ADVERTISEMENT

LUCKY DAD അഥവാ ..ഒരച്ഛന്റെ  രോദനം (കഥ)

സീൻ 1 

തോളിൽ പുസ്തക സഞ്ചിയുടെ ഭാരവും പേറി ഒരു ഒന്നാം ക്ലാസ്സുകാരൻ  ലിഫ്റ്റ് തുറന്നു ഇറങ്ങി വരുന്നു. ക്ഷീണത്താൽ അവന്റെ മുഖം വാടിയിരിക്കുന്നു. ഫ്ലാറ്റ് ഇന്റെ ബെൽ റിങ് ചെയ്യുന്ന നേരം, ജോലിക്കാരി വാതിൽ തുറക്കുന്നു. മുറിയിലേക്ക് കടന്നു അവൻ തന്റെ ബാഗ് അലക്ഷ്യമായി എറിയുന്നു. കസേരയിലിരുന്നു ഷൂസ് സോക്സ്‌ ഊരി മാറ്റുന്നു.

സീൻ 2 

എടാ,കയ്യും മുഖവും കഴുകി ഭക്ഷണം എടുത്തു കഴിക്കൂ. എന്നിട്ട് ഇരുന്നു കഴിക്കൂ (ഒരു സ്ത്രീ ശബ്ദം)

  

വേഷം മാറ്റി കുട്ടി ഭക്ഷണം കഴിക്കുന്നു.

അതിനു ശേഷം പുസ്തകങ്ങൾ തറയിൽ നിരത്തി വെച്ച് കളറിങ് പുസ്തകം എടുത്തു വെച്ച് വരയ്ക്കാനും നിറം പിടിപ്പിക്കാനും തുടങ്ങുന്നു.

സീൻ 3 

(ഗ്രൗണ്ട് ഫ്ലോർ -കാർ പാർക്കിങ് ഏരിയ)

പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വരുന്നു. ജോലി കഴിഞ്ഞുള്ള വരവാണ്.ക്ഷീണത്താൽ മുഖം വാടിയിരിക്കുന്നു. കാർ ലോക്ക് ചെയ്തു  ഇറങ്ങുമ്പോൾ മറ്റൊരാൾ നടന്നു വന്നു ഷേക്ക് ഹാൻഡ് ചെയ്തു ചോദിക്കുന്നു.

സുഹൃത്ത് : ഹേ ഫിലിപ്പ് എന്തുണ്ട് വിശേഷം,കുറെ ആയല്ലോ കണ്ടിട്ട് ...ജോലി ഒക്കെ എങ്ങെനെ പോകുന്നു 

ഫിലിപ്പ് : ഒന്നും പറയാതിരിക്കുന്നതാ ഭേദം , ജോലിക്കു പ്രശ്നങ്ങളുണ്ട് ... ഉടൻ എങ്ങാനും പറഞ്ഞു വിട്ടാൽ എല്ലാം താറുമാറാകും. വരുന്നിടത്തു വെച്ച് കാണാം.

സുഹൃത്ത് : എന്നാൽ പിന്നെ കാണാം 

ഫിലിപ്പ് : ഓക്കെ 

സീൻ 4 

( പന്ത്രണ്ടാം നില  )

ലിഫ്റ്റിന്റെ വാതിൽ തുറന്നു ഫിലിപ്പ് പുറത്തേക്കു വരുന്നു.   വാതിൽ തുറന്നു അകത്തു കയറുന്നു

മകൻ : ഹൈ അപ്പ 

ഫിലിപ്പ് : പഠിക്കുവാണോടാ 

മകൻ : ഞാൻ കളർ ചെയ്യുവാ...നാളെ കൊണ്ട് ചെല്ലാൻ ടീച്ചർ പറഞ്ഞു.

സീൻ 5 

ടൈ ഊരി മാറ്റി ക്ഷീണ ഭാവത്തിൽ മൊബൈൽ തന്റെ ടേബിൾ ന്റെ പുറത്തു വെച്ച് ഫിലിപ്പ് സോഫയിൽ ചെന്നിരുന്നു . 

അപ്പോൾ ഫോൺ റിങ് ചെയ്യുന്നു.

ഫോൺ : ഗുഡ് ഈവെനിംഗ് മിസ്റ്റർ ഫിലിപ്പ് , I am calling from ATB Bank , You didn’t pay the minimum balance for your credit card till now. You have to pay it tomorrow.

ഫിലിപ്പ് : I am sorry , I will pay it within 5 days. 

ബാങ്ക് റെപ്പ് : No No you have to pay it tomorrow itself. 

lucky-dad-003

ഫിലിപ്പ് ഫോൺ താഴെ വെച്ച് ചിന്തിക്കുന്നു : ദൈവമേ ഇനി അത് എവിടെ നിന്ന് അടയ്ക്കും. എന്തൊരു ദുരിതങ്ങളാ.

സീൻ 6 

മകന്റെ നോട്ടം മൊബൈലിലേക്ക് നീങ്ങുന്നു...

മകൻ ചിന്തിക്കുന്നു : ഈ അപ്പയ്ക്ക് എന്നാ സുഖമാ. ഒരു വക പഠിക്കേണ്ട. എപ്പോഴും ഫോണിൽ സംസാരിക്കാം. കാർ ഓടിക്കാം, ലാപ് ടോപ് യൂസ് ചെയ്യാം, പല കളർ ഉള്ള ഡ്രസ്സ് ഇടാം. എനിക്കോ.... എപ്പോഴും പഠിക്കണം, ഹോംവർക്, പരീക്ഷ, യൂണിഫോം ..........ഒന്ന് വേഗം വളർന്നെങ്കിൽ അപ്പയെ പോലെ ആകാമായിരുന്നു.

സീൻ 7 

ഫോൺ വീണ്ടും റിങ് ചെയ്യുന്നു . 

ഫോൺ : സർ , ഞാൻ കെ കെ ഏജൻസി യിൽ നിന്നാണ് .സർ ഇൻസ്റ്റാൾമെന്റിൽ വാങ്ങിയ വാഷിംഗ് മെഷീന്റെയും ഫ്രിഡ്ജിന്റെയും ഈ മാസത്തെ അടവ് പെന്റിങ് ആണ് .വേഗം അടക്കണം. സർ തന്ന ക്രെഡിറ്റ് കാർഡ് ഡിക്ലൈൻ ആയി. 

ഫിലിപ്പ് : സോറി , ഞാൻ ആ കാർഡ് ക്യാൻസൽ ചെയ്തു. സാരമില്ല, ഞാൻ ഉടനെ തന്നെ വന്നു അടയ്ക്കാം 

ഫോൺ : നാളെത്തന്നെ അടയ്ക്കണേ സാറേ. മുതലാളി വലിയ കണിശക്കാരനാ. അടച്ചില്ലേൽ അങ്ങേരു വീട്ടിൽ വന്നു സാധനം എടുത്തോണ്ട് പോകും. അതാ ഇനം.

ഫിലിപ്പ് : ശ്ശേ! അടയ്ക്കാമെന്നു പറഞ്ഞില്ലേ.... പിന്നെന്താ...

ഫോൺ ( അല്പം പരുഷമായി ) : ഹും അടച്ചാൽ മതി...

ഫിലിപ്പ് ചിന്തിക്കുന്നു.....

അന്നേ ഞാൻ അവളോട് പറഞ്ഞതാ. പഴയതു വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ. അതെങ്ങനാ. മാത്യൂസിന്റെ ഭാര്യ പുതിയത് വാങ്ങിച്ചു നമ്മള് കുറയ്ക്കാൻ പറ്റുമോ?

ദൈവമേ , എവിടുന്നു എടുത്തിട്ട് ഇതെല്ലാം അടയ്ക്കുമോ എന്തോ. ലോൺ കട്ടിങ് കഴിഞ്ഞു ഈ മാസം കിട്ടിയത് ഇത്രക്ക് ഇത്ര ഉലുവ ആണ്...

സീൻ 8 

കാളിങ് ബെൽ അടിക്കുന്നു. 

ഫിലിപ്പ് ചെന്ന് വാതിൽ തുറക്കുന്നു . ടൈ കെട്ടിയ സുമുഖനായ ചെറുപ്പക്കാരൻ 

എക്സിക്യൂട്ടീവ് : എന്റെ പേര് വിനോദ്...ഞാൻ സാറിനെ രാവിലെ വിളിച്ചിരുന്നു. ബാങ്ക് ലോണിന്റെ കാര്യത്തിന് ...സാറിനു താൽപര്യം ഉണ്ടെന്നു പറഞ്ഞിരുന്നു.

ഫിലിപ്പ് : ഓക്കേ ഓക്കേ. വരൂ വിനോദ്, ഇരിക്കൂ...

എക്സിക്യൂട്ടീവ് : ഞങ്ങൾ വളരെ മിതമായ പലിശക്കാണ് ലോൺ നൽകുന്നത്.എല്ലാം രാവിലെ പറഞ്ഞതാണല്ലോ.

ഫിലിപ്പ് : എത്ര ദിവസത്തിനകം കിട്ടും. 

എക്സിക്യൂട്ടീവ് : കൂടി പോയാൽ രണ്ടു മൂന്ന് ദിവസം .ബൈ ദി ബൈ സാറിന്റെ ജോലിക്കു കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ ?

ഫിലിപ്പ് : ഹേ ഇല്ലേ ഇല്ല ....

എക്സിക്യൂട്ടീവ് : സാർ, ഞങ്ങൾക്ക് ക്രെഡിറ്റ് കാർഡും ഉണ്ട്. താൽപര്യം ഉണ്ടെങ്കിൽ സാറിന് ഒരെണ്ണം എടുക്കാം. സാറിനെ പോലുള്ള നിലേം വിലേം ഉള്ള ആളുകൾക്ക് ഞങ്ങൾ പ്രീമിയം കാർഡ് ആണ് നൽകുന്നത്. എന്തൊക്കെ ബെനെഫിറ്റ്സ് ആണെന്നറിയാമോ? എല്ലാം ഇതിൽ വിശദമായി ഉണ്ട്. എന്തേലും സംശയം ഉണ്ടേൽ വിളിച്ച മതി. ഈ അപ്ലിക്കേഷൻ കൂടി ഒപ്പിട്ടോളു. ഞാൻ എല്ലാം ശരിയാക്കിക്കൊള്ളാം.

ഫിലിപ്പ് : അതെയോ, എങ്കിൽ അത് കൂടി പ്രൊസീഡ് ചെയ്തോളു...

എക്സിക്യൂട്ടീവ് : അപ്പൊ ഞാൻ ഇറങ്ങട്ടെ...എല്ലാം ശരിയാക്കിട്ടു വിളിക്കാം...

ഫിലിപ്പ് : ഓക്കേ

സീൻ 9

ഫിലിപ്പ്  കതകു അടയ്ക്കുന്ന നേരം മകൻ ചെന്ന് ഫിലിപ്പിന്റെ മൊബൈൽ എടുക്കുന്നു.അവൻ നടന്നു അകത്തേക്ക് പോകുന്നു .

lucky-dad-002

(ഫിലിപ്പ് സോഫയിൽ ഇരുന്നപ്പോൾ മകൻ വരച്ച പടം ശ്രദ്ധിക്കുന്നു ) ഒരു അമ്മയും കുഞ്ഞും )

ആ ചിത്രത്തിൽ നോക്കി ഫിലിപ്പ് കുറെ നേരം ഇരുന്നു ..അയാൾ ചിന്തിക്കുന്നു 

‘‘എത്ര മനോഹരമായ കാലമാണ് കുട്ടിക്കാലം, ഒരല്ലലുമില്ലാതെ അപ്പന്റേം അമ്മേടേം തണലിൽ കഴിയുക എന്ത് സുഖമായിരുന്നു.ഒരു കുട്ടിയായി മാറാൻ കഴിഞ്ഞിരുന്നെങ്കിൽ ....ബാങ്ക് ലോണും , ക്രെഡിറ്റ് കാർഡും ഒന്നുമില്ലാത്ത മനോഹരമായ കാലം ...എത്ര രസമായിരുന്നു...’’

പതുക്കെ ഫിലിപ്പ് നിലത്തിരുന്നു, മകൻ വരച്ചു  കൊണ്ടിരുന്ന പടം നിറം പിടിപ്പിച്ചു തുടങ്ങുന്നു. എന്തെന്നില്ലാത്ത ഒരു സന്തോഷം അയാൾ അനുഭവിക്കുന്നു....തന്റെ ചിന്തയിൽ മറ്റൊന്നുമില്ല ...ഒരു കൊച്ചു കുട്ടിയുടെ കൗതുകം അയാളുടെ കണ്ണുകളിൽ കാണുന്നു......

പെട്ടന്ന് മകൻ ഫിലിപ്പിന്റെ മൊബൈലുമായി കടന്നു വരുന്നു. 

മകൻ : അപ്പ ,,,ഇങ്ങോട്ട് നോക്കിയേ ,,,,ഇത് ലോക്ക് ആയി പോയി...ഒന്ന് ശെരിയാക്കിക്കെ ....എനിക്ക് ഗെയിം കളിക്കണം..

സീൻ 10 

ഏതോ ലോകത്തു നിന്ന് ഞെട്ടി ഉണർന്ന ഫിലിപ്പ് തന്റെ വില കൂടിയ മൊബൈൽ കയ്യിൽ പിടിച്ചു നിൽക്കുന്ന മകനെ നോക്കി ശകാരിക്കുന്നു. എന്തിനാടാ, എന്റെ മൊബൈൽ എടുത്തത്... വലിയവർ ഉപയോഗിക്കുന്ന സാധനങ്ങൾ തൊടരുത് എന്ന് പറഞ്ഞിട്ടില്ലേ. ഇത് കേട്ട് സങ്കടം സഹിക്ക വയ്യാതെ മൊബൈൽ സോഫയിൽ ഇട്ടിട്ടു തിരിഞ്ഞു നിന്ന് അപ്പനോട്.

‘‘അപ്പ എന്തിനാ എന്റെ കളർ പെൻസിൽ എടുത്തത് ...കൊച്ചു കുട്ടികൾ ഉപയോഗിക്കുന്ന സാധനങ്ങൾ എടുക്കരുത് എന്ന് അറിയില്ലേ’’..

lucky-dad-004

ഫിലിപ്പ് ഒരു കള്ളച്ചിരിയോടെ പെട്ടന്ന് തന്റെ കയ്യിൽ ഇരുന്ന കളർ പെൻസിൽ നിലത്തു വെച്ച് തറയിൽ നിന്ന് എഴുന്നേൽക്കുന്നു. മകന്റെ തലയിൽ തലോടുന്നു.

മകൻ  വരയ്ക്കാനായി നിലത്തിരിക്കുന്നു. 

പെട്ടന്ന് മൊബൈൽ വീണ്ടും റിങ് ചെയ്യുന്നു. ‘‘ബോസ് കാളിങ്’’ എന്ന സ്ക്രീൻ തെളിയുന്നു 

ഫിലിപ്പ് ആത്മഗതം : ശല്യം , ഇനി ഇങ്ങേർക്ക് എന്താ വേണ്ടത് ??

ഫിലിപ്പ് വളരെ ടെൻഷൻ നിറഞ്ഞ മുഖത്തോടു കൂടി ഫോൺ എടുക്കുന്നു ...

ഹലോ സർ എന്ന് പറഞ്ഞു ഫിലിപ്പ് നടന്നു നീങ്ങുന്നു. 

മകൻ ചിന്തിക്കുന്നു :  ഈ അപ്പ എന്നാ ലക്കിയാ...

ഒന്ന് പെട്ടന്ന് വളർന്നാ മതിയാരുന്നു....

English Summary : LUCKY DAD അഥവാ ..ഒരച്ഛന്റെ  രോദനം Story By George Mathew Cheriyathh 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com