ADVERTISEMENT

അംഗീകാരം (കഥ)

 

ഞായറാഴ്ചകളിലെ വീട്ടുജോലികൾ എന്നും ഒരാഴ്ചത്തെ വിഴുപ്പിന്റെ ഭാരമേറിയതാണ്. ഇഷ്ടമില്ലാതെയാ ണെങ്കിലും ഉച്ചമയക്കത്തിലേക്ക്‌ എത്തിക്കുന്ന ആതിഥേയത്വം ഞായറാഴ്ചക്കുണ്ട് . ഒരുമണിക്കൂർ മാത്രം ഉറങ്ങാമെന്ന് മനസ്സിനോട് മന്ത്രിച്ച് കിഴക്കും പടിഞ്ഞാറുമുള്ള വാതായനങ്ങൾ തുറന്നിട്ട് പ്രകൃതിയുടെ ശീതള തയിലുറങ്ങിപോയി. തുലാമാസത്തിലെ ഉച്ചക്ക് ശേഷമുള്ള ഇടിവെട്ടിയുള്ള ഇരുളടഞ്ഞ മഴ ഉറക്കത്തിന് കൂട്ടുനിന്നു. കഷ്ടിച്ച് ഒരുമണിക്കൂർ തികയ്ക്കാനാകാതെ ഉറക്കത്തിനെയുണർത്തിയുള്ള ഫോൺ നിർത്താതെ ബെല്ലടിച്ചു കൊണ്ടിരുന്നു.  

 

വീടിനടുത്തുള്ള രമചേച്ചിയായിരുന്നു. 

 

‘‘അറിഞ്ഞോ നീ, തേക്കേലെ ശങ്കരക്കുറുപ്പിന്റെ മകൾ ആണായി !’’

 

‘‘ആര് , നമ്മുടെ നീലുവോ ?’’

woman-dream44-gif
പ്രതീകാത്മക ചിത്രം

 

‘‘അതെയതെ , നീലു തന്നെ! ഇനി നീലൻന്നാത്രേ !’’

 

‘‘അയ്യോ!!!! " എന്നുപറയാനേ തോന്നിയുള്ളൂ. ബംഗളൂരുവിൽ ജോലിചെയ്യുന്ന നീലു

കഴിഞ്ഞ രണ്ട് മാസമായി വീട്ടിൽ വരാതിരുന്നത് ജോലിത്തിരക്ക് കാരണമാണെന്ന് ശങ്കരേട്ടൻ പറഞ്ഞത് ഓർമ്മയുണ്ട്.

transgender88-gif
പ്രതീകാത്മക ചിത്രം

 

രമചേച്ചിയുടെ ഫോണിൽ ചാർജിറങ്ങുന്ന  വരെ അവർ തിരക്കിലാകും. ഉച്ചമയക്കത്തിലെ സ്വപ്നമല്ല എന്നുറപ്പുവരുത്താൻ മൊബൈലിൽ  ഗെയിമിൽ മുഴുകിയിരുന്ന മക്കളെ വിളിച്ചു. കുറച്ച് ഈർഷ്യയോടെ അവർ വിളികേട്ടു. യാഥാർഥ്യത്തെ മനസ്സിലാക്കാനുള്ള വിമുഖത എന്റെ മനസ്സിൽ ഇടിമിന്നൽ പോലെ വരഞ്ഞിട്ട് പോയി .

 

നീലുവിന്റെ  ഓർമ്മകൾ തുമ്പികൾ ഭ്രമണം ചെയ്യുന്ന പോലെ എന്നെ ചുറ്റിപറ്റി നിന്നു. ബംഗളൂരുവിൽ നിന്നും നീലുവിൻെറ രൂപത്തിൽ അവസാനമായി  ബുള്ളറ്റിലാണ് അവൾ വന്നത്. ഒരു സായാഹ്ന സവാരിയിൽ ശങ്കരേട്ടനും മകനും  പറഞ്ഞതോർമ്മയുണ്ട്, ‘‘അവൾക്ക് എന്നേക്കാൾ ശമ്പളവും, സ്ഥാനമാനങ്ങളും ഉണ്ട്. പുരുഷ കേസരികൾ കൊതിക്കുന്ന സ്ഥാനമാണ് അവളെ വിശ്വസിച്ച് കമ്പനി അവൾക്ക് നൽകിയിട്ടുള്ളത്.’’ സഹോദരന്റെ മുഖം അഭിമാനപൂരിതമായി തിളങ്ങി നിന്നു .

 

എന്റെ ഭർത്താവ് കേശു ശങ്കരക്കുറുപ്പിന്റെ വിശ്വസ്തത നേടിയിരുന്നു. അതുകൊണ്ട് പലപ്പോഴും അവരുടെ  സന്തോഷവും, ദുഃഖവും എന്റെ വീട്ടിലെ വിരുന്നുമുറിയിൽ വിളമ്പും. ഗേറ്റ് തുറന്ന് ശങ്കരേട്ടൻ അകത്തെത്തുന്നതിന്  മുൻപേ കേശുവിനോട് രമചേച്ചിയുടെ ചൂടേറിയ വാർത്ത പകർത്തിയിരുന്നു.  വിളറിയ മുഖവും, വിരലുകളിൽ മരവിപ്പുമെല്ലാം കണ്ട് കേശു നിസ്സഹായനായി. ഇത്തരം സന്ദർഭത്തിൽ കേശു വെറുമൊരു സാധാരണയിൽ സാധാരണ മനുഷ്യനാകും. ദുഃഖിക്കുന്നവനൊപ്പം ദുഃഖവും, സന്തോഷിക്കുന്നവനൊപ്പം സന്തോഷം പങ്കിടും  അതാണ് കേശു. മൗനത്തിന് ഭംഗം വരുത്തി ‘‘ഞാനൊരു ചൂട് ചായ എടുക്കട്ടെ ?’’

 

‘‘വേണ്ട കുട്ടീ ,  അസുഖം ഇന്ന് മറന്നു. കുറച്ചു മദ്യപിച്ചു. ഞാനൊരു അപഹാസ്യനായ പിതാവായി’’ എന്ന് പറഞ്ഞ് അദ്ദേഹം കേശുവിന്റെ തോളിൽ ചാരി കരഞ്ഞു. കേശുവും കൂടെ ചേർന്നു.  ഞാനിരുവരെയും കുറേനേരം നോക്കി നിന്നു. മനോധൈര്യം കൊടുക്കാനായി പറ്റിയ കഥയോ, വാക്കുകൾക്കോ, വേണ്ടി എന്റെ മനസ്സ് പരതി. 

 

‘‘ ശങ്കരൻ ചേട്ടാ, പ്രകൃതിയുടെ നിഗൂഢത നിറഞ്ഞ വൈവിധ്യം നമുക്ക് വേർതിരിച്ച അറിയുമോ?  കാലം മാറി. വൈരുധ്യം നിറഞ്ഞ ഭൂമിയിലെ പ്രകൃതി തരുന്ന മാറ്റങ്ങളെ നമുക്ക് അംഗീകരിക്കാതെ പറ്റില്ല . നമ്മുടെ മക്കൾ ആണോ, പെണ്ണോ എന്നതിലല്ല അവരുടെ അസ്തിത്വത്തെ അംഗീകരിക്കുമ്പോൾ അവരെ ജീവിക്കാൻ അനുവദിക്കുകയാണ് നമ്മൾ ചെയ്യുന്നത്. അവരുടെ കഴിവിൽ ഉറച്ച് വിശ്വസിക്കാൻ നമ്മുടെ പിന്തുണ അവർക്ക് വേണം. മക്കൾ നമ്മുടേത് മാത്രമാണെന്ന്  നമുക്ക് ഓർമ്മവേണം.’’

 

ഓർമ്മയിലെ  ഭിന്നലിംഗക്കാരുടെ പേരും, യശസ്സും , അവർ കൈവരിച്ച ജീവിത വിജയവും എല്ലാം പലയാവർത്തി പറഞ്ഞു കഴിഞ്ഞപ്പോൾ ശങ്കരൻ ചേട്ടന് കുറച്ചു സ്വസ്ഥമായി എന്ന് ബോധ്യപ്പെട്ടു. 

കേശു ഒരു പെഗ് മദ്യം ശങ്കരൻ ചേട്ടന് ഗ്ലാസ്സിൽ പകർന്നു. 

 

വീട്ടുമുറ്റത്ത് ബുള്ളറ്റ് വന്നുനിന്നു. നീലുവെന്ന നീലനായിരുന്നു. നീലു താടിയും മീശയും വളർന്ന ഒത്ത പുരുഷനായി എന്ന് ഒറ്റ നോട്ടത്തിൽ തോന്നി. ശങ്കരൻ ചേട്ടൻ ചുണ്ടോട് അടുപ്പിച്ചുവച്ച മദ്യഗ്ലാസ്  നീലൻ ബലമായി പിടിച്ചുവാങ്ങി.

 

‘‘ എന്നെ അംഗീകരിക്കാൻ അച്ഛന് മദ്യം വേണമെന്നായോ? എന്റെ മരണം നിങ്ങൾക്ക് ആശ്വാസമായി തോന്നുന്നുണ്ടോ? കാലങ്ങളായി ഞാൻ ആരെന്ന് എന്നോട് അന്വേഷിച്ചു കൊണ്ടിരുന്നു. ഇന്ന് നിയമവും, വൈദ്യശാസ്ത്രവും എനിക്ക് അനുകൂലമായി . കൂടെ നിൽകേണ്ടവർ എന്റെ അവസ്ഥയെ കുറച്ചെങ്കിലും അംഗീകരിക്കൂ.’’ നീലന്റെ  അപേക്ഷാശബ്ദത്തിൽ നീലുവിൻറെ ഇഴപിരിക്കാനാവാത്ത നേർത്ത ശബ്ദം ലയിച്ചിരുന്നു. 

 

മൂകത നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ ശങ്കരേട്ടൻ ഒരു പോംവഴി കണ്ട പോലെ, നീലന് നേരെ കൈ നീട്ടി , " ഒന്ന് എഴുനേൽപ്പിക്കെടാ നീലാ. നീ വണ്ടിയെട്. നിന്റെ പുതുപ്പിറവി നമുക്കൊരുമിച്ചു കടലോരത്ത് പോയി ദുഃഖഭാരങ്ങളാൽ അസ്തമിക്കുന്ന  സൂര്യനെ യാത്രയാക്കിയിട്ടാകാം’’

 

ബുള്ളറ്റിന്റെ പട പട ശബ്ദം അകന്നു പോകുമ്പോഴും, മനസ്സിലെ പടപടപ്പിന് ആശ്വാസമായി.

 

English Summary : Angeekaram Short Story By Vinitha Santhosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com