ആൺ ഉടലിൽ പെൺമനസ്സ് ഒളിപ്പിച്ചു ജീവിക്കേണ്ടി വന്നവർ

trans
പ്രതീകാത്മക ചിത്രം
SHARE

യാത്ര (കഥ)

മുംബൈയിയില്‍നിന്നും കേരളത്തിലേക്കുള്ള ഒരു തീവണ്ടി യാത്രയിലായിരുന്നു അവളെ ഞാന്‍ പരിചയപ്പെടുന്നത്. ഒരു ജന്മം പേറുന്ന ഇരട്ടജന്മങ്ങളുടെ ഇഴചേരലുകള്‍ക്കിടയില്‍ ജന്മനാടിനും ജനിപ്പിച്ചവര്‍ക്കുമിടയില്‍ സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കുവാന്‍ കഴിയാതെ പോയൊരു മനുഷ്യ ജന്മം. 

ഒരുപക്ഷേ 'അവള്‍ ' എന്ന വാക്കുകൊണ്ട് അഭിസംബോധന ചെയ്യുവാന്‍ എന്‍റെ തൂലികക്കു ശക്തി നല്‍കിയതു കൊണ്ടാകാം ഇന്നലകളില്‍ കണ്ടു മറഞ്ഞൊരു മുഖമായ് മറന്നു കളയുവാന്‍ ആകുമായിരുന്നില്ല എനിക്കവളെ.

                          

" നടാഷാ...നിങ്ങള്‍ നന്നായി മലയാളം സംസാരിക്കുന്നുണ്ടല്ലോ!" അഭിനന്ദന സൂചകമായ എന്‍റെ വാക്കുകള്‍ ഞാന്‍ പ്രതീക്ഷിച്ച അത്രയും കര്‍ണ്ണസുഖം അവരില്‍ ഉളവാക്കിയില്ലെന്നു തോന്നി.

"അതേയോ? 'മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മർത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍' എന്നല്ലേ വള്ളത്തോള്‍ പറഞ്ഞിരിക്കുന്നത്.."അവള്‍ ചിരിച്ചുകൊണ്ട് മറുപടി പറയുമ്പോള്‍ ഞാന്‍ അമ്പരന്നിരിക്കുകയായിരുന്നു.

മലയാള ഭാഷയോട് ഇത്രയേറെ അടുപ്പമുള്ള, ഒരു കവിയുടെ വരികള്‍ ഉദ്ധരിക്കുന്ന ഒരു ട്രാൻസ്ജെൻഡർ!! എനിക്കു ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു അത്.

"നിങ്ങള്‍ പുസ്തകങ്ങളൊക്കെ വായിക്കാറുണ്ടോ ?"എന്‍റെ വാക്കുകളില്‍ മുഴച്ചുനിന്ന അതിശയോക്തി കൊണ്ടാകാം അവള്‍‍ എന്നെ സൂക്ഷിച്ചു നോക്കി

"അതെന്താ എനിക്കു വായിച്ചുകൂടാ എന്നുണ്ടോ?"അവളുടെ സ്വരം അല്‍പം പരുക്കനായി. ഒരുവേള ചില അസാധാരണതകള്‍ നല്‍കുന്ന അടുപ്പം അവള്‍ ആഗ്രഹിക്കുന്നില്ല എന്ന് എനിക്ക് തോന്നി.

"അങ്ങനെയല്ല..അതുപിന്നെ.. ഞാന്‍ ഉദ്ദേശിച്ചത്.." ഒരു മറുപടിക്കായ് പരതുമ്പോള്‍ അതു ചോദിക്കേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി. 

കണ്‍മുന്‍പില്‍ കണുന്ന അറിവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെവണ്ണം ചെറുതായി പോകുന്ന ചിന്തകളുടെ വാതിലുകളുടെ വലുപ്പകുറവ്!

ഒരുപക്ഷേ മറ്റുള്ളവര്‍ എങ്ങനെ ആയിരിക്കണം എന്ന് മനസ്സിന്‍റെ ഇരുളടഞ്ഞ കോണുകളില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്ന ചില മുന്‍വിധികളാകാം അങ്ങനെ ഒരു ചോദ്യത്തിനെന്നെ പ്രേരിപ്പിച്ചതെന്നോര്‍ക്കുമ്പോള്‍ വിപ്ളവത്തിലേക്കുള്ള നാള്‍വഴികളിലെ അദൃശ്യമായ ഒരു ചങ്ങല കൂടി ഞാന്‍ കണ്ടെത്തുകയായിരുന്നു.

കുറച്ചുനേരം ഞങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട മൗനത്തിനിടയില്‍ ഞാന്‍ അവളെപ്പറ്റി ആയിരുന്നു ചിന്തിച്ചിരുന്നത്. കാഴ്ചയില്‍ സൗന്ദര്യവതിയായൊരു സ്ത്രീ. എങ്കിലും അമിതമായ മേക്കപ്പും മറയ്ക്കുവാന്‍ ശ്രമിച്ചിട്ടും മായാത്ത കറുപ്പുരാശി പോലെ തോന്നിപ്പിച്ച മുഖരോമങ്ങളും സ്ത്രീശബ്ദം അമിതമായി കലര്‍ന്ന് ഗാംഭീര്യം നഷ്ഷ്ടപ്പെട്ട പുരുഷസ്വരവും അവര്‍ ഒരു ട്രാൻസ്ജെൻഡർ തന്നെയാണ് എന്ന് തോന്നിപ്പിച്ചിരുന്നു. പക്ഷേ ചില സിനിമകളിലും മറ്റും കണ്ടിട്ടുള്ള എപ്പോഴും കൊഞ്ചികുഴഞ്ഞ് സംസാരിക്കുന്ന ഹിജഡകളില്‍നിന്നു തികച്ചും വ്യത്യസ്ത ആയിരുന്നു അവള്‍.

നിഷ്കളങ്കമായ കണ്ണുകളുള്ള, മലയാളം സംസാരിക്കുന്ന , പുസ്തകങ്ങള്‍ വായിക്കുന്ന ട്രാൻസ്ജെൻഡർ!.

ഓര്‍ക്കും തോറും അവളെപ്പറ്റി ഒരുപാട് അറിയുവാന്‍ മനസ്സില്‍ ഒരു ജിജ്ഞാസ. അവള്‍ പിന്നിട്ട വഴികളിലൂടെ ഒരു മടക്കയാത്രയ്ക്കു മോഹം.

"ഇതെവിടെ എത്തിയിരിക്കും?" വൈകിയോടുന്ന തീവണ്ടിയുടെ വേഗക്കുറവിലുള്ള അമര്‍ഷം അവളുടെ വാക്കുകളില്‍ പ്രകടമായിരുന്നു. 

അതില്‍ എനിക്കും അതൃപ്തി ഉണ്ടായിരുന്നു.ഇപ്പോള്‍ കടന്നുപൊയ്കൊണ്ടിരിക്കുന്ന സ്ഥലത്തിന്‍റെ പേരറിയില്ലെങ്കിലും കുറച്ചു മുന്‍പു പിന്നിട്ട സ്റ്റേഷന്‍റെ പേര്  ഞാനോര്‍ത്തു.

."രത്നഗിരി കഴിഞ്ഞു" ഞാന്‍ പറഞ്ഞു.സത്യത്തില്‍ തീവണ്ടി അവിടം പിന്നിട്ട് മണിക്കൂറുകളായിരുന്നു.

കുറച്ചു മുന്‍പു നടന്ന സംഭാഷണത്തിന്‍റെ വെറുപ്പുകള്‍ ഒന്നും തന്നെ ഇല്ലാതെ അവള്‍ എന്നെ നോക്കി മന്ദഹസിച്ചു.

"കേരളത്തില്‍ എവിടെയാണ് നാട്?"ചോദിച്ചതിനു ശേഷമാണ് അതു വേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നിത്. 

"ഹരിപ്പാട് അറിയുമോ?"ഞാന്‍ പ്രതീക്ഷിച്ചതിലും മയമുള്ളതായിരുന്നു അവരുടെ മറുപടി. ഞാന്‍ അറിയാം എന്നു തലയാട്ടി.

"ഇപ്പോള്‍ നാട്ടിലേക്കാണോ?" അവരുമായി ഒരു സൗഹൃദ സംഭാഷണത്തിന് ഞാന്‍ ആഗ്രഹിച്ചു.

"എവിടെ കേരളത്തിലേക്കോ? അതൊരു നശിച്ച നാടാണ്. നിങ്ങള്‍ക്ക് ആരേയും മനസ്സിലാക്കുവാന്‍ കഴിയില്ല. പുരോഗമനം വിളിച്ചോതുമ്പോഴും ഹൃദയം വേലിക്കെട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുന്നവരാണ് അവിടെ അധികവും!! 

സദാചാരം സദുദ്ദേശത്തേക്കളേറെ മറ്റുള്ളവന്‍റെ സ്വകാര്യതയിലേക്കു കടന്നു കയറുവാനുള്ള അവകാശമായ് ധരിച്ചുവച്ചിരിക്കുന്നവര്‍!!!" ജന്മ നാടിനോടുള്ള അമര്‍ഷം അവരുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

എല്ലാ നാടുകളും അങ്ങനെയൊക്കെത്തന്നെയല്ലേ എന്നെനിക്കു ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. കാരണം ഒരുപക്ഷേ എന്നേക്കാള്‍ കൂടുതല്‍ ലോകം കണ്ടത് അവളാകാം.

"ഇവിടെ മുംബൈയില്‍ എവിടെയാണ്?"അവര്‍ എന്‍റെ ചോദ്യം കേട്ടില്ലെന്നു തോന്നി.

പുറത്തേക്കു നോക്കിയിരിക്കുന്ന കണ്ണുകള്‍ ഉള്‍കാഴ്ചകളിലൂടെ പുറകിലേക്കു സഞ്ചരിക്കുകയായിരിക്കാം 

നിര നിരയായി തമ്മില്‍ ബന്ധിപ്പിക്കാതെ അടുക്കിയിരിക്കുന്ന ഇരുമ്പുകഷ്ണങ്ങള്‍ക്ക് മുകളിലൂടെയാകാം തീവണ്ടി കടന്നു പോകുന്നതെന്നെനിക്കു തോന്നി. ഓരോ ചക്രവും കയറി ഇറങ്ങുമ്പോള്‍ അവ നിരതെറ്റുന്നു.പരസ്പരം ഉരുമ്മിയിരുന്ന  അരികുകളുടെ ചൂടു നല്‍കിയ സ്വസ്ഥതയില്‍നിന്ന് വ്യതിചലിക്കപ്പെടുമ്പോള്‍ അവ നിലവിളിക്കുന്നു, പിറുപിറുക്കുന്നു.

"കല്യാണ്‍."അല്‍പസമയത്തിനു ശേഷമായിരുന്നു മറുപടി.

"ഇവിടെ എങ്ങനെ എത്തിപ്പെട്ടു?"എന്‍റെ ജിജ്ഞാസ നിറഞ്ഞ ചോദ്യങ്ങള്‍ അവള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിച്ചിരുന്നു.

"ഓടിവന്നതാണ്"എന്‍റെ ചോദ്യങ്ങള്‍ അവരിലേക്ക് തന്നെ ഒരു മടങ്ങിപ്പോകലുകള്‍ ആയി മാറുന്നുവോ എന്ന് തോന്നിക്കും വിധം വളരെ സാവധാനത്തിലായിരുന്നു അവളുടെ മറുപടികള്‍.

"എന്തിന്?"വളരെ നിസ്സാരവും സ്വാഭാവികവുമായ എന്‍റെ ചോദ്യത്തിന് അവള്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കുക മാത്രമാണ് ചെയ്തത്.

ഞാന്‍ ഒരു മറുപടി ആഗ്രഹിക്കുന്നുവെന്ന് എന്‍റെ മുഖഭാവത്തില്‍ നിന്നു മനസ്സിലാക്കിയതിനാലാകാം അല്‍പസമയത്തിനു ശേഷം അവള്‍‍ വീണ്ടും ഒരു മറു ചോദ്യം ചോദിച്ചു:

"പറഞ്ഞാല്‍ നിങ്ങള്‍ക്കു മനസ്സിലാകുമോ?"

ഇത്തവണ ഞാനാണ് മൗനത്തിലായത്. ഒരുപക്ഷേ ഞാനുള്‍പ്പെടുന്ന ഒരു സമൂഹം മൂലമാകാം അത് എന്ന തിരിച്ചറിവില്‍ എനിക്കു മറുപടി പറയുവാന്‍ വാക്കുകളില്ലായിരുന്നു.

ഈ തീവണ്ടിമുറിയിലേക്കാണെങ്കിലും ആദ്യമായ് കടന്നു വരുമ്പോള്‍ അവളുടെ സാന്നിധ്യം എന്നെ അലോരസപ്പെടുത്തിയിരുന്നുവല്ലോ എന്നു ഞാന്‍ ഓര്‍ത്തു. വ്യക്തിപരമായി എനിക്കൊരു ശല്യവുമില്ലാതെ അവര്‍ക്കനുവദിച്ചിട്ടുളള ഇരിപ്പിടത്തില്‍ മാന്യമായിരിക്കുന്ന അവളോടു തോന്നിയ ആ വെറുപ്പിന്‍റെ അദൃശ്യമായ ആ മറ തന്നെയാകാം അവളെ ഇവിടെയെത്തിച്ചതെന്നെനിക്കു തോന്നി.

മുന്‍വിധികള്‍ അഴിച്ചു കളയേണ്ടവ തന്നെയാണ് എന്നുറപ്പുള്ളതു കൊണ്ടാകാം എനിക്കവളോടു സഹതാപം തോന്നി.

തീവണ്ടി ഏതോ ഒരു തുരങ്കത്തിലൂടെ കടന്നുപോകുകയായിരുന്നു. ഇടയ്ക്കുള്ള ഈ തുരങ്ക പ്രവേശങ്ങളുടെ അസഹനീയമായ ശബ്ദകോലാഹലം അവള്‍ക്കും വളരെ അലോസരമായി തോന്നിയിട്ടായിരിക്കാം ഓരോ തുരങ്ക പ്രവേശത്തിലും രണ്ടു കൈകള്‍കൊണ്ടും അവള്‍ കാതുകള്‍ അടച്ചു പിടിച്ചിരുന്നു.

പുറത്തേക്കു  നോക്കി ഇരിക്കുന്ന അവരുടെ മിഴികള്‍ ഏതോ ഭൂതകാലസ്മൃതികളില്‍ മുഴുകിയിരിക്കുകയാണെന്നു തോന്നി. തുരങ്ക പ്രവേശത്തിനു ശേഷം ഇരുമ്പുകഷ്ണങ്ങളുടെ നിലവിളി തെല്ലൊന്നടങ്ങിയിരിക്കുന്നു. ഇപ്പോളവ പിറുപിറുക്കുകയാണ്.

"അച്ഛന്‍.., അമ്മ..വീട്.."എന്‍റെ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പേ അവള്‍ പറഞ്ഞു തുടങ്ങി. 

"എല്ലാവരുമുണ്ട്. അച്ഛന്‍, അമ്മ ,ഒരു ചേച്ചി.."

അല്‍പനേരത്തെ മൗനത്തിനു ശേഷം അവള്‍ തുടര്‍ന്നു;

"അച്ഛന് ഒരു തടി മില്ലിലായിരുന്നു ജോലി."

"അമ്മ..?"

"അമ്മ ജോലിക്കൊന്നും പോയിരുന്നില്ല. ചേച്ചി എന്നെക്കാള്‍ നാലു വയസ്സിനു മൂത്തതായിരുന്നു."വിഷാദം കലര്‍ന്ന വാക്കുകള്‍ക്കിടയിലുള്ള ദൂരത്തിന് ഒരുപാടു വര്‍ഷങ്ങളുടെ പഴക്കമുള്ള ഓര്‍മകളുടെ ഗന്ധമുണ്ടായിരുന്നു.

ജോലിക്കായി ഈ നഗരത്തിലേക്കു വരുന്നതിനു മുന്‍പായിരുന്നുവങ്കില്‍ ആ വാക്കുകളുടെ പിന്നാമ്പുറങ്ങളിലെ വേദനകള്‍ എനിക്ക്  മനസ്സിലാകുമായിരുന്നില്ല. വീട്ടുകാരെക്കുറിച്ചുള്ള മറുപടികള്‍ക്കൊപ്പം ആ കണ്ണുകളില്‍ ജന്‍മം കൊണ്ട നീര്‍ത്തുള്ളികളുടെ താപനിലയും മനസ്സിലാകുമായിരുന്നില്ല.

വീടും വീട്ടുകാരെയുമെല്ലാം പിരിഞ്ഞുള്ള ജീവിതം ഒരു കാത്തിരിപ്പാണ്‌, തിരികെ മടങ്ങുന്ന നാളിനായുള്ള കാത്തിരിപ്പ്.!!

"വീട്ടിലേക്കു പോകാറുണ്ടോ?"എന്‍റെ വാക്കുകള്‍ മൃദുവും അലിവുള്ളതുമായ് മാറുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

"ഇങ്ങനെയോ!!?"അവര്‍ സ്വന്തം ശരീരത്തിലേക്കു നോക്കി ചിരിച്ചു. പക്ഷേ ആ ചിരി പെട്ടന്നു തന്നെ ഒരു വിഷാദത്തിനു വഴിമാറിക്കൊടുത്തതു പോലെ..

"ആഗ്രഹമുണ്ട്.. പക്ഷേ എനിക്കിനി അതിനു കഴിയുമെന്നു തോന്നുന്നില്ല. അവിടെ ഞാന്‍ മനുവാണ്. നിങ്ങളെപ്പോലെ പാന്‍റും ഷര്‍ട്ടുമെല്ലാം ധരിക്കുന്ന ഒരു പുരുഷന്‍.

പെട്ടന്നെന്തോ ഓര്‍ത്തത് പോലെ അവള്‍ പഴ്സ് തുറന്ന് ഒരു ഫോട്ടോ എടുത്തു കാട്ടി. ഞാനതു വാങ്ങിനോക്കി. പഴയ ഒരു ബ്ളാക് ആന്‍ഡ് വൈറ്റ് ചിത്രമായിരുന്നു അത്. വളരെ പഴയ ഒരെണ്ണം. അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പം നില്‍ക്കുനന് അവളുടെ ചിത്രത്തില്‍ തൊട്ടു കാണിച്ചുകൊണ്ടവള്‍ പറഞ്ഞു:

"ഇതാണ് ഞാന്‍".

ഒരു പതിമൂന്ന്, പതിനാല് വയസ്സു പ്രായം തോന്നുന്ന ഒരു കൗമാരക്കാരനായിരുന്നു അതില്‍ അസ്വാഭാവികമായ ബാഹ്യ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നെങ്കിലും ജന്മ വേഷത്തിന്‍റെ സൃഷ്ടിപഥങ്ങളിലെവിടെയോ മാറിപ്പോയ ചില ചേരുംപടികളില്‍ ദേഹം വരച്ചിട്ടിരിക്കുന്ന അതിര്‍ വരമ്പുകള്‍ക്കപ്പുറത്തേക്ക് കൂടുമാറ്റം നടത്തുവാനൊരുങ്ങുന്ന ഒരു ദേഹിയുടെ മിന്നലാട്ടം ആ മിഴികളില്‍ എനിക്ക് കാണുവാന്‍ കഴിഞ്ഞു. 

ആ ഫോട്ടോ തിരികെ കൊടുക്കുമ്പോള്‍ എന്‍റെ ചിന്തകള്‍ ആ നിശ്ചല ചിത്രം വരച്ചിട്ടിരിക്കുന്ന കുടുംബത്തിലേക്കു കടന്നു ചെല്ലുകയായിരുന്നു.

അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമിടയില്‍ ഒരു കറുത്ത പൊട്ടുപോലെ അവന്‍... തനിക്കായുള്ളതിനെ മറന്ന് സഹോദരിയുടെ വസ്ത്രങ്ങള്‍ കൊതിയോടെ നോക്കുന്ന, ആഭരണപ്പെട്ടിയിലെ ആഭരണങ്ങള്‍ തിരിച്ചും മറിച്ചും നോക്കി ഭംഗി ആസ്വദിക്കുന്ന മനു.

ശകാര വര്‍ഷങ്ങള്‍ക്കോ പരിഹാസ ശരങ്ങള്‍ക്കോ തിരുത്തുവാനാകാത്ത ആഗ്രഹങ്ങള്‍ മൂടിവയ്ക്കുവാന്‍ പാടു പെടുന്ന മനസ്സുമായ് വീർപ്പു മുട്ടുന്ന ഒരു കൗമാര ജീവിതം എനിക്കു മുന്നില്‍ ആരോ വരച്ചിട്ടിരിക്കും വിധം തളിഞ്ഞു വന്നു.

"ഏതുവരെ പഠിച്ചു?"ചിന്തകളില്‍ ജീവന്‍ വച്ചൊരു കൗമാരത്തിന്‍റെ ഇന്നലെകളിലേക്കായിരുന്നു എന്‍റെ ചോദ്യം.

"പ്രീഡിഗ്രി വരെ പോയി പക്ഷേ... "അവള്‍ പകുതിക്കു വച്ചു നിര്‍ത്തി വീണ്ടും പുറത്തെ ഇരുട്ടിലേക്ക് നോട്ടമറിഞ്ഞു.

"പക്ഷേ?!"ഞാന്‍ ചോദ്യഭാവത്തില്‍ അവളെ നോക്കി.

"അപ്പോഴാണ് നാടു വിട്ടത്" അതു പറയുമ്പോള്‍ അവളുടെ മുഖത്ത് അല്‍പം വിഷാദം കലര്‍ന്ന ഒരു പുഞ്ചിരിയുണ്ടായിരുന്നു. പക്ഷേ അതില്‍ അല്‍പം പോലും നിരാശയോ കുറ്റബോധമോ കലര്‍ന്നിട്ടില്ലായിരുന്നു.

"എവിടേക്ക് ?എന്തിന്?" എന്‍റെ ചോദ്യത്തിലെ മൃദുത്വം മനസ്സിലാക്കിയിട്ടാവാം അവള്‍ മുന്‍പത്തെപോലെ പരുക്കനായില്ല.

"അറിയില്ല. പക്ഷേ എനിക്ക് അവിടെ സഹിക്കുവാന്‍ കഴിയുമായിരുന്നില്ല. ചില നോട്ടങ്ങള്‍ ..,കത്തിയേക്കാള്‍ മൂര്‍ച്ചയേറിയ പരിഹാസ വാക്കുകള്‍.. ഒരു അന്വേഷണമായിരുന്നു. എന്‍റെ ഉള്ളിലെ എന്നെ തിരഞ്ഞ്. ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയാത്ത എന്‍റെ പ്രശ്നങ്ങള്‍ പങ്കു വയ്ക്കുവാനൊരിടം തേടി.. മറ്റുള്ളവര്‍ക്കൊരു ഭാരമാകരുതെന്നു കരുതിയിരുന്നു."

ഇടയില്‍ അല്‍പനേരം നിര്‍ത്തി അവള്‍ വീണ്ടും തുടര്‍ന്നു:"ആദ്യം ബാംഗ്ളൂരുലേക്ക്.. അവിടെനിന്നു ചെന്നൈ.., ഹൈദരാബാദ്, ഇപ്പോള്‍ മുംബൈ.. ഇതിനിടയില്‍ ചെയ്യാത്ത ജോലികളില്ല.ഭിക്ഷാടനം മുതല്‍ വേശ്യാവൃത്തി വരെ." പറയുമ്പോള്‍ അവള്‍ ചിരിച്ച. വേദന കലര്‍ന്ന ഒരു ചിരി.

"മം.."ഞാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.

ഏതോ ഒരു സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന തീവണ്ടിയുടെ നിലവിളി കേട്ട് തെല്ലൊന്നു നിശബ്ദരായിരുന്ന ഇരുമ്പുദണ്ഡുകള്‍ പിറുപിറുത്തുതുടങ്ങി.

അവള്‍ തുടര്‍ന്നു:

" പകല്‍ വെളിച്ചത്തില്‍ വെറുപ്പോടെ മാത്രം നോക്കിയിരുന്ന കണ്ണുകളിലെ ഇരുളിന്‍റെ മറവിലെ കാമാര്‍ത്തിയും രതിവൈകൃതങ്ങളും എത്രയോ കണ്ട് മടുത്തിരിക്കുന്നു...പല നാടുകളിലും പല പേരുകളാണെങ്കിലും പലപ്പോഴും അവരെല്ലാം ഒരേ നാണയത്തിന്‍റെ വ്യത്യസ്തമായ മറു വശങ്ങളാണ്."

ഇടയിലെപ്പോഴൊ എന്‍റെ മുഖത്തു നിന്നവളുടെ നോട്ടം ജനാല വഴി പുറത്തേക്കായിരുന്നെങ്കിലും ഞാന്‍ ആ മുഖത്തേക്കു തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. പിന്നിട്ട വഴികളില്‍ അനുഭവിച്ച യാതനകള്‍ ആ മുഖത്തു പ്രതിബിംബിച്ചിരുന്നു. വാക്കുകള്‍ക്കിടയിലെ മൗനങ്ങള്‍ക്കും ചില ദീര്‍ഘ നിശ്വാസങ്ങള്‍ക്കും ഒരുപാട് ഓര്‍മകളുടെ ആയുസ്സുണ്ടെന്നു തോന്നി.

പുറത്ത് ആകാശത്ത് അല്‍പം മുന്‍പുവരെ തീവണ്ടിക്കു സമാന്തരമായി ചലിച്ചുകൊണ്ടിരുന്ന ചന്ദ്രിക മറ്റൊരു ദിശയിലേക്ക് പ്രയാണമാരംഭിച്ചിരിക്കുന്നു.

"ഇപ്പോള്‍ എവിടേക്കാണ് ഈ യാത്ര?" ദീര്‍ഘമായൊരു ഇടവേളക്കു ശേഷമുള്ള എന്‍റെ ചോദ്യമാണ് അവരെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്.

"സേലം "അവള്‍ പറയുമ്പോള്‍ വാച്ചില്‍ നോക്കി.

"സേലമോ!? !!" ഈ വണ്ടി സേലത്തു പോകില്ല എന്നറയാമായിരുന്നതു കൊണ്ടാകാം എന്‍റെ മിഴികളിലെ അമ്പരപ്പ് അവള്‍ ശ്രദ്ധിച്ചു.

"അതേ.. ഇവിടെ ഷൊര്‍ണ്ണൂര്‍ ഇറങ്ങി അവിടെ നിന്നും.." ആ മറുപടിയില്‍നിന്ന് തീവണ്ടി റൂട്ടുകളേയും സമയത്തേയും പറ്റി എന്നേക്കാള്‍ അറിവ് അവള്‍ക്കുണ്ടെന്നു തോന്നി .

ഇടയിലെപ്പോഴോ ഒരു ചെറു മയക്കത്തിനു ശേഷം ഞാന്‍ ഉണര്‍ന്നു വാച്ചില്‍ നോക്കി സമയം നാലര കഴിഞ്ഞിരിക്കുന്നു. അവള്‍ ഉണര്‍ന്നു തന്നെ ഇരിക്കുകയായിരുന്നു. പുറത്തു തീവണ്ടി ഏതോ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുന്നു. ഏതു സ്റ്റേഷനാണെന്നറിയുവാന്‍ ഞാന്‍ ജനാലയില്‍ കൂടി എത്തിവലിഞ്ഞ് നോക്കി. പക്ഷേ ഞങ്ങളുടെ കോച്ചിനു നേരെ സ്ഥലപ്പേര് എഴുതിയ ഒരു ബോര്‍ഡു പോലും ഇല്ലായിരുന്നു. അപ്പേഴാണ് മൈക്കിലൂടെയുള്ള ആ അനൗണ്‍സ്മെന്‍റ് കേട്ടത്.'കോഴിക്കോട് ' സ്റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

"കോഴിക്കോടെത്തി. അടുത്തത് ഷൊര്‍ണ്ണൂരാണ്" ഞാന്‍ പറഞ്ഞു.

അവള്‍ നന്ദിസൂചകമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവരുടെ ബാഗുകളൊക്കെ ശരിയാക്കി വച്ചു. എന്താണെന്നറിയില്ല അവളുടെ പുഞ്ചിരിക്കപ്പോള്‍ വളരെയധികം വശ്യത തോന്നി. 

വണ്ടി നീങ്ങിത്തുടങ്ങി. പുറത്തുനിന്നുള്ള കാറ്റില്‍ മുഖത്തേക്കു വീണ മുടിയിഴകള്‍ ഒരു കൈകൊണ്ടു മാടി ഒതുക്കി വയ്ക്കുമ്പോള്‍ ഞാന്‍ അവളെത്തന്നെ നോക്കുകയായിരുന്നു. ഇടക്കെപ്പോഴോ എന്‍റെ നോട്ടം ആ മാറിടങ്ങളിലേക്കു പാളി വീഴുമ്പോള്‍ അലക്ഷ്യമായ് കിടന്ന വസ്ത്രം അവള്‍ നേരെയാക്കി. വലിപ്പം കുറഞ്ഞതെങ്കിലും ആകൃതിയൊത്ത മുലകള്‍ വസ്ത്രത്തിനുള്ളില്‍ നിറഞ്ഞു നിന്നിരുന്നു. സത്യമായും അവ സുന്ദരങ്ങളായിരുന്നു. ഒരുപക്ഷേ അതൊരു വച്ചുകെട്ടലാകാം. എങ്കിലും മോഹങ്ങള്‍ തീര്‍ത്തൊരു സുന്ദരമായ വിഗ്രഹത്തിന്‍റെ ആടയാഭരണമെന്നപോല്‍ ഒരിക്കലും ചുരത്താന്‍ വിധിക്കപ്പെടാത്ത അവ അവളുടെ ശരീരഭാഷയ്ക്കു നല്‍കുന്ന  മനോഹാരിത വര്‍ണ്ണനായോഗ്യമാണ് എന്നെനിക്കു തോന്നി. എന്‍റെ മുഖത്തേക്കു നോക്കുമ്പോള്‍ അവള്‍ വീണ്ടും പുഞ്ചിരിച്ചു. ഞാനും.

"നിങ്ങള്‍ സുന്ദരിയാണ്. ശരിക്കും ഒരു യഥാര്‍ഥ സ്ത്രീയേപ്പോലെ തന്നെ.."ഞാന്‍ ശരിക്കും ആത്മാർഥമായിത്തന്നെ പറഞ്ഞു.

"യഥാർഥ സ്ത്രീയോ ? അതാരാണ്?"

അവരുടെ വാക്കുകളിലെ മൃദുത്വം എവിടെയൊ നഷ്ടമായതു പോലെ തോന്നി എങ്കിലും വാക്കുകള്‍ സൗമ്യമായിരുന്നു.

"ജന്മവേദിയില്‍ പിഴച്ചു പോയെങ്കിലും അതിനും മുന്‍പെപ്പോഴോ ഉള്ളിലുറഞ്ഞു പോയ ആ അസ്തിത്വത്തിനായ് ജനിച്ച നാടും ജനിപ്പിച്ചവരേയും വിട്ട് നരകയാതന പോലുള്ള ഈ ജീവിതം ജീവിക്കുന്ന ഞങ്ങളല്ലേ ആ വാക്കിനേറെ അര്‍ഹര്‍?" എന്നോടാണവള്‍ ചോദിച്ചതെങ്കിലും അത് ഈ സമൂഹത്തോടുള്ള ഒരു ചോദ്യമായാണ് എനിക്കു തോന്നിയത്.

ദിവസവും വായിക്കുന്ന പത്രത്താളുകളില്‍, പിഴച്ചു പോകുന്ന സത്രീത്വത്തെപ്പറ്റിയുള്ള ചില വാര്‍ത്തകള്‍ വായിച്ചതു ഞാനോര്‍ത്തു.

"നടാഷാ.. നാളെ ഞാനൊരു എഴുത്തുകാരനായി തീര്‍ന്നാല്‍ തീര്‍ച്ചയായും നിന്നെക്കുറിച്ചും ഞാന്‍ എഴുതും." ഞാനവളെ നോക്കി പുഞ്ചിരിയോടെ, അല്‍പം ആദരവോടെ പറഞ്ഞു.

"പക്ഷേ നിങ്ങളെന്നെ അക്ഷരങ്ങളിലൂടെ എങ്ങനെ അഭിസംബോധന ചെയ്യും? 'അവന്‍' എന്നോ 'അവള്‍' എന്നോ? അതോ ഇനിയല്‍പം ആത്മീയത കലര്‍ത്തി 'അര്‍ധനാരീശ്വരി'യെന്നോ?" ചോദ്യമവസാനിക്കുമ്പോള്‍ അവള്‍ അല്‍പം ഉറക്കെ തന്നെ ചിരിച്ചു.

അന്നേരം എനിക്കൊരു മറുപടി പറയുവാന്‍ കഴിഞ്ഞില്ലെങ്കിലും ആ ചോദ്യത്തിലെ പരിഹാസവും നിസ്സഹായതയും എന്നെ സ്പര്‍ശിച്ചു.

ഒരുപക്ഷേ അടിവസ്ത്രത്തിനുള്ളിലെ മാംസപിണ്ഡങ്ങളുടെ വ്യതിയാനങ്ങള്‍ അകറ്റിനിര്‍ത്തി ഒരു വിധിതീര്‍പ്പെടുത്താല്‍ ഉള്ളിലുറഞ്ഞുപോയ അസ്തിത്വത്തിനായ് അവളനുഭവിച്ച യാതനകള്‍ക്കു മുന്‍പില്‍ അവരെ ഒരു സ്‌ത്രീയായ് തന്നെ അംഗീകരിക്കാതിരിക്കുവാന്‍ എനിക്കാവുമായിരുന്നില്ല.

വണ്ടി ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിലെത്തുമ്പോള്‍ ആറു മണി കഴിഞ്ഞിരുന്നു. അവള്‍ ഇറങ്ങുമ്പോള്‍ വാതില്‍പടി വരെ ഞാനും അനുഗമിച്ചു.

"നിങ്ങള്‍ വിവാഹിതനാണോ?" പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ടാണവള്‍ ചോദിച്ചത്‌. സാഹചര്യ വിരുദ്ധത കൊണ്ടാവാം എനിക്ക്  ആ ചോദ്യത്തില്‍ ആശ്ചര്യം തോന്നി.

 "അല്ല." ഞാന്‍ ചിരിച്ചു.

"നിങ്ങളോ?"മറുപടി കിട്ടില്ലെന്നുറപ്പിച്ച ഒരു പാഴ്ചോദ്യമാണ് അതെന്നറിയാമായിരുന്നെങ്കിലും ഞാന്‍ വെറുതേ ചോദിച്ചു.

"നാളെ എന്‍റെ വിവാഹമാണ്" അവള്‍ വളരെ മനോഹരമായി പുഞ്ചിരിച്ചു.

"വിവാഹമോ?"എനിക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. പക്ഷേ അപ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. അവളും തിരികെ നടക്കുവാന്‍ തുടങ്ങിയിരുന്നു. 

കൊതിച്ചു നേടിയ ജന്മമല്ലായിരുന്നുവെങ്കിലും ജീവിക്കുവാനാശിച്ചുള്ള ഒരു യാത്രയിലേക്കു നീങ്ങുന്ന അവളെ നോക്കി ഞാന്‍ കൈകള്‍ വീശി. ഒരു പക്ഷേ ഇതിനുമുന്‍പേ ആരെങ്കിലും അവളെ ഇതുപോലെ കൈകള്‍ വീശി യാത്രയാക്കിയിട്ടുണ്ടാകുമോ എന്നെനിക്ക് നിശ്ചയമില്ലായിരുന്നു.

കായംകുളം വരെ ഇനിയും ഒരുപാടു സമയമുണ്ട്. ഒന്നുകൂടി മയങ്ങണമെന്നു കരുതിയാണ് തിരികെ ബര്‍ത്തിലേക്കു മടങ്ങിയത്. തീവണ്ടിയുടെ ചാഞ്ചാട്ടത്തിനിടയിലെപ്പോഴോ മയക്കം കണ്ണുകളിലേക്കു വീഴുമ്പോള്‍ എവിടെയോ വായിച്ചു മറന്ന ഒരു ഉത്സവമായിരുന്നു മനസ്സു നിറയെ. ഒരുനാള്‍ ദാമ്പത്യത്തിനായ് 'അറവാന്‍' എന്ന ഈശ്വര സങ്കല്‍പത്തിനെ താലിചാര്‍ത്തി മറുന്നാൾ താലി അറുത്തു വിധവകളായ് മാറുന്ന ഒരുപാട് 'നടാഷ' മാരുടെ വിചിത്രമെന്നു തോന്നിപ്പിക്കുന്ന ഒരു ഉത്സവത്തെപ്പറ്റി....

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA