sections
MORE

ആരാണ് സാന്റാ ക്ലോസ്? യാഥാർഥ്യം എന്താണ്?

malappuram-santa
SHARE

ക്രിസ്മസ് എന്നു കേൾക്കുമ്പോൾ കൊച്ചുകുട്ടികളുടെ പോലും മനസ്സിൽ ഉയരുന്ന ചിത്രമാണ് ക്രിസ്മസ് ഫാദറിന്റേത്. അദ്ദേഹത്തിനു നൽകപ്പെട്ടിരിക്കുന്ന പേര് ‘‘സാന്റാ ക്ലോസ്’’ എന്നാണ്. കുടവയറും നരച്ചു നീണ്ട താടിയും ചുമന്ന നീണ്ട കുപ്പായവും കോണിന്റെ ആകൃതിയിലുള്ള നീണ്ടു ചുമന്ന തൊപ്പിയും തോളത്ത് സഞ്ചിയും  കയ്യിൽ നീണ്ട ദണ്ഡുമായി പ്രത്യക്ഷപ്പെടുന്ന ആ രൂപം കൗതുകം ഉണർത്തുന്നതുതന്നെ. ക്രിസ്മസ് കാലത്ത് എല്ലാ വ്യാപാരസ്ഥാപനങ്ങളുടെ മുമ്പിലും, കള്ളുഷാപ്പുകളുടെ മുമ്പിൽപോലും ഇൗ വിചിത്ര രൂപം പ്രദർശിപ്പിച്ചിട്ടുണ്ടാവും. ക്രിസ്തുവിന്റെ ജനനവുമായി എന്തോ ബന്ധമുള്ള വ്യക്തി എന്ന ധാരണ പൊതുജന ഹൃദയത്തിൽ ഉയരുവാൻ അതു കാരണമാകുന്നു. ‘‘ക്രിസ്മസ് ഫാദർ’’ എന്ന പേരും കൂടി കേൾക്കുമ്പോൾ ബന്ധം കൂടുതൽ ഉറപ്പാക്കപ്പെടുകയാണ്.

യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള ബൈബിൾ പരാമർശങ്ങളിൽ എങ്ങുമില്ലാത്തതും ആ മഹത്തായ സംഭവത്തോട് ഒരു ബന്ധവുമില്ലാത്തതുമായ ഒരു കഥാപാത്രം, വർത്തമാനകാലത്ത് എങ്ങനെ ഇത്ര പ്രാധാന്യം നേടി? കേരളീയർക്ക് ഓണക്കാലത്ത് കുടവയറും നീണ്ട കിരീടവും ഓലക്കുടയുമായി കടന്നുവരുന്ന ഒരു കഥാപാത്രമാണ് ‘‘ഓണത്തപ്പൻ’’ അഥവാ മാവേലി. ഇതിനു സമാനമായി കാണുന്ന വിചിത്ര രൂപമാണ് ക്രിസ്മസ് ഫാദർ.

ആരാണ് സാന്റാ ക്ലോസ് എന്ന ക്രിസ്മസ് ഫാദർ? ചരിത്ര യാഥാർഥ്യം എന്താണ്? എങ്ങനെ ഇൗ കഥാപാത്രത്തിന് ഇത്ര പ്രാബല്യവും പ്രചാരവും വന്നു? ഇവയൊക്കെ അന്വേഷണ വിഷയമാക്കേണ്ടതാണ്.

നിക്കോളാസ് എന്ന ചരിത്ര പുരുഷൻ എ.ഡി. 270–ൽ ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. മാതാപിതാക്കൾ ധാരാളം സമ്പത്തുള്ളവരായിരുന്നു. നിക്കോളാസ് ബാലനായിരിക്കുമ്പോൾത്തന്നെ വലിയ ഔദാര്യനിധിയായിരുന്നു. സാധുക്കളെപ്പറ്റി വലിയ സഹതാപവും മനസ്സലിവും പ്രകടമാക്കിയിരുന്നു. അവരെ സഹായിക്കുന്നതിൽ പ്രത്യേക സംതൃപ്തി കണ്ടെത്തി. ഒരു ദരിദ്രകുടുംബത്തിലെ മൂന്നു പെൺകുട്ടികളെ വിവാഹം ചെയ്ത് അയയ്ക്കാൻ സാധിച്ചത് നിക്കോളാസ്, ആരുമറിയാതെ, ആ ദരിദ്രകുടുംബത്തിൽ സ്വർണനാണയങ്ങൾ ജനൽ വഴി രാത്രിസമയത്ത് ഇട്ടു കൊടുത്തതിനാലാണ്. ഇതുപോലെ മറ്റു പല സാധുക്കളെയും സഹായിച്ചുപോന്നു. അവർക്കു ലഭിക്കുന്ന സഹായത്തിന്റെ ഉറവിടം അവർക്ക് അജ്ഞാതമായിരുന്നു. ഇൗ ഔദാര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നുള്ള ക്രിസ്മസ് ഫാദർ തോളിൽ സഞ്ചിയുമായി സമ്മാനങ്ങളുമായി കടന്നുവരുന്നത്.

ധാരാളം സമ്പത്തിനുടമയായ നിക്കോളാസ് അവയെല്ലാം വിട്ട് സഭയിലെ വൈദിക സേവനത്തിനു സന്നദ്ധനായി. തുടർന്ന് ബിഷപ്പുമായി. നല്ല തീക്ഷ്ണവാനായ സഭാനേതാവും, ഉദാരമതിയായ മനുഷ്യസ്നേഹിയുമായി അദ്ദേഹം പ്രവർത്തിച്ചു. റോമാ ചക്രവർത്തി ഡയോക്ലീഷ്യന്റെ കാലത്ത് ക്രിസ്തീയ സഭയ്ക്ക് ഭീകരമായ പീഡനം ഏൽക്കേണ്ടിവന്നു. ആ ഘട്ടത്തിൽ നിക്കോളാസിനെ കാരാഗൃഹത്തിലടച്ചു. തന്റെ വിശ്വാസത്തിൽ നിന്നോ ആധ്യാത്മികതയിൽ നിന്നോ അണുമാത്രം വ്യതിചലിച്ചില്ല. പിന്നീട് കുസ്തന്തീനോസ് ചക്രവർത്തിയായി വന്നപ്പോൾ പീഡനം അവസാനിപ്പിച്ച് ക്രിസ്തീയ സഭയ്ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി. തദവസരത്തിൽ നിക്കോളാസ് സ്വതന്ത്രനായി. എ.ഡി. 325–ൽ ചേർന്ന നിഖ്യാ സുന്നഹദോസിൽ അദ്ദേഹം സംബന്ധിച്ചതായി പറയപ്പെടുന്നു. അതിനുശേഷം എ.ഡി. 345–ൽ അദ്ദേഹം നിര്യാതനായി. അദ്ദേഹം പലപ്പോഴും സ്വയം വിശേഷിപ്പിച്ചിരുന്നത് ‘I am Nicholas, a sinner’ – പാപിയായ നിക്കോളാസ് എന്നായിരുന്നു. അദ്ദേഹത്തിന്റെ വിനയവും, താഴ്മയും വെളിപ്പെടുത്തുന്ന വാക്കുകൾ!

അദ്ദേഹം പിന്നീട് റഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ക്രിസ്തീയ സഭയുടെ Patron Saint എന്ന സ്ഥാനത്ത് അവരോധിക്കപ്പെട്ടു. മാത്രമല്ല, ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ മധ്യസ്ഥ പിതാവായും തീർന്നു. കുട്ടികൾക്കും നാവികർക്കും വ്യാപാരികൾക്കുമെല്ലാം അദ്ദേഹം മധ്യസ്ഥപിതാവായി! നവീകരണ കാലത്ത് അദ്ദേഹത്തിലുള്ള വിശ്വാസവും, ആശ്രയവും ഉപേക്ഷിക്കപ്പെട്ടു. പക്ഷേ, ഹോളണ്ടിൽ വിശ്വാസം തുടർന്നുപോന്നു. അവിടെ നിന്നുള്ളവർ അമേരിക്കയിലേക്കു കുടിയേറിയപ്പോൾ നിക്കോളാസിലുള്ള വിശ്വാസം അവിടെ പ്രചരിപ്പിച്ചു. ഇപ്പോഴേക്കും പേരിനു രൂപഭേദം വന്നു. ‘സെയിന്റ് നിക്കോളാസ്’  സാന്റാ ക്ലോസായി മാറി. ഇന്നു ലോകം മുഴുവൻ അറിയപ്പെടുന്നത് ആ പേരിലാണ്. മാത്രമല്ല ക്രിസ്മസ് കാലത്ത് അദ്ദേഹം സമ്മാനങ്ങളുമായി സന്ദർശനം നടത്തുന്നു എന്നുള്ള ഐതിഹ്യവും പ്രചാരത്തിലായി. ഇന്ന് ക്രിസ്മസ് ഫാദർ ഇല്ലാതെ ക്രിസ്മസ് ആഘോഷം അചിന്ത്യമാണ്. അത്രമാത്രം അവിഭാജ്യഘടകമായിത്തീർന്നു.

ബൈബിളിൽ ചരിത്രപരാമർശമുള്ള കഥാപാത്രങ്ങളെക്കാൾ ഇന്നു പ്രാധാന്യമർഹിക്കുന്നത്, സാന്റാ ക്ലോസാണ്. കിഴക്കുനിന്നു വന്ന ജ്യോതിശാസ്ത്രജ്ഞന്മാർ, ഉണ്ണിയേശുവിനെ ആദ്യം പോയി സന്ദർശിച്ച ആട്ടിടയന്മാർ എന്നിവരെക്കാൾ മുന്നിട്ടു നിൽക്കുന്നത് ക്രിസ്മസുമായി ബന്ധവുമില്ലാത്ത സാന്റാ ക്ലോസാണ്.
എന്നാൽ ക്രിസ്മസ് ഫാദർ – സാന്റാ ക്ലോസ് – ചെയ്യുന്ന ഒരു പ്രവൃത്തി ക്രിസ്തുജയന്തിയോടു ബന്ധപ്പെടുത്തി ചിന്തിക്കാം. തോളത്തുള്ള സഞ്ചിയിൽ നിന്നു സമ്മാനങ്ങൾ കുഞ്ഞുങ്ങൾക്കും മറ്റുമായി നൽകുന്നത്, ദൈവം മനുഷ്യനു നൽകിയ അമൂല്യദാനത്തെ – അവിടുത്തെ ഏക പുത്രനെത്തന്നെ – അനുസ്മരിക്കാൻ സഹായകമാണ്. ക്രിസ്മസിനു പരസ്പരം പാരിതോഷികങ്ങൾ കൈമാറുന്ന അത്യന്തം ഹൃദ്യമായ പതിവു നിലവിലുണ്ടല്ലോ.

എന്നാൽ, ഇന്ന് ക്രിസ്മസ് ആഘോഷങ്ങൾ മേളാങ്കം കൊള്ളുന്നതിനുള്ള അവസരമാണ്. മദ്യവ്യവസായം ഏറ്റവുമധികം നടക്കുന്ന കാലഘട്ടവുമിതുതന്നെ. അന്ന് വഴിയമ്പലക്കാരൻ പറഞ്ഞ മറുപടിയാണ് ഇന്ന് അനുഭവത്തിലുള്ളത്. യാത്രാക്ഷീണിതനായി എത്തിയ ജോസഫിനും പ്രസവ വേദനയിലായിരുന്ന മറിയത്തിനും വഴിയമ്പലക്കാരനിൽ നിന്നു കിട്ടിയ മറുപടി ‘‘ഇവിടെ സ്ഥലമില്ല.’’

ഇന്നും ക്രിസ്തുവിനു സ്ഥലമില്ലാത്ത ആഘോഷങ്ങളല്ലേ നടമാടുന്നത്? സമാധാന സന്ദേശവുമായി വന്ന ദൈവപുത്രനു നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സ്വാഗതമരുളുന്ന ക്രിസ്തുജയന്തിയാകട്ടെ എന്നു പ്രാർഥിക്കുന്നു. ഏവർക്കും ശാന്തിയും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസകൾ!

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA