പ്രണയം, ഒളിച്ചോട്ടം; മക്കൾ അറിയാറുണ്ടോ മാതാപിതാക്കളുടെ ഈ സങ്കടങ്ങൾ?

runaway
പ്രതീകാത്മക ചിത്രം
SHARE

ഒരപ്പൻറെ മധുര പ്രതികാരം (കഥ)

എന്നും കോളജ് വിട്ട് കൃത്യം അഞ്ചുമണിക്കുള്ളിൽ സൂപ്പർമാർക്കറ്റിൽ വന്ന് അന്നന്നത്തെ കണക്കുകൾ ശരിയാക്കി എടുക്കാൻ തന്നെ സഹായിക്കുന്ന കുട്ടിയാണ്. ജോലി ചെയ്യുന്നവരുടെ വേതനവും സപ്ലയർമാർ തൊട്ടു വാങ്ങിക്കാൻ വരുന്നവരുടെ അടക്കം ഉള്ളവരുടെ സകലകണക്കുകളും നോക്കി ശരിയാക്കുന്ന തന്റെ ഷീലകുഞ്ഞിനെ പണിക്കാർക്കൊക്കെ ഭയങ്കര ഇഷ്ട്ടമാണുതാനും..! 

ഇപ്പോൾ സമയം ആറര ആയിരിക്കുന്നു കുറച്ചുകൂടി വൈകിയാൽ..! കർത്താവേ ശോശാമ്മയോടു ഇതെങ്ങനെ പറയും? അവളെങ്ങിനെ സഹിക്കും.!

തന്റെ സ്ഥാപനത്തിൽ ഉണ്ടാക്കിയ രൂപക്കൂടിനു മുന്നിൽ നിന്നുകൊണ്ട് അഗസ്റ്റിൻ മനമുരുകി പ്രാർഥിച്ചു... ഹൃദയം പൊട്ടി ദൈവത്തെ വിളിച്ചപേക്ഷിച്ചു.  

''കരുണാമയനായ കർത്താവേ പരീക്ഷിക്കല്ലേ, പാവമാണേ, എന്റെ കുഞ്ഞിന് ആപത്തൊന്നും വരുത്തല്ലേ...''    

ശേഷം വണ്ടിയും എടുത്ത് അതിവേഗം ഓടിച്ചുകൊണ്ടുപോകുന്നത് സൂപ്പർമാർക്കറ്റിലെ ജീവനക്കാർ സംശയത്തോടെ നോക്കി നിന്നു. മകളുടെ കൂടെ പഠിക്കുന്ന ദേവി എന്ന കുട്ടിയുടെ വീടായിരുന്നു അയാളുടെ ലക്ഷ്യം.

മാർക്കറ്റിൽ കിട്ടാവുന്ന ഏറ്റവും നല്ല മുന്തിയ തരം ഫോണൊന്നു വാങ്ങികൊടുത്തിട്ടുണ്ട് പക്ഷേ അത് കോളജിൽ ഉപയോഗിക്കാൻ പാടില്ലെന്നുള്ളതു കൊണ്ട് കൊണ്ടുപോകാറില്ല. വണ്ടി വേണം എന്നു പറഞ്ഞു, അവളുടെ ആഗ്രഹപ്രകാരം പറഞ്ഞ വണ്ടി തന്നെ വാങ്ങി കൊടുത്തിട്ടുണ്ട്. പക്ഷേ ഇന്ന് അത് കൊണ്ടുപോയിട്ടില്ല.! സമരമോ ഹർത്താലോ ഒന്നും ഇല്ല. വൈകും എങ്കിൽ വല്ലവരുടെയും നമ്പറിൽ നിന്നൊന്നു വിളിക്കാമായിരുന്നില്ലേ..?    

വർഷങ്ങൾക്കു മുൻപ് ഹൈറേഞ്ചിൽ പണി നടന്നിരുന്ന ചെക്ക് ഡാമിൽ മേസ്തിരിയായി വന്നതായിരുന്നു ചെറുപ്പത്തിലേ അപ്പനും അമ്മയും മരിച്ചുപോയ അഗസ്റ്റിൻ. സുന്ദരിയായ ശോശാമ്മയുടെ വീടിന്റെ പിൻവശത്തുള്ള പുറമ്പോക്കു സ്ഥലത്ത് താൽക്കാലിക ടെന്റിൽ ആയിരുന്നു അതിൽ ജോലി ചെയ്യുന്ന കുറച്ചുപേർ താമസിച്ചിരുന്നത്.

അതുപോലൊന്നിൽ താമസിച്ചിരുന്ന അഗസ്റ്റിൻ താമസിയാതെ ശോശാമ്മയുടെ ഹൃദയം കട്ടെടുത്തു! ഫോറസ്റ്റ് വാച്ചർ ആയ   ശോശാമ്മയുടെ അപ്പൻ അവറാച്ചൻ ഒന്നാം തരം നായാട്ടുകാരൻ കൂടി ആയിരുന്നു.

അയാളുടെ കയ്യിലെ തോക്കു കാണുമ്പോഴേ അഗസ്റ്റിന്റെ കാലു നനയും. ആ പേടികാരണം ആ പണി തീരുന്നതു വരെ അഗസ്റ്റിൻ മാന്യനായി നിൽക്കാൻ തീരുമാനിച്ചു. നാളുകൾ ആഴ്ചകളും മാസങ്ങളും ആകവേ അവിടെയുള്ള ജോലി തീർന്നതോടെ ഒരു സുപ്രഭാതത്തിൽ അഗസ്റ്റിൻ ആ ഹൃദയത്തോടൊപ്പം അതിന്റെ ഉടമയായ ശോശാമ്മയെ കൂടി പൊക്കി അവിടം കാലിയാക്കി.! ശോശാമ്മ വീട്ടിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ അമ്മയ്ക്കും അപ്പനുമായി ഒരു കത്തെഴുതി വച്ചു. 

''പ്രിയപ്പെട്ട അപ്പനും അമ്മച്ചിയും വായിച്ചറിവാൻ വേണ്ടി ശോശാമ്മ എഴുതുന്ന കത്ത്. നിങ്ങൾ നല്ലവരാണ് എങ്കിലും അപ്പനും അമ്മയും എന്നും വഴക്കു കൂടുന്നത് കാണുമ്പോൾ പലവട്ടം തൂങ്ങി ചവാൻ വേണ്ടി ഇറങ്ങിയതാണ്. അപ്പോഴെല്ലാം അഗസ്റ്റിൻ ഇച്ചായൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പുറം തൊടിയിലെ ടെന്റിനു മുന്നിൽ ഇരിപ്പുണ്ടാവും.! 

ഇച്ചായൻ അറിയാതിരിക്കാനായി മാത്രം ആ കയറ് നമ്മുടെ ഏതെങ്കിലും ആട്ടിൻ കുട്ടിയുടെ കഴുത്തിൽ കെട്ടികൊണ്ട് അതിനെ മേക്കാൻ  ഞാൻ പറമ്പിലേക്ക് പോകുമായിരുന്നു. അങ്ങനെ ഇച്ചായൻ പലവട്ടം മരണത്തിൽ നിന്നും എന്നെ രക്ഷപെടുത്തി. അവസാനം ഇച്ചായൻ എന്നെ വേണം എന്നും നീ വന്നില്ലെങ്കിൽ തട്ടിക്കൊണ്ടു പോകും എന്നും കട്ടായം പറഞ്ഞു. അപ്പനും ഇച്ചായനും തമ്മിൽ ഉണ്ടായേക്കാവുന്ന ഒരു യുദ്ധം ഒഴിവാക്കാൻ എനിക്ക് ഇതേ ഒരു മാർഗ്ഗം ഉള്ളൂ എന്ന് അറിവുള്ളതുകൊണ്ട് ഞാൻ ഇച്ചായന്റെ കൂടെ ഇറങ്ങി പോകുന്നു. 

അമ്മച്ചി വിളികുറിക്കു വേണ്ടി  സ്വരൂപിച്ചുകൊണ്ട് അപ്പൻ കാണാതെ ചായ്പ്പിലെ ഉറിയിൽ ഇട്ടുവച്ച കുറിപൈസയും, അപ്പച്ചൻ ചേനയും ചേമ്പും കാച്ചിലും വിറ്റതിൽ നിന്നും അമ്മച്ചികാണാതെ കള്ളുകുടിക്കാനായി വകമാറ്റി കോഴിക്കൂടിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്ന പൈസയും എല്ലാം ഞാൻ എടുക്കുന്നു. ഞങ്ങൾക്കു രണ്ടു മാസം ചിലവിന് ഉള്ളതായല്ലോ..! 

ഹൈറേഞ്ചിൽ നിന്നും ശമ്പളം അല്ലാതെ വേറെ ഒന്നും ഉണ്ടാവില്ല എന്ന് ഇച്ചായൻ പറഞ്ഞു. നിങ്ങൾ വിഷമിക്കരുത് ഞങ്ങളെ അന്വേഷിക്കണ്ട. കുറച്ചുകാലം കഴിയുമ്പോൾ നിങ്ങൾക്കു രണ്ടുപേർക്കും ഞങ്ങളോട് വിരോധം ഇല്ല എന്ന് തോന്നിയാൽ വന്നു കാണാം. അതുകൊണ്ടു കർത്താവിന്റെ നാമത്തിൽ ഈ പാപികികളോട് പൊറുക്കുവാൻ നിങ്ങൾക്ക് രണ്ടു പേർക്കും സാധിക്കുവാൻ കർത്താവു കരുണകാണിക്കുമാറാകട്ടെ..! 

ആമേൻ. 

എന്ന് അപ്പച്ചന്റെയും അമ്മച്ചിയുടെയും പുന്നാരമകൾ   

ശോശാമ്മ

ഒപ്പ്.

അതിൽ ആദ്യം വിരിഞ്ഞ പൂവാണ് മേരിക്കുട്ടി എന്ന് വിളിപ്പേരുള്ള  ഷീല. കുഞ്ഞിന്  മാതാവിന്റെ  വിളിപ്പേര് മതി എന്ന് വാശിപിടിച്ചത് ശോശാമ്മയാണ് തനിക്കിഷ്ടം ഷീല എന്നായിരുന്നു. 

അപ്പനേയും അമ്മയേയും ഓർമയില്ലാത്ത അഗസ്റ്റിൻ കർത്താവും മാതാവും ശോശാമ്മയും കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് സിനിമാ നടൻ നസീറിനേയും ഷീലയേയും ആയിരുന്നു. ഷീലക്കു ശേഷം ഒരു മകനുണ്ടായപ്പോൾ അവനു നസീർ എന്ന് പേരിടാൻ പറ്റില്ല എന്ന് ഫാദർ പറഞ്ഞതുകൊണ്ട് സീസർ എന്നാക്കി ..!

നസീറും ഷീലയും കൂടി അഭിനയിച്ച നൂറ്റിമുപ്പത്തിമൂന്നു സിനിമകളും കണ്ടിട്ടുള്ള ഒരേ ഒരു മനുഷ്യനും ചിലപ്പോൾ താനാവും എന്ന് അഭിമാനത്തോടെ ഓർക്കാറുണ്ട് അഗസ്റ്റിൻ.! 

അന്നവിടെ നിന്നും മുങ്ങി പിന്നെ പൊങ്ങിയത് ഇങ്ങു വടക്കുള്ള വയനാടാണ്. ശോശാമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു ചെറിയ സ്വർണ്ണ ചെയിനും തനിക്കു കൂലിയായി ഹൈറേഞ്ചിലെ ചെക്ക് ഡാമിൽ നിന്നുകിട്ടിയതും ശോശാമ്മ വീട്ടിൽ നിന്നും അടിച്ചുമാറ്റിയതും എല്ലാം കൂട്ടി ആദ്യം ഒരു ചെറിയ പീടിക തല്ലിക്കൂട്ടി. ഇന്നത് വലിയ ഒരു സൂപ്പർമാർക്കറ്റായി മാറിയിരിക്കുന്നു.

അത്യാവശ്യം നല്ലൊരു വീടും വാഹനവും ആയിരിക്കുന്നു. സത്യം പറഞ്ഞാൽ ശോശാമ്മക്കും അപ്പനില്ലാത്ത തനിക്കും അവളുടെ അപ്പനെയും അമ്മയേയും കാണാൻ ആഗ്രഹമുണ്ട്. പക്ഷേ ആ തോക്ക് ഇന്നും മനസ്സിൽ ഒരു ഭീതി ഉണ്ടാക്കുന്നതുകൊണ്ടു തന്നെ ആ കാര്യം ആലോചനയിലേക്കു വരുമ്പോഴേ വെള്ളത്തണ്ടുകൊണ്ടു സ്ളേറ്റിൽ എഴുതിയത് മാച്ചുകളയും പോലെ അഗസ്റ്റിൻ ആ ആഗ്രഹത്തെ ഇല്ലാതാക്കും.

''മാതാവിന്റെ  വിളിപേരുള്ള ആ കുട്ടിയെ ആണ് കാണാൻ ഇല്ലാത്തത്. കർത്താവേ പരീക്ഷിക്കരുതേ...'' 

അഗസ്റ്റിൻ അവളുടെ ഉറ്റ കൂട്ടുകാരിയായ ദേവിയുടെ വീട്ടിലെത്തി. അവളുടെ അച്ഛൻ പൊലീസിലെ വലിയ ഒരു ഓഫിസർ ആണ്. ദേവിയെക്കൊണ്ട് പറയിപ്പിച്ചുകൊണ്ട് പൊലീസിനെ കൂടി തിരച്ചിലിന്റെ ഭാഗമാക്കാം. നാട്ടുകാർ ആരെങ്കിലും അറിഞ്ഞാൽ അത് അവളുടെയും തന്റെയും പേരിനെ ബാധിക്കും.

എപ്പോഴും സൂപ്പർമാർക്കറ്റിൽ വന്നിരുന്നു കത്തിയടിക്കാറുള്ള  ജിമ്മിച്ചന്റെ മൂത്തമോൻ അമേരിക്കയിൽ ആണ്. അവനെ കൊണ്ടൊരു ബന്ധം ഉണ്ടാക്കാൻ ഉള്ള കാഞ്ഞ ബുദ്ധിയുടെ പ്രയോഗത്തിൽ ആണ് താൻ. അതുകൊണ്ട് ആരും ഒന്നും അറിയാൻ പാടില്ല. ഇനി താൻ പണ്ട് ശോശാമ്മയെ പൊക്കിയപോലെ മേരിയെ ആരെങ്കിലും പൊക്കി കാണുമോ കർത്താവേ! തന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്തവനാണ് എങ്കിൽ അവളറിയാതെ അവനെ താൻ കൊല്ലും..! അഗസ്റ്റിൻ ദേവിയുടെ വീട്ടിൽ എത്തിയതും ദേവി ഇറങ്ങി വന്നു.

''കുഞ്ഞേ മേരികുഞ്ഞ് എങ്ങാനും ഇവിടെ ഉണ്ടോ ''

''ഇല്ലല്ലോ അങ്കിൾ, അല്ല അവൾ ഇതുവരെ വന്നില്ലേ? ഇന്നുച്ചയ്ക്കു ശേഷം അവളെ ഞാൻ കോളജിൽ കണ്ടിട്ടില്ല. എങ്ങോട്ടെങ്കിലും പോവുന്നുണ്ടെങ്കിൽ ഞാനറിയാതിരിക്കില്ല ഇതിപ്പോ എന്ത് പറ്റി?''  

''ഞാൻ അകെ തളരുന്നു കുഞ്ഞേ..., ഇത്തിരി വെള്ളം എടുക്കൂ'' ദേവി കൊണ്ടു വന്ന വെള്ളം ഒറ്റയിറക്കിന് കുടിച്ചു തീർത്ത് അഗസ്റ്റിൻ ചോദിച്ചു 

''അച്ഛനെവിടെ കുഞ്ഞേ... ഒന്ന് വിളിക്കാവോ..?''

''അച്ഛൻ തിരുവനന്തപുരത്താ അങ്കിൾ ഈ വീക്ക് എന്റിൽ വരും ന്നാ പറഞ്ഞേ. അങ്കിൾ പേടിക്കാതിരിക്കൂ, ഞാനും കൂടി വരാം നമ്മൾക്ക് കോളജിൽ ഒന്ന് നോക്കാം എവിടെ എങ്കിലും വയ്യാതെ ഇരിക്കുന്നുണ്ട് എങ്കിലോ? ''

''കർത്താവേ ചതിച്ചോ '' ദേവി അത് പറഞ്ഞതും അയാളുടെ ഉള്ളിൽ നിന്നും ഒരു നിലവിളി പുറത്തേക്കു വന്നു.

ദേവി പറഞ്ഞു 

''എന്തായാലും ഇനി അങ്കിൾ വണ്ടി ഓടിക്കണ്ട ഞാൻ ഏട്ടനെ വിളിക്കാം. ഒന്നും ഉണ്ടാവില്ല നമ്മുക്ക് നോക്കാം വരൂ... പക്ഷേ ഒരുകാര്യം കോളജിൽ വാച്ച്മാൻമാരുടെ ഇടയിൽ പോയി കർത്താവിനെ വിളിച്ചു കരയരുത്. അവരൊക്കെ അറിഞ്ഞാൽ നാണക്കേടാണ് എന്തെങ്കിലും കാണാൻ ഇല്ലാത്തതു തിരഞ്ഞു വന്നതാന്നേ പറയാവൂ ''

വാച്മാന്മാരേയും കൂട്ടി കോളജിലെ മുക്കും മൂലയും അവർ അരിച്ചു പെറുക്കി. കൂടെ നടന്നു വലഞ്ഞ അവർ ''നിങ്ങൾ നോക്കീട്ടു വരൂ'' എന്നും പറഞ്ഞുകൊണ്ട് മെയിൻ ഗേറ്റിലേക്ക് പോയി. അവർ സ്ഥലം വിട്ടതോടെ അത്യാവശ്യം ഉച്ചത്തിൽ തന്നെ മേരിയുടെ പേരെടുത്തു വിളിച്ചുകൊണ്ടവർ അവിടം മുഴുവൻ പരതി ചെറിയ ഒരു സൂചനപോലും ഇല്ലാതെ തിരിച്ചു വന്നു വണ്ടിയിൽ കയറി.   കാണെക്കാണെ അഗസ്റ്റിൻ നിലത്തു കുത്തിയിരുന്നുകൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞു.!

''അങ്കിൾ വീട്ടിലേക്കൊന്നു വിളിച്ചു ചോദിച്ചോ..?''

''ഇല്ല കുഞ്ഞേ മേരി എന്റടുത്തുവന്നതിന് ശേഷം ഞങ്ങൾ രണ്ടാളും കൂടിയല്ലേ വീട്ടിൽ പോകാറ് ഇപ്പോൾ സമയം രാത്രി എട്ടുമണിയാവുന്നു. ഞാനിപ്പോൾ ഈ നേരത്തു എങ്ങിനെ ചോദിക്കും മേരി അവിടെ എത്തിയോ എന്ന്..?''  

''ഞാനും വിളിച്ചു നോക്കി അങ്കിൾ ഫോൺ അടിക്കുന്നുണ്ട് എടുത്തില്ലായിരുന്നു വീട്ടിലെ ലാൻഡ് ലൈൻ നമ്പറിൽ ഒന്ന് വിളിക്കാം''

ദേവി ഡയൽ  ചെയ്തതിനു ശേഷം കുറെ നേരം റിങ് അടിച്ചാണ് ഫോൺ അറ്റന്റ് ചെയ്തത്. 

''ആന്റീ, അങ്കിളും മേരിയും കൂടി കടപൂട്ടി വീട്ടിലെത്തിയോ..?''

''ഒന്നും പറയണ്ട മോളെ, അങ്കിളിനെ എത്രവട്ടം വിളിച്ചു... ഫോൺ എടുക്കണ്ടേ.. കടയിൽ വിളിച്ചപ്പോൾ അവിടെ നിന്നും എങ്ങോട്ടോ പോയി എന്നുപറഞ്ഞു. നന്നായി നീ വിളിച്ചത് നീ അങ്കിളിനെ എങ്ങിനെ എങ്കിലും വിളിച്ചിട്ട് ഒന്ന് വേഗം ഇങ്ങോട്ടു വരാൻ പറ ട്ടാ..!   

ങാ  അതുപോലെ രാവിലെ ഒന്നിതുവരെ വരാൻ മറക്കണ്ട. വിശേഷം ഉണ്ട് അത്രയും പറഞ്ഞവർ ഫോൺ താഴെവച്ച് പോയി.!'' 

''ദേവി വീണ്ടും തിരിച്ചു വിളിച്ചപ്പോൾ ഫോൺ എൻഗേജ് ആയിരുന്നു ഇനി മേരിയെ വിളിക്കാൻ പോയതായിരിക്കുമോ എന്തുകൊണ്ട് അവൾ വിളിച്ചപ്പോൾ മൊബൈൽ എടുത്തില്ല! ഫോണിലൂടെ ഉള്ള സംഭാഷണത്തിൽ വാക്കുകൾ മുഴുവനാക്കാതെ മുറിക്കുമ്പോൾ അതൊരു പൂർണ്ണതയില്ലാത്ത സംസാരമായി മാറും എന്ന് ഇവർക്കൊന്നും മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? ദേവി പക്ഷേ സംശയങ്ങൾ ഒന്നും അഗസ്റ്റിനോട് പറയാനോ ചോദിക്കാനോ പോയില്ല. ലാൻഡ് ലൈനിലേക്കും മൊബൈലിലേക്കും അവൾ തുടരെ തുടരെ ട്രൈ ചെയ്തുകൊണ്ടിരുന്നു.

''അങ്കിൾ ഞങ്ങൾ ഉച്ചക്ക് ഇടയ്ക്കു പോയിരിക്കാറുള്ള ഒരു ഇന്റർനെറ്റ് കഫേ ഉണ്ട് അതിൽ ഒന്ന് ചോദിക്കാം'' 

കോളജിന് പുറത്തുവന്ന്, അവരെ അവിടെ നിർത്തി ദേവി കഫേയിലേക്കു പോയി അതിനേക്കാൾ സ്പീഡിൽ ഇറങ്ങിവന്നു.

''അങ്കിൾ എന്തോ ചതി നടന്നിട്ടുണ്ട്. അവൾ ഉച്ചയ്ക്കിവിടെ വന്നു. പോകാൻ നേരം  ഒരുവണ്ടി  വന്നു. അതിൽ നിന്നും ആരൊക്കെയോ ഇറങ്ങി വന്ന് അവളെ കെട്ടിപിടിച്ച് കരഞ്ഞു എന്നും അവൾ ആ വണ്ടിയിൽ കയറി പോകുന്നത് കണ്ടു എന്നും അയാൾ പറഞ്ഞു.!''

അഗസ്റ്റിൻ രണ്ടുകയ്യും തലയിൽ വെച്ച് നിലത്തു കുത്തിയിരുന്നു കൊണ്ട് ഏങ്ങലടിച്ചു കരഞ്ഞു... ദേവിയും സഹോദരനും ആളുകൾ കൂടുന്നത് കണ്ടപ്പോൾ അയാളെ പിടിച്ചു വണ്ടിയിൽ ഇരുത്തി അവിടെ നിന്നും വേഗം തങ്ങളുടെ വീട്ടിലേക്കു വന്നു.

അവിടെ എത്തിയതും അഗസ്റ്റിൻ ഉടൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി തന്റെ ഫോൺ എടുത്തു വീട്ടിലേക്കു ഡയൽ ചെയ്തു.

''നിങ്ങൾ ഇത് എവിടെ കിടക്കുന്നു മനുഷ്യാ ഒന്നിത്രടം വേഗം വരൂ... ഞാൻ അഞ്ചുമണിക്ക് തുടങ്ങിയ വിളിയാ''

''ഡീ നമ്മുടെ മോള്... ഇതുവരെ വന്നില്ല. എനിക്ക് കയ്യും കാലും വിറയ്ക്കുന്നു...''

"ആ... ഇനി വിറയ്ക്കാൻ കിടക്കുന്നേ ഉള്ളൂ നിങ്ങൾ പണിക്കാരോട് സമയമാവുമ്പോൾ അത് അടച്ചുപോകാൻ പറഞ്ഞിട്ട് വീട്ടിലേക്കു വാ മനുഷ്യാ ''         

അത്രയും പറഞ്ഞു കൊണ്ട് ശോശാമ്മ ഫോൺ കട്ട് ചെയ്തു. അഗസ്റ്റിന് കയ്യിൽ ഉള്ള ഫോൺ വലിച്ചെറിഞ്ഞു പൊട്ടിക്കാൻ ഉള്ള ദേഷ്യമാണ് വന്നത്. ദേഷ്യവും സങ്കടവും കൂടി അയാൾ ഭ്രാന്തിന്റെ വക്കിൽ എത്തിയിരുന്നു.

''ദേവിമോളെ നീ ഒന്നുകൂടി വിളിച്ചു നോക്ക് അവൾ വീട്ടിൽ എത്തിയിട്ടുണ്ടോ എന്ന് ''

''..എത്തിയിട്ടുണ്ടാവും അങ്കിൾ അതുകൊണ്ടാണ് ആന്റി വേഗം പോകാൻ പറഞ്ഞത്.! വരൂ ഞങ്ങൾകൂടി വരാം അങ്കിൾ എന്തായാലും ഇപ്പോൾ കാർ ഓടിക്കണ്ട ഞങ്ങൾ രണ്ടുപേരും ഓരോന്ന് എടുക്കാം ഷോപ്പിലേക്ക് വിളിച്ചു വരുന്നില്ല എന്ന് പറഞ്ഞാൽ മതി ''  

അവർ വീട്ടിൽ എത്തുമ്പോൾ മുറ്റത്തൊരു കാർ നിൽപ്പുണ്ടായിരുന്നു പുറത്തൊന്നും ആരെയും കാണുന്നില്ല. അവർ വണ്ടിയിൽ നിന്നും ഇറങ്ങി സിറ്റൗട്ടിലേക്കു കയറാൻ നിന്നതും ഒരു ഇരട്ടക്കുഴൽ തോക്കിന്റെ കുഴൽ മാത്രം വാതിലിനിടയിലൂടെ ആദ്യം പുറത്തേക്കു വന്നു.

അവർ മൂന്നു പേരും പെട്ടെന്ന് പിന്നിലേക്ക് ചാടിയിറങ്ങി. വാതിൽ തുറന്നു പുറത്തിറങ്ങിയ ആളെക്കണ്ട് അഗസ്റ്റിൻ ഒരടികൂടി പിന്നിലേക്ക് ഇറങ്ങി നിന്നു അവറാച്ചൻ! ശോശാമ്മയുടെ അപ്പൻ..! ശബ്ദം വളരെ മൂർച്ചയാക്കികൊണ്ട് അവറാച്ചൻ പറഞ്ഞു.

''അലവലാതി...! നിന്നെ ഞാൻ കണ്ടുപിടിക്കില്ലെന്നു കരുതിയോ? തെക്കൻമല ഇട്ടിയുടെ മകൻ അവറാച്ചനാ ഞാൻ''

അഗസ്റ്റിനും ദേവിയും സഹോദരനും നിന്ന നിൽപ്പിൽ വിറങ്ങലിച്ചുപോയപോലെ..!

''അവളെ അന്ന് നീ കൂട്ടികൊണ്ടു പോയപ്പോൾ ഞങ്ങൾ അനുഭവിച്ച വേദന നിനക്കൊന്നു കാണിച്ചുതരാൻ കർത്താവു ഇടവരുത്തിയതാ ഇപ്പോൾ നീ കണ്ടത്..!''

അത്രയും പറഞ്ഞു കൊണ്ട് അവറാച്ചൻ തോക്കുതാഴെ ഇട്ടതും പിന്നിൽ മറഞ്ഞിരുന്ന എല്ലാവരും കൂടി പുറത്തേക്കു ചിരിച്ചു കൊണ്ട് കടന്നു വന്നു...!

അഗസ്റ്റിന് ചിരിക്കണോ കരയണോ എന്നൊന്നും മനസ്സിലായില്ല. എല്ലാവരും നോക്കി നിൽക്കെ അവറാച്ചൻ മെല്ലെ ഉമ്മറത്തേക്ക് വന്ന് രണ്ടുകയ്യും നീട്ടി അഗസ്റ്റിനെ വിളിച്ചു.

''ഇങ്ങു വാടാ ഉവ്വേ ..ഈ അപ്പനെ ഒന്ന് കെട്ടിപിടിയെഡേ..! എന്നാലും നീ ഈ അപ്പച്ചനെ കുറെ തീ തീറ്റിച്ചല്ലോടാ ഉവ്വേ...!  ഏതൊരു മക്കളും  ഇതുപോലെ ചെയ്യുമ്പോൾ ഒരു വട്ടമെങ്കിലും അപ്പന്റെയും അമ്മയുടെയും വിഷമം ഒർക്കാത്തതെന്താടാ ഉവ്വേ"

കണ്ടുനിന്നവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി. 

"ഞങ്ങൾ വർഷങ്ങളോളം അലഞ്ഞെടാ ഉവ്വേ..! ആദ്യം ഞങ്ങൾ കണ്ടത് എന്റെ ഷീല മോളെയാ... കാര്യങ്ങൾ അറിഞ്ഞപ്പോൾ വല്യപ്പച്ചന്‌ മധുരപകരം വീട്ടാൻ ഉള്ള അവസരം ഉണ്ടാക്കിയത് മോളും കൂടി കൂടിയിട്ടാ... നീ ക്ഷമിക്കടാ ഉവ്വേ..."

അഗസ്റ്റിൻ കണ്ണിൽ നിന്നും വീണ കണ്ണുനീർ തുടച്ചുകൊണ്ട് ആ അപ്പനെ ഗാഢഗാഢം പുണർന്നു.!

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA