ADVERTISEMENT

സാഗര്‍ കോട്ടപ്പുറത്തിന്‍റെ കുറ്റവും  ശിക്ഷയും (കഥ)

പള്ളിമേടയുടെ  കോലായിലെ  ചാരുബഞ്ചില്‍  നിലതെറ്റി വീഴാതിരിക്കാന്‍ ബലമായിപിടിച്ചുകൊണ്ടു  ഞാന്‍ പറഞ്ഞു.“അച്ചോ എനിക്കൊന്നു കുമ്പസാരിക്കണം”.

എന്റെ മുഖത്തെ അങ്കലാപ്പ് കണ്ട അച്ചന്‍ ചോദിച്ചു.

‘എന്തു പറ്റി വല്ലാതെ ആയിരിക്കുന്നല്ലോ കാലുകള്‍ വല്ലാതെ ഇടറുന്നുണ്ടല്ലോ. നീ കുടിച്ചിട്ടൊണ്ടോടാ ....... ?’

പശ്ചാത്താപവിവശനായ ഞാന്‍ ഇടറുന്ന നാവോടും, തളര്‍ന്ന കൈകാലുകളോടും കൂടി പറഞ്ഞു.

‘അച്ചോ ഞാന്‍ ഒരാളെ കൊന്നു എനിക്ക് മാപ്പ് വേണം’ 

അച്ചന്‍ വല്ലാതെ നടുങ്ങിപ്പോയി. എന്നാലും ആ  പതര്‍ച്ചയെ അതിജീവിച്ച അച്ചന്‍ പറഞ്ഞു. 

“കൊലപാതകം ചെയ്തിട്ട് പള്ളീ പറഞ്ഞിട്ട് കാര്യമില്ല. ആദ്യം  ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് ചെയ്ത തെറ്റിന്  പോലീസില്‍ പോയി കുറ്റം ഏറ്റു പറഞ്ഞു ശിക്ഷ അനുഭവിക്കുക.  പിന്നെ  ദൈവരാജ്യവും  നീതിയും അന്വേഷിച്ചു വന്നാല്‍ മതി”. ഇതുപറഞ്ഞ് അച്ചന്‍ തിടുക്കത്തില്‍ അവിടെനിന്നു  എന്നെ  യാത്രയാക്കി. 

“ പിന്നേ, നീ ഇവിടെ വന്നിട്ടുമില്ല ഞാന്‍ നിന്നെ കണ്ടിട്ടുമില്ല.”  

തിരിഞ്ഞു  നടക്കാന്‍ തുടങ്ങിയ  എന്‍റെ  പിന്നില്‍ നിന്നും അച്ചന്‍ വിളിച്ചു പറഞ്ഞു. ശേഷം  തിടുക്കത്തില്‍ പള്ളിമേടയുടെ വാതില്‍ അടച്ചു സാക്ഷയിട്ടു. 

കഠിനമായ കുറ്റബോധം ഉള്ളില്‍ അഗ്നിയായി എരിയുന്നു. കാലടികള്‍ ഉറയ്ക്കുന്നില്ല. വളരെ ക്ഷീണിതനും വിവശനുമായി  ഞാന്‍ പോലിസ് സ്റ്റേഷന്‍റെ പടിക്കെട്ടുകള്‍ കയറിച്ചെന്നു. വാതില്‍ക്കല്‍ നിന്ന തടിയന്‍ പോലീസുകാരന്‍  എന്നെ സംശയത്തോടെ രൂക്ഷമായി നോക്കി.  എന്നീട്ടു പരുക്കന്‍ ശബ്ദത്തില്‍ ചോദിച്ചു.

‘ എന്തുവേണം’ ?

 ഞാന്‍ പറഞ്ഞു. എനിക്ക്  എസ്ഐയെ  ഒന്നു കാണണം.

‘എന്തോന്ന് കാര്യം ?’ പോലീസുകാരന്‍ ചോദിച്ചു.

‘‘ഞാന്‍ ഒരാളെ കൊന്നു.  കീഴടങ്ങി ശിക്ഷ ഏറ്റുവാങ്ങാന്‍ വന്നതാണ്‌. അവിടെ ഉണ്ടായിരുന്ന എല്ലാവരും എന്റെ വാക്കുകള്‍ കേട്ട്  ഞെട്ടിത്തരിച്ച്‌ എന്നെത്തന്നെ നോക്കി നിശബ്ദരായി നിന്നു.  ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞു എനിക്ക് എസ്.ഐ യെ കാണണം. എന്റെ ശബ്ദം കേട്ട് എസ്. ഐ ഇറങ്ങി വന്നു. ഒരു ചെറുപ്പക്കാരന്‍  ഞാന്‍ അദ്ധേഹത്തോട് പറഞ്ഞു’’

.

sagar-kottapurathinte-kuttavum-shikshayum-04

“ സര്‍ ഞാന്‍ അവളെ കൊന്നു. എന്റെ പൂർവ കാമുകിയെ ഞാന്‍ കഴുത്ത് ഞെരിച്ച് കൊന്നു. ഞാന്‍ കീഴടങ്ങുന്നു. എന്നെ ജയിലില്‍ അടയ്ക്കൂ”.

എസ്. ഐ പോലീസുകാരോട് എന്നെ അകത്തെ മുറിയിലേക്ക് കൊണ്ടുചെല്ലാന്‍  പറഞ്ഞു. രണ്ടു പോലിസുകാര്‍ എന്നെ പിടിച്ചകത്തെ മുറിയിലേക്ക് കൊണ്ടുപോയി. എസ്. ഐ സ്റ്റേഷന്‍ റൈട്ടറെ വിളിച്ചു.  റൈട്ടര്‍ എഴുതുവാനുള്ള സാമഗ്രികളുമായി വന്നു.

ഞാന്‍ പറഞ്ഞു എന്റെ കൈകാലുകള്‍ തളരുന്നു എനിക്ക് ഇരിക്കണം. അവിടെ നിലത്ത് ഇരുന്നോളാന്‍ എസ്. ഐ പറഞ്ഞു. ഞാന്‍ ഭിത്തിയില്‍ ചാരി ഇരുന്നു. അതിന് ശേഷം ഇനി വല്ലതും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോളൂ  എന്നമട്ടില്‍ എസ്.ഐയെ നോക്കി.

അദ്ദേഹം എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി

‘നിന്‍റെ പേരെന്താണ് ?’

സാഗര്‍ കോട്ടപ്പുറം. 

‘ നിനക്ക് എന്താണ് ജോലി’ ?

ഞാനൊരു  കഥാകൃത്താണെന്നു കരുതുന്നു. കുറെ പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട് ചില വാരികകളിലും  എഴുതുന്നുണ്ട്.  ഇപ്പോള്‍ മാമച്ചന്‍ മുതലാളിയുടെ മഞ്ചാടിയില്‍ ഒരു തുടരന്‍ എഴുതുന്നുണ്ട് . ‘ ഒരു ഗസറ്റഡ് യെക്ഷി’  സാറുമ്മാര് ആരെങ്കിലും  വായിക്കാറുണ്ടോ ?

‘ഏതാണ്  നിന്‍റെ  ഇനം ?’

 ചോദ്യം മനസിലായില്ല

‘എടാ പൈങ്കിളിയോ,  തറവാടിയോ  അതോ അത്യന്താധുനികനാണോ എന്നാണ് ചോദിച്ചത്’

ഇതൊന്നുമല്ല ഒരു സ്പെഷ്യല്‍  ഇനമാണ്‌

‘എന്താണത് ?’

ക്ഷുദ്രന്‍ എന്നു  വിളിക്കാം

‘ക്ഷുദ്ര സാഹിത്യമോ ? കൊള്ളാം ആദ്യം കേള്‍ക്കുന്നു,’

sagar-kottapurathinte-kuttavum-shikshayum-041

പുതിയ ഇനമാണ്‌  സര്‍.  ആളുകള്‍ പരിചയപെട്ടു വരുന്നതേയുള്ളൂ.

‘ആട്ടെ  കൊല്ലപ്പെട്ട കാമുകിയുടെ പേര്‍ എന്താണ് ?’

അവള്‍ക്ക് പലപേരുണ്ട് ചിലപ്പോള്‍, ലീലയാകും, ലീലാമ്മയാകും ലൈലയാകും മറ്റുചിലപ്പോള്‍  മറുതയും, താടകയും, ഭദ്രകാളിയുമൊക്കെയാകും.

‘അങ്ങനെ പറഞ്ഞാല്‍ പറ്റില്ല ഏതെങ്കില്ലും ഒന്ന് ഉറപ്പിക്കൂ. ഞങ്ങള്‍ക്ക്‌ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ളതാണ്.  പ്രേതത്തിന്  ഒരു പേരുവേണം’

എന്നാല്‍ നീലി എന്ന് എഴുതിക്കോളൂ.

‘വെറും നീലിയോ ?’

 അല്ല, കള്ളിയങ്കാട്ടുവീട്ടില്‍ നീലി എന്ന് എഴുതിക്കോളൂ

‘നീലിയുടെ അച്ഛന്റെ പേര് പറയൂ,’

 അറിയില്ല രക്ഷകര്‍ത്താവിന്റെ പേര് മതിയോ ?

‘മതി, പറയൂ’

കടമറ്റത്ത്‌  കൊച്ചു പൗലോസ്‌ കത്തനാര്‍

‘അവളെ കണ്ടാല്‍ എങ്ങനെ ഇരിക്കും, എന്താണ്  പ്രേതത്തിന്റെ നിറം’

ദാഹാര്‍ത്തമായി  തിളങ്ങുന്ന വലിയ കണ്ണുകള്‍, എണ്ണക്കറുപ്പുള്ള ഇരുണ്ട മേനിയില്‍ ഇക്കിളി കൂട്ടി പാറി പറക്കുന്ന  കാര്‍മേഘചുരുള്‍  പോലത്തെ മുടി, ചിരിക്കുമ്പോള്‍.....

‘ മതി മതി നിന്‍റെ വര്‍ണന. എവിടെ വച്ചാണ് നീ നീലിയെ കൊലപ്പെടുത്തിയതെന്നു പറയൂ ?’

sagar-kottapurathinte-kuttavum-shikshayum-01

പാണ്ടിയാന്‍പാറ അമ്പലപ്പറമ്പില്‍ വച്ച്.

‘അതെവിടെയാ സ്ഥലം.  ഏതു  അംശം  ഏതു ദേശം?’

കുറച്ച് ദൂരെയാണ്, തമിഴ്നാട്  അതിര്‍ത്തിയില്‍. അതാണ് എന്റെ ജന്മദേശം.  അവിടെയാണ്  ഞാന്‍ കളിച്ച് വളര്‍ന്നത്‌.  കുടുക്ക പൊട്ടിച്ച്  കിട്ടുന്ന ചില്ലറയും വാരിയെടുത്ത്  നിക്കറിന്റെ പോക്കറ്റില്‍ ഇട്ട്, കൂട്ടുകാരൊത്ത് ഉത്സവത്തിന്‌ ബലൂണും, പീപ്പിയും, കളിതോക്കും വാങ്ങാറുണ്ടായിരുന്ന സ്ഥലം.  അവിടെയാണ് വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ കൂട്ടുകാര്‍ ഒരുമിച്ച് ചേര്‍ന്ന് സൊറപറയുകയും ബീഡി വലിക്കുകയും ചെയ്തിരുന്നത്. അവിടെയുള്ള ആല്‍ച്ചുവട്ടില്‍ ഇരുന്നാണ് ഞാന്‍ കഥകള്‍ എഴുതാറ്.

‘ ശരി  ശരി, ആ കഥയൊക്കെ അവിടെ നിക്കട്ടെ  കൊലയ്ക്കുശേഷം പ്രേതം എന്ത് ചെയ്തു ?’

അമ്പലപറമ്പിലെ ആലിന്‍ ചുവട്ടില്‍ കുഴിച്ചിട്ടു.

  –––––  മോനെ നിനക്ക്  വേറെ എവിടയെങ്കിലും വച്ച് കൃത്യം നടത്താന്‍ പാടില്ലായിരുന്നോ ?’ 

അവിടെ വച്ചാണ് അങ്ങനെ ചെയ്യാന്‍ തോന്നിയത്.

‘കലാപം ഉണ്ടായാല്‍ എന്തുചെയ്യും? നീ സമാധാനം പറയുമോ ?’

അതൊക്കെ നിങ്ങള്‍ പോലീസുകാരുടെ കാര്യമാണ് എനിക്കതില്‍ കാര്യമില്ല.

‘പൊലീസ് സ്റ്റേഷനില്‍ വന്നു പോലീസുകാരോട് തര്‍ക്കുത്തരം പറയുന്നോടാ .... മോനെ  ?’

ചുവരില്‍ ചാരിയിരിക്കുന്ന എന്‍റെ മുതുകത്തിന് ഒരു പോലീസുകാരന്‍ ബൂട്ടിട്ടു ചവിട്ടി. ചവിട്ടു കൊണ്ടു ഞാന്‍ മുഞ്ഞിയുംകുത്തി  നിലത്തുവീണു പോയി.  

കൈ കുത്തി എഴുന്നേറ്റിരുന്ന ഞാന്‍ എന്തോ ഒലിച്ചിറങ്ങുന്നതുപോലെ തോന്നിയപ്പോള്‍ കൈത്തലം കൊണ്ട് മൂക്കേല്‍ തപ്പിനോക്കി. കയ്യില്‍ ചോര പറ്റിയിരിക്കുന്നു. എങ്കിലും  ഒരു എഴുത്തുകാരന്‍  അങ്ങിനെ  ഭീരുവാകാന്‍  പാടില്ല. അവന്‍  നിരന്തരം ചോദ്യങ്ങള്‍ ചോദിക്കണമെന്നാണ്  പ്രമാണം. ഞാന്‍ ചോദിച്ചു  സാറെ കൊലപാതകത്തിലും വല്യ കുറ്റമാണോ തര്‍ക്കുത്തരം പറയുന്നത്?

“ സാറെ നമുക്ക്   302  കൂടെ 153 കൂടി വകുപ്പിടാം. മനപൂർവം  കലാപത്തിനു പ്രകോപനം ഉണ്ടാക്കിയതിന്” 

റൈറ്റര്‍  തന്‍റെ നിയമ വിജ്ഞാനം  ചെറുപ്പക്കാരനായ  എസ് ഐ യുടെ മുന്‍പില്‍  വെളിപ്പെടുത്തി. അതിനിടെ  ഒരു പോലീസുകാരന്‍ എസ്.ഐ യോട് ചോദിച്ചു 

“സാറെ പാണ്ടിയന്‍പാറ സ്റ്റേഷനിലേക്ക് വയര്‍ലെസ് കൊടുക്കട്ടെ ?”

“വേണ്ട  ഇതു വല്യ കുഴപ്പം ഉണ്ടാക്കാന്‍ ഇടയുള്ള കേസുകെട്ടാണ്. എസ്.പി യോട് ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യണം അവര്‍ വേണ്ടുന്നത് ചെയ്യട്ടെ. ഏതായാലും ഇവനെ ചോദ്യം ചെയ്തു കഴിയട്ടെ”

sagar-kottapurathinte-kuttavum-shikshayum-03

‘ ശരി  അതു പോട്ടെ, ഇനി എന്തിനാണ് കൊന്നതെന്നു പറയു? കൊലക്ക് ഒരു കാരണം വേണ്ടേ ?  ക്രൈം മോട്ടീവ് ’ എസ്. ഐ ചോദിച്ചു.

‘‘പറഞ്ഞല്ലോ ഞാനൊരു  സാഹിത്യകാരനാണെന്ന്.  ഞാന്‍ ഏതു കഥ എഴുതിയാലും അവള്‍ക്കതില്‍ നായികയാകണം. കുറെയെണ്ണത്തില്‍ ഞാന്‍ അവളെ നായികയാക്കി. എല്ലാത്തിലും ഒരേ നായികയെ കണ്ടു കണ്ട്  എന്റെ വായനക്കാര്‍ക്ക്‌ ബോറടിക്കാന്‍ തുടങ്ങി. പത്രാധിപന്മാര്‍ പറഞ്ഞു  എല്ലാ കഥയിലും ഒരേ നായികയാണെങ്കില്‍  അവര്‍ക്ക് എന്റെ കഥ പ്രസിദ്ധീകരിക്കാന്‍ പറ്റില്ലാന്ന്’’.

ആരും കഥ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ പിന്നെ ഞാന്‍ എഴുതിയിട്ട്  എന്ത് കാര്യം.?

‘അതിന് എഴുതുന്നത്‌  നിങ്ങളല്ലേ  അവളെ നായിക ആക്കാതിരുന്നാല്‍ പോരെ കൊല്ലണമായിരുന്നോ ?’

എഴുതുമ്പോള്‍  അവള്‍ അക്ഷരങ്ങളില്‍ കയറിയിരിക്കും. പിന്നെ  ഇറങ്ങി പോകില്ല പിന്നെ ഞാന്‍ എന്തുചെയ്യും ?  

എന്തെഴുതുവാന്‍ തുടങ്ങിയാലും അവസാനിക്കുന്നത് അവളിലാണ്‌. കഴിഞ്ഞ ദിവസം ആല്‍ത്തറയില്‍ ഇരുന്നു ഞാന്‍ പുതിയൊരു കഥ എഴുതുകയായിരുന്നു.  കുറെ എഴുതി, നല്ലവണ്ണം എഴുത്ത് പോയികൊണ്ടിരി ക്കുകയായിരുന്നു. പെട്ടന്ന്‌ എവിടെ നിന്നോ അവളവിടെയെത്തി എഴുതികൊണ്ടിരുന്ന പേപ്പറുകള്‍ പിടിച്ച് വാങ്ങി വായിച്ചു. 

അതുവരെ എഴുതിയതിലൊന്നും അവള്‍ ഇല്ലായിരുന്നു. അവള്‍ എന്നോട് ചോദിച്ചു ഈ കഥയില്‍ അവളില്ലേന്ന് ?  ഞാന്‍ പറഞ്ഞു ഇല്ല.  ഇനി എന്റെ കഥകളില്‍ നീയില്ല. വായനക്കാര്‍  നിന്നെ കണ്ട് മടുത്തുവെന്നാണ്  പറയുന്നത്.

അവള്‍ പറഞ്ഞു “ഞാനില്ലെങ്കില്‍  ഈ കഥയുമില്ല ”

എന്നിട്ടാ എഴുതിവെച്ച ആ കടലാസുകള്‍ മുഴുവനും അവള്‍ ചീന്തിയെറിഞ്ഞു. അതോടെ എനിക്കു  സകല നിയന്ത്രണവും പോയി.  ഞാന്‍ അവളുടെ കഴുത്തിനു കുത്തിപ്പിടിച്ചു.  പിടുത്തം മുറുകിയപ്പോള്‍ തുറിച്ചുവന്ന  അവളുടെ വലിയ കണ്ണുകളില്‍ എന്നെ കൊല്ലരുതേ എന്ന യാചന കണ്ടു. അതോടെ  എന്റെ കൈ അയഞ്ഞുപോയി, പക്ഷെ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു. 

പിന്നെ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു.  അവളുടെ  കണ്‍പോളകള്‍ ഞാന്‍ കൂട്ടിയടച്ചു. അവസാനമായി ആ കണ്ണുകളില്‍ ഞാന്‍ ചുംബിച്ചു. അവളെ അവിടെ, രാത്രിയില്‍ മലയിറങ്ങിവരുന്ന കുറുനരികള്‍ക്കു കടിച്ചുകീറാനായി ഇട്ടുകൊടുക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. ഞാന്‍ അവളെ അവിടെ ഒരു കുഴിതോണ്ടി അടക്കംചെയ്തു.

‘ഇതോടെ  നിന്‍റെ  പ്രശ്നം തീരുമോ’ ? 

അറിയില്ല.

‘ എന്നാണ് സംഭവം നടന്നത്’?

രണ്ടു ദിവസം മുന്‍പാണ്‌

‘നീ  മദ്യപിച്ചിട്ടുണ്ടോ’?

അതുപിന്നെ സാറെ എന്നാ  പറഞ്ഞാലും അവള്‍ എനിക്ക് ഏറ്റവും പ്രിയപെട്ടവളല്ലേ.? ഒരരിശത്തിനു കൊന്നുവെങ്കിലും അതെനിക്കു ഭയങ്കര വിഷമമായിപ്പോയി. അന്നേരം തുടങ്ങിയ കുടിയാണ്.  പിന്നെ ഇപ്പൊ ഇങ്ങോട്ട് പോരുന്നതിന് മുന്‍പ് ഒരിച്ചിരികൂടി, എല്ലാം പറയാന്‍ ഒരു ധൈര്യം വേണമല്ലോ ?

‘ നിങ്ങള്‍ക്ക് നല്ല ക്ഷീണ മുണ്ടല്ലോ  അൽപം വിശ്രമിച്ചോളൂ ’ എസ് ഐ  അല്‍പ്പം മയപ്പെട്ടു.  

റൈട്ടര്‍ ചോദിച്ചു, “ സാറെ എഫ്.ഐ.ആര്‍ എഴുതട്ടെ ?”

‘ വേണ്ട  തല്ക്കാലം ലോക്കപ്പില്‍  ഇട്ടേരെ ’

ഒരു പോലീസുകാരന്‍ എന്നെ കയ്യെപ്പിടിച്ചു ലോക്കപ്പ് മുറിയില്‍ കൊണ്ടാക്കി.  ചെയ്ത കുറ്റം ഏറ്റു പറഞ്ഞപ്പോള്‍ മനസ്സിന് വലിയ  ആശ്വാസമായി. ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ മാനസികമായി തയ്യാറെടുത്തു. നാളെ എന്നെ പോലീസുകാര്‍ കോടതിയില്‍ ഹജരാക്കും. അപ്പോള്‍ത്തന്നെ കോടതിയില്‍ കുറ്റം ഏറ്റുപറയണം. വക്കീലിനെ വേണമോന്നൊക്കെ കോടതി ചോദിക്കും.  വേണ്ട  എന്നു തന്നെ ഞാന്‍ മറുപടി പറയും. ഇതില്‍നിന്ന് രക്ഷപ്പെടണമെന്നു എനിക്കാഗ്രഹമില്ല.  പിന്നെ എന്തിനാണ്  വക്കീല്ലൊക്കെ ?

ആളൊഴിഞ്ഞ ലോക്കപ്പ് മുറി. അവിടെ ഞാന്‍ മാത്രം അവിടെ വേറെ പുള്ളികള്‍ ആരുമില്ല. ഒന്നു  കിടക്കണമെന്ന് തോന്നി. വെറും തറയില്‍ കണ്ണുകള്‍ മുറുക്കെ അടച്ച് നീണ്ടു നിവര്‍ന്ന് ഞാന്‍ കിടന്നു.

ആരോ തട്ടിവിളിക്കുന്ന ശബ്ദം കേട്ടാണ്‌ കണ്ണ് തുറന്നത്. നോക്കിയപ്പോള്‍ നേരം പ്രഭാതമായെന്നു മനസ്സിലായി. ഒരു പോലീസുകാരന്‍ മുന്‍പില്‍ നില്കുന്നു. അയാളുടെ മുഖത്ത് വല്ലാത്തൊരു പുച്ഛവും, ശൗര്യവും. അയാള്‍ ചിറികോട്ടി എന്നോട് പറഞ്ഞു.

‘റൈട്ടര്‍ വിളിക്കുന്നു അങ്ങോട്ട്‌ ചെല്ല്’ 

ഞാന്‍ നടക്കുമ്പോള്‍ പുറകില്‍നിന്നു അയാള്‍ പറയുന്നത് കേട്ടു.‌

‘ ഓരോ മാരണങ്ങള്‍ വന്നു കേറിക്കോളും’.

റൈട്ടര്‍ എന്നെ ആപാദചൂഡം  രൂക്ഷമായി നോക്കി. എന്‍റെ കഥയിലെ ലില്ലിക്കുട്ടിയെ കറിയാച്ചന്‍ മുതലാളി നോക്കിയപോലെ. അയാളുടെ വല്ലാതുള്ള ആ നോട്ടത്തില്‍ ഞാന്‍ ചൂളിപ്പോയി.  എന്റെ മുന്‍പിലേക്ക് ഒരു തടിച്ച ഒരു രജിസ്റ്റര്‍ നീക്കി വെച്ചിട്ട് അതില്‍ ഒപ്പിടാന്‍ പറഞ്ഞു. ഒപ്പിട്ടു കഴിഞ്ഞപ്പോള്‍  എന്റെ കയ്യില്‍ ഒരു കടലാസ് തന്നിട്ടതിലുള്ള തീയതിക്ക് കോടതിയില്‍ ഹാജരായി പിഴ അടച്ചുകൊള്ളാന്‍ പറഞ്ഞു.

എത്ര രൂപാ പിഴ വരും എന്ന് സംശയം ചോദിച്ച എന്നോട്  ‘റൈട്ടര്‍ പറഞ്ഞു

“എസ്.ഐ പറഞ്ഞതുകൊണ്ട് മാത്രമാണ്  എഴുതുന്ന കടലാസ്സിന്റെ വില പോലും കിട്ടാത്ത  ഈ 510 *  വകുപ്പ് ഇട്ടത്.  സാധാരണയായി ഞങ്ങള്‍ ഈ വകുപ്പ് ഇടാറില്ല പകരം ചുട്ട അടി നൽകി വീട്ടില്‍ പറഞ്ഞുവിടാറാണ് പതിവ്. എസ് ഐ യുടെ ഭാര്യ നിന്‍റെ സ്ഥിരം വായനക്കാരിയാണു പോലും  അതുകൊണ്ടാണ് നിന്റെമേല്‍  കൈ വെക്കാത്തത്. മേലില്‍ ഈ സൈസ് പണിയുമായി ഇതിലെവന്നാല്‍ അടിച്ച് നിന്‍റെ കൈവിരല്‍ ചതക്കും പിന്നെ  നിന്റെ എഴുത്തിന്റെ സൂക്കേടും തീര്‍ന്നോളും.”

പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ എന്നോട് ഒരു പരിഹാസച്ചിരിയോടെ   റൈട്ടര്‍ ചോദിച്ചു. “എടേ  നിന്‍റെ പൂര്‍വ കാമുകി ഇപ്പോള്‍ എവിടാ” ?

‘ എന്‍റെ സാറെ പത്തിരുപതു കൊല്ലം മുന്‍പ്  അവളെ ഏതോ ഒരു വരത്തന്‍  പട്ടാളക്കാരന്‍ കെട്ടിക്കൊണ്ടു പോയതാ. ഇപ്പോള്‍  അങ്ങു വടക്ക് അതിര്‍ത്തീല്‍ എവടോ അവളു  വെടീ പടേം ആയി അവന്‍റെ കൂടൊണ്ട് ’

“ അപ്പൊ ഇതിച്ചിരി പഴേ കുറ്റിയാന്നു അല്യോ ? എന്നിട്ടാണോ ഇപ്പോഴും. ?.” റൈട്ടര്‍  അതും പറഞ്ഞു പിന്നെയും ചിരിച്ചു. 

 പോലീസ്  സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയ എനിക്കു  വല്ലാത്ത തലവേദന തോന്നി. ഇന്നലത്തെ ഹാങ്ങോവര്‍ മാറിയില്ല. രണ്ടെണ്ണം ലൈറ്റ് ആയി ചെലുത്തണം എന്നാലെ  ഈ തലവേദന മാറൂ. കാലുകള്‍ അറിയാതെ ചെന്നെത്തിയത് ബിവറേജസിന്റെ മുന്‍പില്‍. ബാറുകള്‍ പൂട്ടിയ സര്‍ക്കാരിനെ പ്രാകികൊണ്ട്‌ പൊരിവെയിലത്ത്  ക്യൂ നില്‍കുമ്പോള്‍ അടുത്ത  ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണില്‍ ചാരി എന്നെത്തന്നെ നോക്കി  നിൽക്കുന്ന  നീലിയുടെ ദാഹാര്‍ത്തമായ  കണ്ണുകളുടെ തിളക്കം ഞാന്‍ കണ്ടു.  അവള്‍ എന്നെയുംകൊണ്ടേ പോകൂ.

–––           –––            –––                    –––                  –––            –––          –––     –––             –– ––

*മദോന്മത്തനായി പൊതു സ്ഥലത്ത്  വന്ന് മറ്റുള്ളവര്‍ക്ക് ശല്യമായി തീരുന്നവർക്ക്  24 മണിക്കൂര്‍ നേരത്തെ  വെറും തടവോ  10  രൂപാ പിഴയോ  അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ശിക്ഷയായി വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ്.  ശിക്ഷാ നിയമത്തിലെ ഏറ്റവും ലഘുവായ വകുപ്പെന്ന ഖ്യാതിയും ഇതിനുണ്ട്.

English Summary : sagar Kottappurathinte Kuttavum shikshayum Story By Joseph Abraham  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com