ADVERTISEMENT

അന്നൊരു മഴക്കാർ നിറഞ്ഞ പ്രഭാതമായിരുന്നു. മുംബൈയുടെ മുകളിൽ കാർമേഘങ്ങൾ വല്ലാതെ ഉരുണ്ടു കൂടിയിരുന്നു. ‘ഏത് നിമിഷവും മഴ പെയ്തേക്കാം...’ - ആകെ മൂടിക്കെട്ടിയ ആ പകൽ വെളിച്ചത്തിലേയ്ക്ക് നോക്കി പ്രിയ സ്വയം പറഞ്ഞു. രാവിലെ ഹരിയേട്ടൻ ഓഫീസിൽ പോയതിന് ശേഷം, വീട്ടിലെ പണികൾ ഒക്കെ ഒതുക്കി ഇപ്പോഴാണ് അവൾ ഒന്ന് ഇരുന്നത്. രാവിലത്തെ പ്രഭാത ഭക്ഷണവും, ഉച്ചയ്ക്കുള്ള ഊണും പ്രിയ രാവിലെ തന്നെ എഴുന്നേറ്റ് ഉണ്ടാക്കി, പൊതിയായി ഹരിക്ക് കൊടുത്ത് വിടും. പിന്നെ വലിയ വീട്ടുജോലികൾ ഒന്നും തന്നെയില്ല. ഒറ്റ മുറിയും അടുക്കളയും കുളിമുറിയും മാത്രമുള്ള ചെറിയ ഫ്ലാറ്റിൽ എത്ര മാത്രം പണിയുണ്ടാകാനാണ്. ഇനി ഹരിയേട്ടൻ തിരിച്ച് വരുമ്പോൾ മാത്രം അത്താഴമുണ്ടാക്കിയാൽ മതി. അതുവരെ ടിവി, ഉറക്കം, വായന.

 

ഫ്ലാറ്റ് ഇരിക്കുന്ന കെട്ടിടത്തിലെ ഒട്ട് മിക്ക താമസക്കാരുമായി ചങ്ങാതത്തിലായത് കൊണ്ട് മിക്കവാറും ആരെങ്കിലുമൊക്കെ വാചകമടിക്കാൻ വരും. ഹിന്ദിയുടെ ആദ്യാക്ഷരങ്ങൾ പോലും അറിയാതിരുന്ന പ്രിയ കഴിഞ്ഞ ആറ് മാസം കൊണ്ട് അനായാസം ഹിന്ദി പറയാൻ പഠിച്ചത് ഈ ചങ്ങാത്തങ്ങളിലൂടെയാണ്. അവൾ ഹിന്ദി ഇത്ര വേഗം പഠിച്ചത് ഹരിക്ക് തന്നെ ഒരു അദ്ഭുതമായിരുന്നു. രാവിലെ പണി ഒതുക്കി വന്നപ്പോഴേക്കും മഴ പെയ്ത് തുടങ്ങിയിരുന്നു. ഫ്ലാറ്റിന്റെ ചെറിയ ജനാലയുടെ അടുത്തേക്ക് കസേര വലിച്ചിട്ട്, പ്രിയ മഴയിലേക്ക് നോക്കിയിരുന്നു. മഴ ശക്തിയായി പെയ്യുകയാണ്. കൂടെ നല്ല കാറ്റും. ഫ്ലാറ്റിലെ കുട്ടികൾ മഴ ആസ്വദിക്കാൻ വെളിയിൽ ചാടിയിട്ടുണ്ട്. കുറേ പിള്ളേര് ഒരു ബോൾ തട്ടി കളിക്കുന്നു. ചില പെൺകുട്ടികൾ സൈക്കിൾ ഓടിച്ച് മഴവെള്ളം തെറിപ്പിക്കുന്നു.

 

രാവിലെ ഓഫീസിലേക്ക് ഇറങ്ങിയപ്പോൾ തന്നെ ഹരിയേട്ടൻ പറഞ്ഞിരുന്നു മഴ ശക്തിയായാൽ ലോക്കൽ ട്രെയിൻ എല്ലാം സർവീസ് നിർത്തും. അങ്ങനെ സംഭവിച്ചാൽ ഓഫീസിലോ, ആരുടെയെങ്കിലും കൂട്ടുകാരുടെയോ വീട്ടിൽ തങ്ങിയിട്ട് മഴ മാറിയിട്ടേ വരുകയുള്ളുന്ന്. അത് കൊണ്ട് തന്നെ മഴ ശക്തി പ്രാപിക്കുന്നത് ആശങ്കയോടെയാണ് പ്രിയ നോക്കിയിരുന്നത്. ആ ആശങ്കക്കിടയിലും മഴയും, മഴയത്ത് കളിക്കുന്ന കുട്ടികളും അവളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

mazha-nombarangal-chapter-1-2

 

നല്ല മഴയുള്ള ദിവസം കട്ടൻ കാപ്പിയും കുടിച്ച് അരഭിത്തിയിൽ ഇരുന്നുകൊണ്ട് തറവാടിന്റെ മുൻപിലുള്ള പാടത്ത് അനിയനും കൂട്ടുകാരും പന്ത് തട്ടി കളിക്കുന്നത് അവളുടെ ഓർമ്മയിൽ വന്നു. ഒരു മുംബൈകാരന്റെ ആലോചന വന്നപ്പോൾ തന്നെ അവൾ വേണ്ടായെന്ന് പറഞ്ഞതാണ്. മുംബൈയെ പറ്റി അവൾ കേട്ടത് ഒന്നും അത്ര സുഖമുള്ള കാര്യമല്ലായിരുന്നു. അഴുക്ക് നിറഞ്ഞ ചേരികളും കള്ളമാരും, കൊള്ളക്കാരും ഹിജഡകളും, അധോലോക സംഘങ്ങളും തിരക്കും നിറഞ്ഞ മുംബെയിലേക്ക് പോകാൻ അവൾക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. പക്ഷേ ഹരിയേട്ടനെ നേരിൽ കണ്ടപ്പോൾ വേണ്ടായെന്ന് പറയാൻ തോന്നിയില്ല. അത്രക്ക് സുമുഖനായിരുന്നു ഹരിയേട്ടൻ. ഇരുനിറവും ആറ് അടിയിൽ അടുത്ത് പൊക്കവും, നല്ല മാന്യമായ സംസാരവും, ഇടപെടലും.

 

എറ്റവും ഇഷ്ടപ്പെട്ടത് നല്ല ഇടതൂർന്ന താടിയും മീശയുമാണ്. അത് വളരെ മനോഹരമായി വെട്ടി ഒതുക്കി വെച്ചിരിക്കുന്നു. കല്യാണം കഴിഞ്ഞ് മുംബൈയിൽ എത്തി ആറ് മാസം കഴിഞ്ഞപ്പോഴേക്കും മുംബൈയെ പറ്റിയുള്ള അവളുടെ ധാരണ മൊത്തും തെറ്റായിരുന്നെന്ന് അവൾക്ക് ബോധ്യമായത്. മനോഹരമായ ഒരു മെട്രോ നഗരമാണ് മുംബൈ. കല്യാണം കഴിഞ്ഞ് എത്തിയ നവദമ്പതിമാർക്ക് ഹണിമൂൺ പോലെ അടിച്ച് പൊളിക്കാൻ പറ്റിയ നഗരം.

 

അവൾ പെട്ടെന്ന് തന്നെ ആ നഗരവുമായി പ്രണയത്തിലായി. മഴത്തുള്ളികൾ മുഖത്തേക്ക് ഈറൻ അടിച്ചപ്പോൾ അവൾ ഓർമ്മകളിൽ നിന്ന് ഉണർന്നു. മഴ രൗദ്രഭാവം അണിഞ്ഞിരിക്കുന്നു. ഒരു തുള്ളി, ഒരു കുടം എന്നത് പോലെ മഴ വാശിക്ക് പെയ്യുകയാണ്. കൂടെ ചൂളമടിച്ച് കൊണ്ട് കാറ്റും. മുറിക്കകത്തുള്ള എല്ലാ സാധനങ്ങളും കാറ്റത്ത് ആടി കളിക്കുന്നു. പ്രിയ ജനലിലൂടെ താഴേയ്ക്ക് നോക്കി. കളിച്ചു കൊണ്ടിരുന്ന കുട്ടികളെയൊന്നും ഇപ്പോൾ കാണുന്നില്ല. മാത്രമല്ല നിലം കാണാത്ത വിധത്തിൽ വെള്ളം കെട്ടി കിടക്കാൻ തുടങ്ങിയിരിക്കുന്നു. റോഡ് തോടായി മാറിയിരിക്കുന്നു.നട്ടുച്ചയായിട്ടും വൈകിട്ട് ഏഴു മണിയായ പ്രതീതി.

 

ദൂരേയ്ക്ക് ഒന്നും കാണാൻ പറ്റുന്നില്ല. അവൾക്ക് പിരിമുറുക്കം കൂടി. മഴത്തുള്ളികൾ കൂടുതൽ അകത്തേയ്ക്ക് വീഴാൻ തുടങ്ങിയപ്പോൾ അവൾ ജനൽ അടച്ചു. മഴ കാണാനായി അവൾ വിരി മാറ്റിയിട്ടു. ഹരിയേട്ടനെ വിളിക്കാൻ മൊബൈൽ ഫോൺ എടുത്തപ്പോഴാണ് ഫോണിൽ കവറേജ് ഇല്ലായെന്ന് അവൾക്ക് മനസ്സിലായത്. മഴ ഫോൺ കവറേജ് കൂടി ഇല്ലാതാക്കിരിക്കുന്നു. പലവട്ടം ചുമ്മാ അവൾ ഹരിയേട്ടനെ വിളിച്ച് നോക്കി. ഫോൺ ശരിക്കും ചത്തിരിക്കുന്നു.അവൾ ദേഷ്യത്തോടെ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. കുറേ നേരം അങ്ങോട്ടും ഇങ്ങോട്ടും മുറിയിലൂടെ പല ചിന്തകളോടെ അവൾ നടന്നു. പിന്നീട് വേറെയൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് അവൾ കട്ടിലിൽ കയറിക്കിടന്നു. ജനാലയിൽ കൂടി മഴ നോക്കി കിടന്ന് എപ്പോഴോ അവൾ മയങ്ങി പോയി. വാതിലിൽ ശക്തമായ ആരോ തട്ടുന്ന ശബ്ദം കേട്ടിട്ടാണ് പ്രിയ പീന്നീട് ഞെട്ടിയുണർന്നത്. മഴ ഇത്തിരി ശമിച്ചിരിക്കുന്നു.

 

വൈകുന്നേരം ഒരു നാലു മണിയായി കാണുമെന്ന് അവൾക്ക് തോന്നി. വാതിലിൽ വീണ്ടും ശക്തിയായി ആരോ തട്ടുന്നു. ഹരിയേട്ടനാകുമെന്ന സന്തോഷത്തോടെ വാതിൽ തുറന്ന അവൾ ഒന്ന് നടുങ്ങി. വാതിലിന്റെ പുറത്ത് ചെറിയ ഒരു ആൾക്കൂട്ടവും, അതിന്റെ മുൻപിൽ രണ്ട് പൊലീസുകാരും അവളെ തുറിച്ച് നോക്കി കൊണ്ട് അക്ഷമയോടെ നിൽക്കുന്നു.

 

(തുടരും)

 

English Summary : Mazhanombarangal - Novel by Aji Kamaal, Chapter 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com