ADVERTISEMENT

തണൽമരങ്ങൾ 

"മാഷേ... "

പൊടി പിടിച്ച ഒരു കെട്ട് പുസ്തകങ്ങൾക്കിടയിൽ ഷെൽഫിനുള്ളിൽ പരതുന്നതിനിടയിൽ അപരിചിതമായ ഒരു ശബ്ദം സാനു മാഷിന്റെ കാതുകളിൽ അലയടിച്ചു. അദ്ദേഹം തിരിഞ്ഞു നോക്കി. ടീച്ചേഴ്സ് റൂമിന്റെ വാതിൽക്കൽ വെളുക്കെ ചിരിച്ചു കൊണ്ട് ഒരു ചെറുപ്പക്കാരൻ.

ഷെൽഫ് ഭദ്രമായി അടച്ചു താക്കോൽക്കൂട്ടം മേശപ്പുറത്തു വച്ച് അദ്ദേഹം പുറത്തേക്കിറങ്ങി  തന്റെ വട്ടക്കണ്ണടയിലൂടെ  ആ മുഖത്തേക്ക് ചൂഴ്ന്നു നോക്കി. നര ബാധിച്ച തലമുടിയിൽ തടവി തിരിച്ചും മറിച്ചും ചിന്തിച്ചു നോക്കി. മറവിക്ക് വിട്ടു കൊടുത്തിരിക്കുന്ന ഓർമകളെ പൊടി തട്ടിയെടുക്കുവാൻ മാഷ് ശ്രമിച്ചു. ഇല്ല, കഴിയുന്നില്ല. വർഷങ്ങൾ പിറകോട്ടു പോവുമ്പോൾ ഓർത്തിരിക്കാൻ കഴിയുന്ന രൂപഭാവമോ  ശബ്ദമോ അല്ലിത്.

"ആരാ....? അങ്ങട് മനസിലായില്ല്യാ.. !"

"മനു.."

ചെറുപ്പക്കാരന്റെ ചുണ്ടുകൾ ചലിച്ചു.

മാഷിൽനിന്ന് ആശ്ചര്യഭാവത്തിൽ " ഹാ.. "എന്നൊരു ശബ്ദമുയർന്നു. ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപുള്ള ഒരു ജൂൺ മാസം അദേഹത്തിന്റെ അകക്കണ്ണിൽ തെളിഞ്ഞു വന്നു.

പിറകിലേക്ക്  ചീകിയൊതുക്കിയ മുടിയും നസീർ  സ്റ്റൈലിൽ  ഉള്ള  പൊടിമീശയും വച്ച് കക്ഷത്തിലൊരു  ചെറിയ ബാഗും  പിടിച്ചു ചാറ്റൽ മഴയുള്ള ദിവസം  കയ്യിലൊരു   കാലൻ കുടയും  തൂക്കി  സ്കൂളിലേക്ക്  വന്നു  കേറിയ ആദ്യ  ദിനം  അദ്ദേഹം  ഓർത്തു. മുന്നൂറോളം  കുട്ടികളും മുപ്പത്തിയഞ്ചോളം അധ്യാപകരും തിങ്ങി  നിറഞ്ഞ  ആ  ലോകം  എത്രയോ  വലുതായിരുന്നു.  സ്കൂൾ  വളപ്പിൽ പടർന്നു പന്തലിച്ചു  നിൽക്കുന്ന  മാവിന്റെ  ഇലകളിലൂടെ  ഒഴുകിയിറങ്ങുന്ന  മഴത്തുള്ളികൾ  നൽകിയ  മനോഹര കാഴ്ച മറക്കാനാവുമോ..?  

നല്ല  മഴയുള്ള  ഒരു  പകൽ  ക്ലാസ്മുറിയിലെ  ടേബിളിൽ താളം  പിടിച്ചിരുന്നു  പുറകിലേക്ക്  തിരിഞ്ഞു  നോക്കിയത്  മാഷിന്  ഓർമ വന്നു.  വെള്ള  ചോക്കു കൊണ്ട് ബ്ലാക്ക് ബോർഡിൽ  ഗണിത ക്രിയകൾക്ക്  മുന്നിൽ മുട്ടു വിറച്ചു നിന്നിരുന്ന  ഒരു  പത്തു  വയസ്സുകാരൻ– അതായിരുന്നു മനു.   

അകാരണമായ ഭീതി നിഴലിച്ച ആ  കണ്ണുകൾ എന്തൊക്കെയോ തന്നോടു പറയാൻ  ശ്രമിക്കുന്നുണ്ടെന്ന്  അദ്ദേഹത്തിന് തോന്നിയിരുന്നു. മേശപ്പുറത്തിരുന്ന  ചൂരലിൽ  ഒരു  പ്രത്യേക താളത്തിൽ  കൈ  പതിഞ്ഞപ്പോൾ   പിൻബെഞ്ചുകളിലെ   അടക്കിപ്പിടിച്ച സംഭാഷണങ്ങൾക്ക് ഒരറുതി വന്നു. മുന്നിലിരിക്കുന്ന  കുഞ്ഞു  മിഴികളിൽ  ഭയം ഓളം വെട്ടുന്നത്  അദ്ദേഹം  തിരിച്ചറിഞ്ഞു. അടിക്കാനല്ലെങ്കിലും  വടി  കൂടെ  കൊണ്ടു  നടക്കുന്നത്  പിഞ്ചു മനസ്സുകളെ  അത്രയേറെ  ആഴത്തിൽ  ബാധിക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു  തോന്നിയിരുന്നു..

തിരക്കുകളൊഴിഞ്ഞ  ഒരു  സായാഹ്നത്തിൽ  നാരങ്ങാമിട്ടായി നുണഞ്ഞു സ്കൂൾ  വളപ്പിലൂടെ  നടക്കുമ്പോൾ   മാവിൻ ചുവട്ടിൽ  ഏകനായി ഇരിക്കുന്ന മനുവിൽ തന്റെ  കണ്ണുകളുടക്കി. മറ്റ് കുട്ടികൾ  കളിച്ചു  മറിയുമ്പോൾ  എന്താവും  ഒരാൾ മാത്രം  മാറിയിരിക്കുന്നത്..? 

അരികെ  ചെന്ന്  അവന്റെ  നിഷ്കളങ്കമായ മുഖത്തേക്ക്  നോക്കിയപ്പോൾ  എന്തെന്നില്ലാത്ത  ഒരു  സന്തോഷം. എന്നാൽ  ആ  കുരുന്നു മുഖത്ത് നിറഞ്ഞത്  ഭയമായിരുന്നു. ചേർത്തു പിടിച്ചു  അരികെ  നിർത്തി.. കയ്യിലിരുന്ന  നാരങ്ങാമിട്ടായി  അവനു  നേരെ  നീട്ടിയപ്പോൾ  ആ  കുഞ്ഞു  ചുണ്ടുകൾ  അന്നാദ്യമായി മാഷിന്  മുന്നിൽ തുറക്കപ്പെട്ടു... 

"പരിചയമില്ലാത്തവർ  തരുന്നത് കഴിക്കാൻ  പാടില്ലാന്ന്  അച്ച  പറഞ്ഞിട്ടുണ്ട്..  "

മാഷിന്റെ  കണ്ണുകൾ  ചുരുങ്ങി  ചെറുതായി. അതേ, മുൻകരുതലാണ്, രക്ഷിതാവിന്റെ  മുൻ കരുതൽ. എങ്കിൽ  പിഞ്ചു മനസ്സുകൾ  എത്രയോ ഭയപ്പെടുന്നു... 

"മാഷിനെ  ഭയമാണോ  മനുവിന്...? "

"ഉം... "ഒരു  മൂളൽ  കേട്ടു. 

"എന്തിന്... ? "

"മാഷുമാർ  അടിക്കും...നുള്ളി പറിക്കും...  വീട്ടില് അച്ച അടിക്കും പോലെ .. " നിഷ്കളങ്കമായ  മറുപടിയിൽ  നെഞ്ചു  കലങ്ങിപ്പോയി. അതോടൊപ്പം  അവന്റെ  ചെവിയിൽ  ചുവന്നു  കല്ലിച്ച  പാടുകളും വല്ലാതെ  ഉള്ളിൽ തട്ടി. 

"സാനു മാഷിന്  ഭ്രാന്താണ്... "

ഒരു  ദിവസം കൂട്ടിയിട്ടിരിക്കുന്ന  ചൂരലുകളിൽ  ആളിപ്പടരുന്ന  തീയിലേക്ക്  നോക്കി  നിൽക്കുന്ന  മാഷിനെ  നോക്കി  ചില  അദ്ധ്യാപകർ  അടക്കം  പറഞ്ഞു. ചിലർ  പുകഴ്ത്തി. രണ്ടിനും ചെവി  കൊടുക്കാതെ കത്തിക്കരിഞ്ഞ ചൂരലിന്റെ  ചാരം  വാരി  മാവിൻ  ചുവട്ടിലിട്ട്   അദ്ദേഹം  കുട്ടികളെ  നോക്കി  ചിരിച്ചു. ആ  ചിരി  കുഞ്ഞു  മനസ്സുകളിൽ  നൽകിയ  സന്തോഷം  എത്രയോ  വലുതായിരുന്നു. പിന്നീടൊരിക്കൽ  മാവിന്  മുകളിൽ  തൂങ്ങിയാടുന്ന  പച്ചമാങ്ങകൾ  തെറ്റാലി ഉപയോഗിച്ചു  എറിഞ്ഞു  വീഴ്ത്തി  മനുവിന്റെ  കൈകളിൽ  കൊടുത്ത  രംഗം  അദ്ദേഹം  ഓർമിച്ചു. മറ്റൊരിക്കൽ അവന്റെ കയ്യിൽ  നിന്നും  ലക്ഷ്യം  തെറ്റി  പറന്ന ചെറിയ  കല്ലു  വന്നു  തന്റെ  തലയിലുണ്ടായ  മുറിപ്പാട്  അദ്ദേഹം  ഓർമ്മിച്ചു. പത്താം ക്ലാസ്സും  പൂർത്തിയാക്കി ഓരോരുത്തരായി  പടിയിറങ്ങിപ്പോവുമ്പോഴും മനുവെന്ന  നിഷ്കളങ്ക മുഖം എപ്പോഴും  തന്റെ അടുത്ത സൗഹൃദമായിരുന്നു. സ്കൂൾ ഗേറ്റിനു മുന്നിൽ കിടക്കുന്ന  ടാക്സി  കാറിൽ  കേറുമ്പോൾ പോലും തന്നോട് യാത്ര പറയാതെ കടന്നു പോകുമ്പോൾ ഉള്ളിലൊരു വിങ്ങലുണ്ടായി. മാസങ്ങളും  വർഷങ്ങളും  നീണ്ടു  നിൽക്കുന്ന  ഒരു  വേദനയായിരുന്നു  അത്. അദ്ധ്യാപക-വിദ്യാർത്ഥി  ബന്ധം മാത്രമായിരുന്നില്ല  അത് അതാവും  ഒരുപാട്  നൊമ്പരപ്പെട്ടത്... 

"സാനു  മാഷേ...?  "

ചുമലിൽ  കൈ  പതിഞ്ഞപ്പോൾ  ഓർമ്മകളിൽ  നിന്നും  ഞെട്ടിയുണർന്നു  മാഷ്  മനുവിന്റെ  മുഖത്തേക്ക്  നോക്കി.പത്തു  വയസ്സുകാരൻ  ഒരുപാടു  വളർന്നിരിക്കുന്നു.കട്ടി മീശയും കുറ്റിത്താടിയും  നിറഞ്ഞ  സുന്ദര മുഖം  ഒരിക്കൽ  തനിക്കുമുണ്ടായിരുന്നുവല്ലോ..? 

അവന്റെ  നിറുകയിൽ  തലോടിക്കോണ്ട് അദ്ദേഹം  പറഞ്ഞു

" മാറിയിരിക്കുന്നു..  എല്ലാവരും  വളരെ   മാറിയിരിക്കുന്നു.. "

"കാലം മുഖത്തും, ശരീരത്തിലും   വരുത്തിയ മാറ്റങ്ങൾ  ചിലപ്പോഴൊക്കെ ഒരനുഗ്രഹമാണ്  മാഷേ..." മനുവിന്റെ  ശബ്ദം  ഇടറിയിരുന്നു. 

അവന്റെ  കണ്ണുകൾ  സ്കൂൾ വളപ്പിലേക്ക്  തിരിഞ്ഞു മുത്തശ്ശിമാവ്  അവിടെ തന്നെയുണ്ടെങ്കിലും  അതിന്റെ  ശിഖരങ്ങൾ  അവിടെയിവിടെയായി  വെട്ടി മുറിക്കപ്പെട്ടിരിക്കുന്നു. ഉണങ്ങിയ ഇലകൾ നിലത്തു  വീണു  കിടക്കുന്നു. 

"മുറിച്ചു  മാറ്റപ്പെടുമോ  മാഷേ  അതും... ? 

"മുത്തശ്ശിയുടെ ദിനങ്ങൾ  എണ്ണപ്പെട്ടിരിക്കുന്നു .. "

മാഷിന്റെ  ചിലമ്പിച്ച  ശബ്ദം  അവന്റെ  കാതുകളിലെത്തി. 

"ഒഴിഞ്ഞു  കിടക്കുന്ന ഈ   ക്ലാസ്സ്‌ റൂമുകൾ എനിക്ക്  തരുന്നത്  മരണ വീട്ടിലെ  നിശബ്ദതയാണ് മനു..!"

മുന്നൂറു  കുട്ടികളിൽ  നിന്നും മുപ്പത് കുട്ടികളായും  മുപ്പത്തിയഞ്ചു  അദ്ധ്യാപകരിൽ നിന്നും മൂന്നു  അദ്ധ്യാപകരായും  ചുരുങ്ങിയ സ്കൂളിന്റെ അവസ്ഥയിലുള്ള  നിരാശ നിഴലിച്ചിരുന്നു  അദേഹത്തിന്റെ  വാക്കുകളിൽ.കാലം  മാറിയപ്പോൾ പ്രകൃതിയോട് അടുത്തിണങ്ങിയ  പഠന രീതികളും  മാറിയതാവും ആ നിരാശക്ക്  കാരണം. നാട്ടുമാവും കണ്ടു  ഇളങ്കാറ്റുമേറ്റ് പഠിക്കുമ്പോൾ  കിട്ടുന്ന  സുഖമൊന്നുംനഗര തിരക്കുകളിൽ   മുന്തിയ കെട്ടിടങ്ങളിൽ ഏസിയുടെ  തണുപ്പേറ്റിരുന്ന്  പഠിക്കുമ്പോൾ    കിട്ടുകയില്ലെന്ന അദേഹത്തിന്റെ  ദീർഘവീക്ഷണം  എത്രയോ  ശെരിയാണ്...വേനൽചൂടിന്റെ  ആധിക്യം  വിയർപ്പു തുള്ളികളായി അദേഹത്തിന്റെ  നെറ്റിയിലൂടെ  ചാലിട്ടൊഴുകിയത്  നോക്കി  മനു ഒരു  നിമിഷം  നിന്നു. തുറന്നു  കിടന്ന  ക്ലാസ്സ്‌ മുറിയിലേക്ക്  അവൻ  കടന്നിരുന്നു.നിറം മങ്ങി പൊട്ടിപ്പൊളിഞ്ഞടർന്നു കിടക്കുന്ന ചുവരുകളും, അനാഥശവങ്ങളെപ്പോലെ  കാലൊടിഞ്ഞു കിടക്കുന്ന   ബെഞ്ചുകളും , ഡെസ്കുകളും,  മനുവിന്റെ  കര സ്പർശനത്താൽ  പുളകം കൊണ്ടു..

കൈ വിരലുകൾ  പതിഞ്ഞപ്പോൾ  അവയിൽ  തെളിഞ്ഞ  ബ്ലേഡും, കോമ്പസും, പേനയും, പെൻസിലും കുത്തിയിറക്കിയ ഛായ ചിത്രങ്ങൾ   ഒരു  തലമുറയുടെ സ്വപ്നങ്ങളായിരുന്നു.പുറത്തേക്കിറങ്ങി വരുമ്പോൾ  സാനു മാഷ് ചുവരിലേക്ക്  നോക്കി  നിൽക്കുന്നു.ചുവരിലെ  ചിത്രം  കണ്ടതും മനുവിന്റെ  കണ്ണുകളിൽ  അത്ഭുതം.പഴയ  പത്തു  വയസ്സുകാരന്റെ  നിഷ്കളങ്കത  ആ കണ്ണുകളിൽ  നിഴലിച്ചു. പണ്ടെപ്പോഴോ താൻ  വരച്ച  ഒരു  ചിത്രം  ഇപ്പോഴും  അവിടെ ഒരു  പോറൽ  പോലുമില്ലാതെ  തുടരുന്നു. 

"മാഷിപ്പോഴും  ഇവിടെ  തന്നെ...? "

അതിനു മറുപടി പറയാതെ സാനു  മാഷ് വെറുതെ  പുഞ്ചിരിച്ചു. തലമുറകളെ  വാർത്തെടുത്ത  ആ  മനുഷ്യന്  എന്ത് സ്ഥലംമാറ്റം. കുടുംബകാര്യങ്ങളും, ജോലിക്കാര്യങ്ങളും ചർച്ച ചെയ്തു  സമയം  മുന്നോട്ട്  പോയത് ഇരുവരുമറിഞ്ഞില്ല. സായാഹ്ന  സൂര്യന്റെ രശ്മികൾ മുഖത്തടിച്ചപ്പോൾ  മനു പതിയെ  എഴുന്നേറ്റു.സാനു  മാഷിന്റെ  കരങ്ങളിൽ മുറുകെ പിടിച്ചു. ചുളിവ്  വീണ  ആ  മുഖത്തു  ഒരു  തെളിച്ചം  വീഴുന്നത്  അവൻ  കണ്ടു. മൗനമായി  ഗുരുവിനോട്  കണ്ണു  കൊണ്ടു  യാത്ര പറഞ്ഞു  പുറത്തു  പാർക്ക്  ചെയ്തിരുന്ന  കാറിനു  നേരെ  നടക്കാൻ  തുടങ്ങിയപ്പോൾ പുറകിൽ നിന്നുമൊരു   പാദചലനം  കേട്ടു. പത്തു-പതിനഞ്ചോളം കുരുന്നുകൾ. അവരുടെയൊപ്പം  മാഷ്. മനസ്സിലൊരു  തണുപ്പ്  വീണു അദ്ദേഹം  ഒറ്റക്കല്ല...പുതു തലമുറ കൂടെയുണ്ട് വിരലിൽ എണ്ണാവുന്നവരെങ്കിലും.. 

കാറിന്റെ  പിൻസീറ്റിൽ  ചാരിയിരുന്നു മിഴികളടക്കുമ്പോൾ  മനു  തന്നോട്  തന്നെ  ചോദിച്ചു

"മാഷിന്റെ കണ്ണുകളിൽ  നിഴലിച്ച നിസ്സഹായത ഈ ലോകമെങ്ങുമുള്ള  എത്രയോ  അദ്ധ്യാപകരുടെ  കണ്ണുകളിലുണ്ടാവും.. ?ഉത്തരമില്ല... എണ്ണിയാലൊടുങ്ങാത്ത  ചോദ്യങ്ങളിൽ  ഉത്തരമില്ലാത്ത പുതിയ  ചോദ്യങ്ങൾ എഴുതി  ചേർക്കേണ്ടി  വരുന്നത്  എത്ര കഷ്ടമാണ്... 

"ഇനിയൊരു വരവുണ്ടെങ്കിൽ ഈ സ്കൂളിനൊരു   തണലായി മാഷുണ്ടാവോ...?ഉണ്ടാവണമെന്ന്  ആഗ്രഹിച്ചു  പോവുന്നു.... "

സ്കൂൾ  വളപ്പിലെ  മുത്തശ്ശി മാവിന്റെ ഉണങ്ങിയ  ഇലകളെ ഞെരിച്ചു കൊണ്ടു  ഉത്തരമില്ലാത്ത  ചോദ്യങ്ങളുമായി മനുവിന്റെ    വാഹനം  പുറത്തേക്ക്  പാഞ്ഞു ദൂരെ  അങ്ങു  ദൂരെ  നഗരത്തിന്റെ  തിരക്കുകളിലേക്ക്.

സമർപ്പണം പ്രിയപ്പെട്ട  അദ്ധ്യാപകർക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com