ADVERTISEMENT

നിൻ ഓർമകളിൽ (കഥ)

ഇത് അവസാന കൂടികാഴ്ചയാണ്, ചിലപ്പോൾ എപ്പോഴെങ്കിലും എവിടെങ്കിലും വെച്ച് വീണ്ടും കണ്ടു എന്നിരിക്കും...

ഞാൻ വരുന്നു സാറ്റർഡേ ഉച്ചക്ക് 2.30 നു സീഗോ ബേക്കറിയിൽ വച്ച് കാണാം, ഇതായിരുന്നു അവളുടെ മെസ്സേജ്.

അവള് ഒറ്റപ്പാലത്ത് വരുമ്പോഴൊക്കെ ഞങ്ങള്‍ ഇവിടെയാണ് കാണാറുള്ളത്. മൂന്നു നാലു വർഷമായിട്ടുള്ള പതിവാണത്. അന്നൊക്കെ പരസ്പരം കാണാനുള്ള സന്തോഷത്തോടെ അവിടെ അവളെയും കാത്ത് ഒരുപാടു മുൻപേ ഞാൻ എത്താറുണ്ടായിരുന്നു. 

എന്തു തീരുമാനിക്കണം, എങ്ങനെ സമാധാനിപ്പിക്കണം അറിയില്ല... ഒരാഴ്ച മുൻപ് ഫോൺ ചെയ്തപ്പോൾ എല്ലാം പറഞ്ഞതാണ്, സത്യത്തിൽ ഇത്രയും കാലത്തിനിടക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ചിന്തിചിരുന്നില്ല. ഉച്ച നേരത്തൊരു ഫോൺ കോള്, അവള് ആ നേരത്തു വിളിക്കാത്തതാണ്. പതിവു പോലെ ഫോൺ കട്ടു ചെയ്തു തിരിച്ചു വിളിച്ചു,

ഹലോ ..

മറുപടിയില്ല...

ഹലോ,

കുറച്ചുനേരത്തിനു ശേഷം ഒരു മൂളലു മാത്രം മറുപടി തന്നു, എന്താടി... എന്തുപറ്റി, ചോദ്യങ്ങൾക്കൊന്നും മറുപടി കിട്ടിയില്ല.

പിന്നെ ഒരു തേങ്ങലു മാത്രം, പിന്നെ പെട്ടെന്നു ഫോൺ കട്ട് ചെയ്തു.

പതിവില്ലാത്തതാണ്, എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി, വേഗം തന്നെ സംഗീതയെ വിളിച്ചു, അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ്,

പ്രശ്നം അവള് പറഞ്ഞു. മാളുവിന്റെ കല്ല്യാണം തീരുമാനിച്ചിരിക്കുന്നു.

പിന്നെ ഒന്നും പറയാതെ ഞാൻ ഫോൺ കട്ട് ചെയ്തു. ഫോണിൽ അവളുടെ മെസ്സേജ് കണ്ടു, വേഗം ഓപ്പൺ ചെയ്തു നോക്കി, 'പ്ലീസ് കോൾ സംഗീത'

എന്തു ചെയ്യണം, എന്തു പറയണം ഒന്നും അറിയില്ല. എട്ടു വർഷത്തിലേറെയായി പരസ്പരം പ്രണയിക്കാൻ തുടങ്ങിയിട്ട്, എന്തു ചെയ്യണമെന്ന് അറിയില്ല. വീട്ടിൽ ഇപ്പോൾ കല്ല്യാണകാര്യം പറയാനെ പറ്റില്ല... ചേട്ടന്റെ കല്ല്യാണം കഴിയാനുണ്ട്, അതിനെല്ലാം പുറമേ ഒരു നല്ല ജോലിയോന്നുമില്ല. ആകെ 1500 രൂപയാണ് സാലറി, അതിൽ 325 രൂപ മൊബൈൽ റീ ചാർജ് ചെയ്യാൻ വേണം!

അമ്മയോട് തമാശപോലെ ചോദിച്ചു, ഞാൻ കല്ല്യാണം കഴിക്കട്ടേന്ന്...

നിന്റെ ശമ്പളം കൊണ്ട് കുടുംബം നോക്കാൻ പറ്റുമെങ്കിൽ കല്ല്യാണം കഴിച്ചോ എന്നു പറഞ്ഞു. എന്തു പറയണമെന്ന് അറിയാത്തതുകൊണ്ട് രണ്ടു ദിവസമായി അവളെ വിളിച്ചിട്ടില്ല... ചിലപ്പോൾ അവളെന്റെ വിളി പ്രതീക്ഷിച്ചിട്ടുണ്ടാവും, ഒരു സമാധാനത്തിനായെങ്കിലും.

പിന്നെ ഒന്നുരണ്ടു ദിവസത്തിനു ശേഷം ഒന്നും പറയനില്ലാതിരിന്നിട്ടും അവളെ വിളിച്ചു. നമ്മളെന്തു ചെയ്യും, എനിക്കൊന്നും അറിയില്ല. തേങ്ങലോടെ അവളതു പറയുമ്പോൾ, എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്നറിയാതെ നിൽക്കുകയായിരുന്നു.

ഒടുവിൽ ഒന്നും ചെയ്യാൻ കഴിയില്ല, ഒരിക്കലും പരസ്പരം ഒന്നിക്കാൻ പറ്റില്ല എന്നു മനസ്സിലായപ്പോൾ കുറച്ചൊക്കെ പ്രക്ടിക്കലവാൻ തീരുമാനിച്ചു.

പരസ്പരം ഇഷ്ടമാണ് എന്നു പറയാത്തതുപോലെ, നമുക്ക് പിരിയാം എന്നും പറയേണ്ടി വന്നില്ല...

സാറ്റർഡേ വരുന്നുണ്ട് എന്ന മെസ്സേജ് കണ്ടപ്പോഴേ മനസ്സിലായി, ഇത് അവസാന കൂടികാഴ്ചയാണ്.

നേരെത്തെയെത്തി ഞാൻ സീഗോയിലെ പുറകിലെ സീറ്റിലിരുന്നു. ഓർഡർ എടുക്കാൻ വന്ന പയ്യനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞു മതി. ഒരാള് കൂടി വരാനുണ്ടെന്ന്. ഒരു ഗ്ലാസ് വെള്ളം കൊണ്ടുവെച്ച് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ അവള് വന്നു. ഒന്ന് ചിരിക്കാൻ ശ്രമിച്ചാൽ അത് ഒരു പക്ഷേ അവളുടെ കരച്ചിലിലെ നിൽക്കൂ... ഒന്നും പറഞ്ഞില്ല...

അവൾ അവിടെ മെനു കാർഡിൽ നോക്കി ഇരുന്നു. രണ്ടു ജ്യൂസ് കൊണ്ടുവന്നു വെച്ച് സപ്ലയർ പോയി... വന്നു പത്തു മിനുറ്റ് കഴിഞ്ഞിട്ടും ഇതു വരെ ആരും ഒന്നും സംസാരിച്ചില്ല.

"ചിലപ്പോൾ അടുത്തമാസം അവസാനം കല്ല്യാണം ഉണ്ടാവും" നീണ്ട നിശബ്ദതയ്ക്കു ശേഷം ഒരു തേങ്ങലോടെ അവൾ പറഞ്ഞു.

"ഉം..." ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല. വീണ്ടും മൗനം കനക്കുകയാണ്, എന്തെങ്കിലും പറഞ്ഞ് അവളെ സമാധാനിപ്പിക്കാൻ എനിക്ക് വക്കുകളില്ല. അല്ലെങ്കിൽ ആര് ആരെ സമാധാനിപ്പിക്കാൻ... അറിയില്ല.

"നിനക്കൊന്നും എന്നോട് പറയനില്ലെ?" വീണ്ടും അവൾ ചോദിച്ചു.

"എടി ഞാനെന്താ നിന്നോട് പറയ്യാ, കാത്തിരിക്കാൻ പോലും പറയാൻ പറ്റില്ല." ഇന്നും എന്റെ മനസ്സിലുണ്ട്, കരഞ്ഞുകൊണ്ട് എല്ലാ പ്രതീക്ഷകളും നശിച്ചു തലതാഴ്ത്തി ഇരിക്കുന്ന അവളുടെ മുഖം.

കുറച്ചു നേരത്തിനു ശേഷം ഞാൻ പോകുന്നു എന്നു പറഞ്ഞ് കണ്ണ് തുടച്ചുകൊണ്ട് അവൾ ഇറങ്ങിപോയി. കൺമുന്നിൽ നിന്നും അവള് മറയുവോളം ജനലിലൂടെ അവളെ നോക്കിയിരുന്നു...

വർഷങ്ങൾക്കു ശേഷം ഇന്നലെ നാട്ടിൽ നിന്ന് ഒരു കോള്, നാട്ടിലെ നമ്പർ കണ്ടപ്പോ‌ൾ കട്ട് ചെയ്തു തിരിച്ചുവിളിച്ചു...

"ഹലോ. ഞാൻ മാളുവാണ്..."

ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അങ്ങനെ ഒരു കോള്.

"ഹലോ, എന്തു പറ്റി, ഇങ്ങനൊരു കോള്? എവിടുന്നു കിട്ടി എന്റെ ഈ നമ്പര്?"

"ഞാൻ ദിവ്യയെ കണ്ടിരുന്നു, നാട്ടിൽ പോയപ്പോൾ, അവളാണ് തന്നത് ഈ നമ്പർ, എന്തു ചെയ്യുന്നു? "

"സുഖം!" ഒറ്റവാക്കിൽ ഒരു മറുപടി കൊടുത്തു.

"അന്ന് കണ്ടപ്പോൾ ദിവ്യ ഒരു കാര്യം പറഞ്ഞു, പഴയതൊന്നും ആലോചിച്ചിരിക്കാതെ വേഗം കല്ല്യാണം കഴിക്കു, ദിവ്യ അങ്ങനെ പറഞ്ഞപ്പോൾ വല്ലാതെ വിഷമം തോന്നി."

"എന്താ ഞാൻ പറയാ... അന്ന് നിന്നോട് പറഞ്ഞ കാര്യത്തിൽ രണ്ടു കാര്യത്തിനു മാത്രമേ മാറ്റം ഉണ്ടായിട്ടുള്ളൂ, പ്രായവും സാലറിയും! ബാക്കിയെല്ലാം ഇപ്പോഴും അങ്ങനെതന്നെ... എന്തായാലും ചിലപ്പോൾ ഉടനെതന്നെ അങ്ങനെ സംഭവിക്കാം...

പിന്നെ, തനിക്കു സുഖം തന്നെയല്ലേ?"

"ഉം..." കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞു കട്ട് ചെയ്തു. രാത്രിയിൽ അവസാന കൂടികാഴ്ചയ്ക്ക് ശേഷം, വർഷങ്ങൾ കഴിഞ്ഞിട്ടുള്ള ഈ രാത്രിയിൽ ഓർമകളെ ഞാനൊരു

പേപ്പറിലാക്കുന്നു. എന്റെ നഷ്ടം ബോധ്യപ്പെടുത്തുവാനുള്ള അക്ഷരങ്ങൾ തേടിക്കൊണ്ടേയിരിക്കുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com