ADVERTISEMENT

യുവർ ഒാണർ (കഥ)

 

എല്ലാരും ചൊല്ലണ്... എല്ലാരും ചൊല്ലണ്....ആമിന ശബ്ദമടക്കി പാടി. വിശാലമായ വീടിനുള്ളിൽ ഓരോ ഫർണിച്ചറിലും  തൊട്ടും തലോടിയും മൃദുവായി താളമടിച്ചു അവർ ആസ്വദിച്ചു. സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത  ഒരു സാമ്രാജ്യത്തിൽ  ഒരേകാധിപതിയുടെ  ചിരിയുമായി  ആമിന  കറങ്ങി നടന്നു. കണ്ടു. എല്ലാം യാഥാർഥ്യമാണെന്നു ബോധ്യമാകാൻ കൈവെള്ളയിൽ ഇടക്കിടെ നുള്ളേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല. 

 

വാട്സപ്പിലെ  ഓഡിയോ മെസേജ് മാത്രം മതിയായിരുന്നു: ചാർളി വണ്ടി കൊണ്ട് വരും. നീ ഒന്നും ആലോചിക്കേണ്ട നല്ലൊരവസരമാണ്. കഴിഞ്ഞ തവണ മാതിരി ചീള് കേസ് അല്ല ഇത്. മക്കൾ നാലു പേരും വിദേശത്താണ്. എല്ലാം നിന്റെ മാത്രം കൺട്രോളിൽ. സംസാര ശേഷി തീരെ  പോയതിനാൽ  നീ കൊടുക്കുന്നത് എന്തും കിളവൻ അമൃത് പോലെ തിന്നും. പക്ഷെ..... സംസാര ശേഷി കുറച്ചധികം ഉള്ളതിനാൽ ആമിനാ മാസാമാസം എന്റെ വീതം മുടങ്ങാതെ  കിട്ടിയില്ലെങ്കിൽ നീ വിവരം അറിയും. തീർച്ച".

 

ആമിന ആ വോയ്സ് മേസേജ് ഇടയ്ക്കിടെ ഇട്ടു കേട്ട് രസിച്ചു.

 

റാഷിദിക്ക, അവിചാരിതമായി കണ്ടുമുട്ടി പിന്നീട് തന്റെ  ഉറ്റസുഹൃത്തും, ഇക്കയും, ഉപ്പയും, ഉമ്മയും എല്ലാമായി മാറുകയായിരുന്നു. വായ കൊണ്ട് പറയുന്നതല്ലാതെ ഇന്നേ വരെ ഒരു പത്തു പൈസ പോലും തന്റെ കയ്യിൽ നിന്ന് കൊടുത്താൽ പോലും വാങ്ങിയിട്ടില്ല. എന്നതാണ് യാഥാർഥ്യം. പ്രീഡിഗ്രി അവസാന വർഷം  മനസ്സില്ലാമനസോടെ നിർത്തിയിട്ടും തൊഴിൽ ലഭിക്കാതിരുന്ന തൻറെ ദൈനംദിനാവശ്യങ്ങൾക്കു മുന്നിൽ മുന്നിൽ എന്നും ഈശ്വര  സാന്നിദ്ധ്യം പോലെ റാഷിദിക്ക ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഏതു പാതാളത്തിലേക്കും വിളിച്ചാൽ മുന്നും പിന്നും നോക്കാതെ കൂടെ പോകും. 

 

ബംഗ്ളാവിന്റെ ചുറ്റുമതിൽ കണ്ടപ്പോൾ തന്നെ പകുതി ബോധം പോയിരുന്നു. അതിനുള്ളിൽ ദിവസവും വൃത്തിയാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് ആറേഴു പേര് വേണ്ടി വരും. പിന്നീടാണ് മനസ്സിലായത് ഒരില പോലും അനങ്ങാൻ മടിക്കുന്ന അവിടെ തന്നേപ്പോലൊരാളുടെ അധ്വാനത്തിന്റെ ചെറിയൊരംശമേ ആവശ്യമുണ്ടായിരുന്നുള്ളൂ എന്ന്. ആവശ്യമെങ്കിൽ വിളിക്കാൻ ഫോൺ നമ്പർ മാത്രം നൽകി പേര് പറയാതെ കടന്നു കളഞ്ഞ ഏതോ ഒരു ബന്ധുവാണ് വീട് തുറന്നു തന്നത്. പുറത്തുള്ള കാര്യങ്ങൾ ചെയ്യുവാനായി സ്ഥിരമായി ഒരു കാര്യസ്ഥനും ഉണ്ടായിരുന്നു. ഒന്നും പറയാതെ നേരെ കൂട്ടികൊണ്ടു വന്നത് ആ മുറിയിലേക്കായിരുന്നു.

  

കിടക്കയിൽ ഒരു ജീവശവം പോലെ കിടന്നിരുന്ന ആ മുഖം  കണ്ടു. ശരീരത്തിൽ ഒരു തരിപ്പ് പടർന്നു കയറി.

ഗേറ്റിനു പുറത്തു സ്ഥാപിച്ചിട്ടുള്ള ബോർഡിലെ ചരിഞ്ഞ ഇംഗ്ലീഷ് അക്ഷരങ്ങൾ വായിക്കുവാനുള്ള ഒരു ചെറിയ  ശ്രമമെങ്കിലും ഉണ്ടായിരുന്നെങ്കിൽ നിമിഷ വേഗതയിൽ  താൻ  ആ വണ്ടിയിൽ തന്നെ മടങ്ങി പോകുമായിരുന്നു. റാഷിദിക്ക മടക്കി വിളിക്കാതിരിക്കാൻ മൊബൈൽ ഫോണിന്റെ സിം പോലും ഒടിച്ചു കളയുമായിരുന്നു.

 

പെരേപ്പാറ  ജഡ്ജി !

 

കർക്കശക്കാരനായ അദ്ദേഹത്തിനും മുന്നിൽ  വാലും ചുരുട്ടി നിൽക്കുന്ന കൊമ്പൻ പൊലീസുകാരെ താൻ  നേരിട്ട്  കണ്ടിരിക്കുന്നു. അദ്ദേഹം  നടന്നു പോയാൽ കണ്ണ് ചെന്നെത്താത്ത അകലത്തിലും  ആളുകൾ എഴുന്നേറ്റ്  നിൽക്കുക പതിവായിരുന്നു. ആമിന ഓർത്തു.

 

റാഷിദിക്ക അറിഞ്ഞിട്ടുണ്ടാകില്ല ജഡ്ജിയെ തനിക്കു അറിയാമെന്ന്.  ദുബൈയിലും പിന്നെ കെനിയയിലും റാഷിദിക്ക  ആയിരുന്ന ഒന്നര വർഷം നിവർത്തികേട്‌ കൊണ്ടായിരുന്നു ഒരു വക്കീൽ ഗുമസ്തന്റെ നിർബന്ധപ്രകാരം  ആദ്യമായ് സാക്ഷി പറയാൻ പോയത്. കള്ളസാക്ഷി എന്ന് പറയുന്നതാണ് ശരി.

വക്കീലും  ഗുമസ്തനും കൂടി  ആവർത്തിച്ചാവർത്തിച്ചു ഉരുവിട്ട് പഠിപ്പിച്ചത് കോടതിയിൽ ചോദിക്കുന്ന ക്രമത്തിൽ പറയുക ആദ്യമൊക്കെ പ്രയാസമായി തോന്നി. പിന്നീട് എത്രയോ തവണ. വക്കീൽ കൂട്ടങ്ങളുടെ  വക്രബുദ്ധിയിൽ പോലും ഉദിക്കാത്ത ചോദ്യങ്ങളുമായി ഏറ്റവും കൂടുതൽ തന്നെ നിർത്തി പൊരിച്ചിട്ടുള്ള സാക്ഷാൽ പേരപ്പാറ ജഡ്ജി തന്റെ മുന്നിൽ  പെറ്റിട്ട കുട്ടിയെ പോലെ പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്ത അവസ്ഥയിൽ.

വിധിയുടെ ലീലാവിലാസം ആമിന കണ്ടു ചിരിച്ചു. 

 

അദ്ദേഹത്തെ  കക്കൂസിൽ കൊണ്ട് പോകുവാനും കുളിപ്പിക്കുവാനും  മാത്രമേ കാര്യസ്ഥനെ  വീടിനുള്ളിലേക്ക്  അനുവദിക്കാവൂ എന്ന് ബന്ധു പറഞ്ഞിട്ട് പോയതിന്റെ കാരണം ആമിനക്കു മനസ്സിലായിരുന്നില്ല. അയാൾക്കു താമസിക്കാൻ ഒരു ചെറിയ മുറി വീടിന്റെ ഒരു വശത്തായുണ്ട്. അയാൾ അതിൽ തന്നെയാണ് പാചകം ചെയ്യുന്നതും ഉറങ്ങുന്നതും. ശരാശരി വൃത്തിയേ അയാൾക്കും അയാളുടെ ചെയ്തികൾക്കും ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്കിടെ മുറിയിൽ വന്നു ജഡ്ജിയദ്ദേഹത്തെ തെല്ലു നേരം നോക്കി നിൽക്കുകയും പിന്നീട് മുറി വിട്ടു പോകുകയും ചെയ്തിരുന്നു.

 

ഗാംഭീര്യം വറ്റിവരണ്ട  മുഖത്ത് നരച്ച രോമങ്ങൾ തെല്ലൊന്നുമല്ല വളർന്നു നിന്നിരുന്നത്.  ബാർബറിന്റെ പണി കൂടി തനിക്കു ചെയ്തെ പറ്റൂ. എന്ന് ആമിന ചിന്തിച്ചു. തനിക്കതൊന്നിനും ഒരു മടിയുമില്ല. കിട്ടുന്ന കൂലിക്കു അതിനപ്പുറവും ചെയ്യുമ്പോൾ ഉള്ളിന്റെ ഉള്ളിൽ തൃപ്തിയുണ്ടാകും. തന്നെ മുന്നോട്ടു ചലിപ്പിക്കുന്നത് അതാണ്.

ന്യായാധിപന്റെ  കൂട്ടിൽ നിന്നും  ഏകാന്തതയുടെ പരോളും പോലും ഇല്ലാത്ത  തടവറയിലേക്ക് എടുത്തെറിയപ്പെട്ട ആ മുഖം ഷേവു ചെയ്തു  ഒന്ന് തെളിച്ചെടുക്കണം.  തന്റെ ആദ്യ ജോലി അത് തന്നെ ആകട്ടേയെന്നു ആമിന തീരുമാനിച്ചുറച്ചു.

 

ഫോണിലൂടെ റഷീദിക്ക പറഞ്ഞു തന്നതിലും  മോശമായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ അവസ്ഥ. പെട്ടെന്നുണ്ടായ രോഗത്തിൽ നിന്ന് തിരികെ  കിട്ടിയത് ജീവൻ മാത്രമാണെന്നും പറയുന്നതാകും ശരി. കാലിന്റെ പെരുവിരലുകൾ ചെറുവിരലുകൾ പോലെ നേർത്തു  ശോഷിച്ചിരിക്കുന്നു. പിടിച്ചിരുത്തിയാൽ നിവർന്നിരിക്കുമെന്നും കാര്യസ്ഥൻ സഹായിക്കുമെന്നും ബന്ധു പറഞ്ഞിരുന്നു, ജീവിതത്തിലെ പരുക്കൻ സാഹചര്യങ്ങൾ മൂലം വന്നു ചേർന്ന  പേശി ബലം പുരുഷൻ ചെയ്യുന്ന പല ജോലികളും തനിയെ ചെയ്യാൻ തന്നെ പ്രാപ്തയാക്കിയിരുന്നു.

 

ഷേവ് ചെയ്യുന്നതിന് മുന്നോടിയായി വലിയ ആയാസം കൂടാതെ ജഡ്ജിയെ പിടിച്ചിരുത്താൻ  അപ്പോൾ കഴിഞ്ഞത് അദ്ദേഹം കൂടി മാനസികമായി സഹകരിച്ചത്  കൊണ്ടാകണം. ഇരുത്തിയായപ്പോൾ ആ ദൃഷ്ടികൾ തന്നെ ഉറ്റു നോക്കുന്നതായി ആമിന തിരിച്ചറിഞ്ഞു. 

 

"ഓർമ്മയുണ്ടോ എവിടെയെങ്കിലും കണ്ടതായി..." ആമിന ഒരു കൊച്ചു കുട്ടിയോടെന്ന പോലെ ചോദിച്ചു.

 

ചെരുവിക്കര പഞ്ചായത്തിൽ വഴുകമൂലയിൽ റാവുത്തർ അലിയുടെ മകൾ ആമിന എന്ന് വിളിക്കുന്ന ആമിന ബീഗം. ആമിന നിർത്തി നിർത്തി പറഞ്ഞു. കുറ്റാരോപിതർക്കു മുന്നിൽ ഒരു ദുസ്വപ്നത്തിലെ കരിമ്പടം ധരിച്ചു വരുന്ന  ഭീകര സത്വം പോലെ പ്രത്യക്ഷമായിരുന്ന ആ രൂപം ആരോ ബട്ടൻസ്  തെറ്റിച്ചിട്ട ഉടഞ്ഞ മേലുടുപ്പിനുള്ളിൽ പരിക്ഷീണിതനായി പ്രതികരിക്കാനാവാതെ..

 

ഷേവിങ്ങ് ക്രീമും ബ്രുഷും തിരഞ്ഞിട്ടു  കാണാത്തതിനാൽ ചന്ദന മണമുള്ള സോയ്പ്പും കൈയും മാറി മാറി  ഉപയോഗിച്ച് ആമിന ആ താടി ഷേവിങ്ങിനായി പാകപ്പെടുത്തി കൊണ്ടിരുന്നു. വരണ്ടിരുന്ന ആ ചർമം ഒരു മനുഷ്യ സ്പര്ശനത്തിനായി വളരെ നാൾ   കൊതിക്കുകയായിരുന്നെന്നു ആമിനക്കു തോന്നി.അതുകൊണ്ടു തന്നെ സോപ്പ് ഉപയോഗിച്ച് മയപ്പെടുത്തിയിട്ടു  കൂടി വീണ്ടും വീണ്ടു അവർ അത് തുടർന്നു. ഷേവ് ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയകറ്റാൻ ഒരു കൊച്ചു കുഞ്ഞിനോട് പറയുന്ന പോലെ ആമിന പറഞ്ഞു.

 

"ദൈവം സാക്ഷിയായി കോടതി മുമ്പാകെ സത്യം മാത്രം  ബോധിപ്പിച്ചുകൊള്ളാം" ആമിന ഷേവു ചെയ്തു തുടങ്ങി.

 

"അങ്ങ് ഒാർക്കുന്നോ നാലു പേര് ചേർന്ന് വെട്ടി പരിക്കേൽപ്പിക്കുകയും ചികിത്സയിൽ ഇരിക്കെ  മരണപ്പെടുകയും ചെയ്ത മുന്നി രവിയുടെ കേസ്. അതിൽ ആദ്യം ഒന്നാം പ്രതിയാകുകയും, പിന്നീട് വിചാരണയിൽ നാലാം പ്രതിയായി ഒടുവിൽ അങ്ങ് വെറുതെ വിട്ട ഒരു വിനായകനെയും..." ആമിന നിറുത്താതെ പറയുകയാണ്.

 

"തിരിച്ചും മറിച്ചും ചോദിച്ചിട്ടും കള്ളസാക്ഷിയെന്ന് തെളിഞ്ഞാൽ നാലു വർഷം അഴിക്കുള്ളിലാകും എന്ന് ഭയപ്പെടുത്തിയിട്ടും ഒരു തരി മാറാതെ വിനായകന് അനുകൂലമായ അതേ മൊഴിയിൽ ഞാൻ ഉറച്ചു നിന്നു.അതുകൊണ്ടു അയാൾ പുറം ലോകം കണ്ടു വീണ്ടും. പാവപ്പെട്ട ഞങ്ങളെ പ്പോലുള്ളവർക്കു. അങ്ങനെ ഒക്കെ അല്ലേ ഒരാളെ സഹായിക്കാൻ പറ്റു. അല്ലേ അങ്ങുന്നേ... എത്ര ശക്തമായതാ നമ്മുടെ നിയമവും കോടതിയും അല്ലേ" - ആമിന പറഞ്ഞു ചിരിച്ചു.

 

നരച്ച കുറ്റിരോമങ്ങൾ സ്റ്റീൽ കിണ്ണത്തിൽ നീന്തി രസിച്ചു. 

ആ മുഖത്ത് ഭാവങ്ങളുടെ നീരോട്ടം അപ്പോഴും മടിച്ചു നിന്ന പോലെ ആമിന തുടർന്നു. 

 

"അയാൾ ചാവേണ്ടത് തന്നെയാ. ചത്തിട്ടാ പത്രത്തിലൂടെ ഓരോന്ന് ലോകർ അറിയുന്നത്. വിനായകൻ ഒരു പച്ചപ്പാവം. വന്നു പെടുകയായിരുന്നു"

 

ആമിനയുടെ രണ്ടു ചെറുവിരലുകലുകളുടെ നിയന്ത്രണത്തിൽ  ആ മുഖം ബ്ലേഡിനോട്  സമരസപെട്ടു നീങ്ങിക്കൊണ്ടിരുന്നു. മുഖം ഷേവ് ചെയ്തു തീർത്തു ബ്ലേഡ് കഴുത്തിലെ ഒറ്റപ്പെട്ട രോമങ്ങളെ ഉന്നമിട്ടു.

 

ആ നിർവികാരമായ കണ്ണുകളിലേക്കു ആമിന തുറിച്ചു നോക്കി പറഞ്ഞു.

 

"ഇനി ഞാൻ ആ സത്യം പറയട്ടെ അങ്ങുന്നേ. വിനയകനെ സംഭവം നടന്ന സമയം  പത്തു കിലോമീറ്ററിന് അകലെ കണ്ടു എന്ന് ഞാൻ പറഞ്ഞത് ശുദ്ധ നുണയാണ്. ഇനിയിപ്പോൾ എന്താണ് ചെയ്യാൻ അങ്ങുന്നിനു കഴിയുന്നത് എന്ന് നോക്കട്ടെ" - ആ കണ്ണുകളിൽ നേരിയ ഒരു ചലനത്തിനായി ആമിന ആഗ്രഹിച്ചു.

 

"ദേ...ഈ കഴുത്തിൽ തൊട്ടു തൊട്ടു നിൽക്കുന്ന ഈ വടിവാള് കണ്ടോ.." ആമിന ബ്ലേഡ്  കാട്ടികൊണ്ടു കൊച്ചു കുട്ടിയെ പോലെ ചിരിച്ചു.

 

ഒന്ന് താഴ്ത്തി കിടത്തുവാൻ ആ മുഖം യാചിക്കുന്ന പോലെ ആമിനക്കു തോന്നി. 

ആ മുറിയുടെ നാല് ചുവരുകളും ജീവിതത്തിന്റെ പല മഹാ  മുഹൂർത്തങ്ങളേയും ഫ്രെമിലാക്കി പ്രദർശിപ്പിച്ചിരിക്കുന്നു. 

ചിത്രപ്പണിയുള്ള  തടി കൊണ്ടുള്ള ഉത്തരത്തിൽ കറങ്ങാൻ മടിയുള്ള  ഒരു പഴഞ്ചൻ ഫാൻ. 

ഒറ്റ നോട്ടത്തിൽ ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്തു അനാഥമായി ഒരു കാമറ കണ്ണ് .

കോടിപ്പോയ ചിരിയിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ വെറുംകയ്യാലെ  തുടക്കുമ്പോൾ നീതിക്കു വേണ്ടി  കഠിനമായി പൊരുതി സ്വകാര്യ ജീവിതത്തിൽ പക്ഷെ അത്  ലഭിക്കാതെ പോയ ന്യായാധിപനോട് അന്നൊരു കളവു പറഞ്ഞതിന് എങ്ങനെ പ്രായശ്ചിത്തം ചെയ്യണമെന്ന് ആമിന ചിന്തിക്കുകയായിരുന്നു. 

 

ഷേവ് ചെയ്ത വെള്ളം വാഷ് ബേസിനിൽ ഒഴിച്ചു കളഞ്ഞു. നന്നായി മുഖം കഴുകി. കണ്ണാടിയിൽ അടിഞ്ഞു കൂടിയിരുന്ന അഴുക്ക് തുടച്ചു കളഞ്ഞു വന്നപ്പോഴേക്കും "പെരേപ്പാറ  ജഡ്ജി" ഉറങ്ങി കഴിഞ്ഞിരിക്കുന്നു.

 

കരയാതിരിക്കാൻ ആമിനക്കു പരിശ്രമിക്കേണ്ടി വന്നു.

 

English Summary : Your Honour - Short Story by Mathew Panicker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com