ADVERTISEMENT

കർത്താവിനെപ്പോലൊരുവൻ (കഥ)

കാതിൽ എപ്പോഴോ അലയടിച്ചിരുന്ന  ആംബുലൻസ് ശബ്ദം പതിയെ കേൾക്കാതെയായി. ഹോസ്പിറ്റൽ മുറിയും,ഡോക്ടർമാരും,പരിചരിച്ച സിസ്റ്റർമാരും, ബന്ധുക്കളും അപ്രത്യക്ഷമായി. കുഞ്ചൻ ഈ ലോകത്തോ ട് വിട പറഞ്ഞിട്ട് അധികനേരമായിട്ടില്ല. ഇനിയുള്ള കുറച്ച് ദിനങ്ങൾ  ഊരുവിളക്കാർ അവനെ ഓർക്കും. മാലാഖമാരും മനുഷ്യരും ഒത്തുചേരുന്ന,പൈദാഹങ്ങളില്ലാത്ത  ദൈവികോദ്യാനത്തിൽ അവന് ഇടം ലഭിക്കും. 

അല്ലെങ്കിൽ ചിലപ്പോൾ ദൈവകരങ്ങളിൽ നിന്ന് നിത്യമായി വേർപെട്ട് നിൽക്കുന്ന, നിരാശയും അന്ധകാരവും നിറഞ്ഞ നരകത്തിൽ ഇടം ലഭിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ പലപ്പോഴും കുഞ്ചൻ ദത്തനോട് അഭിപ്രായം തേടിയിരുന്നു. ഇതിപ്പോൾ അതൊന്നും സാധ്യമല്ല. കണ്ണീരൊഴുക്കി മാറി നിന്ന ദത്തൻ പുതിയൊരു സിഗരറ്റ് കത്തിച്ച് വലി തുടങ്ങി. 

 “നിനക്കിതിന്റെ വല്ല കാര്യോം ഉണ്ടാരുന്നോ? ഞാൻ നേരത്തെ പറഞ്ഞതല്ലേ ഒന്നും വേണ്ടാന്ന്... കർത്താവ് വിചാരിച്ചാലും നീയൊന്നും നന്നാവില്ല......”

ദത്തൻ ഒരുപക്ഷേ ഇങ്ങനെയൊക്കെയാവും ഇപ്പോൾ ചിന്തിക്കുക. അല്ലെങ്കിൽ തന്നെ അവന്റെ വാക്കുകൾ ആര് കേൾക്കാൻ? നാട്ടുകാർക്കും വീട്ടുകാർക്കും ഒരു പ്രയോജനവുമില്ലാതെ പഞ്ചായത്ത് ക്ലബ്ബിനകത്ത് പുക വലിച്ചിരിക്കലല്ലേ ദത്തന്റെ പണി. ഒരു ദിവസം ജോലിയ്ക്ക് പോയാൽ പിന്നെ ഒരാഴ്ച്ച അവന് വിശ്രമം വേണം. ഒരു ദിവസത്തെ കൂലിയായി കിട്ടിയ കാശിന് ഒരാഴ്ച്ച വലിക്കാനുള്ള സിഗരറ്റ് കിട്ടും. അതാണ് അവന്റെ ആഹാരം,വായു, എന്തിന് പ്രാണൻ പോലും! ദിവസവും രാത്രി പത്ത് മണിക്കുള്ള അവസാന ബസ്  ഇസബെല്ല പോയി കഴിഞ്ഞ്  വീട്ടിലേക്ക് മടങ്ങുമ്പോൾ ദത്തൻ ഉള്ളിലെ ഒരു ആധി പറയും. 

“ഡാകുഞ്ചാ....നമ്മൾ എന്തിനാടാ സമ്പാദിക്കുന്നേ? ഒരു വലിയ കാശുകാരനായി പെങ്ങമ്മാരെയൊക്കെ നല്ല നിലേല് കെട്ടിച്ച് വിടാൻ, അല്ലേ? അങ്ങനെ എന്റെ സമ്പാദ്യം കൊടുത്തിട്ട് അവളെയൊന്നും ഒരുത്തനും ഇപ്പം കെട്ടണ്ട…’’ അതാണ് കുഞ്ചന്റെ പ്രിയ ചങ്ങാതി ദത്തൻ!

ക്ലബ്ബിനടുത്തടുള്ള പഞ്ചായത്ത് കിണറിൽ വെള്ളമെടുക്കാൻ വരുന്ന തരുണീമണികളെ കാണുമ്പോൾ കുഞ്ച നും ദത്തനും പണ്ടൊക്കെ കിനാവ് കാണുമായിരുന്നു. കിനാവെന്ന് പറഞ്ഞാൽ ദേവലോക നർത്തകിമാരായ  രംഭയും മേനകയുമൊക്കെ അവർക്ക് വേണ്ടി മാത്രം നൃത്തമാടുന്നപോലുള്ള  നല്ല സൊയമ്പൻ കിനാവുകൾ. തനിക്കിപ്പോൾ സംഭവിച്ചതും അതുപോലുള്ള ഒരു കിനാവാണോയെന്നറിയാൻ ഒരു  കൈ ഉയർത്തി കുഞ്ചൻ ദേഹത്തൊന്ന് നുള്ളി.  

drugs-002

ഇല്ല. വിരലുകളൊന്നും അനങ്ങുന്നില്ല. മൂക്കത്ത് പഞ്ഞി തിരുകിയിട്ടുണ്ട്. ഊരുവിള പഞ്ചായത്തിലെ ആസ്ഥാ ന കവി ഊരുവിള സുഗതൻ രചിച്ച പ്രഥമ കവിതയിൽ മരണത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. ക്ലബ്ബിന്റെ വാർഷിക ദിനം ഉദ്ഘാടനം ചെയ്യാനെത്തിയ ക്രൈസ്റ്റ് ചർച്ച് വികാരി ഫാദർ ടോംസ് പുത്തേഴത്ത് ഊരുവിള സുഗതന്റെ കവിതയെ അന്ന് വാനോളം പ്രശംസിച്ചു. സങ്കൽപ്പത്തിൽ പലതും പടച്ചു വിടുന്ന ഊരുവിള സുഗതനെപ്പോലുള്ള നിർഗുണ പരബ്രഹ്മങ്ങളുണ്ടോ അറിയുന്നു മരണമെന്ന യാഥാർഥ്യത്തിനപ്പുറമുള്ള  ആ അതീന്ദ്രിയാനുഭവം! 

അന്ത്യകർമ്മങ്ങൾ ചെയ്യിക്കാൻ വന്ന ക്ഷുരകൻ വേണുക്കുട്ടൻ കഴിഞ്ഞ ആഴ്ച താടിയും മുടിയും വെട്ടിയ വകയിൽ കൊടുക്കാനുള്ള നൂറ് രൂപ ദത്തനെ കണ്ടപ്പോൾ ആവശ്യപ്പെട്ടു. അവൻ വേണുക്കുട്ടനോടുള്ള ദേഷ്യം കടിച്ചമർത്തുന്നത് കണ്ടപ്പോൾ കുഞ്ചന് ചിരി വന്നു. വേണുക്കുട്ടൻ പിന്നെ കുഞ്ചന്റെ നേർക്ക് തിരിഞ്ഞു. വെള്ള തോർത്തിൽ പൊതിഞ്ഞ കുഞ്ചന്റെ മുഖത്ത് അവൻ അൽപനേരം കണ്ണെടുക്കാതെ നോക്കി നിന്നു. ചോദിക്കുന്നതിലും കൂടുതൽ പൈസ കൂലിയായി കൊടുക്കാറുണ്ടെങ്കിലും അപ്പോൾ വേണുക്കുട്ടന്റെ മുഖത്ത് തെളിഞ്ഞത്  കുഞ്ചനോടുള്ള നന്ദി തന്നെയായിരുന്നു. 

കുഞ്ചനും  സതീശനും കൂടി തുടങ്ങിയ പുതിയ ബിസിനസ്സിൽ അംഗമാക്കണമെന്ന് വേണുക്കുട്ടൻ പല തവണ ആവശ്യപ്പെട്ടിരുന്നു. അവൻ അന്ന് എന്തറിഞ്ഞിട്ടാ? അത് നടക്കാത്തതിലുള്ള നന്ദിയും ആശ്വാസവുമാണ് ആ മുഖം നിറയെ. മൃതദേഹം ക്ലബ്ബ് വരാന്തയിൽ അല്പനേരമെങ്കിലും പൊതു ദർശനത്തിന് വയ്ക്കണമെന്ന് സതീശൻ വന്ന് വാശി പിടിച്ചു.

“ക്ലബ്ബിന്റെ ട്രെഷറാണ് മരിച്ച കുഞ്ചൻ. അപ്പൊ വയ്ക്കണ്ടായോ?” സതീശൻ ചോദിച്ചു. ‘അത് വേണോ ബ്രോ’ യെന്ന് ദത്തൻ ചോദിച്ചെങ്കിലും ക്ലബ്ബ് സെക്രട്ടറികൂടിയായ സതീശൻ പിൻവാങ്ങിയില്ല. സതീശൻ അങ്ങനെ വെറുമൊരു ക്ലബ്ബ് സെക്രട്ടറി മാത്രമല്ല, അവനുമായുള്ള ചങ്ങാത്തം ആരംഭിച്ചതിൽ പിന്നെയാണ് സിമന്റ് കമ്പനിയിലെ അക്കൗണ്ടന്റ് ആയിരുന്ന കുഞ്ചന്റെ ജീവിതം പോലും മാറിമറിഞ്ഞതെന്ന് പറയേണ്ടി വരും, കൂടുതൽ പറഞ്ഞാൽ അവനാണ് കുഞ്ചന്റെ മരണത്തിന്റെ യഥാർത്ഥ ഉത്തരവാദി ! 

ദത്തനും കുഞ്ചനും സമപ്രായക്കാരായിരുന്നെങ്കിൽ, സതീശൻ കുഞ്ചനേക്കാൾ നാലഞ്ച് വയസ്സിനെങ്കിലും  ഇളയവനായിരിക്കും. ടൂർണ്ണമെന്റുകളും, കലാമത്സരങ്ങളും നടത്തിയ വകയിൽ ക്ലബിന്റെ വരവ് ചെലവ് കണക്കുകൾ അവതരിക്കുമ്പോൾ അല്ലറ ചില്ലറ കള്ളകണക്കുകൾ എഴുതിച്ചേർത്ത് കിട്ടിയിരുന്ന ചില്ലറകൾ പണ്ട് ദത്തനെയും കൂട്ടി തിരുവനന്തപുരം അഞ്ജലി, ആതിര തുടങ്ങിയ തീയറ്ററുകാർക്ക് പങ്കുവച്ച് കൊടുത്ത രസമൊക്കെ സതീശൻ സെക്രട്ടറിയായതിൽ പിന്നെ നടന്നിട്ടില്ല. 

സതീശന്റെ അച്ഛൻ ഈയിടെയാണ് മരിച്ചത്. ആ മനുഷ്യനോട് കുഞ്ചന് വലിയ ബഹുമാനമായിരുന്നു. സ്വന്തം മകനൊരു സർക്കാർ ജോലി ആഗ്രഹിച്ചിട്ട് നടക്കില്ലെന്ന് കണ്ടപ്പോൾ പി എസ് സിയെ വെല്ലുവിളിച്ച് ജീവത്യാഗം വരിച്ചെന്നും, അതിലൂടെ  മകന് കേന്ദ്ര സർക്കാർ വകുപ്പിൽ ജോലിക്ക്  അവസരം ഉണ്ടാക്കികൊടുത്തുമെന്നാണ് നാട്ടുകാരിൽ ചില വിരുതന്മാരുടെ പറച്ചിലെങ്കിലും സത്യം അതല്ല. സതീശന് ഗൾഫിൽ പോകാനായിരുന്നു താൽപര്യം. അവൻ സർക്കാർ ജോലിക്ക് വേണ്ടവിധം  പരിശ്രമിക്കാത്തതാണ് കുഴപ്പമെന്ന് മൂപ്പർ എപ്പോഴും കുഞ്ചനോട്  പരിഭവം പറയുമായിരുന്നു.

drugs-001

സ്ട്രോക്ക് വന്നശേഷം രണ്ട് മൂന്ന് മാസം  വാട്ടർ ബെഡിൽ അബോധാവസ്ഥയിൽ കിടന്ന്, ശരീരമൊക്കെ പൊട്ടിയൊലിച്ച് കഷ്ടപ്പെട്ടാണ് ഒടുവിൽ അങ്ങേർ മരിച്ചത്. മരണം ഒരു ഭീകരാനുഭവമായി ഊരുവിളയിലെ പുതുതലമുറ കണ്ടറിഞ്ഞത് അയാളിലൂടെയായിരുന്നു. കൈയ്യിലെ സിഗരറ്റ് ദൂരെയെറിഞ്ഞ് ക്ലബ്ബിലെ പൊതു ദർശനത്തിനായി മൃതദേഹത്തിന്റെ ഒരറ്റം തോളിലേറ്റി ദത്തൻ നടത്തം തുടങ്ങി. ദത്തന്റെ  വലി ഇങ്ങനെ തന്നെ മുന്നോട്ട് പോവുകയാണെങ്കിൽ താമസിയാതെ നവധാര ക്ലബ്ബിന്റെ പുതിയൊരു  ശാഖ പരലോകത്ത് തുറക്കാനാകുമെന്ന് കുഞ്ചൻ അനുമാനിച്ചു. 

മരണമറിഞ്ഞ് എത്തിയവരായി അധികം പേരില്ല. കൂടിയാൽ ഒരു ഇരുപത്തഞ്ച് പേര് കാണും.  ‘ഇനി വല്ല ദുർമരണവുമാണോ? അങ്ങനെയെങ്കിൽ ആളുകൾ കുറവായിരിക്കും. എത്രയാലോചിച്ചിട്ടും കുഞ്ചന് ഓർത്തെടുക്കാൻ കഴിയുന്നില്ല. അതൊന്നും ഓർത്തെടുക്കാൻ ഒരു പക്ഷെ പരേതാത്മാവിന് കഴിവില്ലായിരിക്കും. അല്ലെങ്കിലും അറിഞ്ഞിട്ട് എന്ത് കാര്യം?

“നല്ല ഒരു ഉറക്കം പോലെയാണ് മരണം, സ്വപ്നം പോലും കാണാനാവാത്ത അത്ര ഉറക്കം.ബൈബിളിൽ ലാസറിന്റെ മരണത്തെക്കുറിച്ചു യേശു പറഞ്ഞത് ഓർക്കുന്നില്ലേ?  ലാസറിന്റെ ദേഹി വിട്ട് പോയെങ്കിലും മറ്റെവിടെയോ ജീവിച്ചിരിപ്പുണ്ടായിരുന്നു” അങ്ങനെ ഏതാണ്ട് അവിടെ നിന്ന ഒരു മൂപ്പീന്ന് തട്ടി വിട്ടു. അതാണത്രേ  ഉയർത്തെഴുന്നേൽക്കപ്പെട്ടത്.

 “അപ്പോൾ ഞാൻ.…?” കുഞ്ചൻ ദത്തനെ നോക്കി ചോദിച്ചു...

“കുഞ്ചാ നീ പാപം ചെയ്തു. പാപം ചെയ്ത ദേഹി മരിക്കും… “ കർത്താവൊന്നുമല്ലല്ലോ , പറഞ്ഞത് മ്മ്‌ടെ ദത്തനല്ലേ. ഹൊ! ഈ ദത്തനെക്കൊണ്ട് തോറ്റു.

വീണ്ടും ഓരോന്ന് ഓർത്തെടുക്കുകയാണെങ്കിൽ.... ദാണ്ടെ  മ്മ്‌ടെ സതീശൻ തിരുവനന്തപുരത്തേക്ക് പുതുതായി ഒരു ജോലിയ്ക്ക് പോയി തുടങ്ങി. അന്ന്  മുതൽ  ട്രെയിനിൽ അവനാണ് കുഞ്ചന്റെ സഹയാത്രികൻ. “വാട്ട് എവർ യു വാണ്ട് റ്റു ഡു, ഡു ഇറ്റ് നൗ. ദയർ ആർ ഒൺലി ടുമാറോവ്സ്” മൈക്കിൾ ലാന്റൺ എന്ന എഴുത്തുകാരൻ എഴുതിയ വരികൾ ഉരുവിട്ട്  ഒരു ദിവസം സതീശൻ വാചാലനായി. ആ വാചകം ഒരു തുടക്കമായിരുന്നു, എല്ലാറ്റിന്റെയും.

ജീവിതം ഒന്നേയുള്ളു. അത് ആസ്വദിക്കണം കുഞ്ചാ. കുടുംബം, കുട്ടികൾ,പ്രാരാബ്ദം,... ഇതൊക്കെയാണോ ജീവിതം? നമ്മൾ കണ്ടിട്ടില്ലാത്ത, ആസ്വദിച്ചിട്ടില്ലാത്ത, എന്നാൽ ഒന്ന് ശ്രമിച്ചാൽ എത്തിപിടിക്കാവുന്ന ഒരു വലിയ ലോകം നമുക്ക് ചുറ്റിലുണ്ട്. വേണ്ടത് പണമാണ്. എങ്ങനെയും പണം ഉണ്ടാക്കണം. മാർഗ്ഗമല്ല,ലക്ഷ്യമാണ് പ്രധാനം എന്റെ കുഞ്ചാ…

സതീശന് ചില വലിയ പുള്ളികളുമായിട്ട് ഇടപാടുകളുണ്ട്. ഞാനും അവന്റൊപ്പം ചേർന്ന് ഒന്ന് കളിക്കും.നീ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിച്ചേക്കണം ദത്താ.കിട്ടുന്നതിൽ ഒരു വിഹിതം നിനക്കുള്ളതാണ്. നിന്റെ പെങ്ങമ്മാരെ നല്ല നിലയിൽ കെട്ടിച്ച് വിട്ട് നീയും ഒരു കുടുംബമൊക്കെ ഉണ്ടാക്കണം.  അന്ന് രാത്രി ഇസബെല്ലയും പോയി കഴിഞ്ഞ് വീട്ടിലേക്ക് നടക്കും വഴി കുഞ്ചൻ ദത്തനോട് പറഞ്ഞു.

drugs-003

വേണ്ടാ കുഞ്ചാ. നീ കുഴീലൊന്നും ചെന്ന് ചാടരുത്. സതീശന് മുന്നും പിന്നും നോക്കാനില്ല. എങ്ങനെയും കുറച്ച് പണം ഉണ്ടാക്കി വല്ല്യ പത്രാസുകാരനാകാനാണ് അവന്റെ പൂതി. നിനക്ക് കുടുംബോം കുട്ട്യോളും ഉള്ളതാണേ... ഊരുവിള വിട്ട് നിനക്കും എനിക്കും ഒരു ലോകം ഉണ്ടോ കുഞ്ചാ…?

ദത്തൻ പറഞ്ഞത് ശരിയാണെന്ന് അപ്പോൾ സമ്മതിച്ചെങ്കിലും നാഗർ കോവിലെത്തി ചരക്ക് കൈമാറി ആദ്യ ഗഡു കൈയിൽ കിട്ടിയ ദിവസം ആഘോഷമായിരുന്നു. ഉപദേശം  കുറെ വാരി വിതറിയ ദത്തൻ തന്നെയാണ് അന്ന് ആദ്യത്തെ കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർന്ന് നൽകിയതും. സംഗതി  സേഫ് ആണെന്ന് കണ്ടതോടെ  നാഗര്‍കോവിൽ യാത്രകൾ പിന്നെയും തുടർന്നു. രണ്ടാമത്തെ ഗഡു കിട്ടിയപ്പോൾ  കുഞ്ചൻ ചെറിയൊരു തുക ദത്തന് വാഗ്ദാനം ചെയ്തു.

‘‘അർഥമെത്ര വളരെയുണ്ടാകിലും തൃപ്തിയാകാ, മനസ്സിന്നൊരുകാലം’’. കവി സത്യവചസ്സ് ഒരിക്കൽ പാടിയതുപോലെ ഏതാണ്ട് ഒരെണ്ണം അന്ന്  ദത്തൻ കുഞ്ചന്റെ നേർക്കങ്ങ് കാച്ചി. അവനത് എവിടന്ന് കിട്ടീന്ന് ഇന്നും മനസ്സിലായിട്ടില്യ.

നാഗർകോവിൽ യാത്ര മൂലം ഓഫീസിൽ ആബ്സെന്റ് ആകാൻ തുടങ്ങിയപ്പോൾ കമ്പനിയിലെ മാനേജർ ഒരു ദിവസം കുഞ്ചനോട് വിശദീകരണം തേടി. അക്കൗണ്ടന്റ് ജോലി രാജി വയ്ക്കാൻ സതീശൻ കുഞ്ചനെ ഉപദേശിച്ചു. 

അവിടന്ന് കിട്ടുന്ന നക്കാപിച്ചയ്ക്ക് നിൽക്കാതെ നീ ഫുൾ ടൈം എന്നോടൊപ്പം കൂടാൻ നോക്ക് കുഞ്ചാ…

ഏറെ ചിന്തിച്ചിട്ടാണെങ്കിലും അത് തന്നെ ഒടുവിൽ കുഞ്ചൻ ചെയ്തു. എന്നും രാവിലെ ബാഗും തൂക്കി വീട്ടിൽ നിന്നും ഇറങ്ങിപോകുന്നത് കൊണ്ട് ജോലി രാജി വച്ചിട്ടും ഭാര്യ ശ്യാമളയ്ക്ക് സംശയമൊന്നും തോന്നിയതുമില്ല. മാത്രമല്ല, സുഖ സൗകര്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരുന്നു.രണ്ട് മക്കളെയും ഉയർന്ന നിലവാരമുള്ള സ്‌കൂളിൽ ചേർത്തു, കാർ വാങ്ങി, പുതിയ വീടിന്റെ പണി ടൗണിൽ തുടങ്ങി, അങ്ങനെ വേണ്ടതെല്ലാം ആവശ്യത്തിൽ കൂടുതൽ കിട്ടുമ്പോൾ അവളുടെ അനാവശ്യ ചോദ്യമൊഴിവാക്കാൻ മുൻകൂട്ടി ഒരു  പ്രൊമോഷൻ കഥയും കുഞ്ചൻ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു.

നാട്ടിൻ പുറങ്ങൾ ലക്‌ഷ്യം വച്ച് പുതിയ വിപണി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സതീശൻ  കുഞ്ചനെ അറിയിച്ചു. സതീശൻ പഴയ ആളൊന്നുമല്ലായിരുന്നു അപ്പോൾ. വേഷത്തിൽ തന്നെ അടിമുടി മാറ്റം വന്നു. കൈയ്യിൽ മുന്തിയ തരം  മൊബൈൽ ഫോണുകൾ. ബിസിനസ്സ്, ബോസ്, പണം ഇത്യാദി വാക്കുകൾ എപ്പോഴും വായിൽ നിന്ന് ഒഴുകികൊണ്ടിരിക്കും. അതിനിടെ സതീശന്റെ അച്ഛന് ചില സംശയങ്ങൾ ഉണ്ടെന്ന് അവൻ ഒരിക്കൽ കുഞ്ചനോട് പറഞ്ഞു.

മൂപ്പര് കേന്ദ്ര സർവ്വീസിലൊക്കെ ഇരിക്കുന്ന ആളല്ലേ.കൂടാതെ മയക്ക് മരുന്ന് മാഫിയ നാട്ടിൽ വേരുറപ്പിക്കു ന്നുവെന്ന വാർത്ത ഇടയ്ക്കിടെ പത്രങ്ങളിലും ടിവിയിലും വരുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ സതീശൻ  പിടിക്കപ്പെട്ടാൽ മൂപ്പരുടെ ജോലിക്കും ദോഷമുണ്ടാകും. ആയിടെ രണ്ട് മൂന്ന് ദിവസം അങ്ങേർ കുഞ്ചനെ തിരക്കി വീട്ടിൽ വന്നുവെന്ന് ശ്യാമള പറഞ്ഞറിഞ്ഞു.അങ്ങേർക്ക് പിടി കൊടുക്കാതെ കുറെ നാളുകൾ പിന്നെ  കുഞ്ചൻ മുങ്ങി നടന്നു.

ice-cream-drugs-001

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ശ്യാമളയുടെ ഏറെ നാളത്തെ ആഗ്രഹപ്രകാരം പെട്ടന്നൊരു ദിവസം ഒരു ടൂർ കുഞ്ചൻ പ്ലാൻ ചെയ്തത്.  ഊട്ടി,കൊടൈക്കനാൽ ചുറ്റി എല്ലാംകൂടി ഒരു നാല് ദിവസത്തെ യാത്ര. ശ്യാമളയെയും രണ്ട് പെൺ മക്കളെയും കൂട്ടി വെളുപ്പിന് തന്നെ യാത്ര തിരിച്ചു. ബോസ് ഒരാഴ്ച്ച വിദേശത്ത് പോവുകയാണന്ന് ഇന്നലെയാണ് സതീശൻ കുഞ്ചനെ വിളിച്ച് പറഞ്ഞത്. അത് കഴിഞ്ഞാൽ പിന്നെയും തിരക്കാവും. വിനോദ യാത്ര പോകണമെന്ന് വാശിപിടിക്കുമായിരുന്ന കുട്ടികളെ ശ്യാമള നിർബന്ധിപ്പിച്ച് കൂടെകൂട്ടിയത് കണ്ടപ്പോൾ പെട്ടെന്നിങ്ങനെ ഒരു യാത്ര വേണ്ടിയിരുന്നില്ലെന്ന് തോന്നി. യാത്ര ഒരു ദിവസം പിന്നിട്ടപ്പോഴേക്കും പിള്ളേർ ഒരുതരം അസ്വസ്ഥത പ്രകടിപ്പിച്ചു. “പിള്ളേർക്കിത് എന്ത് പറ്റി? നമുക്ക് തിരിച്ച് പോകാം” കുഞ്ചൻ പറഞ്ഞു.

‘‘ഏയ് അവളുമാർക്ക് കുഴപ്പമൊന്നുമില്ല’’ എന്നാണ് അവൾ അപ്പോഴും പറഞ്ഞത് . എന്നാൽ അവിടന്ന് എല്ലാം തകിടം മറിയുകയായിരുന്നു. നാട്ടിൻപുറം ലക്ഷ്യമിട്ട് തുടങ്ങിയ പുതിയ വിപണി സ്വന്തം മക്കളെയും കാർന്ന് തിന്നുമെന്ന്  കുഞ്ചൻ സ്വപ്നത്തിൽപ്പോലും കരുതിയതല്ല. കുട്ടികൾ പ്രകടിപ്പിച്ച അസ്വസ്ഥത മാറി വിറയലായതും, പിന്നീട്  വയലന്റായതും അവർ സ്ഥിരം കഴിച്ചുകൊണ്ടിരുന്ന ഏതോ ഒരു ഐസ്ക്രീമിന് വേണ്ടിയായിരുന്നുവെന്ന് കേട്ടിട്ടും ശ്യാമളയ്ക്ക് അസ്വാഭാവികത തോന്നിയില്ല.

കാര്യത്തിന്റെ ഗൗരവമറിയാതെ കുട്ടികൾക്ക് പ്രീയപ്പെട്ട ഐസ്ക്രീം വാങ്ങി കൊടുത്ത് എങ്ങനെയെങ്കിലും  പ്രശ്‍നം മാറിയാൽ ടൂർ കുളമാവുകയില്ലെന്ന് പറയാനുള്ള ബുദ്ധിയും ലോകവിവരവും മാത്രമുള്ള അവളെ പറ്റിക്കാൻ അപ്പോഴും എളുപ്പമായിരുന്നു. സതീശനെ ഫോണിൽ വിളിച്ചു. നഗരങ്ങളിൽ വിൽക്കുന്ന ഐസ്ക്രീമുകളിലെ ചേരുവകളിൽ ഒന്ന് മയക്ക് മരുന്നാണത്രേ!

“ഒരിക്കൽ കഴിച്ചാൽ വീണ്ടും രുചിക്കാൻ തോന്നും. ഐസ്‌ക്രീമിൽ മാത്രമല്ല ചോക്കലേറ്റ്, ടാബ്ലറ്റ് മുതലായ രൂപത്തിലൊക്കെ ഉണ്ട്. നെയിൽ പോളിഷ്, വൈറ്റ്നർ, ഫെവിക്കോൾ തുടങ്ങി തുണിയിൽ പുരട്ടി മണപ്പിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ള പുതിയ രീതികൾ വരെയുണ്ട്.നാട്ടിൻപുറത്തെ സ്‌കൂളുകളിലും കോളേജുകളിലൊമൊക്കെ നമ്മൾ വല വിരിച്ച് കഴിഞ്ഞു കുഞ്ചാ...” അവൻ ചിരിച്ചു. ഒരു വലിയ സാത്താൻ  ചിരി!

ബോസ് ഏൽപ്പിക്കുന്ന ടാർജെറ്റ് നേടിയെടുക്കുകയെന്ന ലക്ഷ്യ ബോധത്തോടെയാണ് സതീശൻ അപ്പോഴും സംസാരിച്ചത്. കുട്ടികൾക്ക് സംഭവിച്ചത് അവനോടൊന്ന് പറയാൻ പോലും കഴിയാതെ യാണപ്പോൾ കുഞ്ചൻ ഫോൺ കട്ട് ചെയ്തത്.

പിറ്റേദിവസവും ‘കുഞ്ചനില്ലേയെന്ന്’ ചോദിച്ച് വീട്ടിലെത്തിയ സതീശന്റെ അച്ഛനോട് വിവരങ്ങളെല്ലാം പറഞ്ഞറിയിക്കുമ്പോൾ ഞെട്ടിയത് ആ മനുഷ്യനല്ലായിരുന്നു. അയാൾക്കതെല്ലാം നേരത്തെ അറിയാമായിരുന്നു. മകന്റെ ചതിക്കുഴിയിൽ വീഴരുതെന്ന് കുഞ്ചനെ നേരിൽക്കണ്ട് പറയാനാണ് അയാൾ കഴിഞ്ഞ ദിവസങ്ങളിലായി ശ്രമിച്ചുകൊണ്ടിരുന്നത്. പിന്നീട് കുറച്ച് നാളുകൾ കഴിഞ്ഞ് ആധി കയറി അയാൾക്ക് ചലനമറ്റു. മാസങ്ങൾ അങ്ങനെതന്നെ കിടന്ന ശേഷം ഒരു ദിവസം മരണം അയാളെ കൊണ്ട് പോയി.   

“സൂയിസൈഡ് ഈസ് ദ മാൻസ് വെ ഓഫ് ടെല്ലിങ് ഗോഡ്, യു കനോട്ട് ഫയർ മി- ഐ ക്വിറ്റ്”. ഇനി നീ എങ്ങനെ എന്നെ കുറ്റപ്പെടുത്തും?”   ബിൽ മഹേർ എന്ന എഴുത്തുകാരന്റെ പുസ്തകത്തിലെ വാചകം കടമെടുത്ത് പിന്നെ ഒരു ദിവസം സതീശനെക്കണ്ട് പറയണമെന്നുണ്ടായിരുന്നു.എല്ലാ പദ്ധതികളും തകിടം മറിഞ്ഞതിലുള്ള ദേഷ്യവും സങ്കടവും സതീശനിൽ ഇപ്പോഴുമുണ്ട്.  

‘ഇനി അധികം വൈകിക്കണ്ട...നാറും’ ലാസറിനെ അടക്കിയിരുന്ന ഗുഹാ കവാടത്തിലെ കല്ല് നീക്കാൻ ആവശ്യപ്പെട്ട കർത്താവിനോട് മാർത്ത ഓർമ്മിപ്പിച്ചതുപോലെ പിന്നേം ആ മൂപ്പീന്ന് വന്ന് ദത്തനെ  ഓർമ്മിപ്പിച്ചു. ക്ലബ്ബിന് മുന്നിൽ വച്ചിരുന്ന ശവത്തിന്റെ ഒരറ്റം അവൻ വീണ്ടും  താങ്ങിയെടുത്ത് തോളിൽ വച്ചു. തിരികെയുള്ള യാത്രയിലാണത് കണ്ടത്. “മ്മ്‌ടെ പഞ്ചായത്ത് കിണർ  പൊലീസ് റെഡ് ക്രോസ്സ് ടാഗ് പതിച്ചിരിക്കണല്ലോടാ ദത്താ...” 

“വേണ്ടാത്തതൊക്കെ കാട്ടീട്ട്...ഇപ്പം കിടന്ന് ഉരുളരുത് കുഞ്ചാ നീയ്യ്...” തല അവന്റെ തോളിലായത്കൊണ്ട് ആ കണ്ണിലെ വികാരം മുഴുവൻ കുഞ്ചന് നല്ലോണം കാണാൻ പറ്റി.

“വിവരമില്ലാത്തവൻ ഇതേലെടുത്ത് ചാടുമെന്ന് ആര് അറിഞ്ഞു?”  മൂപ്പീന്നിന്റെ ആത്മഗതം കേട്ട് കുഞ്ചന് അയാളെ കൊല്ലാൻ തോന്നി.

വൈകാതെ മൃതദേഹം ചിതയിൽ വച്ചു. ഓർമ്മകൾ, പ്രിയപ്പെട്ടവർ,സ്വന്തം നാട്,...എല്ലാം വിട്ടെറിഞ്ഞ് തിരികെ പോകാൻ സമയമായിരിക്കുന്നു. സ്വർഗ്ഗമോ?നരകമോ? എന്ത് ആയാലും സ്വയം കുഴിച്ച കുഴിയിൽ വീണ് വെന്ത് ഉരുകിത്തീരാൻ വിധിക്കപ്പെട്ടൊരു പാഴ്ജന്മമിതാ വിട ചൊല്ലുന്നു...മക്കൾക്ക്,ശ്യാമളയ്ക്ക്,ദത്തന് ,ഊരുവിളയ്ക്ക് നന്ദി...നന്ദി..

“അച്ഛാ...അച്ഛാ...ഞങ്ങള് വന്നച്ഛാ...ഒന്നെണീയ്ക്ക്” ചിന്താവിഷ്ടയായ ശ്യാമള മിനിമം അഞ്ച് പ്രാവശ്യമെങ്കിലും കണ്ടിട്ടുള്ള ഈ കുഞ്ചനോട് സ്വന്തം ശ്യാമള ആ ദത്തനെ കൂട്ടുപിടിച്ച് നടത്തുന്ന നാടകമല്ലേ  ‘അയ്യോ അച്ഛാ’ പോകല്ലേന്നുള്ള ആ വിളി? അല്ലേ? അല്ല. മക്കളുടെ ആ വിളി സത്യമാണ്. “മരിച്ചുപോയ ഒരാളെ വിളിച്ചെഴുന്നേൽപ്പിക്കുന്നതെങ്ങനെ? മരിച്ച് നാല് നാളുകൾ കഴിഞ്ഞ് ലാസറിനെ യേശു ഗുഹയിൽ നിന്നും വിളിച്ചുണർത്തിക്കൊണ്ട് വന്നിട്ടൊണ്ടെന്ന് ആ മൂപ്പീന്ന് പറഞ്ഞല്ലോ…അതുപോലെ…. 

“നീ ചത്തിട്ടൊന്നും ഇല്ല കുഞ്ചാ...ദേണ്ടെ...നിന്റെ കുട്ട്യോൾ. ഡി അഡിക്ഷൻ സെന്ററിൽ കഴിയുന്ന നിന്റെ മക്കളെ തിരികെ വേണമെന്ന് നീ അവസാനം കണ്ടപ്പോഴും പറഞ്ഞില്ലേ? ദാ വന്ന് നിൽക്കുന്നു അവര്. ഇനി നീ കണ്ണ് തുറക്ക്…മക്കളെ…അവനെ വിളിക്ക്…നിങ്ങൾ ഉറക്കെ വിളിച്ചാൽ  അവൻ ഇപ്പൊ ഉണരും” ദത്തൻ മക്കളെ അടുക്കലേക്ക് ചേർത്ത് നിർത്തി പറഞ്ഞു.

മക്കള് വീണ്ടും വീണ്ടും വിളിച്ചു. “അച്ഛാ...അച്ഛാ...ഞങ്ങള് വന്നച്ഛാ...ഒന്നെണീയ്ക്ക്” ആ വിളി കേട്ട് ഒരിക്കൽക്കൂടി കണ്ണുകൾ തുറക്കാനായാൽ ഏതോ നിദ്രയിലെന്നപോലെ നേരത്തെ ഇരുളിൽ മറഞ്ഞുപോയ ഹോസ്പിറ്റൽ മുറിയിൽ തൊട്ടരികിലായി കണ്ണീർ തൂകി നിൽക്കുന്ന മക്കളെയും,ശ്യാമളയെയും,ദത്തനെയും വീണ്ടും കാണാം. അല്ലേൽ, ഊരുവിളക്കാരുടെ മനസ്സിൽ ഒരു ചെറുനൊമ്പരം നുള്ളിയിട്ട്  അടുക്കി വച്ചിരിക്കുന്ന ചിതയിൽ എന്നെന്നേക്കുമായി എരിഞ്ഞടങ്ങാം. 

ഏതായാലും ലാസറിനെ വിളിച്ചുണർത്തിയ പോലെ വിളിച്ചുണർത്താൻ തൂവെള്ള വസ്ത്രമണിഞ്ഞ് തന്റെയടുക്കൽ നിൽക്കുന്നത് കർത്താവൊന്നുമല്ലല്ലോ...അത് …മ്മ്‌ടെ ദത്തനല്ലേ, വെട്ടിയൊതുക്കാൻ കാശില്ലാത്തതുകൊണ്ട്  താടിയും മുടിയും നീട്ടി വളർത്തിയ പാവം ദത്തൻ. ഏതായാലും കുഞ്ചൻ പിന്നെ കണ്ണൊന്നും തുറക്കാൻ പോയില്ല. കണ്ണുകൾ ഇറുക്കിയടച്ച് അയാൾ അങ്ങനെ തന്നെ കിടന്നു. 

English Summary : Karthavine Pole Oruvan Story By Vinod Aanand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com