sections
MORE

കണ്ണീരോടെ മാത്തച്ചൻ പറഞ്ഞു നിർത്തി; ഒരു ഭീമൻ ചക്ക താഴേക്കെന്ന പോലെ റോയിച്ചൻ തലചുറ്റി നിലത്തു വീണു...

ഒരു ലേലം വിളി(കഥ)
പ്രതീകാത്മക ചിത്രം
SHARE

ഒരു ലേലം വിളി(കഥ)

പതിവ് പോലെ മാത്തച്ചൻ വീട്ടു പറമ്പിൽ ഇറങ്ങി, ഞായറാഴ്ചകളിൽ കുർബാനയ്ക്ക് ശേഷം പള്ളി വളപ്പിൽ നടക്കാറുള്ള ലേലത്തിലേക്ക് അദ്ദേഹത്തിന്റെ വക സ്ഥിരമായി കൊടുക്കാറുള്ള സംഭാവനക്കായി പറമ്പ് മുഴുവൻ തിരഞ്ഞു. ഇത്തവണ നറുക്ക് വീണത് അപ്പച്ചൻ നട്ടു പിടിപ്പിച്ച തേൻ വരിക്ക പ്ലാവിലെ ഒരു മുഴുത്ത ചക്കക്കായിരുന്നു. 

അപ്പച്ചൻറെ മരണശേഷം അപ്പച്ചനോടുള്ള എല്ലാ സ്നേഹവും, മതിപ്പും, ബഹുമാനവും ആ പ്ലാവിനോടു കാണിച്ചുവരികയായിരുന്ന മാത്തച്ചൻ ഇത്തവണത്തെ ലേലം ആർക്കും കൊടുക്കരുതെന്ന് ഉറപ്പിച്ചു തന്നെ വണ്ടിയുമെടുത്ത് നേരെ പള്ളിയിലേക്ക് വെച്ച് പിടിപ്പിച്ചു. പള്ളിയിലേക്ക് കൊണ്ടുപോകാറുള്ള ലേലവസ്തു ക്കൾ മാത്തച്ചൻ തന്നെ വലിയ വിലക്ക് ലേലമുറപ്പിച്ചു വീട്ടിലേക്കു കൊണ്ടുവരികയാണ് പതിവ്. 

ഹിമാലയം കീഴടക്കിയവന്റെ പ്രൗഡിയിലാണ് അദ്ദേഹം വീട്ടിലേക്കു തിരിച്ചു വരിക. കഴിഞ്ഞ തവണ പറമ്പിൽ നിന്നുകൊണ്ടുപോയ ഒരു നേന്ത്രക്കുല മൂവായിരം രൂപയ്ക്കു ലേലമുറപ്പിച്ചു കൊണ്ടുവന്ന് അത് അയൽ വീട്ടുക്കാർക്ക് പങ്കിട്ടു കൊടുത്ത് ആത്‌മനിർവൃതിയടഞ്ഞ മാത്തച്ചനോടുള്ള മതിപ്പ് എല്ലാ അയൽ വാസികൾക്കും നാവിലെ നേന്ത്ര പഴത്തിന്റെ രുചി പോകും വരേയും നിലനിന്നു.

വെളുപ്പിന് ഉണർന്നാൽ പല്ലു തേക്കുന്നതിനു മുൻപ് തന്നെ രണ്ടു പെഗ്ഗ് അകത്താക്കുന്ന മാത്തച്ഛന്റെ ഈ വിക്രിയകൾ അറിയാവുന്ന നാട്ടുകാർ അയാളെ സ്നേഹത്തോടെ അയാൾ കേൾക്കാതെ “വിവരം കെട്ട കോടീശ്വരൻ” എന്ന ചെല്ലപ്പേരിട്ടു വിളിച്ചു. ഈ നാട്ടുകാരിൽ ചിലർ ലേലം വിളിക്കുന്ന സമയത്തു മാത്തച്ചനെ കൊണ്ടു കഴിയാവുന്ന അത്രക്ക് ലേലത്തുക ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ മാത്തച്ചന്റെ ലേലം വിളിക്ക് എതിർ വിളി വിളിക്കും. പള്ളിക്കു സ്ഥിരമായി നല്ല വരുമാനം ഉണ്ടാക്കി കൊടുക്കുന്നവനും സർവോപരി പൂത്ത കാശുകാരനും ആയതിനാൽ വികാരിയച്ചൻ മാത്തച്ഛനെ ലേലം വിളിക്കു ശേഷം സ്ഥിരമായി അനുഗ്രഹിച്ചു വിടും. 

കുർബാന കഴിഞ്ഞു എല്ലാവരും പള്ളിവളപ്പിൽ ലേലം വിളി കാണാൻ തടിച്ചു കൂടി നിൽക്കുകയാണ്. ലേലം വിളി ആരംഭിച്ചു. ആദ്യ വിളി മാത്തച്ചന്റെ അഞ്ഞൂറ് രൂപയിൽ തുടങ്ങി. തേൻവരിക്കപ്ലാവിനോടുള്ള മത്തച്ചന്റെ ഇഴപിരിക്കാനാവാത്ത ബന്ധം അറിയാവുന്ന റോയിച്ചനാണ് ഇന്ന് മറു വശത്ത്. മാത്തച്ചനെക്കൊണ്ട് തന്നാൽ കഴിയാവുന്ന അത്രയ്ക്കും തുകക്ക് തേൻ വരിക്ക ചക്ക ലേലത്തിൽ എടുപ്പിക്കുക എന്നതാണ് റോയിച്ചൻറെ ഇന്നത്തെ അജണ്ട. 

jack-fruit-44
പ്രതീകാത്മക ചിത്രം

മാത്തച്ചൻറെ ഗൾഫ് പണം വരുന്നതിന് മുൻപ് റോയിച്ചനായിരുന്നു ഒന്നാമൻ. അതുപോലെ മാത്തച്ചന്റെ ഓഡി കാർ നാട്ടിൽ എത്തുന്നതിനു മുൻപ് ആ നാട്ടിലെ ആദ്യത്തെ കാറും റോയിച്ചൻറെ മാരുതി 800 ആയിരുന്നു. മാത്തച്ചനെ തകർക്കുന്നതിനോട് കൂടെ നാട്ടുകാർക്കിടയിൽ നഷ്ടപെട്ട പേരും, പെരുമയും പിടിച്ചെടുക്കുക എന്നതാണ് കുറച്ചു വർഷങ്ങളായി റോയിച്ചന്റെ ലക്ഷ്യം. ലേലം വിളി അങ്ങനെ പുരോഗമിച്ചു അഞ്ഞൂറിൽ നിന്ന് ഇപ്പൊ അത് നാലായിരത്തി അഞ്ഞൂറ് വരെ എത്തി നിൽക്കുകയാണ്. 

ചുറ്റും കൂടിയവർ കരഘോഷങ്ങൾ മുഴക്കികൊണ്ട് മാത്തച്ചനും , റോയിച്ചനും ജയ് വിളിച്ചു കൊണ്ടിരിക്കു ന്നുണ്ട്. രണ്ടു പേരുടെയും മത്സരലേലം വിളി മാത്തച്ചൻറെ നാലായിരത്തി തൊള്ളായിരം എന്ന തുകയിൽ എത്തിച്ചു. റോയിച്ചന്റെ കുറുക്കൻ ബുദ്ധി വീണ്ടും ഉണർന്നു. റോയിച്ചൻ വിളിച്ചു. അയ്യായിരം, മാത്തച്ചന്റെ മറുവിളിക്കായി കൂടി നിന്നവർ ആർപ്പ് വിളികളുയർത്തി. മാത്തച്ചൻറെ അധരങ്ങളിൽ നിന്നുംമൊഴിയുന്ന മൊഴിമുത്തുകളിലൂടെ പള്ളിമേടയിലേക്കു വരുന്ന ആ ലേലത്തുക പ്രതീക്ഷിച്ചു കൊണ്ട് കൂടിനിൽക്കുന്ന വരെയെല്ലാം ആവേശത്തിൻറെ മുൾമുനയിൽ നിന്നും മോചിപ്പിച്ചു കൊണ്ട് മാത്തച്ചൻറെ ചുണ്ടുകൾ ആ വാക്കുകൾ ഉരിയാടൻ തുടങ്ങി.

jack-fruit-33
പ്രതീകാത്മക ചിത്രം

“അച്ചോ ... ഈ ചക്ക എൻറെ അപ്പച്ചന്റെ ഓർമ്മയാണ് അതുകൊണ്ട് തന്നെ എന്തുവില കൊടുത്തും ഞാൻ ഇത് സ്വന്തമാക്കും പക്ഷെ ... (എല്ലാവരും നിശബ്ദമായി ചെവിയും കൂർപ്പിച്ചു നിൽക്കുകയാണ്) .മാത്തച്ചൻ തുടർന്നു. ഈ തേൻ വരിക്ക ചക്കക്ക് ഇത്രയും വിലയുണ്ടെന്ന് എന്നേക്കാൾ ഏറെ മനസ്സിലാക്കിയ മറ്റൊരാളാണ് നമ്മുടെ പ്രിയങ്കരനായ റോയിച്ചൻ , ആയതിനാൽ ഞാൻ ലേലത്തിൽ നിന്നും പിന്മാറുന്നു. എന്റെ അപ്പച്ചന്റെ ഓർമ്മകൾക്ക് ഇപ്പോൾ ഒരു സ്മരണികയെന്നോണം ഈ ചക്ക എൻറെ മനസ്സ് നിറഞ്ഞ സന്തോഷത്തിൽ ഞാൻ റോയിച്ചന് വിട്ടു കൊടുക്കുന്നു’’

കണ്ണീരോടെ മാത്തച്ചൻ വാക്കുകൾ പറഞ്ഞു നിറുത്തി. ഒരു നിമിഷത്തെ നിശബ്‌ദത ഒരു കടലിരമ്പം ഭേദിക്കും പോലെ നാട്ടുകാർ ആർപ്പു വിളിച്ചു ചാടിയതും, ഒരു ഭീമൻ പഴചക്ക താഴേക്കെന്ന പോലെ റോയിച്ചൻ തല ചുറ്റി നിലത്തു വീണതും ഒരുമിച്ചായിരുന്നു. പതിവ് പോലെ വികാരിയച്ചൻ മാത്തച്ചനെ അനുഗ്രഹിച്ചു വിട്ടു , പിന്നെ റോയിച്ചനെ കൊണ്ട് പോകാൻ വന്ന ആംബുലൻസിൽ കയറി ആശുപത്രിയിലും പോയി, അഥവാ ഒരു അന്ത്യകൂദാശ കൊടുക്കേണ്ട അവസ്ഥ വന്നാലോ ? 

money-55
പ്രതീകാത്മക ചിത്രം

അന്ന് മുതൽ നാട്ടുകാർക്ക്, “വിവരം കെട്ട കോടിശ്വരൻ” എന്ന പഴി കേട്ടിരുന്ന മാത്തച്ചൻ നാട്ടിലെ “ബുദ്ധിയുള്ള മുഴുക്കുടിയൻ” എന്ന പുതിയ പേരിട്ട് വാഴ്ത്തപ്പെട്ടവനും. റോയിച്ചനാവട്ടെ ഒരു തേൻ വരിക്ക ചക്കയ്ക്ക് വേണ്ടി വീഴ്ത്തപെട്ടവനും ആയി.

English Summary : Oru Lelam Vili Story By Firoz Chalil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA