ADVERTISEMENT

ഏതാനും മാസങ്ങൾക്ക് ശേഷം ഇന്നലെ ഞാൻ കവടിയാറിലെ മമ്മീസ് കോളനിയിലെ ബാബു പോൾ സാറിന്റെ വീട്ടിലെത്തി. സാറിന്റെ മകനും കുടുംബവും എത്തിയിരുന്നു. സാറില്ലാത്ത ആദ്യ ക്രിസ്മസിൻറെ അനുഭവങ്ങൾ അവർ അവിടെയെത്തിയ ചാനലുകാരോട് പങ്കുവച്ചു. അതിനു ശേഷം, നീണ്ട 20 വർഷങ്ങൾ എനിക്ക് ഏറ്റവും സുപരിചിതമായിരുന്ന നിരവധി ചർച്ചകൾക്കും തമാശകൾക്കും വേദിയായിരുന്ന സാറിന്റെ ഓഫിസ് മുറിയിൽ അൽപനേരം ഇരുന്നു. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പതിവുപോലെ എന്നെ യാത്രയാക്കാൻ ബാബു പോൾ സാർ പുറത്തേക്ക് വന്നതുപോലെ ഒരു തോന്നൽ.

ഞാൻ പോയിട്ടു വരാം എന്നു മനസിൽ പറഞ്ഞപ്പോൾ എന്നത്തേയും പോലെ ആ കൈ എന്റെ ശിരസിൽ വച്ചതുപോലെ.. ‘ ദൈവം അനുഗ്രഹിക്കട്ടെ, ഗോഡ് ബ്ലെസ് യു മൈ സൺ ’ എന്ന അദ്ദേഹത്തിൻറെ പതിവു വാചകങ്ങൾ കാതിൽ മുഴങ്ങുന്നതുപോലെ.  നീണ്ട 20 വർഷങ്ങൾ, കൃത്യമായി പറഞ്ഞാൽ 1999 മുതൽ 2019 വരെയുള്ള കാലയളവിൽ എല്ലാ ക്രിസ്മസിനും സാന്നിദ്ധ്യത്തിലൂടെ അല്ലങ്കിൽ ഫോണിലൂടെ സാർ കൂടെ ഉണ്ടായിരുന്നു. ഏതൊരാളുടെയും ജീവിതത്തിൽ തങ്ങളെ കൃത്യമായി സ്വാധീനിക്കുകയും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്ന ഒരാൾ ഉണ്ടാവും. എനിക്കതു ബാബുപോൾ സാർ ആയിരുന്നു. എന്നെ സംബന്ധിച്ച് എന്റെ ഗുരു, ഹീറോ അങ്ങനെ പല വേഷങ്ങൾ. മരിച്ചവർ മാലാഖമാർ ആണെന്നായിരുന്നു സാറിന്റെ ഭാഷ്യം. ആ അർത്ഥത്തിൽ ആകാശത്ത് നോക്കുമ്പോൾ എനിക്കു കാണാം ബാബു പോൾ എന്ന മാലാഖയെ. സാർ എനിക്ക് സ്ഥിരം പറഞ്ഞു തരുന്ന ക്രിസ്മസ് സന്ദേശം ഇതായിരുന്നു: "ദൈവത്തെ തേടണം, ദൈവത്തെ കണ്ടെത്തണം, ദൈവത്തെ വെളിപ്പെടുത്തണം, ദൈവം വെളിപ്പെടുത്തുന്ന വഴിയിലൂടെ സഞ്ചരിക്കണം". 

ഞാനും സാറും ആയി അവസാനം ഒരുമിച്ച് പോയ പൊതുപരിപാടി ലീഡർ കെ.കരുണാകരൻറെ കഴിഞ്ഞ വർഷത്തെ അനുസ്മരണം ആയിരുന്നു. ടാഗോർ തിയേറ്ററിലെ ആ ചടങ്ങിൽ സാറിന്റെ കയ്യും പിടിച്ച് കസേരയിൽ കൊണ്ടിരുത്തി. അതിനു ശേഷം എന്നത്തേയും പോലെ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന സാറിന്റെ പ്രസംഗത്തിന്റെ ഫേസ്ബുക്ക് ലൈവ് ഞാൻ എടുത്തു. എന്നാൽ പത്തു മിനിട്ടു കഴിഞ്ഞപ്പോൾ എന്റെ ഫോൺ പണിമുടക്കി. ചാർജ് തീർന്നു. സാറിന്റെ പ്രസംഗം കേട്ടവർ ഒരു പോലെ ആർത്തു ചിരിക്കുന്നതും ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നതും കണ്ടു നിന്ന എന്റെ മനസിലേക്ക് അശുഭ ചിന്തകൾ വന്നു തുടങ്ങി. രാഷ്ട്രീയത്തിൽ ഞാൻ ഏറ്റവും അധികം ആരാധിച്ചിരുന്ന ലീഡറെ കുറിച്ച് ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ബാബു പോൾ സാർ ചെയ്ത ഉജ്വല പ്രസംഗത്തിലെ ഫേസ് ബുക്ക് ലൈവ് തടസ്സപ്പെട്ടപ്പോൾ ഉണ്ടായ അശുഭ ചിന്തകൾ മനസിനെ അലട്ടി. 

തിരിച്ച് സാറിനെയും കൊണ്ട് വീട്ടിലെത്തി. പതിവുപോലെ അന്നത്തെ പ്രസംഗ വിശേഷങ്ങൾ പറഞ്ഞതിനു ശേഷം സാർ പറഞ്ഞു. ‘ ഞാൻ ഇനി അധിക നാൾ ഉണ്ടാവില്ല’. എൻറെ മറുപടി ഉടൻ വന്നു– ‘സാർ സെഞ്ച്വറി അടിക്കും’. ഞാൻ ഇറങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ സർ എന്നെ തന്നെ നോക്കി നിൽക്കുന്നു.  2 ദിവസം കഴിഞ്ഞ് ക്രിസ്മസ് ആയി. സാറിന്റെ വിളിയും പതിവു പോലെ മെസേജും എത്തി. സമഭാവനയുടെ പെരുന്നാളാണ് ഈ ജനന പെരുന്നാൾ, ക്രിസ്മസിനെ കുറിച്ചുള്ള സാറിന്റെ വ്യാഖ്യാനം ഇതായിരുന്നു. അതിനു വിശദീകരണമായി പറഞ്ഞത് ഇങ്ങനെ: ‘സർവ്വജനങ്ങൾക്കും ഉണ്ടാകുവാനുള്ള മഹാസന്തോഷം എന്നാണ് മാലാഖമാർ പാടിയത് . പണക്കാരനും പട്ടക്കാരനും മാത്രം ഉണ്ടാകുവാനുള്ള സന്തോഷം എന്ന് ആരും തെളിച്ച് പറഞ്ഞിട്ടില്ല. എങ്കിലും ചുറ്റുവട്ടത്തുള്ള എല്ലാവരെയും ഓർമിക്കാത്തവരുടെ ക്രിസ്മസിൽ ദരിദ്രരോട് സദ് വർത്തമാനം അറിയിക്കുവാൻ ദൈവാത്മാവിനാൽ വന്നവൻ എങ്ങനെ സംബന്ധിക്കും? ബന്ധിതർക്ക് വിടുതലും കുരുടൻമാർക്ക് കാഴ്ചയും പീഡിതർക്ക് മോചനവും നൽകുന്ന കർത്താവിന്റെ പ്രസാദ വർഷം വിസ്മൃതിയിലായാൽ പിന്നെ എന്തു ക്രിസ്മസ്’ . 

ഏപ്രിൽ 12 രാത്രി 11.45ന് അടുത്ത ക്രിസ്മസിന് കാത്തുനിൽക്കാതെ ബാബു പോൾ സാർ വിടവാങ്ങി. കേരളം അദ്ദേഹത്തിന് രാജകീയ യാത്രയയപ്പ് നൽകി. സാറിനോടൊപ്പം ആംബുലൻസിൽ തിരുവനന്തപുരത്തു നിന്ന് സാറിന്റെ നാടായ പെരുമ്പാവൂർ കുറുപ്പുംപടിയിലേക്ക് ഞാനും യാത്ര പുറപ്പെട്ടു. ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്ര. ഇടക്കെപ്പോഴോ ആംബുലൻസ് ഡ്രൈവർ പറഞ്ഞു. ഇത് കന്നി ഓട്ടമാണ്. ഞാൻ സാറിനോട് പറഞ്ഞു – ‘അങ്ങനെ സാർ ആംബുലൻസും ഉദ്ഘാടനം ചെയ്തു’. അപ്പോൾ സാർ പറഞ്ഞു– ‘ഒരു പാട് പേരെ രക്ഷിക്കാനും ഒരു പാട് പേരെ യാത്ര അയക്കാനും ഈ ആംബുലൻസിന് കഴിയട്ടെയെന്നും അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചതായും അറിയിക്കുന്നു’. എന്നിട്ട് പയ്യെ പറഞ്ഞു–‘ ആ ഡ്രൈവറോട് നേരെ നോക്കി വണ്ടി ഓടിക്കാൻ പറ. എനിക്ക് പോകാൻ സമയമായി’. അങ്ങനെ ഞങ്ങൾ കുറുപ്പും പടിയിലെത്തി. വൻ ജനക്കൂട്ടം സാക്ഷ്യം നിർത്തി ആചാരവെടികൾ മുഴക്കി സാറിന്റെ അപ്പനും അമ്മയും കിടക്കുന്ന സെമിത്തേരിയിലേക്ക് സാറിനെയും യാത്രയാക്കി ഞാൻ പറഞ്ഞു: ഞാൻ പോയി വരട്ടെ. 

നാളെ ക്രിസ്മസാണ്. ബാബുപോൾ സാർ ഇല്ലാത്ത ആദ്യ ക്രിസ്മസ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം ജനങ്ങൾ സംഘടിക്കുകയാണ്. ജാതിഭേദമില്ലാതെ, രാഷ്ട്രീയ പരിഗണനയില്ലാതെ, ധാർമീക ചൈതന്യത്തിന്റെ അത്യുന്നതിയിലും ധർമ ച്യുതിയുടെ അപചയാവസ്ഥയിലും ഒപ്പം സ്ത്രീക്കും പുരുഷനും പ്രകൃതിക്കും പ്രപഞ്ചത്തിനും ഉദിക്കേണ്ട പ്രകാശം അതാണ് ക്രിസ്മസ്. അതുകൊണ്ടാണ് ക്രിസ്മസ് പ്രത്യാശയുടെ പ്രകാശഗോപുരമാവുന്നത്. ഈ ക്രിസ്മസ് ദിനത്തിൽ ബാബു പോൾ സാർ പറഞ്ഞതുപോലെ ദൈവത്തിനെ തേടുക, ദൈവത്തിനെ കണ്ടെത്തുക ,ദൈവത്തിനെ വെളിപ്പെടുത്തുക, ദൈവം വെളിപ്പെടുത്തുന്ന വഴിയിലൂടെ സഞ്ചരിക്കുക. ഏവർക്കും ക്രിസ്മസ് ആശംസകൾ.

English Summary : Memoir about Dr. D. Babu Paul by Aby Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com