ADVERTISEMENT

പതിമൂന്ന് വയസ്സ് പ്രായമുള്ള പെൺകുട്ടിയായിരുന്നു അവളന്ന്. എട്ടാം ക്ലാസ്സിലെ കെമിസ്ട്രിയെ പാട്ടിലാക്കാനും പണ്ടേ മെരുങ്ങാത്ത കണക്കിനെ വഴിക്ക് വരുത്താനും വേണ്ടി അവൾ ട്യൂഷന് പോയി. പഠിച്ച് പഠിച്ച് ഗപ്പൊന്നും വാങ്ങാൻ മോഹമില്ലാത്ത കുട്ടിയായതുകൊണ്ട് അത്ര ഇഷ്ടത്തോടെയായിരുന്നില്ല അവളുടെ ട്യൂഷൻ ക്ലാസ്സിലേക്കുള്ള യാത്രകൾ.

പൂജാവധി കഴിഞ്ഞ് വന്ന തൊട്ടടുത്ത വ്യാഴാഴ്ചയാണ് എന്റെ വയറ് പൊട്ടി ചോരയൊലിക്കുന്നേ എന്ന് പറഞ്ഞവൾ അലറിക്കരഞ്ഞതും, നീയൊരു പെണ്ണായെന്നറിയിച്ചു കൊണ്ടുള്ള സിഗ്നലാണതെന്ന് മാതാശ്രീ അറിയിച്ചതും. പതുക്കെ പതുക്കെ നീണ്ട തലമുടിയിൽ മുല്ലപ്പൂവും ചെവിയുടെ വശത്ത് റോസപ്പൂവും സ്ഥാനം പിടിക്കാൻ തുടങ്ങി.

അന്ന് വരെ ശ്രദ്ധിക്കാതിരുന്ന ചന്ദനക്കുറിയിട്ട പത്താം ക്ലാസ്സുകാരന്റെ മുഖം, പനയോല കൊണ്ട് മറച്ച ക്ലാസ്സുകൾക്കിടയിലൂടെ അവൾ കാണാൻ തുടങ്ങിയതും ആയിടയ്ക്കാണ്. ട്യൂഷൻ ക്ലാസ്സിലേക്കുള്ള അവളുടെ ഓട്ടത്തിന് ആവേശവും വേഗതയും കൂടിയതും ആ മുഖം കണ്ട് തുടങ്ങിയതിന് ശേഷമാണ്.

child-abuse
പ്രതീകാത്മക ചിത്രം

ആയിടയ്ക്കാണ് കെമിസ്ട്രി പഠിപ്പിക്കാൻ ചെറുപ്പക്കാരനായ പുതിയ സാറെത്തിയത്.. കണ്ണിന് ലേശം ചുവപ്പ് രാശിയുണ്ടെങ്കിലും കാണാൻ ഒരു ചന്തമൊക്കെയുണ്ടായിരുന്നു.

ഒരു ദിവസം കെമിസ്ട്രി ക്ലാസ്സിലിരുന്ന്  പനയോലക്കപ്പുറത്തെ മുഖം തിരയുന്നതിനിടയിൽ ചുവന്ന കണ്ണുകൾ മിഴിച്ച് സാർ അവളെ മുൻപഞ്ചിൽ കൊണ്ടിരുത്തി. ഡെസ്കിന് മുകളിൽ വലിപ്പമുള്ള കെമിസ്ട്രി ബുക്ക് തുറന്ന് വെച്ച് അവളിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ കാലിലൊരു തണുപ്പ്. കാൽ വലിച്ചെടുക്കാൻ പരാജയപ്പെട്ടപ്പോൾ അവൾ കുനിഞ്ഞു നോക്കി. തന്റെ കാലിനു മുകളിൽ കെമിസ്ട്രിയിലെ രാസനാമങ്ങൾ എഴുതുകയാണ് മാഷ്... ഉണ്ടകണ്ണ് മിഴിച്ച് അന്തം വിട്ടവൾ അയാളെ  നോക്കി. അവളുടെ നോട്ടത്തെ ഒറ്റക്കണ്ണിറുക്കി നോക്കി അയാൾ ശൃംഗാര ചിരി ചിരിച്ചു.

അവൾക്ക് ചെറിയ പേടി തോന്നി. പിറ്റേ ദിവസവും അയാളവളുടെ കാലിൽ അമർത്തി ചവിട്ടി പിടിച്ചു. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുമ്പോൾ കൂട്ടുകാരിയോട് അവൾക്ക് അതേ അനുഭവമുണ്ടോയെന്ന് തിരക്കി. ഇല്ലെന്നവൾ തലയാട്ടി. സീറ്റ് മാറിയിരുന്ന് നോക്കാമെന്നവൾ പറഞ്ഞു. പിറ്റേ ദിവസം നടുവിലെ ബഞ്ചിൽ നടുക്കായി ഇരുന്നിട്ടും സ്ഥലം മാറ്റിയിരുന്നതിന് കൈവെള്ളയിലടി തന്ന് വീണ്ടും മുൻ ബഞ്ചിലിരുത്തി. 

child-abuse-002
പ്രതീകാത്മക ചിത്രം

കൊലുസ്സിട്ട കാലുകൾ വല്ലാതെ പേടിച്ച് കിലുങ്ങാതായി. പനയോലക്കപ്പുറത്തെ  പ്രണയത്തെ നോക്കാനുള്ള മാനസികാവസ്ഥ അവൾക്ക് കൈമോശം വന്നു. കറുത്ത വലിയ കാലുകൾ  വിരലുകളെ ഞെരിക്കാൻ തുടങ്ങുമ്പോൾ കണ്ണുകൾ തുളുമ്പി അവൾ വിതുമ്പി കരയും. കരച്ചിൽ കാണുമ്പോൾ എന്തു പറ്റി എന്ന് ചോദിച്ചയാൾ ഒന്നുമറിയാത്ത പോലെ കവിളിൽ തലോടും. ചൊറിയൻ പുഴുക്കൾ ഇഴയുന്ന തോന്നലുകൾ കൂടിയപ്പോൾ അവൾ കരയാതിരിക്കാൻ പഠിച്ചു. 

പനി പിടിച്ച് അയാൾ വരാതിരിക്കുമ്പോൾ അവൾ കൂട്ടുകാരിയോട് അടക്കം പറഞ്ഞ് സന്തോഷിച്ചു.ഒരു ദിവസം കേട്ടു അയാളുടെ കല്യാണമായെന്ന്. കല്യാണം കഴിഞ്ഞത് കൊണ്ട് ഇനി നിന്റെ കാലിനെ ഓമനിക്കാൻ അയാൾ വരില്ലെന്ന് അവൾ ആശ്വസിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞെത്തിയപ്പോഴും അയാളുടെ കാലുകൾ അവളുടെ കാൽവിരലുകളെ തഴുകി. ഒരു കല്യാണം കൊണ്ടൊന്നും അയാളുടെ ശൃംഗാര ചുവയുള്ള നോട്ടവും കാലിലെ തഴുകലും ഇല്ലാതാകുമെന്ന പ്രതീക്ഷ തീർത്തും പോയപ്പോൾ കെമിസ്ട്രിക്ക് തോറ്റാലും വേണ്ടില്ല, ഇനി ട്യൂഷൻ വേണ്ടെന്ന് തീരുമാനിച്ചു. അമ്മാവൻ കെമിസ്ട്രി പ്രൊഫസർ ആയതു കൊണ്ട് പത്താം ക്ലാസ്സിൽ തെറ്റില്ലാത്ത മാർക്കോടെ പാസ്സായി.

dead-body
പ്രതീകാത്മക ചിത്രം

കഴിഞ്ഞ ആഴ്ച ഒരു വാർത്ത കേട്ടു, അന്നത്തെ ആ ചോരക്കണ്ണൻ മാഷ് മരിച്ചൂന്ന്... മാഷിന്റെ വീട് അറിയാമായിരുന്നിട്ടും അന്നത് വഴിയാത്ര ചെയ്തിട്ടും അവളയാളെ കാണാൻ പോയില്ല. മരിച്ച് കിടന്നാലും  ആ കാലുകൾ തന്റെ നേർക്ക് നീളുമോ എന്നവൾ ഭയപ്പെട്ടു. ഒരു മരണം കേട്ട് അവളന്ന് ആദ്യമായി സന്തോഷിച്ചു.

അദ്ധ്യാപകരായ മാതാപിതാക്കൾ ഉണ്ടായിട്ടും  ഒരദ്ധ്യാപകൻ വിടനായി മുൻപിൽ വരാറുണ്ടെന്ന് അവരോടവൾ അന്ന് പറഞ്ഞിരുന്നില്ല. പക്ഷെ ഇന്ന് അടുത്ത സുഹൃത്തിനോട് അന്നത്തെ വെറുപ്പ് ഒട്ടും ചോർന്ന് പോകാതെ പറഞ്ഞതെന്ത് കൊണ്ടാവും? മരിച്ച് പോയല്ലോ, ഇനി പോട്ടെ എന്ന് പറയുന്നവരോട്, ഉറക്കം പോയ രാത്രികൾ, കെമിസ്ട്രിയെന്നല്ല, ഒരു വിഷയം പോലും പഠിക്കാൻ പറ്റാതിരുന്ന രണ്ടാഴ്ച ഒരെട്ടാം ക്ലാസ്സുകാരിക്ക് മറക്കാനും ക്ഷമിക്കാനും കഴിയില്ലെന്ന് ഇന്നും പറയുമ്പോൾ കണ്ണ് നിറയുകയും തൊണ്ടയിടറുകയും ചെയ്യുന്ന, അവളെ എനിക്കൊത്തിരി ഇഷ്ടായത് അവൾ ഞാനായതുകൊണ്ടാണോ?

English Summary : Bad Experience From Tution Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com