ADVERTISEMENT

ടീച്ചർക്ക് എന്നെ മനസ്സിലായോ ?

ഞാൻ വിശ്വനാഥൻ. 

വിശ്വനെന്നാ ടീച്ചർ എന്നെ വിളിച്ചിരുന്നത്.

വിശ്വത്തിന്റെ നാഥനാണ് ഇവനെന്ന് ക്ലാസിലെ മറ്റു കുട്ടികളോടു ടീച്ചർ കേമത്തം പറയുമായിരുന്നു.

അതുകൊണ്ടു തന്നെ മറ്റുകുട്ടികൾക്ക് എന്നോടു പുച്ഛമായിരുന്നു ...

സ്വന്തം മകൻ ശിഷ്യനായിട്ടുണ്ടായിട്ടും ടീച്ചറെന്നെയാണ് മകനെപ്പോലെ കരുതിയിരുന്നത്.

മകൻ പിഴയാണെന്ന് എത്രകുറിയാണെന്നോ ടീച്ചർ എന്നോടു പറഞ്ഞിട്ടുള്ളത്.

ലോകത്തെല്ലാ അമ്മമാർക്കും അവരുടെ മക്കൾ പ്രിയപ്പെട്ടവരാകുമ്പോൾ ടീച്ചർക്കുള്ള ഒരേയൊരു മകൻ അങ്ങനെ അല്ലാതാകുന്നു.

അവൻ പഠിക്കാൻ മിടുക്കനല്ലായിരുന്നുവെന്നതു സത്യം തന്നെയാണ്.

അവനെ ഇങ്ങനെയൊക്കെയാക്കിത്തീർത്തതും ടീച്ചറുടെ കടുത്ത ശിക്ഷണമാണ്. 

സ്നേഹത്തോടെയൊരു വാക്കും നോട്ടവും തലോടലുമൊന്നും ടീച്ചറിൽ നിന്നവനു ലഭിച്ചിട്ടില്ലെന്ന് പറയുമ്പോൾ എനിക്കും സങ്കടം വരുമായിരുന്നു.

ഇതൊന്നും എനിക്ക് പരിചയമുള്ള അവസ്ഥകളായിരുന്നില്ലല്ലോ.

എപ്പോഴും സങ്കടങ്ങൾ ഒഴിയാതെയേ ഞാനവനെ കണ്ടിട്ടുള്ളൂ.

ചിലപ്പോഴൊക്കെ അവന്റെ ശരീരത്തിൽ തിണർത്തുകണ്ട ചൂരൽപ്പാടുകൾക്കു പിന്നിലെ കാരണങ്ങളെക്കുറിച്ച് പറയുമ്പോൾ എന്റെ കണ്ണുകൾ നിറയുമായിരുന്നു ...

മൃഗത്തെപ്പോലും വല്ലപ്പോഴും തല്ലാമെന്നല്ലാതെ എപ്പോഴും തല്ലിയാൽ അതെങ്ങനെയാവും പ്രതികരിക്കുകയെന്ന് പറയാനാകില്ലല്ലോ...

ഇതൊക്കെ പഠിപ്പും വിവരവുമുള്ള ടീച്ചർക്കും നിശ്ചയമുള്ളതാകില്ലേ ?

എന്നിട്ടുമെന്താ ടീച്ചറിങ്ങനെ ....

അമ്മയും അച്ഛനും ടീച്ചറെ ഇങ്ങനെ ശിക്ഷിച്ചിട്ടുണ്ടാകാം. അതു ടീച്ചർ മകനിലേക്കു പകരുന്നതാകാം. ഇനി മകൻ അവന്റെ മക്കളിലേക്ക് ...

അങ്ങനെ ഒരു പാരമ്പര്യം പോലെ ...

എന്നെ ടീച്ചർ സ്നേഹിച്ചത്, ടീച്ചറെടുക്കുന്ന വിഷയം ഞാൻ നല്ലോണം പഠിച്ചതു കൊണ്ടാകും ...

അല്ലെങ്കിൽ ടീച്ചറെന്നെയും ഇങ്ങനെ പരിഗണിക്കുമായിരുന്നില്ലെന്നെനിക്ക് ഉറപ്പുണ്ട്. 

ടീച്ചറുടെ മകനെന്തെങ്കിലുമൊക്കെ മിണ്ടിയിരുന്നത് എന്നോടു മാത്രമാണ് ...

അതു ഞങ്ങൾ തമ്മിലുള്ള സ്‌നേഹം കൊണ്ടാണ്.

ഞാൻ അവനുമായി വീട്ടിൽ ചെല്ലുമ്പോൾ ടീച്ചർ പറയുമായിരുന്നു നിനക്കീ മണ്ടനെയേ കണ്ടുള്ളോ കൂട്ടുകാരനാക്കാനെന്ന്...

അപ്പോഴവൻ അപമാന ഭാരത്താൽ തലകുനിച്ച് നിലത്തു ദൃഷ്ടികൾ പതിപ്പിച്ചു നിൽക്കുകയാകും ...

ടീച്ചറുടെ ഈ പ്രകൃതത്തോടുള്ള പ്രതിഷേധം കൊണ്ടാകും ഭർത്താവ് മകനെയും സമ്മാനിച്ചേതോ ദിക്കിലേക്കു പിന്നീടൊരിക്കലും തിരികെ വരാത്തമട്ടിൽ പോയത്. 

അച്ഛൻ സ്നേഹമുള്ള ഒരാളായിരുന്നുവെന്നാ അവൻ പറഞ്ഞിട്ടുള്ളത്.

പക്ഷേ ആ സ്നേഹമൊന്നും പ്രകടിപ്പിക്കാൻ ടീച്ചർ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. 

ടീച്ചർക്ക് അവരുടെ ഭർത്താവിനെ ഒരു പ്രതിമപോലെ കാണാനായിരുന്നു താൽപര്യം.

അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയശേഷം അച്ഛൻ മരിച്ച കുട്ടിയാണ് താനെന്നാ അവനെന്നോടു പറയുക.

ആത്മാർഥമായൊന്നു ചിരിക്കാൻ പോലും അവന് കഴിഞ്ഞിരുന്നില്ലല്ലോ.

എപ്പോഴും നിറയുന്ന കണ്ണുകളായിരുന്നു അവന്റേത്.

സങ്കടം പറഞ്ഞ് അവനെന്നെ കെട്ടിപ്പിടിച്ചുപൊട്ടിക്കരയുമായിരുന്നു.

ഇതിലും ഭേദമേതെങ്കിലും അനാഥാലയത്തിൽ കഴിയുന്നതായിരുന്നുവെന്ന് സങ്കടങ്ങൾ പെരുക്കുമ്പോൾ അവൻ പറയും.

ഞാനവനെ എന്റെ വീട്ടിലേക്കു കൂട്ടുമ്പോൾ അമ്മയുടെ സ്നേഹം കണ്ടുമവൻ കരയാറുണ്ട്.

എന്നിട്ടവൻ പറയും.

ഇങ്ങനെയൊരു അമ്മയെയാണ് അവനും ആഗ്രഹിച്ചിരുന്നതെന്ന്.

എന്റെ അമ്മയെ നീയും അമ്മയായി കരുതിക്കോയെന്ന് പറയുമ്പോൾ സ്വന്തമല്ലാത്തതെപ്പോഴും അന്യമല്ലേ എന്നവൻ സന്ദേഹിക്കും.

എനിക്കും അച്ഛനില്ല.

ബാല്യത്തിലെങ്ങോ ആണ് അച്ഛൻ മരിച്ചത്. പിന്നെ അച്ഛന്റെ റോളും അമ്മതന്നെ കൈകാര്യം ചെയ്യുകയായിരുന്നു.

അതുകൊണ്ട് ഇന്നുവരെയൊരു അനാഥത്വം എനിക്കു ഫീൽ ചെയ്തിട്ടില്ല.

സ്കൂൾ ഫൈനൽ കഴിഞ്ഞ ശേഷം അമ്മാവനെന്നെ ഗൾഫിലേക്ക് വിളിപ്പിക്കുകയായിരുന്നു.

പിന്നെ നാട്ടിൽ നിന്നു ചിലരയച്ച കത്തുകളിൽനിന്നും അമ്മയുടെ ഫോൺ വിളികളിൽ നിന്നുമാണ് ടീച്ചറുടെ മകൻ മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമപ്പെട്ടുവെന്ന് അറിഞ്ഞതും.

ഇതിനിടെ പഠിക്കാനായി കോളജിൽ ചേർന്നെങ്കിലും അതൊന്നുമവൻ പൂർത്തീകരിച്ചില്ല.

വിവാഹം കഴിച്ചാൽ നേരെയാകുമെന്നു കരുതി അതും ടീച്ചർ ചെയ്തു.

വലിയൊരു കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെയാണവൻ വിവാഹം കഴിച്ചത്. 

പക്ഷേ, അധികനാളൊന്നും ആ ബന്ധം നിലനിന്നില്ല.

അല്ലെങ്കിലും ഇങ്ങനെ ദുശ്ശീലമുള്ള ഒരാളെ ആരാ ഭർത്താവായി സഹിക്കുക ?

ഈ ബന്ധത്തിലൊരു കുട്ടിയുമുണ്ടെന്നാ അമ്മ ഒരിക്കൽ ഫോണിൽ  പറഞ്ഞത്.

പാവം കുട്ടി ...

അവനിപ്പോൾ ആരോടൊപ്പമാവും ...

ടീച്ചറോടൊപ്പമാണെങ്കിൽ അവന്റെ സ്ഥിതിയും ദയനീയമാകും ...

ഞാൻ ഗൾഫിലെത്തിയ ശേഷമായിരുന്നു അമ്മാവന്റെ മരണം. ഒരു നെഞ്ചുവേദനയോടെ എല്ലാം കഴിയുകയായിരുന്നു.

പിന്നെ അമ്മാവന്റെ ബിസിനസിന്റെയും കുടുംബത്തിന്റെയുമൊക്കെ ഉത്തരവാദിത്തം എന്റെ ചുമലിലായി ...

അങ്ങനെ വർഷങ്ങളായി ഗൾഫിൽ ...

നാട്ടിൽ പോയിട്ടും വർഷങ്ങളായി.

മകനെ ടീച്ചറൊരു ലഹരിവിമോചന കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്‌തെങ്കിലും അവനവിടെവച്ചു ജീവനൊടുക്കുകയായിരുന്നു.

ഞാനിപ്പോൾ ടീച്ചറെ ഓർത്തത് ഒരു വൃദ്ധസദനത്തെക്കുറിച്ചുള്ള ഫീച്ചർ ടിവിയിൽ കണ്ടാണ്. അവിടത്തെ അന്തേവാസിയാണ് ടീച്ചറിപ്പോൾ ...

അമ്മയ്ക്കിപ്പോൾ ആരൊക്കെയുണ്ടെന്ന ചോദ്യത്തിനു മുൻപിൽ നിശ്ശബ്ദമിരുന്ന് കരയുകയായിരുന്നു ടീച്ചർ...

ടീച്ചറുടെ കണ്ണുകളിലെ ഗൗരവത്തിന്റെ കനലൊക്കെ കാലം കെടുത്തിയിരിക്കുന്നു.

ഈ രംഗം കണ്ടിട്ടൊരു വ്യസനവും ടീച്ചറുടെ ശിഷ്യനായ എനിക്കുണ്ടായില്ല.

കാരണം... ഇതൊക്കെ നിങ്ങൾ അനുഭവിക്കേണ്ടതാണ്.

ഇപ്പോൾ മനസ്സിലായില്ലേ ടീച്ചർ, ഒറ്റപ്പെടലിന്റെ വേദന എത്ര തീവ്രമാണെന്ന്?  

ഞാനൊരിക്കലും ഗുരുനിന്ദ നടത്തുകയല്ല. മാതാ പിതാ ഗുരു ദൈവമെന്ന വിശ്വാസത്തിൽ നിന്നു മാറിപ്പോയിട്ടുമില്ല.

പക്ഷേ, നിങ്ങളുടെ മകനെയും, ഭർത്താവിനെയും കുറിച്ചോർത്ത് ഞാനൊരുപാടു സങ്കടപ്പെട്ടിട്ടുണ്ട്.

അതവരെന്റെ ആരുമായതുകൊണ്ടല്ല. മനുഷ്യനു മനുഷ്യനോടു തോന്നുന്ന അനുകമ്പകൊണ്ട്. ലഹരിയിൽനിന്നു മുക്തനായാൽ ടീച്ചറുടെ മകനെ ഗൾഫിലേക്ക് കൊണ്ടുവരാനും എനിക്കു പ്ലാനുണ്ടായിരുന്നു.

ഫോൺ സ്വന്തമായിട്ടില്ലാത്തതിനാൽ അവനോടു നേരിട്ട് ഇടപെടാനും എനിക്കായില്ല.

പുഴയോരത്ത് ഓടിട്ട ഒരു വീടുണ്ടായിരുന്നല്ലോ ടീച്ചർക്ക്. കാറ്റും വെളിച്ചവുമൊക്കെ എപ്പോഴും വിരുന്നു വരുന്ന വീട്. എന്റെ ബാല്യത്തിൽ പാതിയും ഞാൻ ചെലവഴിച്ചത് ആ വീട്ടിലായിരുന്നല്ലോ.

ആ വീട് ഇപ്പോഴുമുണ്ടോ ടീച്ചർ ? 

അങ്ങനെയെങ്കിൽ ആ വീട് ഞാനെടുത്തോളാം ...

ഗൾഫ് ഉപേക്ഷിച്ച് എന്നെങ്കിലും നാട്ടിൽ വരികയാണെങ്കിൽ പഴയകാല ഓർമകളുടെ സമ്പന്നതയിൽ എനിക്കാ വീട്ടിൽ താമസിക്കാമല്ലോ ...

അല്ലെങ്കിൽ മകനെപ്പോലെ ആ വീടിനെയും ടീച്ചർ കൈവിട്ടോ ? 

" നിങ്ങൾ കുറെ നേരമായല്ലോ ടിവിയിലാ സ്ത്രീയെയും കണ്ടിരിക്കുന്നു. ഇവരെ നിങ്ങളറിയോ ? " എന്ന് ഭാര്യയും മക്കളും ചോദിക്കുമ്പോൾ നിങ്ങളെന്നെ പഠിപ്പിച്ചതാണെന്നൊന്നും ഞാനവരോടു പറഞ്ഞില്ല. അതെനിക്കും നിങ്ങൾക്കും അപമാനമാകുമെന്ന് കരുതി ഞാൻ ടിവി ഓഫ് ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com