sections
MORE

ക്ലാസ്സിനു  പുറത്തേക്ക് വന്ന വാസുണ്ണിക്ക് മാഷിന്റെ ഭാവത്തിൽ എന്തോ പന്തികേട്  തോന്നി; ആപത്തുറപ്പിച്ച അവൻ...

പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകൾ (കഥ)
പ്രതീകാത്മക ചിത്രം
SHARE

പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകൾ (കഥ)

മാനത്ത് നിറയുന്ന  കാർമേഘങ്ങൾ പ്രഭാത കിരണങ്ങളെ മറച്ചു കൊണ്ടിരിക്കുന്നു. കാലം തെറ്റിപ്പെയ്യാൻ വിതുമ്പി നിൽക്കുകയാണ്  മഴ. തഴുകിയകലുന്ന തണുത്ത കാറ്റിൽ കുളിരിടും പ്രഭാതത്തിനൊരു ചന്തം കൂടുതലാണ്.

‘‘ഗുഡ്ഡ്ഡ്ഡ് മോർണിംഗ്  സാർർർർർർർ’’

ജോർജ് മാഷിനെ വരവേറ്റതോടെ നാല് എ ക്ലാസ് നിശബ്ദമായി.

‘‘ഗുഡ് മോർണിംഗ്’’ കയ്യിലിരുന്ന പുസ്തകങ്ങൾ മേശപ്പുറത്തേക്ക്‌വെച്ച്  ജോർജ്മാഷ് തന്റെ ഇരിപ്പിടത്തി ലേക്കമർന്നു. ഹാജർ പുസ്തകത്തിലേക്ക് മിഴിപായിച്ച നേരം പുറത്ത് നിന്നും ഒരു പതിഞ്ഞ സ്വരം. 

‘‘ക്ലാസിൽ കയറിക്കോട്ടെ  മാഷേ’’  നെറ്റിയിൽ ചന്ദനക്കുറിയും  തലയിൽ മുല്ലപ്പൂവും ചൂടി പേടിയോടെ അപർണ്ണ. പഠിക്കാൻ മിടുക്കിയാണ്. പക്ഷേ മിക്ക ദിവസങ്ങളിലും വൈകിയേ ക്ലാസ്സിൽ വരൂ. എന്തെങ്കിലും ഒരു വിശദീകരണവും ഉണ്ടാവും.

‘‘ഭയങ്കര ട്രാഫിക്   കുടുക്കായിരുന്നു മാഷേ’’‌

ഹാജർ വിളിച്ചുകഴിഞ്ഞതിനു ശേഷം  കണ്ണട മൂക്കിന്റെ തുമ്പത്തേക്ക്  നീക്കിവെച്ച് ജോർജ് മാഷ് എല്ലാവരെയും ഒന്നു നോക്കി.

രണ്ടാം ബെഞ്ചിലിരുന്നു ഫാത്തിമ കൂട്ടുകാരി റൂബിയുടെ നെറ്റിയിൽ ചന്ദനം തൊട്ടുകൊടുക്കുന്നു.

‘‘ഫാത്തിമാ ...റൂബീ....എന്താണവിടെ?’’ രണ്ടുപേരും മെല്ലെ എഴുന്നേറ്റു. അപർണ്ണ കൊണ്ടോന്ന ചന്ദനാണ് മാഷേ’’ ചന്ദനം ഉയർത്തികാണിച്ച് കുഞ്ഞു ഫാത്തിമയുടെ നിഷ്കളങ്കത.

‘‘ ദൈവത്തിന്റെ അടുത്ത് നിന്നും കൊണ്ടോന്ന ചന്ദനം തൊട്ടാൽ ഇന്ന് ഒരു ക്ലാസ്സിലും ഞങ്ങൾക്ക്  അടി കിട്ടില്ല’’ റൂബി പോളിന്റെ വിശദീകരണം ജോർജ് മാഷിന്റെ ഉള്ളിൽ ചിരി വിടർത്തിയെങ്കിലും അദ്ദേഹം മുഖത്തെ ഗൗരവം വിട്ടില്ല.

‘‘ആരാണ് നിങ്ങളോടിതൊക്കെ പറഞ്ഞത്’’

‘‘മാഷേ...ഞാളിപ്പോൾ കുറേ ദിവസായി അപർണ്ണ കൊണ്ടോരുന്ന ചന്ദനം തൊട്ന്ന്. അന്നൊന്നും അടി കിട്ടീട്ടില്ല..ന്നാ ഒര്സം ഓള് ലീവായപ്പോൾ ഞാക്ക് രണ്ടാക്കും അടികിട്ടി’’ റൂബിയുടെയും ഫാത്തിമയുടെയും മുഖത്ത് സങ്കടം നിറഞ്ഞു.

‘കുഞ്ഞുങ്ങളുടെ ഓരോ വിശ്വാസങ്ങൾ. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ രണ്ടു കൈതവള്ളികൾ തമ്മിൽ കൂട്ടികെട്ടിയാൽ അടികിട്ടില്ല എന്ന വിശ്വാസത്തിൽ സ്കൂളിലേക്ക് വരുന്ന വഴി എവിടെല്ലാം അത് തിരഞ്ഞു കണ്ടുപിടിച്ചു കൂട്ടികെട്ടിയിരിക്കുന്നു’ മാഷിന് സംഭവം രസകരമായാണ് തോന്നിയത്. മേശയിൽ ചാരിനിന്ന് അദ്ദേഹം കുട്ടികളോടെല്ലാവരോടുമായി  ചോദിച്ചു.

‘‘ നിങ്ങളിൽ ആരെങ്കിലും ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ?’ കുട്ടികളെല്ലാവരും അത്ഭുതത്തോടെ അന്യോന്യം നോക്കി.

‘‘ നേരിട്ട് കണ്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ കൈ പൊക്കൂ’’ ആരും ഒന്നും മിണ്ടാതെ മാഷെ നോക്കിയിരുന്നു.

‘‘ഞാ  കണ്ടിക്കില്ല  മാഷേ. പക്ഷേ ഇന്റെ ഉമ്മൂമ്മ പറഞ്ഞു തന്നിക്കി. വല്യ ഒടലും കയ്യും കാലും ഒക്കെ ഉള്ള പോയത്താൻ വല്യ  ആളാണ് പടച്ചോനെന്ന്. ഞമ്മള്  എന്തേലും ആപത്തിലൊക്കെ പെട്ടാല് പടച്ചോൻ വന്നു രക്ഷിക്കും’’ ഭയഭക്തിബഹുമാനത്തോടെ സുറുമി.

‘‘ അമ്പലം,പള്ളികൾ   തുടങ്ങിയ ദേവാലയങ്ങൾക്കുള്ളിൽ കാണുന്നതാണ് ദൈവം’’ അച്ചടി ഭാഷയിൽ രവീണ പ്രേം........ 

ഞാൻ കണ്ടിട്ടുണ്ട് മാഷേ !... എല്ലാവരുടെയും കണ്ണുകൾ ആ ശബ്ദത്തിന്റെ നേരെ തിരിഞ്ഞു. മൂന്നാം ബെഞ്ചിലെ ഏറ്റവും സൈഡിലായി മെലിഞ്ഞു കൊലുന്നനെയുള്ള ഒരു ആൺകുട്ടി മെല്ലെ എഴുന്നേറ്റു.

വാസുണ്ണി. ഏറ്റവും നന്നായി പഠിക്കുന്നവരുടെ കൂട്ടത്തിലും, തീരെ പഠിക്കാത്തവരുടെ കൂട്ടത്തിലും വാസുണ്ണിയെ പെടുത്താൻ പറ്റില്ല. അതിനിടയിലായിരുന്നു  അവന്റെ സ്ഥാനം. ‘ഒരു പാവം’ എന്നേ അവനെപ്പറ്റി എല്ലാവർക്കും പറയാനുള്ളു.

തന്റെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളുടെയും സ്വഭാവവും ചുറ്റുപാടുകളും മനസ്സിലാക്കിയിട്ടുള്ള ജോർജ് മാഷിന് എന്നും ഒരു അത്ഭുതമായിരുന്നു വാസുണ്ണി.  അമ്മയും രണ്ടു മക്കളുമടങ്ങുന്ന പരിമിതികൾ മാത്രമുള്ള ഒരു കുടുംബം. അച്ഛൻ അവന്റെ ചെറുപ്പത്തിലേ മരിച്ചുപോയി. ചേട്ടനു  ബുദ്ധിഭ്രമം ബാധിച്ചതാണ്.

‘‘ ന്റെ ഏട്ടൻ ഒരു ദിവസം കാലുതെറ്റി ഞാളെ അടുത്തുള്ള ഒഴുക്കുള്ള പൊഴേൽ വീണു. ഒഴുകി പോവുന്ന ഏട്ടനെ കണ്ട് നിലവിളിക്കാനേ ന്റെ അമ്മയ്ക്കും എനിക്കും കഴിഞ്ഞുള്ളു. അടുത്തെങ്ങും ആരുമില്ലായിരുന്നു .പുഴയിലേക്ക് വീണു കിടന്ന ഒരു മരത്തിന്റെ കൊമ്പിൽ എങ്ങനെയോ ഏട്ടന് പിടുത്തം കിട്ടി ...ആ മരക്കൊമ്പ് ദൈവത്തിന്റെ കൈകളായിട്ടാണ് മാഷേ ഞാള്കാണുന്നത്’’ വാസുണ്ണിയുടെ മുഖം വലിഞ്ഞു മുറുകി.

‘‘ ഭക്ഷണം കഴിക്കാതെ എത്രയോ രാത്രി ഞാള് കഴിച്ചു കൂട്ടീട്ടുണ്ടെന്നറിയാവോ. ഏട്ടന് രാത്രി ഭക്ഷണം കിട്ടീല്ലേൽ നെലവിളിയാ. അതോണ്ട് ഉച്ചയ്ക്ക് ‘അമ്മ ഭക്ഷണം കഴിക്കാതെ രാത്രീലേക്ക് ഏട്ടന് കൊടുക്കും വെള്ളോം കുടിച്ച് അമ്മേനേം പൊത്തിവെച്ച് ഞാള് കെടെന്നൊറങ്ങും’’ … അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.

mazhayude-sheshippukal-03
പ്രതീകാത്മക ചിത്രം

‘‘ ഒരു ദിവസം ഞാളെ മുന്നില് ദൈവം പ്രത്യക്ഷപ്പെട്ടു. ഏയ്ഞ്ചൽ സിസ്റ്ററിന്റെ രൂപത്തിൽ. അന്ന് വയറു നെറച്ചും ഭക്ഷണം കഴിച്ചു. അമ്മയ്ക്ക് മഠത്തിൽ ഒരു ജോലിയും. ഞാളെ ദൈവങ്ങളാ മാഷേ അവരൊക്കെ’’ ജോർജ് മാഷ് അവനെ ചേർത്ത് പിടിച്ചു.

‘‘ മക്കളേ....ദൈവം എന്നത് നമ്മുടെ മനസ്സിൽ  ഉള്ള അദൃശ്യമായ ഒരു ശക്തിയാണ്. അശരണർക്കും  നന്മകൾ ചെയ്യുന്നവർക്ക് മുന്നിലും  പല പല  രൂപത്തിൽ ദൈവം പ്രത്യക്ഷപ്പെടാറുണ്ട്. ആ രൂപങ്ങൾക്കെല്ലാം ദൈവത്തിന്റെ നിയോഗം ലഭിച്ചവരാണ്. നമ്മുടെ മുന്നിൽ ആപത്തിൽ പെടുന്നവർക്കും വിശന്നു വലയുന്നവർക്കും ഒരു കൈ സാഹായമേകാൻ നമുക്കെല്ലാവർക്കും ദൈവം നിയോഗം തരാറുണ്ട് .എന്നാൽ നമ്മൾ എത്ര പേർ അത് സ്വീകരിക്കുന്നുണ്ട്’’ 

ക്ലാസ് ഒരു നിമിഷം നിശബ്ദമായി….

‘‘ ഇന്റെ പൊരേല് മിഞ്ഞാന്ന് ചെറ്യേ ഒരു കുഞ്ഞനേം കൊണ്ട് ഒരു അമ്മ വന്നീനു. ഇന്റെ ഉമ്മേം ഞാനും കൂടി വയറു നിറച്ച് ചോറും കറീം കൊടുത്താ വിട്ടത്. കുറച്ച് ഡ്രെസ്സും കൊടുത്തു  ഉമ്മൂമ്മ’’  ആവേശത്തോടെ സുറുമി.

‘‘ മാഷേ ഒര്സം ഞാൻ സ്കൂളും വിട്ടു പോവുംമ്പം ഒരു പോയത്താൻ വല്യ കാക്ക അങ്ങട്ടെലെ അമ്മദ്ക്കാന്റെ പൊരേലെ കോയിക്കുട്ട്യേളെ റാഞ്ചാൻ നോക്ക്ന്ന്. ഞാ നോക്കുമ്പോ ഒരു കോയിക്കുട്ടിനെ റാഞ്ചിക്കി. പെട്ടെന്ന് ഒരു കല്ലെടുത്ത് ഒറ്റ ഒന്നങ് കൊട്ത്ത് കാക്കയ്ക്ക്. ആ കോയിക്കുട്ട്യേളെ തള്ളക്കോയി സന്തോഷത്തോടെ ഒരു കൂക്കിയിടലാ’’

ആകാംഷയും അമ്പരപ്പും ധൈര്യവും പൊടിപ്പും തൊങ്ങലും എല്ലാം സമത്തിൽ ചാലിച്ച് പ്രപഞ്ച് കുമാർ കെ കെ . എന്ത് കാര്യവും അവന്റെ വായിലൂടെ അറിയുമ്പോൾ അതൊരു സംഭവമായി എല്ലാവർക്കും തോന്നും .  പ്രപഞ്ച്‌ കുമാറിനെ   നോക്കി മാഷ് ചിരിച്ചു .

‘‘ വെരി ഗുഡ് .....സുറുമി ചെയ്തതും പ്രപഞ്ച്‌ കുമാർ ചെയ്തതും വളരെ നല്ല കാര്യങ്ങളാണ് .അത് പോലെ എല്ലാവരും നല്ല നല്ല കാര്യങ്ങൾ ചെയ്യുക. നമ്മൾ കാരണം എല്ലാവരുടെയും മുഖത്ത് പുഞ്ചിരി ഉണ്ടാക്കാൻ ശ്രമിക്കുക’’

മൂന്നാം ബെഞ്ചിൽ ജനലിനു സമീപത്തായി ഹൈദറും എഡ്‌വിനും അമാനുള്ളയും എന്തോ കാര്യമായ കളിയിലാണ്.

‘‘എത്തറ ചിത്തറം’’ ടെക്സ്റ്റ് ബുക്കിനുള്ളിൽ കൈ കടത്തിവെച്ച് ഹൈദർ.

‘‘ ഏയു ചിത്തറം...നാല് ചിത്തറം’’ അമാനുള്ളയുടെയും  എഡ്‌വിന്റെയും  ഉത്തരങ്ങൾ.

ടെക്സ്റ്റ് ബുക്ക് തുറന്നു ഹൈദർ ചിത്രങ്ങൾ  ഓരോന്നായി എണ്ണാൻ തുടങ്ങി. തന്റെ ഉത്തരം ആണ് ശരിയെന്നു കണ്ട അമാനുള്ള ആഹ്ലാദത്തോടെ കൈവിരൽ കൊണ്ട് വായുവിൽ വിജയഭേരി മുഴക്കി. 

‘‘ ഹൈദറിനും എഡ്‌വിനും അമാനുള്ളയ്ക്കും അടി വേണോ ?’’ ജോർജ് മാഷ് കണ്ണുരുട്ടി. മൂന്നുപേരും നല്ലകുട്ടികളായി. ജോർജ് മാഷെ കുട്ടികൾക്ക് പേടിയല്ല, ബഹുമാനമാണ്. ക്ലാസിലെ ഓരോരുത്തരും മാഷിന്റെ സ്വന്തം മക്കളാണ്. മാഷ് ഇന്നേവരെ സ്കൂളിൽ ഒരു കുട്ടിയെ അടിച്ചു എന്നുള്ളത് ഒരാളും കേട്ടിട്ടില്ല . അത്രയ്ക്ക് സ്നേഹമായിരുന്നു കുട്ടികളോട്.

mazhayude-sheshippukal-04
പ്രതീകാത്മക ചിത്രം

മാഷിന്റെ മകൻ  ജോമോന്റെ ഓർമ്മ ദിനമായിരുന്നു ഇന്ന്. രാവിലെ പള്ളിയിൽ പ്രാർത്ഥനകൾ ഉണ്ടായിരുന്നു .ഇന്ന് ജോമോൻ ഉണ്ടായിരുന്നെങ്കിൽ ഈ കുസൃതി കുരുന്നുകൾക്കിടയിൽ അവനും. ജോർജ് മാഷ് - ആനി ടീച്ചർ ദമ്പതികൾക്ക് ഒരുപാട് നേർച്ചകൾക്കും പ്രാർത്ഥനകൾക്കും ഫലമായി വൈകി ലഭിച്ചതാണ് ജോമോനെ. സ്നേഹിച്ചു ലാളിച്ചു വളർത്തി. അച്ഛനും അമ്മയും ജോലി ചെയ്യുന്ന സ്കൂളിൽ തന്നെ ജോമോനും മൂന്നാം  ക്ലാസുവരെ  പഠിച്ചു.  ഒരു പനിയുടെ രൂപത്തിൽ തങ്ങളുടെ പൊന്നോമനയെ  വിധി പറിച്ചെടുത്ത് കൊണ്ടുപോയതോടെ ആനി ടീച്ചർ മാനസികമായി തളർന്നു. പിന്നീട് ആനി ടീച്ചർ വീട്ടിൽ ഒതുങ്ങി കൂടുകയായിരുന്നു.

സ്കൂളിലെ വിശേഷങ്ങൾ കേൾക്കാൻ ടീച്ചർക്ക് താൽപര്യമാണ്. എല്ലാം കേട്ടു കഴിഞ്ഞാൽ ജോമോന്റെ ഫോട്ടോയുടെ മുൻപിൽ പോയിരിക്കും കുറെ നേരം. ഒരു ദിവസം ജോർജ് മാഷ്  ടൗണിലേക്ക്  പോവുമ്പോൾ തീയറ്ററിലെ ടിക്കെറ്റ്‌ കൗണ്ടറിനടുത്ത് ആൾക്കൂട്ടത്തിനിടെ കടല വിൽക്കുന്ന വാസുണ്ണിയെ പോലെ ഒരു കുട്ടിയെ കണ്ടു. വൈകീട്ട്  തീയറ്റർ സ്റ്റോപ്പിൽ ഇറങ്ങിയ മാഷ്  അത് വാസുണ്ണിയാണെന്നു അറിഞ്ഞപ്പോൾ  അമ്പരന്നു പോയി .അദ്ദേഹത്തെ കണ്ടിട്ടോ എന്തോ അവൻ അവിടെ നിന്നും ആ നിമിഷം മാറിപ്പോയി.

‘‘ നല്ലൊരു ചെറിയോനാ മാഷേ. വീട്ടിൽ പ്രാരാബ്ധം ആണെന്ന് തോന്നുന്നു. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഇവിടെ കടല വിൽക്കാനുണ്ടാവും. എന്ത് പണിയും ചെയ്യുകയും ചെയ്യും’’ തീയറ്ററിലെ തന്റെ ഒരു സുഹൃത്തിനോട് അന്വേഷിച്ചപ്പോഴാണ് മാഷ് അറിഞ്ഞത്. ജീവിതം പോറ്റാനായി ഒരു പത്ത് വയസ്സുകാരന്റെ കഠിനാദ്ധ്വാനം.

ജോർജ് മാഷ്  വാസുണ്ണിയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞപ്പോൾ ടീച്ചറും ആഗ്രഹം പറഞ്ഞു. ബസ്സിറങ്ങി വാസുണ്ണിയുടെ വീട് അന്വേഷിച്ചു  നടക്കുമ്പോൾ മാഷ് ഓർത്തു. കുറെക്കാലമായി ആനി ടീച്ചറോടൊപ്പം  ഇങ്ങനെ നടന്നിട്ട്. ജോമോന്റെ മരണശേഷം ആദ്യമായിട്ടാണ്. 

‘‘ ആ കാണുന്ന വയില് കേറി ഒരര കിലോമീറ്റർ നടന്നാൽ ഒരു പമ്പ് ഹവ്സ് കാണാം. ആടെ അടുത്ത് പൊഴയുടെ കരയാ മരിച്ചു പോയ വേലൂന്റെ വീട്’’ കടക്കാരൻ പറഞ്ഞ വഴിയേ നടന്നു. ഒരു ചെറിയ ഓല മേഞ്ഞ വീട്. അവിടെയവിടെയായി പ്ലാസ്റ്റിക്കുകൾ കൊണ്ട് മറച്ചിട്ടുണ്ട്. ചാണകം മെഴുകിയ നിലത്ത് ചിതലുകൾ അരിച്ച് അരിച്ചിറങ്ങുന്നു. മുൻവശത്തായി അരപ്പൊക്കത്തിൽ  കഷ്ടി ഒരാൾക്കിരിക്കാൻ പാകത്തിൽ ഇരുത്തി കെട്ടിപൊന്തിച്ചിരിക്കുന്നു.

അകത്ത് കട്ടിലിൽ കിടക്കുകയായിരുന്ന മെലിഞ്ഞു ക്ഷീണിതയായ ഒരു സ്ത്രീ മെല്ലെ എഴുന്നേറ്റു വന്നു .വാസുണ്ണിയുടെ അമ്മയാണ് .നാല്പതു വയസ്സിനടുത്തെ പ്രായം കാണുകയുള്ളു. വാസുണ്ണിയുടെ മാഷ് ആണെന്ന് പറഞ്ഞപ്പോൾ ആ കണ്ണുകൾ വിടർന്നു. കയറിയിരിക്കാൻ പോലും പറയാൻ കഴിയാത്തതിലുള്ള ആ സങ്കടം ആ മുഖത്ത് മാഷ് വായിച്ചു. രണ്ടു പേരും മെല്ലെ അകത്തേക്ക് കയറി ഉള്ള സ്ഥലത്തായി ഇരുന്നു .

‘‘ മക്കളൊക്കെ എവിടെ’’ വാസുണ്ണി എന്തോ വാങ്ങുവാനായി ടൗണിലേക്ക് പോയെന്നാണ്‌ പറഞ്ഞത്. ട്രൗസർ മാത്രമിട്ട് ടയറും ഉരുട്ടി ഒരു പതിമൂന്നു വയസ്സുകാരൻ അവിടേക്ക് വന്നു. വാസുണ്ണിയെ പഠിപ്പിക്കുന്ന മാഷാണെന്നറിഞ്ഞതും  അവൻ ഓടിവന്നു കൈപിടിച്ചു.

‘‘ മാഷേ..മാഷേ ...എന്നേം സ്കൂളിൽ ചേർത്തോ??? അ..ആ ..ഇ ഈ ...ഒക്കെ ഞാ എഴുതും.വാസുണ്ണി എനിക്ക് പേനേം ബുക്കും ഒക്കെ വാങ്ങി തന്നിക്കല്ലോ’’

ആനി ടീച്ചർ കയ്യിലിരുന്ന കവറെടുത്ത് അവന്റെ നേരെ നീട്ടി. അമ്മയെ നോക്കി സന്തോഷത്തോടെ കൈകൊട്ടി ചിരിച്ച് അവനത് വാങ്ങി. അതിലുള്ള നേന്ത്രപ്പഴം അവൻ ആർത്തിയോടെ തിന്നുന്നത് കണ്ടപ്പോൾ ആനി ടീച്ചറുടെ കണ്ണുകൾ നനഞ്ഞു.

‘‘ മോനെ ടീച്ചറമ്മ പഠിപ്പിക്കാട്ടോ’’ അവരവനെ ചേർത്ത് പിടിച്ചു മുടിയിഴകളിലൂടെ വിരലോടിച്ചു.

കുറെ നിർബന്ധിച്ചപ്പോഴാണ് വാസുണ്ണിയുടെ അമ്മ എല്ലാം തുറന്നു പറഞ്ഞത്. വാസുണ്ണി പറഞ്ഞ അമ്മയുടെ വയറുവേദന അർബുദത്തിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു. അവനെ ഇതുവരെ അറിയിച്ചിട്ടില്ല .അമ്മയുടെ വയറു വേദന മാറാൻ എന്നും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന ആ കുരുന്നിനോട് എങ്ങനെ ഇത് പറയും .

ജോർജ് മാഷ് വാസുണ്ണിയുടെ കണ്ണുകൾ തുടച്ചു. അവനെ മെല്ലെ ബെഞ്ചിലേക്ക് പിടിച്ചിരുത്തി. പുറത്ത് മഴ അതിന്റെ മൂർത്തീ ഭാവം കൈക്കൊണ്ടിരിക്കുന്നു .

‘‘ മാഷേ …ക്‌ളാസിൽ കാരിക്കോട്ടെ’’…….. യൂണിഫോം ഷർട്ടും വെള്ളമുണ്ടും ധരിച്ച്  ഗ്രിഗറി ടൈറ്റസ്. ശനിയാഴ്ച അപ്പാപ്പന്റെ വീട്ടിൽ പോയി ഇന്ന് കുറച്ചു വൈകിയേ വരൂ എന്ന് രക്ഷിതാവിന്റെ കത്തിൽ അനുവാദം വാങ്ങിയിരുന്നു.

ഗ്രിഗറി എത്തിയതോടെ പുറകിലെ ബെഞ്ചുണർന്നു.

‘‘ഞ്ഞി  ന്നലെ ഏട്യേനെടോ?’’ നവീൻ  ചങ്ങാതിയോട് തിരക്കി.

‘‘ അപ്പാപ്പന്റെ ആടെ പോയതാ ..മാഷോട് ഇന്ന് ബവുംന്ന് പറഞ്ഞീനു’’

‘‘ ന്റെ പൊരേലെ കൊള്ളുമ്മലെ  പിലാവ്മ്മല് തിരുണീല് മ്മള് അന്ന് കണ്ട ആ ചക്ക ഇന്നെലെ കുട്ട്യാട്ടൻ  വന്ന് പറിച്ചെടാ. കുഞ്ഞിമ്മോനേ......എന്ത്  ടേയിസ്റ്റ്ആന്നറിയോ’’ നവീന്റെ വിവരണത്തിൽ കേട്ട് നിന്നവർ നാവു നുണച്ചു വെള്ളമിറക്കി .    

‘‘ ആന്തു പണിയാടോ .....ഒരു ചൊള ഞാക്ക് കൊണ്ടോന്നൂടായ്നോ ഇൻക്ക്’’  ഗ്രിഗറി സങ്കടപ്പെട്ടു.

‘‘ ഇന്നോട് ഓത്യാർക്കം ഞാൻ പറഞ്ഞീനോ ഞാറാഴ്ച പൊരേലേക്ക്  പോരാൻ. ഇങ്ങക്ക് കൊണ്ടൊരാഞ്ഞിട്ട് എനിക്കെന്തോ എതക്കേടായ്നു ...പിന്നെ അയിന്റെ ടേയിസ്റ്റ്കിട്ടിയപ്പോ ഞാനങ്ങു കാലിയാക്കി’’ അവന്റെ കുലുങ്ങി ചിരി കണ്ടതും ഗ്രിഗറിക്ക് ദേഷ്യം വന്നു .നവീന്റെ തലയ്ക്കൊരു ചൊട്ട് കൊടുത്ത് അവൻ മുരണ്ടു.

‘‘ ഞ്ഞി എനിക്ക് തരാനുള്ള അയിമ്പീശ ഇപ്പൊ തരണം’’

‘‘ആരാടാ ആട്ന്ന് കൂറ്റെടുക്കുന്നത്..?’’

അവന്റെ ഒച്ച ഒരൽപം ഉയർന്നതോടെ ജോർജ് മാഷ് അവനു നേരെ കണ്ണുരുട്ടി. ക്ലാസിന്റെ വാതിൽക്കൽ പ്യൂൺ ഹസ്സൻക്ക പ്രത്യക്ഷപ്പെട്ടു .ഹെഡ്മാഷിന്റെ റൂമിനു സമീപമായി ഒരാൾ നിൽക്കുന്നു.

‘‘ മാഷേ.. ആ വാസുണ്ണിയുടെ അമ്മയും ചേട്ടനും  മരിച്ചു ...വിഷം കഴിച്ചതാ’’. 

ഒരു നിമിഷം ജോർജ് മാഷിന്റെ തലയിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയി .അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് ഇരുട്ട് കയറി .വേച്ചു പോവാതിരിക്കാനായി മാഷ് ഭിത്തിയിലേക്ക് ചാരി നിന്നു.

നിറഞ്ഞ കണ്ണുകൾ തുടച്ച് അദ്ദേഹം ക്ലാസിലേക്ക് നടന്നു. അതുവരെ നിർത്താതെ പെയ്യുകയായിരുന്നു മഴയുടെ  ശക്തി കുറഞ്ഞിരിക്കുന്നു.

‘‘ മോൻ വാ...നമുക്ക് വീട്ടിലേക്ക് പോവാം’’

mazhayude-sheshippukal-01
പ്രതീകാത്മക ചിത്രം

ക്ലാസ്സിനു  പുറത്തേക്ക് വന്ന വാസുണ്ണിക്ക് മാഷിന്റെ ഭാവത്തിൽ എന്തോ പന്തികേട്  തോന്നി .തന്റെ അയൽക്കാരനെ  ഹെഡ്മാഷിന്റെ  റൂമിനു  മുന്നിലും കണ്ടതോടെ  അവനെന്തോ ആപത്ത്‌ ഉറപ്പിച്ചിരുന്നു.

അവൻ ഉറക്കെ കരയാൻ തുടങ്ങി. അത് വരെ പിടിച്ചു വെച്ച  സങ്കടം നിയന്ത്രിക്കാനാവാതെ  വാസുണ്ണിയെ  വാരിയെടുത്ത് ജോർജ് മാഷ് പൊട്ടിക്കരഞ്ഞു. പെയ്തൊഴിഞ്ഞ മഴയുടെ  ശേഷിപ്പുകൾക്കിടയിലൂടെ   വാസുണ്ണിയെ  എടുത്ത് ജോർജ് മാഷ്  നടന്നു. എന്തോ  മനസ്സിൽ ഉറപ്പിച്ച  പോലെ.

English Summary : Peythozhinja Mazhayude Sheshippukal Story By Shibu B.K Nandhanam    

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA