ADVERTISEMENT

വയ്യാവേലി (കഥ)

അതേയ്, ഉറങ്ങിയോ...

ഇല്ല, എന്താ പറയ്...

ഇങ്ങനെ എത്ര ദിവസം കടക്കാരോട് സമാധാനം പറഞ്ഞു ജീവിക്കും. അച്ഛനോട് പറഞ്ഞ് ആ പുരയിടത്തിൽ കുറച്ചു വിൽക്കാൻ പറ്റിയാൽ കുറെ പ്രശ്നങ്ങൾ പരിഹരിച്ചു സമാധാനായിട്ട് ഇരിക്കാല്ലോ...

ആഹ്, ഒക്കെ ശരിയാവുമെടി...

എന്ന് ശരിയാവാനാണ്, അച്ഛനായിട്ടു തരില്ല, നിങ്ങൾ ഒട്ടു ചോദിക്കുകയുമില്ല... ഞാൻ നാളെ ഒന്നു പോയി അച്ഛനോട് സംസാരിച്ചു നോക്കാം...

പിറ്റേന്ന് രാവിലെ അവൾ ഒരുങ്ങി ഇറങ്ങിയപ്പോൾ മനസ്സ് പറഞ്ഞു. ഒന്ന് അണിഞ്ഞൊരുങ്ങിയാൽ എത്ര സുന്ദരിയാണ് ഭാര്യ...

"എവിടേക്കാ?"

"ഞാൻ ഇന്നലെ പറഞ്ഞില്ലേ, അച്ഛനെ കാണാൻ പോവുകയാ... കുറെ നാൾ ആയില്ലേ.. നിങ്ങൾ വരുന്നോ.. നിങ്ങളുടെ അച്ഛനും അമ്മയും അല്ലെ, വല്ലപ്പോഴും ഒന്നു പോയി അവരോടു മിണ്ടിക്കൂടെ..."

"ആഹ്, ഞാൻ പിന്നെ ഒരിക്കൽ പോകാം നീ ആദ്യം പോയി വാ...."

അവൾ ഇറങ്ങിയതും പിന്നാലെ തന്നെ ജംഗ്ഷനിലെ പീടികയിലെ പതിവ് സൊറ പറച്ചിലുകളിൽ മുഴുകി നിൽക്കുമ്പോഴാണ് എതിരെ ഉള്ള സ്വർണ്ണ പണിക്കാരന്റെ പീടികയിൽ നിന്നും അവൾ ഇറങ്ങി തൊട്ടടുത്തുള്ള ബേക്കറിയിൽ കയറുന്നതു കണ്ടത്... അവിടെ നിന്നും എന്തൊക്കെയോ വാങ്ങി ഒരു ഓട്ടോ വിളിച്ചു അവൾ പോയി...

പെട്ടെന്ന് തലയിൽ മിന്നായം പോലെ ഒരു ഓർമ പാഞ്ഞു... ദൈവമേ എന്റെ ഭാര്യയുടെ പേര് മോളി, പേരിനു വലിയ ദൂരം ഒന്നുമില്ല... സ്വർണ്ണപണിക്കാരൻ, ബേക്കറി...

നോ, അത് സംഭവിക്കാൻ പാടില്ല.. ഓടി, ഓട്ടോ സ്റ്റാൻഡിൽ എത്തി... കിതപ്പടക്കി...

വണ്ടി എടുക്ക്, വണ്ടി എടുക്ക് ....

എടുക്കാൻ ഇതെന്താ പെറ്റിട്ട കുട്ടിയോ, ചേട്ടൻ കാര്യം പറ എവിടെ പോകണം...

മനുഷ്യന്റെ വെപ്രാളം അറിയാതെ അവന്റെ ഒരു ചീഞ്ഞ കോമഡി, അറിയാവുന്ന ഡ്രൈവർ ആയതു കൊണ്ടാ, ഇല്ലെങ്കിൽ വല്ല തെറിയും വിളിക്കാമായിരുന്നു. താൻ വണ്ടി എടുക്കെടോ എന്റെ അച്ഛൻ വീട്ടിലേക്ക്...

ഒന്ന് വേഗം വിടെടോ,

ഇതേ ഓട്ടോ ആണ്, അല്ലാതെ വിമാനം അല്ല. ചേട്ടന് ഇതെന്തു പറ്റി, മോളി ചേച്ചിടെ പ്രസവ സമയത്തു പോലും ഇത്രേം വെപ്രാളം കണ്ടിട്ടില്ലല്ലോ...

ചീഞ്ഞ കോമഡി, മിണ്ടാതെ വണ്ടി ഓടിക്കെടോ...

വീടിനു മുന്നിൽ എത്തി അതാ, പൂമുഖത്ത് അച്ഛനും അമ്മയും ഉണ്ട്, മോളി എന്തോ സംസാരിക്കുന്നു, പിന്നെ ബേക്കറി പലഹാരങ്ങൾ എടുത്ത് അവർക്കു കൊടുക്കുന്നു. വൈകിയില്ല. ഓട്ടോയിൽ നിന്ന് ഇറങ്ങി ഓടി...

അച്ഛാ, അത് കഴിക്കല്ലേ... നോ... നോ...

അച്ഛൻ ആ പലഹാരം വായിലേക്ക് അടുപ്പിക്കുന്നു ഇപ്പോൾ വയ്ക്കും ഒറ്റ നിമിഷം, അടുത്തെത്തി  ഒരു തട്ട് ആ പലഹാരം തെറിച്ചു വീണു... പിന്നെ തളർന്നു വീണത് മാത്രം ഓർമയുണ്ട്. ബോധം വരുമ്പോൾ കട്ടിലിലാണ്.

ഭാര്യ കുലുക്കി വിളിക്കുന്നു... ചേട്ടാ, ചേട്ടാ എന്തു പറ്റി...

അമ്മയും അച്ഛനും എവിടെ?

ഞങ്ങൾ ഇവിടെ ഉണ്ടല്ലോ, മോളെ ഇവന് എന്ത് പറ്റിയതാ...

എനിക്ക് അറിയില്ല അച്ഛാ, ഞാൻ വരുമ്പോൾ കുഴപ്പം ഒന്നും ഇല്ലായിരുന്നു.

ആഹ് അവൻ കുറച്ചു നേരം കിടക്കട്ടെ... നമുക്ക് പുറത്തിരിക്കാം, അവർ പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മയുടെ ശബ്ദം കേട്ടു..

മോളെ, അമ്മയുടെ ആ കമ്മൽ ഒടിഞ്ഞത് ശരിയാക്കിയോ....

ആഹ്, ഈ ബഹളത്തിനിടയ്ക്ക് ഞാൻ മറന്നു പോയി... ഇതാ അമ്മെ...

ശേ, വെറുതെ സീൻ ആക്കിയതാ, പേര് മാത്രം അല്ല സ്വഭാവവും മനുഷ്യര് തമ്മിൽ ഒരുപാട് ദൂരമുണ്ട്... ആരും അറിയാത്തതു നന്നായി... അപ്പോഴാണ് പുറത്ത് പിന്നേം ഒരു ശബ്ദം..

മോളി ചേച്ചിയേ, ചേട്ടന് കുഴപ്പം ഒന്നും ഇല്ലല്ലോ. ഓട്ടോ കാശ് പിന്നെ തന്നാൽ മതി ഞാൻ ഇറങ്ങാ...

ആഹ്, എടാ, അങ്ങേർക്ക് എന്താ പറ്റിയത്...

എന്താന്നു എനിക്കറിയില്ലായിരുന്നു ചേച്ചി, ഇപ്പൊ മനസ്സിലായി അത് കൂടത്തായി രോഗമാണ് ....

ഏഹ്, അതെന്തു രോഗം 

ചേച്ചി പത്രമൊക്കെ എടുത്ത് നോക്ക്, ഇപ്പോഴത്തെ കല്ല്യാണം കഴിഞ്ഞ ആണുങ്ങൾക്ക് വരുന്ന ഒരു തരം അസുഖമാണ്...

തെണ്ടി, നശിപ്പിച്ചു... ഒന്നും മിണ്ടണ്ട, കണ്ണടച്ച് വയ്യാത്ത പോലെ കിടന്നേക്കാം..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com