sections
MORE

തമ്മിൽ തല്ലാത്ത ഭാര്യാഭർത്താക്കന്മാർ ഉണ്ടാകുമോ?

husband-and-wife-fighting
പ്രതീകാത്മക ചിത്രം
SHARE

ലൗ ആക്ഷൻ ഡ്രാമ (കഥ)

ജീവിതത്തിലാദ്യമായ് അത്താഴ പട്ടിണി കിടക്കുന്നതിന്റെ വിഷമം അന്ന് അറിയുകയായിരുന്നു ഞാൻ.. എന്റെ ഭാര്യ.. അതെ ലവളാണ് എന്നെ ഇന്ന് പട്ടിണിക്കിട്ടത്... നിസ്സാരം... അന്യപെണ്ണുങ്ങളുമായി ചാറ്റ് ചെയ്തു.. കാര്യം അത്രയേ ഉണ്ടാരുന്നുള്ളൂ.. 

സ്ഥിരം ഉണ്ടാകുന്നപോലെ ഒരു സൗന്ദര്യ പിണക്കം അത്രയേ ഇന്നും സംഭവിച്ചിരുന്നുള്ളൂ. പക്ഷേ ഇത്തവണ കളി ഇച്ചിരി കാര്യമായി... ദേഷ്യത്തിൽ ലവള് പൗഡർ ടിന്നെടുത്ത് നൈസായിട്ട് ഒന്ന് എറിഞ്ഞു... ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറിയതാണ് പക്ഷേ അവൾക്ക് നല്ല ഉന്നമില്ലാത്തതു കൊണ്ട് അത് എന്റെ നടുംപുറത്ത് തന്നെ കൊണ്ടു.. 

പിന്നെ പൊരിഞ്ഞ ഗുസ്തി ആയിരുന്നു. ലവളെ കെട്ടിയപ്പോൾ ഞാനറിഞ്ഞിരുന്നില്ല ഇവൾ ദംഗലിന് ഗോദയിലുണ്ടായ മോളാണെന്ന്... എന്തൊരു മാന്താ പിശാച് മാന്തിയത്... ചിമ്പാൻസിയുടെ ജന്മം ആണെന്നു തോന്നുന്നു. ഇതിനു മുൻപും ഇത്തരം സ്റ്റണ്ട് സീൻ ഉണ്ടായിട്ടുണ്ടെങ്കിലും ഇതിനിത്തിരി വോൾട്ടേജ് കൂടിപ്പോയിരുന്നു.

എന്റെ ദേഹമാസകലം ചുട്ടുനീറാൻ തുടങ്ങി... ഞാനും വിട്ടു കൊടുത്തില്ല. കയ്യിലും കാലിലും നല്ല മുട്ടൻ ഇടി വച്ച് കൊടുത്തു.. എന്റെ ബലിഷ്ഠമായ കൈകൾ അമർന്ന അവളുടെ ശരീരം നന്നായി വേദനിച്ചിട്ടുണ്ടാവാം. എങ്കിലും അവൾക്കത് വേണം... അമ്മാതിരി മാന്തും കടിയുമല്ലേ അവൾ എനിക്കിട്ട് തന്നത്. 

ശക്തമായ ആക്രമങ്ങൾക്കൊടുവിൽ ക്ഷീണിതരായ ഞങ്ങൾ കിടക്കയുടെ രണ്ട് ധ്രുവങ്ങളിലായി ചരിഞ്ഞ് കിടന്നു. ഞങ്ങൾക്ക് നടുവിൽ തല്ലുകൂടിയാൽ മാത്രം കാണുന്ന ആ വിടവ് അന്നും ഉണ്ടായി...

ഇനി ഇവള് വച്ച ഭക്ഷണം എനിക്ക് വേണ്ട. ജീവിതത്തിൽ ഇനി കഴിക്കില്ല... ഒരു നേരം ഒന്നും കഴിച്ചില്ലാന്ന് വച്ച് ലോകം ഇടിഞ്ഞു വീഴൊന്നുമില്ലല്ലോ? അല്ല പിന്നെ.. നാളെ രാവിലെ ഏതേലും ഹോട്ടലിൽ പോയി നല്ല ചൂട് മസാലദോശ കഴിക്കാം... ഇവള് കൊതിച്ചിരിക്കട്ടെ... 

ഞാൻ തലവഴി പുതപ്പിട്ട് മൂടി... പക്ഷേ ഉറക്കം. അത് വരുന്നേ ഇല്ലായിരുന്നു... വയറ്റിനുള്ളിൽ നിന്നും ഒരു ആളൽ.. 

ശ്ശെ.. പുല്ല് മസാലദോശയെ പറ്റി ആലോചിക്കേണ്ടിയിരുന്നില്ല. കൊതി കൂടി കൂടി വായിൽ നിന്ന് വെള്ളം ഊറി തലയിണയിലേക്ക് ഒഴുകി...

രാത്രി പന്ത്രണ്ട് മണിയായിക്കാണണം. എന്റെ വയറാണെങ്കിൽ ഗ്യാസ് കയറി അപശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി..

"ഹോ... വിശന്നിട്ട് വയറ് കത്തുന്നു.."

ഞാൻ പതിയെ തലപൊക്കി നോക്കി... അവളുറങ്ങിയെന്ന് തോന്നുന്നു. ഫ്രിഡ്ജിൽ വല്ല കോഴിമുട്ടയും ഉണ്ടേൽ ഓംലറ്റുണ്ടാക്കിയെങ്കിലും സമാധാനപ്പെടാമെന്ന് കരുതിയാണ് അനക്കമുണ്ടാക്കാതെ ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റത്...

പൂച്ചയെ പോലെ മുട്ട് കുത്തി പതുങ്ങി പതുങ്ങി ഞാൻ ഫ്രിഡ്ജിനരികിലെത്തി.. 

അനക്കമുണ്ടാക്കാതെ ഫ്രിഡ്ജ് തുറന്ന് നോക്കിയതും ഞാൻ ഞെട്ടിപ്പോയി.. അതിനുള്ളിൽ ആകെ ഉള്ളത് കുറച്ച് വാടാറായ കറിവേപ്പിലയും പാതി ചിരകിയ ഒരു തേങ്ങയും അച്ചാറും മാത്രം..

ദേഷ്യത്തോടെ ഫ്രിഡ്ജ് അടച്ച് ഞാൻ അടുക്കള ലക്ഷ്യമാക്കി നീങ്ങി... അവിടെ വല്ലതും ഉണ്ടോന്ന് നോക്കുകയിരുന്നു ഉദ്ദേശം.. 

പക്ഷേ എന്റെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് അവിടെ ഒരു കാച്ചിയ പപ്പടം പോലുമില്ലായിരുന്നു.

അവസാനം നിരാശയോടെ ഡൈനിംഗ് ടേബിളിനടുത്തെ കസേരയിലിരുന്നപ്പോഴാണ് മൂടി വച്ച ഒരു പാത്രം മേശപ്പുറത്തിരിക്കുന്നത് കണ്ടത്..

ആകാംക്ഷയോടെ ഞാനത് തുറന്ന് നോക്കിയപ്പോൾ അതിലതാ കുറച്ച് ചപ്പാത്തിയും ചിക്കൻ കറിയും. എന്റെ കണ്ണ് നിറഞ്ഞു പോയി.

തല്ല് കൂടിയെങ്കിലും എന്നെ അവൾ പട്ടിണിക്കിട്ടില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമമായി... പാവം... നല്ല വിശപ്പുണ്ടാരുന്നതു കൊണ്ട് ചപ്പാത്തിയും ചിക്കനും ഞാൻ മൊത്തമായ് അടിച്ച് കയറ്റി... 

"ഹോ ഇപ്പോഴാ സമാധാനമായത്..."

പാത്രം കഴുകി വച്ചതിന് ശേഷം ഏമ്പക്കവും വിട്ട് കിടക്കാനായി ഞാൻ കിടക്കയ്ക്കരികിലേക്ക് നടന്നു... അവൾ  ഉറങ്ങുകയായിരുന്നു..

ശല്ല്യപെടുത്തണ്ട എന്നു കരുതി പതിയെ പുതപ്പ് എടുത്ത് പുതച്ച് ഉറങ്ങാൻ നേരം ആണ് പിന്നിൽ നിന്ന് ഒരു ചോദ്യം?

"വിശപ്പ് മാറിയോ സേട്ടാ?" 

അപ്പോളാണ് അവളുറങ്ങിയിട്ടില്ല എന്നത് എനിക്ക് മനസ്സിലായത്... ഞാനാകെ ചമ്മിപ്പോയി... ഞാൻ പതിയെ അവൾക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു..

"നിറഞ്ഞൂട്ടോ... ഇങ്ങ് വാ മുത്തേ" ഞാൻ വിളിച്ചതു കേട്ട് അവൾ ആദ്യം മടി കാണിച്ചെങ്കിലും ഒന്നൂടെ മധുരമായി വിളിച്ചപ്പോൾ അവൾ പതിയെ നീങ്ങി നീങ്ങി എന്റെ അരികിൽ വന്നു...

ഞാനവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞൂ..

"സോറീട്ടോ... വേദനിച്ചോ ന്റെ മുത്തിന്?"

അവളുടെ കണ്ണിൽ നിന്ന് വെള്ളത്തുള്ളികൾ അടർന്ന് വീണു.

"എന്തിടിയാടാ ദുഷ്ടാ ഇടിച്ചത്? ശരീരമാസകലം വേദനിക്കുന്നു.." അവൾ വിഷമത്തോടെ പറഞ്ഞു. അതു കേട്ട് ഞാനവളുടെ മുഖം നെഞ്ചോട് അടുപ്പിച്ചു.

"സോറീടാ... നീയും മോശമല്ലായിരുന്നല്ലോ? എന്റെ തൊലിമുഴുവൻ മാന്തിയെടുത്തില്ലേ? ദാ കൈ നോക്ക്.. ചുട്ട് നീറുന്നു.."

ഞാൻ പറഞ്ഞത് കേട്ട് അവൾ എന്റെ കൈകൾ ഉയർത്തി നോക്കി. അവളുടെ നഖങ്ങൾ വീണ പാടുകളിൽ ചുണ്ടുകൾ അമർത്തികൊണ്ട് അവൾ പറഞ്ഞു..

"സോറി.... "

ഞാനവളെ ഒന്നൂടെ ചേർത്ത് പിടിച്ചു..

"സാരല്ല്യ മുത്തേ.. ഇനി നമുക്ക് ഇങ്ങനെ ഒന്നും ഉണ്ടാവാതെ നോക്കാം.. "

"അത് എനിക്ക് ഉറപ്പ് പറയാൻ പറ്റില്ല.. എനിക്ക് ദേഷ്യം വന്നാ ഞാനിനിയും മാന്തും.. " അത് കേട്ട് ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു..

"അപ്പോ ഞാനും ഇടിക്കും.. "

"പോടാ... ദുഷ്ടാ... ഇത്ര നേരമായിട്ടും നീ ഒന്നന്വേഷിച്ചോ ഞാൻ വല്ലതും കഴിച്ചോന്ന്..?"

അതു കേട്ടതും എന്റെ നെഞ്ചൊന്ന് പിടഞ്ഞു..

ദൈവമേ... അപ്പോ ഇവളൊന്നും കഴിച്ചിരുന്നില്ലേ? ഉള്ള ചപ്പാത്തിയും ചിക്കനുമാണെങ്കിൽ ഞാനടിച്ച് കയറ്റുകയും ചെയ്തു... ഇനി ഇപ്പോ എന്ത് ചെയ്യും? അടുത്ത പിണക്കത്തിനുള്ള സാധ്യത തെളിഞ്ഞു വരുന്നതോർത്ത് ഞാനാകെ അങ്കലാപ്പിലായി.. എന്തെങ്കിലും ഉടൻ ചെയ്തേ പറ്റൂ.

പെട്ടെന്നാണ് എനിക്കാ ബുദ്ധി തെളിഞ്ഞത്..

"വാ... എണീക്ക് ഡ്രസ്സ് ചേഞ്ച് ആക്കീട്ട് വാ... നീ കുറച്ച് നാളായില്ലേ പറയുന്നു... നമുക്ക് ഒരു നൈറ്റ് ഡ്രൈവിന് പോകാം. എന്നിട്ട് മൂക്ക് മുട്ടെ നല്ല തട്ട് ദോശയടിക്കാം.."

അതു കേട്ടതും അവൾ ചാടിയെഴുന്നേറ്റു...

"ആഹാ, എന്നാ പോകാം.. ഞാൻ ഇപ്പോൾ റെഡിയാവാട്ടോ"

അവൾ ഒരുങ്ങാൻ പോയപ്പോഴാണ് ഞാനോർത്തത് ഈ നൈറ്റ് ഡ്രൈവിനൊക്കെ ഇതുങ്ങൾക്കിടയിൽ ഇത്ര ഡിമാന്റ് ഉണ്ടെന്ന് എനിക്ക് മനസ്സിലായത്..

ഞങ്ങൾ ഒരുങ്ങി പുറത്തേക്കിറങ്ങി.. കാറെടുക്കാൻ നേരം അവൾ പറഞ്ഞു ബുള്ളറ്റ് മതിയെന്ന്.. 

ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അവളോട് കയറാനായി പറഞ്ഞതും അവളുടെ മുഖത്തെ സന്തോഷം ഒന്ന് കാണണമായിരുന്നു.

സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിലൂടെ കുടുകുടു ശബ്ദത്തോടെ പായുമ്പോൾ ഞാനോർക്കുകയായിരുന്നു അവളെ ഇത്ര സന്തോഷത്തോടെയും റൊമാന്റിക്കായും ഞാനിതുവരെ കണ്ടിട്ടില്ല എന്നത്..

എന്നെ പിന്നിൽ നിന്ന് വട്ടം ചുറ്റിപിടിച്ചിരുന്ന് അവൾ ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരുന്നു..

വഴിയരികിലെ തട്ടുകടയിൽ നിന്ന് നല്ല തട്ട് ദോശയും കറിയും ചൂടോടെ അവൾ ആസ്വദിച്ച് കഴിക്കുന്നതു കണ്ട് എന്റെ വായിൽ പോലും വെള്ളം വന്നു...

അപ്പോഴേക്കും സമയം ഏകദേശം രണ്ട് മണിയായിരുന്നു... തിരിച്ചു പോകാം എന്ന് അവൾ തന്നെയാണ് എന്നോട് പറഞ്ഞത്.

പോകുന്ന വഴിക്ക് അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..

"താങ്ക്യൂ ചക്കരേ.."

അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത്തരം ചെറിയകാര്യങ്ങൾ പോലും അവളെ എത്ര സന്തോഷവതിയാക്കുന്നുണ്ടെന്ന്..

പലപ്പോഴും അവളീ ആഗ്രഹം പറഞ്ഞപ്പോഴൊക്കെ പിറ്റെ ദിവസം ജോലിയുണ്ടെന്നും മറ്റും പറഞ്ഞൊഴിയുകയായിരുന്നു ഞാൻ. ഈ പെണ്ണുങ്ങളൊക്കെ ഇത്രയേയുള്ളൂ. അവർ നമ്മളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങളാണ്.

വീട്ടിലെത്തിയതും ഞാനവളോട് പറഞ്ഞു..

"എങ്ങനുണ്ടാരുന്നു നൈറ്റ് ഡ്രൈവ്... ഞാനൊരു സംഭവാണെന്ന് നിനക്ക് മനസ്സിലായില്ലേ? ഇതിനു വേണ്ടിയാ ഞാൻ ചപ്പാത്തി മുഴുവൻ തിന്നത്."

ഞാൻ പറഞ്ഞതു കേട്ട്  അവളെന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അടുത്തേക്ക് വന്നു... എന്റെ ചെവിടിൽ പിടിച്ച് തിരിച്ചു കൊണ്ട് പറഞ്ഞു..

"മോനേ കിച്ചൂസേ... എനിക്കറിയാം നീ ഒന്നാന്തരം ഉടായിപ്പനാണെന്ന്... എങ്കിലും എനിക്ക് നിന്നെ ജീവനാണ്. കാരണം ഞാൻ സന്തോഷമായിരിക്കാൻ വേണ്ടി നീ എന്തും ചെയ്യുമെന്ന് എനിക്കറിയാം. എനിക്കത് മതി.."

"ആ... ടീ വേദനിക്കണൂ... പിടിവിട്... ഞാനിടിക്കും ട്ടാ.." വേദനയോടെ ഞാൻ പറഞ്ഞൂ.

"ആഹാ.. ഇടിക്കാനിങ്ങ്ട് വാ ഞാൻ നല്ല മാന്ത് വച്ച് തരും.. " അതും പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറിപോയി...

ഇത്രേയുള്ളൂ ഞങ്ങടെ പിണക്കം. ഒന്നും മനസ്സിൽ വയ്ക്കില്ല... പറയാനുള്ളത് എന്താണേലും അപ്പോ തന്നെ പറയും. തല്ലാനുള്ളത് തല്ലി തീർക്കും. സ്നേഹം വന്നാലും ദേഷ്യം വന്നാലും അത് അപ്പോ തന്നെ പ്രകടിപ്പിക്കും. ഒരു പ്രശ്നവും ഒരു ദിവസത്തിൽ കൂടുതൽ നിർത്താറില്ല... കുറ്റങ്ങളും കുറവുകളും അങ്ങോട്ടും ഇങ്ങോട്ടും നന്നായി അറിയാം. അത് തിരുത്തണം എന്ന് രണ്ടു പേർക്കും വാശിയുമില്ല... അത് അങ്ങനെ തന്നെ ഇരിക്കട്ടെ... അതാണല്ലോ അതിന്റെ ഒരു ത്രില്ല്...  

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA