ADVERTISEMENT

അന്വേഷണം (കഥ)

ഇവിടെ ആയിരുന്നോ ? ഓർത്തെടുക്കാൻ ശ്രമിച്ചിട്ട്  കാര്യമില്ല. വഴി മാറിയതല്ല നഗരവൽക്കരിക്കപ്പെട്ടപ്പോൾ ഇല്ലാതായതാണ്.  കിള ഒക്കെ പോയി ഇപ്പോൾ കൊത്തുപണികൾ ഉള്ള മതിലുകളായി. മതിലിൽ നിരീക്ഷണ കണ്ണുകളുമായി. ചോദിച്ചു നോക്കാം. ഇങ്ങനെ അലഞ്ഞു നടന്നിട്ട് എന്താ കാര്യം. ഗേറ്റിൽ ഒരു ബോർഡ്, റിമോട്ട് ഗേറ്റ്... തള്ളിത്തുറക്കരുത്. റിമോട്ട് കൺട്രോൾ ആണ് എല്ലാത്തിനും. ടിവിക്ക് ഫ്രിഡ്ജിന് എ സിയ്ക്ക്, കാറിന്, വീടിന്റെ ലോക്ക് പിന്നെ ഗേറ്റ് എല്ലാം റിമോട്ട് ആണ്. 

 

കാളിങ് ബെൽ ഉണ്ട് ഗേറ്റിൽ. എന്തോ ആ പരിഷ്‌കാരം ഒട്ടും ബോധിച്ചില്ല അവിടെ ചോദിക്കണ്ട അവിടെ വരുന്നവർക്കു ചില സ്റ്റാൻഡേർഡ്‌സ് ഒക്കെ നിശ്ചയിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അകത്തുള്ളോർക്കും ചിലപ്പോൾ റിമോട്ട് ഓപ്പറേഷൻ വേണ്ടി വന്നേക്കും. ഗേറ്റ് തുറന്നിട്ട വീടുണ്ടോന്നു നോക്കട്ടെ.  എല്ലാം അടഞ്ഞു തന്നെ. എല്ലാർക്കും അടച്ചു സൂക്ഷിക്കാൻ ഒരുപാ‌‌ടൊക്കെയുണ്ട്. എന്നാലും റിമോട്ട് ഗേറ്റ് അല്ലാത്ത ഒരു ഗേറ്റ് തള്ളിത്തുറന്നു കയറി നോക്കി. ഗേറ്റിന്റെ ശബ്ദം കേട്ട് നായ കുരച്ചു തുടങ്ങി. 

 

dog22-gif

അസഹ്യമായ ശബ്ദം. കാളിങ് ബെൽ കുറേ അടിച്ചു ആരും വന്നില്ല. നായ എന്നെത്തന്നെ നോക്കി ഇറങ്ങി പ്പോകാൻ പറയുന്നുണ്ട്. അവന്റെ സുഖശയനത്തിനു തടസം ഉണ്ടാക്കിയതിന് ഖേദം പ്രകടിപ്പിച്ച് അവിടെനിന്നു ഇറങ്ങിക്കൊടുത്തു.  പണ്ടായിരുന്നെങ്കിൽ അടുത്ത വീട്ടിലെ നായ കുരയ്ക്കുന്നത് കേട്ടാൽ ആരാ അപ്പുറത്ത് എന്ന് ഒന്ന് എത്തി നോക്കുന്ന പതിവ് ഉണ്ടായിരുന്നു.  എന്തൊക്കെ പടല പിണക്കം ഉണ്ടായാലും അവിടെ ആരും ഇല്ല പുറത്തു പോയിരിക്കയാണ് എന്ന് പറയാനുള്ള സാമൂഹ്യ ബോധം ഉണ്ടായിരുന്നു അയൽപക്കക്കാരന്.  

 

door-444-gif

അടുത്ത വീട്ടിലെ ഗേറ്റ് തുറന്നു കാളിങ് ബെൽ അടിച്ചു ജനാലയ്ക്കൽ ഒരു സ്ത്രീ തലയിൽ ഒരു സ്കാർഫ് കെട്ടിയിട്ടുണ്ട്. പ്രയാസപ്പെട്ടു കമ്പിയിൽ പിടിച്ച് നിന്നു നോക്കി.  പുറത്തെ വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസപ്പെട്ട് കണ്ണുകൾ ഇറുക്കി പിടിച്ചു കൊണ്ട് ചോദിച്ചു ആരാ?. ചെവിയും പതിയെ ആണെന്ന് എന്റെ ചോദ്യത്തിന് അവരുടെ മറുപടി കേട്ടപ്പോൾ തോന്നി. അസുഖ വിവരങ്ങളും പിന്നെ കടൽ കടന്നു പോയ മകന്റെ വിവരങ്ങളും ഒക്കെ ഒരു 2 മിനിറ്റ് നേരത്തിന് അവർ പറഞ്ഞു.  സംസാരിക്കാൻ ആരും ഇല്ലാതെ ഒറ്റയ്ക്കു നാമം ജപിച്ചു ഇരിക്കുന്നവർക്ക് ജനാലയ്ക്കൽ കാണുന്ന നിഴലിനോട് പോലും ഒരുപാട് വിശേഷങ്ങൾ ഉണ്ടാകും പങ്കുവയ്ക്കാൻ എന്ന് തോന്നി. 

 

old-woman-556-gif

ഒരു തമിഴ് മൊഴി പിന്നിൽ കേട്ടു.  യാർ നീങ്ക? യാരെ പാക്കണം?  കൂട്ടത്തിൽ ആ അമ്മയ്‌ക്ക് ഒരു നിർദേശവും ‘അമ്മ നീങ്ക ഉള്ളു പോയിടുങ്കേ’’. ഗ്രഹപ്പിഴ എന്ന് പിറുപിറുത്തുകൊണ്ട് ആ സ്ത്രീ കർട്ടൻ നീക്കിയിട്ട് അകത്തേക്കു പോയി.  എന്റെ ചോദ്യത്തിനുള്ള ഉത്തരം ആ സ്ത്രീയുടെ കയ്യിൽ കാണില്ല. കുടിയേറ്റക്കാരോട് ചോദിച്ചിട്ടു കാര്യം ഇല്ല. മലയാളം പറയുന്ന ആരെയെങ്കിലും അന്വേഷിക്കാം. ഇനിയുള്ള വീട്ടിൽ കേറി വീണ്ടും ബെൽ അടിച്ചു.  ട്രൗസറും ടീഷർട്ടും ഇട്ടു ഡൈ ചെയ്തു തടിച്ചു കൊഴുത്ത ഒരു മനുഷ്യൻ കയ്യിൽ പെസ്റ്റിസൈഡ് ഗൺ ഉണ്ട്  പോർച്ചിൽ കിടക്കുന്ന ബെൻസ് കാറിന്റെ സൈഡിലൂടെ എത്തി നോക്കി. “ജസ്റ്റ് എ മിനിറ്റ്” അയാൾ മുഖത്തെ മാസ്ക് ഊരി കൈ കഴുകി ചിരിച്ചു കൊണ്ട് കേറി വന്നു.

 

കോലായിൽ നിന്ന എന്നോട് “പ്ലീസ് കം ഇൻ” എന്ന് പറഞ്ഞു കയ്യിലെ തള്ളവിരൽ ഡോറിലെ സെൻസറിൽ അമർത്തി. സെക്യൂരിറ്റി സെൻസർ. വന്നു വന്നു റേഷൻ വാങ്ങാൻ വരെ കയ്യും കണ്ണും കാണിക്കണം എന്ന അവസ്ഥ.  ഇനി ഇവിടെയായിട്ടു അത് കുറയ്‌ക്കേണ്ട. അഡ്വാൻസ് ടെക്നോളജി. എന്റെ വരവിന്റെ ഉദ്ദേശ്യം അയാളോട് അവതരിപ്പിച്ചു. ഓ ഞാൻ ഇവിടുത്തെ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ആണ്.  ഞാൻ അറിയാത്ത.... അയാൾ ഒന്ന് ആലോചിച്ചു  ഏയ് ഇവിടെ ആവാൻ വഴിയില്ല... വഴിയില്ല എന്നല്ല ഇല്ല എന്ന് തന്നെയാ എന്റെ ഒരു ഇത്.... 

 

 

ഈ റെസിഡൻസ് അസോസിയേഷൻ 26 വീടുകൾ ഉണ്ട്. ഞാൻ വളരെ നന്നായി ഇവിടുത്തെ ആക്ടിവിറ്റീസ് ഒക്കെ കോർഡിനേറ്റ് ചെയ്യുന്നുണ്ട് എല്ലാർക്കും വല്യ അഭിപ്രായം ആണ്. അയാളുടെ പൊങ്ങച്ചം അങ്ങനെ പോകുന്നു.  എന്തോ എനിക്ക് അയാളോട് ഒന്നും പറയാൻ തോന്നിയില്ല.  കാരണം ഈ റെസിഡൻസ് അസോസിയേഷൻ ഒന്നും ഇല്ലാതിരുന്നപ്പോൾ ആളുകൾക്ക് പരസ്പര വിശ്വാസവും ആത്മാർത്ഥതയും സ്നേഹവും ബഹുമാനവും ഒക്കെ ഉണ്ടായിരുന്നു.  അയൽപക്കത്തെ വിശേഷങ്ങൾ അവരുടെ ഫേസ്ബുക് വാട്സാപ്പ് സ്റ്റാറ്റസ് നോക്കി അല്ലാതെ എല്ലാരും അറിഞ്ഞും മനസ്സിലാക്കിയും സഹകരിച്ചിരുന്നു.  വിശേഷ ദിവസങ്ങളിൽ രുചി കൂട്ടുകൾ വാഴയില വച്ച് പൊതി പാത്രങ്ങളിൽ മതിൽക്കെട്ടിന് മുകളിലൂടെ കൈമാറിയിരുന്നു. 

 

അതിരു തിരിക്കാൻ മാത്രം അരപൊക്കം കിടങ്ങുകൾ. കോട്ട മതിലുകൾ അന്നില്ലാരുന്നു. സിസിടിവി ക്യാമറകളും വേണ്ടിരുന്നില്ല സ്വന്തം വീട് പോലെ അയൽക്കാരന്റെ വീടും പരിസരവും എല്ലാർക്കും കണ്ണെത്തി നോക്കാം. ദൂരെ എവിടെയെങ്കിലും പോകണം എങ്കിൽ അയൽവക്കത്തു താക്കോൽ ഏൽപിച്ചു പോകുന്ന വിശ്വാസം. പ്രയാസങ്ങൾ വരുമ്പോൾ ഓടി വന്നു പറയാൻ പെട്ടന്ന് സഹായത്തിനു എത്തുന്ന നല്ല ബന്ധങ്ങൾ തൊട്ടയലത്ത് ഉണ്ടായിരുന്നു. പഞ്ചാരയും മുളകുപൊടിയും ഉപ്പും ഒക്കെ കടം വാങ്ങിയും കൊടുത്തും ഒക്കെ സന്തോഷത്തോടെ ഓണവും റംസാനും ക്രിസ്തുമസും ആഘോഷിച്ചിരുന്ന കാലം.

 

മാങ്ങയും ചക്കയും പഴവും ഒക്കെ പറമ്പിൽ കൊത്തിയത് പങ്കുവെയ്ക്കാനും ആരും മടിച്ചില്ലാരുന്നു. ആ കിടങ്ങുകൾക്ക് അരികിൽ കൊച്ചു വർത്തമാനം പറഞ്ഞിരുന്ന അമ്മമാരും മുറ്റത്തു മണ്ണുവാരി കളിച്ചിരുന്ന കുഞ്ഞുങ്ങളും വഴിയരികിൽ മരപ്പലകകൊണ്ടു തീർത്ത ഇരിപ്പിടങ്ങളിൽ വെടിവെട്ടങ്ങളുമായി ആ നാട്ടിലെ ആൺകൂട്ടങ്ങളും, എന്ത് ആവശ്യത്തിനും കൈ മെയ് സഹായിച്ചിരുന്നു.  ഒരുപാട് ചമയങ്ങളും ആർഭാടങ്ങളും കാണിക്കാൻ ഒത്തു കൂടുന്ന റെസിഡൻസ് അസോസിയേഷനുകൾ... ഒരുമയുടെ നന്മ അവയ്ക്കുണ്ടോ??   

തിരിച്ചു നടക്കുമ്പോൾ ഞാൻ മനസിലാക്കി അതിവിടെയല്ല അതെവിടെയും ഇല്ല കൈമോശം വന്നുപോയി.  മനസ്സിൽ ഉള്ള ആ കാഴ്ചകൾ ഇനി കൺകാണില്ല.

 

English Summary : Anweshanam story by Jijina Prakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com