ADVERTISEMENT

സാമ്പാർ (കഥ)

‘‘ ഷാഹിക്കാ...  ഒന്ന്  ഇങ്ങോട്ട്  വന്നേ...  ഈ  സാമ്പാറിൽ  വാളൻപുളിയാണോ  കുടംപുളിയാണോ  ഇടുന്നത്’’... ?

ചോദ്യം കേട്ടപാടെ  ആദ്യം  ഒരു ഞെട്ടലായിരുന്നു. 

ഇവള്  ഇതെന്തു ഭാവിച്ചാ.. ?

വായിച്ചോണ്ടിരുന്ന  പത്രവും  മടക്കി ഞാൻ  അടുക്കളയിലേക്ക്  ഓടി... 

‘‘ഫെമിനാ...  നീയിവിടെ  എന്തെടുക്കുവാ’’.. ?

‘‘സാമ്പാറ്  ഉണ്ടാക്കാൻ നോക്കുവായിരുന്നു..  ഇതിൽ   പുളിയിടുവോ  ഇക്കാ’’.. ?

‘‘പുളി...  അത്  പിന്നെ...   സാമ്പാറിൽ  പുളി  ഇടില്ലല്ലോ’’

പാചകകലയിൽ  ഞാൻ പണ്ടേ  സമർത്ഥനായതുകൊണ്ട്  എല്ലാം  നല്ല നിശ്ചയമാ.

‘‘ആഹ്... നല്ല  ആളെയാ  ഞാൻ   വിളിച്ചത്..  നിങ്ങള്   പൊയ്ക്കെ.. ഞാൻ ഒന്നും ചോദിച്ചില്ല..’’

‘‘ഉമ്മച്ചി  എന്ത്യേ’’..?

‘‘ഉമ്മ  അപ്പുറത്തേക്ക്  പോയി... ഇന്ന്   സാമ്പാറ്  ഞാനുണ്ടാക്കാമെന്ന്  വെച്ചു’’

പെണ്ണ്  കാണാൻ  ചെന്നപ്പോഴേ  പറഞ്ഞതാ  അവൾക്ക്  പാചകം  അത്രയ്ക്ക്  വശമില്ലന്ന്‌. അതൊക്കെ  കല്യാണം കഴിഞ്ഞു   ശരിയാകുമെന്ന്  ഞാനും  പറഞ്ഞു. അവൾടെ  വപ്പച്ചിയും ഉമ്മച്ചിയും  കൂടിയാ  പെണ്ണിനെ ചീത്തയാക്കിയത്. പഠിക്കാൻ മിടുക്കിയായത്‌ കൊണ്ട്  മോളെ  അടുക്കളയിൽ  കയറ്റിട്ടില്ല.

എന്നാലും  കല്യാണം   കഴിഞ്ഞപ്പോഴേ   എന്റെ  ഉമ്മച്ചിയോടൊപ്പം   അവള് അടുക്കളയിൽ  കയറിക്കൂടി.. 

ഇന്നിപ്പോൾ   വല്യുമ്മാന്റെ   മക്കളും  പേരക്കുട്ടികളും  വരുന്നുണ്ടെന്ന്‌  അറിഞ്ഞപ്പോൾ  മുതൽ  തുടങ്ങിയതാ  അടുക്കളയിലെ  അങ്കം. ഉമ്മച്ചി  ആണേൽ  അവളെക്കൊണ്ട്  ഒന്നും  ചെയ്യിച്ചതുമില്ല..  ഇപ്പോൾ  ഉമ്മ  പുറത്തേക്ക്  പോയ  തക്കത്തിൽ  ഒരു  നുഴഞ്ഞു കയറ്റം   നടത്താൻ ശ്രമിച്ചതാ  പാവം. 

‘‘നീ  ഒന്നും  ഉണ്ടാക്കണ്ട.. ഉമ്മച്ചി  വന്നിട്ട്  ചെയ്തോളും’’

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അത്  അവളോടുള്ള  സ്നേഹം കൊണ്ട്  പറഞ്ഞതല്ല..  ചുമ്മാ ഭാഗ്യപരീക്ഷണം  നടത്തി  എന്റെ  വയറ്  കൂടി  ചീത്തയാക്കണ്ടന്ന്‌   കരുതി.

‘‘അതല്ല  ഇക്കാ...   അവര്  വരുമ്പോൾ  എന്റെ  കൈകൊണ്ടുണ്ടാക്കിയ  എന്തേലും  കൊടുക്കണ്ടേ’’

‘‘അത്  ഉമ്മച്ചിയുണ്ടാക്കിയ  ഒരു  കറി   നീയുണ്ടാക്കിയതാണെന്ന്  അങ്ങ്  പറഞ്ഞേക്ക്’’

‘‘അതൊന്നും  പറ്റില്ല...  എനിക്ക്  ഒറ്റയ്ക്ക്  കറി ഉണ്ടാക്കണം’’

‘‘ എന്തേലും  കാണിക്ക്...   അവസാനം  ഉമ്മാന്റെ  വഴക്ക്   എന്റെ  പൊന്നു മോള്  ഒറ്റയ്ക്ക്   കേട്ടോണം... കൂട്ടിനു  എന്നെ വിളിച്ചേക്കരുത്’’

‘‘ഓഹ്... ഇല്ല...  സാറ്  പോയാട്ടെ’’

എന്നെത്തള്ളി  അടുക്കളയിൽ നിന്നും  അവൾ  പുറത്തിറക്കി. കരിയുന്നതിന്റെയും  പുകയുന്നതിന്റെയും  മണമൊക്കെ  ഉമ്മറത്തേക്ക്  വന്നെങ്കിലും  ഞാൻ  ആ  ഭാഗത്തേക്ക്‌  പിന്നെ  ശ്രദ്ധിക്കാൻ  പോയില്ല.

‘‘മിനി...  നീ  എന്താ  ഈ  കാണിച്ചത്‌’’ (ഉമ്മച്ചിക്ക്  അവള്  മിനി ആണ് .. )

‘‘നിന്നോടാരാ  സാമ്പാറുണ്ടാക്കാൻ   പറഞ്ഞത്..  ഉമ്മച്ചി  വന്നിട്ട് ചെയ്യുമായിരുന്നില്ലേ... ?  ഇതിപ്പോൾ  ആർക്കെങ്കിലും  കൊടുക്കാൻ  പറ്റുമോ’’.. ? 

ആദ്യം  ടേസ്റ്റ്  നോക്കിയത്‌  ഉമ്മ  തന്നെ..  പരീക്ഷണം  എന്നത്തേയും  പോലെ  ഫ്ലോപ്പ്  ആയെന്ന്    മനസിലായപ്പോൾ   ഞാനെന്റെ  ചിരി  അടക്കി പിടിച്ചു.. 

‘‘ ഉമ്മാ...  ഞാൻ  ചുമ്മാതിരുന്നപ്പോൾ  ചെയ്ത്  നോക്കിയതാ’’

‘‘അറിയാത്ത  പണി  ചെയ്യാൻ  പോവരുത്.. മ്മ്... എന്തായാലും  ഇത്  അവർക്ക്  കൊടുക്കണ്ട’’

ഉമ്മാന്റെ  വാക്ക്  കേട്ടപ്പോൾ  പാവത്തിന്  ചെറിയൊരു  വിഷമമൊക്കെ  വന്നു. എന്റെ   കളിയാക്കല്  കൂടിയായപ്പോൾ   കടന്നലു  കുത്തിയ  പോലുള്ള  ആ  മുഖത്തെ  രണ്ട്  ഉണ്ടകണ്ണുകളും  കൂടി  നിറഞ്ഞു. 

ഒന്നും  മിണ്ടാതെ  വേഗം  മുറിയിലേക്ക്  പോയി. 

‘‘ഫെമിന മോളെ.... നിനക്ക്  വിഷമമായോ’’ കുറച്ചു   സ്നേഹത്തിൽ  ചോദിച്ചു.  പക്ഷേ  തിരിച്ചു 

രൂക്ഷമായി  ഒന്ന്‌   നോക്കിയിട്ട്  അവള് വീണ്ടും   തിരിഞ്ഞിരുന്നു.

‘‘ടീ... നിന്നോടാ  ചോദിച്ചത്’’.. ?

‘‘ഇല്ല’’

‘‘പിന്നെന്തിനാ  ഈ  മുഖം  ഇങ്ങനെ  വീർപ്പിച്ചു  പിടിച്ചിരിക്കുന്നത്‌. ഒന്ന്  ചിരിക്കെടീ. ഇത്  ആദ്യത്തെ  സംഭവമൊന്നും  അല്ലല്ലോ. ഒരു മാസമല്ലേ  ആയുള്ളൂ  നീ  ഇങ്ങോട്ട്  വന്നിട്ട്..  നമുക്ക്  ശരിയാക്കാന്നെ’’

‘‘മ്മ്’’

‘‘അല്ലേൽ  ഒരു  കാര്യം  ചെയ്യ്..  അതിങ്ങ്‌  എടുത്തോണ്ട്  വാ..  ഞാൻ  തന്നെ  മുഴുവൻ  കഴിക്കാം’’

‘‘അതൊന്നും  വേണ്ടിക്കാ..  അത്  കഴിക്കാൻ കൊള്ളില്ല’’

‘‘ എന്റെ  പെണ്ണേ...  കുക്കിങ്  എന്ന് പറയുന്നത്  വല്യ  കാര്യമൊന്നുമല്ല..  ഉമ്മാന്റെ കൂടെ  നിന്ന്‌  ആദ്യ  എല്ലാം  കണ്ട്‌  പഠിക്ക്’’.... 

അവളെ  പറഞ്ഞു  സമാധാനിപ്പിക്കാൻ   തുടങ്ങിയപ്പോഴേ...  

‘‘ ഫെമിനത്താത്ത’’.... എന്നൊരു  വിളിയുമായി  ഇത്താത്തമാരുടെ   കുട്ടിപട്ടാളം  മുറിയിലേക്ക്   ഓടി വന്നു..   പിള്ളേരെ  കണ്ടാൽ  അവള് സങ്കടമെല്ലാം ഒരു പരിധി വരെ   മറക്കും   

‘‘ആഹ്...  വന്നോ  കുറുമ്പത്തികൾ’’

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എല്ലാം കൂടി  ഓടിവന്ന്‌  അവളെ  പൊതിഞ്ഞു.  അതുങ്ങടെ   സ്നേഹപ്രകടനം  കണ്ടാൽ  തോന്നും  അവള്  ഇവിടുത്തെയും  എന്നെ  ഇങ്ങോട്ട്  കെട്ടിച്ചോണ്ട്  വന്നതും  ആണെന്ന്.

‘‘ഇത്താത്ത.. നിക്ക്  മെഹന്ദി  ഇട്ടു  താ’’

ഓരോന്നും  കൈയ്യിൽ  പിടിച്ചു  വലിക്കാൻ  തുടങ്ങി..  അവൾക്കു  നന്നായി  മെഹന്ദിയിടാൻ  അറിയാവുന്നതുകൊണ്ട്  കെട്ടി  വീട്ടിൽ  വന്നപ്പോഴേ   ഇത്താത്താസിനെയും  പിള്ളേരെയും  പെട്ടെന്ന്  കൈയിലെടുത്തു. 

കലാപരിപാടിയൊക്കെ  കഴിഞ്ഞ്  എല്ലാരും  ഭക്ഷണം  കഴിക്കാൻ  ഇരുന്നപ്പോഴും  അടുക്കളയുടെ  ഒരു  സൈഡിലേക്ക്   മാറ്റിവെച്ച   സാമ്പാറിനെ അവള്  ഇടംകണ്ണിട്ടു  നോക്കുന്നുണ്ടായിരുന്നു.  അതുകണ്ടപ്പോൾ  ഒരല്പം  വിഷമം  എനിക്കും  തോന്നാതിരുന്നില്ല. 

പാചകം  അറിയില്ലെങ്കിലും    ബാക്കി  എല്ലാ  കാര്യങ്ങളും  അവള് നന്നായിത്തന്നെ നോക്കി. ഇടയ്ക്കിടെ  ഇതുപോലുള്ള   ഓരോ  പരീക്ഷണം  നടത്തി  ഉമ്മാന്റെ  വഴക്ക്  കേൾക്കുന്നതാണ്‌  പെണ്ണിന്റെ  പ്രധാന പരിപാടി.   അതങ്ങനെ  തടസ്സമില്ലാതെ   തുടർന്നു  പൊയ്ക്കൊണ്ടിരുന്നു.  മര്യാദയ്ക്ക്   ഒരു  ചായ പോലും  ഇടാനറിയാത്ത  എന്റെ  ഭാര്യ  ആദ്യത്തെ  വിവാഹ  വാർഷികത്തിനു   ഉമ്മാനെ  പോലും  അടുക്കളയിൽ  കയറ്റാതെ   ഭക്ഷണമെല്ലാം  ഒറ്റയ്ക്ക്  ഒരുക്കാൻ  ശ്രമം  നടത്തി.  ബന്ധുക്കളും  മറ്റും  വരുമെന്ന് അറിയാവുന്നത്   കൊണ്ട്  ഞാൻ  അതിനെ  പ്രോത്സാഹിപ്പിച്ചില്ല.

പക്ഷെ  എന്റെ  കണക്കുകൂട്ടലുകളെല്ലാം  തെറ്റിച്ച്,  തലശ്ശേരി ബിരിയാണി  ഉൾപ്പെടെ  8, 9 വിഭവങ്ങൾ  ടേബിളിൽ  നിരത്തി  വെച്ചപ്പോൾ  ഞാൻ  കിളി  പോയ പോലെ നിന്നു.. 

‘‘ഇവള്  ഇതൊക്കെ  എപ്പോൾ  പഠിച്ചോ  എന്തോ’’

‘‘ ഉമ്മച്ചി  ഫുഡ്  അടിപൊളി..  എന്നേം  കൂടി  പഠിപ്പിക്കണേ’’...  വന്നവരുടെ  പ്രശംസ  ഉമ്മാന്  കിട്ടി.. 

sambar-003

‘‘ ഞാനല്ല..  എല്ലാം  ന്റെ  മോളുണ്ടാക്കിയതാ..  ഇപ്പോൾ  എന്നെ  അടുക്കളയിൽ  കയറ്റത്തു കൂടിയില്ല.  ഒറ്റയ്ക്ക് ചെയ്തോളും’’

വഴക്ക്  പറഞ്ഞ ഉമ്മാനെ  കൊണ്ട്  തന്നെ  പ്രിയതമ  മാറ്റി  പറയിച്ചു. 

‘‘ ഓഹ്...  അത്രയ്ക്ക്  ഒന്നുമില്ല.. പിന്നെ  പറയുവാണേൽ   തരക്കേടില്ല.. കഴിക്കാം’’ ഞാനവളെ  ഒന്ന്  ദേഷ്യം  പിടിപ്പിക്കാൻ  പറഞ്ഞതാ.. 

‘‘കുറ്റം പറയാതെ  മോൻ  എടുത്ത്‌ കഴിക്ക്’’. കൈയിൽ  ഒരു നുള്ളും  തന്ന്‌ അവളെന്റെ  കാതിൽ  പറഞ്ഞു. 

സത്യം  പറഞ്ഞാൽ  ആ നിമിഷം  എനിക്ക്  അഭിമാനമാണ്  തോന്നിയത്. 

കല്യാണം  കഴിഞ്ഞു  വർഷം  ഒന്നായപ്പോഴേ  എന്റെ മൊഞ്ചത്തി  കുക്കിങ്ങിൽ  ഒരു  എക്സ്പെർട്ടായി  മാറി.  ഏതു  രുചികളും   ആ  കൈകളിൽ  ഭദ്രം. 100 വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാമെങ്കിലും  ആ  സാമ്പാറിനോടാണ്  പെണ്ണിന്  ഇപ്പോഴും  പ്രിയം... 

English Summary: Sambar Story By Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com