ADVERTISEMENT

വൈറ്റ് ഗ്രേപ്പ് വൈൻ (കഥ)

ചുറ്റും സ്ത്രീകളെ വേർതിരിച്ചു കാണുന്ന ഒരു സമൂഹത്തിന്റെ ഭാഗമായിരുന്നതുകൊണ്ടാവും എന്ത് കണ്ടാലും വാക്കുകൾ കൊണ്ടെങ്കിലും പ്രതികരിക്കുന്ന സ്വഭാവമായിരുന്നു ഓർമ്മയുള്ള കാലം മുതൽ എനിക്ക്. അതു കൂടുതലും പ്രകടിപ്പിച്ചിരുന്നത് വീട്ടിൽ അപ്പന്റെയടുത്തായിരുന്നു എന്നതിനാൽ മിക്കവാറും ഞാനും അപ്പനും തമ്മിലുള്ള സംസാരവിഷയവും ആ വഴിക്കായിരുന്നു. ചിലപ്പോൾ ഒടുക്കം കരഞ്ഞുകൂവി അപ്പനോട് വഴക്കിട്ടു എഴുന്നേറ്റു പോകുമെങ്കിലും വീണ്ടും അധികം താമസിയാതെ അപ്പനോട് വാദിക്കാൻ എന്തെങ്കിലും വീണുകിട്ടുമായിരുന്നു, അതൊട്ട് പാഴാക്കിക്കളയുകയും ഇല്ലായിരുന്നു. അപ്പനോട് സംസാരിക്കാൻ കിട്ടുന്ന ഓരോ അവസരങ്ങളും എനിക്ക് ഹരമായിരുന്നു. അപ്പനും അതു രസിക്കുന്നുണ്ടന്നു അമ്മ ഇടക്കിടെ പറയും, അതു സത്യവുമായിരുന്നു.

 

നിഷ ചേച്ചി ഒന്നും പറയില്ല, മാറിയിരുന്നു ചിരിക്കുകയല്ലാതെ. എന്നേക്കാൾ നാല് വയസ്സിനു മൂപ്പേ ഉണ്ടായിരുന്നുള്ളുവെങ്കിലും ചേച്ചി പലപ്പഴും പ്രവൃത്തികൊണ്ടും സംസാരംകൊണ്ടും മുൻ തലമുറയുടെ ഭാഗമെന്നോളം ആണുങ്ങളുടെ കീഴിൽ ജിവിക്കുന്നതിനോട് യോജിക്കുന്നതായി തോന്നിച്ചു. 

ഇതിലൊന്നും ഇടപെടില്ലങ്കിലും, വാക്ക്-വാദങ്ങൾ അതിരുവിടുന്നുവെന്ന് തോന്നുമ്പോൾ അമ്മ പറയും, ‘ഈ അപ്പനും മോൾക്കും വേറൊരു പണിയും ഇല്ലേ. ഈ അച്ചായന് അവളെ ഒന്ന് വെറുതെ വിട്ടുകൂടെ’. അതൊന്നും കേൾക്കാതെ അപ്പൻ താൻ പറഞ്ഞതിന്റെ ശരി മകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. 

 

കള്ളുകുടിയായിരുന്നു പലപ്പോഴും സംസാരവിഷയം, അപ്പൻ കള്ളുകുടിക്കെതിരെ കർശനമായി വാദിക്കുന്ന ഒരാളായിരുന്നു. എന്റെ വിഷയം അൽപ്പംകൂടി മാറി, സമത്വത്തിന്റെ പാതയിലായിരുന്നു. ആൺപിള്ളാര് കുടിച്ചാൽ അവർക്ക് എന്തുമാവാം, പെൺകുട്ടികൾ കുടിച്ചാൽ എന്തോ വലിയ കുഴപ്പം, അതിനെ ഉൾക്കൊള്ളാൻ എനിക്കായില്ല. ഒടുവിൽ അപ്പൻ ചോദിച്ചു, നിനക്കെന്താ കുടിക്കണോ? പെട്ടന്ന് മറുപടിപറയാൻ പറ്റാത്തൊരു ചോദ്യമായി തോന്നിയെങ്കിലും, അറിയാതെ ‘അതേ’എന്നാണ് വായിൽനിന്ന് അറിയാതെ പുറത്തേക്കു വന്നത്. അപ്പഴും അമ്മ അടുക്കളയിൽ നിന്ന് അതിനു മറുപടി പറഞ്ഞു, ‘‘പറഞ്ഞു പറഞ്ഞു പെണ്ണ് പറയുന്നത് കേട്ടോ, കൊഞ്ചിച്ചോ, വല്ലയിടത്തും കെട്ടിച്ചു വിടേണ്ടതാ’’. ഞാൻ വീണ്ടും മറുതലിച്ചു,  ‘‘കെട്ടിച്ചുവിടാൻ, ഞാനെന്താ ഒഴിയാ ചരക്കാ?’’ എന്റെ ദേഷ്യം വിവാഹ കമ്പോളത്തിന്റെ മറ്റൊരു ദിശയിലേക്കു തിരിഞ്ഞു. അപ്പൻ വല്ലാതെ ചിരിച്ചു, മറുപടി ഒന്നും പറയാതെ.

 

അപ്പൻ കളിയാക്കുന്നുവെന്നു തോന്നിയിട്ട് പതിവ് പോലെ ദേഷ്യപ്പെട്ടു വാദപ്രതിവാദങ്ങൾക്കൊടുവിൽ കരഞ്ഞു എഴുന്നേൽക്കുമ്പോൾ അപ്പൻ പറഞ്ഞു, ‘‘ഇരുപത്തിയൊന്നാവട്ടെ, എല്ലാം നമുക്കാലോചിക്കാം’’ ബാത്ത്റൂമിലേക്കു കരയാനാണ്‌ പോയതെങ്കിലും, അപ്പൻ പറഞ്ഞതോർത്ത് ചിരിയാണ് വന്നത്. ഒപ്പം രണ്ടു കൊല്ലത്തിനകം കള്ളു വേണ്ട, അൽപം വൈൻ എങ്കിലും ഒരാണിനെ പോലെ കുടിക്കാൻ അപ്പൻ സമ്മതിക്കുമെന്നോർത്തപ്പോൾ എവിടെയൊക്കെയോക്കൊയോ കേട്ടുതുടങ്ങിയ സമത്വത്തിന്റെ മാറ്റൊലികൾ സ്വന്തം വീട്ടിലും അലയടിക്കുന്നത്ത് സ്വപ്നം കണ്ടു.

 

രണ്ടു കൊല്ലങ്ങൾക്കിടയിൽ വാദങ്ങളും വാദമുഖങ്ങളും മാറിമാറി വന്നുപോയി. പക്ഷേ അപ്പൻ ഒട്ടും മാറിയില്ല, പറഞ്ഞതൊന്നും മറന്നുമില്ല. ഇരുപത്തിയൊന്നാമത്തെ പിറന്നാളിന് പരീക്ഷ കാരണം വീട്ടിൽ വരാൻ കഴിഞ്ഞില്ല. അവധിക്കു വീട്ടിലെത്തിയ രാത്രിയിൽ കഴിക്കാൻ ഇരുന്നപ്പോൾ അപ്പൻ പറഞ്ഞതനുസരിച്ചു അമ്മ ഫ്രിഡ്ജിൽ നിന്നെടുത്ത സാധനം കണ്ടു  ഞാൻ ശരിക്കും ഞെട്ടി. ഒരു ഫുൾ ബോട്ടിൽ വൈറ്റ് ഗ്രേപ്പ് വൈൻ.

 

ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു, ‘‘അപ്പൻ കുടിക്കത്തില്ലേലെന്താ, മോൾക്ക് കള്ളുമേടിച്ചു കൊടുക്കുവല്ലേ’’. അപ്പൻ തിരുത്തി, ‘‘ഒന്നാമത് ഇതിനെ കള്ളെന്നു പറഞ്ഞു താഴ്ത്തണ്ട, നല്ല ഒന്നാത്തരം മുന്തിരി വീഞ്ഞാ. രണ്ടാമത് അവൾക്കു തിരിച്ചറിയുന്നതിനു പ്രായമായി, പിന്നെ അവൾ പുറത്തുപോയി കുടിക്കണോ നിനക്ക്?’’ അമ്മ പിന്നൊന്നും പറഞ്ഞില്ല. 

 

പക്ഷേ രസം അതല്ലായിരുന്നു, കുപ്പിയുടെ കോർക്ക് എടുക്കാൻ അപ്പനറിയില്ലായിരുന്നു. അതിനുള്ള സാധനവും കരുതിയിരുന്നില്ല. രാത്രിയിൽ മകൾക്കു വൈൻ കുപ്പി തുറക്കുന്ന സാധനം വാങ്ങാനായി അപ്പൻ കടകൾ തോറും നടന്നു.  അപ്പൻ വരുന്നതും കാത്ത്, ആ കുപ്പിയും നോക്കി അമ്മയുടെ കോളേജ് കാലത്തെ കഥകൾ കേട്ട് പുറത്തെ ചാറ്റമഴയിലെ അപ്പന്റെ കാലൊച്ചക്ക് കാതോർത്ത് ഞാനും അമ്മയും ഇരുന്നതും, അവസാനം ബെന്നിയങ്കിളിന്റെ വീട്ടിൽനിന്നും കുപ്പി തുറക്കുന്നത് വാങ്ങി അപ്പൻ നനഞ്ഞൊലിച്ചു വന്നതും, അപ്പൻ ബെന്നിയങ്കളിനോട്  അരിഷ്ടക്കുപ്പി തുറക്കാനെന്നു കള്ളം പറഞ്ഞതു പറഞ്ഞു ചിരിച്ചതും,  ഒക്കെ ഓർക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. 

 

ഞങ്ങളുടെ സംവാദങ്ങൾ മാത്രം അതിർവരമ്പുകളോ കാലഭേദങ്ങളുടെ തടസങ്ങളോ ഇല്ലാതെ തുടർന്നു. നാളെ സെമിത്തേരിയിൽ പ്രാർഥനയും കഴിഞ്ഞു എല്ലാവരും പിരിയുമ്പോൾ അപ്പനുമായി വാദിക്കാൻ എന്തെങ്കിലും വിഷയമോർത്ത് ഉറക്കം വരാതെ മുകളിലേക്ക് നോക്കി കിടക്കുമ്പോൾ അടുത്ത് ചേർന്ന് കിടന്നിട്ടും കൈനീട്ടി പുതപ്പിൽ വലിക്കുന്ന ജോജിച്ചായന്റെ കൂർക്കം വലി ശബ്ദം ഉയർന്നു കേട്ടു. 

  English Summary: White Grape Wine Story By Reji Kottayadiyil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com