ADVERTISEMENT

മുന്തിരിവള്ളികൾ (കഥ)

ഞാൻ ഇപ്പോൾ ജയിലിലടയ്ക്കപ്പെട്ടിട്ട് വർഷം അഞ്ചു കഴിഞ്ഞു. അഞ്ചുവർഷങ്ങൾ ഒരു പതിറ്റാണ്ട് പോലെ എനിക്കവിടെ കഴിഞ്ഞു പോയി. പത്തുദിവസം കഴിഞ്ഞാൽ എന്നെ അവർ സ്വതന്ത്രനാക്കും.

‘‘അബ്ദുൽ കാദറെ ഒരു കത്തുണ്ട്’’

ജയിൽ വാർഡന്റെ വിളികേട്ട് ഞാൻ ജയിലറയുടെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു.

കമ്പിവേലിക്ക് പുറത്ത് നിന്ന് കത്തുവാങ്ങി ഞാൻ ജയിലിന്റെ ഒരു മൂലയിൽ ഇരുന്നു. സുഹറയുടെ കത്താണ്. റോസാപൂവിന്റെ സുന്ദരഗന്ധം കത്തിലുണ്ട്. ഞാൻ പതിയെ കത്ത് തുറന്നു.

‘‘പ്രിയപ്പെട്ട അബ്ദുൽ കാദർ, 

വിശേഷങ്ങൾ ഒന്നുതന്നെയില്ല. ഇന്നലെയും ഉമ്മയെ കണ്ടു. ഉമ്മയുടെ ദീനം ദിനേനെ കൂടുകയാണ്. വൈദ്യരുടെ മരുന്നകളും മൊയ്‌ലിയാരുടെ മന്ത്രങ്ങളും മേലേശിയില്ല . പിന്നെ ആലയിലെ അമ്മിണിപ്പശു പ്രസവിച്ചു. ഇരട്ടക്കുട്ടികളാണ്. എന്നെപ്പോലെ കറുത്ത രണ്ട് കൺമണികൾ. വേറെ, വേറെയൊന്നുമില്ല. കണ്ണൂരങ്ങാടിയിൽ നിന്നൊരുകൂട്ടം ആളുകൾ കാണാൻ വന്നിരുന്നു. നിറം പോരാത്തത് കൊണ്ട് അവർ മടങ്ങി. ഇതും ചേർത്ത് പതിന്നൊന്നാമത്തെ പെണ്ണ് കാണലാണ്. ’’

ഞാൻ കത്ത് അരയിൽതിരുകി ഇരുമ്പുകമ്പി തൊട്ട് വരാന്തയിലേക്ക് നോക്കിനിന്നു. ജയിലറയുടെ ഭിത്തിയിൽ തട്ടിത്തലോടി വീശുന്ന മഴയുടെ ശബ്ദം മാത്രം എനിക്ക് കേൾക്കാം. ഞാൻ വീണ്ടും ഇരുട്ടിലേക്ക് നടന്നുനീങ്ങി.

letter-444
പ്രതീകാത്മക ചിത്രം

എന്നെ ജയിലിലടച്ച ശേഷം ഉമ്മ വീട്ടിൽ തനിച്ചാണ്. സുഹറയാണ് ദിവസവും വീട്ടിൽ പോയി അന്വേഷിക്കുന്നതും തുണി അലക്കുന്നതും കഞ്ഞി വെച്ചുനൽകുന്നതും. എന്റെ വീടിന്റെ നാലുവീടകലെയാണ് സുഹറയുടെ വീട്. സ്കൂൾ അവധിക്കാലത്ത് ഞാനും സുഹറയും ഹമീദും നാരയണിയും പിന്നെ നമ്മുടെ നാട്ടിൽ കുടിയേറിയ പരീദും എന്റെ വീട്ടുമുറ്റത്താണ് കളിക്കാറുള്ളത്. സുഹറ ഇപ്പോൾ കമ്പ്യൂട്ടർ പഠനം കഴിഞ്ഞു വല്യ പെണ്ണായിട്ടുണ്ടാവും. 

പുറത്ത് മഴയുടെ ശക്തി വീണ്ടും കൂടിയതായി ഉറച്ച ശബ്ദത്തിൽ നിന്നും ഞാൻ മനസ്സിലാക്കി. സുഹറയുടെ കത്തുകൾ ഓരോന്നും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഉമ്മായ്ക്ക് വേണ്ടി സുഹറയാണ് കത്തുകൾ എഴുതി എനിക്ക് അയക്കാറുള്ളത്.

ദിവസങ്ങൾ പിന്നെയും കഴിഞ്ഞു. വീണ്ടും ജയിൽ വാർഡൻ ഒരു കത്തുമായി എന്റെ ഇരുമ്പഴിക്ക് മുന്നിൽ വന്നുനിന്നു. ആ കത്തിന് റോസാപൂവിന്റെ സുന്ദരഗന്ധം ഉണ്ടായിരുന്നില്ല. ഞാൻ മെല്ലെ കത്തുപൊട്ടിച്ചു. എന്റെ കണ്ണുകൾക്ക് വരികൾ പൂർണ്ണമായും വായിച്ചെടുക്കാൻ കഴിഞ്ഞില്ല. പുതിയ വിശേഷം ഉമ്മയുടെ മരണവാർത്തയാണ്. 

കരയാൻ എന്റെ കണ്ണിൽ കണ്ണീരൊന്നും അന്ന് ബാക്കിയുണ്ടായിരുന്നില്ല. കത്ത് ചുരുട്ടിയെറിഞ്ഞ് ഞാൻ തറയിലിരുന്നു. മോചനത്തിന് ഇനിയും അഞ്ചു ദിനങ്ങൾ ബാക്കിയാണ്. അടുത്ത അഞ്ച് ദിവസങ്ങൾക്ക് ഇതുവരെയില്ലാത്ത ഭാരം ഞാൻ അനുഭവപ്പെട്ടു. രാവും പകലും മാറിമാറി നോക്കിനിന്നു.മഴ പിന്നെയും ഭിത്തികളിൽ അലയിട്ടടിച്ച് ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. 

death-445
പ്രതീകാത്മക ചിത്രം

ഒടുവിൽ ഞാൻ സ്വതന്ത്രനാവുകയാണ്. ഭൂമിയുടെ തണുത്ത ഗന്ധം ഞാൻ തൊട്ടറിയുകയാണ്. ജയിലിൽ നിന്ന് ഞാൻ നേരെ പോയത് ഉമ്മയുടെ കബറിനടുത്താണ്. അവിടെ തൊട്ടടുത്ത് തന്നെയാണ് ബാപ്പയും ഉറങ്ങുന്നത്. അവരുടെ മുന്നിൽ പറഞ്ഞുതീരാത്ത അത്രയും കഥകൾ എനിക്ക് പറയാനുണ്ട്. അവർക്ക് എന്നോടും ഒരുപാട് കിനാക്കൾ പറയാനുണ്ടാവും. അതൊക്കെയും അവിടെ ബാക്കിയാക്കി കബറിനരികിൽ രണ്ട് മൈലാഞ്ചിച്ചെടികൾ നട്ട് ഞാൻ അവരോട് വിടചൊല്ലി. 

അന്ന് സുഹറയുടെ പന്ത്രണ്ടാമത്തെ പെണ്ണ് കാണലാണ്

‘‘അവര് പോയോ’’

‘‘ആര് ..?’’

‘‘പെണ്ണുകാണാൻ വന്ന കൂട്ടര്’’

‘‘ഉം.. ബാപ്പാക്ക് ചായേം മിച്ചറും നഷ്ടം’’സുഹറ ചിരിച്ചു കൊണ്ട് പറഞ്ഞു.

സുഹറയുടെ ചിരിയിൽ ഒരുപാട് വേദനകൾ എനിക്ക് കാണാം. ഞങ്ങൾ മയ്യഴി പുഴയിലൂടെ തോണി തുഴഞ്ഞു.

jail-552
പ്രതീകാത്മക ചിത്രം

‘‘സുഹറയെ ഞാൻ കെട്ടട്ടെ’’

‘‘ഞാൻ കർത്തിട്ടല്ലെ’’

‘‘ സുഹറയെ കർത്തിട്ടാണ് രസം.’’

‘‘നൊണ’’

‘‘സത്യം’’

സുഹറ നാണത്തോടെ മുഖം താഴ്ത്തി. അവളുടെ മുഖത്ത് ചിരി വിടർന്നു. സുഹറ ചിരിക്കുമ്പോൾ പിരികം കൂട്ടിമുട്ടുന്നുണ്ട്. 

ഞങ്ങൾ വഞ്ചി തുഴഞ്ഞു നീങ്ങി.

‘‘ഏടേക്കാ’’

‘‘അറിയില്ല’’

‘‘ന്റെ റബ്ബേ.. അറിയില്ലെ’’

‘‘ആരുമില്ലാത്ത ലോകത്ത്’’

‘‘ആരുമില്ലാത്ത ലോകത്ത് നമ്മൾ ഒറ്റക്കാവില്ലെ’’

‘‘ഒറ്റക്കോ’’

‘‘പിന്നെ ?’’

‘‘എനിക്ക് നീയും. നിനക്ക് ഞാനുമുള്ളപ്പോൾ നമ്മൾ ങ്ങനെ ഒറ്റക്കാവും’’

സുഹറയുടെ കറുത്ത കണ്ണുകൾ എന്നെ നോക്കി. നിലാവിൽ അവളുടെ മുഖം തിളങ്ങുന്നുണ്ട്.

‘‘ചെക്കാ ഈന്റെ അറ്റമെവിടാ’’

‘‘അറബി കടല്’’

English Summary: Munthiri Vallikal Story By Jamsheed Pallipram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com