ADVERTISEMENT

സ്വപ്നങ്ങളെ സ്നേഹിച്ച ജൂലിയറ്റ് (കഥ)

ഇന്നലെ രാത്രിയിലും സ്വർഗ്ഗകുമാരിമാർ എന്നെ തേടി വന്നിരുന്നു. ഉണർന്നപ്പോൾ ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും കുമാരിമാർ അത് ഓർമ്മച്ചെപ്പിൽ നിന്നും മായ്ച്ചുകളഞ്ഞിരുന്നു. നിശാഗന്ധികൾ പൂക്കുന്ന ഏകാന്തയാമങ്ങളിൽ കാണുന്ന സ്വപ്നങ്ങൾ എന്നും സുന്ദരങ്ങൾ തന്നെ. ജീവിതത്തിന്റെ സുന്ദരമായ നിമിഷങ്ങളിലൂടെയാണ് ജൂലിയറ്റ് കടന്നുപോയ്ക്കോണ്ടിരുന്നത്. ഏതോ ഒരു ഡിസംബറിൽ തുമഞ്ഞുള്ള രാവിലായിരുന്നു ജൂലിയറ്റ് ആദ്യമായൊരു സ്വപ്നം കണ്ടത്. തന്റെ പ്രീഡിഗ്രി കാലഘട്ടം. ചിതറി കിടക്കുന്ന പുസ്തകങ്ങൾ വാരി ബാഗിനുള്ളിലാക്കി ബ്രേക്ക്ഫാസ്റ്റിനായി ഡൈനിങ് ടേബിളിൽ ഇരിക്കുമ്പോൾ കലാലയത്തെ പറ്റിയുള്ള ഓർമ്മകളായിരുന്നു മനസ്സിൽ. ബസ് സ്റ്റോപ്പിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മമ്മി ഓർമ്മിപ്പിച്ചു, ടിഫിൻ ബോക്സ് എടുക്കാൻ മറന്നിരിക്കുന്നു. 

 

കോട്ടയം സിഎംസ് കോളേജ് ക്യാംപസിൽ കൂടി ചന്ദനമരങ്ങളുടെയും വാകമരത്തിന്റെയും തണൽ ആഗ്രഹിച്ചു നടന്നകാലം. ചന്ദനസുഗന്ധം നിറഞ്ഞ ക്യാംപിസിനോട് വല്ലാത്ത പ്രണയമായിരുന്നു അവൾക്ക്. ഒഴിവ് സമയങ്ങളിൽ കൂട്ടുകാരികളുമൊത്ത് വെറുതെ ചുറ്റിനടക്കും. ക്യാംപസിൽ ബൊഗൈൻ വില്ലകളുടെ പൂക്കൾ കാണും. ചില നേരങ്ങളിൽ ചാപ്പലിനരികിലെ ചൂളമരചുവട്ടിൽ ഏകാന്തമായി ഇരിക്കും. കാറ്റിനോടൊപ്പം ഉയരുന്ന ചൂളം വിളികൾ. ഒരു പ്രത്യേകതരം സംഗീതമായിരുന്നു അതിന്. ഏകാന്തമായിരിക്കുന്ന നേരങ്ങളിൽ മാത്രം സ്വർഗ്ഗത്തിൽ നിന്നും വിരുന്നു വരുന്ന ഒരു ചിത്രശലഭം എന്നോടൊപ്പം കാണും. 

 

എന്റെ മനസിലെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയത് ഈ ചിത്രശലഭമായിരുന്നു. മുൻജന്മങ്ങളിൽ സ്വർഗ്ഗകുമാരിയായ ഒരു ചിത്രശലഭം ആയിരുന്നോ ഞാൻ എന്നുപോലും ചിന്തിച്ചിട്ടുണ്ടായിരുന്നു. എന്റെ രാവിൻ മായലോകം സ്നേഹലോലമായിരുന്നു. എല്ലാ രാത്രികളിലും എന്റെ നിദ്രയിൽ സ്വപ്നം വന്നു പൂത്തുലഞ്ഞിരുന്നു. ചിത്രശലഭങ്ങളുടെ തോളിലേറി ശലഭ നികുഞജങ്ങളിലേക്കൊരു യാത്ര. നീർചോലയിലെ പുൽത്തകിടിയിലേക്ക് എന്നെ സാവാധാനം കിടത്തി. പിന്നെയെല്ലാം ഓർമ്മയിൽ നിന്ന് മാഞ്ഞുപോയിരുന്നു. പിന്നീടൊരിക്കൽ തുഷാര മേഘങ്ങളോടൊപ്പം മഞ്ഞുമെത്തയിൽ കിടന്നു വാനവിതാനത്തിലെ കാഴ്ചകളാണ് കണ്ടത്. എന്നെ തലോടിനിൽക്കുന്ന ചന്ദ്രകിരണങ്ങൾ, തൂവെള്ള വസ്ത്രങ്ങൾ ധരിച്ച മാലാഖമാർ, അങ്ങനെ പലതും...

 

മങ്ങിയും മറഞ്ഞുമല്ലാതെ ഒരു സ്വപ്നം പോലും എന്റെ ഓർമ്മയിൽ വന്നിരുന്നില്ല. അപൂർണ്ണങ്ങളായിരുന്നു അവയൊക്കെ. ചിത്രശലഭങ്ങൾ, ഉദ്യാനങ്ങൾ, മാലാഖമാർ തുഴയുന്ന മുല്ലപ്പൂത്തോണി…അങ്ങനെ വർണ്ണശബളമായ സ്വപ്നങ്ങൾ. ഓരോ നിമിഷങ്ങളിലും സ്വപ്നങ്ങളുമായി അലിഞ്ഞു ചേർന്നിരുന്നു ജൂലിയറ്റ്.മറ്റൊരിക്കൽ ചന്ദനമണമുള്ള ഗന്ധർവ്വൻ എന്റെ അടുത്തു വന്നു. പൂർണ്ണചന്ദ്രന്റെ നിലാവുള്ള രാത്രിയിൽ ഇന്ദ്രനീലം പതിച്ച, പറക്കുന്ന തൂവെള്ളക്കുതിരകൾ വലിക്കുന്ന തേരിൽ, താരക രാജകുമാരന്മാരുടെ ഇടയിൽ കൂടി എന്നെയും കൂട്ടി പറന്നു.

 

 

താരകങ്ങൾ എന്റെമേൽ പനിനീർ തുള്ളികൾ പൊഴിച്ചു. ഏഴാം കടലിനുള്ളിൽ പവിഴദ്വീപിന്റെ നടുവിൽ അപ്സരകന്യകമാർ കാവൽ നിൽക്കുന്ന പളുങ്കു കൊട്ടാരത്തിൽ എത്തി. വൈഡൂര്യവും പുഷ്യരാഗവും മരതകവും മാണിക്യവും പതിച്ച കൊട്ടാരം. നവരത്നമണികൾ കൊണ്ടുണ്ടാക്കിയ മാല എനിക്കവിടെവെച്ച് സമ്മാനമായി കിട്ടി. ഇതായിരുന്നു ഞാൻ ഇതുവരെ കണ്ട അതിമനോഹരമായ സ്വപ്നങ്ങളിൽ ഒന്ന്. പക്ഷെ അപൂർണ്ണമായിരുന്നു.

ഓരോ രാത്രികളിലും ഞാൻ സ്വപ്ന ലോകത്തേയ്ക്ക് കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരുന്നു. ഈ സ്വപ്ന രാജകുമാരന്റെ കൈയിൽ ഇത്രയും അധികം സ്വപ്നം എവിടുന്നാണ് വരുന്നത്...? ഒരു മുത്തുച്ചിപ്പിക്കകത്ത് ഒളിപ്പിച്ചുവച്ചതാകാം. അതോ രാജകുമാരന്റെ ഹൃദയത്തിൽ നിന്നോ, അല്ലെങ്കിൽ കുമാരൻ പ്രപഞ്ചത്തിലെ മറ്റേതെങ്കിലും ലോകത്തിൽ നിന്ന് കൊണ്ടുവന്നതായിരിക്കാം… എന്റെ ചിന്തകൾ അങ്ങനെ പോയി.

 

കലാലയ ജീവിതത്തിന്റെ അവസാന ദിനങ്ങൾ. വിരഹത്തിന്റെ തേങ്ങലായിരുന്നു മനസിൽ.  ഈ ക്യാംപസിന്റെ ഓർമ്മകളായിരുന്നു എന്റെ രാവുകളിലെ സ്വപ്നങ്ങൾ. ഇവിടുത്തെ ചന്ദനസുഗന്ധം എന്റെ ഹൃദയങ്ങളിൽ തലോടി എന്നും ഒരു കുളിരുള്ള ഓർമ്മയായി. കൂട്ടുകാരുമായി വിടചൊല്ലി പിരിഞ്ഞ രാത്രിയിൽ കാമ്പസിലെ ഓർമ്മകൾ അയവിറക്കി ഉറങ്ങിപോയി. അന്നു രാത്രിയിൽ ഞാൻ ഒരു സ്വപ്നം കണ്ടു. ഭയപ്പെടുത്തുന്ന ഒരു വിചിത്രസ്വപ്നം.

ഞാൻ എകയായി ഒരു വിജനമായ സ്ഥലത്തു കൂടി നടന്നു പോകുന്നു; അല്ല, ഒരജ്ഞാതശക്തി എന്നെ കൂട്ടി കൊണ്ടുപോകുന്നു. അകലങ്ങളിലേക്ക് ഒരുപാട് ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എങ്ങോട്ടെന്നില്ലാത്ത യാത്ര. കുറേ ദൂരം പിന്നിട്ടപ്പോൾ എനിക്ക് മനസ്സിലായി മെല്ലെ മെല്ലെ വഴിയുടെ വീതി കുറഞ്ഞു വരുന്നു. രണ്ടു പേർക്കു മാത്രം നിൽക്കാവുന്ന വീതി. കുറഞ്ഞു വരിക മാത്രമല്ല, ഇരുവശങ്ങളിലും അഗാതഗർത്തങ്ങൾ. ഗർത്തങ്ങൾക്കപ്പുറം പച്ചപ്പ് നിറഞ്ഞ പ്രകാശം പരത്തുന്ന പുൽമൈതാനം. അടിവാരത്ത് ഓരോ വശങ്ങളിലും രണ്ടു സിംഹങ്ങൾ ഗർജ്ജിച്ചു നിൽക്കുന്നു. ചുറ്റിനും അരണ്ട വെളിച്ചം മാത്രം. ഒന്നൊച്ചവെക്കാൻ പോലും ശബ്ദം കിട്ടാതെ ഭയം എന്നെ വന്നു മൂടിയിരുന്നു. പെട്ടെന്ന് സിംഹങ്ങൾ കുഴികളിൽ നിന്ന് ചാടി പറന്ന് എന്നെ ആക്രമിക്കാൻ തുടങ്ങി. ഞാൻ വെട്ടിത്തിരിഞ്ഞു മാറിയതുകൊണ്ട് സിംഹങ്ങൾ എതിർ ദിശയിലുള്ള കുഴിയിലേക്ക് പതിച്ചു. എന്നെയും കൊണ്ട് കുഴിയിലേക്ക് ചാടനായിരുന്നു ഉദ്ദേശം. എന്റെ ദേഹം മുഴുവനും വിയർത്ത് ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. പല പ്രാവശ്യം ഇരുസിംഹങ്ങളും എന്നെ മാറി മാറി ആക്രമിച്ചുകൊണ്ടിരുന്നു. തിരിഞ്ഞുമാറിയതുകൊണ്ട് ഓരോ പ്രാവശ്യവും ഞാൻ രക്ഷപ്പെട്ടു. പെട്ടെന്ന് സകല ധൈര്യവും സംഭരിച്ച്, പറന്നു വന്ന സിംഹത്തിന്റെ കാലുകളിൽ പിടിച്ചു തൂങ്ങി. ആ ശക്തിയിൽ ഞാൻ കുഴികൾക്കപ്പുറമുള്ള വിശാലമായ വെളിച്ചം വീശുന്ന പുൽമൈതാനത്തിൽ വീണു രക്ഷപ്പെട്ടു. സിംഹങ്ങൾ കുഴികളിലേക്കും പതിച്ചു.

 

ഞെട്ടി എഴുന്നേറ്റ് ജൂലിയറ്റ് കട്ടിലിൽ നിന്ന് വിയർത്ത ദേഹത്തോടു കൂടി മേശ പുറത്തുള്ള ഫ്ലാസ്ക്കിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചു ചുമരിലെ ക്ലോക്കിൽ നോക്കിയപ്പോൾ രണ്ടു മണിയായിരുന്നു സമയം. മുറിക്കുള്ളിലെ കസേരയിൽ ഇരുന്ന് വീണ്ടും ഫ്ലാസ്ക്കിൽ നിന്ന് വെള്ളം കുടിച്ചു. പുറത്ത് കൂരിരുട്ടും കട്ടപിടിച്ച നിശബ്ദതയും. മുറിയ്ക്കുളിൽ ഞാനും മൗനവും മാത്രം. പുറത്ത് കാട്ടുപൂക്കളുടെ രുക്ഷഗന്ധം കാറ്റത്തു മുറികളിൽ നിറഞ്ഞിരുന്നു. ഭയപ്പെടുത്തുന്നശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന ചിലപക്ഷികൾ ജനാലകൾക്കപ്പുറമുള്ള മരത്തിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ഭയം വിട്ടുമാറാത്ത മനസ്സിൽ നിറയെ ആകുലതകളായിരുന്നു.  

    

സ്വർഗ്ഗലോകത്തെന്താണ് സംഭവിച്ചത് ? എന്തോ അനർത്ഥം കുമാരിമാർക്ക് സംഭവിച്ചിട്ടുണ്ടാകാം. അവരാകെ അസ്വസ്തരാണല്ലോ. ഇനി നക്ഷത്രജാലങ്ങൾക്കിടയിൽ എന്തെങ്കിലും... അതോ എന്തെങ്കിലും കുറ്റം ചെയ്തതിന് ദൈവം കുമാരന്മാരെ സ്വർഗ്ഗലോകത്തിൽ നിന്ന് പുറത്താക്കിയതാണോ.? ജൂലിയറ്റ് വളരെ ചിന്താകുലയായി. ആ രാത്രിയിൽ ജൂലിയറ്റിനെ ഉറങ്ങാൻ സാധിച്ചില്ല. മുറിയ്ക്കുള്ളിലെ കസേരയിൽ ഉറങ്ങാതിരുന്ന് പല ചിന്തകളിൽ മുഴുകി നേരം പുലർന്നു. അതിന് ശേഷം പല ദിനരാത്രങ്ങളും കഴിഞ്ഞു പോയി. പക്ഷെ എന്റെ നിദ്രകളിൽ സ്വർഗ്ഗകുമാരിമാർ മാത്രം വന്നില്ല. ക്യാംപസിലെ ചാപ്പലിനരികിലെ ചൂളമരച്ചുവട്ടിൽ ഏകയായി കാത്തിരുന്നു. ഒറ്റെക്കിരിക്കുമ്പോൾ മാത്രം വന്നിരുന്ന ചിത്രശലഭത്തെയും അവിടെ കാണാൻ കഴിഞ്ഞില്ല. സ്വപ്നങ്ങളില്ലാത്ത രാത്രികൾ എന്റെ മനസ്സിൽ ശൂന്യത സൃഷ്ടിച്ച് വല്ലാത്തൊരു ഏകാന്തതയായിരുന്നു. വിരസതയിലൂടെ നീങ്ങി, ജൂലിയറ്റിന്റെ ജീവിതനിമിഷങ്ങൾ പല നാളുകൾ പിന്നിട്ട് കഴിഞ്ഞു.

വീണ്ടുമൊരു ക്രിസ്മസ് കാലം എത്തി. ഉണ്ണിയേശുവിനെ വരവേൽക്കാൻ ഒരുങ്ങി എവിടെയും മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളും പുൽക്കൂടുകളും. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, സന്മനസുള്ളവർക്ക് സമാധാനമുള്ള, തുമഞ്ഞു പെയ്യുന്ന സ്വർഗ്ഗീയ രാത്രികൾ. മാനത്തുനിന്ന് താരകങ്ങൾ താഴെക്കിറങ്ങിവന്ന്, വിണ്ണിൽ നിന്നു മാലാഖമാർ പാടുന്ന കാലം.

 

പപ്പയോടൊത്ത് പുൽക്കൂടൊരുക്കിയും, ക്രിസ്മസ് ട്രീ ഒരുക്കിയും ജൂലിയറ്റ് വളരെ സന്തോഷവതിയായി. എവിടെയും കരോൾ ഗാനങ്ങൾ നിറഞ്ഞ സന്ധ്യകൾ. മിന്നിത്തിളങ്ങുന്ന ലൈറ്റുകളും ബലൂണുകളും കൊണ്ട് വീട് മുഴുവനും മനോഹരമാക്കി. മാനത്ത് പൂത്തിങ്കൾ വിടരുന്ന രാത്രി. കുട്ടുകാർക്കെല്ലാം ക്രിസ്മസ് കാർഡ് അയച്ചും മമ്മിയോടൊപ്പം കേക്ക് ഉണ്ടാക്കിയും ക്രിസ്മസ് രാത്രിക്കായി കാത്തിരുന്നു. കാത്തിരിപ്പിനൊടുവിൽ വന്ന ക്രിസ്മസ് രാത്രിക്കായി ജൂലിയറ്റ് ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഇളം റോസ് നിറത്തിൽ, ഗോൾഡൻ പൂക്കളാലും, മഞ്ഞുതുള്ളി പോലെയും അലങ്കരിച്ച ഫ്രോക്കിൽ ജൂലിയറ്റ് ഇംഗ്ലിഷ് കാല്പനിക കഥയിലെ സിൻഡ്രെല്ല പോലെ അതീവ സുന്ദരിയായി മാറി. യെരുശലേമിൽ, മഞ്ഞിൽ വിരിയുന്ന ഓർക്കിഡ്  പുഷ്പങ്ങളെ പോലെ. പപ്പയോടും മമ്മിയോടുമൊപ്പം പാതിരാ കുർബാനയ്ക്കായി റെയിൽവേ സ്റ്റേഷനടുത്തുള്ള വിമലഗിരി കത്തീഡ്രലിലേക്ക് പോകുമ്പോൾ ഇത്രയുംനാൾ കാത്തിരുന്ന രാത്രിയുടെ ആനന്ദം ആയിരുന്നു ജൂലിയറ്റിന്റെ മുഖത്ത്. 

 

വഴികളിൽ നീളെ കരോൾ ഗാനസംഘങ്ങളും, മിന്നിത്തിളങ്ങുന്ന ലൈറ്റുകളും നിറഞ്ഞ അന്തരീക്ഷം. കാറിൽ നിന്നിറങ്ങി പള്ളിമുറ്റത്തേക്ക് നടന്നപ്പോൾ ക്രിസ്മസ് പടക്കങ്ങൾ നാടെങ്ങും ആകാശത്തെ വർണ്ണവിസ്മയം ഒരുക്കിയിരുന്നു. Hark! the herald angels sing, "Glory to the new-born King! വാനമേഘങ്ങളിൽ നിന്നു മാലാഖാമാർ പാടി. പള്ളിമുറ്റത്തു നിന്ന് നോക്കിയാൽ മാനത്തു നിന്നും താരകങ്ങൾ ഭൂമിയിലേക്ക് ഇറങ്ങി വന്നതു പോലെ. എന്റെ ചുറ്റിനും അകലെ നീലാകാശവിതാനത്തിലെ നക്ഷത്രങ്ങൾ ഒഴുകുന്നതായി തോന്നി. വിസ്മയ കാഴ്ചകളിൽ ജൂലിയറ്റിന്റെ കണ്ണുകൾ തിളങ്ങിയിരുന്നു.

പാതിരാകുർബാനയ്ക്ക് ശേഷം കുട്ടുകാർക്ക് പരസ്പരം ആശംസകൾ നേർന്ന് തിരികെ വീട്ടിൽ എത്തിയപ്പോൾ സമയം രണ്ടുമണി കഴിഞ്ഞിരുന്നു. 

 

കാത്തിരുന്നുവന്ന ക്രിസ്മസ് രാത്രിയുടെ സന്തോഷത്തിൽ  മുറിക്കുള്ളിലേക്ക് കയറി കട്ടിൽ കിടന്നു. പുറത്ത് നല്ല മഞ്ഞുള്ള രാത്രി. ദൂരെ എവിടെ നിന്നോ കരോൾ സംഘങ്ങളുടെ പാട്ടുകൾ കേൾക്കമായിരുന്നു. നാടെങ്ങും ക്രിസ്മസിന്റെ ആഘോഷത്തിമിർപ്പിൽ. അല്പസമയത്തിന് ശേഷം രണ്ടു മിന്നാമിനുങ്ങുകൾ മുറിയ്ക്കുളിലേക്ക് പറന്ന് വന്നു. മെല്ലെ മെല്ലെ പല നിറത്തിലുള്ള പ്രകാശം പരത്തുന്ന മിന്നാമിന്നുങ്ങുകൾ മുറിയിലാകെ നിറഞ്ഞു. ആയിരമുന്മാദ രാത്രികളുടെ ചന്ദനസുഗന്ധം. എവിടെ നിന്നോ സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന ഗാനം വയലിനിൽ ആരോ വായിക്കുന്നുണ്ടായിരുന്നു. അപ്പഴേക്കും ജൂലിയറ്റ് രാത്രിയുടെ ഏഴാം യാമങ്ങളിലുള്ള ഗാഢനിദ്രയിലായിരുന്നു.

 

ഒരു പുതിയ സന്ദേശം ലോകത്തിന് നൽകിക്കൊണ്ട് ക്രിസ്മസ് പ്രഭാതം പുലർന്നു. സാധാരണ ദിവസങ്ങളിൽ ഉണരുന്നതിനേക്കാൾ വളരെ വൈകിയാണ് ജൂലിയറ്റ് ഉണർന്നത്. കട്ടിലിൽ ഇരുന്നുകൊണ്ട് ക്ലോക്കിൽ നോക്കിയപ്പോൾ സമയം എട്ടു മണികഴിഞ്ഞിരുന്നു. പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയിൽപെട്ടത്. കഴിഞ്ഞ രാത്രിയിൽ പള്ളിയിൽ പോയ അതേ ഫ്രോക്കിൽ തന്നെയാണ് ഉറങ്ങി പോയത്. പക്ഷെ ഫ്രോക്കിൽ ഒരു ചുളുക്കം പോലും വന്നിരുന്നില്ല. ക്രിസ്മസ് രാത്രിയിൽ പള്ളിയിൽ പോയതുപോലെ തന്നെ. മുറിക്കുള്ളിലെ ജനൽ കർട്ടൻ ഇളം കാറ്റത്ത് ചെറുതായി ഉലയുന്നുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയുടെ ചന്ദനസുഗന്ധം മുറികളിൽ മായാതെ നിന്നു. സ്വർഗ്ഗത്തിൽ നിന്നു കുമാരിമാർ മെല്ലെ ഓർമ്മച്ചെപ്പുകൾ തുറന്നു. 

 

കഴിഞ്ഞ രാവിൽ സ്വർഗ്ഗകുമാരിമാർ എന്റെ കാതുകളിൽ മൃദുരവം ഉണർത്തിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ രാത്രിയിൽ ജൂലിയറ്റിന്റെ നിദ്രയിൽ സ്വപ്നം വന്ന് പൂത്തുലഞ്ഞിരുന്നു. രാത്രിയുടെ അവസാനയാമങ്ങളിൽ കണ്ട സ്വപ്നം. അനിർവചനീയവും അവർണ്ണനീയവുമായിരുന്ന സ്വപ്നം ഭൂമിയിലുള്ള ഒരു മനുഷ്യരോടു പോലും പറയാൻ സാധിക്കുമായിരുന്നില്ല. ഭൂമിയിലുള്ള ഒന്നിനോടും താരതമ്യം ചെയ്യാൻ പറ്റാത്ത സ്വപ്നം. മറ്റാരോടും പറയാൻ സാധിക്കാത്ത എന്റെ ഹൃദയത്തിൽ മാത്രമുള്ള സ്വപ്നം. എനിക്കായി മാത്രം ക്രിസ്മസ് ദിനത്തിൽ മാലാഖാമാർ സമ്മാനിച്ച സ്വപ്നം.

ജൂലിയറ്റ് അത്രയും നാളും കണ്ട സ്വപ്നങ്ങളിൽ പൂർണ്ണതയുള്ളത് ഇതിനു മാത്രമായിരുന്നു. സ്വപ്നങ്ങളെ കാക്കുന്ന സ്വർഗ്ഗരാജകുമാരൻ ഭൂമിയിൽ ആർക്കും നൽകാതെവെച്ച സ്വപ്നം രാജകുമാരിമാരുടെ കൈയിൽ കൊടുത്തുവിട്ടതാകാം. ഇന്നേവരെ പ്രപഞ്ചത്തിലാരും ഒരു സ്വപ്നത്തിൽ പോലും കാണാത്ത സ്വപ്നം.    

 

English Summary : Swapnangale Snehicha Juliet Short Story by Cecil Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com