ADVERTISEMENT

ജയിക്കാനായി ജനിച്ചവർ (കഥ)

സജീവൻ വളരെ ഊർജസ്വലനായ ഒരു ചെറുപ്പക്കാരനാണ്. ചെറുപ്പം മുതലേ അവനു മൊബൈൽ ഫോണിനോടും കംപ്യൂട്ടറിനോടും  ഇലക്ടോണിക്‌സ്നോടും  ഉള്ള  വലിയ അഭിമുഖ്യം അവന്റെ അച്ഛൻ തിരിച്ചറിഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞതിനു ശേഷം സജീവനെ  അവന്റെ ഇഷ്ടപ്രകാരം  അച്ഛൻ, ബിടെക് സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിനു ചേർത്തു. തമിഴ് നാട്ടിലെ ഒരു പ്രമുഖ കോളേജിൽ നിന്നും മിടുക്കനായ അവൻ ഒന്നാം ഗ്രേഡിൽത്തന്നെ ബിടെക്  പാസ്സ് ആയി.

ക്യാംപസ് ഇന്റർവ്യൂ വഴി ഒരു പ്രമുഖ ഐടി സ്ഥാപനത്തിൽ ജോലിനേടിയ അവൻ ഒരു മൾട്ടി നാഷനൽ കമ്പനിക്കു വേണ്ടി വർക്ക്‌ ചെയ്യുകയാണ്. സൈബർ സെക്യൂരിറ്റിയിൽ സ്‌പെഷലൈസ് ചെയ്തിട്ടുള്ള അയാളുടെ ഓരോ ദിവസവും വളരെ വെല്ലുവിളികൾ നിറഞ്ഞതാണ്. കമ്പനിയുടെ ഓപ്പറേഷൻ സിസ്റ്റത്തിനു നേരെ  വരുന്ന ഏത് വൈറസ് അറ്റാക്കുകളെയും തടയാനും നശിപ്പിക്കാനും ഇന്ന് അയാളുടെ വിരൽ തുമ്പിൽ ആയുധമുണ്ട്.

രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീര ജവാന്മാരെപ്പോലെ എപ്പോഴും ശത്രുവിനെ നിരീക്ഷിച്ചു  സജീവന്റെ കംപ്യൂട്ടർ, കമ്പനിയുടെ സെർവർ  കാത്തു കൊണ്ട്  അയാളുടെ മുന്നിൽ സദാ മിഴികൾ തുറന്നിരിക്കും. സിസ്റ്റത്തിന്റെ ബുദ്ധിയെയും മെമ്മറിയെയും നെറ്റ് വർക്കിനെയും  ആക്രമിക്കാൻ ഏതെങ്കിലും വൈറസ്  വരുന്നത്  കണ്ടാൽ ഉടനെ ആ കംപ്യൂട്ടർ സജീവന് അലേർട്ട്  കൈമാറും. വൈറസ് ആക്രമിച്ചാൽത്തന്നെ അതിനെ യുദ്ധം ചെയ്തു തോപ്പിക്കാനുള്ള ശക്തമായ  സോഫ്റ്റ്‌വെയറുകൾ സജീവന്റെയും ടീമിന്റയും  കൈയിലുണ്ട്.

കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ്  നിനച്ചിരിക്കാതെ  അത്  സംഭവിച്ചത്. അയാൾ കംപ്യൂട്ടറിൽ പതിവുപോലെ ചില വൈറസുകളെ കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. നേരിയ ഒരു തലവേദന. സജീവൻ കാര്യമാക്കിയില്ല. തലവേദന കൂടിക്കൂടി വന്ന് സഹിക്കാവുന്നതിനും അപ്പുറമായി. തുടർന്നു ജോലിചെയ്യാൻ പറ്റുന്നില്ല ,ചിന്താ ശക്തി ചോർന്നു പോകുന്നപോലെ.

jayikanayi-janichavar-02
പ്രതീകാത്മക ചിത്രം

അയാൾ തളർന്ന് കംപ്യൂട്ടർ ഡെസ്കിലേക്ക്  കുനിഞ്ഞു മയങ്ങി ഇരുന്നു.  അതു കണ്ടത് അടുത്ത ഡെസ്കിലെ സഹ പ്രവർത്തകൻ സന്തോഷ്‌ ആണ്. അയാൾ  കുലുക്കി വിളിച്ചിട്ടും അവൻ  ഉണരാത്തതുകൊണ്ട് ഉടനെ ബോസിനെ അറിയിച്ചു. അവർ ആംബുലൻസ് വരുത്തി സജീവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു.

കടുത്ത പനിയും തല വേദനയും. തലയ്ക്കുള്ളിൽ ഒരു പുക മറ. ഒന്നും കോൺസൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല എന്നാണ് അയാൾ പറയുന്നത്. ഡോ. സദാശിവന്റ പരിശോധനയിൽ വൈറൽ ഫീവർ ആണെന്നാണ് സംശയിക്കുന്നത്. രണ്ട് നാല് നാൾകൊണ്ട് തലവേദനയും പനിയും ശമിച്ചു. എന്നാൽ അയാൾക്ക് ബുദ്ധിക്ക് എന്തോ സംഭവിച്ച പോലെ. തലച്ചോറിൽ  ഓർമ്മയുടെ മണ്ഡലങ്ങളിൽ എല്ലാം ഒരു പുക  മാത്രം. 

മുൻപ് അടുത്തറിയാവുന്നവരെ പോലും ഇപ്പോൾ തിരിച്ചറിയാൻ ബുദ്ധിമുട്ട്. ചെയ്തിരുന്ന ജോലി എന്താണെന്ന് ഓർമ്മ ഒട്ടും ഇല്ല എന്നതാണ് ഏറ്റവും കുഴപ്പിക്കുന്ന പ്രശ്നം.

എന്തൊരു ശനിദശ ആണിത് ?  സമർഥനായ ഒരു ഐടി എൻജിനീയർ ഓർമ്മയുടെ താളം തെറ്റി ഹോസ്പിറ്റലിൽ ആയിട്ട് നാലാഴ്ചകൾ  ആയി. ബുദ്ധിമാന്ദ്യത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ ഡോക്ടർമാർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. എന്തോ അപൂർവരോഗമാണ് എന്ന നിഗമനത്തിൽ ആണവർ.

മകന്റെ അവസ്ഥ കണ്ട് മനം തകർന്ന സജീവന്റെ മാതാപിതാക്കളെ എങ്ങനെ സമാധാനിപ്പിക്കും എന്ന് ആർക്കും ഒരു രൂപവുമില്ല. സജീവനെ കാണിക്കാൻ അവർ  ഇംഗ്ലണ്ടിൽ നിന്നും ഒരു ബ്രെയിൻ സ്പെഷലിസ്റ്റിനെ വരുത്താൻ പോവുകയാണ്.

അദ്ദേഹവും സജീവനെ കൈയൊഴിഞ്ഞാൽ..........?

jayikkanayi-janichavar-225
പ്രതീകാത്മക ചിത്രം

ന്യൂറോ  സ്പെഷ്യലിസ്റ്റ്  ആണ്  ഡോ. ഹരീഷ് മേനോൻ. ചിക്കാഗോ യൂണിവേഴ്സിറ്റിയിൽനിന്നു ഹ്യൂമൻ ബ്രെയിൻ ആൻഡ് നേർവ് സിസ്റ്റത്തിൽ  ബിരുദാന്തര ബിരുദം നേടിയ ശേഷം ലോകം മുഴുവൻ തന്റെ  കഴിവ് ഉപയോഗപ്പെടുത്തുന്ന അദ്ദേഹം സജീവനെ പരിശോധിക്കാൻ നാളെ  ഇംഗ്ലണ്ടിൽ നിന്നും വരികയാണ്.

സജീവനെ ഇപ്പോൾ കണ്ടാൽ പുറമെ ഒരുകുഴപ്പവും ഇല്ല. പക്ഷേ അയാളുടെ ബ്രെയിനിന്റെ കഴിവുകൾ എല്ലാം പോയി. കംപ്യൂട്ടർ ഉപയോഗിക്കാൻ പോലും തപ്പലാണ്. ഐടി വിജ്ഞാനം മുഴുവൻ മറന്നു പോയി.

ഡോ. ഹരീഷ് മേനോൻ  സജീവനെ പരിശോധിക്കാൻ എത്തി. അദ്ദേഹം സജീവന്റ  മെഡിക്കൽ ഫയൽ റെഫർ ചെയ്തിട്ട്  വളരെ കുഴപ്പം പിടിച്ചു എന്തോ പ്രശ്നം ആണ് എന്ന് വിലയിരുത്തി. അദ്ദേഹം ഹോസ്പിറ്റലിൽ സജീവന്റെ ബെഡിന്റെ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്തി.

‘‘ഞാൻ ഡോ. ഹരീഷ് മേനോൻ  ന്യൂറോ  സ്പെഷ്യലിസ്റ്റ്’’

സജീവനോട് ചോദിച്ചു: പേരെന്താണ് ?..

ഒരുനിമിഷത്തെ മൗനത്തിനു ശേഷം....... അവൻ പറഞ്ഞു: ‘‘സജീവൻ’’

അവൻ സ്വന്തം പേര് പറയാൻ പോലും ഒരു താമസം, ഡോ. ഹരീഷ് ശ്രദ്ധിച്ചു.

സജീവൻ എന്ത് ജോലിയാണ് ചെയ്യുന്നത്?

എന്ത് ജോലിയാണ്.............. എന്തു ജോലി....... സോറി.....ഞാൻ.... . ഓർക്കുന്നില്ല.......

ഡോക്ടർക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി. ഒരു പനിയും തലവേദനയും. തുടർന്ന് ഓർമ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കേസ് ഹിസ്റ്ററിയിൽ ഉള്ള എം ആർ ഐ സ്കാനിങ് റിപ്പോർട്ടിൽ ബ്രെയിനിന് ഒരു കുഴപ്പവും കാണിക്കുന്നില്ല.

jayikkanayi-janichavar-227
പ്രതീകാത്മക ചിത്രം

ഒാക്കേ, സജീവൻ. ഞാൻ മെഡിക്കൽ റിപോർട്ടുകൾ ഒന്ന് കൂടി പരിശോധിക്കട്ടെ. സജീവനെ കിടക്കയിൽ വിട്ടിട്ട്  ഡോക്ടർ  സ്വന്തം കൺസൽട്ടിങ് റൂമിലേക്ക് പോയി.

സജീവൻ ഒരു ഐ. ടി. സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് എന്ന് പേർസണൽ ഡാറ്റയിൽ നിന്നും ഡോ. ഹരീഷ്  മനസ്സിലാക്കിയിരുന്നു. അയാൾ സൈബർ സെക്യൂരിറ്റിയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് സജീവന്റെ കമ്പനിയുടെ ബോസ്സുമായി സംസാരിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞു.

എന്തോ കാരണം കൊണ്ട് സജീവന്റെ ഓർമശക്തി നിർജീവമായിരിക്കുകയാണ്. ഇതുവരെ നടത്തിയ നിരവധി മെഡിക്കൽ പരിശോധനകളിൽ നിന്നും ഇപ്പോൾ  അറിയപ്പെടുന്ന ഏതെങ്കിലും രോഗമോ സ്ട്രോക്കോ ബ്ലഡ്‌ ക്ലോട്ടോ  വൈറസുകളോ അല്ല അയാളുടെ രോഗത്തിന് കാരണം എന്ന് ഡോ. ഹരീഷ്  മേനോനു മനസ്സിലായി.

അപ്പോൾ എന്താണീ രോഗം? അത്‌ കണ്ടുപിടിക്കുകയാണ് ഡോക്ടർ  അഭിമുഖീകരിക്കുന്ന വെല്ലുവിളി. ഡോ. ഹരീഷ് ചിന്തയിൽ ആണ്ടു .

ഒരു കംപ്യൂട്ടർ സ്പെഷ്യലിസ്റ്റ് ആയിരുന്ന ഒരാൾക്ക് ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ തലവേദനയും തുടർന്ന് പനിയും വരുന്നു. മയക്കത്തിലേക്ക് വീഴുന്ന അയാളുടെ ബുദ്ധിയും അറിവും നഷ്ട പ്പെടുന്നു. ചെയ്തു കൊണ്ടിരുന്ന ജോലി കംപ്യൂട്ടർ വൈറസ് പ്രൊട്ടക്ഷൻ. പെട്ടെന്ന് ഡോ. ഹരീഷ് ന്റെ  ബുദ്ധിയിൽ ഒരു മിന്നൽ. കംപ്യൂട്ടറുകളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ തകർക്കുന്ന കംപ്യൂട്ടർ വൈറസുകൾ   സാമീപ്യം കൊണ്ട് മൗസ് വഴി കടന്ന്  മനുഷ്യന്റെ ബ്രെയിനിൽ കയറി   അതിനെ കറപ്റ്റ് ആക്കുമോ?

ശ്ശേ,... അതെങ്ങനെ?, ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ലല്ലോ...

ഇതു വരെ സംഭവിക്കാഞ്ഞത് ഇന്ന് സംഭവിച്ചു കൂടാ എന്നുണ്ടോ?

ഇല്ല... പക്ഷേ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ തകർക്കുന്ന കംപ്യൂട്ടർ വൈറസ് ഹ്യൂമൻ ഇന്റലിജൻസിനെ തകർക്കാൻ മാത്രം വളർന്നുവോ?

jayikkanayi-janichavar-229
പ്രതീകാത്മക ചിത്രം

ഡോ. ഹരീഷിന്റെ മനസ്സിൽ കടുത്ത ആശയ സംഘട്ടനം നടക്കുകയാണ്. മൃഗങ്ങളിൽ  മാത്രം പകരുന്ന  ചില വൈറസുകൾ ഇപ്പോൾ മനുഷ്യരിലേക്കും പകരാൻ ശക്തി നേടിയിട്ടുണ്ടല്ലോ.

അങ്ങനെ എങ്കിൽ ഒരു പക്ഷേ കംപ്യൂട്ടർ വൈറസ് അത് ഒരു നാൾ അത് ഉപയോഗിക്കുന്നവരിലേക്ക് മൗസ് വഴി വന്ന്  ത്വക്കിൽ പ്രവേശിച്ചു മനുഷ്യന്റെ ബ്രെയിനിനെ കറപ്റ്റ് ചെയ്യില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാകും ? അങ്ങനെ എങ്കിൽ പ്രതിവിധി  എന്ത്?

ഈ ചിന്ത ഡോക്ടർ തത്കാലം ഹോസ്പിറ്റലിൽ ആരുമായും പങ്കുവച്ചില്ല.

ഡോ. ഹരീഷ് മേനോൻ   നേരെ ചെന്ന് കണ്ടത് സജീവന്റെ കമ്പനിയിലെ സൈബർ സെക്യൂരിറ്റി ഹെഡ് റോബിൻ ഫ്രാൻസിസിനെയാണ്. അദ്ദേഹം തന്നെ  പരിചയപ്പെടുത്തിയ ശേഷം കംപ്യൂട്ടർ വൈറസ് കളെക്കുറിച്ചും അവയുടെ ആക്രമണ സ്വഭാവത്തെ കുറിച്ചും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

അതിനു ശേഷം സജീവന്റെ ബ്രെയിനിൽ കടന്ന് കൂടിയിരിക്കുന്നത് കംപ്യൂട്ടർ വൈറസ് ആണോ എന്ന് സന്ദേഹിക്കുന്നതായി റോബിനോട്  ഡോക്ടർ  പറഞ്ഞു.

മി.റോബിൻ, ‘‘സജീവന് എന്താണ് പറ്റിയതെന്ന് മെഡിക്കൽ സയൻസ് പ്രകാരം ഇതുവരെ  കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല’’

കംപ്യൂട്ടറിനെ ബാധിക്കുന്ന വൈറസ് ഇപ്പോൾ അതിന്റെ ഉപഭോക്താവിന്റെ ബ്രെയിനിനെ വരെ കുഴപ്പത്തിലാക്കാൻ തക്കവണ്ണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർന്നിരിക്കുന്നോ എന്ന് സംശയിക്കേണ്ടി യിരിക്കുകയാണ്. വളരെ മിടുക്കനായ അയാളെ എങ്ങിനെ എങ്കിലും രക്ഷപ്പെടുത്താൻ നോക്കണം . എനിക്ക് താങ്കളുടെ സഹായം വേണ്ടി വരും.  അതിനു താങ്കൾ എന്നെ  സഹായിക്കുമോ ?

റോബിന് ഒന്നും മനസ്സിലായില്ല, ഒരു ഡോക്ടർ അല്ലാത്ത താൻ  ഇവിടെ എങ്ങനെ സഹായിക്കും, അയാൾ ഓർത്തു.

ഡോ. ഹരീഷ്,  ‘‘ഞാൻ എന്താണ് ചെയ്യേണ്ടത്, താങ്കൾ  പറഞ്ഞോളൂ. ഒരാൾ രക്ഷപെടുന്ന കാര്യമല്ലേ?’’ റോബിൻ തന്റെ സന്നദ്ധത അറിയിച്ചു.

‘‘റോബിൻ ഒരുകാര്യം കൂടി എനിക്ക് അറിയാനുണ്ട്’’

‘‘ നിങ്ങളുടെ കമ്പനിയിൽ സൈബർ സെക്യൂരിറ്റി സെക്ഷനിൽ മറ്റാർക്കെങ്കിലും ഇതുപോലെ അറ്റാക്ക് ഉണ്ടായോ’’

‘‘ ഒന്നു രണ്ടുപേർ റോബിൻ സിക് ആയ ദിവസം കടുത്ത തലവേദനയും ക്ഷീണവും തോന്നിയതായി പറഞ്ഞിരുന്നു. അതും ഇതുമായി ബന്ധം ഉണ്ടോ എന്നറിയില്ല’’ റോബിൻ അറിയിച്ചു.

‘‘ ശരി. അതും ഇതുമായി ബന്ധം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഒരു പക്ഷേ വൈറസ് അറ്റാക്ക് സിവിയർ ആയിട്ട് അഫക്ട് ചെയ്തത്  സജീവനെ മാത്രം ആകാം. ഏതായാലും ഞാൻ ഒരു പരീക്ഷണം നടത്താൻ പോവുകയാണ്.’’  ഡോ. ഹരീഷ്  ഉറപ്പിച്ചു

jayikkanayi-janichavar-230
പ്രതീകാത്മക ചിത്രം

അടുത്ത ദിവസം ഡോ. ഹരീഷ് സജീവനെ ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചു. തീരുമാനിച്ച പ്രകാരം റോബിൻ ഫ്രാൻസിസും മറ്റ്‌ മെഡിക്കൽ അസിറ്റൻസും അനസ്തേഷ്യസ്റ്റായ  ഡോ. സുരേഷ് അലക്സും   സഹായത്തിനുണ്ട്. അനസ്തേഷ്യയിൽ മയങ്ങുന്ന സജീവനിൽ ഡോ.  ഹരീഷ്  ബ്രെയിൻ മാപ്പിങ് നടത്തി. വളരെ ശ്രമകരവും  സൂഷ്മവും ആയിരുന്നു അത്. ബ്രെയിനിലെ മെമ്മറി സ്റ്റോറേജ് ആയ  ഹിപ്പോകാമ്പസ്സ് ഏരിയയിലെ  സെല്ലുകളിൽ  അസാധാരണമായ ചുവപ്പ്‌നിറം കാണപ്പെട്ടത് അദ്ദേഹം ശ്രദ്ധിച്ചു. അത്‌ അദ്ദേഹത്തിന്റെ ഉള്ളിലെ  സംശയങ്ങൾക്ക് ബലം കൂട്ടി.

ഇനി റോബിൻ ഫ്രാസിസിന്റെ ഊഴമാണ്. ഡോ. ഹരീഷ്  നിർദേശിച്ചതനുസരിച്ചു  റോബിൻ, വളരെ കൃത്യതയോടെ  ബ്രെയിൻ  മാപ്പിനെ ഒരു ലൈവ് വൈറസ് സ്കാനിങ് നടത്തണം. എന്നാൽ ഓപ്പറേഷൻ തിയറ്ററിന്റെ അപരിചിതമായ ചുറ്റുപാടും സജീവന്റെ നിശ്ചലമായ അവസ്ഥയുമൊക്കെ റോബിനിൽ കടുത്ത മനോ സംഘർഷം  ‘‘സോറി,  ഡോ. ഹരീഷ്,  ഈ വൈറസ് സ്കാനിങ് ചെയ്യാൻ എനിക്ക് സാധിക്കില്ല.

അപകടം പിടിച്ച ഈ പരീക്ഷണം പാളിപ്പോയാൽ,  സജീവൻ ഒരിക്കലും ഉണരാതിരുന്നാൽ ആ കുറ്റബോധം ജീവിത കാലം മുഴുവൻ എന്നെ വേട്ടയാടും.’’

‘‘ക്ഷമിക്കണം, ഞാൻ പിൻവാങ്ങുകയാണ്’’

‘‘ റോബിൻ, നിങ്ങൾ എന്താണീ പറയുന്നത്’’

‘‘ സജീവനെ രക്ഷിക്കുക എന്ന സദുദ്ദേശം മാത്രം അല്ലേ നമ്മളുടേത്’’

‘‘ഈ അവസാന നിമിഷം നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ’’

‘‘ മറ്റൊരു വഴിയും ഇല്ലാത്ത സ്ഥിതിക്ക് നമ്മൾ എങ്ങനെ ഇയാളെ കൈവിടും. ഞാൻ ഒരു ഈശ്വര വിശ്വാസി യാണ്. ദൈവത്തിൽ ആശ്രയിച്ചു  ധൈര്യമായി മുന്നോട്ടു പോകൂ’’

ഡോ.  ഹരീഷ് അയാളെ ധൈര്യപ്പെടുത്തി. റോബിൻ, ഡോ. ഹരീഷിന്റെ ഉറപ്പിൽ, വളരെ പേടിച്ച് എന്നാൽ പരമാവധി സൂഷ്മതയോടെ ബ്രെയിൻ മാപ്പിന്റെ വൈറസ് സ്കാനിങ് ചെയ്യാൻ  ആരംഭിച്ചു. അത്‌ മുക്കാൽ മണിക്കൂർ നീണ്ടു നിന്നു. അൽപം അശ്രദ്ധ പറ്റിയാൽ സജീവന്റെ മനോനില ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് പോകാം. അതിനാൽ ഡോ. ഹരീഷും അതീവ ജാഗ്രതയിലാണ്. ഉത്കണ്ഠയുടെ  നിമിഷങ്ങൾ.

സ്കാനിങ്ങിൽ ആ ചെറുപ്പക്കാരന്റെ ബ്രെയിനിനെ അറ്റാക്ക് ചെയ്ത മൂന്നു കംപ്യൂട്ടർ വൈറസുകളെയും റോബിൻ വിദഗ്ധമായി  പിടികൂടി നശിപ്പിച്ചു. ഇപ്പോൾ ഹിപ്പോകാമ്പസ്‌ ഏരിയ സെല്ലുകൾ  നോർമൽ.

ഓപ്പറേഷൻ സക്സെസ്. മെഡിക്കൽ സയൻസിൽ  ഡോ. ഹരീഷിന്റെ  ഒരു പുതിയ കണ്ടുപിടുത്തം. അതിന് സാക്ഷിയായിക്കൊണ്ട് കംപ്യൂട്ടർ എൻജിനീയർ സജീവൻ ഉന്മേഷവാനായി കണ്ണു തുറന്നു. ഡോ.  ഹരീഷ് മേനോന്റെ  സർവീസ് ഹിസ്റ്ററി യിൽ മറ്റൊരു പൊൻതൂവൽ കൂടി.

റോബിൻ ഫ്രാൻസിസിനും ഇതൊരു പുതിയ അനുഭവം. മനുഷ്യ ബ്രെയിനിനെ ബാധിച്ച കംപ്യൂട്ടർ വൈറസിനെ കണ്ടുപിടിച്ചു തുരത്തിയിരിക്കുന്നു. സജീവൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാൻ. അടുത്താഴ്ച്ച തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. 

ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആലോചനയിലാണ്  ഇന്ന് അയാളും കമ്പനിയും. നിറഞ്ഞ കൃതാർഥതയോടെയാണ് ബ്രെയിൻ സ്പെഷ്യലിസ്റ്റ്  ഡോ. ഹരീഷ് മേനോൻ    ഇംഗ്ലണ്ടിലേക്ക്  മടങ്ങിയത്. ഇപ്പോൾ അയാൾ അടുത്ത മാസത്തെ വേൾഡ്  മെഡിക്കൽ ജേർണലിൽ   അവതരിപ്പിക്കാൻ തന്റെ കണ്ടുപിടുത്തത്തിന്റെ റിപ്പോർട്ട്‌ തയാറാക്കുന്ന  തിരക്കിലാണ്.

ചിലർ അങ്ങനെയാണ്, ജയിക്കാനായി ജനിച്ചവർ. ഇദ്ദേഹത്തിനെ  ഒരു നോബൽ പ്രൈസ് കാത്തിരിക്കുന്നു എന്ന കാര്യത്തിൽ ആർക്കും  സംശയമില്ല.

English Summary : Jayikkanai-janichavar- Story-by-m-domanic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com