ADVERTISEMENT

പ്രണയ ഗാനം (കഥ)          

മഞ്ഞ് വീണു നിൽക്കുന്ന  മനോഹരമായ ആ പ്രഭാതം പ്രവാസിയായ ജോണിക്കുട്ടിയ്ക്ക് വീണ്ടും പ്രതീക്ഷകൾ നൽകി. ഫോട്ടോയിൽ കണ്ട ലില്ലിക്കുട്ടിക്ക് പനിനീർ റോസിന്റെ  മുഖമാണ്, പള്ളിയിൽ വച്ച് ലില്ലിക്കുട്ടിയെ ആദ്യമായി കാണാൻ പോകുന്ന ദിവസം. ജോണിക്കുട്ടി അതിരാവിലെ എഴുന്നേറ്റ്കുളിച്ച് റെഡി ആയി. ഔപചാരികത ഇല്ലാതെ ഒരു പെണ്ണ് കാണൽ. പള്ളിയിൽ വരുമ്പോൾ ലില്ലിക്കുട്ടിയുമായൊരു കൂടിക്കാഴ്ച. 

ഹീറ്റർ ഓൺ ആക്കി ചൂട് വെള്ളത്തിൽ കുളിച്ചിട്ടും ടൗവ്വൽ അയയിലിടാൻ ബാൽക്കണിയിൽ വന്നപ്പോൾ തണുപ്പുകൊണ്ട് താടി വിറച്ചു. നല്ല പനിനീർ റോസ് മണമുള്ള നനുത്ത ഗന്ധം ഇളം കാറ്റിൽ അലയടിച്ചെത്തി നാസികാഗ്രങ്ങളിൽ തട്ടുന്നതുപോലെ ജോണിക്കുട്ടിയ്ക്ക് തോന്നി.

ലില്ലിക്കുട്ടിയ്ക്ക് നായ്ക്കുട്ടികളെ വലിയ ഇഷ്ടമാണ്. അവളുടെ ഇഷ്ടങ്ങളെ അംഗീകരിക്കുന്ന ആളാണെന്ന് ആദ്യമേ തന്നെ അവൾക്ക് തോന്നിക്കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും. അതുകൊണ്ടാണ് ഇത്തരമൊരാ വശ്യത്തിന് പോകുമ്പോഴും വീട്ടിലെ നായ്ക്കുട്ടിയായ ജിമ്മിയെ കൂടെക്കൂട്ടാൻ ജോണിക്കുട്ടി  തീരുമാനിച്ചത്. 

pranaya-ganam-002

ഒരു ചെറിയ പെട്ടി തയ്യാറാക്കി ജിമ്മിയെ ജോണിക്കുട്ടി  അതിനുള്ളിലാക്കി. ലില്ലിക്കുട്ടിയ്ക്കുള്ള തന്റെ ആദ്യ സമ്മാനമായി ജിമ്മിയെ  നൽകാമെന്നുറപ്പിച്ച് ഇരുൾ മാഞ്ഞ വഴിയിലൂടെ ജോണിക്കുട്ടി പെട്ടിയുമെടുത്ത് നടന്നു. ജംഗ്‌ഷനിലെ ഗോവിന്ദൻ ചേട്ടന്റെ ചായക്കട അതിരാവിലെ തുറക്കും. നാലഞ്ച് പേർ അവിടെ എപ്പോഴുമുണ്ടാകുമെങ്കിലും ഇന്നിപ്പോൾ ആരുമില്ല. ശ്രീമുരുകൻ കോവിലിൽ നിന്നുള്ള ഉണർത്ത് പാട്ട് ജോണിക്കുട്ടിയുടെ  മനസ്സിന് ശുഭദിനത്തിന്റെ ഊഷ്മളതയുടെ ഉണർവേകി.

ശ്രീമുരുകൻ കോവിലിന്റെ തിരുദർശനം നോക്കി നിന്ന് ജോണിക്കുട്ടി അൽപനേരം കണ്ണടച്ച് പ്രാർത്ഥിച്ചു. ഗോവിന്ദേട്ടന്റെ കടയിൽ നിന്ന് വെള്ളം കുറച്ചൊരു ചായ വാങ്ങി കുടിച്ചുകൊണ്ട് ആ ദിവസത്തെ പത്ര താളുകൾ അവൻ ഞൊടിയിൽ മറിച്ചു നോക്കി. എല്ലാം ഒരുതരം നൊസ്റ്റാൾജിക് അനുഭവങ്ങൾl, പ്രത്യേകിച്ച് ഒരു പ്രവാസിയ്ക്ക്. സ്പോർട്സ് പേജ് തന്നെയാണ് പണ്ടും ജോണിക്കുട്ടി ആദ്യം നോക്കാറുള്ളത്. മറ്റ് പേജുകളിലെ ചില ‘ഭീകര’ വാർത്തകളുടെ തലക്കെട്ടുകൾ തന്നെ അയാളെ  പേടിപ്പെടുത്തും. ഒരു നല്ല പ്രഭാതത്തിൽ അതൊക്കെ വായിച്ച് വെറുതെ നെഗറ്റീവ് എനർജി ഉണ്ടാക്കണോ?ചായ കുടിച്ച് തീർന്നപ്പോഴേക്കും ചാക്കോയുടെ കാൾ വന്നു.

‘അതെ...ഞാൻ പുറപ്പെടുകയായി’

ദുബായിലെ സുഹൃത്ത് ചാക്കോയുടെ പരിചയത്തിലാണ് ലില്ലിക്കുട്ടിയുടെ ആലോചന വന്നത്. ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടും ഒന്നും ശരിയാകാത്ത കഥകളൊക്കെ ചാക്കോയോട് ജോണിക്കുട്ടി പറഞ്ഞിരുന്നു. ലില്ലിക്കുട്ടി ചാക്കോയുടെ നാട്ടുകാരിയാണ്. അതുകൊണ്ട് തന്നെ ദുബായിൽ നിന്ന് തിരിക്കുമ്പോൾ ചാക്കോ ആത്മവിശ്വാസത്തോടെ അവനോട് പറഞ്ഞു. 

‘നിനക്കവളെ ഇഷ്ടമാകും, അത്രയ്ക്ക് കുറുമ്പിയാണവൾ’ 

ജംഗ്‌ഷനിൽ നിന്നും പെട്ടിയുമായി ഒരു ഓട്ടോയിൽ കയറി ജോണിക്കുട്ടി യാത്ര തിരിച്ചു. തണുത്ത കാറ്റിനെ കീറിമുറിച്ച് മുരളുന്ന ശബ്ദത്തിൽ ഓട്ടോ പാഞ്ഞപ്പോൾ പ്രണയാർദ്രമായ ഒരു ഗാനം ഓട്ടോയിലെ സ്പീക്കറിനുള്ളിൽ നിന്നും ഒഴുകിവരുന്നുണ്ടായിരുന്നു. 

കുറിച്ചിത്താനത്തുള്ള വീട്ടിൽ നിന്നും സുമാർ എട്ട് കിലോമീറ്റർ യാത്ര ചെയ്ത് ഓട്ടോ പള്ളിക്കവലയിൽ ചെന്ന് നിന്നപ്പോൾ വീണ്ടും ചാക്കോയുടെ കോൾ വന്നു. ദുബായിൽ വെളുപ്പാൻ കാലമാകുന്നതേയു ള്ളു.തന്റെ കാര്യത്തിൽ ചാക്കോ അത്രയും താൽപര്യം കാണിക്കുന്നതുകൊണ്ടാണ് ഉറക്കം കളഞ്ഞും കാര്യങ്ങൾ തിരക്കിക്കൊണ്ടിരിക്കുന്നതെന്ന് ഓർത്തപ്പോൾ ജോണിക്കുട്ടിയ്ക്ക് അവനോട് വലിയ കടപ്പാട് തോന്നി. ചാക്കോ ഒപ്പം ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകുമായിരുന്നുവെന്ന് ജോണിക്കുട്ടി അവനോട് ഫോണിൽ പറഞ്ഞു.  

അതെങ്ങനാ ഒരു മാസം മുൻപ് അവൻ നാട്ടിൽ വന്നു പോയപ്പോഴാണല്ലോ ലില്ലിക്കുട്ടിയുടെ ആലോചന വന്നത്. അവൻ തിരികെ വന്നപ്പോൾ കാണിച്ച് തന്ന ലില്ലിക്കുട്ടിയുടെ ഫോട്ടോയിൽ നിറയെ പനിനീർ റോസ് നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. ഫോട്ടോയിൽ കാണുന്നതുപോലെ സുന്ദരിയല്ല ലില്ലിക്കുട്ടിയെന്ന് ചാക്കോ പറഞ്ഞിരുന്നു. അമിത പ്രതീക്ഷകൾ നൽകാതിരിക്കാനായിരിക്കും അവൻ മുൻകൂട്ടി അങ്ങനെ പറഞ്ഞത്. 

pranaya-ganam-003

പനിനീർ റോസുകൾക്കിടയിൽ ഒരു നായ്ക്കുട്ടിയോടോപ്പം നിൽക്കുന്ന ലില്ലിക്കുട്ടിയുടെ സുന്ദരമായ മുഖം വാട്സ് ആപ്പിൽ നിന്നും ഒപ്പിയെടുത്ത് ജോണിക്കുട്ടി പള്ളിക്കുറ്റിയുടെ അടുക്കലേക്ക് നീങ്ങി. പള്ളിക്കുറ്റിയിൽ നേർച്ചയിട്ട ശേഷം  ജോണിക്കുട്ടി അകത്ത് കയറി.  സ്വർഗ്ഗീയാനന്ദം നിറഞ്ഞ നിമിഷങ്ങളിലൂടെ പള്ളി പ്രാർത്ഥനകൾ നടക്കുന്നു. ആരാധനയ്ക്കു ശേഷവും കുറച്ച് സമയം കൂടി പ്രാർത്ഥിച്ചിരുന്നു. മിക്കവരും പിരിഞ്ഞു തുടങ്ങി. ചാക്കോ പറഞ്ഞതുപോലെ ഇളം റോസ് നിറത്തിലുള്ള ചുരിദാറണിഞ്ഞ പെൺകുട്ടി ഇതാ കണ്മുന്നിൽ, ലില്ലിക്കുട്ടി. പള്ളിയിൽ നിന്നിറങ്ങിയപ്പോൾ മുതൽ ഒരുമിച്ച് നടന്നുള്ള സംസാരമായതുകൊണ്ട് അവൾക്ക് കൂട്ട് വന്ന രണ്ട് പെൺകുട്ടികൾ അൽപം അകന്ന് നടന്നു. 

സംഭാഷണം മുഴുവനും നായ്ക്കുട്ടികളെക്കുറിച്ചാണെങ്കിലും അത് ജോണിക്കുട്ടിയെ ഒട്ടും അലോസരപ്പെടുത്തിയതേയില്ല. നന്നായി സംസാരിക്കുന്ന ലില്ലിക്കുട്ടി എല്ലാംകൊണ്ടും ജോണിക്കുട്ടി ആഗ്രഹിച്ചതുപോലുള്ള ഒരു പെൺകുട്ടി തന്നെയാണ്. പനിനീർ റോസിന്റെ ഗന്ധം നിറഞ്ഞൊഴുകുന്ന  ഒരു പനിനീർ പുഷ്പമാണ് അവളെന്ന് ജോണിക്കുട്ടി മനസ്സിൽ പറഞ്ഞു. 

‘ഒടുവിൽ ഞാൻ കണ്ടെത്തിയിരിക്കുന്നു ചാക്കോ എന്റെ പനിനീർ പുഷ്പത്തെ...’ കവിത പോലെ അവൻ പാടി, ആരും കേൾക്കാതെ.  മടങ്ങി പോകും മുൻപ് ലില്ലിക്കുട്ടി ജോണിക്കുട്ടിയെ അവളുടെ കാറിനടുത്തേക്ക് ക്ഷണിച്ചു. ലില്ലിക്കുട്ടിയോടോപ്പം വന്ന പെൺകുട്ടികൾ കാറിനകത്ത് നിന്നും ഒരു നായ്ക്കുട്ടിയെ എടുത്ത് ജോണിക്കുട്ടിയ്ക്ക് നൽകി. അവൻ കണ്ട ലില്ലിക്കുട്ടിയുടെ ഫോട്ടോയിൽ ഒപ്പമുണ്ടായിരുന്ന അതേ നായ്ക്കുട്ടി.

“ലില്ലിക്കുട്ടിയ്ക്ക് തരാനായി ഞാനും കൊണ്ടുവന്നിട്ടുണ്ട് ഒരു കിടിലൻ സർപ്രൈസ്” സ്വതസിദ്ധമായ കള്ളച്ചിരിയോടെ ജോണിക്കുട്ടി ഓട്ടോയുടെ അടുത്തേയ്ക്ക് നടന്നു. 

“സർപ്രൈസോ? അതെന്താ?” പെൺപിള്ളേരും പിറകെ ചെന്നു. 

ഓട്ടോയിൽ നിന്നും ജോണിക്കുട്ടി പെട്ടിയെടുക്കാൻ പോയ നേരം ലില്ലിക്കുട്ടി ചാക്കോയെ ഫോണിൽ വിളിച്ചു. 

“അതേയ് നിങ്ങൾ പറഞ്ഞ ആൾ ഇത് തന്നെയല്ലേ? ആളുടെ സംസാരം കേട്ടിട്ട് അത്ര സുഖം തോന്നണില്ല അതോണ്ടാ...ങ്ഹാ ചിലപ്പോൾ എനിക്ക് തോന്നിയതാകാം.”

ഫോൺ കട്ട് ചെയ്ത് കഴിഞ്ഞപ്പോഴേയ്ക്കും ജോണിക്കുട്ടി പെട്ടിയുമായി വന്നു. അവൻ പെട്ടി തുറന്ന് ജിമ്മിയെ പുറത്തെടുത്തു.

“ഇവൻ ജിമ്മി. ഇവനാണ് ആ സർപ്രൈസ്” . പ്രേമം തുളുമ്പുന്ന വാക്കുകളാൽ ജോണിക്കുട്ടി മുഖം കുനിച്ച് പറഞ്ഞു. 

“ഇതിന്റെയൊന്നും ആവശ്യം ഇനിയില്ല ജോണിക്കുട്ടി. നിങ്ങളുടെ പ്രിയപ്പെട്ട ലില്ലിക്കുട്ടിയെ നിങ്ങൾക്ക് ഇന്ന് തൊട്ട് സ്വന്തം”

ഉരുളയ്ക്കുപ്പേരി പോലുള്ള അവളുടെ പെട്ടന്നുള്ള മറുപടി ജോണിക്കുട്ടിയെ  ലജ്‌ജാവിവശനാക്കി. ചാക്കോ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇവളൊരു ബെല്ലും ബ്രെക്കുമില്ലാത്ത കുറുമ്പി പെണ്ണ് തന്നെയാണ്. 

“ഇല്ല കുട്ടി.അങ്ങനൊന്നും പാടില്ല.ഞാൻ പോയേച്ച് എന്റെ അമ്മച്ചിയേയും കൂട്ടി ഒരീസം വീട്ടിലേക്ക് വരാം” ലജ്ജയാൽ മുഖം കുനിച്ച് വീണ്ടും ജോണിക്കുട്ടി ഒരുവിധം പറഞ്ഞൊപ്പിച്ചു.

“എന്തിന്…?” അവൾക്ക് വീണ്ടും എന്തോ പന്തികേട് തോന്നി. കൂടുതൽ വിശദീകരിക്കാൻ നിൽക്കാതെ സ്ഥലം വിടുന്നതാണ് നല്ലതെന്ന് തോന്നി  അവൾ ജോണിക്കുട്ടിയോട് യാത്ര പറഞ്ഞ് കാറിൽ കയറി. രണ്ട് നായ്ക്കുട്ടികളേയും ഒരേ പെട്ടിക്കുള്ളിലാക്കി ജോണിക്കുട്ടിയുടെ ഓട്ടോയിൽ കൊണ്ട് വച്ച ശേഷം കൂടെ വന്ന പെൺകുട്ടികളും സ്ഥലം വിട്ടു. സഫലീകരിക്കപ്പെടാൻ പോകുന്ന ലില്ലിക്കുട്ടിയോടോപ്പമുള്ള ജീവിതവും സ്വപ്നം കണ്ട്  പ്രഥമ ദർശനത്തിന്റെ ഓർമ്മയ്‌ക്കെന്നപോലെ അവൾ നൽകിയ സ്നേഹ സമ്മാനവും മടിയിൽ വച്ച് അർദ്ധബോധത്തിലെന്നോണം ജോണിക്കുട്ടി വീട്ടിലേയ്ക്ക് തിരിച്ചു. 

വീടെത്തിയപ്പോൾ വൈകുന്നേരമായതുകൊണ്ട് ആളുകൾ തിങ്ങിക്കൂടുന്ന ജംഗ്‌ഷൻ എത്തും മുൻപ് ഓട്ടോ നിർത്തി ഒരു ചതുപ്പ് പാടം വഴി പെട്ടിയുമായി നടന്ന് ആകെ ക്ഷിണിച്ച് വീടിന്റെ പിറകു വശത്ത് വന്ന് കയറി. മൂന്ന് മക്കളിൽ ഇളയവനായ  ജോണിക്കുട്ടിയെ കാത്തിരുന്ന് മടുത്ത  അമ്മച്ചി വന്നുടൻ വിവരം തിരക്കി. 

‘നീ കൂട്ടുകാരന്റെ ഭാര്യയെയും കുഞ്ഞിനേയും കണ്ടോടാ?’

അമ്മച്ചിയോട് അങ്ങനെ കളവ് പറഞ്ഞിട്ടാണ് രാവിലെ പോയതെങ്കിലും ഇപ്പോൾ ജോണിക്കുട്ടിയ്ക്ക് ചെറിയ കുറ്റബോധം തോന്നി തുടങ്ങി. താമസിയാതെ തന്നെ അമ്മച്ചിയോട് കല്യാണക്കാര്യം അവതരിപ്പിക്കണമെന്ന് നിശ്ചയിച്ചുകൊണ്ട് അവൻ മുറി തുറന്ന് അകത്ത് കയറി. കിടക്കയിലിരുന്ന് ഷൂ അഴിയ്ക്കുന്നേരം മൊബൈലിൽ ചാക്കോയുടെ പുതിയ മെസ്സേജ് വന്നത് കണ്ടു. വിശദരൂപത്തിലുള്ള ഒരു വാട്സ്ആപ് മെസ്സേജ് ആയിരുന്നു അത്. ഒറ്റശ്വാസത്തിൽ അത് വായിച്ച് തീർക്കാൻ പാവം ജോണിക്കുട്ടി നന്നേ പാടുപെട്ടു.

“പ്രിയ ജോണിക്കുട്ടി, കാര്യങ്ങൾ അപ്പാടെ കൈ വിട്ട് പോയെന്ന് മനസ്സിലാക്കിയതുകൊണ്ടാണ്  വിളിക്കാൻ ശ്രമിക്കാതെ ഞാൻ ഈ മെസ്സേജ് അയയ്ക്കുന്നത്. ദുബായിൽ വച്ച് നമ്മൾ തമ്മിലുണ്ടായ ആശയ വിനിമയ ത്തിലെ തകരാർ കൊണ്ട് സംഭവിച്ച് പോയതാണെന്ന് സംശയിക്കുന്നു. താങ്കൾ പലപ്പോഴും താങ്കളുടെ വിവാഹക്കാര്യത്തെപ്പറ്റി പറയാറുള്ളതുപോലെ വീട്ടിലെ പെറ്റിന് അനുയോജ്യനായ പെയറിനെ കണ്ടുപിടിക്കുന്നതിനെപ്പറ്റിയും  സൂചിപ്പിക്കാറുണ്ടായിരുന്നല്ലോ. പറ്റിയ ഒരെണ്ണം ഇതുവരെയും കിട്ടിയില്ലല്ലോ എന്ന് മുൻപ് എപ്പോഴോ താങ്കൾ പറഞ്ഞപ്പോഴാണ് ഞാൻ ലില്ലിക്കുട്ടിയുടെ കാര്യം താങ്കളോട് പറഞ്ഞതെന്ന് ഓർക്കുന്നു. 

pranaya-ganam-004

പക്ഷേ ഞാൻ പറഞ്ഞത് താങ്കൾ തെറ്റിദ്ധരിച്ചു എന്ന് സാറാമ്മ പറഞ്ഞപ്പോൾ മാത്രമാണ്  എനിക്ക്  മനസ്സിലായത്. ലില്ലിക്കുട്ടിയെന്ന നായ്ക്കുട്ടിയെയും എടുത്തുള്ള സാറാമ്മയുടെ സെൽഫി കാണിച്ചപ്പോൾ താങ്കൾ അത് മറ്റൊരർത്ഥത്തിൽ എടുക്കുമെന്ന  കാര്യം കർത്താവാണേ ഞാൻ സ്വപ്നത്തിൽപ്പോലും കരുതിയതല്ല സാറാമ്മ എന്റെ ഭാര്യയാടോ, അവളെയാണ് താനിന്ന് പെണ്ണ് കണ്ടത്. താൻ കൊണ്ടുപോയ നായ്ക്കുട്ടിയാണ് ഞാൻ തന്റെ ജിമ്മിയ്ക്ക് കണ്ട വച്ച പെയർ ലില്ലിക്കുട്ടി. 

സാറാമ്മയ്ക്ക് ലില്ലിക്കുട്ടിയെ പോലെ കുറെ നായ്ക്കുട്ടികളുണ്ട്. നല്ല വില കിട്ടുമ്പോൾ വിൽക്കുമെങ്കിലും നായ്ക്കുട്ടികളെ വളരെ സ്നേഹത്തോടെ പരിപാലിക്കുന്നവരാകണം വാങ്ങുന്നവരെന്ന് അവൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് ഫോട്ടോയിലും, പിന്നെ ഇന്ന് നേരിട്ടും താങ്കൾ കണ്ടത് എന്റെ ഭാര്യ സാറാമ്മയെയും പിന്നെ അവളുടെ പെറ്റ് ലില്ലിക്കുട്ടിയേയുമാമായിരുന്നെന്ന്  ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു. 

ഏതായാലും താങ്കളുടെ കുടുംബത്തിലേക്ക് ലില്ലിക്കുട്ടി വഴിയെങ്കിലും ഒരു ബന്ധുത്വം ഉണ്ടാക്കാനായതിൽ ഞാനും സാറാമ്മയും സന്തോഷിക്കുന്നു. പിന്നെ സാറാമ്മ പറഞ്ഞ പ്രകാരം വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ചുവടെ ചേർത്തിരിക്കുന്നു. ലില്ലിക്കുട്ടിയുടെ വിലയായ  ആയിരത്തി അഞ്ഞൂറ് ദിർഹം ആദ്യ സാലറി കിട്ടുമ്പോൾ തന്നെ  സാറാമ്മയുടെ അക്കൗണ്ടിലേക്ക് അയച്ച് കൊടുക്കാൻ മറക്കരുത്. നേരിൽ കാണാമെന്ന വിശ്വാസത്തോടെ, സ്വന്തം സ്നേഹിതൻ. ചാക്കോ”

ചക്ക വീണതുപോലൊരു ശബ്ദം ആ മുറിയിൽ നിന്നും ഉയർന്നു. ബോധമറ്റ് ജോണിക്കുട്ടി കട്ടിലിൽ നീണ്ട് നിവർന്ന് കിടക്കുമ്പോൾ  കൊണ്ട് വച്ച പെട്ടിക്കുള്ളിൽ നിന്നും  പുതിയൊരു പ്രണയ ഗാനം  കേട്ടുതുടങ്ങി.

English Summary : Pranaya Ganam By Vinod Aanand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com