ADVERTISEMENT

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കാലം. സ്വന്തം കാലിൽനിൽക്കാൻ വേണ്ടി ക്യാംപസിനുള്ളിൽ ഒരു ഡ്രൈക്ലീനിങ് ഷോപ്പ് നടത്താൻ തീരുമാനിച്ചു. പക്ഷേ സ്ഥാപനം തുടങ്ങാൻ സഹായിച്ച ജ്യേഷ്ഠ സഹോദരന് ഉപരിപഠനത്തിനായി പെട്ടെന്നു ജർമനിക്കു പോകേണ്ടി വന്നു. സഹായത്തിനു ഭാവി അളിയൻ മാത്രം. ഷട്ടിൽ ഭ്രാന്തനായ കക്ഷി വൈകിട്ടു സമയം കിട്ടിയാൽ അപ്പോൾ കളിക്കാൻ പോകും. എന്നും വൈകിട്ട് നാലു മണിക്ക് ക്ലാസ്സുകഴിഞ്ഞാൽ കടയിൽ നിൽക്കേണ്ട ഉത്തരവാദിത്വം എനിക്കായി. കസ്റ്റമേഴ്സ് മിക്കവരും വരുന്നത് നാലിനും ഏഴിനും ഇടയ്ക്കാണ്.

ഡ്രൈക്ലീനിങ് കൊച്ചിയിൽ അന്ന് ഒരു സ്ഥാപനം മാത്രമേ സ്വന്തമായി ചെയ്യുന്നുള്ളൂ. 25 % കമ്മിഷൻ വാങ്ങി അവരുടെ കലക്‌ഷൻ ഏജന്റായാണ് ഞങ്ങളുടെ പ്രവർത്തനം. ഡ്രൈക്ലീനിങ് എന്താണെന്ന് അന്നാർക്കും വലിയ പിടിപാടിയില്ലായിരുന്നു. പക്ഷേ പെട്രോളിലാണ് കഴുകുന്നതെന്നൊരു ധാരണ പൊതുവേ പരന്നിരുന്നു. അതു കൊണ്ടുതന്നെ തിരിച്ചു കൊടുക്കുമ്പോൾ ഡ്രസ്സെടുത്തു മണത്ത് പെട്രോളിന്റെ മണമുണ്ടോ എന്നു നോക്കി അതില്ലാത്തതിൽ അസ്വസ്ഥരായി തട്ടിക്കയറുന്ന നിരവധി കസ്റ്റമേഴ്സ് ഉണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങൾക്കും വലിയ ധാരണ ഇതേക്കുറിച്ചില്ലായിരുന്നു. ഏകാധിപത്യ മാനസികാവസ്ഥയിൽ പ്രവർത്തിക്കുന്ന ഡ്രൈക്ലീനിങ് മുതലാളി ഞങ്ങൾക്കു സമയത്തിനു ഡെലിവറി കൂടി ചെയ്യാതായതോടു കൂടി കസ്റ്റമേഴ്സ് നിയന്ത്രണം വിട്ടു. കൂട്ടത്തിൽ നിറം പോകുക, പട്ടുസാരിയുടെ പട്ടു ചുരുളുക, മഴ സമയത്ത് ശരിക്കുണങ്ങാതെ തേക്കുക തുടങ്ങി പരാതികളുടെ നീണ്ട നിര. കൂടാതെ നഷ്ടത്തിന്റെ ഗന്ധവും.

ക്ലാസ്സു വിടാറാകമ്പോഴേക്കും ഉള്ളിൽനിന്നും ഒരു കാളൽ വന്നു തുടങ്ങുമായിരുന്നു. തെറി മുഴുവൻ കേൾക്കേണ്ടത് ഞാനാണ്. ചിലർ നഷ്ടപരിഹാരവും ചോദിച്ചു തുടങ്ങി. കണ്ടകശനിയിലൂടെ കടന്നു പോകുന്ന അവസ്ഥ.

ഒടുവിൽ ഞങ്ങളതിനു പരിഹാരം കാണാൻ തന്നെ തീരുമാനിച്ചു. പ്രശ്നങ്ങൾ ഓരോന്നായി കടലാസിലെഴുതി. എതിരെ പരിഹാരമാർഗ്ഗവും. പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലല്ലോ ലോകത്ത്.

നേരെ പോയി റെയിൽവേ ട്രാക്കിനു സമീപം പ്രവർത്തിക്കുന്ന ഒരലക്കുകാരൻ ചേട്ടനെ കണ്ടു. റയിൽവേ ട്രാക്കിലെ ചൂടു മെറ്റലിലിട്ടു മിനിറ്റുകൾക്കകം ഉണക്കിയെടുക്കുന്ന അദ്ദേഹത്തിന്റെ ‘ഡ്രൈ’ക്ലീനിങ് ടെക്നോളജി കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി. മൂന്നു ദിവസത്തിനു പകരം ഒരു ദിവസം തന്നെ അദ്ദേഹത്തിനു ധാരാളം. പട്ടുസാരികളിൽ പറ്റിയ അഴുക്ക് നനഞ്ഞ തുണികൊണ്ടു തുടയ്ക്കുക മാത്രം ചെയ്ത് പട്ടിന്റെ മുകളിൽ നനഞ്ഞ വിരിയിട്ട്  അതിനു മുകളിലൂടെ തേച്ചു നോക്കിയതോടെ പട്ടു കേടാവുന്ന പ്രശ്നവും മാറ്റിക്കിട്ടി. നാടൻ അലക്കായതു കൊണ്ട് നിറം പോകുന്ന പ്രശ്നവുമില്ല. ഇനിയാകെ ഉള്ള പ്രശ്നം പെട്രോൾ വാഷിന്റേതാണ്. ഒരു കുപ്പി പെട്രോൾ ഉണ്ടെങ്കിൽ അലക്കിത്തേച്ച ഡ്രസ്സുകളിൽ അലക്കുകാരൻ ചേട്ടൻ ഒരു മാസം തുള്ളി പ്രയോഗം നടത്തും. കുറച്ചു നേരം, കൊണ്ടു പോകുന്ന പെട്ടിയിൽ അടച്ചു വച്ചാൽ പെട്രോൾ വാഷാണെന്നേ മുക്കടപ്പുള്ളവൻ കൂടി പറയൂ. സ്ഥാപനത്തിന്റെ പേരോടൊപ്പം ‘ലോൺഡ്രി ആൻഡ് ഡ്രൈക്ലീനിങ് സർവീസസ്’ എന്നു കൂടി ചേർത്തെങ്കിലും അലക്കിത്തേച്ചുവരുന്ന ഡ്രസ്സിലെ രൂക്ഷമായ പെട്രോൾ ഗന്ധം  ഡ്രൈക്ലീനിങ്ങിന്റെ ഉറപ്പാണ് ഞങ്ങൾ പറയാതെ തന്നെ കസ്റ്റമേഴ്സിനു നൽകിയത്.  എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഒരൊറ്റമൂലി പോലെ അവിടുന്നു കിട്ടി. പറഞ്ഞ സമയത്തിനും മുൻപേ മടക്കിക്കൊടുക്കുമ്പോൾ ഒരിക്കൽ നഷ്ടപ്പെട്ടു പോയി തിരിച്ചു കിട്ടുന്ന ‘കസ്റ്റമർ സാറ്റിസ്ഫാക്‌ഷൻ’ കണ്ട് കണ്ണു നിറഞ്ഞ ദിനങ്ങൾ.

പക്ഷേ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് 25 ശതമാനത്തിൽനിന്നു നൂറു ശതമാനത്തിലേക്കുള്ള ലാഭത്തിന്റെ കുതിപ്പാണ്. പട്ടുസാരികളുടെ കാര്യത്തിൽ 800 ശതമാനവും. പട്ടുസാരികൾ വരുമ്പോൾ കൂട്ടത്തോടെയാണ് വരുന്നത്. അതും വല്ലപ്പോഴും. കാരണമന്വേഷിച്ചപ്പോഴാണറിയുന്നത് ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ നടക്കുന്ന ദിവസം മാത്രമേ ക്യാംപസിലെ പട്ടുസാരികൾ വെളിച്ചം കാണൂ എന്നും, അതാണ് പിറ്റേദിവസം കുറച്ചു പൊടി മാത്രം പറ്റിയതിന്റെ പേരിൽ ഡ്രൈക്ലീനിങ്ങിനു വരുന്നതെന്നും. ബിസിനസ്സ് ഡവലപ്പ്മെന്റിന്റെ ബാലപാഠങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായി എന്നിലെ ബിസിനസ്സുകാരനും കലാകാരനും കൈകോർത്തപ്പോൾ ഞങ്ങളുടെ ഓഡിറ്റോറിയത്തിൽ നിരവധി പുതിയ കലാപരിപാടികൾ തുടരെത്തുടരെ നിറഞ്ഞാടി. പിറ്റേ ദിവസം  ഡ്രൈക്ലീനിങ്ങിനെത്തുന്ന പട്ടുസാരികളിലൂടെ ഞാൻ കാമ്പസിലെ ഒരു ചെറിയ അംബാനിയായി മാറുകയായിരുന്നു. കൂടെ, സിനിമയിലേക്കെന്നെ കൊണ്ടെത്തിച്ച കലാപ്രവർത്തനത്തിന്റെ നട്ടുനനയ്ക്കലും .

ഹോസ്റ്റൽ മുറിയിൽ വന്നു ഡ്രസ്സ് കൊണ്ടു പോകുന്ന ഒരലക്കുകാരൻ ഞങ്ങൾക്കുണ്ടായിരുന്നു. ഞാനെന്റെ ഡ്രസ്സുകളെടുത്ത് അയാൾക്കു കൊടുക്കുമ്പോൾ ഞങ്ങളുടെ കസ്റ്റമർ കൂടിയായ ‘റൂംമേറ്റ്’ എന്നോടു പുച്ഛത്തോടു ചോദിക്കാറുണ്ടായിരുന്നു സ്വന്തമായി ഡ്രൈക്ലീനിങ് ഷോപ്പുണ്ടായിട്ടു കൂടി, സ്വന്തം തുണി അലക്കാൻ കൊടുക്കുന്ന പിശുക്കത്തരം കാണിക്കണോ എന്ന്. എല്ലാം കെട്ടിപ്പൊതിഞ്ഞ് ഒരു കിലോമീറ്റർ നടന്ന് ഞങ്ങളുടെ ഷോപ്പിലേക്ക് ഡ്രൈക്ലീൻ ചെയ്യാൻ പോകുന്ന ‘മുറിയനോട്’ ഭാര്യയോടു പോലും ട്രേഡ് സീക്രട്ട് വെളിപ്പെടുത്തരുതെന്നുള്ള ബിസനസിന്റെ അടിസ്ഥാനതത്ത്വം പഠിച്ചു കഴിഞ്ഞ എനിക്കു പറയാൻ പറ്റില്ലല്ലോ റെയിൽവേ ട്രാക്കിലെ ഉണക്കിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് അയയിലിട്ടുള്ള ഉണക്കെന്ന് !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com