ADVERTISEMENT

പ്രിയ കണ്ണു തുറക്കുമ്പോൾ ഹരി അങ്കലാപ്പോടെ അടുത്ത് ഇരിക്കുന്നതാണ് കണ്ടത്. കൂടെ നേരേത്തെ വന്ന പോലീസുകാരനും ഫ്ലാറ്റ് ഇരിക്കുന്ന കെട്ടിടത്തിലെ കുറച്ചു കൂട്ടുകാരുമുണ്ടായിരുന്നു. അടുത്തുള്ള ഒരു ക്ലിനിക്കിലെ ബെഡിൽ കിടക്കുകയായിരുന്നു അപ്പോൾ അവൾ. അപ്പോഴും പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു. എല്ലായിടത്തും ഈർപ്പം കെട്ടി നിൽക്കുന്നു. എന്താ സംഭവിച്ചത് എന്ന് ഹരി പൊലിസുകാരനോട് പറയുന്നത് അവൾ ശ്രദ്ധിച്ചു. അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ നല്ല മഴക്കാറുണ്ടയിരുന്നു. അതുകൊണ്ടാണ് മഴ പെയ്താൽ ഓഫിസിൽ തങ്ങുമെന്ന് പ്രിയയോട് ഹരി പറഞ്ഞത്. കല്യാണിൽ നിന്ന് ട്രെയിൻ കയറി പകുതി വഴിയായപ്പോൾ തന്നെ മഴ ശക്തിയായി പെയ്യാൻ തുടങ്ങിയിരുന്നു.

 

ബൈകുളയിൽ ഇറങ്ങി ഇത്തിരി നടന്ന് പോവാൻ ഉള്ളതുകൊണ്ടാണ്, പാൻസിന്റെയും ഷർട്ടിന്റെയും പോക്കറ്റിലിരുന്ന മൊബൈലും, പഴ്സും ടിഫിൻ ബോക്സിരുന്ന ബാഗിലേക്ക് മാറ്റിയത്. ട്രെയിനാണെങ്കിൽ ഭയങ്കര തിരക്കും. ബൈകുള എത്താറായപ്പോളാണ് കുറെ പേർ ചുറ്റും കൂടുന്നത് പോലെ തോന്നിയത്. ട്രെയിനിലെ സംഘടിത കവർച്ചയെ പറ്റിയൊക്കെ കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും  തനിക്ക് അത് സംഭവിക്കുമെന്ന് ഹരി വിചാരിച്ചിട്ടേയില്ല.

mazha-nombarangal--chapter-3-2

 

ബൈകുളയിൽ ട്രെയിൻ നിർത്തിയപ്പോൾ ഉണ്ടായ തിരക്കിനിടയിൽ ഒരുത്തൻ ഹരിയുടെ ബാഗും തട്ടിപ്പറിച്ച് ഒറ്റയോട്ടം. അവന്റെ പിന്നാലെ ഹരി കുറേ ഓടിയെങ്കിലും നല്ല മഴയത്ത് അവൻ എവിടെയോ ചാടി ഓടി രക്ഷപ്പെട്ടു കളഞ്ഞു. പരാതിപ്പെട്ടിട്ട് കാര്യമില്ല എന്ന് തോന്നിയതു കൊണ്ട് നേരെ ഓഫീസിൽ വന്നു. പ്രിയയെ വിളിച്ച് പറയാൻ നോക്കിയപ്പോൾ ഫോൺ എല്ലാം ചത്തിരിക്കുന്നു. മഴ ശക്തിയായി പെയ്തപ്പോൾ  വെളിയിൽ ഇറങ്ങാൻ പറ്റാതെ ഓഫിസിൽ എല്ലാവരും അകപ്പെട്ടു പോയി. 

 

പിന്നീട് മഴ ഒന്നു ശമിച്ചപ്പോൾ ഒരു വിധത്തിലാണ് ഫ്ലാറ്റിൽ എത്തിയത്. അപ്പോഴാണ് പ്രിയയുടെ നിലവിളിയും  ബോധം പോകലും. നിലവിളി കേട്ട് ഓടി വന്നവരോട് പ്രേതമല്ലെന്നും മരിച്ചിട്ടില്ലെന്നും പറഞ്ഞ് മനസ്സിലാക്കാൻ തന്നെ നല്ല പാടുപെട്ടു. അവരുടെ കൂടെ സഹായത്തോടെയാണ് പ്രിയയെ അടുത്തുള്ള ക്ലിനിക്കിൽ എത്തിച്ചത്. അപ്പോഴും ചോദ്യങ്ങൾ തീർന്നില്ല. പിന്നെങ്ങനെയാണ് ഹരി മരിച്ചെന്നുള്ള വിവരം പോലീസുകാർക്ക് കിട്ടിയത്. ബാഗിൽ പറ്റിപ്പിടിച്ച രക്തക്കറകൾ ആരുടെയാണ് ?

 

ഇതിന് മറുപടി പറഞ്ഞത് പോലീസുകാരനാണ്. ഹരിയുടെ ബാഗും തട്ടിപ്പറിച്ച് ഓടിയവനെ ആ ഓട്ടത്തിടയ്ക്ക് അരക്കിലോമീറ്റർ അപ്പുറത്ത് വച്ച് ട്രെയിൻ തട്ടി. നല്ല മഴത്ത് പുറകിൽക്കൂടി വന്ന ട്രെയിൻ അയാൾ ശ്രദ്ധിച്ചില്ല. തലയ്ക്ക് പരിക്കേറ്റ് കുറേനേരം കിടന്ന അയാൾ അവിടെ വച്ച് തന്നെ മരണപ്പെട്ടു. റെയിൽവേ പോലീസ് വന്ന് പരിശോധിച്ചപ്പോൾ കിട്ടിയത് ഹരിയുടെ ബാഗും. അവിടെ നിന്നാണ് ഹരിയുടെ മേൽവിലാസം കിട്ടിയത്.

 

അപ്പോൾ മരിച്ചത് ഹരിയാണന്ന് അവർ ഉറപ്പിച്ചു. മുഖത്തും നല്ല പരിക്കുണ്ടായിരുന്നത് കൊണ്ട് ഫോട്ടോ നോക്കി തിരിച്ചറിയാൻ പറ്റിയില്ല. അങ്ങനെയാണ് ഹരിയുടെ ബാഗ് ട്രെയിനിൽ കൊടുത്ത് വിട്ടതും, പോലീസുകാർ വീട് അന്വേഷിച്ച് പ്രിയയുടെ അടുത്ത് ചെന്നതും. ഇതൊന്നും അറിയാതെയാണ് 'പരേതനായ' ഹരി തിരിച്ചു വന്നതും, പ്രിയ ബോധം കെട്ടു വീണതും.

 

‘ഇതിനാണ് ഇവൾ അലറി നിലവിളിച്ചതും ...ബോധം കെട്ടതും. എന്റെ നല്ല ജീവനങ്ങ് പോയി...’ – ഹരി പ്രിയയെ കളിയാക്കി കൊണ്ട് പറഞ്ഞു.

 

പ്രിയക്ക് അത് കേട്ട് ആകെ ചമ്മലായി.

 

‘പക്ഷേ പ്രിയ വെറുതെ ബോധം കെട്ട് വീണതല്ല...’ അതുവരെ മിണ്ടാതിരുന്ന ഡോക്ടർ ചന്ദ്രിക ചാടി കയറി പറഞ്ഞു.

 

ചിരിച്ചോണ്ടിരുന്ന ഹരിയുടെയും,പ്രിയയുടെയും മുഖത്തിൽ നിന്ന് ചിരി പെട്ടെന്ന് മാഞ്ഞ് പോയി. അവർ വേവലാതിയോടെ ഡോക്ടറുടെ മുഖത്ത് നോക്കി.

 

‘അയ്യോ... ടെൻഷൻ വേണ്ട...നിങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്നു... പ്രിയ ഗർഭണിയാണ്, അതാണ് പെട്ടെന്ന് പ്രഷർ കൂടി ബോധം പോയത്...’  –  ഡോക്ടർ പറഞ്ഞു, 

 

മുംബൈയില‌െ മഴ ഇങ്ങനെയാണ് കുറച്ച് ദുരിതവും വിഷമവും ആദ്യം തരുമെങ്കിലും അവസാനം അതൊരു സുഖമുള്ള നൊമ്പരമായി മാറും.

 

(അവസാനിച്ചു)

 

English Summary : Mazhanombarangal, Novel by Aji Kamaal, Chapter-3 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com