ADVERTISEMENT

ഒരൊളിച്ചോട്ടം (കഥ)

നേരം പരപരാന്നു വെളുത്ത് വരുന്നതേയുള്ളു. കൃഷ്ണസ്വാമി ക്ഷേത്രത്തിലെ കോളാമ്പിയിൽ നിന്നും പാട്ട് ജ്ഞാനപ്പാന കഴിഞ്ഞു ഹരിനാമ കീർത്തനത്തിലേക്കു കടന്നു. എല്ലാവരും നല്ല ഉറക്കത്തിലാണ്,തളത്തിൽ നിന്നും അച്ഛന്റെ കൂർക്കംവലി കേൾക്കുന്നുണ്ട്. തലേന്ന് തന്റെ മുഖത്തെ വെപ്രാളം കണ്ടിട്ട് നിനക്കെന്തു പറ്റിയെന്ന് അമ്മ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറാൻ നന്നേ പാടുപെടേണ്ടിവന്നു. ആരും കാണാതെ നേരത്തെ തയാറാക്കി വെച്ചിരുന്ന ബാഗും എടുത്ത് മനസ്സിൽ എല്ലവരോടും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി. ആദ്യബസ്സിനു ടൗണിനു പുറത്ത് കടക്കണം, അതിനു മുമ്പ് ജനിച്ചു വളർന്ന ചുറ്റുപാടുകൾ ഒരിക്കൽ കൂടെ നന്നായി കാണണം, എന്നും ഓർമ്മിക്കാനായി.

പാറയിൽ പീടികയുടെ മുന്നിലൂടെ ആൽത്തറയും കടന്ന് മുന്നോട്ടു നടന്നു. അമ്പലക്കുളത്തിൽ നിന്ന് കുളികഴിഞ്ഞു ഈറനുടുത്ത് പലഹാരം പോറ്റിയാണ് ആദ്യം മുന്നിൽ വന്നുപെട്ടത്. വർഷങ്ങളായി പാലക്കാട്ടുനിന്നെത്തി അഗ്രഹാരത്തിൽ താമസമാക്കിയ പോറ്റിയുടെ ജിവിതമാർഗ്ഗം അടുത്തുള്ള വീടുകളിലും ചില കടകളിലും പലഹാരങ്ങൾ എത്തിച്ചു കൊടുക്കുന്നതിലുടെയാണ്. ജിലേബിയും വടയുമാണ് പോറ്റിയുടെ പ്രധാന വിഭവങ്ങൾ. രാവിലെ കടകളിൽ സാധനങ്ങൾ എത്തിക്കേണ്ടതിന്റെ തിരക്ക് മനസ്സിൽ ഉള്ളതുകൊണ്ടാവാം പോറ്റി  തൊട്ടുതൊട്ടില്ല എന്ന മട്ടിൽ കാണാതെ നാമം ജപിച്ചുകൊണ്ട് മുന്നോട്ടു ആഞ്ഞുവലിച്ചു നടന്നു. 

ട്രാൻസ്‌പോർട്ട് ബസ്സ്സ്റ്റാൻഡിൽ പതിവ് ബഹളം കേൾക്കുന്നു. ആദ്യത്തെ കോട്ടയം ഫാസ്റ്റ് വന്നുപോയിട്ട് അധികമായിട്ടല്ല. ആദ്യം ട്രാൻസ്‌പോർട്ട് ബസ്സിലോ റെയിൽവേ സ്റ്റേഷനിലോ നിന്ന് പോകാമെന്നു കരുതിയിരുന്നെങ്കിലും, ആർക്കും സംശയം തോന്നാത്ത രീതിയിൽ പതിവുപോലെ കോളേജിൽ പോകുന്നുവെന്ന ഭാവേന രഘുമോൻ ബസ്സിൽ പോയാൽ മതിയെന്ന് സാലിയാണ് പറഞ്ഞത്. പത്രക്കെട്ടു കളും മാസികകളും തരംതിരിക്കുന്നതിനിടയിൽ ചിലരുടെ തലേരാത്രിയിലെ പരാക്രമങ്ങളും, പതിവ് പരാതികളും അവിടെനിന്നു ഉയർന്നുകേൾക്കുന്നു. 

പെട്ടന്നാണ് ബസ്സ്റ്റാൻഡിന്റെ പിന്നിലെ പൊളിഞ്ഞ ഷെഡിന്റെ കോണിൽ നിന്ന് സാരിയും വാരിച്ചുറ്റി തീപ്പാതി ജാനു പുറത്തേക്കുവരുന്നത് കണ്ടത്.  കുളക്കടവിലേക്കുള്ള അവളുടെ സ്ഥിരം പോക്കായതുകൊണ്ടാവും ആരും അവളെ ശ്രദ്ധിച്ചില്ല. കാശിന് അത്യാവശ്യം വരുമ്പോൾ മാത്രമേ ജാനു ബസ്സ്റ്റാൻഡ് വിട്ടു പോകാറുള്ളൂ. ഒരിക്കൽ കഞ്ചാവിന്റെ സുഖം മിലിട്ടറി റമ്മിനോട് കലർന്നു തലക്കുപിടിച്ചപ്പോൾ കത്തിക്കൊണ്ടിരുന്ന സിഗരറ്റുകുറ്റി ഒരുത്തൻ മുഖത്ത് ആകമാനം കുത്തിപ്പൊളിച്ചത് മറക്കാൻ അത്ര പെട്ടന്ന് അവൾക്ക് ആകുമായിരുന്നില്ല. അതുകൊണ്ടാവാം ഇവിടാവുമ്പോൾ അവൾക്ക് കൂടുതൽ സുരക്ഷിതത്വം തോന്നാറുണ്ട്.  

cigarette-burn-552
പ്രതീകാത്മക ചിത്രം

ഏതോ സമയം തെറ്റി ബസിൽ വന്നിറങ്ങിയ പുറം നാട്ടുകാരനാവാം ഇന്നലെ അവൾക്ക് അന്തിക്കൂട്ട്. അയാൾ വെളുപ്പിനത്തെ ആദ്യത്തെ വണ്ടിക്ക് അവളുണരും മുമ്പേ എങ്ങോട്ടോ പോയിട്ടുണ്ടാവും. പൂക്കടയിലെ സുനിൽ രാവിലെ കട തുറന്നു രഘുമോൻ ബസ്സിന്റെ വരവിനായി കാത്തിരിക്കുകയാണ്. തലേന്ന് രാത്രിയിൽ പന്തളം ബസ്സ്റ്റാൻഡിൽ മധുരയിൽ നിന്നും വന്നിറങ്ങുന്ന പൂക്കൾ സുനിലിന്റെ കടയിൽ എത്തിച്ചുകൊടുക്കു ന്നത് ബസ്സിലെ കിളി സാബുവിന്റെ ജോലിയാണ്. 

കോളേജിൽ സാലിയോടൊപ്പം പോകാൻ ചന്തമുക്കിൽ അവളുടെ വരവിനായി കാത്തിരിക്കുന്നത് കടയിൽ ഇരുന്നു സുനിൽ ശ്രദ്ധിക്കുന്നുണ്ടന്നു അറിയാമായിരുന്നു. ഒരു പക്ഷേ ഇന്ന് വൈകിട്ട് സാലി തിരികെ എത്തിയില്ല എന്നറിയുമ്പോൾ സ്ഥലത്തെ ഗുണ്ട, കലിപ്പ് ഷാജിയെന്നു നാട്ടുകാർ വിളിക്കുന്ന, സാലിയുടെ ആങ്ങള ആദ്യം തിരക്കുക സുനിലിന്റെ കടയിലാവുമെന്ന് ഓർത്തു. വാച്ചിലെ സമയം ഒന്നൂടെ നോക്കി. അധികം ആരും കാണാതെ സാലിവരും വരെ ഇലക്ട്രിക്ക് പോസ്റ്റിനു മറഞ്ഞു നിൽക്കാൻ തീരുമാനിച്ചു.

ചായക്കട നടത്തുന്ന സ്വാമിയും പരിവാരങ്ങളും ഉന്തുവണ്ടി നിറയെ അന്നത്തെക്കിനുള്ള സാധനങ്ങളും വിറകും നിറച്ച്‌ വളവു തിരിഞ്ഞു റോഡിലേക്ക് കയറി. സ്വാമിക്ക് രണ്ടു ചായക്കടകളാണുള്ളത്. വർഷങ്ങൾക്ക് മുമ്പ് അമ്മാളിനെയും കൂട്ടി തമിഴ്‌നാട്ടിൽ നിന്നും ഇവിടെ വരുമ്പോൾ കൈക്കുഞ്ഞായിരുന്ന അമ്പിയാണ് ഇന്ന് ഒരു കടയുടെ ചുമതല നോക്കുന്നത്. സ്വാമിയുടെ പണിക്കാരിൽ ഒട്ടുമുക്കാലും തമിഴന്മാരാണ്, താൻ പണ്ടുവന്നതുപോലെ ജോലിതേടി വരുന്നവരെ സ്വാമി മടക്കിയയക്കാറില്ല.

മലയാളവും തമിഴും കലർന്ന അവരുടെ ഉറക്കച്ചുവടോടെയുള്ള സംസാരം കേൾക്കാറായി. അതിനു പിന്നിൽ വേഗത്തിൽ തോളത്ത് തൂക്കിയ ബാഗുമായി നടന്നടുക്കുന്ന സാലിയെ കണ്ടു. സുനിലിന്റെ കടയുടെ മുന്നിലൂടെ ഷാപ്പിലെ കുട്ടൻപിള്ള സൈക്കിളിൽ കൈ ഉയർത്തിക്കാട്ടി കടന്നുപോയി. എന്നെ കാണാഞ്ഞത് നന്നായി. അച്ഛൻ ഷാപ്പ് കോൺട്രാക്ട് പിടിക്കുന്നതിനുമുൻപ്തൊട്ടേ കുട്ടൻപിള്ളയെ അറിയാം. ഒരിക്കൽ ചില്ലറ വാങ്ങാനായി ഷാപ്പിൽ ചെന്ന എന്നെ കുടിച്ച് ലക്കുകെട്ടിരുന്ന താണ്ടാൻ സദാശിവന്റെ തെറിവിളിയിൽ നിന്നും രക്ഷിച്ചത് കുട്ടൻ പിള്ളയായിരുന്നു. പിന്നെ കൂട്ടുകാരുമൊത്ത് വല്ലപ്പോഴും ഒത്തുകൂടുമ്പോൾ നല്ല തെങ്ങുംകള്ള് അച്ഛൻ അറിയാതെ എത്തിച്ചിരുന്നത് കുട്ടൻപിള്ളയായിരുന്നു. 

സാലി തിടുക്കത്തിൽ നടന്ന് അടുത്തെത്തി. അവളുടെ മുഖത്ത് അമ്പരപ്പ് വ്യക്തമായിരുന്നു.  വീണ്ടും വാച്ചിലെ സമയം നോക്കി തിട്ടപ്പെടുത്തി. ഇനി കൂടിവന്നാൽ അഞ്ചു മിനിറ്റുകൾ മാത്രം. രഘുമോൻ ബസ് എത്തിക്കഴിഞ്ഞാൽ ഇനി എത്ര നാളത്തേക്കേന്നറിയില്ല, ഈ നാടും, നാട്ടുകാരും ഓർമ്മ മാത്രം. അച്ഛൻ തന്റെ രാഷ്ട്രീയ പിടിപാടുകൾ ഉപയോഗിച്ചാവും അന്വേഷണം. 

വിവരം അറിയുമ്പോൾ സാലിയുടെ ആങ്ങള വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാം. പക്ഷേ ഇനി അതൊന്നും ഓർത്തു സമയം പാഴാക്കാൻ ഇല്ല. ജാതിയും, മതവും, പ്രായവും ഒന്നും ഈ യാത്രക്ക് വിലങ്ങുതടിയാവാൻ മനസ്സ് അനുവദിച്ചില്ല. രഘുമോന്റെ ശബ്ദം കേൾക്കാനായി, സാലിയോടൊപ്പം നടക്കുന്നതിനിടയിൽ വരുന്നത് ആരെങ്കിലും കണ്ടുവോ എന്നു ചോദിച്ചതിന് അവൾ മറുപടി പറഞ്ഞു, ‘‘ഇല്ല, ഷാജിച്ചായൻ ഏതോ ജോലിക്കെന്നു പറഞ്ഞു രാവിലെ പോയി’’

സുനിലിന്റെ കടയുടെ മുന്നിലേക്ക് നീങ്ങി നിന്നു. ബസ് വന്നു മുന്നിൽ കുലുങ്ങിനിന്നു. സാബു ബസിനുള്ളിൽ നിന്ന് പായിൽ പൊതിഞ്ഞ രണ്ടു കെട്ടു പൂക്കൾ പുറത്തേക്കു നീട്ടി. സുനിൽ അതുവാങ്ങി തിരിഞ്ഞപ്പോഴേക്കും അവനു മുഖം കൊടുക്കാതെ ഞങ്ങൾ ബസിനുള്ളിലേക്കു കയറി. ബസ്സിൽ അധികം ആളില്ലായിരുന്നു. ചുറ്റും നോക്കി അറിയാവുന്നവർ ആരും ഇല്ലന്നുറപ്പ് വരുത്തി രണ്ടു സീറ്റുകളിയായി മാറിയിരിക്കുമ്പോഴാണ് ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന പുതിയ ഡ്രൈവറെ ഗ്ലാസ്സിലൂടെ ശ്രദ്ധിച്ചത്. ഒരു നിമിഷം നെഞ്ചിലെ മിടിപ്പ് നിൽക്കുന്നതുപോലെ തോന്നി. പറ്റെവെട്ടിയ മുടിയും, കൊമ്പൻ മീശയും, ഇടത്തെ പുരികത്തിലെ മുറിഞ്ഞുണങ്ങിയ ആഴത്തിലെ വെട്ടും സാലിയുടെ ആങ്ങള കലിപ്പ് ഷാജിയെ ഓർമ്മിപ്പിച്ചു. മുന്നോട്ടെടുത്ത ബസിന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റു അത് ഷാജി അല്ലാന്നുറപ്പ് വരുത്തി തിരികെ വന്നു സാലിയോടൊപ്പം ചേർന്നിരുന്നു. രഘുമോൻ അവരെയും അവരുടെ സ്വപ്നങ്ങളെയും കൊണ്ട് മുന്നോട്ട് കുതിച്ചു.

elope888
പ്രതീകാത്മക ചിത്രം

English Summary : Orolichottam Story By Reji Kottayadiyil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com