ADVERTISEMENT

യാദൃച്ഛികമെന്നുവച്ചാൽ തികച്ചും യാദൃച്ഛികം! ചെറുപ്പക്കാരായ ആ ഭാര്യയ്ക്കും ഭർത്താവിനും ജങ്കാറടുക്കുന്ന അവസാനത്തെ ആ കടവിലെത്തിപ്പെടേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. യഥാർഥത്തിൽ അവർക്കെത്തേണ്ടത് ജങ്കാർകടവിലേക്കു വരുന്നവഴിയിലെ മറ്റൊരു കടവിലായിരുന്നു.അവിടെയാണ് അവർക്കായി നേരത്തേ ഏർപ്പാടാക്കിയിരുന്ന ചെറുബോട്ട് കാത്തുകിടന്നിരുന്നത്. അവിടം കടന്ന് പിന്നെന്തിനാണ്, എങ്ങനെയാണ് ഒരു മുൻപരിചയവുമില്ലാത്ത നാട്ടിലെ ജങ്കാർകടവിൽ തങ്ങളെത്തിയതെന്ന്, ആകാശച്ചെരുവിലേക്ക് ഏറെനേരം നോക്കിയിരുന്ന് അയാൾ ചിന്തിച്ചു.അതിന് ഇനിയുമൊരുത്തരം കിട്ടിയിട്ടെന്തുകാര്യം?

 

നീലാകാശത്തിനു കീഴെ വെള്ളക്കൊക്കുകൾ നിരയൊപ്പിച്ചുപറന്ന് മലകൾക്കപ്പുറത്തേക്ക് വേഗത്തിൽ മറഞ്ഞുപോകുന്ന കാഴ്ച അയാളുടെ ഉള്ളകങ്ങളെ നൊമ്പരപ്പെടുത്തി, തനിക്ക് പ്രിയപ്പെട്ട ഒരാൾ ആ പറവസംഘത്തിലുണ്ടെന്ന് നോവുകൊണ്ട് പൊതിഞ്ഞൊരു തോന്നൽ. കായലിനക്കരെ പൊട്ടുപോലെ ഒറ്റപ്പെട്ടൊരു ദ്വീപിലുള്ള ധ്യാനകേന്ദ്രത്തിലേക്കാണ് അവർക്കു പോകേണ്ടിരുന്നത്. അടുത്തൊരു വീട്ടുമുറ്റത്ത് കാർ പാർക്കുചെയ്തു.

രണ്ടാളും കടവിലേക്കിറങ്ങിച്ചെല്ലുമ്പോൾ, കുറച്ചാളുകളെയും വാഹനങ്ങളെയും വഹിച്ച് ഒരു ജങ്കാർ മറ്റൊരു കരയിലേക്ക് ഇരമ്പിനീങ്ങുകയായിരുന്നു.

അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. അവരെ കാത്തുകിടക്കുന്ന ബോട്ടിന്റെ സാരഥിയാണ്. കാറെടുത്തു തിരികെവന്ന് ആദ്യകടവിലെത്താൻ ബോട്ടുകാരൻ പറഞ്ഞു. 

 

തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് കടവോരത്തെ കടയിലിരുന്ന തടിച്ചുകുറുകിയ സ്ത്രീ തല പുറത്തേക്കിട്ടുകൊണ്ടു പറഞ്ഞു.

‘‘ഇതിലേ... ഈ കായൽക്കരയിലൂടെ പടിഞ്ഞാട്ടുനടന്നാൽ ആ കടവിലെത്താം...’’

ഇവരെങ്ങനെ പരസ്യമല്ലാത്ത അക്കാര്യമറിഞ്ഞുവെന്ന് ഒരു നിമിഷം അയാൾ ആശ്ചര്യപ്പെട്ടു!

‘‘സൂക്ഷിച്ചുനടക്കണം കേട്ടോ’’ എന്നൊരു ഉപദേശംകൂടിയായപ്പോൾ അയാളാ സ്ത്രീയെ ശ്രദ്ധിച്ചു.

അവർക്കപ്പോൾ വ്യക്തമായൊരു മുഖച്ഛായയില്ലെന്ന് അയാൾ നേരിയ ഉൾക്കിടിലത്തോടെ തിരിച്ചറിഞ്ഞു.

അവരിൽനിന്നു വേഗത്തിലയാൾ തന്റെ മുഖം പറിച്ചുമാറ്റി.

ഇവരെന്തിനാണ് ബോധപൂർവം തങ്ങൾക്കൊരു വഴികാട്ടിയാവുന്നതെന്ന് അയാൾ വെറുതേ ഓർക്കാതിരുന്നില്ല.

 

ഒക്കെ തന്റെ തോന്നലാണെന്ന വീണ്ടുവിചാരത്തിൽ, അയാൾ ഭാര്യയുടെ കൈപിടിച്ച് കായലോരത്തുകൂടി പടിഞ്ഞാറുദിശയിലേക്കു നടക്കാൻ തുടങ്ങി, സ്ത്രീയുടെ പ്രേരണയെ അറിയാതെ അനുസരിക്കുംപോലെ.

‘‘വേണ്ടാ... വേണ്ടാ’’യെന്ന് ഭാര്യ പറഞ്ഞതാണ്. പക്ഷേ, അയാളതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.

കൂട്ടിൽനിന്നു രക്ഷപ്പെട്ട പക്ഷിയുടെ ഒരു വെപ്രാളം അയാളിലപ്പോൾ ആവേശിച്ചതുപോലെ.

കായലും വെള്ളക്കെട്ടുമൊന്നും നിത്യപരിചയത്തിൽപ്പെട്ടതായിരുന്നില്ല അവർക്ക്. പോരാത്തതിന് അപരിചിതമായ നാടും. വിശാലമായി പരന്നുകിടക്കുന്ന കായലിന്റെ ഓരത്തുകൂടിയുള്ള പാതയിലൂടെ അവർ മുന്നിലും പിന്നിലുമായി നടന്നു. നട്ടുച്ചനേരത്തെ വെയിലിനു നല്ല ചൂട്. ബാഗിൽനിന്നു ഭാര്യ കുടയെടുത്ത് നിവർത്തിപ്പിടിച്ചു. അയാൾ കുടയുടെ തണലിലൊതുങ്ങാതെ മുന്നിൽ നടന്നു. പൂവരശുമരങ്ങൾ നിരയായി കായലിലേക്കു തല കുമ്പിട്ടുനിൽക്കുന്നു. ഓളമടിച്ച് വെള്ളം ചെറുതിരകളായി പതഞ്ഞുപൊന്തി കൽക്കെട്ടിലേക്കു തലയടിച്ചു ചിതറുന്നുണ്ട്.

കൽക്കെട്ടു പൊളിഞ്ഞുപോയ ഇടങ്ങളിൽ കായൽ കരയിലേക്കു നാവുനീട്ടുന്നു. കുറ്റിക്കാടുകൾ നിറഞ്ഞ വിജനമായ നടപ്പാതയിൽ കരിഞ്ഞതെങ്ങോലകൾ വികൃതമായ തണൽ വിരിക്കുന്നു.

 

കരയെയും കായലിനെയും വേർതിരിക്കുന്ന പാറക്കെട്ടിലൂടെ നടക്കുമ്പോൾ, നില തെറ്റുന്നതായി ഭാര്യ പതിയെ പറഞ്ഞത് അയാൾ കേട്ടു.

‘‘ഒന്നു പതിയെപ്പോകൂ... തല ചുറ്റുന്നു...’’

പക്ഷേ, അയാളുടെ കാലുകൾക്കു സമനില തെറ്റിയതുപോലെയായിരുന്നു അപ്പോൾ.

നടത്തത്തിന് അറിയാതെ വേഗം കൂടുന്നു.

സാരി ധരിച്ചിരുന്ന ഭാര്യ, ഉപ്പൂറ്റിയൽപം പൊങ്ങിയ ചെരുപ്പുകളിൽ നടക്കാൻ ബദ്ധപ്പെടുന്നത് അയാൾ മനസ്സിലാക്കിയതേയില്ല.

അടി തെറ്റിയാൽ...!‌‍

കായൽവെള്ളത്തിനു കറുകറുത്ത നിറമാണ്.

അഗാധമായ ആഴമുണ്ടായിരിക്കണം.

ആ പ്രദേശത്തെയാകമാനം ഉറക്കിക്കിടത്തുന്ന നിശബ്ദത അമ്പരപ്പിക്കുന്നതാണ്.

നടത്തത്തിനിടയിൽ, കൽക്കെട്ടിനുതാഴെ കായൽ ജലത്തിന്റെ കിന്നാരങ്ങളിലേക്കു കണ്ണുകൾ തെന്നിവീണപ്പോൾ ഭാര്യ രണ്ടുമൂന്നാവർത്തി ഓർമ്മിച്ചെടുത്തു...

 

‘‘പണ്ടു സ്കൂളിൽനിന്നു ടൂറിനുപോയപ്പോൾ, ഇതുപോലെ ഡാമിനരികിലൂടെ നടന്ന് ഞാൻ വെള്ളത്തിൽ വീണുമുങ്ങിയതാ... ഇതിലേ വരണ്ടായിരുന്നു...’’

അക്ഷോഭ്യയായിട്ടാണ് അവളങ്ങനെ പതംപറഞ്ഞു നടന്നത്, മുഖത്തൊരു പാൽപുഞ്ചിരി മായാതെ നിന്നു.

ഭാര്യ ആകെ തളർന്നിട്ടും അയാളെന്ന താൻ അപ്പോഴും നിസംഗത പാലിച്ചത് മഹാപരാധമായിപ്പോയി.

താനെല്ലാം മുൻകൂട്ടിയറിയേണ്ടവനായിരുന്നില്ലേ?

തന്റെ ഒരുതരം നിരുത്തരവാദിത്തമല്ലേ, ഈ ഏകാന്തത തനിക്കു സ്വന്തമാകാൻ കാരണമായിത്തീർന്നത്?

നടത്തത്തിനിടയിൽ രണ്ടുപേരുടെയുമിടയിലെ അകലം എപ്പോഴോ വർധിച്ചു.

ഏറുമാടംപോലത്തെ പഴകിദ്രവിച്ച വീടുകൾ അവിടവിടെ കണ്ടു. അവയ്ക്ക് അനാദികാലത്തെ നിരവധി പഴങ്കഥകൾ പറയാനുണ്ടാവുമെന്ന് അയാൾക്കു തോന്നി.

ഒരൊറ്റ മനുഷ്യജീവിയെയും എങ്ങും കണ്ടെത്താൻ കഴിയുന്നില്ലെന്നത് അയാളിൽ കൗതുകമുണർത്തി.

ഇവിടെയൊക്കെ ജീവിച്ചിരുന്ന മനുഷ്യർ ഇപ്പോഴെവിടെയാണ് ഒളിച്ചിരിക്കുന്നത്?‍

കാടുമൂടിയ പറമ്പിലൊരിടത്ത് രണ്ടോ മൂന്നോ മഞ്ഞച്ചേരകൾ കെട്ടുപിണഞ്ഞുപുളയുന്നത് അയാൾ കണ്ടു.

തന്റെ ശരീരത്തിലെ രോമങ്ങൾക്കു ജീവൻ വച്ചത് അയാളറിഞ്ഞു.

 

തടിയിൽ ചിതലരിച്ച തെങ്ങുകൾ, മൃതപ്രായമായി നിരാശയോടെ മാനത്തേക്കുനോക്കി നിലകൊള്ളുന്നതും കാഴ്ചയായി.

കായലിനുമേലെ നെടുനീളത്തിൽ മലർന്നുകിടക്കുന്ന ഭീമാകാരനായ ഇരട്ടത്തീവണ്ടിപ്പാലം വെയിലത്ത് അലുമിനിയം പെയ്ന്റിൽ തിളങ്ങുന്നു.

പെട്ടന്നാണ് കായലിന്റെ മാറുപിളർന്ന് വടക്കുനിന്നു തെക്കോട്ട് ഐലൻഡ് എക്സ്പ്രസ് നിലവിളിച്ചുകൊണ്ട് കടന്നുപോയത്. നിരവധി മനുഷ്യാത്മാക്കളുടെ ദീനവിലാപങ്ങളായി തീവണ്ടിയൊച്ച കായലിന്റെ അടിത്തട്ടിലേക്കു നൂണിറങ്ങിപ്പോയി.

അയാൾ വേഗം വാച്ചിൽ നോക്കി.

തീവണ്ടി സമയത്തിനു മാറ്റമില്ല, പഴയ സമയംതന്നെ!!

ഉച്ചക്കാറ്റിന് ഇപ്പോഴും വലിയ  ഒച്ചയില്ല.

 

തീവണ്ടിപ്പാളവും കടന്നുവേണം തങ്ങളുടെ കടവിലെത്താനെന്ന് കടയിലെ മുഖമില്ലാത്ത ആ സ്ത്രീ പറഞ്ഞത് അയാളോർത്തു.

പിന്നെയും നടക്കുകയാണ്, വെളിപാടില്ലാത്തവനെപ്പോലെ!

ഇടിഞ്ഞുപൊളിഞ്ഞൊരു കൂരയുടെ അരികുപറ്റിയിരുന്ന് ഒരു വൃദ്ധൻ ഭാവഭേദമില്ലാതെ തന്റെ നേരെ നോക്കുന്നതുകണ്ടു.

കടവിലെത്താനുള്ള വഴി വൃദ്ധനോടു ചോദിച്ചു.

അയാൾ മിഴിച്ചുനോക്കിയിരുന്നു.

വഴി പിന്നെയും ചോദിച്ചു.

‘‘ഒന്നാം കടവിലേക്കുള്ള വഴിയേതാ...?’’

വൃദ്ധൻ മിണ്ടിയില്ല.

‘‘വൃദ്ധനൊരു പ്രതിമയാണോ’’ എന്ന ചോദ്യം അയാൾ സ്വയം ചോദിച്ചു.

വേട്ടമൃഗത്തെക്കണ്ട് പേടിച്ചരണ്ടതുപോലെ ഒരു മെലിഞ്ഞ പട്ടി വൃദ്ധന്റെ ഓരം ചേർന്നുനിൽക്കുന്നു.

പെട്ടെന്ന്, ദേഹത്ത് തീയാളിപ്പടർന്നാലെന്നപോലെ പട്ടി മുരണ്ടുകൊണ്ടൊരോട്ടം.

കായൽപ്പരപ്പിലേക്ക് ആ പട്ടി പറന്നുവീഴുന്നത് അയാൾ ഞെട്ടലോടെയാണ് കണ്ടത്.

‘പേപിടിച്ച പട്ടി’യെന്ന് അയാൾ പിറുപിറുത്തു.

ഏതോ ഒരദൃശ്യശക്തിയാലെന്നവണ്ണം അയാൾ പിന്നെയും മുന്നോട്ടുകുതിച്ചു.

ഇപ്പോൾ തനിക്കുമുന്നിലും പിന്നിലുമായി ആരൊക്കെയോ ഒപ്പം നടക്കുന്നുണ്ട്...

അടക്കിപ്പിടിച്ച വർത്തമാനങ്ങളുണ്ട്.

 

കായലിനെ പുണർന്ന് നെടുകെ നീണ്ടുപോകുന്ന തീവണ്ടിപ്പാലത്തിനടുത്ത് ഒരുനിമിഷം അയാൾ നിന്നു.

പാലത്തിനുതാഴെ കാട് പടർന്നുനിൽക്കുന്നിടത്ത് കരിഞ്ഞ പൂമാലകളുടെ നടുവിൽ ചെറിയൊരു സ്തൂപം!

1988 ജൂലൈ 8 വെള്ളിയാഴ്ച...

105 മനുഷ്യരുടെ സ്മരണകളുറങ്ങുന്ന സിമന്റ് സ്തൂപം...

കഠിനമായി അയാൾ കിതച്ചുപോയി.

അന്നു തന്റെ മറ്റപ്പള്ളി ഗ്രാമത്തിലൊരു വീട്ടിലെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചത് അന്നാട്ടിലൊരു വിശേഷപ്പെട്ട വർത്തമാനമായിരുന്നുവെന്ന് അയാൾ ഓർമ്മയിൽ നിന്നു തപ്പിയെടുത്തു.

നടന്നുവന്ന വഴി ശൂന്യം...!

തന്റെ പിന്നിൽ പതുക്കെ നടന്നിരുന്ന ഭാര്യയെ കാണാനില്ലെന്ന് ഞെട്ടലോടെ അയാളറിയുന്നു.

പടർന്നുനിൽക്കും പൂവരശുമരങ്ങളുടെ മറവിലൂടെ അവൾ നടന്നുവരുന്നുണ്ടാവുമെന്ന് അയാളൊരുനിമിഷം ആശിച്ചു.

ഏതാനും നിമിഷനേരം ഭാര്യയുടെ വരവുംകാത്ത് അയാളവിടെ നിലയുറപ്പിച്ചു.

ഇല്ല... അവളെ കാണുന്നില്ല...!

അയാൾ വന്നവഴിയേ തിരിഞ്ഞൊരോട്ടമായിരുന്നു, പേപിടിച്ച പട്ടിയെപ്പോലെ...

അപ്പോൾ തനിക്കുപിന്നിൽ ഒരുകൂട്ടമാളുകൾ ആർത്തുചിരിച്ച് ഉന്മാദിക്കുന്നത് അയാൾ വ്യക്തമായറിഞ്ഞു.

കരയും കായലും വേർതിരിക്കുന്ന കൽക്കെട്ടിനടുത്ത് അയാൾ കിതച്ചുകിതച്ചിരുന്നുപോയി.

 

കുടയും ബാഗും നിലത്ത് ചിണുങ്ങിക്കൊണ്ടു കിടക്കുന്നു...!

ചെരിപ്പുകൾ വെള്ളത്തിന്മേൽ കിടന്ന് ഊഞ്ഞാലാടുന്നു...!

കായൽവെള്ളം കറുത്തനിറംപൂണ്ട് കൽക്കെട്ടിലേക്കു വാശിയോടെ ആഞ്ഞടിക്കുകയാണ്, ചിരിച്ചുകുണുങ്ങിക്കൊണ്ട്.

അയാളുടെ അന്തരാളത്തിൽനിന്ന് ഒരു നിലവിളി ഉയർന്നുപൊങ്ങി.

പിന്നീടൊന്നും...

ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ, ഭാര്യയുടെ കൈയുംപിടിച്ച് താനെന്തിനാണ് ആ അപരിചിതമായ വഴിയേ നടന്നുപോയത്?

ജലസമാധിയടഞ്ഞ നൂറ്റിയഞ്ചുപേരുടെ ആത്മാവുകളലയുന്ന ആ തുരുത്തിൽ, ഒരാത്മാവിനെക്കൂടി കുടിയിരുത്താനോ...?

അയാളെ തൊട്ടുരുമ്മി ദീർഘനിശ്വാസത്തോടെ ഒരു ചെറുകാറ്റ് കടന്നുപോയി.

 

English Summary : Athmakkal Alayunna Thurythu - Short Story by Nooranad Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com