക് നടക്കാൻ അറിയാം ഇയാള് അവനെയും കൊണ്ട് വീട്ടിൽ വന്നില്ല എങ്കിൽ നാളെ തന്റെ വീട്ടിൽ പൊലീസ് വരൂന്ന് ഓർത്തോളൂ''

വീട്ടിലെത്തിയപ്പോൾ രണ്ടു മൂന്നുപേർ അവിടെ നിൽപ്പുണ്ടായിരുന്നു. കവലയിൽ പ്രസംഗം നടത്തി ജീവിക്കുന്ന ആ രാഷ്ട്രീയ ബുദ്ധിജീവികളുടെ കൂട്ടത്തിൽ ടീച്ചർക്ക് സുപരിചിതനായ ഒരുത്തൻ കൂടി ഉണ്ടായിരുന്നു. അവർ ടീച്ചറെ കണ്ടതും ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു തൊഴുതുകൊണ്ടു പറഞ്ഞു.

''ഞങ്ങൾ ടീച്ചറുടെ ഫോട്ടോസ് കണ്ടിരുന്നു! ടീച്ചർ ഇതൊരു കേസാക്കണം അവന്റെ അച്ഛൻ മറ്റേ പാർട്ടിക്കാരനാ ഇതാണ് അവനെ ഒതുക്കാൻ കിട്ടിയ അവസരം ടീച്ചർ സഹകരിക്കണം''

ടീച്ചർ അവരെ നോക്കി പുച്ഛത്തിൽ ഒന്നു ചിരിച്ചുകൊണ്ട് അതിലെ പരിചയക്കാരനെ നോക്കി പറഞ്ഞു.

''ന്റെ ശശാങ്കാ എന്റെ നഗ്നത കൊണ്ടു വേണം തന്റെ പാർട്ടിക്ക് പിടിച്ചുനിൽക്കാൻ എന്നായി സ്ഥിതി അല്ലെ? ഞാൻ ചൂലെടുക്കണോ അതോ താൻ ഇവരെയും കൂട്ടി ഇവിടെ നിന്നും ഇറങ്ങുന്നോ?''

ശശാങ്കൻ ഒന്നു പരുങ്ങി എങ്കിലും ശബ്ദത്തിന് മൂർച്ചകൂട്ടികൊണ്ടു പറഞ്ഞു. 

''ഒരാവശ്യം വരുമ്പോൾ ചോദിക്കാതെ കയറി സഹായിക്കാൻ വരുന്നവരാ ഞങ്ങൾ. ഞങ്ങളെ ഇങ്ങനെ അപമാനിക്കരുത്''

''നിങ്ങൾ ഇനിയും ഇവിടെ നിന്നാൽ ആ ചൂല് ചാണകത്തിൽ മുക്കാൻ ഉള്ള സമയം കൂടി ഞാൻ കണ്ടെത്തും ഇതെങ്ങനെ കൈകാര്യം ചെയ്യണം എന്നെനിക്കറിയാം  ഇറങ്ങിപോടോ..''

അവർ ദേഷ്യം കൊണ്ട് നിന്ന് വിറക്കുകയായിരുന്നു..! വന്നവർ പോയിക്കഴിഞ്ഞു അകത്തേക്ക് കയറാൻ നേരം അമ്മ ചോദിച്ചു 

''എന്തുപറ്റി മോളെ, എന്താ പ്രശ്നം?''

''ഒന്നും ഇല്ലമ്മേ... ആ ചായക്കട കുഞ്ഞപ്പന്റെ മോൻ ഇന്നലെ എന്റെ കുറച്ചു ഫോട്ടോസ് എടുത്തു. എന്നിട്ടവൻ അത് ആർക്കോ കൊടുത്തു. അതിപ്പോൾ കൈമറിഞ്ഞ് കുറെ പേരുകണ്ടൂന്നു തോന്നുന്നു. അതുകലക്കി രാഷ്ട്രീയ വൈരം തീർക്കാൻ വന്നവരാ ആ പോയത് അമ്മ ഒരു ചായ ഉണ്ടാക്കൂ ഞാൻ ഒന്ന് കുളിക്കട്ടെ'' 

കുഞ്ഞപ്പനും ഭാര്യയും മകനേയും കൂട്ടി വന്നപ്പോഴേക്കും ടീച്ചർ  കുളികഴിഞ്ഞു വന്നിരുന്നു. വെറുതെ പടിക്കലേക്കൊന്നു നോക്കിയപ്പോൾ 'വിഷയം' അറിഞ്ഞുകൊണ്ട് അവരുടെ കൂടെ വന്ന അനേകരേ കൂടി കണ്ടു.

ടീച്ചർ ഒരു നിമിഷം ഒന്ന് ആലോചിച്ചുകൊണ്ട് അവരെ കൂടി അകത്തേക്ക് വിളിച്ചുവരുത്തി... ഒരു കുറ്റബോധവും ഇല്ലാത്ത ഭാവത്തിൽ നിന്നിരുന്ന മകന്റെ മുഖത്തു നോക്കി കുഞ്ഞപ്പൻ അവനെ ഒന്ന് സാധൂകരിക്കാൻ ഉള്ള ശ്രമം നടത്തി.

''ഇവൻ അകെ പേടിച്ചിരിക്കുകയായിരുന്നു ടീച്ചറേ, ടീച്ചർ ആ ആട്ടോക്കാരനെ തല്ലിയതും രാഷ്ട്രീയക്കാരെ ഓടിച്ചു വിട്ടതും എല്ലാം നാട്ടിലൊക്കെ പാട്ടായിരിക്കുന്നു"

''ഇയാള് ഈ പടിക്കൽ നിൽക്കുന്നവരെ ഒക്കെ കൂട്ടി വന്നത് എന്തിനാണ്''

''അയ്യോ ഞാൻ കൂട്ടിയതൊന്നും അല്ല കണ്ടും കേട്ടും അറിഞ്ഞും വന്നതാ..! ദാ ടീച്ചറുടെ ഫോട്ടോ എടുത്ത കുരുത്തം കെട്ടവൻ ടീച്ചറ് മതിയാവോളം തല്ലിക്കോളൂ. ആ ദേഷ്യം അങ്ങട് തീരട്ടെ ടീച്ചറുടെ വിഷമം എനിക്ക് മനസ്സിലാവുന്നുണ്ട്''

അയാൾ മകനെ ടീച്ചർക്ക് മുന്നിലേക്ക് തള്ളി വിട്ടുകൊണ്ട് കൂടെ വന്ന എല്ലാവരെയും ഒന്നു നോക്കി ജേതാവിനെ പോലെ നിന്നു.

ടീച്ചർ തന്റെ അമ്മയോട് അകത്തേക്കുപോകാൻ പറഞ്ഞതിനു ശേഷം അവന്റെ താടിയിൽ പിടിച്ചുയർത്തികൊണ്ടു ചോദിച്ചു.

''മോൻ എന്തിനാ എന്റെ ഫോട്ടോ എടുത്തത്?''

''വെറുതെ ഒരു രസത്തിന് എടുത്തതാ അതിനിത്ര വലിയ പ്രശ്നം ഉണ്ടാവൂന്നു അറിഞ്ഞില്ല..!'' 

''നാട്ടിലൊക്കെ ഉള്ള എന്നെ അറിയുന്നവർ ആ ഫോട്ടോ കണ്ടു ചിരിക്കുന്നത് ഓർക്കുമ്പോൾ നിനക്ക് എന്താ തോന്നുന്നത് തമാശയാണോ..?'' അവൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ടീച്ചർ പുറത്തേക്കു വന്ന അരിശത്തെ ഉള്ളിൽ തന്നെ പിടിച്ചൊതുക്കി കൊണ്ട് ശാന്തമായി ചോദിച്ചു.

''ഫോൺ കൊണ്ട് വന്നിട്ടുണ്ടോ''

''ഉവ്വ് അതിലെ എന്റെ ഫോട്ടോകൾ ഒന്നു കാണിച്ചേ... നിന്റെ കരവിരുത് ഞാൻ ഒന്നു കാണട്ടെ..!''

''അതിങ്ങോട്ടു വരുമ്പോൾ കളഞ്ഞു..!'' അവന്റെ മറുപടി കിട്ടിയതും ടീച്ചർ കൂടി നിൽക്കുന്നവരെ നോക്കി ചോദിച്ചു.

''നിങ്ങളുടെ ആരുടെ എങ്കിലും കയ്യിൽ ഉണ്ടോ? എങ്കിൽ ഒന്നിങ്ങോട്ടുവന്നു കാണിച്ചു തരൂ ''

പലരും മുന്നിലേക്ക് വരുന്നത് കണ്ടപ്പോൾ ടീച്ചർക്ക് അതിശയം തോന്നി! എന്തൊരു ലോകം?

''ശരി നമ്മൾക്കത് ഒന്നുകൂടി പൊലിപ്പിക്കാം. ഇനി എല്ലാവരും ക്യമാറ റെഡി ആക്കിക്കോളൂ, ഞാനും കുഞ്ഞപ്പന്റെ ഭാര്യയും അതുപോലെ ഒന്നുകൂടി നിൽക്കാൻ പോവുകയാണ് എല്ലാവരും കൃത്യമായി എടുത്തോളണം...!''

മുന്നിലേക്ക് വന്നവർ പെട്ടെന്ന് നിന്നു. അവരുടെ ഉള്ളിൽ ഉരുത്തിരിഞ്ഞ അപമാനഭാരം അവരുടെ മുഖത്തെ ഭാവത്തിൽ നിന്നും വ്യക്തമായി പുറത്തേക്കു വരുന്നുണ്ടായിരുന്നു. അതിൽ ഒരാൾ മുന്നോട്ടു വന്നു കൊണ്ട് മനസ്താപത്തോടെ പറഞ്ഞു.  

''ടീച്ചറേ ക്ഷമിക്കണം ഇത്രനേരം ഞങ്ങൾക്കിതൊരു നേരം പോക്കും വൈകൃത നയനാസുഖാസ്വാദനവും ആയിരുന്നു എങ്കിലും  ഈ നിമിഷം മുതൽ അതെല്ലാം ടീച്ചറുടെ അഭിമാനത്തെ ഹനിക്കുന്നതാണ് എന്നുള്ള തിരിച്ചറിവിലേക്ക് ഞങ്ങൾ എത്തിക്കഴിഞ്ഞിരിക്കുന്നു. മുഴുവനായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്നു വരാം..! പക്ഷേ ഈ നാട്ടിൽ ഉള്ള ആരും ഇനി ഇത് കൊണ്ട് നടക്കില്ല ടീച്ചറുടെ അത്മാഭിമാനത്തെ കളങ്കപ്പെടുത്താൻ ഞങ്ങൾ സമ്മതിക്കില്ല''

കുഞ്ഞപ്പൻ ആകപ്പാടെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. നാട്ടുകാർക്കു മുന്നിൽ തന്റെ ഭാര്യയെ കൂടി ടീച്ചർ കരുവാക്കി തീർക്കുമോ എന്ന് അയാൾ  ഭയപ്പെട്ടു. എന്നാൽ അവരുടെ മകന് അതൊരു വലിയ ഗുണപാഠം ആയി മാറുകയാണ് ചെയ്തത്. ധാർഷ്ട്യ മുഖത്തോടെ നിന്നവൻ ദയനീയമായ ഒരു തേങ്ങലോടെ ടീച്ചറുടെ കാലിലേക്ക് വീണു. ടീച്ചർ അവനെ പിടിച്ച് എഴുനേൽപ്പിച്ചു കൊണ്ടു പറഞ്ഞു.

''നിനക്ക് തിരിച്ചറിവ് ഉണ്ടായിരിക്കുന്നു നിനക്കിനി തെറ്റുപറ്റില്ല മോനെ..! സ്വന്തം അമ്മയെ മുന്നിൽ നിർത്തി ഞാനതു പറഞ്ഞപ്പോൾ നിനക്കുണ്ടായ അതേ  മാനസിക അവസ്ഥയാണ്  ഈ നാട്ടിലെ ഓരോ വ്യക്തിയേയും കാണുമ്പോൾ എനിക്കുണ്ടാവുന്നത് എന്ന് നീ ഫോട്ടോ എടുക്കുമ്പോൾ ഓർക്കാതെ പോയി അല്ലേ? ഒരു കോടതിക്കും ശിക്ഷയിലൂടെ നൽകാൻ കഴിയാത്ത ഒരു ഗുണപാഠം നിന്റെ മനസ്സിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ നിമിഷം തൊട്ടു തിരുത്താൻ ശ്രമിക്കൂ..!''

വന്നവർ എല്ലാം മാപ്പുപറഞ്ഞു. തങ്ങളുടെ ഫോണിൽ നിന്നും അത് നീക്കം ചെയ്തുകൊണ്ട് പിരിഞ്ഞു പോയതിനു ശേഷം ആണ് ടീച്ചർ വീട്ടിലേക്കു കയറിയത്. വാതിൽക്കൽ നിന്ന അമ്മ ടീച്ചറെ ഗാഢം പുണർന്നു കൊണ്ടു പറഞ്ഞു.

''നീ പലർക്കും മാതൃകയാ... അരക്ഷിതമായ ഇന്നത്തെ അന്തരീക്ഷത്തിൽ പെൺകുട്ടികൾ നിന്നെ പോലെ ബോൾഡ് ആയേ മതിയാവൂ..!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com