ADVERTISEMENT

സാരംഗിയുടെ കൂട്ടുകാരി (കഥ)

സ്‌കൂളിലേക്കുള്ള തടിയന്‍കുന്നു കയറുമ്പോള്‍ വിയര്‍പ്പും കിതപ്പും തന്നെ പിടിച്ചുലയ്ക്കുന്നതറിഞ്ഞ് സാരംഗി സൈക്കിള്‍ ചവിട്ടുന്നത് നിറുത്തി. മുന്നില്‍ ചെറിയ കുന്നാണെങ്കിലും ഒരു സംഭവമാണ്. നിന്നു ചവിട്ടിയാലും സൈക്കിള്‍ അങ്ങനെ കയറുകയൊന്നുമില്ല. ഇനി ഉന്തിക്കയറ്റുന്നതാണ് സൗകര്യം. വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ ഓടണമെങ്കില്‍ കയറ്റം പാടില്ലെന്ന് സാരംഗി പഠിച്ചിട്ടുണ്ട്. 

സൈക്കിളില്‍ നിന്ന് ചാടിയിറങ്ങി സാരംഗി പിറകിലേക്ക് നോക്കി. ഉവ്വ് ! പിറകിലെ കാരിയറില്‍ കെട്ടിവച്ച കാർഡ്‌ബോര്‍ഡ് പെട്ടി ഭദ്രമായിത്തന്നെ അവിടെ ഇരിപ്പുണ്ട്. 

'പേടിക്കണ്ടാട്ടോ.. നമ്മള് എത്താറായി..'

പെട്ടിയെ നോക്കി അവള്‍ അരുമയോടെ പുഞ്ചിരിച്ചു. 

കാര്‍ഡ് ബോർഡ് പെട്ടി ചെറുതായി ഒന്നു കുലുങ്ങി എന്നു തോന്നി. അവളോട് തലകുലുക്കിയതാവാം. 

സമാധാനത്തോടെ സാരംഗി മുന്നോട്ട് സൈക്കിളുരുട്ടി. ഇപ്പോള്‍തന്നെ സമയം വല്ലാതെ താമസിച്ചിട്ടുണ്ട്. ആദ്യത്തെ പീരിഡ് വീണ മിസ്സിന്റെ ഇംഗ്ലിഷ് ക്ലാസാണ്. പിന്നീടിരുന്ന് 'ആനന്ദി'ക്കാന്‍ പാകത്തിന് ഇന്നും ശരിക്ക് വഴക്ക് കിട്ടുമെന്നുറപ്പാണ്. 

സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ഉരുട്ടിക്കയറ്റിയപ്പോള്‍ ബാലന്‍സ് തെറ്റി സൈക്കിള്‍ വീഴുമോ എന്ന് അവള്‍ ഒരു നിമിഷം പേടിച്ചു. ഇല്ല, കയ്യില്‍ നിന്നു പോയിട്ടില്ല. 

 

പാര്‍ക്കിംഗ് ഏരിയയില്‍ അവള്‍ തന്റെ സൈക്കിള്‍ പതിയേ നിറുത്തി. 

പിന്നെ കാര്‍ഡ് ബോര്‍ഡ് പെട്ടി പിന്നില്‍ നിന്ന് കരുതലോടെ അഴിച്ചെടുത്തു. സൈക്കിളില്‍ നിന്ന് കോണു തെറ്റി അതു വീഴാതിരിക്കാന്‍ രണ്ടു മൂന്നു കയറിട്ടാണ് കെട്ടിയിരുന്നത്. അതും നല്ല ചണക്കയറിട്ട്. 

മറ്റാരുടേയും ശ്രദ്ധയില്‍ പെടാത്ത, സ്‌കൂള്‍ കാര്‍പോര്‍ച്ചിന്റെ വേസ്റ്റുകള്‍ കൂട്ടിയിടുന്ന ഒരു മൂലയ്ക്കാണ് ശ്രദ്ധയോടെ ആ പെട്ടി അവള്‍ ഇറക്കിവച്ചത്. ആ മൂലയിലാകുമ്പോള്‍ വൈകുന്നേരം വരെ ആരുമിനി ശ്രദ്ധിക്കുകയില്ല. സുരക്ഷിതവുമാണ്. 

'പേടിക്കേണ്ട...ഞാനിടയ്ക്ക് വന്നു നോക്കാം ട്ടോ...'

ആ പെട്ടിയിലേക്ക് നോക്കി സാരംഗി ആശ്വസിപ്പിക്കും മട്ടില്‍ പറഞ്ഞു. 

പിന്നെ ബാഗും തോളിലെടുത്തിട്ട് അവള്‍ ക്ലാസിലേക്കോടി. 

 

താമസിച്ചിട്ടും വഴക്കു പറയാതെ വീണാ മിസ് അന്നു തന്നെ ക്ലാസില്‍ കയറ്റിയത് സാരംഗി എന്ന ആറാം ക്ലാസുകാരിയെ അല്‍ഭുതപ്പെടുത്തി. പതിവിന് വിപരീതമായി ചുണ്ടില്‍ തെച്ചിപ്പൂ മാതിരി ഒരു പുഞ്ചിരിയും മിസ് അണിഞ്ഞിട്ടുണ്ട്. ക്ലാസ് തീരാറായപ്പോള്‍ എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കിക്കൊണ്ട് മിസ് മിഠായി നല്‍കി. ഇന്നു മിസിന്റെ പിറന്നാളാണത്രേ.

'ഹാപ്പി ബര്‍ത് ഡേ മിസ്..'

പെട്ടെന്ന് കുഞ്ഞുതലകളുടെ ഒരു പൂന്തോട്ടമായി ഉയര്‍ന്നു പൊങ്ങിയ ക്ലാസിന്റെ ആഹ്ലാദ കോറസില്‍ സാരംഗിയും പങ്കുചേര്‍ന്നു. 

ഉച്ചയ്ക്കു മുമ്പുള്ള ഇന്റര്‍വെല്‍ സമയത്ത് കാര്‍പോര്‍ച്ചിന്റെ ആ ഇരുണ്ട മൂലയിലേക്ക് അവള്‍ കണ്ണോടിച്ചു. 

ഇല്ല, സെയ്ഫാണ്.

ആരും ആ പെട്ടി ഇതുവരെ ശ്രദ്ധിച്ചിട്ടില്ല.

 

ഉച്ചസമയമായപ്പോള്‍ കൂട്ടുകാരികളുടെ കണ്ണുവെട്ടിച്ച് വളരെ സാഹസികമായാണ് സാരംഗി കാര്‍ പോര്‍ച്ചിലെത്തിയത്. 

അടുത്തെങ്ങും ആരുമില്ല എന്നുമവള്‍ ഉറപ്പു വരുത്തിയിരുന്നു. വാട്ടര്‍ ബോട്ടില്‍ തുറന്ന് അതിന്റെ മൂടിയില്‍ കുറച്ചു വെള്ളമെടുത്ത് സാരംഗി പതുക്കെ താഴോട്ടൊഴിച്ചു. ഒരു പക്ഷിക്കൊക്കിലേക്ക് ജലമിറ്റിക്കും മാതിരി. കാര്‍ഡ് ബോര്‍ഡ് പെട്ടിയുടെ മുകളിലായി കൂട്ടിക്കെട്ടിയ വിടവുകളിലൂടെ ജലം പയര്‍മണികള്‍ പോലെ താഴേക്കുതിര്‍ന്നു. പെട്ടിയുടെ വശങ്ങളിലായി ചെറിയ ചില തുളകള്‍ ചുള്ളിക്കമ്പ് കയറ്റി അവള്‍ മുമ്പേ ഉണ്ടാക്കിയിരുന്നു. ശുദ്ധവായു ഉള്ളിലേക്ക് കയറിപ്പോകാനുളള വഴിയാണ്. 

ഉള്ളിലിരിക്കുന്ന ആള്‍ക്ക് ശ്വാസം മുട്ടരുത്. 

'കുടിച്ചോളൂ ട്ടോ.. ക്ഷീണം മാറട്ടെ..'

 

ആ തുളയിലൂടെ പെട്ടിക്കുള്ളിലെ ഇരുട്ടിലേക്ക്  സ്‌നേഹമസൃണമായി നോക്കി അവള്‍ പറഞ്ഞു കൊണ്ടിരുന്നു. അകത്തുനിന്ന് എന്തോ മറുപടി വന്നോ? 

ഉച്ചയ്ക്കുശേഷം ക്ലാസില്‍ ഇരുന്നതെങ്ങനെയെന്ന് സാരംഗിക്കു തന്നെ അറിയില്ല. ഇരിക്കുന്ന ഇടം പുകയുന്ന സിമന്റ് ബെഞ്ചാണെന്നു തോന്നി. ആ കാര്‍ഡ് ബോര്‍ഡ് പെട്ടി തന്നെയായിരുന്നു മനസ്സില്‍. പെട്ടിക്കകത്തിരിക്കുന്ന തന്റെ കൂട്ടുകാരിയും. കൂട്ടുകാരിക്ക് ആവശ്യത്തിന് വെള്ളം കിട്ടിക്കാണുമോ? ദാഹം മാറിക്കാണുമോ? എന്നെല്ലാമുള്ള ചിന്തകള്‍ അവളുടെ മനസ്സിനകത്തു കിടന്ന് ഒരു കളിപ്പാട്ടം പോലെ ഉരുണ്ടുകൊണ്ടിരുന്നു. 

സ്‌കൂള്‍ബെല്ലടിച്ചപ്പോള്‍ മഴവിളി കേട്ട തവളകളെപ്പോലെ കുട്ടികള്‍ ഒരാരവമായി പുറത്തേക്കു ചാടി. വേഗത്തില്‍ ഹൃദയം ഉന്തി വിട്ടിട്ടും കുറച്ചു പിന്നിലായാണ് സാരംഗി ക്ലാസില്‍ നിന്ന് പുറത്തുകടന്നത്. 

 

സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നു പുറത്തേക്കു പോകുന്ന അവസാനത്തെ കുട്ടികളിലൊരാളായാണ് അന്ന് സാരംഗി തന്റെ സൈക്കിളിനെ സമീപിച്ചത്. കരുതലോടെ കയ്യിലെടുത്ത കാര്‍ഡ് ബോര്‍ഡ് പെട്ടി അവള്‍ ഒരിക്കല്‍ കൂടി സൈക്കിളിനു പിറകിലായി മുറുക്കിക്കെട്ടി. 

ആരവങ്ങളൊഴിഞ്ഞ ആ വൈകുന്നേരം സൈക്കിള്‍ ചവിട്ടി സാരംഗി പുറത്തേക്കുളള വഴിയിലേക്കെത്തി. കുറച്ചുദൂരം പോയാല്‍ നിറയേ മരങ്ങളാണ്. പല വലിപ്പവും നിറവും ചില്ലകളുമുള്ള മരങ്ങള്‍. പേരറിയാത്ത ആ മരങ്ങളെല്ലാം സാരംഗിയുടെ സ്വന്തം കൂട്ടുകാരാണ്. 

കുറച്ചുനേരം ചവിട്ടിയിട്ട് പച്ചപ്പുല്ലുകള്‍ നിറഞ്ഞ മൈതാനം പോലുള്ള ഒരിടത്ത് അവള്‍ സൈക്കിള്‍ നിറുത്തി.

സൈക്കിള്‍ സ്റ്റാന്‍ഡിലേക്കിട്ട് അവള്‍ കരുതലോടെ ആ പെട്ടി വീണ്ടും വിടുവിച്ചെടുത്തു. 

അതിന്റെ കെട്ടുകള്‍ അഴിക്കുമ്പോള്‍, ആകാശത്തിനു കട്ടി കൂടുന്ന സമയങ്ങളില്‍ പക്ഷികള്‍ക്കുണ്ടാകുന്ന ഒരുതരം ആകാംക്ഷയോടെ അവള്‍ കണ്ണുകള്‍ കൂടുതല്‍ തുറന്നു. 

 

പോക്കുവെയില്‍ വെളിച്ചത്തിന്റെ ഒരു വലിയ കൂട്ടിനുളളിലെന്നവണ്ണം ആകാശത്തിന്റെ ശുഭ്രതയില്‍ തെളിഞ്ഞു കൊണ്ട് ആ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കകത്ത്  ചെറിയ, തീരെ ചെറിയ ഒരു മാവിന്‍തൈ പച്ചഇലകള്‍ അനക്കിക്കൊണ്ട് നിന്നിരുന്നു. 

സാരംഗി അതിനെ നോക്കി ചിരിച്ചു.

ഇലകളിലൂടെ പോക്കുവെയിലും അവളോട് ചിരിച്ചു.

 

English Summary :  Sarangiyude Koottukari - Short stroy by V. H. Nishad

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com