ADVERTISEMENT

ഒരു പ്രണയകഥ (കഥ)

‘‘ചേട്ടാ ഒരു ചായ’’. ദിവസവും ജോലിക്കു ശേഷം മുരളിയേട്ടന്റെ  കടയിൽ നിന്നൊരു ചായ, അത് പതിവാ.

ചായ കുടി കഴിഞ്ഞു ഒന്ന് കറങ്ങിയേക്കാം എന്ന് മനസ് പറഞ്ഞു. ബൈക്കിൽ ഇന്നലെ അടിച്ച പെട്രോളിന്റെ ബാക്കി ഉണ്ട് ‘‘ഫോർട്ട് കൊച്ചി വരെ എത്തിയമതിയാരുന്നു’’ ഞാൻ ആലോചിച്ചു. അങ്ങനെ സ്റ്റാർട്ട് ചെയ്തു. മിക്കവാറും ആരേലും കൂടെയുള്ളതാ, നല്ലൊരു സ്ഥലത്തു പോകുമ്പോ വായിനോക്കാനേലും  ആരേലുമുണ്ടെങ്കിൽ  അതൊരു രസവാ. ഇന്നെന്തോ ഒറ്റയ്ക്ക് പോയേക്കാം.

ജങ്കാർ കടന്നു ഫോർട്ട് കൊച്ചി കവാടത്തിലെത്തി. വണ്ടി ഒരു മൂലയ്ക്ക് വെച്ച് നടപ്പാതയിലൂടെ വെറുതെ മുന്നോട്ടു നടന്നു, കാഴ്ച്ചകൾ ഒരുപാടല്ലേ. ഒരിക്കലും മടുപ്പികത്തില്ല. അങ്ങനെ വെറുതെ വായിനോക്കി നടക്കുമ്പോൾ ഒരു പാറക്കല്ല് കണ്ണിൽ പെട്ടു, അതിവേഗം ബഹുദൂരം ഞാൻ അത് സ്വന്തമാക്കി. ഇനി കുറച്ചു നേരം വെറുതെ കടലും നോക്കിയിരിക്കാം, കണ്ണിനും മനസ്സിനും ഒരുപോലെ സുഖം പകരുന്ന കാഴ്ച ഇതല്ലാതെ ലോകത്തു വേറൊന്നില്ല.

oru-pranayakadha-002

മൊബൈൽ എടുത്തങ്ങു ഓഫ് അക്കി, അല്ലെങ്കിൽ ഏതെങ്കിലും ശല്യം വരും, ഇന്നത്തെ എന്റെ മൂട് ആവഴിക്കങ്ങു പോകും. ഇന്ന് കുറച്ചു സമാധാനം വേണം. കടലയും മേടിച്ചു കൊറിച്ചോണ്ടു ഇരുന്നപ്പോഴാണ് ഞാനവനെ ശ്രദ്ധിച്ചത്. മറ്റാരുമല്ല എന്റെ പഴയകാല കൂട്ടുകാരൻ മനു. വെറുമൊരു സുഹൃത്ത് എന്നതിലുപരി എന്റെ സന്തത സഹചാരി ആയിരുന്നു. പക്ഷേ  പ്രണയ നൈരാശ്യത്തിൽ പെട്ട് എന്നോടും ഉടക്കി നാട് വിട്ടതിനു ശേഷം ഇന്നാണ് ഞാനവനെ കാണുന്നത്. ഇന്നത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ തേപ്പു കിട്ടിയവൻ. മനസ്സിൽ അറിയാതെ ചിരിച്ചു.

അവന്റെ അടുത്തേക്ക് നടന്നു ‘‘മനു’’ഞാൻ വിളിച്ചു കേട്ടപാടെ ഒന്ന് നോക്കി അവനു ആളെ മനസിലായി എഴുന്നേറ്റു. നിന്നെ ഡാ! എത്ര നാളയെടാ കണ്ടിട്ട് എന്ന് ചോദിച്ചു കെട്ടിപിടിക്കും എന്ന് വിചാരിച്ച എനിക്ക് മുന്നിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.

‘‘ആരിതു നീയോ ഇരിക്ക്’’ സൗമ്യമായ ഭാഷയിലുള്ള  മറുപടി. ഞാൻ അവന്റെ അരികിലായി ഇരുന്നു പലതും അറിയുവാനുള്ള ആകാംഷ ഉണ്ടായിരുന്നു. പക്ഷെ അവന്റെ സാഹചര്യങ്ങൾ അറിയാത്തതിനാൽ ഞാൻ ഒന്നും ചോദിച്ചില്ല. 

‘‘എന്തുണ്ട് വിശേഷം?’’ഞാൻ ചോദിച്ചു.

‘‘സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു’’ അവന്റെ മറുപടി 

‘‘നീ ഇപ്പോൾ എവിടെയാണ് ?’’ ഞാൻ ചോദിച്ചു.

‘‘ഞാൻ ഇപ്പോൾ  തൂണിലും തുരുമ്പിലും ഉണ്ട് ഇതാണെന്റെ സ്വർഗം’’ അവന്റെ മറുപടി.

oru-pranayakadha-003

സത്യത്തിൽ ഞാനൊന്നു പരിഭ്രമിച്ചു, ഇവന് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടോ, അതായി സംശയം  പിന്നെ ഒന്നും ചോദിച്ചില്ല, അവൻ പറയുന്നെങ്കിൽ പറയട്ടെ. 

പെട്ടന്ന്  അവന്റെ ഭൂതകാലം എന്റെ ഉള്ളിലേക്ക് വന്നു.

അവന്റെ പ്രണയം അത് ഒരു അത്ഭുതമായിരുന്നു. പ്രണയം ലവലേശമില്ലാതെ, പ്രണയിക്കുന്നവരെ എല്ലാം പിന്തിരിപ്പിച്ചു, നാട്ടുകാർക്കും ഉപകാരി ആയി നടന്ന ഒരുവൻ.

അവളാണവനെ പ്രണയിച്ചത്. പ്രണയം എന്ന് പറയാൻ പറ്റില്ല ഒരു ആരാധന, അത് പിന്നെ കണ്ടു സംസാരിച്ചു ഇഷ്ട്ടപെട്ടു, ഇത് കുറെയൊക്കെ എന്റെ കല്പനയാണ് കേട്ടോ. കാരണം ഇന്നും എനിക്കറിയാത്തതായി എന്തൊക്കെയോ അവന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്.

പ്രണയം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ രണ്ടു പേരും വീട്ടിൽ പറഞ്ഞു, ഒരേ മതവും ഒരേ ജാതിയും ആയതു കൊണ്ട് തന്നെ ആരും തന്നെ എതിർത്തില്ല.

എന്നാൽ ഒരു ദിവസം ഞങ്ങൾ കേൾക്കുന്നത് അവളുടെ കല്യാണമാണ് അടുത്തമാസം എന്നതാണ്. കേട്ടപാതി ഞാനും അവനും കൂടെ അവളുടെ വീട്ടിൽ കയറിച്ചെന്നു, പക്ഷെ അവിടുന്നു ഞങ്ങളെ തല്ലി ഓടിച്ചില്ലെന്നുള്ളതേ ഒള്ളൂ, ആട്ടിയിറക്കി, അവള് പോലും തള്ളിപ്പറഞ്ഞു. കൂടെ നിന്ന എനിക്ക് പോലും ഒരു നിമിഷം കരയാൻ തോന്നിയതായിരുന്നു അന്ന് അവിടെ സംഭവിച്ചത്. 

അന്ന്, എന്നോട് മിണ്ടാതെ എങ്ങോട്ടു പോയി, വൈകിട്ട് വീട്ടിൽ വന്നു, ഒരു തുള്ളി പോലും കുടിക്കാത്ത അവനെ അന്ന് ഞാൻ മദ്യപിച്ചു അവശനായി കണ്ടു. കരഞ്ഞു തളർന്ന ആ കണ്ണിൽ നിന്നും നിരാശയോടെ അവനെന്നെ നോക്കി.

oru-pranayakadha-004

‘‘അവളെന്നെ ഇട്ടേച്ചു പോയല്ലോടാ, എന്ത് തെറ്റാടാ ഞാൻ ചെയ്‍തത്, എന്റെ ചങ്കോട് ചേർത്ത് പിടിച്ചു അവളെ സ്നേഹിച്ചില്ലേ, എന്റെ ജീവിതം തന്നെ അവൾക്കു വേണ്ടി ആയിരുന്നില്ലേ’’ എനിക്ക് ആശ്വസിപ്പിക്കാൻ വാക്കുകളുണ്ടായിരുന്നില്ല. പെട്ടന്ന് ദേഷ്യത്തിലെണീറ്റ  അവൻ ‘‘അവളെ ഞാൻ ഇന്നും കൊല്ലും’’ എന്നുറക്കെ ആക്രോശിച്ചു, തടഞ്ഞ എന്നെ അവൻ തള്ളി മാറ്റിയിട്ടു. നീ ഒക്കെ കൂടെയല്ലേ എന്നെ ഈ അവസ്ഥയിലാക്കിയത്, എന്ന് പറഞ്ഞു എങ്ങോട്ടോ ഓടിപ്പോയി. പേടിച്ചത് പോലെ ഒന്നും നടന്നില്ല, അന്ന് പോയ അവനെ  പിന്നെ ഇന്നാണ് കാണുന്നത്.

പെട്ടന്ന് ഇടുത്തീ പോലെ അവനെന്റെ തോളത്തു കൈയിട്ടു. ‘‘ഡാ, എനിക്ക് വട്ടാണെന്ന് തോന്നുണ്ടോ?’’ ആ ചോദ്യത്തിൽ ഞാൻ ഇളിഭ്യനായി. ‘‘എല്ലാവർക്കും തോന്നും എനിക്ക് വട്ടാണെന്ന്, പക്ഷെ അവളായിരുന്നു എന്റെ ഭ്രാന്ത്.

‘‘ഡാ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ലേ. പിന്നെന്താണ് നിന്റെ ജീവിതത്തിൽ സംഭവിച്ചത്’’ അവസാനം ഞാൻ അത് ചോദിച്ചു.

‘‘നീ ആ കളിക്കുന്ന കുട്ടികളെ കണ്ടോ? അവരുടെ കൂടെ നിൽക്കുന്ന സ്ത്രീയെ കണ്ടോ. അവരാണ് ഞാനെന്ന വ്യക്തിയുടെ സ്വർഗം’’

മുന്നോട്ടു നോക്കിയാ ഞാൻ ആ   കാഴ്ച കണ്ടു ഞെട്ടി, മീര ഇതവൾ  തന്നെ അല്ലേ, മൊത്തത്തിൽ കിളി പോയ എന്നെ പെട്ടന്ന് അവൻ വിളിച്ചുണർത്തി. നീ ആലോചിക്കുന്നത് എന്താണെന്നു എനിക്ക് മനസിലാവും. പക്ഷെ അതിനുള്ള ഉത്തരം നീ ഒന്നുകൂടെ നോക്കിയാൽ മനസിലാവും. 

വീണ്ടും നോക്കിയ എന്റെ കണ്ണിൽ മറ്റൊരാൾ പെട്ടു. അതേ മീരയുടെ ഭർത്താവു അയാളവിടെ തന്നെ ഉണ്ട്.

തിരിഞ്ഞു നോക്കിയ എന്റെയരികിൽ അവനില്ലായിരുന്നു. ദൂരെ ഒരു ചെറു പൊട്ടുപോലെ നടന്നകന്ന അവനെ ആണ് ഞാൻ കണ്ടത്.

ഇനിയെന്ത് ചോദിക്കാൻ, എല്ലാത്തിനുമുള്ള ഉത്തരം അവൻ പറയാതെ പറഞ്ഞു കഴിഞ്ഞു.

പ്രണയം, അവനു ഭ്രാന്തു തന്നെ ആയിരുന്നു അവൾ മറ്റൊരാളുടേതായപ്പോഴും  അവളുടെ സമീപ്യത്തിൽ, അവൾ പോലും അറിയാതെ ഇവൻ ജീവിക്കുന്നു. കല്യാണം അത് മാത്രമല്ലല്ലോ പ്രണയത്തിന്റെ അവസാനം, പ്രണയിക്കുന്നവൻ എന്നും അവന്റെ ഓർമകളിലൂടെ ജീവിക്കും.....   

English Summary : Oru Pranayakadha Story By Vivek Varriyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com