ADVERTISEMENT

ദാമ്പത്യം (കഥ)

സിതാര സുഹൃത്തിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. 

ഈയിടെയായി ജോലി കഴിഞ്ഞ്  ഗിരീഷേട്ടൻ വീട്ടിൽ എത്തുന്നത് ഒരുപാട് വൈകിയാണ്. സാധാരണ എത്തുന്നതിനേക്കാൾ രണ്ടോ, മൂന്നോ, മണിക്കൂറുകൾ കഴിഞ്ഞ്. വന്നാൽപ്പിന്നെ മൊബൈലിൽ എന്തൊക്കെയോ തിരയുന്നത് കാണാം. പിന്നെ വോയിസ്‌ റെക്കോർഡ് ചെയ്തു ആർക്കൊക്കെയോ എന്തൊക്കെയോ അയയ്ക്കും. ഞാൻ അടുത്ത് ചെല്ലുമ്പോൾ ശബ്ദം കുറച്ച് സംസാരിക്കും അല്ലെങ്കിൽ വേറെ എങ്ങോട്ടെങ്കിലും മാറിനിന്നു സംസാരിക്കും. ഞാനും എന്റെ മോനും അങ്ങനെ രണ്ട് മനുഷ്യ ജീവനുകൾ ജീവിച്ചിരിപ്പുണ്ടോ എന്ന ഒരു ചിന്തയും ഇല്ലാത്ത പോലെയാണ്. എന്നോട് കാര്യമായി ഒന്നും ഇപ്പൊ പറയാറില്ല. മിക്കവാറും വൈകിട്ട് ‘ഭക്ഷണം എടുത്തുവെക്കേണ്ട’, നിങ്ങൾ കഴിച്ചോ എന്ന് മാത്രം വിളിച്ചു അറിയിക്കും. വീട്ടിൽ വന്നു കയറിയാൽ മോനെപ്പോലും ഒന്ന് നോക്കില്ല, എന്നോട് ഒന്നും പറയാതെ പോയി കിടന്നുറങ്ങുകയും ചെയ്യും. 

എന്തൊക്കെയോ എന്നെ മറയ്ക്കാൻ ശ്രമിക്കുന്നുണ്ട് എന്നെനിക്കറിയാം. പഴയ 2ബെഡ്‌റൂം ഫ്ലാറ്റിൽ  നിന്ന് ഈ സ്റ്റുഡിയോ റൂമിൽ വരുമ്പോൾ എന്നോട് പറഞ്ഞു ആ പഴയ സ്ഥലം വളരെ മോശം ഏരിയയാണ്. അവിടെ ഫാമിലിയായി താമസിക്കാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ. പക്ഷേ, പലപ്പോഴും പലരും ആളെ ആ സ്ഥലത്തു വെച്ച് കണ്ടിട്ടുണ്ടത്രേ. എന്റെ കസിൻ പറഞ്ഞു. പക്ഷേ ഞാൻ അന്ന് അതുകാര്യമാക്കിയിരുന്നില്ല. എന്നെ പ്രേമിച്ചു നടക്കുന്ന കാലത്ത് എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് രഞ്ജിനിക്കറിയോ, ശാലീന സൗന്ദര്യമാണെനിക്ക് അതാണ്‌  ഇഷ്ടം എന്നൊക്കെ. ഇപ്പോൾ ഞാൻ എങ്ങനെ ഒരുങ്ങിയാലും ഒന്നും പറയില്ല.

dampathyam-03
പ്രതീകാത്മക ചിത്രം

ഇപ്പോൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യില്ല. നമുക്ക് ഒന്ന് പുറത്തേക്ക് പോയാലോ എന്ന് ചോദിച്ചാൽ പറയും ജോലിത്തിരക്കാണ്, ഇപ്പോൾ പറ്റില്ല, പിന്നെ പോകാം എന്ന്. പിന്നെ ഈ വാട്സാപ്പും നോക്കിയിരിപ്പാണ് എപ്പോഴും. എനിക്കാണെങ്കിൽ ആ സാധനം എന്താണെന്ന് പോലും അറിയില്ല. ഇന്നലെത്തെ സംഭവത്തിന് ശേഷം എനിക്ക് ഇപ്പോൾ ജീവിക്കാൻ തന്നെ തോന്നുന്നില്ല.  എന്റെ മുന്നിലുള്ള അഭിനയം കാണുമ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല. എന്റെ മോനെ ഓർക്കുന്നതു കൊണ്ടാ ഞാൻ ഒരു കടും കയ്യും കാണിക്കാതെ ഇരിക്കുന്നത്.

രഞ്ജിനി :- ‘‘ സിതാര നീ ഇങ്ങനെ വിഷമിക്കണ്ട. നമുക്ക് പരിഹാരം കാണാം. എന്റെ ചേട്ടൻ വന്നോട്ടെ. ഞാൻ ആളെയും കൂട്ടി അങ്ങോട്ട്‌ വരാം.ചേട്ടൻ ഇപ്പോൾ അസോസിയേഷൻ പ്രസിഡന്റ്‌ ആയതുകൊണ്ട് അസോസിയേഷൻ വഴി നമുക്ക് ഗാർഹിക പീഡനത്തിന്  ഇവിടെ കേസ് കൊടുക്കാം. നാട്ടിലേതിനേക്കാൾ കർശനമാണ് ഇവിടുത്തെ നിയമങ്ങൾ. ആള് കുറച്ചു അനുഭവിക്കട്ടെ’’

സിതാര :- നീ പറ രഞ്ജിനീ. ഇന്നലെ ഞാൻ അടുക്കളയിൽ നിന്ന് പെട്ടന്ന് വന്നപ്പോൾ ഫോണിൽ ആരോടോ ഇംഗ്ലീഷിൽ സംസാരിച്ചു കൊണ്ടരിക്കയായിരുന്നു.  ഞാൻ വന്നപ്പോൾ.  Yes madam I.will come now, എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.  എന്നിട്ട് എനിക്ക് ഓഫീസിൽ പോകണം.  എന്ന് പറഞ്ഞ് എന്നിട്ട് എണീറ്റ് അങ്ങോട്ട്‌ പോയി.

രഞ്ജിനി :- വെള്ളിയാഴ്ചയോ?  വെള്ളിയാഴ്ച ഏത്  ഓഫീസിലാ പണി... ഇത് നമുക്ക് വിട്ടുകൊടുക്കാൻ പറ്റില്ല.  എന്തായാലും.  ആള് വന്നാൽ ഇനി പുറത്തു വിടണ്ട. ഞാൻ ചേട്ടനെയും കൂട്ടി വരാം. എന്നിട്ട് ഒരു തീരുമാനമാക്കം. നീ പെട്ടിയൊക്കെ റെഡി ആക്കി ഇരുന്നോ രണ്ടു ദിവസം കൊണ്ട് നിനക്കും, മോനും നാട്ടിലെത്താൻ വേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചേട്ടനെ കൊണ്ട് ചെയ്യിക്കാം.ഓക്കേ

സിതാര :- ഓക്കേ രഞ്ജിനി,  എന്തായാലും ഞാൻ അങ്ങേരുടെ കൂടെ നാലു വർഷം താമസിച്ചതല്ലേ..

മുഖത്തു നോക്കി രണ്ടു വർത്തമാനം പറഞ്ഞിട്ടേ ഞാൻ പോകൂ. (സിതാര ഫോൺ കട്ട്‌ ചെയ്തു)

വാതിൽ തുറന്ന് അകത്തേക്ക് വരുന്നു ഗിരീഷ് അൽപം ക്ഷീണിതനാണ്. അയാളുടെ അരികിലേക്ക് വന്ന മകൻ അയാളോട് അവനെ കയ്യിൽ എടുക്കാൻ ആവശ്യപ്പെടുന്നു.

dampathyam-02
പ്രതീകാത്മക ചിത്രം

ഗിരീഷ് :- വേണ്ട മോനെ,  അച്ഛൻ വിയർത്തു ക്ഷീണിച്ചിരിക്കയാണ്..  മോൻ പോയി കളിച്ചോ... അച്ഛൻ മോനെ പിന്നെ എടുക്കാട്ടോ.

സിതാര :- മോനെ നിന്റെ അച്ഛന് വിയർപ്പും ക്ഷീണവും കാണും, ഈ സമയം അത്രയും ഏതവളുടെ കൂടെ കിടന്നിട്ട് വരികയാനൊന്നും അറിയില്ല. 

ഗിരീഷ് :- സിതാര, നീ എന്തൊക്കെയാ ഈ പറയുന്നേ... മോൻ നിക്കണത് കണ്ടില്ലേ?

സിതാര :- നിങ്ങൾക്ക് അങ്ങനൊരു വിചാരം ഉണ്ടോ,  ഞാനും മോനും, ഇവിടെ എങ്ങനെയാ കഴിയുന്നത് എന്ന് നിങ്ങൾക്കറിയോ,  ഈ ചെറിയ മുറിയിൽ ഞങ്ങൾ രണ്ടു മനുഷ്യർ ഇവിടെ ഉണ്ടെന്ന് പോലും നിങ്ങൾക്ക് ഓർമയുണ്ടോ?  എന്തായാലും നിങ്ങൾ നിങ്ങളുടെ ഇഷ്ടമനുസരിച്ചു ജീവിച്ചോളു...  ഞാനും എന്റെ മോനും ഇനി നിങ്ങൾക്ക് ഒരു ശല്യമാവില്ല .  

ഞങ്ങൾ നാട്ടിലേക്ക് പോകുന്നു. നമുക്ക് പിരിയാം... 

dampathyam-05
പ്രതീകാത്മക ചിത്രം

ഗിരീഷ് :- സിതാര,  നീ എന്താണ് ഈ പറയുന്നത് എന്ന് വല്ല നിശ്ചയമുണ്ടോ?.  ഞാൻ എന്തേ കുറച്ചു മാസങ്ങളായി ഇങ്ങനെ പെരുമാറുന്നത് എന്ന് നീ എപ്പോഴെങ്കിലും എന്നോട് ചോദിച്ചിട്ടുണ്ടോ? എന്റെ ജോലി നഷ്പ്പെട്ടിട്ട് ഇപ്പോേൾ നാലു മാസമായി, എനിക്ക് ശമ്പളം കുടിശ്ശിക ഉള്ളത് കിട്ടിയിട്ടില്ല. പിന്നെ നമുക്ക് ജീവിക്കാൻ എന്ത് ചെയ്യും എന്ന് ആലോചിച്ച് ഞാൻ ആകെ വിഷമിച്ചിരിക്കുമ്പോഴാണ് എന്റെ ഒരു ഫ്രണ്ട്  മുസ്തഫ ഒരു ജോലിയുടെ കാര്യം പറഞ്ഞത്, ഒരു അറബി വീട്ടിൽ ജോലിയുള്ള അവന്റെ ഫ്രണ്ട് നാലഞ്ചു മാസത്തേക്ക് നാട്ടിൽ പോകുന്നു എന്നും പകരം ഒരു ഡ്രൈവറെ ആവശ്യമുണ്ടെന്നും,  ഞാൻ ഇപ്പോ ആ അറബി വീട്ടിലെ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്.  

രണ്ടു ദിവസം കഴിഞ്ഞാൽ ലീവിന് പോയ ഡ്രൈവർ തിരിച്ചു വരും. അതാണ് ഞാൻ ആകെ ടെൻഷൻ ആയി വിയർത്തു പോയത്. പിന്നെ ഞാൻ എന്ത് ചെയ്യും. ഏത് പണിഎടുക്കും, ഇതൊക്കെ ആലോചിചിട്ട് എനിക്ക് ഒരു എത്തും പിടിത്തവും ഇല്ലാ...  അല്ലാതെ നിന്നെയും, മോനെയും വെറുത്തിട്ടല്ല. 

സിതാര :- (സങ്കടത്തോടെ) അപ്പൊ... ഇതെന്താ നിങ്ങൾ ആദ്യം പറയാഞ്ഞേ....? ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാനും മോനും നാട്ടിൽ നിന്ന് വരില്ലായിരുന്നല്ലോ.

ഗിരീഷ് :- അത് പിന്നെ..  നിങ്ങൾ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ്.എന്റെ ജോലി നഷ്ടപെട്ടത്. അതിന് ശേഷമാണ് നമ്മൾ വലിയ ഫ്ലാറ്റ് മാറി ഇവിടേക്ക് വന്നത്. പിന്നെ നീയും മോനും ഇവിടെ വന്നപ്പോൾ നിന്റെയും മോന്റെയും സന്തോഷം കണ്ടപ്പോൾ എനിക്ക് ഒന്നും നിന്നെ അറിയിക്കാൻ തോന്നിയില്ല.  പിന്നെ നീ ഇവിടെ എത്തിയപ്പോഴാണ് നിന്റെ അച്ഛനും, അമ്മയും എന്നെ മോനെ എന്ന് വിളിക്കാൻ തുടങ്ങിത്, നിന്റെ കുടുംബത്തിൽ വന്ന് പെണ്ണ് കെട്ടാനുള്ള യോഗ്യത ഉണ്ടായി എന്ന് എനിക്ക് തോന്നി തുടങ്ങിയത് അപ്പോഴാണ്. 

dampathyam-022
പ്രതീകാത്മക ചിത്രം

നമ്മൾ സ്നേഹിച്ചു കല്യാണം കഴിച്ചപ്പോൾ, ‘അനാഥനായ നിനക്ക് തന്തയാരാന്ന് അറിയുമോടാ’ എന്നാണ് നിന്റെ അച്ഛൻ ചോദിച്ചത് ഈ കാതിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഇപ്പോൾ നിന്നെ ഇവിടേക്ക് കൂട്ടിയപ്പോൾ, നീയും നിന്റെ സഹോദരിയുടെ പോലെ ഗൾഫിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ നിന്റെ അച്ഛനും അമ്മയും എന്നെ സ്നേഹിക്കുന്നത് കണ്ടപ്പോൾ,.... ആരോരും ഇല്ലാത്ത എനിക്ക് ആരൊക്കയോ ഉണ്ടെന്നു തോന്നിയപ്പോൾ എനിക്ക് ഒന്നും പറയാൻ തോന്നിയില്ല. 

ഇനി പറ നീ ഇനിയും എന്നെ സംശയിക്കുന്നുണ്ടോ? ഗിരീഷ് പറഞ്ഞ് മുഴുവിക്കുമ്പോഴേക്കും സിതാരയുടെ കരങ്ങൾ ഗിരീഷിനെ പുറകിലൂടെ വാരി പുണർന്നിരുന്നു...  നിറ കണ്ണുകളിൽ നിന്ന് ആനന്ദാശ്രുക്കൾ അവളുടെ കപോലങ്ങളെ തഴുകി  താഴെ വീഴുന്നുണ്ടായിരുന്നു.

English Summary : Dampathyam Story By Firoz Chalil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com