sections
MORE

ജീവിതത്തിൽ ആദ്യമായി ഒരു ‘തമാശ’ കേട്ട് അവൾ കരഞ്ഞു; വിവാഹത്തിന്റെ അഞ്ചാം ദിവസം...

ന്യായവിധി (കഥ)
പ്രതീകാത്മകചിത്രം
SHARE

ന്യായവിധി (കഥ)

ചില ന്യായവിധികളിലെ ന്യായം കണ്ടെത്താൻ നമുക്ക് കഴിയില്ല; കോടതിയുടേയാലും, ദൈവത്തിന്റേതായാലും. അത് തെളിയിക്കാൻ കാലം തന്നെ വേണം. അത്തരം ഒരു വിധിയായിരുന്നു നാൻസിയുടേത്. നാൻസിയെ നിങ്ങളിൽ ചിർക്കെങ്കിലും പരിചയം കാണും. കുന്നിൻ പുറത്തെ,  മാളികവീട്ടിലെ ജോയിടെ ഭാര്യ.

നാൻസിയെ ഞാൻ പരിചയപ്പെടുന്നത് പന്ത്രണ്ട് വർഷങ്ങൾക്കു മുൻപാണ്. ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ  ഫാർമസിസ്റ്റ് ആയി അവൾ ജോയിൻ ചെയ്തപ്പോൾ. എപ്പോഴും പ്രസന്നമായ മുഖം. പുഞ്ചിരിയോടെയുള്ള സംസാരം. എല്ലാ കാര്യത്തിലും അവളുടേതായ ഒരു കാഴ്ചപ്പാട്. സ്വന്തമായൊരു തീരുമാനം എടുക്കാനുള്ള കഴിവ്. ജോലിയിലും നല്ല കൃത്യത. ആ കൊച്ചു ഹോസ്പിറ്റലിലെ രോഗികൾ ഉൾപ്പെടെ എല്ലാവരുമായി നല്ല അടുപ്പം സൃഷ്ടിക്കാൻ ഇത്രയുമൊക്കെ ധാരാളം ആയിരുന്നു.

നാട്ടുകാർ പറയും പോലെ മാളിക വീട്ടിലെ പിള്ളേർക്ക് എന്തിന്റെ കുറവാണ്? ‘‘കുലമഹിമ, പൈതൃകസ്വത്ത്, സ്നേഹത്തിന്റെ കാര്യത്തിലും അതേ സമ്പന്നത. എന്നിട്ടും ജോയി കെട്ടിക്കൊണ്ടു വന്ന ഈ പെണ്ണിന് ആശുപത്രി ജോലിക്കു പോകേണ്ട എന്താവശ്യം ആണുള്ളത്?’’ ഇത് ഞങ്ങളിൽ പലരും പരസ്പരം ചോദിച്ച ചോദ്യം. ഒപിയിൽ രോഗികളുടെ തിരക്കൊഴിഞ്ഞ ഉച്ചനേരങ്ങളിൽ ഊണ് പാത്രങ്ങൾക്കൊപ്പം ഞങ്ങൾ വീട്ടു വിശേഷങ്ങളുടെയും മൂടി തുറന്നു. അവൾ കൊണ്ടുവരുന്ന കറികളിലെ  വെളിച്ചെണ്ണയിൽ മൊരിഞ്ഞ ചുവന്നുള്ളിയുടെ മണം നാസാഗ്രങ്ങളിൽ കൂടി കയറി പറ്റി എന്റെ രുചിമുകുളങ്ങളിൽ താമസമുറപ്പിച്ചു. ഒപ്പം, ആ കറികൾക്കടിയിൽ ഊറുന്ന എണ്ണമയം പോലെ അവളെക്കുറിച്ചുള്ള ചില അറിവുകൾ എന്റെ മനസ്സിൽ പറ്റിപിടിച്ചു കിടന്നു.

നാൻസിയെക്കുറിച്ച് കൂടുതൽ അറിയണം എങ്കിൽ ജോയിയുടെ ഭാര്യ ആകും മുൻപുള്ള മേൽവിലാസത്തിൽ ചെല്ലണം. കുട്ടനാടിന്റെ മടിത്തട്ടിൽ ഏക്കറോളം നെൽപ്പാടം ഉണ്ടായിരുന്ന വർക്കിച്ചന്റെ നാല് പെൺമക്കളിൽ ഇളയവൾ. അവളുടെ കുട്ടിക്കാലത്ത്‌ മുതിർന്നവർ പറഞ്ഞു കേട്ട ‘വലുതാകുമ്പോൾ ആരാകണം’ എന്ന ചോദ്യത്തിന് ഉണ്ടായിരുന്ന രണ്ടേ രണ്ടു ഉത്തരങ്ങളിൽ ഒന്ന് നെഞ്ചിലേറ്റി വീറോടെ പഠിച്ചവൾ. വെളുത്ത നീളൻ കോട്ടിന്റെ പുറത്തു കഴുത്തിൽ വളഞ്ഞു കിടക്കുന്ന കറുത്ത സ്റ്റെതസ്കോപ്പിൽ ആത്മബോധത്തി ന്റെ  ഹൃദയമിടിപ്പുകൾ സ്വയം ശ്രവിച്ചവൾ.

എൻട്രൻസ് പരീക്ഷയിലെ റാങ്ക്, മെഡിക്കൽ കോളേജിലേക്കുള്ള മെറിറ്റിന്റെ വാതിൽക്കൽ നാൻസിയെ പിൻനിരയിൽ കാത്തുനിർത്തിയപ്പോൾ, പണമെറിഞ്ഞു വി ഐ പി ക്യൂവിൽ കയറി ഭഗവാനെ ആദ്യം കണ്ടു തൊഴുതിറങ്ങിയവരും, സംവരണവല വീശി സീറ്റു പിടിച്ചവരും  അവളെ നോക്കി പരിഹസിച്ചു ചിരിച്ചു. മൂത്ത മൂന്ന് മക്കളുടെയും വിദ്യാഭ്യാസവും വിവാഹവും വർക്കിച്ചന്റെ നെൽപ്പാടങ്ങളിൽ മുക്കാലും വിഴുങ്ങിയിരുന്നു. അവളുടെ വിവാഹത്തിനായി വർക്കിച്ചൻ കരുതി വച്ച ശേഷിച്ച ഓഹരി അത്തരമൊരു വി ഐ പി ടിക്കറ്റിനു കൂടി തികയാതെ വന്നപ്പോൾ, പുഞ്ചപ്പാടത്തു വിതച്ച മുളക്കാതെ പോയ അരിവിത്തുകളിൽ ഒന്നായി അവളുടെ മോഹവും. പിന്നെ പിടിച്ചു കയറിയതാണീ പുതിയ വള്ളിയിൽ. വാനോളം മോഹിച്ചു, കുന്നോളം നേടിയ സംതൃപ്തിയിൽ അവളാ വെളുത്ത കോട്ടണിഞ്ഞു.

nyaya-vidhi-003

മാളിക വീട്ടിലെ ഒരു ബന്ധു വഴി ജോയിയുടെ ആലോചന വന്നപ്പോൾ, വിദ്യയും ഒരു ആയുഷ്കാലത്തിന്റെ സമ്പാദ്യവും കൊടുത്തു കെട്ടിച്ചു വിടുന്ന പെണ്മക്കളെ കൊണ്ട് അപ്പനും അമ്മയ്ക്കും ഉണ്ടാകുന്ന ലാഭനഷ്ടങ്ങൾ ഒന്നും നോക്കാതെ വർക്കിച്ചൻ വാക്കുറപ്പിച്ചു. നാട്ടുനടപ്പ് അനുസരിച്ചുള്ള അന്വേഷണത്തിൽ  നാട്ടുകാർക്കെല്ലാം ഒരേ പോലെ നല്ല അഭിപ്രായമുള്ള കുടുംബം. അപ്പനപ്പൂപ്പന്മാരായി ഉണ്ടാക്കിയിട്ടുള്ള പേരും പെരുമയും. ചെറുക്കൻ ആണെങ്കിലോ, സരസൻ, സ്നേഹസമ്പന്നൻ, അധ്വാനി, തരക്കേടില്ലാത്ത ജോലിയും. വർക്കിച്ചൻ സ്വപ്നം കണ്ടതിനേക്കാൾ കേമമായി ആ കല്യാണം നാട്ടിൽ ആഘോഷമായി.  പുതിയ വീട്ടിലെ ആളുകളും അന്തരീക്ഷവുമായി പെട്ടെന്ന് ഇണങ്ങിച്ചേർന്ന്, ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റി ഭർതൃവീട്ടുകാർക്കും ബന്ധുക്കൾക്കും പ്രിയപെട്ടവളായി നാൻസി.   

ഈ സൗഭാഗ്യങ്ങളിൽ ദൈവത്തെ  മറക്കാതിരിക്കാൻ  കർത്താവ് ഇടയ്ക്കിടെ ഓരോ കുറുമ്പ് കാട്ടിയിരുന്നു. അത് അവൾക്കു മനസ്സിലാകാൻ തുടങ്ങിയത് ജോയിയോടൊപ്പം ആദ്യമായി അവരുടെ ഒരു ബന്ധു വീട്ടിൽ വിരുന്നു പോയപ്പോൾ ആണ്. പുതു പെണ്ണിനേയും ചെക്കനേയും വീട്ടുകാർ നന്നായി സൽക്കരിച്ചു. സൽക്കാരത്തിന് കൊഴുപ്പു കൂട്ടാൻ ഒടുവിൽ നേർത്ത ചില്ലു ഗ്ലാസ്സിലേക്കു നുരഞ്ഞു നിറഞ്ഞ മഞ്ഞദ്രാവകവും. പരിചയമില്ലാത്ത മണവും, കാഴ്ചയും പരിസരവും അവളെ വീർപ്പുമുട്ടിച്ചു. വർക്കിച്ചന്റെ വീടിന്റെ പടി പോലും കടത്താത്ത ഒരു വസ്തു. മദ്യവിരോധിയായ വർക്കിച്ചൻ അതിനെതിരെ നടത്തിയ പടപൊരുതലുകൾ അവളുടെ മനസ്സിൽ മിന്നൽ പിണരുകളായി. 

ജോയി അത് കുടിക്കരുതേ എന്നവൾ അയാളെ നോക്കി കൊന്തജപം പോലെ മന്ത്രിച്ചു. എന്നാൽ അവളെ നോക്കി ചിരിച്ചു കൊണ്ട് ജോയി അതിലെ ഓരോ തുള്ളിയും നുണഞ്ഞിറക്കി. ആ തുള്ളികൾ  ഓരോന്നും ചെറു ചൂടോടെ, വാർന്നു തീർന്ന മഴപോലെ അവളുടെ കണ്ണിന്റെ ഇറമ്പിൽ നിന്നും ഇറ്റു വീണു. കൂട്ടത്തോടെ ചിരിച്ചു അവളെ കളിയാക്കിയ ആതിഥേയർക്കിടയിലെ പരിചിതമായ ശബ്ദം ജോയിയുടേതായിരുന്നു. ‘‘അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങ് പോട്ടെന്നെ’’

പൊട്ടിച്ചിരിയുടെ ശബ്ദം ഉച്ചത്തിൽ ആയപ്പോൾ ജീവിതത്തിൽ ആദ്യമായി ഒരു ‘തമാശ’ കേട്ട് അവൾ കരഞ്ഞു. വിവാഹജീവിതത്തിന്റെ അഞ്ചാം ദിവസം കേട്ട വലിയൊരു തമാശ. പുതുമണം മാറും മുൻപേ മുടിയിലെ മുല്ലപ്പൂ കെട്ടുകൾ കരിഞ്ഞുവീഴുന്നതായി അവൾക്കു തോന്നി. 

പിന്നീട് പലപ്പോഴും ആ മണവും നിറവും ചില്ലുകുപ്പികളും അവളുടെ ഉറക്കവുമായി മല്ലിട്ടു. അതിന്റെ പേരിൽ ഒരു കൂരയിൽ അന്യരെ പോലെ കഴിഞ്ഞ ഒരുപാട് പകലുകളും രാത്രികളും. അവളുടെ ഇഷ്ടക്കേടുകളിൽ കുത്തി നോവിക്കാൻ അയാൾക്ക്‌ ഒരു ഹരമായിരുന്നു. അവളുടെ മറ്റൊരു സങ്കടം നിന്ന നിൽപ്പിൽ നിറം മാറുന്ന ജോയിയുടെ സ്വഭാവം ആയിരുന്നു. ഭർത്താവ് സ്വയം വില കൊടുക്കാത്ത  വാക്കിന്റെ  അച്ചുതണ്ടിൽ  അവളുടെ ജീവിതത്തെ എങ്ങനെ കെട്ടിവലിക്കും എന്ന നിസ്സഹായത. 

പലപ്പോഴും അയാളുടെ ഭാവമാറ്റങ്ങളുടെ  ഉത്ഭവം കണ്ടുപിടിക്കാൻ അവൾ ഓർമകളെ ചികഞ്ഞു മറിച്ചു, മണ്ണിൽ പിടിച്ചിട്ട കുഴിയാനയെ പോലെ മുന്നോട്ടും പിന്നോട്ടും പലവട്ടം  ലക്ഷ്യമറിയാതെ അലഞ്ഞു, കെട്ട് പിണഞ്ഞ ചാലുകളിലൂടെ ഓടി അണച്ചു. അവരുടെ ചെറുതും വലുതുമായ പിണക്കങ്ങളിൽ അവളുടെ മുഖത്തെ വാട്ടം ശ്രദ്ധിച്ചിരുന്നതും ഒത്തുതീർപ്പിനായി അമ്മച്ചിയുടെ അടുത്ത് എത്തിച്ചിരുന്നതുമെല്ലാം ഇളയ സഹോദരങ്ങൾ ആയിരുന്നു. സ്വന്തം ഭാഗം ജയിക്കാനായി അയാൾ പറഞ്ഞിരുന്ന നുണകൾ അവളെ ഏറെ വേദനിപ്പിച്ചിരുന്നു. 

nyaya-vidhi-002

ജോയിയെ അവളേക്കാൾ കൂടുതൽ അറിയുന്ന ആ കുടുംബാംഗങ്ങൾക്ക്  അത് മനസ്സിലാകും എന്ന് അവൾ പ്രത്യാശിച്ചു. ‘ചാട്ട കൊണ്ട് അടിക്കേണ്ട സ്വഭാവമാണ്’ എന്നായിരുന്നു ജോയിയുടെ ഈ നിറം മാറ്റത്തെ നേരെ ഇളയ സഹോദരൻ  വിശേഷിപ്പിച്ചിരുന്നത്. അവളുടെ പരാതികൾക്ക് ആ അമ്മക്കുണ്ടായിരുന്ന ഒത്തുതീർപ്പു എപ്പോഴും ഒരേ വാചകങ്ങൾ ആയിരുന്നു. ‘‘എഴുപതു ശീലങ്ങൾ ഉള്ള നക്ഷത്രം ആണ് അവന്റേത്. നീയത് കാര്യമാക്കണ്ട’’. ജോയ് അവളുടെ മനസ്സിൽ ഉണങ്ങാത്ത മുറിവുകൾ  സമ്മാനിച്ചു കൊണ്ടിരുന്നപ്പോഴും  മാളിക വീട്ടിലെ മറ്റുള്ളവരുടെ അവളോടുള്ള സ്നേഹമുള്ള സമീപനം അവളുടെ ഒരു സ്വകാര്യ അഹങ്കാരമായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

വിവാഹ  ജീവിതത്തിൽ ‘എപ്പോൾ, എന്തിന്,എങ്ങോട്ട്’ എന്നീ ചോദ്യ വാക്കുകൾക്കുള്ള  അപ്രാധാന്യം അവൾ മനസിലാക്കി. ഇപ്പോൾ എന്നതിന് പിറ്റേ ദിവസം വരെ  എന്നുവരെ അർഥം ഉണ്ടെന്നും. കാത്തിരുന്നു ഒഴിഞ്ഞ വയറും, നിറഞ്ഞ കണ്ണുകളും ഭാര്യാധർമ്മത്തിന്റെ സാക്ഷ്യപത്രങ്ങൾ ആയി. 

ഇരുൾ വെളിച്ചങ്ങളുടെ  രണ്ടു കൊല്ലങ്ങൾക്കൊടുവിൽ അവരുടെ ജീവിതത്തിൽ ചില നിറങ്ങൾ കൂടി ചാലിച്ച് മൂന്നാമതൊരാൾ വന്നെത്തി. അധികം വൈകാതെ അവൾക്കു മറ്റൊരു കാര്യം കൂടി ബോധ്യമായി. കുടുംബവരുമാനത്തിന്റെ രാജാവിനെയും രാജ്ഞിയേയും ഒഴിച്ച് നിർത്തിയാൽ ജോയിയുടെ കാലാൾപ്പടയെ കൊണ്ട് മാത്രം ജയിക്കാവുന്ന ചതുരംഗ കളമല്ല ജീവിതമെന്ന്. മോന് ഒരു വയസ്സ് കഴിഞ്ഞപ്പോൾ അങ്ങനെയാണ്‌ ആ വെള്ളക്കുപ്പായം വീണ്ടുമണിഞ്ഞു അവൾ ഞങ്ങളുടെ സഹപ്രവർത്തക ആയത്.

nyaya-vidhi-004

ജീവിതം കരുപ്പിടിപ്പിക്കാനുള്ള നാൻസിയുടെ തൃഷ്ണ ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. വേദനകൾ ഇല്ലാതെ നേട്ടങ്ങൾ ഇല്ലെന്നു ആയിരുന്നു അവളുടെ പ്രമാണം. മത്സര പരീക്ഷകൾ ജയിച്ച്, രണ്ടു വർഷങ്ങൾക്കപ്പുറം, ഡൽഹിയിലെ പ്രശസ്തമായ ഒരു ആശുപത്രിയിൽ മെച്ചപ്പെട്ട ജോലി അവൾ തരപ്പെടുത്തി. നാടിനെയും  വീട്ടുകാരെയും വളരെയേറെ സ്നേഹിച്ചിരുന്ന നാൻസി എന്ന കുട്ടനാട്ടുകാരി ആ പറിച്ചു നടലിനെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു.‘‘രക്ഷപ്പെട്ടാൽ എന്റെയൊപ്പം കുറെ പേര് കൂടി രക്ഷപെടും. മറിച്ചായാൽ ഞാൻ മാത്രം’’ എന്ന് പറഞ്ഞു മൂന്നു വയസ്സുള്ള മോനെ വീട്ടുകാർക്കൊപ്പം വിട്ടു യാത്രക്ക് ഒരുങ്ങുമ്പോൾ ഒരു നിസ്സംഗത ആയിരുന്നു അവൾക്ക്.

ഭാഷയുടെ, കാലാവസ്ഥയുടെ, ഭക്ഷണത്തിന്റെ, സംസ്കാരത്തിന്റെ അതിജീവന പാതകൾ ഓരോന്നും ഒറ്റയ്ക്ക് താണ്ടി, പുതിയ മണ്ണിൽ ചുവടു ഉറപ്പിക്കാം എന്നായപ്പോൾ ആ തണലിലേക്ക് അവൾ ഭർത്താവിനെയും മകനെയും കൂട്ടി. ചുമട് താങ്ങികളായി ചുറ്റും ആരും ഇല്ലാത്തതിനാൽ ഇനിയെങ്കിലും രണ്ടാളും തോളോട് തോൾ ചേർന്ന് നടക്കുന്നത് അവൾ സ്വപ്നം കണ്ടു. പുതിയ നാടുമായി ഇണങ്ങിയ ജോയിക്കും ചെറിയൊരു ജോലി ആയതോടെ ആ സ്വപ്നത്തിനു ചിറകു മുളച്ചു. എന്നാൽ ആ പ്രതീക്ഷകൾക്കും അൽപ്പായുസ്സായിരുന്നു. മണ്ണിനു മാത്രമേ മാറ്റം ഉണ്ടായിരുന്നുള്ളൂ...പറിച്ചു നട്ട ഞാറിൽ വിളഞ്ഞത് അതേ നെന്മണി. .പുതിയ നാട്, പുതിയ പ്രശ്നങ്ങൾ...

വാടകയെന്ന നിർജീവതുക കൊണ്ട് ലോൺ അടക്കാനായാൽ വീടെന്നു വിളിക്കാൻ ഒരിടം സ്വന്തം ആക്കാം എന്ന ആഗ്രഹം അവൾ പ്രകടിച്ചപ്പോൾ പതിരില്ലാത്തൊരു പഴം ചൊല്ല് പറഞ്ഞു ജോയി. ‘‘ആരാന്റെ പറമ്പിലെ പുല്ലു കണ്ടിട്ട് നീ പശൂനെ വളർത്തണ്ട. നിന്റെ ചിലവിനുള്ളത് കഴിഞ്ഞു  ലോൺ അടക്കാൻ നോക്കിയാൽ മതി’’. സ്വപ്നങ്ങളെ വർക്കിച്ചന്റെ നെൽപാടങ്ങളിലെ കാളകളെ പോലെ മെരുക്കി ശീലിച്ച നാൻസിക്ക്, ഉഴുതു മറിച്ചു കടന്നു പോയ വഴികളിൽ നിന്ന് പെറുക്കിയെടുത്ത  ആത്മ ബലത്തിന്റെ വിളവ് മാത്രം മതിയായിരുന്നു മുന്നോട്ടു നടക്കാൻ. 

അവളോട് വാശിയും പകയും വളർത്തി, മറ്റുള്ളവരുടെ മോഹങ്ങൾ യാഥാർഥ്യമാക്കുന്ന ഒരു ദൈവദൂതനായി മറ്റാർക്കൊക്കെയോ വേണ്ടി ജോയി ജീവിച്ചപ്പോൾ, ഭാര്യയും മകനുമെന്ന സ്വന്തം കുടുംബത്തെ അയാൾ മിക്കപ്പോഴും ഇമയടച്ചു ഇരുളിലാക്കി. അപ്പോഴൊക്കെയും ആ നുകം തോളിലേറ്റാതിരിക്കാൻ അവൾക്കു നിർവാഹമില്ലായിരുന്നു. അയാളുടെ വിയർപ്പിന്റെയും അവളുടെ കണ്ണീരിന്റെയും ഉപ്പുവെള്ളം  കുടിച്ചവർ      ദാഹം ശമിക്കാതെ  വീണ്ടും അതിനായ് ആർത്തി പൂണ്ടൂ.

 ഭാര്യയുടെ സാമ്പത്തിക സുരക്ഷിതത്വം സ്വന്തം സ്വാതന്ത്ര്യവും സന്തോഷവും ആക്കി മാറ്റി, അവളുടെ സാരിത്തുമ്പിൽ ആടിത്തിമർക്കുന്ന പുരുഷകേസരികൾ നിർലോഭം ഉണ്ടല്ലോ നമ്മുടെ നാട്ടിൽ. രാവും പകലും അധ്വാനത്തിന്റെ തുട്ടുകളായി മാറിയപ്പോൾ വീടിനു പുറമെ കാറും, പറമ്പുമൊക്കെയായി ബാങ്ക് ലോണിന്റെ പിൻബലത്തിൽ. ദൂരേക്ക്  മനോഹരമായി തോന്നുന്ന  മറ്റെല്ലാ  കാഴ്ചകളെയും പോലെ ആഡംബരമോടിയിലുള്ള അവരുടെ ജീവിതം പലരും അസൂയയോടെ കണ്ടു. ഒരു സ്ത്രീജന്മം കൊണ്ട് ഇത്രയുമൊക്കെ നേടാൻ കഴിഞ്ഞല്ലോ എന്ന മതിപ്പ്‌ എനിക്കും ഉണ്ടായിരുന്നു. 

nyaya-vidhi-005

പക്ഷേ, നിലത്ത് വീണു തെറിക്കുന്ന ഭക്ഷണവും, ഞെരിയുന്ന പാത്രങ്ങളും, മുഷ്ടി ചുരുട്ടി ഉള്ള ഇടിയിൽ ഞെട്ടിത്തരിച്ച ഊണുമേശയും പരിചിത കാഴ്ചകൾ ആയി. കൊട്ടിയടയുന്ന വാതിലുകൾക്കും, ഗേറ്റിനു വെളിയിലേക്കു ചീറിപ്പായുന്ന കാറിന്റെ ഇരമ്പത്തിനുമായി കാതോർക്കുമ്പോൾ ഒരു നിർവികാര ജീവിയായി അവൾ പരിണമിക്കാൻ തുടങ്ങിയിരുന്നു. എങ്കിലും,  ഒരിക്കൽ പല്ലുരുമ്മി അവളുടെ നേരെ ആക്രോശിച്ചടുത്ത ബീഭത്സ രൂപത്തിന്റെ വായിൽ നിന്നും പൊട്ടിത്തെറിച്ച ശാപവാക്കുകൾ അവളുടെ സ്‌മൃതിപഥത്തിൽ തറച്ചു നിന്നു. ‘‘നിന്റെയീ മോന് എന്തെങ്കിലും മാറാരോഗം വന്നാലേ നീ പഠിക്കൂ. ചികിൽസിക്കാൻ വേണ്ടി നീ ഉണ്ടാക്കിയതെല്ലാം വിറ്റു തുലച്ചു നാറാണക്കല്ലു പിടിക്കണം’’

വാടി കരിഞ്ഞു വീണ ഒരു മനുഷ്യായുസ്സിന്റെ നല്ല  ദളങ്ങൾ അവളുടെ സിരകളിൽ മരവിപ്പ് നിറച്ചപ്പോൾ ജോയി കൂട്ടു പിടിച്ചത് വിവിധ രൂപങ്ങളിൽ, നിറങ്ങളിൽ, തിളങ്ങുന്ന ലേബലുകളിൽ അലമാരയിൽ നിറച്ച വിദേശികളെ ആയിരുന്നു. അവയോടു അവളുടെ ഭയവും വെറുപ്പും മാറി. ഈ ഭൂമിയിലെ കുറെ പേരുടെയെങ്കിലും ഇഷ്ടക്കേടുകളും പൊരുത്തക്കേടുകളും  എരിഞ്ഞടങ്ങുന്ന ആ ദിവ്യൗഷധത്തോട് ആരാധനയായി. പക്ഷെ ഒരു അക്ഷയ പാത്രം പോലെ കുടിച്ചു വറ്റിക്കുന്തോറും അവളുടെ ചഷകം വീണ്ടും വീണ്ടും കയ്പുനീർ നിറഞ്ഞുകൊണ്ടിരുന്നു. 

ഓരോ രാക്ഷസ്സവതാരത്തിലും കെട്ടിയ മിന്നു  പിടിച്ചു വലിച്ച് കൊണ്ടും, വിവാഹ മോതിരത്തിൽ നിന്നു അവളുടെ പേര് അടർത്തിമാറ്റിയും, പിന്നെ ആ മോതിരം തന്നെ വിരലിൽ നിന്നുഅടർത്തി മാറ്റിയും ജോയ് അയാളുടെ മനസ്സിൽ അവൾക്കുള്ള സ്ഥാനം പ്രകടമാക്കി. ‘മ്യൂച്ചൽ ഡിവോഴ്സ്’ എന്ന ആശയത്തെ മുന്നോട്ടു വച്ച്  ‘എനിക്ക് എന്റെ വഴി, നിനക്ക് നിന്റേതും’ എന്ന നയം ജോയ് വ്യക്തമാക്കി, പലവട്ടം.   ആ നയത്തിന്റെ  ഭാഗമായി ജോയ് അവന്റെ വീട്ടുകാരിൽ നിന്നും അവളെ അകറ്റി. അവളുടെ വീട്ടുകാർ ഉൾപ്പെടെ അവൾക്കു മൂല്യമുള്ളതെല്ലാം വഴി വക്കിലെ കളകൾ ആയിരുന്നു അയാൾക്ക്‌. 

ജോയിയുടെ അവഗണയും അവജ്ഞയും എല്ലാം ഒരു ശീലമായി കഴിഞ്ഞിരുന്നു എങ്കിലും അയാളുടെ വിലക്ക് ഭേദിച്ച് മാളിക വീട്ടുകാരുമായി ഇടയ്ക്കൊക്കെ ബന്ധപ്പെട്ടുകൊണ്ടിരുന്ന അവൾക്കു ഒടുവിൽ അവരുടെ പ്രതികരണത്തിലുമുണ്ടായ  നീരസം ഒരു നീറ്റലായി. ഫോണിലൂടെ ജോയ് പറഞ്ഞു കൊടുത്തിരുന്ന കഥകളിൽ അവൾക്കു അഹങ്കാരിയുടെയും തന്നിഷ്ടക്കാരിയുടെയും പരിവേഷങ്ങൾ ആയിരുന്നല്ലോ. എഴുപത് ശീലങ്ങൾ ഉള്ള മകന്റെ നക്ഷത്ര ദോഷങ്ങൾ പിന്നീടെപ്പോഴോ അവളുടെ കുറ്റങ്ങൾ ആയപ്പോഴും, ചാട്ടവാർ അടികൾ അവൾക്കുള്ളത് ആയപ്പോഴും മറ്റൊരു പഴം ചൊല്ലാണ് അവൾ ഓർത്തെടുത്ത്. ‘‘ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.മക്കളെ കഴിഞ്ഞേ ഉള്ളൂ മരുമക്കൾ’’ 

ഭാഷയുടെ വേലിക്കെട്ടുകൾ ജോയിക്ക് കടമ്പകൾ ആയപ്പോഴും, തീരുമാനങ്ങൾ എടുക്കാൻ അയാൾ മടിച്ചു നിന്നപ്പോഴും ഒക്കെ ഒരു ചുവടു മുന്നോട്ടു നിൽക്കേണ്ടി വന്നു നാൻസിക്ക്. സംസാരത്തിൽ  മാത്രം ഇല്ലാതിരുന്ന പിശുക്ക് ചിലപ്പോൾ ഒക്കെ അവൾക്കു വിനയായി. അങ്കക്കലി  മൂത്ത  ചേകവനെ പോലെ ജോയി അവൾക്കു നേരെ പലപ്പോഴും സംശയത്തിന്റെ പടവാൾ വീശി. പഴഞ്ചൊല്ലുകളും, ഫലിതങ്ങളും അടർന്ന നാവിൽ നിന്ന്  അസഭ്യ പ്രയോഗങ്ങളും ആവർത്തിക്കപ്പെട്ടു. 

 മനസ്സ് മടുത്തു ഒരിക്കൽ ജീവിത ഭാണ്ഡം വലിച്ചുകെട്ടാൻ ഒരുങ്ങിയപ്പോൾ അവളെ തടഞ്ഞത് ‘മമ്മിയുടെ കണ്ണീരിന്റെ വില ഇല്ല ഡാഡിക്ക്’ എന്ന്‌ പറഞ്ഞ പതിമൂന്നുകാരന്റെ സാമീപ്യം ആയിരുന്നു. അവനു വേണ്ടി ആയിരുന്നു ഒരുമയുടെ നാടകം അരങ്ങേറി അവൾ ജീവിച്ചിരുന്നത്. സമാന്തര പാളങ്ങളിലൂടെ ഓടുന്ന തീവണ്ടി പോലെ പരസ്പര വിദ്വേഷത്തിന്റെ കൽക്കരി തിന്നു അവരുടെ ജീവിതം കുതിച്ചും കിതച്ചും ചൂളം വിളിച്ചും മുന്നോട്ടു നീങ്ങി.

ഉള്ളിൽ തിങ്ങുന്ന ആത്മസംഘർഷങ്ങളെ  അവൾ ചിലപ്പോഴൊക്കെ കത്തുകളാക്കി, നീളൻ കവറുകൾക്കുള്ളിൽ ഇട്ട്‌, വായ് മൂടിക്കെട്ടി ശ്വാസം മുട്ടിച്ചു കൊന്നു. ചിലത് ഇനി ഒരിക്കലും തിരികെ വരാത്ത വണ്ണം കൂറ്റൻ തപാൽ പെട്ടികളുടെ  ആഴത്തിലേക്ക് മറവു ചെയ്തിരുന്നു. എന്റെ മേൽവിലാസം തേടിയെത്തിയ അത്തരം ചില  കത്തുകളിൽ  നിന്നും ഞാൻ അറിഞ്ഞതാണീ ഡൽഹി ജീവിതത്തിന്റെ നേർപകർപ്പ്. എണ്ണയും വെള്ളവും പോലെ ഒന്നിച്ചു ചേർത്താലും കൂടി കലരാത്ത രണ്ടു വൈരുദ്ധ്യങ്ങളെ ഭാര്യയും ഭർത്താവും എന്ന് വിളിക്കാം എങ്കിൽ അത്  നാൻസിയും ജോയിയും ആയിരുന്നു. ജോയിയുടെ ഭാഷ യിൽ, ഏച്ച് കെട്ടി മുഴച്ചിരിക്കുന്ന രണ്ടു കാഴ്ചപ്പാടുകൾ. 

nyaya-vidhi-006

വളരെ നാളുകൾ കൂടി ഒരു ദിവസം അവളുടെ ഒരു കോൾ വന്നിരുന്നു. മക്കളുടെ പരീക്ഷാകാലത്തിന്റെ തിരക്കിലേക്ക് വന്ന ആ കോളിനെ പിന്നത്തേക്കും അവിടുന്ന് മറവിയിലേക്കും മാറ്റിവയ്ക്കപ്പെട്ടു. അതിനു ഒന്ന് രണ്ടു ആഴ്ചകൾക്കു ശേഷമാണ്  ആ വാർത്ത എന്നെ തേടി വന്നത്. ‘‘നാൻസി ആത്മഹത്യ ചെയ്തു’’ എന്ന്‌. അതും മാളിക വീടിനടുത്തായി അവർ വാങ്ങിയ പുരയിടത്തിലെ കൂഴ പ്ലാവിൻ ചുവട്ടിൽ. ആ വസ്തുവിനെ കുറിച്ച് അവൾ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. ഡൽഹിയിലെ വീട് വാങ്ങാൻ അത് വിൽക്കാമെന്നു അവൾ പറഞ്ഞപ്പോൾ   ആധാരമുടമയായ ജോയിക്കു അതിനു സമ്മതമില്ലായിരുന്നു. അങ്ങനെ, അവളുടെ ശിഷ്ടകാലം മുഴുവൻ  ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്‌  വീണ്ടും പണയം വച്ച് വീട് വാങ്ങി ബാങ്കിന് പലിശ കൊടുത്ത് കൊഴുപ്പിച്ച കഥ. ജീവിച്ചിരുന്നപ്പോൾ ഉപകാരപ്പെടാത്ത ആ   സമ്പാദ്യം മരിക്കാനായി അവൾ ഉപകാരപ്പെടുത്തിയിരിക്കുന്നു.

കാക്ക കൊത്തി ചിതറി വീണ ചക്കചുളകൾ ചീഞ്ഞു അളിഞ്ഞുകിടന്നിരുന്നു അവൾക്കു ചുറ്റും. ചീയാതെ തന്നെ പലരുടെയും വളർച്ചക്ക് വളമായി തീർന്നവൾക്കു ഈച്ചകളും ഉറുമ്പുകളും കയറിയിറങ്ങി അന്തിമോപചാരം അർപ്പിക്കുന്ന കാഴ്ച കണ്ടു ചീഞ്ഞ ചക്ക ചുളകളിൽ ചവിട്ടിയാൽ എന്ന പോലെ നാടാകെ അറച്ചുനിന്നു. അവളെ ഒരു പോലീസ് നായയെ പോലെ മണം പിടിച്ചു ചുറ്റിത്തിരിഞ്ഞ കാറ്റിനു പലരോടും പലതും പറയാനുണ്ടായിരുന്നു. പക്ഷേ അത് കേൾക്കാൻ മിനക്കെടാതെ ഓരോരുത്തരും അവരവരുടെ ഭാവനക്ക് അനുസൃതം ഓരോ കഥകൾ മെനയാനുള്ള തിരക്കിലായിരുന്നു അപ്പോൾ.

ജീവിക്കാൻ അഭ്യസിച്ച വിദ്യ തന്നെ സ്വന്തം ജീവിതം ഒടുക്കാനും അവൾ തിരഞ്ഞെടുത്തു. Drug overdose എന്ന രണ്ട് വാക്കുകളിൽ അവസാനിച്ച  പോസറ്റ്മാർട്ടം  റിപ്പോർട്ട്. ആ റിപ്പോർട്ടിലും അവളുടെ ഹൃദയ ഭിത്തികളിൽ തറച്ച ആണിപ്പാടുകളെ കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. 

പിന്നീട് അറിഞ്ഞു, അവളുടെ സർവ്വസ്വവുമായ മകനെ പിടികൂടിയ ഒരു ജലദോഷപനി അവനെ കൊണ്ടുപോകാൻ വേഷം മാറി വന്ന മാരീചൻ ആയിരുന്നു എന്ന്. ഡൽഹിയിലെ റിപ്പോർട്ടിൽ വിശ്വാസം വരാതെ നാട്ടിൽ മുന്തിയ ഡോക്ടറെ കാണിച്ച് സ്ഥിരീകരിച്ചതിന്റെ പിറ്റേന്നാണ് മകന് മുന്നേ വഴി തെളിക്കാൻ അവൾ പോയത്. അമ്മയെ പിൻപറ്റി മകനും ശാന്തിയുടെ തീരമണഞ്ഞപ്പോൾ ജോയി പുതിയ മേച്ചിൽ പുറങ്ങൾ തേടി. ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട സാധുവായ ജോയിക്ക് പുതിയൊരു ജീവിതമൊരുക്കി ബന്ധുക്കളും സുഹൃത്തുക്കളും. 

രണ്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും അവളുടെ അന്നത്തെ മിസ്ഡ് കോൾ  ഒരു കൂർത്ത ചൂണ്ട കൊളുത്ത് പോലെ എന്റെ മനസ്സിനെ കോർത്തു വലിക്കുകയാണ് എപ്പോഴും. സങ്കടങ്ങളുടെ നിലയില്ലാ കയത്തിൽ മുങ്ങിത്താണപ്പോൾ ഒരു കച്ചി തുരുമ്പ് തേടിയതായിരുന്നോ അവൾ?. ജോയിയുടെ ശാപവാക്കുകൾ മുന്നോട്ടുള്ള വഴിയിലെ വെളിച്ചം അണച്ചപ്പോൾ  ഇരുളിൽ തടഞ്ഞ് വീഴുകയായിരുന്നോ ആ പാവം. ഒരു കൈ നീട്ടിയിരുന്നെങ്കിൽ എനിക്ക് രക്ഷിക്കാൻ കഴിയുമായിരുന്നോ ആ ജീവനെ? ആ തീരാക്കടത്തിന് പകരമായി എനിക്കിപ്പോൾ ഒരേ ഒരു പ്രാർത്ഥന മാത്രം. സകലർക്കും ന്യായം വിധിച്ചവനെ മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ദൈവം നാൻസിയേയും ഉയിർപ്പിക്കട്ടേ, നല്ലൊരു ജീവിതത്തിലേക്ക്.   

ന്യായവിധി ഇവിടെ തുടങ്ങുന്നു... നമുക്ക് കാണാൻ കഴിയാത്ത ഇൗ വിധിയിലെ ന്യായത്തിനായി നമുക്ക് കാത്തിരിക്കാം. 

English Summary : Nyayavidhi Story By Bissy Thoppil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA