അവളാണ് എന്റെ മോളെ; കേട്ടത് ശരിയാവല്ലേ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഞാൻ ആ വീട്ടിലേക്ക് നടന്നു...

ദാമ്പത്യം (കഥ)
പ്രതീകാത്മക ചിത്രം
SHARE

ദാമ്പത്യം (കഥ)

റീന മോൾ തൂങ്ങി മരിച്ചു!

അയൽക്കാരനായ മത്തായിച്ചേട്ടൻ അത് പറഞ്ഞപ്പോൾ വിശ്വാസം വരാതെ ഞാൻ  വീണ്ടും ചോദിച്ചു.

ബീന ടീച്ചറുടെ മോളോ ?

ആ... കാലത്ത് ടീച്ചർ റൂമിൽ ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

മത്തായി ചേട്ടൻ പറയുന്നതൊന്നും കേൾക്കാനാവുന്നില്ല  ചെവിയിൽ ഒരു മൂളൽ മാത്രം.

 റീന മോൾ..!

പത്താം ക്ലാസിൽ എല്ലാം വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ മിടുക്കി.

ഒരു കുഞ്ഞു മാലാഖയുടെ മുഖമുള്ള  പ്ലസ് വൺകാരി. എപ്പോഴും മുഖത്ത് വിരിഞ്ഞ് നിൽക്കാറുള്ള പുഞ്ചിരി. വിനയവും പ്രായത്തിൽ കവിഞ്ഞ പക്വതയും. പഠനത്തിന് പുറമേ നൃത്തത്തിലും സംഗീതത്തിലും കലാപരമായ മറ്റ് കഴിവുകളിലും ഏറെ മുന്നിലായിരുന്ന റീന അയൽക്കരുടേയെല്ലാം പ്രിയങ്കരിയായിരുന്നു.

ബിജുവിന്റേയും ബീന ടീച്ചറുടേയും രണ്ട് മക്കളിൽ മൂത്തവളാണ് റീന. ഇളയവൻ നോയൽ അഞ്ചാം ക്ലാസിലാണ്. ഇവർ ഇവിടെ താമസം തുടങ്ങിയിട്ട് കുറഞ്ഞ വർഷങ്ങളെ ആയിട്ടുള്ളുവെങ്കിലും അയൽക്കാരുമായി നല്ലബന്ധം പുലർത്തിയിരുന്നു. ആർക്കും കുറ്റവും കുറവും പറയാനില്ലാത്ത ആ കുഞ്ഞു കുടുംബം സന്തോഷത്തോടെ ജീവിക്കുന്നത് തെല്ല്അസൂയയോടെ മാത്രേ ഞങ്ങൾ അയൽക്കാർ നോക്കി കണ്ടിട്ടുള്ളൂ.

കുട്ടികളോട് മാതാപിതാക്കൾ പറയാറുണ്ട്. ഈ വീട്ടിലെ കുട്ടികളെ കണ്ട് പഠിക്കാൻ ഭാര്യമാർ അവരുടെ ഭർത്താക്കന്മാരേട് ബിജുവിനെപ്പോലെ സ്നേഹനിധിയായ ഭർത്താവാകാൻ വെറുതെഉപദേശിക്കാറുണ്ട്. 

അതുപോലെ ഭർത്താക്കന്മാർ ബീന ടീച്ചറെപ്പോലെ കാര്യ പ്രാപ്തിയും ദുർചിലവുകൾ ഒഴിവാക്കി നല്ലനിലയിൽ കുടുംബം നടത്തുന്നത് മാതൃകയാക്കുന്നത് കണ്ട് പഠിക്കാൻ ഭാര്യമാരേയും ഉപദേശിക്കാറുണ്ട്.

ബിജുവിന്റേതും ബീന ടീച്ചറുടേതും പ്രണയ വിവാഹമായിരുന്നു. ബീന ടീച്ചർ നല്ല സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ അംഗമായിരുന്നു ബിജു ഒരു സാധാരണ കുടുംബത്തിലെവെറും ഓട്ടോ ഡ്രൈവറും. ഒരുപാട് നാളത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ എതിർപ്പ് വക വെക്കാതെ വിവാഹം കഴിച്ചവരാണ്. രണ്ട് വ്യത്യസ്ഥ മതക്കാരായതിനാൽ രണ്ട് വീട്ട്കാരും ഒറ്റപ്പെടുത്തിയിട്ടും അവർ സന്തോഷത്തോടെ ഒരുമിച്ച്ജീവിച്ചു.

dampathyam-03
പ്രതീകാത്മക ചിത്രം

ഇപ്പോൾ ബിജു കുറച്ച് വർഷങ്ങളായി ഗൾഫിലാണ്. വീട് വച്ചതിന്റെ കടങ്ങൾ തീർത്ത് നാട്ടിൽ തന്നെ എന്തെങ്കിലും ജോലി നോക്കണമെന്ന് കഴിഞ്ഞ ലീവിന് വന്നപ്പോഴും പറഞ്ഞിരുന്നു. കേട്ടത് ശരിയാവല്ലേ എന്ന് പ്രാർത്ഥിച്ച് കൊണ്ട് ഞാൻ ആ വീട്ടിലേക്ക് നടന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി ബോഡി പോസ്റ്റ്മോർട്ടത്തിനായി കൊണ്ട് പോവാനുള്ള ഒരുക്കത്തിലാണ്.

ബീന ടീച്ചറും നോയലും കരഞ്ഞ് തളർന്ന് നിലത്തിരിക്കുന്നു. നോയലിന് ചേച്ചിയെ ജീവനായിരുന്നു കൊഞ്ചിച്ചും ശാസിച്ചും അവന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അവന്റെ കുഞ്ഞേച്ചിയായിരുന്നു.

ബോഡി ആംബുലൻസിലേക്ക് കയറ്റി.

കൂടി നിന്നവർ എന്ത് പറയണമെന്നറിയാതെ പരസ്പരം നോക്കി നിൽക്കുന്നു. ആരോ ബിജുവിന്റെ സുഹൃത്തിനോട് ചോദിക്കുന്നത് കേട്ടു.

ബിജുവിനെ വിവരം അറിയിച്ചില്ലേ?

‘‘വൈകുന്നേരം എത്തുമെന്നാണ് പറഞ്ഞത്’’

അയാൾ മറുപടി പറഞ്ഞു.

            

 പിറ്റേ ദിവസം....

ശവമടക്ക് കഴിഞ്ഞിരിക്കുന്നു. അയൽക്കാരും കുറച്ച് സുഹൃത്തുക്കളും മാത്രമാണ് വീട്ടിൽ ഉള്ളത്. ഒരു പോലീസ് ജീപ്പ് വന്ന് വീടിന് മുന്നിൽ നിർത്തി. സർക്കിൾ ഇൻസ്പെക്ടറും മറ്റ് പോലീസ്കാരും ഇറങ്ങി വീട്ടിലേക്ക് വന്നു.

ആരാണ് ബിജു? 

ബിജു അടുത്തേക്ക് ചെന്നു.

ബാക്കി എല്ലാവരും ഒന്ന് പുറത്തേക്കിറങ്ങി നിന്നേ. കേട്ടതും എല്ലാവരും മുറ്റത്തേക്കും റോട്ടിലേക്കുമായി ഇറങ്ങി ചിലർ വീടിന്റെ പരിസരത്ത് തന്നെ നിന്നു. കുറച്ച് സമയം കഴിഞ്ഞ് കാണും ബീന ടീച്ചറെ രണ്ട് വനിതാ പോലീസ്കാർ പുറകിലെ ഡോർ തുറന്ന് ജീപ്പിൽകയറ്റി. പോലീസ്കാരും പെട്ടെന്ന് കയറി ജീപ്പ് വേഗത്തിൽ ഓടിച്ച് പോയി.

ഇതെല്ലാം കണ്ട് അമ്പരന്ന് നിന്ന നാട്ടുകാർ പെട്ടെന്ന് വീട്ടിലേക്ക് ഓടിക്കയറി. മകനേയും കെട്ടിപ്പിടിച്ചു നിന്ന് കരയുന്ന ബിജുവിനേയാണ് കാണാൻ സാധിച്ചത്. 

എന്താടാ ബിജു പറ്റിയേ...?

ഹംസക്ക ചോദിച്ചതും അവളാണ് ഹംസക്കാ എന്റെ മോളെ...

പറഞ്ഞു മുഴുവിക്കാനാവാതെ ബിജു ഉറക്കെ കരഞ്ഞു.

dampathyam-02
പ്രതീകാത്മക ചിത്രം

നമുക്ക് സ്റ്റേഷൻ വരെ ഒന്ന് പോവാം എന്ന് പറഞ്ഞ് ഞങ്ങളിൽ ചിലർ സ്റ്റേഷനിലേക്ക് തിരിച്ചു. അവിടെ ചാനലുകാരും പത്രക്കാരും ബഹളവും. തൊട്ടടുത്തുള്ളവർ പോലുമറിയാത്ത കാര്യങ്ങൾ പോലും ചാനലുകാർ എത്ര പെട്ടെന്നാണ് അറിയുന്നത്.

അവർ തത്സമയ റിപ്പോർട്ട് നടത്തുകയാണ്.

‘‘അമ്മയുടെ രഹസ്യ ബന്ധം കയ്യോടെ പിടിച്ച പതിനാറുകാരിയായ മകളെ അമ്മയും കാമുകനും കൂടി ശ്വാസംമുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി’’.

എല്ലാ ചാനലുകളിലും ബ്രേക്കിംഗ് ന്യൂസ്. വിശ്വസിക്കാനാവാതെ നിന്ന ഞങ്ങൾ നാട്ടുകാരുടെ ഇടയിലേക്ക് മൈക്കുമായി ചാനലുകാർ ഓടി വരുന്നു. അവരെ കുറിച്ച് പല ചോദ്യങ്ങൾ. ഒന്നിനും മറുപടി പറയാനാവാതെ വിഷമിച്ച ഞങ്ങളുടെ മുമ്പിൽ നിന്ന് അവർ റിപ്പോർട്ടിംഗ് തുടർന്നു.

വിവരവും വിദ്യാഭ്യാസവുമുണ്ടായിട്ടും പ്രണയവും ദാമ്പത്യവും കുട്ടികളും കുടുംബവും എന്നതിന്റെ പവിത്രത തിരിച്ചറിയാതെ പോവുന്നഅനേകായിരങ്ങളിൽ ഇത് ഒരു കഥ മാത്രം. അനാഥരെ സൃഷ്ടിക്കുന്ന അവിഹിതങ്ങളുടെ അവസാനിക്കാത്ത കഥ തുടർന്ന് കൊണ്ടേയിരിക്കുന്നത് മാനുഷികമൂല്യങ്ങളുടെ അപചയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പരസ്പര വിശ്വാസം കൊണ്ട് ചേർത്ത് വെക്കുന്ന ദാമ്പത്യ ജീവിതത്തിന്റെ മഹത്വമറിയാതെ ഒരു നിമിഷ നേരത്തെ സുഖത്തിനോ ലാഭത്തിനോ വേണ്ടി പരസ്പരം വഞ്ചിക്കുന്നവരുടേയും രക്തബന്ധങ്ങളെപോലും അപായപ്പെടുത്താൻ മടിയില്ലാത്തവരുടേയും ലോകം ഭയപ്പെടുത്തി കൊണ്ടേയിരിക്കുന്നു.

നഷ്ടപ്പെടുന്ന പരസ്പര വിശ്വാസത്തിലേക്ക്, വീട്ടിലെ കാത്തിരിപ്പുകളിലേക്ക്, പരിഭവങ്ങളിലേക്ക്, കലപില കൂട്ടുന്ന കുസൃതി കുരുന്നുകളുടെ സ്നേഹങ്ങളിലേക്ക് നമ്മുക്ക് തിരിച്ച് നടക്കാം.

ന്യൂസ് റിപ്പോർട്ടർ പറഞ്ഞവസാനിപ്പിച്ചു.

dampathyam-04

ദൂരേ എവിടെയോ നടക്കുന്നതെന്ന് കരുതി നാം കാണുന്ന വാർത്തകൾ ഇന്ന് നമ്മുടെ തൊട്ടടുത്താണ്

നല്ലതും ചീത്തയും നമ്മേ നോക്കി പഠിക്കുന്ന പുതു തലമുറക്കായി നമ്മുക്ക് നല്ല മനുഷ്യരാകാം...

         

English Summary : Dampathyam Story by Rahman Kunjon

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA