sections
MORE

മനുഷ്യനായാൽ മനസ്സ് നന്നാവണം, വെറുതെ അല്ല ഇതുവരെ കുട്ടികൾ ഉണ്ടാവാത്തത്; ദേഷ്യം മുഴുവൻ...

നഹുഷൻ (കഥ)
പ്രതീകാത്മക ചിത്രം
SHARE

നഹുഷൻ (കഥ)

കോളിംഗ് ബെൽ മുഴങ്ങുന്നത് ആദ്യം കേട്ടപ്പോൾ അയാൾ ബെഡിൽ ഒന്ന് തിരിഞ്ഞു കിടന്നു. വീണ്ടും മുഴങ്ങുന്ന ബെല്ലിനെ ശപിച്ചുകൊണ്ടു മുഖം തിരുമ്മി  വാതിൽ തുറന്നപ്പോൾ മുന്നിൽ അനുഏടത്തി നിൽക്കുന്നു. 

‘അനുഏടത്തി കയറി വരൂ’ എന്ന് പറയാൻ തുടങ്ങിയപ്പോൾ  പിറകിൽ നിൽക്കുന്ന പയ്യനെ കണ്ടു അയാൾ ഞെട്ടി. അവനെ മുന്നോട്ടു വലിച്ചു നിർത്തി ഏടത്തി പറഞ്ഞു.

‘‘ഇത് അരുൺ. നിനക്ക് നന്നായിട്ടറിയാലോ അല്ലേ?. ഇനി അറിയാത്ത ഒരു കാര്യം കൂടെ പറഞ്ഞു തരാം. ഇവൻ  പവിയേട്ടന്റെയും എന്റെയും മകൻ. ഏതായാലും നീ ചെയ്തു തന്ന ഉപകരത്തിനു നന്ദി പറഞ്ഞു പോകാം എന്ന് വിചാരിച്ചു വന്നതാണ്’’എന്നു പറഞ്ഞുകൊണ്ട് ഏടത്തി കൈകൂപ്പി തിരിഞ്ഞു നടന്നു. തിരിഞ്ഞു നടക്കുന്നതിനിടയിൽ അരുൺ അയാളെ ഒന്ന് തിരിഞ്ഞു നോക്കി, ആ നോട്ടം അയാളെ പഴയ കാലത്തിലേക്ക് കൊത്തി വലിച്ചു കൊണ്ട് പോയി.

അയാളുടെ വീടിന്റെ അഞ്ചു വീടുകൾക്കപ്പുറത്താണ് പവിത്രേട്ടന്റെ വീട്. പവിത്രേട്ടൻ പട്ടാളത്തിലാണ്. അയാളുടെ അച്ഛന്റെ അമ്മായിയുടെ മകൻ ആണ് പവിത്രൻ. സ്ഥാനം കൊണ്ട് അമ്മാവൻ ആണെങ്കിലും നാട്ടിലെ ചെറുപ്പക്കാരെല്ലാം വിളിക്കുന്നതു പോലെ ആയാളും പവിത്രേട്ടൻ എന്ന് വിളിച്ചു പോന്നു.

നന്നായി പന്ത് കളിക്കുന്ന പവിത്രൻ സർവീസസ് ടീമിലെ സ്ഥിരം കളിക്കാരൻ ആയിരുന്നു. സന്തോഷ് ട്രോഫിയിൽ സർവീസസിന്റെ ക്യാപ്റ്റൻ ആയിരുന്നു. അങ്ങിനെ ഉള്ള പവിത്രൻ  നാട്ടിൽ വരുമ്പോൾ വീട്ടിനടുത്തു പാടത്തു കുട്ടികളുടെ കളി നോക്കി നിൽക്കുന്നതും അവർക്കു ഉപദേശം കൊടുക്കുന്നതും ഒക്കെ പതിവായിരുന്നു.

അന്നൊരു ദിവസം വീട്ടിൽ വന്ന പവിത്രേട്ടനോട് അച്ഛൻ പരാതി പറയുന്നത് കേട്ടു.

‘‘ ഈ വിനയനെക്കൊണ്ടു തോറ്റു. ചെക്കൻ ഒരു മിനിട്ടു കിട്ടിയാൽ വീട്ടിൽ ഇരിക്കില്ല. പന്ത് കളിയ്ക്കാൻ ഓട്ടമാണ് അവന്റെ കോലം കണ്ടില്ലേ’’

‘‘ കൊച്ചേട്ട ആ കാര്യം പറയാൻ തന്നെ ആണ് ഞാൻ വന്നത്.  വിനയൻ കളിക്കുന്നത് ഞാൻ വരുമ്പോഴെല്ലാം ശ്രദ്ധിക്കാറുണ്ട്. അവൻ വളരെ നന്നായി കളിക്കുന്നുണ്ട്. പക്ഷേ സ്റ്റാമിന കുറവാണ്’’.

‘‘ നിനക്കെന്താ പവിത്ര,  നീ പട്ടാളത്തിൽ എത്തിയതു കൊണ്ട് രക്ഷപെട്ടു. ഈ ചെക്കൻ രണ്ടക്ഷരം പഠിക്കുന്ന സമയത്തു ഇനി ഇപ്പോൾ കളിച്ചു നടക്കാൻ ശക്തി കൂട്ടണോ? അല്ലെങ്കിൽത്തന്നെ കുരുത്തക്കേട് കാണിക്കൽ ഇപ്പോൾ വളരെക്കൂടുതലാണ്. രണ്ടെണ്ണം പൊട്ടിക്കാം എന്നു വച്ചാൽ ഒപ്പം ഓടി എത്തുകയും ഇല്ല’’

‘‘സുകുവേട്ടാ,  ഞാൻ തമാശ പറഞ്ഞതല്ല.  അവൻ വളരെ നന്നായി കളിക്കുന്നുണ്ട്.  നല്ല കോച്ചിങ് കൊടുത്താൽ നല്ല ഉയരങ്ങളിൽ എത്തും. ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നും അല്ല കളിക്കാർക്ക് നല്ല ജോലി ഒക്കെ കിട്ടാനും  എളുപ്പമാണ്’’

ജോലി കിട്ടാൻ എളുപ്പമാണ് എന്ന വക്കിൽ സുകുമാരൻ മാസ്റ്റർ വീണു.

പിറ്റേന്ന് മുതൽക്ക് അച്ഛൻ അയാളുടെ ഭക്ഷണത്തിൽ പാലും മുട്ടയും ഒക്കെ ഉൾപ്പെടുത്തി.  വീട്ടിൽ വല്ലപ്പോഴും മാത്രം വാങ്ങിച്ചിരുന്ന ആട്ടിറച്ചിയും മീനും ഒക്കെ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ആയി മാറി. 

nahushan-03

ഏതായാലും വിനയന് പഠിത്തത്തിൽ ഉള്ള താൽപര്യം അൽപം കൂടി കുറഞ്ഞെങ്കിലും ആരോഗ്യം മെച്ചപ്പെട്ടു.

അങ്ങനെ പത്താം ക്ലാസ്സിൽ കഷ്‌ടിച്ച് കടന്നു കൂടിയ വിനയനെ ആ സമയത്തു ബംഗാളിൽ ആയിരുന്ന പവിത്രൻ കൂടെ കൊണ്ടുപോയി മോഹന്ബഗാൻ ഫുട്ബാൾ അക്കാദമിയിൽ ചേർത്തു.

അവിടെ ഉള്ള പഠനവും കോച്ചിങ്ങും വിനയനിലെ  കളിക്കാരനെ തേച്ചു മിനുക്കി എടുത്തു. ആദ്യം മോഹൻ ബഗാൻ യൂത്ത്‌ ടീമിൽ അംഗമായ വിനയൻ 19 വയസ്സായപ്പോഴേക്കും അവരുടെ സീനിയർ ടീമിൽ ഇടം നേടി

അപ്പോഴേക്കും നാട്ടിലെ പത്രങ്ങളിൽ എല്ലാം കൽക്കത്തയിൽ  തിളങ്ങുന്ന മലയാളിപ്പയ്യനെക്കുറിച്ച് വാർത്തകൾ വരാൻ തുടങ്ങിയിരുന്നു.

ആയിടക്കു പവിത്രേട്ടന്റെ കല്യാണത്തിന് നാട്ടിൽ വന്നപ്പോഴാണ് വിനയന് വീട്ടിലും നാട്ടിലും തനിക്ക് ഇപ്പോൾ ഉള്ള താര പരിവേഷം മനസ്സിലായത്. പവിത്രേട്ടന്റെ കല്യാണത്തിന്റെ അന്ന് ആണ് അയാൾ ജയയെ 

ആദ്യമായി ശ്രദ്ധിക്കുന്നത്. പാലക്കാടുള്ള അയാളുടെ അമ്മാവന്റെ മകൾ ആയിരുന്നു അവൾ. അയാൾ ഇതിനു മുൻപ് കാണുമ്പോൾ ഒരു കൊച്ചു പെണ്ണായിരുന്ന ജയ ഇപ്പോൾ പൂത്തുലഞ്ഞ ഒരു പതിനേഴുകാരി ആയി മാറിയിരിക്കുന്നു.

ഏതായാലും ഇത്തവണ വിനയൻ കൽക്കത്തയിലേക്ക്  തിരിച്ചപ്പോൾ  അവളുടെ പ്രണയത്തെ കൂടി തന്റെ കൂടെ കൂട്ടിയിരുന്നു. കൽക്കത്തയിൽ വിനയന്റെ വളർച്ച പെട്ടന്നായിരുന്നു. ടൂർണമെന്റുകളിൽ മോഹൻ ബാഗേന് വേണ്ടി ഗോൾ അടിച്ചു കൂട്ടികൊണ്ടിരുന്ന വിനയൻ പെട്ടന്ന് തന്നെ ബംഗാളികളുടെ ബിനോയൻ ആയി മാറി.

പവിത്രേട്ടൻ അതിനിടയിൽ കളി നിർത്തിയിരുന്നു. എങ്കിലും ജോലിയിൽ തുടർന്നു. എന്നാൽ കല്യാണം കഴിഞ്ഞു നാലു വർഷം ആയിട്ടും കുട്ടികൾ ഉണ്ടാകാത്തതിൽ ചേട്ടനും അനുവേട്ടത്തിയും വിഷമത്തിൽ ആയിരുന്നു. ആയിടയ്ക്ക് ദൂരദർശന്റെ നാഷണൽ ചാനലിൽ വിനയനും ആയി വന്ന അഭിമുഖത്തിൽ തന്റെ ഗോഡ് ഫാദർ സർവ്വീസസിന്റെ ക്യാപ്റ്റൻ ആയിരുന്ന പവിത്രൻ ആണെന്ന് അയാൾ പറഞ്ഞിരുന്നു. അതിനു മറുപടി ആയി പവിത്രേട്ടൻ പറഞ്ഞത് ‘നിനക്കുള്ള കഴിവ് ഞാൻ അല്ലെങ്കിൽ മറ്റാരെങ്കിലും കണ്ടെത്തുമായിരുന്നു’’ എന്നാണ്.

അത്തവണ സന്തോഷ് ട്രോഫി കേരളത്തെ തോൽപ്പിച്ച് ബംഗാൾ നേടിയത് വിനയന്റെ മികവിൽ ആയിരുന്നു. 

കളിയും പ്രണയവും ആയി കാലം പോകവേ ജയയുടെ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു. ആ വർഷം ഫെഡറേഷൻ കപ്പ് കോഴിക്കോട് വച്ചായിരുന്നു. മോഹൻ ബഗാന് വീണ്ടും വിനയന്റെ മികവിൽ ഒരു കപ്പു നേട്ടം കൂടി. കളി കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ അടുത്ത വർഷത്തേക്ക് വിനയന്റെയും ജയയുടെയും വിവാഹം നിശ്ചയിച്ചു.

ഇന്ത്യൻ ടീമിൽ സ്ഥിരക്കാരൻ ആയിരുന്ന വിനയൻ അപ്പോഴേക്കും ഇന്ത്യക്ക് വലിയ വിജയങ്ങൾ ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും അവിടെയും വിനയൻ തന്റെ നല്ല പ്രകടനങ്ങൾ തുടർന്നുകൊണ്ടേ യിരുന്നു. ഭാരതത്തിന്റെ ഏതു ഭാഗത്തു പോയാലും ഇപ്പോൾ ഒരു ക്രിക്കറ്റ് താരത്തിനെപ്പോലെ വിനയനെയും ആളുകൾ തിരിച്ചറിയാൻ തുടങ്ങി.

ഇത്തവണ ഫെഡറെഷൻ കപ്പ് ഫൈനലിൽ ഈസ്റ്റ് ബംഗാളിനെതിരെ  മോഹന്ബഗാൻ തോറ്റു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ നിർണായകമായ കിക്ക് വിനയൻ പുറത്തേക്കടിച്ചത് കൊണ്ടാണ് ബഗാന് തോൽക്കേണ്ടി വന്നത്. വിനയന് വേണ്ടി ആർത്തലച്ചിരുന്ന കാണികൾ ആദ്യമായ് വിനയനെ കൂക്കി വിളിക്കാൻ തുടങ്ങി.

ഏതായാലും നാട്ടിൽ വന്നു ജോറായി കല്യാണം നടത്തി ജയയുമായി മടങ്ങിയ വിനയൻ  ഇന്ത്യൻ ഫുഡ്ബോൾ രംഗത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഇത്തവണ ഈസ്റ്റ് ബംഗാളിലേക്ക് മാറി.

കൽക്കത്തയിലെ കളിയും ജയയുടെ കൂടെ ഉള്ള ജീവിതവും വിനയനെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കളിക്കാരൻ എന്ന നിലയിലുള്ള വളർച്ചയിലേക്ക് പെട്ടന്ന് തന്നെ എത്തിച്ചു. സുന്ദരിയായ ഭാര്യ. സന്തുഷ്ടമായ ജീവിതം. ഇതിനിടയിൽ ജയ ഗർഭിണി ആയി. പ്രസവത്തിനായി ജയ നാട്ടിൽ പോയ സമയത്താണ്

വിനയനൻ ഇത്തവണ ക്ലബ് ട്രാൻഫറിൽ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ടു ബോംബെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ എത്തിച്ചേർന്നു. കൽക്കത്തയിൽ നിന്ന് മാറുന്നു എന്ന് കേട്ടപ്പോൾ ജയയ്ക്കു വിഷമം തോന്നിയെങ്കിലും വിനയന് സന്തോഷം ആയിരുന്നു.

അപ്പോഴേക്കും ജയ പ്രസവിച്ചിരുന്നു ഒരു ആൺകുട്ടി. കുട്ടിയെയും ഭാര്യയെയും ഉടനെ കൊണ്ട് പോകണ്ട

കുട്ടിക്ക് ഒരു വയസ്സെങ്കിലും ആവട്ടെ അല്ലാതെ നീ കളിയും ആയി നടക്കുമ്പോൾ അവൾ ബുദ്ധിമുട്ടും എന്ന് അച്ഛനും അമ്മയും നിർബന്ധം പിടിച്ചപ്പോൾ അവർ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അത്തവണ മഹാരാഷ്ട്രക്കു വേണ്ടി സന്തോഷ് ട്രോഫിയും, ക്ലബിനു വേണ്ടി ഫെഡറേഷൻ കപ്പും, ഡ്യുരാണ്ട് കപ്പും എല്ലാം വിനയൻ ഒറ്റയാൾ പ്രകടനത്തിലൂടെ നേടിക്കൊടുത്തു.

nahushan-02

ഫെഡറേഷൻ കപ്പ് നേടിയത് കൊണ്ട് താജ് ഹോട്ടലിൽ വെച്ച് ക്ലബ് നടത്തിയ പാർട്ടിയുടെ ഇടയിൽ വെച്ചാണ് വിനയൻ ആദ്യമായി  ശീതൾ മിശ്രയെ കാണുന്നത്. ഹിന്ദിയിൽ ഉദിച്ചുയരുന്ന പുതിയ താരം ആകെ അഭിനയിച്ച മൂന്ന് സിനിമകളും സൂപ്പർ ഹിറ്റ്. അന്ന് പരിചയപ്പെട്ട അവരുടെ സൗഹൃദം പെട്ടന്ന് വളർന്നു അത് പതുക്കെ പ്രണയത്തിലേക്ക് വഴി മാറി. വീട്ടിലേക്കുള്ള വിളികൾ കുറഞ്ഞു. ജയയെയും മോനെയും കാണാനുള്ള വരവുകൾ കുറഞ്ഞു. അതിനിടയിൽ ബോംബെയിലെ പത്രങ്ങളിൽ പുതിയ പ്രണയ ജോഡികളെ കുറിച്ചുള്ള ഗോസിപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

നാട്ടിലും പതുക്കെ പതുക്കെ വിവരങ്ങൾ അറിയാൻ തുടങ്ങി. അച്ഛൻ ജയയെയും കുട്ടിയേയും കൂട്ടി കൊണ്ടുപോകുവാൻ നിർബന്ധം പിടിച്ചപ്പോൾ  കേൾക്കുന്നതൊക്കയും നുണകൾ ആണെന്നും,ശീതൾ ഒരു സുഹൃത്ത് മാത്രമാണെന്നും ഒക്കെ അമ്മയുടെ പേരിൽ സത്യം ചെയ്ത് കുറച്ചുകൂടെ നല്ല ഒരു ഫ്ലാറ്റ് വാങ്ങിയിട്ട് ജയയെയും കുട്ടിയേയും കൂടെ കൂട്ടാംഎന്നൊക്കെ പറഞ്ഞു തൽക്കാലം രക്ഷ  കണ്ടെത്തി.

കുറച്ചു നാൾ കഴിഞ്ഞിട്ടും അവരെ കൊണ്ടുവരാൻ താൽപര്യം കാണാത്തതിനാൽ , അതിനിടയിൽ പട്ടാളത്തിൽ നിന്നും പിരിഞ്ഞു നാട്ടിൽ കൂടിയിരുന്ന പവിത്രേട്ടനെ വിവരം അന്വേഷിച്ചു വരാൻ അച്ഛൻ ഏൽപ്പിച്ചത്. അതനുസരിച്ചു ഫ്ലാറ്റിൽ വന്നപ്പോൾ അവിടെ ഒപ്പം  ശീതളിനെയും കണ്ടപ്പോൾ ശരിക്കും ഞെട്ടി. ചേട്ടൻ രണ്ടു പേരെയും കുറെ ഉപദേശിച്ചെങ്കിലും അതൊന്നും ഉൾക്കൊള്ളാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞങ്ങൾ.

ഇനി ഈ കാര്യം പറഞ്ഞു ഇങ്ങോട്ടു വരരുത് എന്ന് പറഞ്ഞപ്പോൾ ശരിക്കും പവിത്രേട്ടൻ തകരുന്നത് ഞാൻ കണ്ടു. താൻ പറയുന്നത് വിനയൻ ഒരിക്കലും അനുസരിക്കാതിരിക്കില്ല എന്ന് അച്ഛന് വാക്ക് കൊടുത്തു കൊണ്ടാണ് പവിത്രേട്ടൻ എന്നെ കാണാൻ തിരിച്ചിരുന്നത്.

‘‘ഏതായാലും കാര്യം എളുപ്പമായി. വീട്ടിൽ എങ്ങിനെ അറിയിക്കും എന്നു വിചാരിക്കുകയായിരുന്നു ആ ടെൻഷൻ തീർന്നു’’ എന്ന് ശീതളിനോട് പറഞ്ഞ് അയാൾ ചിരിച്ചു.  ജയയ്ക്കും കുട്ടിക്കും ജീവിക്കാൻ വേണ്ട വലിയ ഒരു തുകയുടെ ചെക്ക് അവൾക്കു രാജിസ്റ്റേഡ് പോസ്റ്റിൽ അയച്ചു. ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ഒരു ദിവസം അച്ഛനും ജയയുടെ അച്ഛനും പവിത്രേട്ടന്റെ കൂടെ ഒരു ദിവസം ഫ്ലാറ്റിൽ വന്നു. വന്ന ഉടനെ ആദ്യം മുഖം അടിച്ചു ഒരു പൊട്ടിക്കൽ ആയിരുന്നു അച്ഛന്റെ വക. 

ഞാൻ അയച്ച ചെക്ക് കീറി മുഖത്തേക്ക് എറിഞ്ഞു കൊണ്ട് അച്ഛൻ അലറി ‘‘എനിക്കിനി ഇങ്ങനെ ഒരു മകൻ ഇല്ല. അവളെയും കുട്ടിയേയും നോക്കാൻ ഞങ്ങൾക്ക് നിന്റെ ഔദാര്യം ഒന്നും വേണ്ട’’ എന്ന് ജയയുടെ അച്ഛനും പറഞ്ഞു. ഇതു പറഞ്ഞുകൊണ്ട് അവർ രണ്ടു പേരും പുറത്തേക്കു കുതിച്ചു. വീണ്ടും എന്നെ ഉപദേശിക്കാൻ ശ്രമിച്ച 

ട്ടനോടാണ് ഞാൻ ദേഷ്യം മുഴുവൻ തീർത്തത്.

‘‘തൃപ്തിയായില്ലേ നിങ്ങൾക്ക്’’. ഇവരെ കൂട്ടിക്കൊണ്ടുവരാൻ ആരാണ് നിങ്ങളോടു പറഞ്ഞത്. മനുഷ്യനായാ ൽ മനസ്സ് നന്നാവണം വെറുതെ അല്ല ഇതുവരെ കുട്ടികൾ ഉണ്ടാവാത്തത് എന്നൊക്കെ. അന്നാണ് ആ മനുഷ്യനെ അവസാനമായി കാണുന്നത്. എന്റെ മുന്നിൽ നിന്ന് അയാൾ ആകെ തകർന്നാണ് ഇറങ്ങിപ്പോയത്.

ഈ സമയത്തു ശീതൾ ഷൂട്ടിങ്ങിന് പോയതിൽ അയാൾ ആശ്വാസം കൊണ്ടു. പിന്നീട് ശീതളുമായി അയാളുടെ ജീവിതം സന്തോഷകരമായി മുന്നോട്ടു പോയി. അയാൾ കളിയിലും അവൾ സിനിമയിലും തിരക്കിലായി. അയാൾ അർജ്ജുന അവാർഡ് വാങ്ങാൻ പോയപ്പോൾ കൂടെ ശീതളും  ഉണ്ടായിരുന്നു. അതോടെ അവരുടെ ബന്ധം എല്ലാവരും അറിയുകയും ചെയ്തു.

രണ്ടു വർഷം കൂടെ കഴിഞ്ഞപ്പോഴേക്കും കളിയിൽ അയാളുടെ കാലം കഴിയാൻ തുടങ്ങിയിരുന്നു. സ്വരം നന്നായപ്പോഴേ പട്ടു നിർത്തുക എന്ന് പറയുന്നതു പോലെ തന്നെ അയാൾ കളി നിർത്തി. എന്നാൽ അപ്പോഴേക്കും കളിയിലൂടെയും പരസ്യത്തിലൂടെയും ഒക്കെ ആയി ഒരു വലിയ സമ്പാദ്യം ഉണ്ടാക്കിയിരുന്നു.

കളി നിർത്തിയപ്പോൾ പരിശീലകൻ ആയി പല ക്ലബുകളും സമീപിച്ചെങ്കിലും അയാൾ രഫറിയിങ് ആണ് തിരഞ്ഞെടുത്തത്. അപ്പോഴേക്കും ശീതൾ ഹിന്ദിയിൽ സൂപ്പർ നായിക ആയി മാറിയിരുന്നു. രണ്ടു പേരും കാണുന്നത് തന്നെ വല്ലപ്പോഴും ആയി മാറിയിരുന്നു. 

ശീതൾ സിനിമ അഭിനയം നിർത്തി ഒരു വീട്ടമ്മ ആയി ജീവിക്കാം എന്ന് പലപ്പോഴും പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. എല്ലായ്പ്പോഴും പണം ഉണ്ടാക്കാൻ പറ്റില്ല. ഇപ്പോഴേ പറ്റൂ എന്ന് അയാൾ പറഞ്ഞു,

രഫറിയിങ്ങിൽ അയാൾ മുന്നേറുക ആയിരുന്നു. ലോകത്തിലെ പ്രധാന മതസരങ്ങളിൽ അയാൾ പ്രധാന റഫറി ആവൻ തുടങ്ങി. ഇതിനിടയിൽ ഒരിക്കലും അയാൾ നാട്ടിൽ പോവുകയോ മകനെ കാണാൻ ശ്രമിക്കുകയോ ചെയ്തയ്‌തിരുന്നില്ല.

അതിനിടയിൽ എപ്പോഴോ പവിത്രേട്ടൻ ഒരു ആൺകുഞ്ഞിന്റെ അച്ഛനായി എന്ന് ആരോ പറഞ്ഞ് അയാൾ അറിഞ്ഞിരുന്നു. ഇതിനിടയിൽ ശീതളിന്റെ മാർക്കറ്റ് സിനിമയിൽ കുറയാൻ തുടങ്ങിയിരുന്നു. അതോടെ വിനയന് ശീതളിനോടുള്ള ഭ്രമവും കുറഞ്ഞു വന്നു. പിന്നീട് എപ്പഴോ അവർ പിരിയാൻ തീരുമാനിച്ചു. ശീതൾ ഒരു സംവിധായകനെ അധികം വൈകാതെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനിടയിൽ ഇന്ത്യൻ ഫുട്ബാൾ വളരെ അധികം മാറുകയും വിദേശ താരങ്ങൾ കൂടെ പങ്കെടുക്കുന്ന ഇന്ത്യൻ ഫുട്ബോൾ ലീഗ് ആരംഭിക്കുകയും ചെയ്തു.

അതിനിടയിൽ ആണ് വിനയൻ ഗുജറാത്തി ആയ വിക്രം ഷായെ പരിചയപ്പെട്ടത്. പുതിയൊരു വരുമാന മാർഗം ആണ് വിക്രം തുറന്നു കൊടുത്തത്. മാച്ച് ഫിക്സിങ് കളിയിലെ ജയവും തോൽവിയും നിശ്ചയിക്കുക മാത്രം അല്ല കാർഡുകൾ കൊടുക്കുന്നത് വരെ ബെറ്റിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിനയൻ ഓരോ കാർഡ് പുറത്തെടുക്കുമ്പോഴും ഡോളറിൽ സ്വിസ് ബാങ്ക് അക്കൗണ്ടിൽ പണം വീഴാൻ തുടങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ് വിക്രം ഷാ പുതിയ ഒരു ഓഫർ വച്ചത്.  മുംബൈ സൂപ്പർ സ്റ്റാർസും കൽക്കട്ട വാരിയേഴ്സും  തമ്മിലുള്ള മത്സരത്തിൽ ഒരു കളിക്കാരനെ റെഡ് കാർഡ് കാണിക്കണം. ‘‘അതിൽ എന്താ ഇത്ര പുതുമ നമ്മൾ സ്ഥിരം ചെയ്യുന്നതല്ലേ’’? എന്ന് ചോദിച്ചപ്പോൾ ‘‘ഇത്തവണ അത് മാത്രം പോരാ ആ പയ്യനെ പ്രകോപിപ്പിച്ചു റഫറിയെ തല്ലിക്കണം’’

‘‘അതെങ്ങനെ നടക്കും’’ എന്ന് ചോദിച്ചപ്പോൾ.  

‘‘നിങ്ങളുടെ ഭാഷക്കാരൻ ആണ്. അവന്റെ അച്ഛനെ പറഞ്ഞാൽ അവൻ വയലന്റ് ആവും. മുൻപ് പലപ്പോഴും അങ്ങിനെ ഉണ്ടായിട്ടുണ്ട്’’

മലയാളി ആണ്  എന്ന്  കേട്ടപ്പോൾ  ‘‘എമൗണ്ട് കൂടും’’ എന്നു മാത്രം പറഞ്ഞു.

‘‘അത് പ്രത്യേകം പറയണോ’’

വിക്രമിന്റെ മറുപടി.

‘‘ ഇങ്ങനെ ചെയ്താൽ പയ്യന് ഒരു രണ്ടു മൂന്നു വർഷം സസ്‌പെൻഡ് ഉറപ്പാണ്. എന്നാലേ നമുക്ക് വേണ്ടുന്ന ഒരുപയ്യനെ അടുത്താഴ്ച്ച പ്രഖ്യാപിക്കുന്ന നാഷണൽ ടീമിൽ കയറ്റാൻ പറ്റൂ’’

‘‘ആരാണ് കളിക്കാരൻ’’?

‘‘നമ്പർ 9 മുംബൈ സ്റ്റാർസ്’’

‘‘അരുൺ’’

‘‘അതേ’’

‘‘ശരി’’

ചെറുക്കന്റെ കളി മുന്നേ കണ്ടിരുന്നു. താൻ പണ്ട് കളിച്ചിരുന്ന പോലെ തന്നെ ക്ലീൻ ഫുട്ബോൾ കളിക്കുന്ന പയ്യൻ ഇതുവരെ അവനെതിരെ അങ്ങനെ ഫൗൾ ഒന്നും വിളിക്കുന്നത് കണ്ടിട്ടില്ല.കളി തുടങ്ങി. മൂന്നാം മിനുട്ടിൽ തന്നെ പയ്യൻ കൊൽക്കത്ത ബോക്സിലേക്ക് പാഞ്ഞു കയറുന്നു. കൊൽക്കത്ത ഡിഫെൻഡർ പിറകിൽ നിന്ന് പിടിച്ചു വീഴ്ത്തുന്നു.

nahushan-04

ക്ലിയർ പെനാൽറ്റി എന്നാൽ ഫൗൾ വിളിച്ചില്ല. റഫറിയെ നോക്കി ദയനീയമായി കയ്യുയുയർത്തുന്ന അരുണിനെ കണ്ടില്ലെന്നു നടിച്ചു. രണ്ടു മിനിറ്റിനു ശേഷം വീണ്ടും കുതിച്ചു പായുന്ന അരുൺ ഇത്തവണ മുന്നിലുള്ള ഡിഫെൻഡറെ വെട്ടിച്ചു മുന്നേറുന്നു തടയാനുള്ള ശ്രമത്തിനിടെ ഡിഫെൻഡർ വീഴുന്നു. വിസിൽ അടിച്ചു ഫൗൾ ഇല്ല എന്നറിയാം എന്നാലും വിളിച്ചു. ഇത്തവണ പയ്യന് ദേഷ്യം വന്നു. കണ്ണ് കണ്ടൂടെ എന്ന് ആംഗ്യം കാണിച്ച പയ്യനെ നേരെ മഞ്ഞ കാർഡ് കാണിച്ചു.

കോപത്തോടെ അടുത്ത് വന്നു ‘‘സാർ ചെയ്യുന്നത് മനസ്സിലാവുന്നില്ല’’ എന്ന് പറഞ്ഞ പയ്യനോട് 

‘‘അത് മനസ്സിലാവാൻ നല്ല തന്തക്കു ജനിക്കണം’’ എന്ന് മലയാളത്തിൽ പറഞ്ഞതു കേട്ടതും പയ്യൻ ജേഴ്സിയിൽ പിടിച്ചു മുഖത്തൊന്ന് പൊട്ടിച്ചു. റെഡ് കാർഡ് കാണിക്കുമ്പോൾ മനസ്സിലെ വികാരം എന്തായിരുന്നു അറിയില്ല. കരഞ്ഞു കൊണ്ട് പുറത്തേക്കു പോകുന്ന പയ്യൻ തിരിഞ്ഞു ദയനീയമായി ഒരു നോട്ടം നോക്കിയിരുന്നു...

എങ്ങനെയോ റൂമിന്റെ വാതിൽ അടച്ചു വിനയൻ ബെഡിൽ  ഇരുന്നു കിതച്ചു. പവിത്രേട്ടന്റെ മകൻ

ഈശ്വരാ. പവിത്രേട്ടനെ അവസാനം കണ്ടപ്പോൾ താൻ ശപിച്ചു വിട്ടത് അയാൾ ഓർത്തു. അതിനു ശേഷം അയാൾ നാട്ടിൽ വരികയോ ആരെയെങ്കിലും കാണാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. സ്വന്തം മകനെ പോലും അയാൾ കാണാൻ ഒരിക്കൽ പോലും ശ്രമിച്ചില്ല.

പവിത്രേട്ടൻ മരിച്ച സമയത്തു അയാൾ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. പിന്നീട്   അതൊരു ആത്മഹത്യ ആയിരുന്നു എന്ന് ഒരു മലയാളി പത്രപ്രവർത്തകൻ പറഞ്ഞറിഞ്ഞെങ്കിലും നാട്ടിൽ ഒന്നു പോയി സത്യം അറിയാൻ തോന്നിയില്ല. പവിത്രേട്ടനോട് എത്ര വലിയ നീതികേടാണ് താൻ കാട്ടിയതെന്ന് അയാൾ ഇപ്പോൾ ഓർത്തു.

അന്ന് പവിത്രേട്ടൻ വീട്ടിൽ വന്നു അച്ഛനോട് സംസാരിച്ചില്ലായിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യ കണ്ട  മികച്ച കളിക്കാരിൽ ഒരാൾ എന്നറിയപ്പെടുന്ന വിനയൻ ഉണ്ടാകുമായിരുന്നില്ല. തലേന്നത്തെ ബോട്ടിലിൽ ബാക്കി ഉണ്ടായിരുന്ന മദ്യം അയാൾ  നേരെ വായിലേക്ക് കമിഴ്ത്തി.

തന്റെ ഇത്ര കാലത്തേ ജീവിതത്തിൽ എന്ത് നേടി?. വിനയൻ ആലോചിച്ചു. എല്ലാം നേടി പക്ഷേ കൂടെ ഉള്ളവരെ എല്ലാം വെറുപ്പിച്ചു. അച്ഛൻ,അമ്മ, ജയ,പവിത്രേട്ടൻ,ശീതൾ... എല്ലാവരെയും. എത്രയോ തവണ ശീതൾ തന്നോട് പറഞ്ഞിരുന്നു നാട്ടിൽ പോയി മോനെ ഒന്ന് കണ്ടു വരാൻ. താൻ ഒരിക്കലും ആര് പറഞ്ഞതും കേട്ടിരുന്നില്ല. അൽപമെങ്കിലും സ്വാധീനിച്ചിരുന്നത് പവിത്രേട്ടൻ മാത്രമായിരുന്നു. അതും സ്വന്തം വളർച്ചക്ക് വേണ്ടി  മാത്രം.

അടുത്തിടെ ശീതളിനെ എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ അവൾ പറഞ്ഞത് അയാൾ ഓർത്തു. ‘‘വിനയനൻ ,മറ്റുള്ളവരെ  സ്നേഹിച്ചില്ലെങ്കിലും അവനവനത്തന്നെ എങ്കിലും സ്നേഹിക്കണം. പക്ഷേ വിനയൻ എല്ലായ്പ്പോഴും പണത്തിനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ’’ എന്ന് ആർക്കും പ്രയോജനം ഇല്ലാത്ത ഈ ജീവിതം കൊണ്ട് എന്ത് കാര്യം എന്നോർത്ത് വിനയൻ മദ്യ ലഹരിയിൽ ഫോണും  കയ്യിലെടുത്തു റൂമിന്റെ ബാൽക്കണിയിലേക്കു നടന്നു.

മതി ഇനി ഈ ജീവിതം മതി. ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഈ ജന്മം ഇവിടെ തീരട്ടെ. അയാൾ ബാൽക്കണിയുടെ സ്റ്റീൽ റയിലിൽ പിടിച്ചു കയറി താഴോട്ട് ചാടാൻ തുടങ്ങുമ്പോൾ ഫോൺ ബെല്ലടിച്ചു. ഏതായാലും ജീവിതത്തിലെ അവസാനത്തെ കാൾ അറ്റൻഡ് ചെയ്തു മരിക്കാം എന്നയാൾ തീരുമാനിച്ചു.

അപ്പുറത്ത് വിക്രം ഷാ ആണ്. ഇന്നലത്തെ ജോലിക്കുള്ള പൈസ സ്വിസ്സ് ബാങ്കിൽ ക്രെഡിറ്റ് ചെയ്തു എന്ന് പറയാനാണ് ഷാ വിളിച്ചത്. കൂടെ അടുത്ത മാസം ഇതേ പോലെ ഒരു പുറത്താക്കൽ ഖത്തർ ലീഗിലും ഒന്ന് നടപ്പിലാക്കിയാൽ കിട്ടുന്ന  സംഖ്യയുടെ വലിപ്പം ഓർമ്മിപ്പിക്കാനും, പിന്നീട് ഒന്നും ആലോചിച്ചില്ല. വിനയൻ സ്റ്റീൽ റയിലിൽ നിന്ന് താഴെ ഇറങ്ങി റൂമിലേക്ക് നടന്നു....

English Summary : Nahushan Story By Rajesh V R

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA