ADVERTISEMENT

കടുത്ത പ്രണയമായിരുന്നു എനിക്കവളോട്. അവൾക്ക് എന്നെയും ഇഷ്ടമായിരുന്നു. പക്ഷേ വീട്ടിൽ പ്രശ്നമാണ് എന്നു പറഞ്ഞ് അവൾ പ്രണയത്തിൽനിന്നു പിന്മാറിയ ദിവസം. അവളോടുള്ള ദേഷ്യവും വാശിയും, അവളെ നഷ്ടപ്പെട്ടതിലുള്ള സങ്കടവും കൊണ്ട് ഞാൻ എന്നെത്തന്നെ അവസാനിപ്പിച്ച ആ നശിച്ച ദിവസത്തെ കുറിച്ചാണ് ഈ എഴുത്ത്. എന്റെ ആത്മഹത്യയെ കുറിച്ച്.

അന്ന് വീട്ടിൽ ആരുമില്ലായിരുന്നു. എന്റെ മനസ്സ് ആകെ ഭ്രാന്തു പിടിച്ച അവസ്ഥയിൽ ആയിരുന്നു. എന്റെ ഇഷ്ടം നഷ്ടപ്പെടുന്നത് സഹിക്കാൻ ആയില്ല. ആ മാനസികാവസ്ഥയിൽ നിന്നു രക്ഷപ്പെടാൻ ഞാൻ കണ്ട എളുപ്പവഴി ആയിരുന്നു ആത്മഹത്യ. ചെറുപ്പത്തിൽ എന്നെ ഉറക്കാൻ അമ്മ തൊട്ടിൽ കെട്ടിയ അതേ ഹുക്കിൽ ഞാൻ എനിക്കുള്ള ഒടുക്കത്തെ കുരുക്കിട്ടു. 

മരണശേഷം ശരീരം ദഹിപ്പിക്കും വരെ മരിച്ച ആളുടെ ആത്മാവ് എല്ലാം കണ്ടും  കേട്ടും ആ പരിസരത്തു കറങ്ങുമെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ഞാൻ പരിഹസിച്ചിരുന്നു. പക്ഷേ അതു സത്യമാണെന്ന് മനസ്സിലായത് എന്റെ മരണത്തിലൂടെ ആയിരുന്നു.

എന്റെ ശരീരം തൂങ്ങിയാടുന്നത് എനിക്ക് കാണാമായിരുന്നു. വാതിലിൽ ആരോ മുട്ടിയത് ഞാൻ കേട്ടു. പക്ഷേ വാതിൽ തുറന്നു കൊടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു. പക്ഷേ എല്ലാം കേൾക്കാം, കാണാം. വാതിലിനു പുറത്ത് അമ്മയും അച്ഛനും വന്നതാണെന്ന് പുറത്തു സംസാരം കേട്ടപ്പോൾ എനിക്ക് മനസ്സിലായി. വാതിലും അടച്ചു ഞാൻ എവിടെ പോയി എന്നാണ് അവർ നോക്കുന്നത്. എന്റെ ഫോണിൽ വിളിച്ചു നോക്കുന്നുണ്ട്. എന്നെ കണ്ടോ എന്ന് അപ്പുറത്തൊക്കെ അന്വേഷിക്കുന്നുണ്ട് അച്ഛൻ. വീടും പൂട്ടി ഇവൻ എവിടെ പോയി എന്ന പ്രാക്കും കുറേ നേരം കേട്ടു. അച്ഛൻ എന്നെ കുറേ ചീത്ത വിളിക്കുന്നുണ്ട്.  അച്ഛൻ പണ്ടേ അങ്ങനെ ആണ്. ഗൗരവവും അല്പം ദേഷ്യവും. ചിരിയും സംസാരവും കുറവാണ്. പലപ്പോളും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്  ചിരിച്ചു സന്തോഷത്തോടെ എന്നോടൊന്നു സംസാരിച്ചിരുന്നെങ്കിൽ എന്ന്. വീട്ടിലെ കാര്യങ്ങൾക്കും എന്റെ ആവശ്യങ്ങൾക്കും ഒന്നും അച്ഛൻ ഒരു മുടക്കവും വരുത്തിയിട്ടില്ല. പക്ഷേ അച്ഛനോട് സംസാരിക്കണമെങ്കിൽ എപ്പോഴും അമ്മയെ നടുക്കു നിർത്തണമായിരുന്നു. അച്ഛന്റെ ഹൃദയം കല്ലുകൊണ്ട് ഉണ്ടാക്കിയതാണോ എന്ന് പലപ്പോളും തോന്നീട്ടുണ്ട്. ഈ സ്നേഹമൊക്കെ പ്രകടിപ്പിക്കാതെ ഉള്ളിൽ ഒതുക്കിവെച്ചിട്ട് എന്ത് കിട്ടാനാണ് എന്ന് ചോദിക്കണമെന്നുണ്ട്. പക്ഷേ ചോദിച്ചില്ല. 

പുറത്തു വീണ്ടും സംസാരം. എന്റെ വണ്ടി പോർച്ചിൽ കിടപ്പുണ്ട്. താക്കോലും അതിൽ നിന്നും ഊരിയിട്ടില്ല.  ചെരിപ്പും മുറ്റത്ത് കിടപ്പുണ്ട്. എന്തോ സംശയം തോന്നീട്ടായിരിക്കണം അച്ഛൻ വാതിൽ ചവിട്ടി പൊളിച്ചത്. 

അമ്മയുടെ നിലവിളി ആണ് പിന്നെ ഞാൻ കേൾക്കുന്നത്. എന്നെ ഒരു നോട്ടമേ അച്ഛൻ നോക്കിയുള്ളൂ, അച്ഛന്റെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായത് ഞാൻ കണ്ടു. തളർന്നു വീണ അമ്മയെ പിടിച്ചെഴുന്നേല്പിക്കുന്നതിനിടയിൽ അച്ഛൻ ഒന്നുകൂടി എന്നെ തിരിഞ്ഞു നോക്കി.പക്ഷേ നിലവിളിയോ കണ്ണുനീരോ ഞാൻ അച്ഛനിൽ കണ്ടില്ല. അമ്മയുടെ നിലവിളി കേട്ട് ആരൊക്കെയോ ഓടിവരുന്നത് കാണാം. 

ആരോ കെട്ടഴിച്ചു, താഴെ ഇറക്കി,

ഹോസ്പിറ്റലും പോസ്റ്റ്മോർട്ടവും കഴിഞ്ഞു തിരികെ ആംബുലൻസിൽ വീട്ടിലേക്കുള്ള യാത്ര.. വീട്ടിലേക്കു പോകണ്ട എന്നെനിക്കു തോന്നി. അമ്മയുടെ കരച്ചിൽ വീണ്ടും കാണാൻ എന്നെക്കൊണ്ടു പറ്റില്ലായിരുന്നു.പക്ഷേ അടക്കം ചെയ്യുന്നതുവരെ എനിക്കെന്റെ ശരീരത്തെ പിൻതുടരാതെ പറ്റില്ലായിരുന്നു. 

ഒടുവിൽ വീടെത്തി. 

ഒരുപാട് കരച്ചിലുകൾക്കും കണ്ണുനീരുകൾക്കും ഇടയിലേക്ക് എന്നെ ഇറക്കി വച്ചു. അമ്മ വന്ന് എന്റെ നെഞ്ചിൽ വീണു കരയുന്നത് കണ്ടുനിൽക്കാൻ എന്നെ കൊണ്ട് പറ്റുന്നില്ലായിരുന്നു.  അവിടെ അച്ഛനെ ഞാൻ തിരഞ്ഞു, കുറച്ചു മാറി എനിക്കുള്ള കുഴിയെടുക്കുന്നതിന്റെ അരികിൽ ഇരിക്കുന്ന അച്ഛനെ കണ്ടു. മുഖത്ത് ഭാവമാറ്റങ്ങൾ ഒന്നുമില്ല. എന്തൊക്കെയോ ആലോചിക്കുന്നുണ്ട്, 

എന്റെ പ്രിയപ്പെട്ട കൂട്ടുകാർ അവിടെ മാറിനിൽക്കുന്നുണ്ട്. ഒന്നിച്ചുണ്ടായിരുന്ന ഓർമ്മകൾ പറഞ്ഞ് അവർ കരയുകയാണ്. 

കുഴിയെടുക്കുന്നതിന്റെ അടുത്തേക്ക് ഒന്നുകൂടി നോക്കി, അച്ഛൻ അവിടെ ഉണ്ടോ എന്ന്. പക്ഷേ ഇല്ലായിരുന്നു. 

കുഴിയെടുക്കുന്നത് അവനായിരുന്നു.

രാഷ്ട്രീയത്തിൽ ഇടതു ചായ്‌വായിരുന്നു എനിക്ക്, പലപ്പോളും നാട്ടിലെ പ്രശ്നങ്ങളിൽ എന്റെ മുഖ്യശത്രു അവനായിരുന്നു. ഒരുപാട്  തല്ലുകൂടിയിട്ടുണ്ട് അവനുമായി.

അവനാണ് എന്റെ കുഴി വെട്ടുന്നത്. ഇടക്കിടക്ക്  അവൻ കണ്ണ് തുടക്കുന്നുണ്ട്. കരയുന്നുണ്ട്. അതുകൂടി കണ്ടതോടു കൂടി എന്റെ സകല നിയന്ത്രണങ്ങളും നഷ്ടമായി . 

ആത്മഹത്യ ചെയ്യാൻ തോന്നിയ ആ ഒരു നിമിഷത്തെ ഞാൻ ശപിച്ചു.. തിരിച്ചു എന്റെ ശരീരത്തിലേക് കയറി എനിക്ക് വീണ്ടും ജീവിക്കണം എന്ന് തോന്നി. പക്ഷേ നടക്കില്ലല്ലോ. എല്ലാം ഞാൻ അവസാനിപ്പിച്ചില്ലേ. 

എന്റെ, ഞാനെന്ന ഒരാളുടെ മനസ്സിലെ അസ്വസ്ഥതകൾ മാറ്റാൻ, സങ്കടം മാറ്റാൻ ഞാൻ ചെയ്ത പ്രവൃത്തി ഇല്ലാതാക്കിയത്  ഒരുപാടു പേരുടെ സന്തോഷങ്ങൾ ആയിരുന്നു, 

ആ നിമിഷത്തിൽ എന്റെ അമ്മ, അച്ഛൻ ഇവരുടെ മുഖം എനിക്ക് ഓർമ വന്നില്ല, കാലിൽ വീണു മാപ്പുപറയണം എന്നുണ്ടെനിക്ക്, 

പക്ഷേ പറ്റില്ലലോ. 

ഒടുവിൽ സമയമായി, എന്റെ ശരീരം എടുക്കാൻ പോകുകയാണ്. ഇനി അധികനേരം ഇല്ല. അമ്മ അപ്പോളേക്കും കരഞ്ഞു തളർന്നിരുന്നു,  എടുക്കാൻ പോകുകയാണെന്ന് അമ്മയോട് ആരോ പറയുന്നത് കേട്ടു. അപ്പോളേക്കും അമ്മ എന്റെ ദേഹത്തേക്കു വീണിരുന്നു. ആരൊക്കെയോ ചേർന്ന് അമ്മയെ പിടിച്ചു മാറ്റി. 

എനിക്ക് ചുറ്റും കൂടി നിന്നവർ എന്റെ കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു. അവിടെ നടക്കുന്നത് എന്താണെന്നു എനിക്ക് ശരിക്കു കാണാൻ പറ്റുന്നുണ്ടായിരുന്നില്ല, ആരോ ഒരാൾ എന്റെ ദേഹത്തേക് വീണു പൊട്ടിക്കരയുന്നുണ്ട്. ഒരുവിധത്തിൽ ഞാനാ കാഴ്ച കണ്ടു. അച്ഛൻ. പൊട്ടിക്കരഞ്ഞുകൊണ്ട്‌ എന്നെ കെട്ടിപിടിച്ച് ഉമ്മ വെക്കുന്ന അച്ഛൻ.. അവിടെ കൂടിയ എല്ലാരേയും കരയിപ്പിച്ചു അച്ഛന്റെ കരച്ചിൽ.  കണ്ടുനിൽക്കാൻ ആയില്ല എനിക്ക്.

ആദ്യമായി അച്ഛന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു. ആ കണ്ണുകളിൽ നിന്നും ഒഴുകുന്നത് ഇത്രയും നാൾ പ്രകടിപ്പിക്കാതെ വെച്ച സ്നേഹമാണെന്നു എനിക്ക് തോന്നിപ്പോയി.. 

ആരെങ്കിലും ഒന്ന് എനിക്ക് മറഞ്ഞു നിന്ന് ആ കാഴ്ച്ച മറച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു. 

ഒടുവിൽ എന്നെ എടുത്തു, കണ്ണുനീരും കരച്ചിലും അകമ്പടിയേകിയ എന്റെ അവസാന യാത്ര.. അധികനേരമില്ല ഇനി, അച്ഛനും അമ്മയ്ക്കും ഒരിക്കലും മറക്കാൻ പറ്റാത്ത വേദനകൾ സമ്മാനിച്ചു കൊണ്ട്, എന്നെ ഇഷ്ടപ്പെട്ടിരുന്ന എല്ലാർക്കും ദുഃഖങ്ങൾ സമ്മാനിച്ചുകൊണ്ട് ഞാൻ പോകുകയാണ്. ഇനി ഇല്ല. 

ചെയ്തത്  എത്ര വലിയ വിഡ്ഢിത്തമാണെന്ന് ഇപ്പോളാണ് എനിക്ക് മനസ്സിലായത്. എന്റെ ഒരാളുടെ സമാധാനത്തിനു വേണ്ടി ഞാൻ എത്രപേരുടെ സമാധാനം ആണ് നശിപ്പിച്ചത്. എന്നെ സ്നേഹിക്കുന്ന ഇവരെയൊക്കെ ഞാൻ എന്തുകൊണ്ട്  ഓർത്തില്ല. ജീവിക്കാൻ ഒരവസരം കൂടി കിട്ടിയിരുന്നെങ്കിൽ...... 

രാമച്ചവും വെള്ളത്തുണിയും വിരിച്ച കുഴിയിലേക്ക് എന്നെ കിടത്തി, അവസാനമായി ചുറ്റും ഉള്ളവരെ ഞാൻ നോക്കി, അവിടെ കൂടിയ എല്ലാരുടെയും കണ്ണുകൾ നിറഞ്ഞിരിക്കുന്നു, അവിടെ എന്നെ സ്നേഹിക്കുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളു, ഇത്രയും പേർ സ്നേഹിക്കാൻ ഉണ്ടായിട്ടാണ് ഞാൻ ഒരാൾക്കു വേണ്ടി, അവൾക്കു വേണ്ടി എന്റെ ജീവിതം ഇല്ലാതെയാക്കിയത് . 

അവൾ.. അവൾ എവിടെ... ആ കൂട്ടത്തിനിടയിൽ അവളെ ഞാൻ തിരഞ്ഞു, എന്റെ ദേഹത്തേക്ക് മണ്ണ് വീണു കൊണ്ടിരുന്നു, കാഴ്ച മങ്ങുന്നു. അവളെ തിരയുന്നതിനു വേഗം കൂടി. കരഞ്ഞു കലങ്ങിയ രണ്ടു കണ്ണ് കാണുന്നു, അവളാണോ?? 

ആ മുഖത്തേക്ക് നോക്കാൻ ഉള്ള സമയം കിട്ടിയില്ല, അപ്പോളേക്കും എന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.. 

ഇല്ല.. കഴിഞ്ഞു... ഇനി ഇല്ല.. ഒന്നും ഇല്ല.. വിട.. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com