ADVERTISEMENT

ഏകാന്ത പ്രണയം (കഥ)

പ്രണയവും നിലാവത്തു കണ്ട സ്വപ്നങ്ങളും ചുടുചുംബനത്തിന്റെ കുളിർമയുമില്ലാതെ ഒരു പിടി നല്ല സൗഹൃദങ്ങൾ മാത്രം ബാക്കിയാക്കി 2011 ലെ ഗുൽമോഹർ പൂത്തുലഞ്ഞ മെയ്‌ മാസത്തിൽ സ്കൂൾ ജീവിതത്തിന്റെ പടിയിറങ്ങി...

അവധിക്കാലം എക്കാലത്തെയും പോലെ ദിവസം പോകും തോറും മടുപ്പ് തോന്നിക്കൊണ്ടേയിരുന്നു അതിനൊപ്പം നാട്ടുകാരുടെ ചോദ്യ ശരങ്ങളും പ്ലസ് 2 കഴിഞ്ഞില്ലേ ഇനിയെന്താ പരിപാടി  കൊട്ടക്കണക്കിനു മാർക്ക്‌ കയ്യിൽ ഉള്ളോണ്ട് ഒരു കോളേജിലും സീറ്റ്‌ കിട്ടിയതും ഇല്ല വഴി മുട്ടി നിൽക്കുന്ന വേളയിൽ ലോണുമെടുത്തു കർണാടകയിലേക്ക് വണ്ടി കേറി എഞ്ചിനീയറിംഗ് എന്ന സാഗരത്തിലേക്ക് മനപ്പൂർവം ചാടിക്കൊടുത്തു.

സൈനും കോസും ഓക്സിജനും ഹൈഡ്രജനും എല്ലാം കൂടി തല പുകയാൻ തുടങ്ങിയ വേളയിലാണ് മെല്ലെയൊന്ന് നാട്ടിൽ പോയി വന്നാലോ എന്നൊരു വെളിപാടുണ്ടാവുന്നത് ഒന്നും നോക്കിയില്ല  അടുത്ത ക്ലാസും കട്ട്‌ ചെയ്ത് കയ്യിൽ കിട്ടിയ ഡ്രെസ്സും വാരിക്കെട്ടി വണ്ടി കേറി.. 

സായാഹ്നസൂര്യൻ മേഘങ്ങളോട് യാത്ര പറഞ്ഞിറങ്ങിയ നക്ഷത്രങ്ങൾ കൺചിമ്മി കളിക്കുന്ന രാത്രിയുടെ യാമങ്ങളിലാണ് നാട്ടിൻപുറത്തെ ബസ്റ്റോപ്പിൽ ബസ് ഇറങ്ങിയത്. മഴ തോർന്ന ഗ്രാമാന്തരങ്ങളിൽ തണുത്ത കുളിർക്കറ്റ് വീശിക്കൊണ്ടേയിരിക്കുന്നു കവുങ്ങിൻ തോട്ടങ്ങൾക്കിടയിലൂടെ വീട്ടിലേക്ക് നടന്നു കയറി വരാന്തയിലേക്ക് കയറിയപ്പോൾ തന്നെ കയ്യിൽ കിട്ടിയത് മൂലയിൽ പഴുപ്പിച്ചു വച്ച വഴക്കുലയാണ് അതും പൊക്കി പഴവും തിന്നുകൊണ്ടാണ് അകത്തേക്ക് കയറിയത്. 

ekantha-pranayam-04
പ്രതീകാത്മക ചിത്രം

ചിരിയമർത്തിപ്പിടിച്ച അപരിചിതമായൊരു പെൺകുട്ടി തിളങ്ങി നിന്ന കണ്ണുകളിലേക്ക് അധികം നോക്കി നിൽക്കാൻ കയ്യിലുള്ള പഴക്കുല സമ്മതിച്ചില്ല ഏതായാലും ആദ്യത്തെ കണ്ടുമുട്ടൽ തന്നെ കയ്യീന്ന് പോയ അവസ്ഥയായി എന്തായാലും ആരാന്നു അറിയാതെ അങ്ങനെ വിടാൻ പറ്റൂലല്ലോ അങ്ങനെ ഒടുവിൽ മനസിലായി ഏടത്തിയുടെ കസിൻ ആണ് പോലും ഇങ്ങനെയൊരു സാധനത്തിനെ കല്യാണത്തിന് കണ്ടിട്ടില്ലല്ലോ എന്നതായിരുന്നു അപ്പോൾ ആലോചിച്ചത്... 

ആ രാത്രി വൈകുവോളം ചീട്ട് കളിയായിരുന്നു പരസ്പരം കളിയാക്കി ചിരിച്ചും കാർഡ് വലിച്ചെറിഞ്ഞും ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടു എന്തോ വാ തോരാതെയുള്ള സംസാരവും പക്വതയാർന്ന പെരുമാറ്റവും വല്ലാതെയങ് ആകർഷിച്ച പോലെ ഉറങ്ങാൻ കിടന്നപ്പോഴും എന്തോ ഒരു ഫീലിംഗ്...  സിംഗിളായിരിക്കു ന്നവരുടെ പ്രണയിനി എന്നും ഉറക്കമായിരിക്കും പിറ്റേന്ന് ഉച്ചയാവോളം കിടന്നുറങ്ങി എണീറ്റപ്പോഴാണ് രാത്രിയുടെ വിങ്ങൽ വീണ്ടും ഓടി വന്നത് കണ്ണുകൾ ആരെയോ എവിടെയോ തിരഞ്ഞിറങ്ങിരുന്നു അപ്പഴേക്കും അവൾ അവളുടെ വീട്ടിൽ എത്തിയിരുന്നു.

ദിവസങ്ങളും മാസങ്ങളും പൊയ്ക്കൊണ്ടിരുന്നു ഇന്റഗ്രേഷനും സ്റ്റീലും സിമന്റും വാർക്കപ്പണിയും ഒക്കെ എഞ്ചിനീയറിംഗ് ലൈഫിന്റെ ഭാഗമായി മനസ്സിലിപ്പോഴും മായാതെ ആ മുഖം കോൺക്രീറ്റ് ഇട്ടു ഉറപ്പിച്ച അവസ്ഥയാണ്  കൂടയുള്ളവൻമാരെല്ലാം എന്നെ പോലെ ഒറ്റയാന്മാരായത് കൊണ്ട് അവരോടും പറയാൻ പറ്റൂല്ല ഇതുവരെ പ്രണയിക്കാത്തതിനാൽ ഒറ്റക്ക് ഇതൊന്നും ശരിയാക്കി എടുക്കാനുള്ള ധൈര്യവുമില്ല ആകെ മൊത്തം കൺഫ്യൂഷൻ... 

പതിവ് പോലെ ക്ലാസും കഴിഞ്ഞു റൂമിൽ എത്തിയ എന്റെ കിളി പോയ അവസ്ഥ ആയിപ്പോയി. ചുവരുകളിൽ മൊത്തം അവളുടെ പേര് എഴുതി വച്ചിരിക്കുന്നു. ക്ലാസും കട്ട് ചെയ്ത് ഓരോരുത്തവന്മാർ എടുത്തു വച്ച പണിയാണ് എന്നാലും ഇവൻമാർ എങ്ങനെ അറിഞ്ഞു എന്നതിനുത്തരം കഴുത്തിനു പിടിച്ചു കൊണ്ടാണ് തന്നത് ഏതോ പകൽ സ്വപ്നത്തിന്റെ ആലസ്യത്തിൽ പുസ്തകത്തിൽ എഴുതി വച്ച പേരും ലൗവിന്റെ ചിഹ്നവും എല്ലാം കയ്യോടെ പൊക്കി.

പ്രണയത്തിൽ എപ്പോഴും സുഹൃത്തുക്കളുടെ സഹായം പറഞ്ഞറിയിക്കാൻ ആവാത്തതായിരിക്കും ചുരുക്കി പറഞ്ഞാൽ പിന്നെ എനിക്കൊന്നും ചിന്തിക്കേണ്ടി വന്നില്ല.  അവൾ പഠിക്കുന്ന കോളേജ് കണ്ടുപിടിച്ചു അവളുടെ കൂടെ പഠിക്കുന്ന കുട്ടിയോട് അവളുടെ നമ്പറും വാങ്ങി എന്നെക്കൊണ്ട് ആദ്യത്തെ മെസ്സേജും അയപ്പിച്ചു. മെസ്സേജുകൾ കാളുകളിലേക്കു വഴിമാറി ഒരുപാട് സംസാരം തമാശകൾ അങ്ങനെ അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അപ്പോഴും മനസിലുള്ള പ്രണയം തുറന്നു പറയാൻ ധൈര്യം വന്നില്ല.

ekantha-pranayam-01
പ്രതീകാത്മക ചിത്രം

അവസാനം അതിനും ഫ്രണ്ട്‌സ് തന്നെ വേണ്ടി വന്നു. ഏതായാലും അവൾ സംഭവം അറിഞ്ഞു എന്നുറപ്പായ ശേഷമുള്ള ആദ്യത്തെ കാൾ ഇങ്ങോട്ട് വന്നു  വിറയൽ കൊണ്ട് അറ്റൻഡ് ചെയ്യാനും പറ്റുന്നില്ല. ആകെ മൊത്തം വിയർക്കാൻ തുടങ്ങി ഹലോ പറയുന്നതിന് മുന്നേ വന്നു സാധാരണ ഡയലോഗ് നിന്നെ ഞാൻ അങ്ങനെയല്ല കണ്ടത്, മോശായിപ്പോയി ഒരുപാട് ഡയലോഗ് ഇനി എന്നെ വിളിക്കരുത് മെസ്സേജ് അയക്കരുത്... അങ്ങനെ അതിനൊരു തീരുമാനമായി. 

2 വർഷങ്ങൾ പരസ്പരം കണ്ട നിമിഷങ്ങൾ ഒക്കെയും മുഖം തിരിച്ചു നടന്നു ചിരി പോലുമില്ലാതെ കടന്നു പോയ വർഷങ്ങൾ ഞാൻ നിശബ്ദമായി അവളെ പ്രണയിച്ചുകൊണ്ടേയിരുന്നു. എന്നെങ്കിലും മനസിലാക്കും എന്ന വിശ്വാസത്തോടെ. ഒരുപാട് മുഖങ്ങൾ കോളേജിൽ കണ്ടെങ്കിലും ഒന്നിനും എന്റെ മനസിലെ ചിത്രം മായ്ച്ചു വരക്കാനായില്ല.. 

എൻജിനീയറിങ്ങിന്റെ നിലയില്ലാ കയത്തിൽ മുങ്ങിത്താണു ശ്വാസം മുട്ടി നിന്ന ദിനരാത്രങ്ങളിൽ ഒന്നിലാണ് അവിചാരിതമായി വാട്സാപ്പ് ഒന്ന് നിലവിളിച്ചത്. അപരിചിതമായ നമ്പർ ഒരു ഹായ്  ആരാണെന്നു ചോദിക്കുന്നതിനു മുന്നേ സ്വയം പരിചയപ്പെടുത്തി. കാല് മുതൽ തലവരെ കയറിയ വൈദ്യുതാഘാതം ഒന്ന് ശരിയായപ്പോൾ ഞാൻ മറുപടി കൊടുത്തു. രാത്രിയും പകലുമില്ലാതെ ക്ലാസ്സുകളിൽ പോലും ശ്രദ്ധിക്കാതെ ഞാൻ സംസാരിച്ചുകൊണ്ടേയിരുന്നു.

 പ്രണയം കൊണ്ടാണോ സൗഹൃദം കൊണ്ടാണോ അവൾ  സംസാരിക്കുന്നത് എന്ന സംശയമായിരുന്നു എനിക്ക് എന്റെ മനസിലാണെങ്കിൽ അടങ്ങാത്ത പ്രണയവും. അങ്ങോട്ടൊന്നും പറയാതെ തന്നെ ഒരുദിവസം പറഞ്ഞു സുഹൃത്തായിട്ട് കാണാമെങ്കിൽ മാത്രം സംസാരിച്ചാൽ മതി. അല്ലെങ്കിൽ വേണ്ട എന്ന്.  മനസ്സിൽ ഒന്നും പ്രവർത്തിയിൽ മറ്റൊന്നും ചെയ്യാൻ എനിക്ക് മനസ് വരാത്തത് കൊണ്ട് തന്നെ അങ്ങനെ എനിക്ക് പറ്റില്ല എന്ന് പറഞ്ഞതോടെ വീണു അടുത്ത ബ്ലോക്ക്‌.

അപ്പോഴേക്കും ക്ലാസിൽ ഇരുന്നു അയച്ച മെസ്സേജുകളുടെ ഒകെ പാർശ്വ ഫലങ്ങൾ  സപ്ലികളായി എന്നോടൊപ്പം കൂടിയിരുന്നു പിന്നെയുള്ള കാലങ്ങൾ കോളേജ് കഴിയുന്ന വരെ പ്രണയം സപ്ലികളോട് മാത്രമായിരുന്നു  2015 ന്റെ  മഴയുള്ളൊരു പകൽ പ്രണയിനി ഇല്ലാതെ മനസിലെ പ്രണയവും കൊണ്ട്  കോളേജിനോട് സലാം പറഞ്ഞിറങ്ങി.

ekantha-pranayam-03
പ്രതീകാത്മക ചിത്രം

ഓർമകളിൽ എപ്പോഴൊക്കെയോ വാട്സാപ്പ് നിലവിളിക്കുമായിരുന്നു. കെട്ടു പോവാത്ത ചില കനലുകളിൽ കാറ്റു വീശുന്ന പോലെ അപ്പോഴൊക്കെയും അവ വീണ്ടും കത്തുവാനായി വെമ്പൽ കൊണ്ടു മാറ്റങ്ങളേതു മില്ലാതെ കണ്ണീർ തുള്ളികളെ തട്ടിയിട്ട് ആ കാറ്റു വീണ്ടും തിരിച്ചു പോകും എന്നെങ്കിലും വീണ്ടും വരാം കെടാതെ ആ കനലിനെ സൂക്ഷിക്കുവാൻ എന്ന് പറയാതെ പറഞ്ഞു കൊണ്ട്. 

ഇന്നും അവളെന്നോട് സംസാരിച്ചിരുന്നു നമുക്ക് നല്ല സുഹൃത്തുക്കളായിക്കൂടെ എന്നാണ് അവൾ അവസാനം ചോദിച്ചത്.  അവളുടെ ചോദ്യങ്ങൾക്കും എന്റെ ഉത്തരങ്ങൾക്കും മാറ്റമില്ലാത്തിടത്തോളം ഇത് തുടർന്ന് കൊണ്ടേയിരിക്കും. മാസങ്ങൾക്കപ്പുറം അവൾ പിന്നെയും സൗഹൃദം തേടി വരും എന്ന പ്രതീക്ഷയോടെ ഞാൻ ഉറങ്ങുകയാണ്. കഴിഞ്ഞ 9 വർഷങ്ങൾ ഉറങ്ങിയത് പോലെ പാഴ്സ്വപ്നങ്ങളിൽ തലചായ്ച്ചു കൊണ്ട്.

English Summary : Ekantha Pranayam Story By Gopakumar Athikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com