sections
MORE

ഭക്ഷണം കഴിക്കാൻ ഊഴം കാത്ത് ഏറ്റവും പിന്നിലായി ദാവൂദ് വന്നു നിന്നത് എല്ലാവരും ശ്രദ്ധിച്ചു; അപ്പോഴവർ...

അഹമ്മദ് ദാവൂദ് (കഥ)
പ്രതീകാത്മക ചിത്രം
SHARE

അഹമ്മദ് ദാവൂദ് (കഥ)

അബുദാബിയിൽ ജോലി ചെയ്യുന്ന അഖിൽ ദുബായിലുള്ള ഹെഡ് ഓഫീസിൽ മീറ്റിങ്ങിന് എത്തിയ തായിരുന്നു. മീറ്റിംഗ് തുടങ്ങാൻ ഇനിയും 10 മിനിറ്റ് ഉണ്ട്. വേറെ ബ്രാഞ്ചുകളിൽ നിന്നും ആളുകൾ എത്തിയിട്ടുണ്ട്. കമ്പനിയിൽ ഒരു വർഷം മാത്രം പരിചയമുള്ള അഖിൽ എല്ലാവരെയും പരിചയപ്പെടാൻ ശ്രമിച്ചു. ആ സമയം പ്രസന്നവദനനായി നല്ല ഉന്മേഷമുള്ള ശരീര ഭാഷയിൽ ഒരാൾ സദസ്സിൽ വന്നു അഭിവാദ്യം ചെയ്തു. 

കമ്പനിയുടെ ഫിനാൻസ് മാനേജർ അഹമ്മദ് ദാവൂദ് ആയിരുന്നു അത്. സ്വദേശിയായ  അദ്ദേഹത്തിന്റെ കൂടെ വേറെയും വിശിഷ്ട വ്യക്തികൾ ഉണ്ടായിരുന്നു. മീറ്റിംഗ് തുടങ്ങി എല്ലാവരുടെയും ശ്രദ്ധ അഹ്മദ് ദാവൂദിലേയ്ക്ക്. അദ്ദേഹം  പുഞ്ചിരി തൂകി തന്റെ നേർത്ത ശബ്ദത്തിൽ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു. കൂട്ടത്തിൽ ഒരു മോട്ടിവേഷൻ സ്‌പീച്ചും ഒക്കെ ആയി  അവസാനിപ്പിച്ചു. 

വേറെയും ചില വ്യക്തികൾ സംസാരിച്ചു മീറ്റിംഗ് അവസാനിപ്പിച്ചു. ഉച്ച ഭക്ഷണം അവിടെ സംഘടിപ്പിച്ചതു കൊണ്ട് തന്നെ എല്ലാവരും ഓരോ പ്ലേറ്റും എടുത്തു ഭക്ഷണം അടച്ചു വെച്ചിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങി. ക്രമേണ അവിടെ തിരക്ക് അനുഭവപ്പെടുകയും ഭക്ഷണം പ്ലേറ്റിൽ വിളമ്പാൻ നിൽക്കുന്നവരുടെ ഒരു നിര അവിടെ രൂപപ്പെടുകയും ചെയ്തു. എല്ലാവരുടെയും പിറകിൽ ആയി അഹമ്മദ് ദാവൂദ് വന്നു നിന്നത് എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടു. എല്ലാവരും അദ്ദേഹത്തെ ഏറ്റവും മുന്നിലേക്ക് സന്തോഷത്തോടെ ക്ഷണിച്ചത് അദ്ദേഹം നിരസിക്കുകയും തന്റെ ഊഴം കാത്തു പിറകിൽ തന്നെ നിൽക്കുകയും ചെയ്തു. 

അഖിലിന് അദ്ദേഹത്തിന്റെ ഈ ഒരു സ്വഭാവത്തിലും മീറ്റിംഗിൽ അദ്ദേഹം പറഞ്ഞ വാക്കുകളിലുമൊക്കെ ഒരു ആകർഷണം തോന്നി. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു കുശലാന്വേഷണങ്ങളിലും കളി  ചിരികളിലും ഏർപ്പെട്ടു. പലരും അഹ്മദ് ദാവൂദുമായി അടുക്കാൻ ശ്രമിക്കുന്നതും സംവദിക്കുന്നതും ഒക്കെ അഖിൽ ശ്രദ്ധിച്ചു. എല്ലാവരോടും പുഞ്ചിരി തൂകി കൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടിയും. ഈ സമയം തന്റെ കോളേജിൽ സീനിയർ ആയിരുന്ന തനിക്ക് ഈ കമ്പനിയിൽ ജോലി വാങ്ങിച്ചു തന്ന മുസ്താഖ് അഖിലിന്റെ ചുമലിൽ തട്ടി. മുസ്താഖിനാവട്ടെ 10 വർഷം പ്രവർത്തി പരിചയമുണ്ട് ഈ കമ്പനിയിൽ. അതും അഹ്മദ് ദാവൂദിന്റെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ. 

അങ്ങനെ അഖിലും മുസ്‍താഖും തങ്ങളുടേതായ സംഭാഷണത്തിൽ മുഴുകി. അഖിൽ തന്റെ മക്കളുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കു വെച്ച് ജോലി സംബന്ധമായ കാര്യങ്ങളും ഒക്കെ പറയുന്നതി നിടയിൽ അഹ്മദിനെ കുറിച്ച് അറിയാൻ ശ്രമിച്ചു. ഇതിനിടയിൽ ആൾക്കാർ ഏല്ലാവരും പിരിയാൻ തുടങ്ങിയിരിക്കുന്നു. മുസ്താഖ് അഹ്മദ് ദാവൂദിനെ കുറിച്ച് ചെറിയൊരു വിവരണം കൊടുത്തു. എന്നും രാവിലെ മലബാറി  ദോശയും ഇഡ്‌ലിയും പുട്ടും ഒക്കെ കഴിക്കുന്ന, തന്റെ സ്ഥാന മാനങ്ങൾ മറന്നു താഴെക്കിടയിൽ ഉള്ളവരോട് പോലും ചങ്ങാത്തം കാണിക്കുന്ന, ഇന്ന് കമ്പനിയിൽ പല വലിയ സ്ഥാനങ്ങളിലും ഇരിക്കുന്ന പലരെയും അവിടേക്ക് കൈ പിടിച്ചുയർത്തിയ, ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒട്ടും കുറയാതെ സമയ ബന്ധിതമായി തരപ്പെടുത്തി കൊടുക്കുന്ന ഒരു പച്ച മനുഷ്യൻ ആണ്  അദ്ദേഹം എന്നു അഖിലിന് മനസ്സിലാക്കാൻ പറ്റി. 

അഹമ്മദ് ദാവൂദ് (കഥ)
പ്രതീകാത്മക ചിത്രം

അങ്ങനെ സംഭാഷണം നിർത്തി മുസ്താഖിനോട് ബൈ പറഞ്ഞു അഖിൽ തന്റെ കൊറോള കാറിൽ അബുദാബിയിലേക്ക് തിരിച്ചു. ഇന്നത്തെ കാലത്തെ മിക്കവരെയും പോലെ ബന്ധങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിപ്പോയ സമൂഹത്തോടും ചുറ്റുപാടുകളോടും ഒരു ബാധ്യതയും ഇല്ലാത്ത സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന അഖിലിനു വല്ലാത്ത കുറ്റബോധം തോന്നി.  നമ്മളെക്കാളും വലിയ നിലയിൽ നല്ല പ്രൗഢിയോടെ ജീവിക്കുന്ന പലരും മികച്ച സ്വഭാവത്തിലും മാന്യതയിലും പെരുമാറുന്നുണ്ടെന്നും ഈ തിരക്ക് പിടിച്ച ജീവിതത്തിൽ എല്ലാ സാമൂഹ്യ ബാധ്യതകളും നിറവേറ്റി മറ്റുള്ളവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേർന്ന് ജീവിക്കുന്നുണ്ടെന്നും ഉള്ള വലിയ തിരിച്ചറിവ് അഖിലിനെ വല്ലാതെ ചിന്തിപ്പിച്ചു. താൻ ഇതു വരെ ഒന്നും ആയിട്ടില്ലെന്നും ഇനിയും ഒരുപാട് പഠിക്കാനും പ്രാവർത്തികമാക്കാനും ഉണ്ട് എന്നും മനസ്സ് പറയുന്നത് അഖിലിന് കേൾക്കാമായിരുന്നു. ഒരു മാറ്റം അനിവാര്യമാണെന്ന് അഖിൽ ഉറപ്പിച്ചു...

കുറച്ചു ദിവസങ്ങൾക്കു ശേഷം അഖിലിനു ലീവ് തരപ്പെട്ടു . 25 ദിവസത്തെ ലീവ് എങ്ങനെ ആനന്ദകരമാക്കാം എന്ന് കൂട്ടുകാരോടും കുടുംബത്തോടും ഒക്കെ കൂടിയാലോചിച്ച് ടിക്കറ്റും എടുത്തു നാട്ടിലേക്ക് വിമാനം കയറി. അതിരാവിലെ  വിമാനത്താവളത്തിൽ നിന്ന് കൂട്ടുകാരുടെ സ്വിഫ്റ്റ് കാറിൽ വീട് ലക്ഷ്യമാക്കി കുതിച്ചു. സൂര്യൻ ഉദിച്ചിരിക്കുന്നു. കാറിന്റെ വിൻഡോ പതുക്കെ തുറന്നു ആ തണുത്ത കാറ്റും നാടിന്റെ ആ ഗന്ധവും ഒക്കെ ഒന്നാസ്വദിച്ചു. 

നാട്ടിലെ ആ പച്ചപ്പൊക്കെ കാണുമ്പോ മനസ്സിന് വല്ലാത്ത ഒരു സമാധാനം തോന്നി. വീട്ടിലെത്തിയ ഉടനെ ഭാര്യയെയും മക്കളെയും അമ്മ പെങ്ങന്മാരെയുമൊക്കെ ആലിംഗനം ചെയ്തു തണുത്ത വെള്ളത്തിൽ ഒരു കുളിയും പാസാക്കി തനി നാടൻ ഭക്ഷണവും ഒക്കെ കഴിച്ചു അൽപം ഒന്ന് മയങ്ങാൻ തീരുമാനിച്ചു. വൈകുന്നേരം ആയപ്പോൾ ജീൻസും ടീ ഷർട്ടും റീബോക്ക് ഷൂ ഒക്കെ ഇട്ട് ബുള്ളറ്റിൽ ഒന്ന് പുറത്തിറങ്ങി. കൂട്ടുകാരെയും  കുറച്ചു അടുത്ത കുടുംബക്കാരെയും ഒക്കെ സന്ദർശിച്ചു ശേഷം ബാലേട്ടന്റെ കടയിൽ ഒന്ന് കയറി.  പാലും മോരും ബീഡിയും ഒക്കെ വിൽക്കുന്ന ചെറിയൊരു പെട്ടിക്കടയാണെങ്കിലും ബാലേട്ടന് അത് വലിയ അത്താണിയാണ്. 

ബാലേട്ടൻ മുൻപ് ദുബായിൽ  അഖിലിന്റെ കമ്പനിയിൽ കൂലിപ്പണി ചെയ്ത സമയം വയറിനൊരു അസുഖം വന്നു ചികിത്സാർത്ഥം നാട്ടിലേക്ക് മടങ്ങിയതായിരുന്നു.. അത് കൊണ്ട് തന്നെ അഖിലിന് ബാലേട്ടന്റെ പഴേ കമ്പനിയിൽ ആണ് ഇപ്പോൾ ജോലി എന്ന് അദ്ദേഹത്തെ അറിയിക്കാൻ തിടുക്കം ആയി. അത് അറിഞ്ഞ ഉടനെ ബാലേട്ടൻ വാചാലനായി.. പഴേ കുറെ കാര്യങ്ങൾ സംസാരിച്ചു.. ഇപ്പോൾ ആരൊക്കെയാ മാനേജർമാർ എന്നൊക്കെ അന്വേഷിച്ചു. അഖിൽ പല കാര്യങ്ങളും ബാലേട്ടനുമായി പങ്കു വെച്ചു.

അഹമ്മദ് ദാവൂദ് (കഥ)
പ്രതീകാത്മക ചിത്രം

അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും അഖിൽ ബാലേട്ടന്റെ ആ പഴയ കാലം വായിച്ചെടുത്തു. ബാലേട്ടൻ അപ്പോൾ അദ്ദേഹത്തിന്റെ ആ ചെറിയ മേശയിൽ നിന്നും ഒരു പേപ്പർ എടുത്തു അഖിലിനെ കാണിച്ചു. അഖിൽ അത് മേടിച്ചു നോക്കി ‘‘മൈ ഡിയർ ബാലചന്ദ്രൻ പി കെ’’ എന്ന് ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു. താഴെ ഫ്രം അഹ്മദ് ദാവൂദ് എന്നും. ഇത് വായിച്ചതും അഖിലിനു രോമാഞ്ചം വന്നു.. അഖിൽ ബാലേട്ടനെ നോക്കി.. അദ്ദേഹത്തിന്റെ കണ്ണിൽ ഒരു വെള്ള താരകം കണ്ടു. കണ്ണുനീർ താരകം.. 

ശേഷം  ഇടറുന്ന ശബ്ദത്തിൽ ബാലേട്ടൻ പറഞ്ഞു.. നിന്റെ കമ്പനിയിലെ അക്കൗണ്ട്സ് മാനേജർ അഹ്മദ് ദാവൂദ് എനിക്ക് കൊടുത്തു വിട്ട ലെറ്റർ ആണിത്. ഞാൻ മുൻപു അവിടെ ജോലി ചെയ്യുമ്പോൾ നമ്മളെ പോലത്തെ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന കൂലികളെ എന്നും സ്നേഹത്തോടെ കാണുന്ന വ്യക്തി ആയിരുന്നു.. ഞാൻ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുമ്പോൾ എന്ത് ആവശ്യത്തിനും വിളിക്കാൻ മടിക്കരുത് എന്ന് പറഞ്ഞ വിട്ടതാണ്.. ഇടക്കൊക്കെ പൈസയും അയക്കുമായിരുന്നു.

നീ അയാളെ പരിചയപ്പെട്ടിരുന്നോ എന്ന് അഖിലിനോട് ചോദിച്ചു.. ഞാൻ അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നു എന്നും പരിചയപ്പെട്ടില്ല എന്നും അഖിൽ മറുപടി നൽകി. എന്നാൽ ഇനി പോയാൽ പരിചയ പ്പെടാൻ ശ്രമിക്കണം എന്നും എന്റെ ആളാണെന്ന് പറഞ്ഞാൽ മതിഎന്നും ബാലേട്ടൻ അഭിമാനത്തോട് കൂടി ഉണർത്തി. അഖിൽ ചിരിച്ചു. ബാലേട്ടനും ഒരുപാടുസന്തോഷം ആയി. അഖിൽ അവിടെ നിന്ന് ഒരു പായ്ക്കറ്റ് ഗോൾഡ് സിഗരറ്റും വാങ്ങി തിരിച്ചു വീട് ലക്ഷ്യമാക്കി നീങ്ങി. വെറും മൂന്നു നാല് വാചകങ്ങൾ കൊണ്ട് ബാലേട്ടനെ പോലെ ഒരു മനുഷ്യന്റെ മനസ്സിനു അഹമ്മദ് ദാവൂദ് എന്ന റിയൽ ഹീറോ നൽകിയ ഊർജവും സ്നേഹവും എത്ര വലുതാണെന്ന് അഖിൽ ഓർത്തു കൊണ്ട് തനിക്കും തന്നെപ്പോലെയുള്ള എല്ലാവർക്കും ഒരു  മാറ്റം അനിവാര്യമാണെന്ന് ഉറപ്പിച്ചു 

English Summary:  Ahammed Davood Story By Muhammed Harif

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
FROM ONMANORAMA
;