sections
MORE

അന്ന് ഞാൻ അങ്ങനെ നിന്നോട് ചെയ്തില്ലായിരുന്നുവെങ്കിൽ...ഒരു പക്ഷേ; അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു

നോത്രദാമിലെ പള്ളിമണികൾ
പ്രതീകാത്മക ചിത്രം
SHARE

നോത്രദാമിലെ പള്ളിമണികൾ(കഥ)

വർഷങ്ങൾക്കു ശേഷം അയാൾ അവരെ കാണുകയായിരുന്നു. വർഷങ്ങൾ എന്ന് പറയുമ്പോൾ ഒരുപാടു ഒരുപാടു വർഷങ്ങൾക്കുശേഷം. അങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീഷിച്ചതല്ലെങ്കിലും സത്യത്തിൽ അവർ അത് ആഗ്രഹിച്ചിരുന്നു. ഒരു സ്വപ്നം പോലെ വീണ്ടും എന്നെങ്കിലും, എവിടെ വച്ചെങ്കിലും കാണുമെന്നു കരുതിയെങ്കിലും,  അത് ഒരിക്കലും ഇങ്ങനെ ആയിരിക്കുമെന്ന് അവർ കരുതിയിരുന്നില്ല. 

അവരുടെ മുൻപിൽ അവരുടെ പ്രിയപ്പെട്ട നോത്രദാം കത്തീഡ്രൽ പള്ളിയുടെ ഏതാണ്ട് മിക്കവാറും കത്തി ത്തീർന്ന തിരുശേഷിപ്പുകളും, അകത്തളങ്ങളിൽ കുറേ കറുത്ത അടയാളങ്ങളും മാത്രം ബാക്കിയായിരുന്നു. പാതി കത്തിയെരിഞ്ഞ ഒരു ചിതയെ ആ ദൃശ്യം ഓർമ്മിപ്പിച്ചു.

മഴയും മഞ്ഞും വെയിലും നിറഞ്ഞ ആ പകലിൽ, ഒരു തണുത്ത ബിയറിനു ശേഷം, ഒരു വെളിപാട് പോലെ, തൊട്ടടുത്ത നോത്രദാമിലെ പള്ളിയിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സിൽ നിറയെ നിഴലുകളായിരുന്നു. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ അവരെ വീണ്ടും കാണുന്നതുവരെ. അവർ തമ്മിൽ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.അവർക്കു ഒരുപാടു പറയണമെന്നുണ്ടായിരുന്നു. കുറച്ചു നേരം പരസ്പരം നോക്കി അവർ  ഇരുന്നു. നല്ല തിരക്കുള്ള ഈസ്റ്റർ അവധിക്കാലമായിരുന്നു. എന്നിട്ടും സെയിൻ നദിക്കരയിലെ ആ ബിയർ പബ്ബിൽ അധികം തിരക്കുണ്ടായിരുന്നില്ല. 

notre-dame-cathedral-001

അയാൾ പതിവുപോലെ കത്തീഡ്രലിന്റെ മുൻപിലെ, ആൾക്കൂട്ടത്തെ നോക്കിയിരിക്കാൻ കഴിയുന്ന മൂലയിലെ സീറ്റിലിരുന്നു. അയാൾക്കിഷ്ടപെട്ട നന്നായി തണുത്ത, ബ്രൗൺ ക്രോനെൻബെർഗ് ബിയർ പബ്ബിലെ പെൺകുട്ടി കൊണ്ടുവച്ചിട്ടു കുറച്ചു നേരമായിരുന്നു.  

കത്തീഡ്രലിന്റെ മുൻപിൽ കോമാളി വേഷം കെട്ടിയ കടും നിറത്തിലുള്ള, തിളങ്ങുന്ന വസ്ത്രങ്ങളണിഞ്ഞ ഒരു ചെറുപ്പക്കാരൻ ഒരു പഴയ സൈക്കിളിൽ എന്തൊക്കെയോ കാണിച്ചു അവിടെയുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കുണ്ടായിരുന്നു. അയാളെ അധികമാരും ശ്രദ്ധിക്കുണ്ടായിരുന്നില്ല. അവൻ ആലോചിക്കുകയായിരുന്നു. എന്താണ് പറയേണ്ടത്? എവിടെയാണ് തുടങ്ങേണ്ടത്? അയാൾക്കറിയില്ലായിരുന്നു. 

അയാൾ പതുക്കെ വളരെ ആർദ്രമായി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുതുടങ്ങി. “എനിക്ക് ഇപ്പോളും നീ അത്ഭുതമാണ്. ഞാൻ ആദ്യമായി വായിക്കുവാൻ തന്ന വിക്ടർ ഹ്യൂഗോയുടെ നോവൽ ഒരിക്കൽ പോലും തിരിച്ചേൽപ്പിക്കാത്തത്? മെഡിക്കൽ എൻട്രൻസിന്റെ കനത്ത പുസ്തകങ്ങളുടെ കൂടെ നോവലുകളും കഥകളും വായിക്കുന്ന, വായിച്ച പുസ്തകങ്ങളെ കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന, ഫോർമലിന്റെ മണമുള്ള ബയോളജി ബ്ലോക്കിനെ ഇഷ്ടപ്പെടാത്ത, നീയെങ്ങനെ ഒരു ഫോറൻസിക് സർജ്ജൻ ആയിത്തീർന്നു?”

അവൾ പെട്ടെന്ന് വിതുമ്പി തുടങ്ങിയിരുന്നു. “എല്ലാം ഞാൻ നിന്നെ ഇനിയും ഓർമിപ്പിക്കണോ? ചിലപ്പോൾ ജീവിതം അങ്ങനെയാണ്. ഒരിക്കൽ പോലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ താൽപര്യമില്ലാതിരുന്ന നീയെങ്ങനെ, എന്നോടുള്ള ഇഷ്ടത്തിന്റെ പേരിൽ, തൊട്ടടുത്ത കോളേജിൽ നടന്ന യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ സംഘട്ടനങ്ങളിലും, തുടർന്നുള്ള കൊലപാതകത്തിലും വലിച്ചിഴക്കപ്പെട്ടു? എല്ലാം എന്നോട് തുറന്നു പറഞ്ഞ നിന്നോട് ഒന്നും പറയാതെ എന്തിനാണ് ഞാൻ അന്ന് പിൻതിരിഞ്ഞു നടന്നത്? അന്ന് ഞാൻ അങ്ങനെ നിന്നോട് ചെയ്തില്ലായിരുന്നുവെങ്കിൽ...ഒരു പക്ഷേ ....”

notre-dame-cathedral-004

“എനിക്കറിയാമായിരുന്നു. എല്ലാം അവസാനിപ്പിച്ചുവെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ, എന്നെ തന്നെ ഓർമിപ്പിക്കുവാൻ നീ തിരഞ്ഞെടുത്ത എളുപ്പവഴിയായിരുന്നു ഒരു വൈദിക വിദ്യാർത്ഥിയുടെ വേഷം.  ഒരർത്ഥത്തിൽ നീ അതിൽ വിജയിച്ചുവെന്ന് തന്നെ വേണം കരുതാൻ. പക്ഷെ..ഞാൻ …". അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. വളരെ ആഴമേറിയ, എന്നാൽ അത്രയൊന്നും വെള്ളമില്ലാത്ത ഒരു കിണറിന്റെ ആഴങ്ങളിൽ നിന്നും അവൾ  സംസാരിക്കുന്നതുപോലെ അയാൾക്ക്‌ തോന്നി. 

ആൾക്കൂട്ടത്തിനിടയിൽ നിന്നും നാടോടിയുടെ രൂപഭാവങ്ങളുള്ള ഒരു പെൺകുട്ടി ആ കോമാളിയുടെ അടുക്കലേക്കു വരുന്നുണ്ടായിരുന്നു. അപ്പോൾ അയാൾ അഭ്യാസങ്ങളെല്ലാം നിറുത്തി അയാളുടെ പഴയ,  ഏതാണ്ട് മിക്കവാറും പൊട്ടിപൊളിഞ്ഞ തകിലിൽ പതിയെ, പതിയെ അവളുടെ ചുവടുകൾക്കനുസരിച്ചു താളമിട്ടു തുടങ്ങി. ഒരു അപശകുനം പോലെ പെട്ടെന്ന് പെയ്തിറങ്ങിയ  ചെറിയ മഴയിൽ അപ്പോളും കോമാളി പെൺകുട്ടിയെ നോക്കി ചിരിക്കുകയായിരുന്നു. മഴ പെയ്തതും, ആൾക്കൂട്ടം ഇല്ലാതായതും, ഒന്നും തന്നെ അവർ അറിഞ്ഞിരുന്നില്ല.

രണ്ടു ലോകമഹായുദ്ധങ്ങൾക്കും, ഫ്രഞ്ച് വിപ്ലവത്തിനും മുൻപിൽ നശിക്കാതിരുന്ന നോത്രദാമിലെ കൂനന്റെ സ്വപ്നം അസ്തമയ സൂര്യന്റെ കനൽ ചിതയിൽ ഒരു നെരിപ്പോട് പോലെ ഇല്ലാതെയാകുന്നത് പോലെ കാണപ്പെട്ടു.  

“നീ ഇവിടെ പാരിസിൽ ഒരു വൈദികനാണെന്നു കുറെ വർഷങ്ങൾക്കു മുൻപ് കേട്ടിരുന്നു.  പിന്നെ ഒരു അറിവുമില്ലായിരുന്നു. ഒരിക്കൽ കാണുമ്പോൾ നിന്റെ മുൻപിൽ മനസ്സ് തുറന്നു സംസാരിക്കണം എന്നുണ്ടായിരുന്നു”. 

അതുകേട്ടപ്പോൾ അയാൾ ആദ്യമായി ചിരിച്ചു. അയാൾ വെറുതെ അവരെയൊന്ന്  നോക്കി. അയാൾ തുടർന്നു: ‘‘കുറച്ചു വർഷങ്ങൾക്കു മുൻപ് എന്റെ ഒരു വളരെയടുത്ത സുഹൃത്തിനെ വിവാഹം കഴിച്ചു. ഇവിടെ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി അദ്ധ്യാപികയാണ്,”

notre-dame-cathedral-002

അത് പറഞ്ഞപ്പോൾ അവർ വളരെ മനോഹരമായി ചിരിച്ചുകൊണ്ട് പറഞ്ഞു: "പൂച്ചക്കണ്ണുകളുള്ള, സ്വർണ്ണമുടികളുള്ള, പള്ളിയിൽ പിയാനോ വായിക്കുന്ന നിന്റെ സ്വപ്നങ്ങളിൽ കടന്നു വരാറുള്ള ഒരു സുന്ദരികുട്ടി? എന്നെക്കുറിച്ച് നീ അവരോടു പറഞ്ഞിട്ടുണ്ടോ? എനിക്ക് ഒന്ന് കാണണമെന്നുണ്ട്?’’

“ഞാൻ എങ്ങനെയാണ് ദൈവത്തിന്റെ അൾത്താരയെ കുറിച്ചു ഒരു ജൂത പെൺകുട്ടിയോട് പറഞ്ഞുകൊടുക്കുക? ഓഷ്‌വിറ്സിലെ മരണം മണക്കുന്ന ഗ്യാസ് ചേംബറുകളിലായിരിക്കും ഒരു പക്ഷേ അവളുടെ അമ്മ അവസാനമായി ദൈവത്തെക്കുറിച്ച് ഓർക്കുവാൻ ശ്രമിച്ചത്? എന്നിട്ടും വളരെ വിചിത്രമായ കാര്യം അവളുടെ പേരിന്റെ അർഥം ദൈവം കരുണയുള്ളവനാണ് എന്നാണ്. പതിനൊന്നു വർഷങ്ങൾ ദൈവശാസ്ത്രം പഠിച്ച എനിക്ക് അവളോട് ദൈവത്തെ കുറിച്ച് മനസിലാക്കി കൊടുക്കുവാൻ കഴിയില്ല. 

എല്ലാ ഞായറാഴ്ചകളിലും ഞാൻ ഇവിടെ  പള്ളിയിൽ  വരുമ്പോൾ, തൊട്ടടുത്ത അനാഥാലയത്തിലെ കുട്ടികൾക്ക് സമ്മാനപൊതികളുമായി മകളെയും കൂട്ടി പോകുന്ന അവരോടു ഞാൻ നിന്നെക്കുറിച്ച് ഒത്തിരി പറഞ്ഞിട്ടുണ്ട്.  ഒരു പാട് പുസ്തകങ്ങൾ വായിക്കുന്ന, പുതിയ പുസ്തകങ്ങളുടെ മണം ഇഷ്ടപെടുന്ന നിന്നെ കുറിച്ച്”.

“പഴയതു പോലെ നമുക്കൊന്ന് നടന്നാലോ?”  ഇവിടെ വരുമ്പോൾ നിന്നെ കാണണം, കുറച്ചു സംസാരിക്കണം, ദൈവത്തിന്റെ അൾത്താരയിൽ ഡ്രംസ്  വായിക്കുന്ന നിന്റെ വിരലുകളിൽ ചേർത്ത് പിടിച്ചു വെറുതെ കുറച്ചു ദൂരം ഒരുമിച്ചു നടക്കുമ്പോൾ നീ പറയുമോ? എതിർ ടീമിലെ കളിക്കാരന്റെ മുന്നേറ്റങ്ങളെ തടുക്കുമ്പോളും  പ്രതിയോഗിയുടെ കാൽവേഗങ്ങളെ പ്രണയിച്ചു പോകുന്ന ഡിഫെൻഡറുടെ മനസിനെ കുറിച്ച്, കാലങ്ങൾ സഞ്ചരിച്ച തൂവലുകൾ കൊഴിയുമ്പോൾ  ഈറനണിയുന്ന  ദേശാടനപക്ഷികളുടെ ആർദ്രതയെ കുറിച്ചു?" 

കുരിശിലേറ്റാൻ കൊണ്ട് പോകുന്നവനെപോലെ അയാൾ ഒന്നും മിണ്ടാതെ നടന്നു. അവർ പതിയെ നടക്കുമ്പോൾ അവർക്കിടയിലൂടെ ഒരുപാടു ടൂറിസ്റ്റുകൾ അവരെ കടന്നു പോകുന്നുണ്ടായിരുന്നു. 

notre-dame-cathedral-005

പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കത്തീഡ്രലിന്റെ അകത്തോട്ടു കയറുവാൻ നിർവ്വാഹമില്ലായിരുന്നു. അവർ നടന്നു തൊട്ടടുത്തുള്ള സെമിത്തേരിയിലേക്കു കയറി. മതിലുകളില്ലാത്ത, വാതിലുകളില്ലാത്ത, അകലങ്ങളില്ലാതെ എല്ലാവരും ഒന്നാകുന്ന സെമിത്തേരികളെ കുറിച്ച് അവൾ പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു.

“ഇവിടെയാണ് ഏറ്റവും നല്ല പൂക്കൾ നമുക്ക് കാണുവാനാകുക. അവൾ ‘ആൻ ഫ്രാങ്കിനെ’ പോലെ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘‘മരിച്ചവർക്കാണ് ജീവിച്ചിരിക്കുന്നവരേക്കാൾ പൂക്കൾ ലഭിക്കുന്നത്? കാരണം കുറ്റബോധം കൃതജ്ഞതയേക്കാൾ തീവ്രമായ വികാരമാണ്. ജീവിതത്തിൽ ഒരിക്കൽ പോലും ഒരു പൂവ് പോലും കിട്ടാത്തവരെ  ഒടുവിൽ നമ്മൾ പൂക്കുടകളുമായി  യാത്രയാക്കുന്നില്ലേ?.” 

നേരം വളരെ ഇരുട്ടിത്തുടങ്ങിയിരുന്നുവെങ്കിലും പള്ളിമുറ്റത്ത് അപ്പോളും തിരക്കൊഴിഞ്ഞിരുന്നില്ല.  

“ഞാൻ നാളെ തിരിച്ചു നാട്ടിലേക്കു പോകും, ഇനി ഇങ്ങോട്ടു വരും എന്ന് തോന്നുന്നില്ല”. 

അയാൾ പെട്ടെന്ന് അവരെ ആർദ്രമായി ചേർത്ത് പിടിച്ചു. നിശബ്തത തളം കെട്ടിക്കടുക്കുന്ന അയാളുടെ കണ്ണുകൾ അധികം ആരും വരാത്ത പഴയ കുന്നിൻ പുറത്തെ തടാകത്തിലെ ഇരുണ്ട ആഴങ്ങളെ അവളെ  ഓർമിപ്പിച്ചു. 

അവളുടെ വലതു കവിളിൽ ഒരു കുഞ്ഞിനെ ഉമ്മ വയ്ക്കുന്നതുപോലെ അയാൾ ചുംബിച്ചു പതിയെ തിരിഞ്ഞു നടന്നു. പിന്നീട് അവളും അവിടെ നിന്നില്ല. ഇരുളും വെളിച്ചം ഇടകലർന്ന ഹോട്ടലിന്റെ നിഴലുകൾ വീണ  അകത്തളങ്ങളിലേക്കു അയാൾ നൽകിയ ഐറിസ് പൂക്കളുമായി അവൾ തിരിച്ചു നടന്നു.

പള്ളിയിൽ ഉയിർപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.

English Summary : Notre Dameile Pallimanikal Story By Dr. Babu Varghese

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA