ADVERTISEMENT

ശുഭം സംഭവിക്കട്ടെ (കഥ)

ഞാൻ പിൻവാങ്ങുകയാണ് കാവ്യാ. വെറുതെ പറയുകയല്ല, ഞാൻ പറഞ്ഞില്ലേ, എനിക്ക് നിന്റെ മനസ്സുവായിക്കാനാകുമെന്ന്. ഇനി നിനക്കാശ്വസിക്കാം, ഒരു  ദീർഘനിശ്വാസമെടുക്കാം. സത്യത്തിൽ ഒരു പത്തു മിനുട്ടു സംസാരിക്കണം, സുഖ വിവരങ്ങളന്വേഷിക്കണം അത്ര മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. ഇതിപ്പോ എവിടെയൊക്കെയോ എത്തി പോയി എന്നല്ല പറഞ്ഞു വരുന്നേ.. അതിർവരമ്പുകളൊന്നും ലംഘിച്ചിട്ടില്ലെന്നറിയാം, ലംഘിക്കാൻ മനസ്സറിഞ്ഞു ശ്രമിച്ചിട്ടുമില്ല, പിന്നെന്താ ഒരു പിന്മാറ്റം എന്നായിരിക്കും ആലോചിക്കുന്നത് അല്ലേ? 

break-up563
പ്രതീകാത്മക ചിത്രം

പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപോലെ, അറിയിക്കാനുള്ളതെല്ലാം അറിയിച്ചപോലെ, ഇനിയൊന്നും ചോദിക്കാനും പറയാനുമില്ലാത്ത പോലെ. കാലങ്ങളായി ഉള്ളിലുണ്ടായിരുന്ന കാർമേഘങ്ങളൊക്കെയും  പെയ്തൊഴിഞ്ഞ പോലെ. ഇനിയിപ്പോൾ ഇതിനെ സൗഹൃദമെന്നോ, സഹോദര്യമോ എന്നൊക്കെ നമ്മൾ പറഞ്ഞാലും കാവ്യ ഇപ്പോൾ മറ്റൊരാളുടേതാണ്. മുൻപ് അങ്ങനെയായിരുന്നില്ല. ഇപ്പോ കുടുംബത്തോടും കുട്ടികളോടും ചിലവിടേണ്ട നിന്റെ സമയം ആണ് പലപ്പോഴായി ഞാൻ കവർന്നെടുക്കുന്നെടുത്തിട്ടുള്ളത് .അതൊരു തെറ്റാണ്. എന്ത് പേര് ചൊല്ലി വിളിച്ചാലും തെറ്റ് തെറ്റ് തന്നെയല്ലേ. (നിൻറെ തന്നെ വാക്കുകൾ കടമെടുക്കുന്നു )

ഒന്നും പറയാനില്ലാതെ , ഫുഡ് കഴിച്ചോ , വേറെന്താ, പിന്നെന്താ തുടങ്ങിയ സാധാരണ ചോദ്യങ്ങളുമായുള്ള മുന്നോട്ടു പോക്ക് ഒരുതരം ബോർ പരിപാടിയാണ് . സുഗന്ധമില്ലാത്ത പൂവ് പോലെ അതൊട്ടും ആസ്വാദ്യകരമാവില്ല .എപ്പോഴൊക്കെയോ ഈ ഭൂതം നിന്നെ വഴിതെറ്റിച്ചു, ഓർമ്മകൾ പറഞ്ഞു പ്രലോഭിപ്പിച്ചു. ചെറുതായിപോലും ഒരു  കളങ്കം നിന്നിലുണ്ടാക്കുന്ന  ഭൂതമാകാൻ ഇനി ഞാനില്ല. നിന്റെ സമയം പൂർണമായും നിന്റെ കുടുംബത്തിനുള്ളതാണ്. ഒരു നിഴലായി പോലും ഞാനിനി വേണ്ട. കഴിഞ്ഞതൊക്കെയും സ്വപ്നത്തിലെങ്ങാനം ഞാൻ വന്നു പറയുകയും അറിയിക്കുകയും ചെയ്തതായി കരുതുക.

ഒരു കാര്യത്തിൽ സന്തോഷമുണ്ട് എന്നെ പോലെ നഷ്ടബോധം , കാണുമ്പോഴുള്ള നൊമ്പരം , എന്നെ കുറിച്ചറിയാനുള്ള ശ്രമം അത്  നിനക്കും ഉണ്ടായിരുന്നെതറിഞ്ഞതിൽ. പിന്നെ സന്തോഷമുണ്ട് ഫാമിലി ലൈഫ് നല്ല നിലയിൽ പോകുന്നു എന്നറിഞ്ഞതിൽ.ചില ആശങ്കകളും , സംശയങ്ങളും ഉണ്ടായിരുന്നത് മാറി കിട്ടി .നീ നല്ലവളാണ്.മുൻപ് പറഞ്ഞപോലെ നിന്നെ ഞാൻ ബഹുമാനിക്കുന്നു. വലിയ നഷ്ടമായിരുന്നു എന്റേതെന്നു ഞാൻ ഒരിക്കൽ കൂടി മനസിലാക്കുന്നു.

break-ip-01
പ്രതീകാത്മക ചിത്രം

അവസാനമായി ഒന്നുകൂടി. നമ്മൾ എവിടെ തുടങ്ങിയോ എന്ത് പറഞ്ഞാരംഭിച്ചോ അവിടെ അവസാനിപ്പി ക്കണം. എന്നാലേ പിൻവാങ്ങലിനു ഒരു പൂർണത വരൂ.അന്ന് പറഞ്ഞപോലെ എനിക്കൊന്നു സംസാരിക്കണം. ഇപ്പോൾ നമ്മൾ നല്ല ഫ്രീ അല്ലെ ? ഒരു സാധാരണ സംസാരം. ഈ ആവശ്യം എന്തിന്റെയെങ്കിലും തുടക്കമാണെന്നു തെറ്റിദ്ധരിക്കരുത്. ഇതൊരു അവസാനമാണ്...വലിയ നൊമ്പരത്തിന്റെ അവസാനം.ഒരു ശുഭ സമാപ്തി അനുഭാവപൂർവം പരിഗണിക്കുമെന്ന് കരുതുന്നു. 

വല്ലപ്പോഴും സ്റ്റാറ്റസ്  കണ്ടു സംസാരിക്കുന്ന ജന്മദിനത്തിലോ ,വിവാഹ വാർഷികത്തിനോ ആശംസയറിയിക്കുന്ന ഒരാളായി ഒതുങ്ങാം.എവിടെയെങ്കിലും വച്ചെങ്ങാനും കണ്ടാൽ, മിണ്ടാതെ പോകാതെ, ഒരു പുഞ്ചിരി കൈമാറുന്ന ‘സുഖമാണോ’എന്നൊരു  വാക്ക് ചോദിക്കുന്ന പരിചിതനായ ഒരാളായി ഭൂതം കുപ്പിയിൽ കയറുന്നു.

ഇതിൻറെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ ? നിശ്ശബ്ദനായങ്ങിരുന്നാൽ മതിയായിരുന്നില്ലേ? ഞാനാവശ്യപ്പെട്ടോ എന്നെ കോൺടാക്ട് ചെയ്യണമെന്നു എന്നൊക്കെ ചിന്തിക്കുന്നുണ്ടാവും .വെറുതെ നിശബ്ദനാവുന്നതിലും നല്ലതു  എന്തേലും പറഞ്ഞവസാനിപ്പിച്ചിട്ടാവാം എന്ന് കരുതി .എനിക്ക് ബോർ അടിച്ചിട്ടല്ല ഫുൾസ്റ്റോപ്പിടുന്നെ, സല്ലാപങ്ങളൊക്കെയും  ആസ്വാദ്യകരമായിരുന്നു. ശരിക്കു ആസ്വദിച്ചിരുന്നു . പറഞ്ഞു പഴകിയതു പറഞ്ഞോണ്ടിരിക്കുന്നതും,പറയാനൊന്നുമില്ലാത്തതും രണ്ടും വിരസമല്ലേ .നമ്മളൊന്നിച്ചു കണ്ട സിനിമയിലെ പാട്ടിലെ വരികൾ ഓർമ വരുന്നു.അവസാനമായി നീ എനിക്കെഴുതിയ കത്തിലുണ്ടായിരുന്ന വരികൾ .

പിരിയുന്നു കൂട്ടുകാർ നമ്മൾ..

പിരിയാത്ത നന്മയോടെ...

നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ ...

English Summary : Shubham Sambhavikatte Story By Shameer Muhammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com