ADVERTISEMENT

കൊച്ചേവി അമ്മയും കൊച്ച് പിള്ളേരും (കഥ)

ആ നാശം പിടിച്ച പൂവൻ കോഴി. കൂടെ ആ രണ്ട് പെടക്കോഴികളും. ദേ ഇത് നോക്കിക്കേ കൊച്ചാട്ടാ വാഴേടെ തടം മൊത്തം ചെകഞ്ഞ് മലത്തി ഇട്ടേക്കുന്നു. ഈ കൊച്ചേവി അമ്മയ്ക്ക് എത്ര പറഞ്ഞാലും മനസ്സിലാവത്തില്ല. േവലിക്ക് ഇപ്പുറം നിന്ന് സുങ്കി അലറി. 

രാവിലേ എഴുന്നേൽക്കാൻ മടിച്ച്, കൂവാൻ കണ്ണുതുറന്ന് നെടുവീർപ്പിട്ട് ഇരുന്ന പൂവൻ, സുങ്കി അമ്മയുടെ കൂവൽ കേട്ട്, അങ്ങനെയല്ല സുങ്കിയമ്മേ... ഇങ്ങനെ... എന്ന് ഉറക്കെ വിളിച്ചു കൂവി. പൂവന്റെയും സുങ്കി അമ്മയുടെയും കൂവൽ കേൾക്കാൻ കൊച്ചേവിയമ്മയ്ക്ക് പുതിയ ചെവി മുളയ്ക്കണം. ഇത് കേട്ട് രാമൻപിള്ള മുറ്റത്തേക്ക് ഇറങ്ങി വന്നു. അലക്കിത്തേച്ച നല്ല ഒന്നാന്തരം ഖദർ ഷർട്ടും മുണ്ടും ഉടുത്ത് എവിടേക്കോ ഉള്ള പുറപ്പാടിൽ നിന്ന പിള്ള ധൃതിയിൽ പെങ്ങളുടെ അലർച്ച കേട്ടു വന്ന് വാഴച്ചോട്ടിൽ നിന്ന നിൽപ്പിൽ ഒന്ന് തുള്ളി. തുള്ളൽ കണ്ട് വാഴക്കൊമ്പിൽ ചുമ്മാ വന്നിരുന്ന കാക്ക പേടിച്ച് ഞെക്കി തൂറിയിട്ട് പറന്നു പോയി. 

‘ഇതുങ്ങളെ ഞാൻ ഇനി വിഷം വെച്ച് കൊല്ലും. ബാക്കിയുള്ളവനെ ദ്രോഹിക്കാനായിട്ട്. ഈ വയ്യാത്ത കാലത്ത് കാണിക്കുന്ന വേല നോക്കണേ. പൂവനും പെടയും പട്ടീം... മനുഷ്യന്റെ പുരേടം നശിപ്പിക്കാൻ വരുന്ന വഴി... ആട്ടെ, ഇന്നു ഞാൻ വിഷം മേടിക്കും.' പിള്ള ധൃതിയിൽ തിരിഞ്ഞു. 

‘ഒന്നുമല്ലെങ്കിലും നിന്റെ കാലുളുക്കി കിടന്നപ്പോ തിരുമ്മി ശരിപ്പെടുത്തയവളാ. മിണ്ടാപ്രാണികളെ കൊന്ന് ആ ദൈവദോഷം കൂടെ വരുത്തി വെക്കണ്ട.’ പ്രായം പത്തെഴുപത്തഞ്ചു തികഞ്ഞ ഒരു ശബ്ദം മുറ്റത്തേക്ക് ഇറങ്ങി വന്നു. 

‘അമ്മ ഒന്ന് ചുമ്മാതിരുന്നെ... പോന്നതേ എന്റെ നടുവാ’. സുങ്കി വീണ്ടും അലറി. 

ശീവേലിക്ക് മുന്നേ എത്തിയാ മതിയാരുന്നു. പിള്ള രണ്ട് കയ്യും കൂപ്പി കിഴക്കോട്ട് നടക്കുന്നതിനിടെ പറഞ്ഞു. ‘‘ഭഗവതീ... വിലകുറഞ്ഞ.... നല്ല വിഷം തന്നെ കിട്ടണേ.’ ഭഗവതി വായപൊത്തി ചിരിച്ചു. പിള്ള അത് കേട്ടില്ല. ഭാഗ്യം. 

85 വയസ്സിന്റെ ജീവിതഭാരം ‘റ’ പോലെ വളച്ചു കളഞ്ഞ രൂപം കോഴിക്കൂട് തുറന്ന് ഒരുപിടി ഗോതമ്പ് കൂടിനു മുന്നിൽ വിതറി. എവിടെടാ ആ പിള്ള എന്ന മട്ടിൽ നെഞ്ചു വിരിച്ച് പൂവൻ ചാടി ഇറങ്ങി. ഇട്ട മുട്ട തട്ടി പൊട്ടിക്കാതെ പിടകോഴികളും പിറകെ ഇറങ്ങി. 

‘കുട്ടപ്പാ... തിന്നോ... വയർ നിറച്ച് തിന്നൊ.’ കൊച്ചേവി അമ്മയ്ക്ക് എല്ലാവരും കുട്ടപ്പൻ ആണ്. ആണും പെണ്ണും, പൂവനും പിടയും, പട്ടിയും പൂച്ചയും, മുട്ടക്കാരൻ പള്ളിപാടനും അങ്ങനെ അനങ്ങുന്ന നിഴൽ പോലെ ആ കണ്ണിൽ കാണുന്നതെല്ലാം. കൊച്ചേവി അമ്മയ്ക്ക് 40 വയസ്സുള്ളപ്പോൾ മഞ്ഞപ്പിത്തം വന്ന് കുട്ടപ്പൻ മരിച്ചു. കൊച്ചേവി അമ്മയ്ക്കും കുറുപ്പച്ചനും പിറന്ന ഏറ്റവും ഇളയ സന്താനം. അഞ്ച് ആറ് വർഷം മുൻപ് കുറുപ്പച്ചനും മരിച്ചു. ഇപ്പോ ആ ഒരു സെന്റ് പുരയിടത്തിലെ ഓല വീട്ടിൽ കൊച്ചേവി അമ്മയും, കുട്ടപ്പൻ പട്ടിയും, കുട്ടപ്പൻ പൂവനും, കുട്ടപ്പൻ പിടകോഴികളും മാത്രം. കൊച്ചേവി അമ്മ ‘കുട്ടപ്പോ....’ എന്നൊന്ന് നീട്ടി വിളിച്ചാൽ എല്ലാവരും ഹാജർ. അവിടെ എല്ലാവരും കുട്ടപ്പന്മാരായി ജീവിക്കുന്നു. വല്ലപ്പോഴും അവിടേക്ക് കടന്നു വരുന്ന മറ്റു കുട്ടപ്പന്മാർ വാർദ്ധക്യ പെൻഷൻ കൊണ്ടു വരുന്ന പോസ്റ്റ് മാനും അരിയും േതങ്ങയും പകരം കൊടുത്ത് മുട്ട എടുക്കാൻ വരുന്ന മുട്ടക്കാരൻ പള്ളിപ്പാടനും പിന്നെ ആ നാട്ടിൽ ക്രിക്കറ്റ് കളിച്ച് കൈയോ കാലോ ഉളുക്ക് വീണ ഏതെങ്കിലും കൊച്ചു കുട്ടപ്പന്മാരും. താളിയമ്മ ഇരട്ട പെറ്റതിൽ രണ്ടാമത്തേത് ആണ് കൊച്ചേവി അമ്മ. ഇരട്ടകള്‍ തിരുമ്മിയാൽ ഉളുക്ക് മാറുമത്രെ. വരമ്പത്തു കൂടി പോയ പത്രക്കാരന്റെ പിന്നിൽ ഇരുന്ന 2001 മനോരമ കലണ്ടർ തലകറങ്ങി താഴെ വീണു. 

കുട്ടപ്പൻ പട്ടിയെ പട്ടി എന്ന് വിളിക്കാതെ കുട്ടപ്പാ എന്ന് വിളിക്കുന്നതു തന്നെ ആണ് ഭേദം. പട്ടിയുടെ ഒരു മുറുമുറുപ്പും ഇല്ലാത്ത ഒരു പാവത്താൻ. ശരിക്കും ഒരു മിണ്ടാപൂച്ച. ഊണിലും ഉറക്കത്തിലും എന്നു വേണ്ടാ പടിഞ്ഞാറെ പറമ്പിൽ വെളിക്ക് ഇറങ്ങാൻ ഇരിക്കുന്നതു വരെ കൊച്ചേവി അമ്മയുടെ കൂടെത്തന്നെ. പൂവൻ അങ്ങനല്ല. അവനാണ് ശരിക്കും നായിന്റെ മോൻ. പൊലീസ് ഞങ്ങൾക്ക് പുല്ലാണേ എന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ മുദ്രാവാക്യം വിളിച്ച് കടന്നു പോകുന്ന രാഷ്ട്രീയക്കാരന്റെ ഗമയോടെ അവൻ പിള്ളേടെ പറമ്പിൽ മൊത്തം കറങ്ങി നടക്കും. പിടക്കോഴികൾ വാഴച്ചോട്ടിൽ പുരാവസ്തു ഗവേഷണം നടത്തും. 

പകൽ മുഴുവനും കൊച്ചേവി അമ്മ മുറ്റത്തും തെക്കേലെ ആരും നോക്കാനില്ലാതെ കാടുപിടിച്ചു കിടക്കുന്ന വിശ്വംഭരന്റെ പറമ്പിലും കൂനി നടന്ന് ചുള്ളി ഒടിക്കും. കോഴിക്കൂട്ടിൽ കൈയിട്ട് മുട്ട പെറുക്കും. കാലില്‍ കുഴമ്പ് തേച്ച് മുന്നാഴി അരി കഞ്ഞി വെയ്ക്കും. ആവുന്ന പാകത്തിന് ഒരു ചമ്മന്തി അരയ്ക്കും. കുട്ടപ്പന്മാർക്ക് കഞ്ഞി കൊടുക്കും. കൊച്ചേവി അമ്മേം കഞ്ഞി കുടിക്കും. ഇടയ്ക്ക് കുഴമ്പ് തേച്ച് ഓലപുര ചാരി ഇരിക്കുമ്പോൾ കൊച്ചേവി അമ്മ ഓർക്കും. എത്ര പെറ്റു? കുട്ടപ്പനെ പെറ്റു. അതിനുമുമ്പ്... ആഹ് അതിനു മുൻപ് കുട്ടപ്പനെ പെറ്റു. പിന്നേം കുട്ടപ്പനെ പെറ്റു. പക്ഷേ എത്ര... ആ... കാഴ്ച പോലെ ഓർമയും ആ ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ മുറ്റത്തെ കഞ്ഞിക്കലത്തിൽ നിന്നുയർന്ന പുക പോലെ എവിടെയൊക്കെയോ പോയി ഒളിച്ചു. 

പിള്ള വന്നു. പൂവൻ പിള്ളയെ നോക്കി. പിള്ള പൂവനേം നോക്കി. കണ്ണും കണ്ണും പരസ്പരം തന്തയ്ക്കു വിളിച്ചു. പള്ളിപ്പാടൻ വന്ന് മുട്ട കൊണ്ടുപോയി... കൊച്ചേവി അമ്മ തലേദിവസം പറഞ്ഞ കൊച്ചുള്ളിയും മഞ്ഞൾപ്പൊടിയും കുട്ടപ്പൻ പട്ടിക്ക് ഒരു പുതിയ പിഞ്ഞാണവും കൊച്ചേവി അമ്മയ്ക്ക് കൊടുത്തു. 

പാടത്തെ സച്ചിനും ശ്രീനാഥും അഗാർക്കറും കളി കഴിഞ്ഞ് ഉളുക്ക് വീഴാതെ വീട്ടിലേക്ക് ഓടി. കൊച്ചേവി അമ്മ വിളക്ക് കൊളുത്തി കുട്ടപ്പൻ പട്ടിക്ക് പുതിയ പിഞ്ഞാണത്തിൽ ചോറു വിളമ്പി. കുഴമ്പെടുക്കാൻ കൊച്ചേവി അമ്മ അകത്തു പോയി തിരികെ വരുന്നതിനിടയിൽ പൂവൻ അതിൽ നിന്ന് രണ്ട് കൊത്തു കൊത്തി. കൊച്ചേവി അമ്മ അത് കണ്ടില്ല. പക്ഷേ, വേലിക്ക് അപ്പുറം നിന്ന് പിള്ള കണ്ടു. പൂവൻ കണ്ണുരുട്ടിക്കാണിച്ചു. പിള്ള കൊഞ്ഞനം കുത്തി. കുട്ടപ്പൻ പട്ടി അതിനു മുന്നിൽ വാലാട്ടി നിന്നു. കൊച്ചേവി അമ്മ എത്ര പറഞ്ഞിട്ടും കുട്ടപ്പൻ പട്ടി ആ ചോറു തൊട്ടില്ല. അവൻ പഴയ അഴുക്ക് പുരണ്ട വക്കു പൊട്ടിയ പിഞ്ഞാണം നോക്കി. കൊച്ചേവി അമ്മ തന്റെ ഉണങ്ങി ചുളിഞ്ഞ നഖം വളർന്ന മുരിങ്ങക്കോലു പോലുള്ള വിരൽ കൊണ്ട് വായ പൊത്തി ചിരിച്ചു. 

‘അത് മൊത്തം വക്കു പൊട്ടിയട കൊച്ചനെ. ഇന്നലെ കഴുകാന്‍ എടുത്തപ്പോ എന്റെ കൈ മുറിഞ്ഞു ഇനി നീ ഇതിൽ തിന്നാ മതി.’ കുട്ടപ്പന്റെ മങ്ങിയ രൂപം കൊച്ചേവി അമ്മയ്ക്കു മുന്നിൽ തല കുനിച്ച് നിന്നു. ഒരു പിടി ചോറുവാരി കൊച്ചേവി അമ്മ അവനു നീട്ടി. അവൻ നിന്നിടത്തു നിന്ന് അല്പം പിന്നോട്ട് നീങ്ങി. ആ ഒരു പിടി കൊച്ചേവി അമ്മ വായിലിട്ടു. ‘ഇനി എന്റെ കുട്ടപ്പൻ തിന്നോ....വാ....മൊത്തം തിന്നണം’. പല്ലില്ലാത്ത വായിൽ അരിമണികൾ വെള്ളത്തിലേക്ക് വിട്ട മീൻ കുഞ്ഞുങ്ങളെ പോലെ നീന്തി. അവൻ അപ്പോളും പഴയ വക്കു പൊട്ടിയ പിഞ്ഞാണം നോക്കി നിന്നു. കൊച്ചേവി അമ്മ പാത്രം അവനു മുന്നിൽ വച്ച് കോഴിക്കൂടിനുള്ളിൽ ഗോതമ്പ് മണികൾ വിതറി. പൂവനും പിടകോഴികളും കൂടണഞ്ഞു. 

മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തി കൊച്ചേവി അമ്മ പായ വിരിച്ചു. കാലു നീട്ടി ഓലപ്പുര ചാരി ഇരുന്നു. എന്തൊക്കെയോ ഓർക്കാൻ കൊതിച്ചു. ഓർമ വരുന്നുണ്ട്. കുട്ടപ്പനെ നല്ല ഓർമ വരുന്നുണ്ട്. പക്ഷേ... ആരാണ് കുട്ടപ്പൻ? ആഹ്... ഞാൻ പെറ്റതല്ലാരുന്നോ... അതേ... ഇല്ലെങ്കിൽ ഇന്നലെ ഉളുക്ക് തിരുമാൻ വന്ന പിള്ളേര് അങ്ങനെ ചോദിക്കില്ലായിരുന്നു. കുട്ടപ്പൻ പട്ടി അടുത്ത് വന്നു കിടന്നു. കൊച്ചേവി അമ്മയും കിടന്നു. നേരം പുലര്‍ന്നു. പൂവൻ വീണ്ടും കൂവി. പിള്ള ഞെട്ടിയുണർന്നു. കൊച്ചേവിയമ്മയും കുട്ടപ്പൻ പട്ടിയും ഉണർന്നില്ല. ഞെട്ടി ഉണർന്ന പിള്ളയ്ക്ക് കഴുത്തുളുക്കി. ഡോക്ടർ ചിരിച്ചു. ഭഗവതി കരഞ്ഞു. പിള്ള അതു കേട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com