ADVERTISEMENT

ജില്ലാതലത്തിലെ മികച്ച യുവകർഷകനെ ആദരിക്കുന്ന വേദിയിലിരിക്കവേ തന്റെ പേരെഴുതിയ ഫ്ളക്സ്ബോർഡ് കണ്മുന്നിൽ തെളിഞ്ഞുനിൽക്കുമ്പോൾ അബ്‌ദുവിന്റെ മനസ്സിൽ ഒരു കുളിരനുഭവപ്പെട്ടു. സുഖമുള്ളകുളിര്. ആ സമയം അവന്റെ മനസ്സിൽ തന്റെ ഗ്രാമവും വീടും തൊടിയും പാടവുമെല്ലാം ഒരുനിമിഷം മിന്നിമറഞ്ഞു. തന്റെ വീടും കൃഷിയിടവും ജീവിതവുമെല്ലാമായി ബന്ധപ്പെട്ടുള്ള, തന്നെ ഈ അവാർഡിന്നർഹനാക്കിയ, തന്റെ എല്ലാമെല്ലാമായ വല്ല്യപിതാവിന്റെ രൂപം. അവന്റെ മനസ്സിലും മുഖത്തും സന്തോഷം വിടർത്തി. അവനൊരുനിമിഷം ചിന്തിച്ചു ... വല്ല്യാപ്പ ഇപ്പോൾ എവിടെയാവും .? എന്തെടുക്കുകയായിരിക്കും .?

പാടത്തോ  പറമ്പിലോ അതോ വീടിനും ടൗണിനും ഇടയിലുള്ള ചെമ്മൺപാത താണ്ടി പീടികയിലേക്കു നടക്കുകയായിരിക്കുമോ .?ഇ ല്ല വല്ല്യാപ്പ ഇപ്പോൾ കൃഷിയിടത്തിലാവും ഉള്ളത്. പകൽമുഴുവനും ആ കൃഷിയിടത്തിലാണ് വല്ല്യാപ്പ തന്റെ സമയം ചെലവിടുന്നത്. അവിടെ ചെടികളോടും മരങ്ങളോടും തന്റെ കൃഷിവിളകളോടുമെല്ലാം കുശലംപറഞ്ഞുകൊണ്ട് അവയെപരിപാലിച്ചുകൊണ്ട് തന്റെ വടിയുംകുത്തി അങ്ങനെ നടക്കും വല്ല്യാപ്പ.ഒ രിക്കൽ വല്ല്യാപ്പ തന്നോടുചോദിച്ചു."എന്റെ ഈ കൃഷിയിടം, ഞാൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ ഈ മണ്ണ് ... ഇതെല്ലാം കാത്തുസൂക്ഷിക്കാൻ എന്റെ പിന്മുറക്കാരനായി നീ ഉണ്ടാകുമോ .?"

അന്ന് മറുപടിയൊന്നും പറയാതെ താൻ ചിന്തയിലാണ്ടുനിന്നപ്പോൾ കൃഷിയേയും മണ്ണിനേയുമെല്ലാം പുച്ഛിച്ചുകൊണ്ട് ബിസ്സിനസെന്നു പറഞ്ഞുകൊണ്ട് മദ്യത്തിലും ചീട്ടുകളിയിലുമെല്ലാം മുഴുകിനടക്കുന്ന തന്റെ ബാപ്പയെ മനസ്സിലോർത്തുകൊണ്ടെന്നവണ്ണം വല്ല്യാപ്പ പറഞ്ഞു .

"നിന്റെ ബാപ്പയെ നോക്കിയിട്ട് കാര്യമില്ല .അവനെന്നും കൃഷിയോട് പുച്ഛമാണ് ."

"ഞാനുണ്ടാവും വല്ല്യാപ്പയുടെ പിന്മുറക്കാരനായി ." അന്ന് വല്ല്യാപ്പയെ സമാധാനിപ്പിക്കാനെന്നവണ്ണം താൻ മറുപടിനൽകി .

അതേ , വല്യാപ്പ ഇപ്പോൾ കൃഷിയിടത്തിലെവിളകൾക്കിടയിൽ മുളച്ചുപൊന്തിയ കളകളെ പിഴുതുനീക്കുകയാവും. കുലച്ചവാഴകൾക്ക് താങ്ങുകെട്ടുകയാവും . പാടത്തു വെള്ളം നോക്കുകയാവും  .

ഉച്ചകഴിയുമ്പോൾ ജോലികൾ നിറുത്തിവെച്ചുകൊണ്ട്  കുളികഴിഞ്ഞു പതിയേ ചെമ്മണ്പാത താണ്ടി ടൗണിലേയ്ക്കു നടക്കും വല്ല്യാപ്പ. എന്നിട്ട് പ്രിയസുഹൃത്തിന്റെ കടത്തിണ്ണയിലിരുന്നുകൊണ്ട് കുശലംചോദിക്കും . രാഘവേട്ടനും വല്ല്യാപ്പയുമായുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട് .ഈ മലയോരത്ത് കുടിയേറിപ്പാർത്ത കാലം മുതൽ തുടങ്ങിയബന്ധം .

ഇരുവരും ഒരേമനസ്സും ചിന്താഗതിയുമുള്ളവർ . കൃഷിയെ സ്നേഹിക്കുന്നവർ . പ്രായമായതോടെ മക്കളുടെ നിർബന്ധംമൂലം കൃഷിയിൽനിന്നുവിട്ടുകൊണ്ട് മകന്റൊപ്പം കടയിൽ സമയം ചിലവഴിക്കുകയാണ് രാഘവേട്ടൻ. ഇരുവരുംകൂടി വർത്തമാനംപറഞ്ഞും  പത്രം വായിച്ചുമെല്ലാം പീടികത്തിണ്ണയിലങ്ങനെ ഏറെനേരമിരിക്കും .

ചിലപ്പോഴെല്ലാം അവരുടെ സംസാരം പഴയകാല ഓര്മകളിലേയ്ക്കും  ആ വസന്തത്തിലേയ്ക്കും നഷ്ടസ്വപ്നങ്ങളിലേയ്ക്കുമെല്ലാം ഊളിയിട്ടുപോകും .ആ സമയം ഒരുനെടുവീർപ്പോടെ വല്ല്യാപ്പ പ്രിയസുഹൃത്തിനോട് പറയും .

"എല്ലാം മടുത്തെടോ ...എത്രയുംവേഗം ഇവിടുത്തെ ജീവിതമൊന്നു തീർന്നുകിട്ടിയാമതിയെന്നേ ഉള്ളൂ ...!"

"എത്രയൊക്കെ ആഗ്രഹിച്ചാലും സമയമാകാതെ പോകാൻപറ്റുമോ .?ഇനിയും ജീവിതം ബാക്കിയുണ്ടെങ്കിലോ .?അതുകൂടി ജീവിച്ചുതീർക്കാതെപറ്റുമോ .?" രാഘവേട്ടൻ ചോദിക്കും .

"എന്തിനാടോ ഇങ്ങനൊരുജീവിതം .? ഒരു മകനുള്ളത് ഏതുരീതിയിലാണ് നടക്കുന്നതെന്നോർക്കുമ്പോൾ  തലതല്ലി മരിക്കാൻതോന്നുന്നു. എനിക്കുള്ളതത്രയും  ഉണ്ടാക്കാൻവേണ്ടി പട്ടിണികിടന്നതും  കഷ്ടപ്പെട്ടതുമെല്ലാം അവനുവേണ്ടിക്കൂടിയായിരുന്നല്ലോ എന്നോർക്കുമ്പോൾ. അവൻ എന്നെ നോക്കുമെന്നു പ്രതീക്ഷിച്ചിട്ടല്ല .എന്റെ കണ്ണടയുന്നതിനുമുമ്പേ  അവനൊന്നു നന്നായിക്കണ്ടാൽമതിയായിരുന്നു. അവന്റെ ഭാര്യയുടേയും  മക്കളുടേയും കണ്ണുനീരു കണ്ടുമടുത്തെടോ ."

"താൻ സമാധാനിക്കെടോ. എല്ലാം ശരിയാകും . അല്ലെങ്കിൽത്തന്നെ താനിത്ര സങ്കടപ്പെടാനെന്തിരിക്കുന്നു .? മകൻ നന്നായില്ലെങ്കിലെന്താ.തന്റെ പാത പിന്തുടരാൻ ഒരുകൊച്ചുമകനില്ലേ? അവൻ നോക്കിക്കോളും ഇതെല്ലാം ."

"അതേ, അതാണ് ഇപ്പോഴത്തെ എന്റെ ഏകസമാധാനം .എന്റെ സ്വത്തും പാരമ്പര്യവുമെല്ലാം കാത്തുസംരക്ഷിക്കാൻ അവനെങ്കിലുമുണ്ടല്ലോ എന്ന തോന്നൽ .ഇതൊന്നും കാണാൻ നിൽക്കാതെ എന്നെ തനിച്ചാക്കി അവൾ നേരത്തേ പോയി ... ഭാഗ്യവതി ." പറഞ്ഞുനിർത്തുമ്പോൾ മിക്കവാറും വല്ല്യാപ്പയുടെ മിഴികൾ ഈറനണിഞ്ഞിട്ടുണ്ടാവും .

ഒടുവിൽ  പള്ളിയിൽനിന്നും ബാങ്കുവിളിക്കുന്നതോടെ  വർത്തമാനം അവസാനിപ്പിച്ചുകൊണ്ട്  രാഘവേട്ടനോട് യാത്രപറഞ്ഞു വല്ല്യാപ്പ പള്ളിയിലേയ്ക്ക് നടക്കും .

നമസ്കാരം കഴിഞ്ഞു മടങ്ങുംനേരം തന്റെ പ്രിയതമയുടെ കബറിടത്തിനരികിലെത്തി  ഒരു ഫാത്തിഹയെങ്കിലും ഓതി പ്രാർത്ഥിച്ചിട്ടേ വല്ല്യാപ്പ മടങ്ങാറുള്ളൂ .ഇത് തുടങ്ങിയിട്ട് പ്രിയതമയുടെ വിയോഗം കഴിഞ്ഞിട്ടുള്ള അത്രയുംവർഷം പിന്നിടുന്നു .

വിവാഹം കഴിച്ചതിന്റെ പത്താംവർഷം തന്നെ വിട്ടുപിരിഞ്ഞുപോയ പ്രിയതമയെ മറന്നുകൊണ്ട് വീട്ടുകാരുടേയും  നാട്ടുകാരുടേയുമൊന്നും നിർബന്ധത്തിനു വഴങ്ങി മറ്റൊരുവിവാഹം കഴിക്കാൻ വല്ല്യാപ്പ തയ്യാറായില്ല. പകരം മക്കളെ നന്നായിവളർത്തുകയും വിവാഹം കഴിപ്പിച്ചയക്കുകയും തന്റെ കൃഷിയിടത്തിൽ പൊന്നുവിളയിക്കുകയും ചെയ്തു. പ്രിയതമയുടെ വിയോഗത്തെ തന്റെ ഒറ്റയാൻ ജീവിതംകൊണ്ട് നേരിടുകയാണ് വല്ല്യാപ്പ ചെയ്തത്.

മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പ്രിയതമയുടെ ഓർമ്മയിൽകഴിയുന്ന, അവളുടെ കബറിടത്തിലെത്തി നിത്യവും പ്രാർത്ഥിക്കുന്ന, അവൾക്കുവേണ്ടി പുണ്യപ്രവൃത്തികൾചെയ്യുന്ന വല്ല്യാപ്പയുടെ മാഹാത്മ്യത്തെപ്പറ്റി നാട്ടുകാരും പള്ളിയിലെ മുസ്ല്യാരുമെല്ലാം പുകഴ്ത്തിപ്പറയുന്നത്‌ അബ്ദു പലപ്പോഴും കേട്ടിട്ടുണ്ട് ."ഇന്നത്തെക്കാലത്ത് ഇതുപോലെചെയ്യുന്ന എത്രപേരുണ്ട്? എത്രയോപേർ ഈ പള്ളിയിൽ കബറടക്കപ്പെട്ടിരിക്കുന്നു. അവരുടെയെല്ലാം ബന്ധുക്കളിൽ എത്രപേർ ഇങ്ങനെ പ്രാർത്ഥിക്കാനെത്തുന്നുണ്ട് .?" 

അവർക്കെല്ലാംകൂടിയുള്ള വല്ല്യാപ്പയുടെ മറുപടി ഇതാണ് . "കാലമെത്രകഴിഞ്ഞാലും എന്റെ പ്രവർത്തനങ്ങൾക്ക് ഇന്നും ശക്തിപകരുന്നത് അവളുടെ ഓർമ്മകളാണ്. ആ ഓർമ്മകൾ, അതെന്നും ഞാൻ പുതുക്കിവെക്കുന്നു ."ഇതാണ് വല്ല്യാപ്പയുടെ ഭാഷ്യം .

പലപ്പോഴും രാത്രിനമസ്‌കാരംകൂടി കഴിഞ്ഞാവും വല്ല്യാപ്പ വീട്ടിലേക്കുമടങ്ങുന്നത് . വരുന്നവഴി തന്റെ സുഹൃത്തുക്കളോടും നാട്ടുകാരോടുമെല്ലാം കുശലം പറയുകയും ക്ഷേമം അന്വേഷിക്കുകയുമൊക്കെ ചെയ്യും .

വല്ല്യാപ്പ വീട്ടിലെത്തുന്ന സമയം മദ്യപിച്ചെത്തിയ തന്റെ ബാപ്പ ഉമ്മയോടും സഹോദരിയോടുമെല്ലാം ദേഷ്യപ്പെടുകയാവും . ഇതെല്ലാം കണ്ടുകൊണ്ടു നിശബ്ദനായി കണ്ണുനീരൊഴുക്കി വല്ല്യാപ്പ പൂമുഖത്തെ കസേരയിലിരിക്കും.

ഒടുവിൽ എല്ലാംശാന്തമായികഴിയുമ്പോൾ തന്റെ മുറിയിലേക്കു കടന്നുവന്നു കൊണ്ട് വല്ല്യാപ്പ തന്നെ ആശ്വസിപ്പിക്കും .

"നീ ഇതൊന്നും കണ്ടു സങ്കടപ്പെടണ്ട. നിനക്കു ഞാനുണ്ട് . നീ നന്നായി പഠിക്കണം . പഠിച്ചു വലിയ ആളാകണം . ഇനി നീ വേണം ഉമ്മയേയും സഹോദരിയേയും നോക്കാൻ .അതോടൊപ്പംതന്നെ നമ്മുടെ സ്വത്തും കൃഷിയിടവുമെല്ലാം കാത്തുസംരക്ഷിക്കണം. കൃഷി ഒരിക്കലും മോശം തൊഴിലല്ല. പണികളിൽ ഏറ്റവും നല്ലപണി കൃഷിപ്പണിയാണ് .ഐശ്വര്യമുള്ള പണി .ഞാനീ കാണുന്നതെല്ലാം ഉണ്ടാക്കിയത് കൃഷിചെയ്താണ്. പക്ഷേ നിന്റെ ബാപ്പ അതു മനസ്സിലാക്കാതെപോയി. അതാണ് എന്റെ സങ്കടം. നീ ഇത് മനസ്സിലാക്കുമെന്നെനിക്കുറപ്പുണ്ട് ."

പുലർച്ചെ, മികച്ച യുവകർഷകനുള്ള അവാർഡ് ഏറ്റുവാങ്ങാനായി പുറപ്പെടാൻ നേരം  വല്ല്യാപ്പ തന്നെ അരികിലേയ്ക്കു വിളിച്ചു വാത്സല്യത്തോടെ തഴുകിക്കൊണ്ട് പറഞ്ഞു .

"അത്രദൂരം വണ്ടിയിൽ യാത്രചെയ്യാൻ എനിക്കുവയ്യാ. രാവിലേമുതൽ നെഞ്ചിനുള്ളിലൊരു വേദന. ഗ്യാസിന്റെയാവും. ഇല്ലെങ്കിൽ ഞാനുംകൂടി നിന്റൊപ്പം വന്നേനേ. എനിക്കുസന്തോഷമായി .എനിക്കൊരു പിൻഗാമി ഉണ്ടായല്ലോ .?എന്റെ മണ്ണും  കൃഷിയിടവുമെല്ലാം സംരക്ഷിക്കാൻ ഒരു യുവകർഷകൻ .നിന്റെ ബാപ്പയിൽ നിന്ന് എനിക്കുകിട്ടാതെപോയത് നീയായിട്ടു തിരിച്ചുതന്നു. ഇനിയെനിക്ക് സന്തോഷത്തോടെ മരിക്കാം ."അതുപറയുമ്പോൾ വല്ല്യാപ്പയുടെ ശബ്ദം സന്തോഷത്താൽ വിറകൊണ്ടു .

അനുമോദനത്തിനും  അവാർഡുദാനത്തിനുമായി തന്റെ പേര് മൈക്കിലൂടെ ഉയർന്നുകേട്ടതും  ഓർമ്മയിൽനിന്നു മുക്തനായി കസേരയിൽ നിന്നെഴുന്നേറ്റ് സ്റ്റേജിനുനേർക്കു നടന്നു അബ്ദു .

അവാർഡുവാങ്ങി വല്ല്യാപ്പയെ കാണാനുള്ള ആവേശത്തോടെ  വീട്ടിലേയ്ക്കുള്ള ചെമ്മൺപാതയിലൂടെ  അബ്ദു ബൈക്ക് പായിച്ചു . വീട്ടിലേയ്ക്കുള്ള ഇടവഴി തിരിയുന്നിടത്തെത്തിയതും പതിവില്ലാത്തവിധം അയൽക്കാരിൽ ചിലർ  തന്റെ വീടുലക്ഷ്യമാക്കി അതിവേഗം നടന്നുപോകുന്നത് അവൻ കണ്ടു .

"ഹാർട്ടറ്റാക്ക് ആവും ."അവരിൽ ഒരാൾ പറഞ്ഞു .

"അതെ, ഇന്ന് ഉച്ചയ്‌ക്കുകൂടി കണ്ടതാണ് ."മറ്റൊരാൾ പറഞ്ഞു.

"മനുഷ്യന്റെകാര്യം ഇത്രയുള്ളൂ. മരണം എപ്പോഴാണുകടന്നുവരുന്നതെന്ന് ആർക്കും അറിയാനാവില്ല ." മറ്റൊരുവന്റെസംസാരം .

അബ്‌ദുവിന്റെ മനസ്സ് ഭയംകൊണ്ടുവിറച്ചു. തന്റെ വീട്ടിൽ എന്താണുസംഭവിച്ചത് .?ആരാണുമരിച്ചത്? അവൻ അതിവേഗം വീട്ടിലേയ്ക്ക് ബൈക്ക് പായിച്ചു .വീട്ടുമുറ്റത്തു വല്ല്യാപ്പയുടെ പ്രിയസുഹൃത്ത് രാഘവേട്ടൻ ,നിൽക്കുന്നതു കണ്ടതും അബ്‌ദുവിന്റെ ഭീതിവർധിച്ചു .

ഈ സമയം അവന്റെ അരികിലേയ്ക്ക് ഓടിയെത്തിക്കൊണ്ട് അവന്റെ ബാപ്പ പറഞ്ഞു .

"അബ്‌ദു , നിന്റെ വല്ല്യാപ്പ പോയെടാ മോനേ .നീ അവാർഡു വാങ്ങി വരുന്നതുകാണാനുള്ള ഭാഗ്യം നിന്റെ വല്ല്യാപ്പയ്ക്ക് ഇല്ലാതെപോയി ."

ബാപ്പയുടെ വാക്കുകൾകേട്ട് അബ്‌ദുവിന്റെ ഹൃദയം ഒരുനിമിഷം സ്തംഭിച്ചുപോയി . അവന്റെ കൈയിൽനിന്ന്  അവാർഡുഫലകവും ,പൊന്നാടയും ഊർന്നുവീണു .

"എന്റെ പ്രിയപ്പെട്ട വല്ല്യാപ്പാ  അങ്ങയുടെ ആഗ്രഹംപോലെ മികച്ചയുവകർഷകനുള്ള അവാർഡുവാങ്ങി ഈ കൊച്ചുമകൻ വരുന്നതു കാത്തുനിൽക്കാതെ എന്നെ തനിച്ചാക്കിപ്പോയല്ലോ? ഇനി ആരുണ്ട് എനിക്ക് കൂട്ടുകൂടാൻ? " അവൻ വല്യാപ്പയെ കെട്ടിപ്പുണർന്നുകൊണ്ടലമുറയിട്ടുകരഞ്ഞു .ആ കാഴ്ച ഒരുനിമിഷം അവിടെയെത്തിയ  നാട്ടുകാരുടെ മിഴികളേയും ഈറനണിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com