ADVERTISEMENT

ആരവം ഒഴിഞ്ഞ ആ പറമ്പിന് പുകമരുന്നിന്റെ മണമായിരുന്നു.  നീല നിറമുള്ള ചുരുണ്ട ടർപ്പോളകൾക്കു ള്ളിൽ നിറയെ കമ്മലുകളും വളകളും കുത്തി നിറച്ച പാത്രങ്ങളാണ്. കളിത്തോക്കുകൾ കെട്ടിയിറക്കുന്ന വൃദ്ധനെ നോക്കി മതിലും ചാരി  ബാലൻ പിള്ള നിന്നു. ബാലഗോപാലന്  നാട്ടുകാരിട്ടുകൊടുത്ത പേരാണത്. പത്തു വയസ്സുകാരന് അഞ്ചു വയസ്സുകാരന്റെ പൊക്കമാകുമ്പോൾ പിള്ളയെന്നല്ലാതെ വേറെയെന്തു ചേർത്ത് വിളിക്കാനാണ്.

 

അമ്പലവാസി ചെറുക്കന്റെ ദാരിദ്രത്തിനു മുഷിഞ്ഞ മണമായിരുന്നില്ല. പണിക്കൊന്നും പോകാതെ പകലിനെ പഴിയും  പറഞ്ഞു  കൊണ്ടിരിക്കുന്ന അച്ഛനോട് അവന് പകയൊന്നുമില്ല. കാരണം കലാകാരന്മാർക്ക് പട്ടിണി ഒരന്തസ്സാണെന്ന് അമ്മ അവനെ പറഞ്ഞു പഠിപ്പിച്ചിരുന്നു. വിശക്കുമ്പോൾ പരാതികൾ പറയാതെ വിയർപ്പു തുള്ളികൾ നക്കി കുടിക്കുന്ന ഒരു സാധു  മനുഷ്യൻ. കനച്ച വെളിച്ചെണ്ണ അമർത്തിയൊതുക്കിയ ബാലഗോപാലന്റെ  തലമുടിക്ക് ഏതോ വാസന സോപ്പിന്റെ മണമുണ്ട്. ബട്ടൻസ് പൊട്ടിപ്പോയ നിക്കറിന്റെ മുൻഭാഗത്തെ ആരോ ദാനം കൊടുത്ത ബനിയൻ മറച്ചിരിക്കുന്നു. പൊട്ടാതെ ചിതറി മാറിക്കിടക്കുന്ന ഓല പ്പടക്കങ്ങൾക്ക് വളരാതെ  പോയ ഭ്രൂണങ്ങളുടെ മുഖമായിരുന്നു.

 

കിരാതം ആട്ടക്കഥയിലെ മൂകാസുരൻ മരണത്തെ പ്രണയിക്കാൻ തുടങ്ങിയിട്ട്  വർഷങ്ങൾ പലതായി. വർഷത്തിൽ ഒരു തവണ മാത്രം അരങ്ങിൽ കയറുന്ന  രാമനുണ്ണി നാട്ടിൽ പരിഹാസ്യനാകുന്നതിൽ സുലോചനയ്ക്ക് സങ്കടമുണ്ടെങ്കിലും പരിഭവം തീരെയില്ല. കാരണം കഥകളിക്കാരൻ അവളുടെ  പ്രാണനാകുന്നു. ഗോവിന്ദനാശാന്റെ  ശിഷ്യന്മാരിൽ  ഗതിപിടിക്കാതെ പോയത് നിന്റെ കെട്ടിയവൻ  മാത്രമാണെന്ന് പൂ കെട്ടുന്ന പെണ്ണുങ്ങൾ അടക്കം പറയുമ്പോൾ വല്ലപ്പോഴും അവൾ വല്ലാതാവും. 

 

വൃശ്ചികോത്സവത്തിനു മാത്രം മുഖത്ത് ചായമിടുന്നവൻ കളി കഴിഞ്ഞിട്ടും മുഖം കഴുകാതെ  രണ്ട് ദിവസം ഇരുട്ടത്തിരിക്കുന്നത് അവൾക്കു മാത്രം മനസ്സിലാകുന്ന ഭ്രാന്ത്...അയാളുടെ ചോരയും വിയർപ്പുമായിരുന്നു കഥകളി. ബുദ്ധി സ്ഥിരതയില്ലത്തവനെ ആശാൻ കൂടുതൽ അടുപ്പിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്തവം.  കിരാതത്തിലെ പന്നി വേഷമൊന്ന് മാറ്റി പിടിക്കാൻ പലവുരു പറഞ്ഞിട്ടും കൂട്ടാക്കാത്തവന് ശിവ ബാണമേറ്റുള്ള മരണം പുണ്യമാണത്രെ...

 

വേറൊരു വേഷം ചെയ്യാനുള്ള ജ്ഞാനം തന്റെയാൾക്കില്ലെന്നു അവൾ ആരോടും പറയാറില്ല. വർഷത്തിലെ ഏക വരുമാനം ഉത്സവം കഴിഞ്ഞ് കിട്ടുന്ന തുച്ഛമായ തുകയാണ്. അരിയും പൊടികളും പലവ്യഞ്ജന വുമായി  വീട്ടിലെത്തുന്നയാൾ ഇറക്കിവെയ്ക്കുന്ന ചാക്കിനു ഒരു വർഷത്തെ കടമകളുടെ കനമുണ്ട്. ശരിക്കും ഒരു വിഷാദരോഗിയായിരുന്നു  രാമനുണ്ണി. ഇരുട്ടിനെ ഇഷ്ടപ്പെടുന്ന,.. ഓലപ്പന്തലിൽ അമ്പേറ്റു വീണ്  പുളയുമ്പോൾ ചിരിക്കുന്ന നിരുപദ്രവിയായ ഒരു മനുഷ്യൻ.

 

ചീങ്കണ്ണിപ്പുഴയുടെ ഇടത്തെ കൈവഴി ഒഴുകിയിറങ്ങുന്നത് ഇരുട്ടിലേക്കാകുന്നു. ഇലകൾക്ക് വരെ കറുപ്പുനിറമുള്ള കാട്. മീനച്ചൂട്  കടുക്കുമ്പോൾ കൈത്തണ്ടയുടെ വലുപ്പമുള്ള അണലിക്കൂട്ടം നാട്ടുവഴിയിലെത്തും. പത്രക്കാരൻ സോമൻ പാമ്പുകടിയേറ്റാണ് മരിച്ചത്. ‘‘മരണ’’മെന്നായിരുന്നു ആ കാടിന് നാട്ടുകാർ ഇട്ടു കൊടുത്ത പേര്. 

 

ഇരുട്ടിൽ ഇടയ്ക്കിടെ കേൾക്കുന്ന  അലർച്ചകൾക്കും  കരച്ചിലുകൾക്കും മരണത്തിന്റെ മുഴക്കമുണ്ട്. കുറുപ്പിന്റെ പിന്നാമ്പുറത്തു കണ്ട കാൽപ്പാദങ്ങൾ ആരുടേതെന്ന് സ്ഥിരീകരിച്ചതോടെ ആ പ്രദേശത്തുള്ളവരൊക്കെ കുടിയിറങ്ങി. ഭയമെന്ന വികാരമാണെല്ലോ മനുഷ്യനെ  ജീവിക്കാനും മരിക്കാനും പ്രേരിപ്പിക്കുന്നത്. കരിങ്കാളിയുടെ  കണ്ണെത്തുന്നിടത്ത് പുരയിരിക്കുന്നതാണ് സുലോചനയുടെ ഏക ആശ്വാസം. ഭഗവതിയ്ക്കായി  പൂ കെട്ടുമ്പോഴുള്ള   പതിവ് പ്രാർത്ഥനയാണ്.

 

പോവാൻ ഇടമില്ലാത്ത പാവങ്ങളെ പൊതിഞ്ഞു പിടിക്കണേ എന്നത്... ആരവം കേൾക്കുന്നിടത്തെ അദ്ഭുതക്കാഴ്ചയിൽ വെടിക്കാരൻ ലോനനുണ്ട്. തോളിലെ തടിയിൽ തൂങ്ങികിടക്കുന്നത്  കാട്ടു പന്നിയും. രാത്രിയിൽ കവുങ്ങിൽ കയറിയിരുന്നു തോട്ടപൊട്ടിച്ചതാണത്രെ. വെടി കൊണ്ട് വെള്ളത്തിൽ വീണവനെ പൊക്കിയെടുത്തത് ശിങ്കിടികളാകുന്നു.

 

ആണുങ്ങൾ പണിക്ക്  പോകുന്ന വീടുകൾക്ക് കർക്കിടകം പഞ്ഞ മാസമാണ്.പട്ടിണിയോട് പൊരുത്തപ്പെട്ടവർക്ക് എന്ത് കർക്കിടകം?  മുട്ടോളം മുടിയുള്ള വട്ട മുഖക്കാരി സുന്ദരിയായിരുന്നു.  മാല കെട്ടിയാൽ കിട്ടുന്ന ചില്ലറകൾ  ചിലവിനാവാതെ വന്നപ്പോഴാണ് സുലോചന  മുടി മുറിച്ചത്. വാർമുടിക്കാരൻ കൊടുത്ത പൈസ കൊണ്ട്  റേഷൻ സാധനങ്ങൾ വാങ്ങുമ്പോൾ ബാലഗോപാലന്റെ കുഞ്ഞു  കൊതികളൊക്കെ ബാക്കിയാവുന്നു. 

 

പെട്ടെന്ന് പനി കൂടി കുട്ടിയെ  പട്ടണത്തിലേക്ക്  കൊണ്ടു  പൊയ്ക്കോളാൻ പറയുമ്പോൾ സുലോചനയ്ക്കു കരച്ചിൽ വന്നു. എല്ലാമറിഞ്ഞിട്ടും  പൊട്ടൻ കളിക്കുകയാണ് ആ മനുഷ്യനെന്ന് അവൾ അറിയാതെ പറഞ്ഞു പോയി. അവസരം കിട്ടുമ്പോഴൊക്കെ അരക്കെട്ടിലേക്ക് മാത്രം നോക്കുന്ന പൊതുവാൾ പണവുമായെത്തി യെങ്കിലും അവൾ പിടികൊടുത്തില്ല. ആ രാത്രി മുഴുവനും കുട്ടിയുമായി അവൾ ഭഗവതിയുടെ മടിയിലിരുന്നു. പുലർച്ചെ പുരയിലെത്തുമ്പോൾ രാമനുണ്ണിയെ കാണുന്നില്ല.  തലേന്ന് കയർത്തു സംസാരിച്ചതിന്റെ കുറ്റബോധം കരച്ചിലായി ഒഴുകുമ്പോൾ കാട്ടിലേക്ക് അയാൾ കയറിപ്പോയതിനു  തുഴക്കാരൻ തൊമ്മി സാക്ഷിയാകുന്നു.

 

മരിക്കാനുറച്ചവൻ ആരെ ഭയപ്പെടാനാണ്? കാട്ടുപാതയിലെ വലിയ  കാൽപ്പാദങ്ങളൊന്നും  അയാളിൽ പേടി ജനിപ്പിക്കുന്നില്ല. രാത്രിയും പകലും തിരിച്ചറിയാനാവാതെ രണ്ടു ദിവസങ്ങൾ... വടവേരുകൾക്കിടയിൽ  ഇണചേരുന്ന കരിമൂർഖന്മാർ ഫണമുയർത്തി നോക്കുന്നതു കണ്ട്  അയാൾക്ക്‌ ജാള്യത തോന്നി. കാട്ടുവഴിയിലെ വെളിച്ചത്തിനു പോലും ഇരുട്ടാകുന്നു. നക്ഷത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന മുകളിലെ വെള്ളപ്പൊട്ടുകൾ ഇലകൾക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന സൂര്യനാണെന്ന് അയാളറിയുന്നില്ല.

 

പാറകൾ കയറിയിറങ്ങുമ്പോൾ ഉള്ള വഴുക്കലിന് ചോരയുടെ ഗന്ധമുണ്ട്. തലകീഴായി തൂങ്ങിയാടുന്ന   മലമ്പാമ്പ് തന്നെ വിഴുങ്ങുമെന്നാണ് അയാൾ  കരുതിയത്. നിരാശയും കുറ്റബോധവുമാകുന്നു അയാളെ ആ കാട്ടിലെത്തിച്ചത്. മായക്കാഴ്ചകളിൽ മയങ്ങി ജീവിച്ചവൻ  ഇഷ്ടദൈവത്താൽ മരണപ്പെടണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല.

 

കാട്ടാള വേഷത്തിലുള്ള  ശിവപാർവതിമാർക്കായി കണ്ണുകൾ പരതുന്നുണ്ടെങ്കിലും കലമാനുകളാണ് കാഴ്ച്ചയിൽപ്പെടുന്നത്. കുറുകെ കടന്നുപോകുന്ന കാട്ടു മൃഗങ്ങളൊന്നും  തിരിഞ്ഞു. നോക്കുന്നു പോലുമില്ല. അലച്ചിലിനൊടുവിൽ വെളിച്ചം കാണുമ്പോൾ അയാൾ അത് തിരിച്ചറിയുന്നു. ആരോ തന്റെ വഴി തെറ്റിച്ചിട്ടുണ്ട്.  പുലരിയെ പുണർന്നൊഴുകുകയാണ് ചീങ്കണ്ണിപ്പുഴ. പൂ പറിക്കുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ തന്റെ സുലോചനയുമുണ്ട്.

 

 *വെളിച്ചമാകുന്നു ഈശ്വരൻ. മരണമൊക്കെ മനുഷ്യന്റെ ആഗ്രഹങ്ങൾ മാത്രം* .

English Summary : Mookasuran - Short Story by Dr Aby Lukose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com